Wednesday, November 1, 2017

നന്മയുടെ പുകച്ചുരുളുകള്‍

                   
            അപരിചിതരില്‍ നിന്നും സ്‌നേഹം കിട്ടാറുള്ളത് മിക്കവാറും യാത്രകള്‍ക്കിടയിലാണ്. വഴികാട്ടികളായും, ഉപദേശികളായും, വെള്ളമായും, ഭക്ഷണമായുമൊക്കെ ആ സ്‌നേഹം നമുക്ക് പങ്കുവയ്ക്കപ്പെടും. അങ്ങനെ, അപൂര്‍വ്വമായൊരു പങ്കുവയ്ക്കലായിരുന്നു ബാബുവേട്ടന്റേത്. പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷനില്‍ ജീവനക്കാരനായ ബാബുവേട്ടന് ഞാന്‍ തീര്‍ത്തും അപരിചിതയും അപ്രസക്തവുമായിരുന്നു.
   ഇലവീഴാപൂഞ്ചിറയ്ക്കു മുകളില്‍ ചെന്ന് നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കണമെന്നായിരുന്നു ആഗ്രഹം. തൃശ്ശൂരില്‍ നിന്നും കൂട്ടുകാരന്റെ വീടു വരെ ബസില്‍ പോയി അവിടെ നിന്നും രണ്ടുപേരും ബൈക്കില്‍ യാത്ര തുടര്‍ന്നു. കുന്നിനു താഴെ ബൈക്ക് വച്ച് ഞാനും അമിതും മുകളിലേക്ക് നടന്നു കയറി. മൊട്ടക്കുന്നെന്ന് തോന്നുമെങ്കിലും കയറ്റം കയറുന്നതിന്നിടയ്ക്ക് ഞങ്ങള്‍ക്ക് മനസ്സിലായി അതൊരു ഒന്നൊന്നര കുന്നാണെന്ന്. മുകളിലേക്ക് ജീപ്പുകള്‍ പോകുന്നുണ്ടായിരുന്നെങ്കിലും നടന്നു തന്നെ കയറണമെന്ന് വാശിയിലായിരുന്നു.
    കുന്നിന്‍ മുകളില്‍ ചെന്ന് ചുറ്റും നോക്കി. നീലാകാശത്ത് പൂപ്പല് പിടിച്ചപോലെ വെള്ളിമേഘങ്ങള്‍, അവ വട്ടം ചുറ്റി പറക്കുന്നത് താഴെ തടാകത്തില് മുഖം നോക്കാനാണെന്ന് തോന്നും. കരിംപച്ച കുന്നുകളാണ് ചുറ്റിലും. ആനക്കോട്ടയിലെ ആനകളെ ഒരു മതിലിന്നു മുകളിലൂടെ പടം പിടിച്ചാല്‍ കിട്ടുന്ന പോലെ മലകള്‍ നിരന്നു കിടക്കുകയാണ്. ഇലവീഴാപൂഞ്ചിറയുടെ അറ്റത്തുള്ള പാറയില്‍ കയറി ചാറ്റല്‍ മഴയത്തും ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. ഉച്ചമയങ്ങിയതോടെ മഞ്ഞിറങ്ങിത്തുടങ്ങി. വേദികളിലെ തിരശ്ശീല താഴ്ന്നു വരുന്ന പോലെ പതിയെ പതിയെ വെള്ള കമ്പളിപുതപ്പ് കുന്നിനെ മൂടിവന്നു.
   മനസ്സില്ലാമനസ്സോടെ സന്ധ്യയായപ്പോള്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. അമിത് കൂത്താട്ടുകുളത്തേക്കും ഞാന്‍ തൃശ്ശൂരിലേക്ക് ബസ് കയറാനായി പാലാ കെ എസ് ആര്‍ ടി സി സ്റ്റാന്റിലേക്കും പിരിഞ്ഞു. ഏതാണ്ട് രാത്രി പതിനൊന്നു മണിയും കഴിഞ്ഞാണ് ഞാന്‍ പാലായിലെത്തിയത്. അടുത്ത തൃശ്ശൂര്‍ ബസ്സിന്റെ സമയമറിയാന്‍ ഓഫീസില്‍ ചെന്നു ചോദിച്ചപ്പോഴാണ് മൂന്ന് മണിക്കൂറിനു ശേഷം മാത്രമേ ബസ്സുള്ളൂവെന്ന് പറഞ്ഞത്. അതിനു മുന്‍പുള്ളതെല്ലാം ഇടയിലെവിടെയെങ്കിലും ഇറങ്ങേണ്ടി വരുന്ന ബസുകള്‍.
   ഓഫീസിന്റെ ഗ്രില്ലിട്ട കൗണ്ടറിനുള്ളില്‍ നിന്നും കരുതലോടെ എന്നോടു സംസാരിച്ചയാളെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. മൂന്ന് മണിക്കൂറിന് ശേഷം നേരെ തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സില്‍ തന്നെ പോയാല്‍ മതിയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അയാള്‍ പറയുകയാണ്. ' ഇവിടെ കിടന്നുറങ്ങിക്കോളൂ. ഇടയ്ക്കിറങ്ങി ബസ് മാറി കയറുന്നതൊഴിവാക്കാമല്ലോ. ഞാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചോളാം' എങ്ങാനും ഞാന്‍ എഴുന്നേല്‍ക്കാതിരുന്നാലോ എന്നതായിരുന്നു എന്റെ ആശങ്കയും. സ്ത്രീകള്‍ക്കായുള്ള വിശ്രമസ്ഥലത്തെ സിമന്റ് ബഞ്ചില്‍ അഞ്ചു മിനിട്ട് കിടന്നപ്പോഴേക്കും മനസ്സിലായി എന്റെ വലിയ പ്രശ്‌നം വട്ടം ചുറ്റി ആക്രമിക്കുന്ന കൊതുകുകളാണെന്ന്. പക്ഷേ, കുറേ കാലത്തിനു ശേഷം മല കയറാന്‍ പോയതും മഴയും മഞ്ഞും കൊണ്ടതും തലേന്ന് ഉറക്കമിളച്ചതുമെല്ലാം കൂടി എന്നെ ഉറക്കിക്കളഞ്ഞു.
സമയത്ത് തന്നെ, എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ അയാള്‍ മറന്നില്ല. തട്ടിവിളിച്ചെഴുന്നേല്‍പ്പിച്ച് ബസ് വന്നു എന്ന് പറഞ്ഞു. ഞാന്‍ ചാടിയെഴുന്നേറ്റ് ബാഗുമെടുത്ത് ഓടാന്‍ തുടങ്ങുമ്പോള്‍ അഞ്ചു മിനിട്ട് കഴിഞ്ഞേ ബസ് എടുക്കൂ തിരക്കിടണ്ടായെന്നും അയാള്‍ പറഞ്ഞു. ചെരുപ്പിടുന്നതിന്നിടയിലാണ് ഞാന്‍ കിടന്നതിനു താഴെയായി എരിഞ്ഞു തീരാറായ കൊതുകുതിരി കണ്ടത്. എന്റെ സുഖകരമായ ഉറക്കത്തിന് കാരണം ആ കൊതുകുതിരിയായിരുന്നു. എന്റെ ക്ഷീണം കൊണ്ട് കൊതുകുകടി ഞാനറിയാതെ പോയതായിരിക്കും എന്നതായിരുന്നു എന്റെ വിചാരം.
ഞാന്‍ അത്യപൂര്‍വ്വമായ ആ സ്‌നേഹപ്രകടനം കണ്ട് ചിരിച്ചു കൊണ്ട് അയാളെ നോക്കി. ' ഓഫീസിലിതു സ്റ്റോക്കാ. എപ്പോഴും ആവശ്യമുണ്ടേ'. വളരെ ലാഘവത്തോടെയാണ് പറഞ്ഞതെങ്കിലും, ഒരു മൊസ്‌കിറ്റോ കോയിലിന് അത്ര പൈസയില്ലെങ്കിലും, ആ മനുഷ്യനങ്ങനെ പെരുമാറാന്‍ തോന്നിയത് അയാള്‍ക്കുള്ളില്‍ അപ്പോഴും എരിഞ്ഞു തീരാത്ത ഒരു നന്മ വെളിച്ചത്തിന്റെ തെളിവാണെന്ന് എനിക്കറിയാമായിരുന്നു. ഏട്ടന്റെ പേരെന്താ? ആ മനുഷ്യന്റെ പേര് ഞാനൊരിക്കലും മറക്കരുതെന്ന് എനിക്ക് തോന്നി. ബാബു, പേരു പോലെ തന്നെ സാധാരണക്കാരനായ ഒരു മനുഷ്യന്‍. പക്ഷേ സാധാരണത്തിലുമധികമുണ്ട് ആ മനസ്സില്‍ സഹജീവികളോടുള്ള കരുതല്‍. പിന്നീടൊരിക്കല്‍ അപ്പായിക്കൊപ്പം പാലായില്‍ പോയപ്പോള്‍ ഞാന്‍ ബാബുവേട്ടനെ അപ്പായിക്കും പരിചയപ്പെടുത്തിക്കൊടുത്തു. അയാളെന്നോടു കാണിച്ച കരുതലിന്റെ പുകച്ചുരുളുകള്‍ എന്നും എന്റൊപ്പമുണ്ടാവുക തന്നെ ചെയ്യും.

Sunday, March 29, 2015

ദൈവരൂപിയാകാന്‍ നമ്മള്‍ മനഃപൂര്‍വ്വം മറക്കുകയാണ്


                   കൈയ്യും കാലും നീറിപ്പുകയുകയാണ്...രാവിലെ, അഹങ്കാരത്തിന്റെ കൂടുതലുകൊണ്ട് സംഭവിച്ച അപകടത്തിന്റെ ബാക്കി വേദനയാണത്. കൈ മുഴുവന്‍ ചിരവകൊണ്ട് വരഞ്ഞപോലെയായി..കാല്‍മുട്ടിലെ തൊലിയും പൊളിഞ്ഞു...ജീന്‍സിനുള്ളില്‍ അതിരുന്ന് കുത്തുകയാണ്..ഒപ്പം മനസ്സിനുള്ളില്‍ അസ്വസ്ഥതയുടെ കൂമ്പാരത്തിലേക്ക് തീ പാറിപ്പിടിച്ചിരിക്കുന്നു..മാലിന്യക്കൂമ്പാരങ്ങള്‍ കത്തുന്നപോലെ, തീനാളങ്ങളില്ലാതെ, പുകച്ചുരുളുകള്‍ മാത്രമായി ദുര്‍ഗന്ധം വമിപ്പിച്ചങ്ങനെ പുകയുന്നു..കണ്ണുകളില്‍ വരുന്ന നനവ് അപ്പപ്പോള്‍ തുടച്ചു നീക്കുകയാണ്..അതിനും സമ്മതിക്കാതെ ചിലപ്പോള്‍ പെട്ടന്ന് നറയുമ്പോള്‍ തലകുനിച്ചു പിടിച്ച്, എവിടേയും കണ്ണുനീരിന്റെ തുള്ളിപോലും പറ്റിക്കാതെ ഭൂമിയിലേക്ക് തുളുമ്പിച്ച് കളയും...ഇടയ്ക്കിങ്ങനെ ചെയ്യുന്നതിനിടയിലാണ് തലയില്‍ ഒരു വിരലുകൊണ്ടുള്ള മാന്ത്!!

തലയുയര്‍ത്തി നോക്കുമ്പോള്‍ ഒരു പിച്ചക്കാരി..പഴകിയ പച്ചസാരി മാത്രം വ്യക്തമാണ്...അതിനുള്ളില്‍ ശരീരമുണ്ടെന്ന് ഊഹിച്ചെടുക്കേണ്ടി വരും..ബ്ലൗസിന്റെ വട്ടക്കഴുത്തിനു പുറത്തേക്ക് ആമക്കഴുത്തുപോലെ ഒരു കറുത്ത തലയുമുണ്ടെന്ന് തോന്നുന്നു..സൂക്ഷിച്ച് നോക്കി, അത്ര ദയനീയമല്ലാത്ത മുഖം!!.....
എല്ലാ ഭിക്ഷക്കാരേയും പോലെ എനിക്കു നേരെ വിരലുകള്‍ കൂട്ടിവച്ച കൈനീണ്ടു, അതിനുശേഷം അവരുടെ വായിലേക്കും പിന്നെ വയറിലേക്കും. വീണ്ടും എന്റെ നേര്‍ക്ക്, വായിലേക്ക് വയറിലേക്ക്..ഇത് ചില കംപ്യൂട്ടര്‍ ക്രിയകള്‍ നേരത്തേ ഫീഡ് ചെയ്തു വച്ചിരിക്കുന്ന പോലെയാണ്.. പണം-ഭക്ഷണത്തിന്- വിശപ്പകറ്റാന്‍ എന്നുള്ള പൊതുതത്വം..പതിവിലധികം തവണ കാണിച്ചിട്ടും ഞാന്‍ അനങ്ങുന്നില്ലെന്ന് കണ്ട് അവര്‍ അടുത്തിരുന്ന മധ്യവയസ്‌കന്റെ അരികിലേക്ക് നീങ്ങി....ശല്യങ്ങളെല്ലാം ഒഴിഞ്ഞതും കണ്ണ് വീണ്ടും മനസ്സിലേക്ക് ശ്രദ്ധിച്ചു തുടങ്ങി..വീണ്ടും ഈറനണിയിച്ച കണ്ണിനെ മറയ്ക്കാന്‍ ഞാന്‍ തലകുനിച്ചു. രണ്ടു നിമിഷം, അതേപോലെ തന്നെ വീണ്ടും തോണ്ടല്‍!!......പണ്ടാരം.....#@*&%....തലയുയര്‍ത്തി നോക്കി അതേ പച്ച സാരി, കറുത്ത മുഖം.....ഇതും പതിവാണ്..ശുഭാപ്തിവിശ്വാസം കൂടിയവരാണിവര്‍, എത്ര പ്രാവശ്യം വേണമെങ്കിലും തളരാതെ തങ്ങളുടെ ആവശ്യം നിറവേറുന്നതുവരെ, അല്ലെങ്കില്‍ നമ്മള്‍ ദേഷ്യപ്പെടുന്നതുവരെ ഇവര്‍ ഇങ്ങനെ തോണ്ടിക്കൊണ്ടേയിരിക്കും....

പക്ഷേ, ഇത്തവണത്തെ നില്‍പ്പിലും ഭാവത്തിലും ആകെയൊരു മാറ്റമുണ്ട്..മുഖത്ത് അപേക്ഷയല്ല, ചോദ്യഭാവമാണ്..ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.  എന്നെ വീണ്ടും തലയില്‍ തോണ്ടി അവര്‍ ചോദിച്ചു'എന്തു പറ്റി?'.....ചോദ്യം ആഞ്ഞ് വന്ന് തറച്ചത് എന്റെ ചെവിയിലേക്കായിരുന്നില്ല..എന്റെ ഒറ്റപ്പെടലെന്ന തോന്നലിന്റെ ഭിത്തിയിലേക്കായിരുന്നു..തറച്ചയുടനെ ഭിത്തിയില്‍ നിന്നും ചോര പൊടിഞ്ഞു..ആ വേദനയില്‍ അത്യാവശ്യം നന്നായി ചിരിച്ചു കൊണ്ടു പറഞ്ഞു 'ഒന്നുമില്ല'..കൂടുതലൊന്നും ചോദിക്കാതെ അവര്‍ തിരിഞ്ഞു നടന്നു...ഞാന്‍ പറഞ്ഞതവര്‍ കേട്ടിട്ടുണ്ടാവില്ല, പക്ഷേ എന്നെ വഞ്ചിച്ച് എന്റെ കണ്ണുകളില്‍ നിന്നും ഊര്‍ന്നിറങ്ങിയ കണ്ണുനീര്‍ നല്‍കിയ മറുപടി അവര്‍ക്ക് ധാരാളമായിരുന്നിരിക്കണം...

എന്റെ ആത്മത്തോട് ചേര്‍ന്നു നില്‍ക്കുന്നവരോടെല്ലാം, ഞാന്‍ പറഞ്ഞ (അല്ല, വിശദീകരിച്ച) എന്റെ അസ്വസ്ഥതകളേക്കുറിച്ച് അവര്‍ക്കിതുവരെ മനസ്സിലായിട്ടില്ല...

ജീവിതത്തില്‍ പലതവണ ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍...കുറച്ചധികകാലം എനിക്ക് എന്റെ സമീപത്തെ ദൈവത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല..ബ്ലോഗിലൂടെ ആ ദൈവങ്ങളേക്കുറിച്ച് പറയാന്‍ ഞാന്‍ ശ്രമിച്ചതുമില്ല...വീണ്ടും, വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ മുന്നിലെത്തിയ മരിച്ചവരുടെ കുര്‍ബ്ബാനയിലെ മാലാഖയേപ്പോലെ, ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്നകത്ത് ചോദ്യവുമായൊരു മാലാഖയേക്കണ്ടു - മുന്നിലിരിക്കുന്ന വിഷാദമുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാന്‍, അവരുടെ മുന്നിലേക്ക് എന്താ പറ്റിയേ എന്നൊരു ചോദ്യമെറിഞ്ഞ് ദൈവരൂപിയാകാന്‍ ഞാനും മറക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തലുമായി ആ മാലാഖ വന്ന് പോയി....

Monday, December 2, 2013

ചിലപ്പോഴെങ്കിലും ചില വഴക്കുകള്‍ നല്ലതാണ്


'നോ, രാവിലെ തന്നെ ഒരു ഡിബേറ്റിനു ഞാനില്ല'.

 സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരഖ്‌ന കൊടുക്കേണ്ടിയിരുന്നോ എന്നതിനെ ഞാന്‍ ന്യായീകരിച്ചും അവള്‍ സംശയിച്ചും  സംസാരിക്കുകയായിരുന്നു. സച്ചിന് മറ്റാര്‍ക്കുമില്ലാത്ത അത്ര ബാക്ക് അപ്പ് ഉണ്ടായിരുന്നുവെന്ന് അവള്‍.. ബാക്കപ്പ് ഉണ്ടായാലും കഴിവില്ലെങ്കില്‍ കാര്യമില്ലല്ലോയെന്ന് ഞാന്‍... അതു കുറച്ചുകൂടി വിശദീകരിക്കാനുള്ള ശ്രമമാണ് അവള്‍ തടുത്തത്. തിരിച്ചു വന്ന് കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നപ്പോള്‍ ഓര്‍മ്മ വന്നത് മറ്റൊന്നാണ്.


സ്വീകരണമുറിയിലെ തടിക്കസ്സേരയില്‍ അപ്പായി ശാന്തനായി ഇരിക്കുകയാണ്. ഇടിവെട്ടി പെയ്യുന്ന മഴയൊന്ന് ശമിച്ചിട്ട് പുറത്തേക്കിറങ്ങാമെന്ന് കരുതിയിരിക്കുന്ന ഒരാളെപ്പോലെ നിസ്സംഗനായി..മുറിയിലേക്ക് മുഖം തിരിച്ച് നിന്ന മറ്റു മൂന്ന് മുറികളുടേയും ഓരോ വാതിലിലായി ഞങ്ങള്‍ മക്കളും സ്ഥാനം പിടിച്ചിരുന്നു. കാണുകയാണ്. മലയാളപാഠപുസ്തകത്തിലെ നായികമാര്‍ അമ്മയുടെ ഏകാഭിനയത്തിലൂടെ  മുന്നിലവതരിക്കുന്നത് ആസ്വദിക്കുകയാണ്. അലറിച്ചിരിക്കുന്ന ഭ്രാന്തിയും, മകനെ തള്ളാനും കൊള്ളാനും പറ്റാത്ത വ്യഥയുമായി കുന്തിയും, അമ്മയെന്ന വിളി കേട്ട് മരിക്കാന്‍ കിടക്കുന്ന വൃദ്ധയുടെ ദീനതയും, ഭാരമേറുമ്പോഴും കുനിയാത്ത തോളുമായി നില്‍ക്കുന്ന ശക്തിയുള്ള നായികയും അങ്ങനെ പലരും.....കുറച്ചെങ്കിലും അസ്വസ്ഥത രണ്ടാമത്തെ ചേട്ടന് മാത്രമാണ്.
അവസാനം അമ്മ പറയും - ഒന്ന് വാ തുറക്കാവോ, എന്തു പറഞ്ഞാലും കമാന്നൊരക്ഷരം പറയാതിരുന്നാല്‍ മതിയല്ലോ....മക്കള് നോക്കുമ്പോഴെന്താ ഒച്ചപ്പാടുണ്ടാക്കുന്നത് എപ്പോഴും ഞാനാണല്ലോ...അപ്പന്‍ പാാാാാാാവംംംം.....                 

 ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 39 വര്‍ഷം തികച്ച കുടുംബജീവിതത്തില്‍ ഒരിക്കലും അമ്മയ്ക്ക് മറുപടി ലഭിച്ചിരുന്നില്ല.. ഒരു വഴക്കിലും അപ്പായിയുടെ ശബ്ദം ഞങ്ങള്‍ കേട്ടില്ല. അമ്മ  പറയുന്നത് ശരിയുമായിരുന്നു..ഞങ്ങളുടെ മനസ്സില്‍ അപ്പായിയോടുള്ള ബഹുമാനം വര്‍ഷം തോറും കൂടിവന്നു. ഒപ്പം അമ്മയെന്താ ഇങ്ങനെ എന്ന നീരസവും..

                      എന്റെ ജീവിതത്തില്‍ നിന്നും തര്‍ക്കങ്ങളും വഴക്കുകളും ഇല്ലാതാകുന്നതു വരെ ഞാനും അറിഞ്ഞിരുന്നില്ല - അമ്മയെന്തായിരുന്നു ആ വഴക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന്. ഞാനുമെപ്പോഴും പറയാറുണ്ടായിരുന്നു - ഒന്നുകില്‍ പറഞ്ഞുതീര്‍ക്കണം, ഇല്ലെങ്കില്‍ തല്ലിത്തീര്‍ക്കണം. അങ്ങനെ സാധിക്കാതെ വരുമ്പോള്‍ ഞാന്‍ വല്ലാതെ ശ്വാസംമുട്ടല്‍ അനുഭവിക്കുമായിരുന്നു.
സ്‌നേഹത്തേക്കുറിച്ച് ഏറെ പറയാറുള്ളത് അപ്പായിയായിരുന്നു. പക്ഷേ അമ്മയോളം സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു...അമ്മയുടെ വഴക്കുകള്‍ മുഴുവന്‍ അപ്പായിയോട് മാത്രമായിരുന്നു. അപ്പായിയെ അമ്മ സ്‌നേഹിച്ചതുപോലെ ആരും സ്‌നേഹിച്ചിട്ടുമില്ല. ഞാന്‍ പോലും..!! അമ്മ എന്നും ഒരു വഴക്കായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതായിരുന്നു അമ്മയ്ക്ക് സന്തോഷവും.
                   മഴക്കാറ് വന്നു മൂടി ഇരുണ്ട ആകാശം...കുറച്ച് കഴിഞ്ഞ് പ്രകാശം വരുമായിരിക്കും. പക്ഷേ അതൊരു മഴയായി പെയ്‌തൊഴിഞ്ഞിട്ടാണെങ്കില്‍ തോന്നുന്ന സുഖത്തോളം വരില്ലല്ലോ...അതുപോലെ തന്നെ....
തര്‍ക്കങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, വഴക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ ഉപരിതലത്തില്‍ നിന്ന് എല്ലാം നന്നാക്കാന്‍ അടക്കിപ്പിടിക്കുമ്പോള്‍, എല്ലാം സമ്മതിച്ചു വിട്ടുകൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ആത്മബന്ധം തിരിച്ചറിയുകയാണ് ഞാന്‍. മനസ്സില്‍ നിന്നും ഓരോ സൗഹൃദങ്ങളേയായി മടക്കി അയയ്ക്കുമ്പോഴാണ് ഞാനും മനസ്സിലാക്കുന്നത്, അടിപിടികള്‍ക്കു പിന്നിലുണ്ടായിരുന്ന നന്മ.....അവരെന്നെ നോവിക്കുമ്പോള്‍ അത് സഹിച്ച്, അവരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുന്നതിനേക്കാള്‍ വലുതാണ് കരണം നോക്കി ഒന്നു പൊട്ടിച്ചിട്ട് മേലാലിത് ആവര്‍ത്തിക്കരുതെന്ന് പറയാനുള്ള അവകാശം നമുക്കുണ്ടാകുന്നത്. ആ ബന്ധത്തിന് മാത്രം ചില പ്രത്യേകതകളുണ്ടാകും...നന്മയുണ്ടാകും....Saturday, November 23, 2013

പയ്യന്നൂര്‍ ഗവ. ആയുര്‍വ്വേദം


ചുറ്റുപാടുകളേയെല്ലാം വെയില് പൊള്ളിക്കുമ്പോള്‍ ശീതളിമയോടെ ചിരിച്ചു നില്‍ക്കുന്ന ഒരാശുപത്രി. പയ്യന്നൂര്‍ ഗവ. ആയ്യുര്‍വേദാശുപത്രിയെ ഒറ്റവരിയില്‍ അങ്ങനെ പറയാം. മുറ്റം നിറഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ നിഴലില്‍ രണ്ടുവട്ടം നോക്കിയാല്‍ മാത്രം കാണുന്ന മണ്ണിന്റെ നിറമുള്ള ആശുപത്രി. ഒന്നേയുള്ളൂവെങ്കിലും ഒരാലസ്യത്തില്‍ നില്‍ക്കുന്ന ഗേറ്റിനു നേരെയുള്ള ഓഫീസ് തുറന്നല്ലായെങ്കില്‍ ഇതൊരു ആള്‍വാസമുള്ള ആശുപത്രിയാണെന്ന് തിരിച്ചറിയുക പ്രയാസം.


കിലോമീറ്ററുകള്‍ താണ്ടി, കൂവോട് ആയുര്‍വ്വേദ ഗവേഷണ ആശുപത്രിയും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജും മൈന്‍ഡ് ആക്കാതെ നേരെ പയ്യന്നൂര്‍ക്ക് വച്ചു പിടിക്കാനുണ്ടായ ചേതോവികാരമെന്താണെന്ന് ഇവിടെ അഡ്മിറ്റായ അന്നുമുതല്‍ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ ചോദിച്ചു തുടങ്ങിയതാണ്. വ്യക്തമായൊരുത്തരം എന്റെ പക്കലുമില്ലാത്തതിനാല്‍ - വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോയെന്ന് പാതി എനിക്കും പാതി അവര്‍ക്കും കൊള്ളുന്ന കുസൃതിയുത്തരത്തില്‍ ഞാനവരെ ഒതുക്കി.
ആശുപത്രി ഗേറ്റിനു മുമ്പില്‍ നിന്നും ആരംഭിച്ച അമ്മയുടെ നെറ്റി ചുളിക്കല്‍ ഡോക്ടറെ കണ്ടപ്പോഴും, അഡ്മിറ്റാകണമെന്നാവശ്യപ്പെട്ടപ്പോഴും കൂടിക്കൂടി വന്നു. ഒടുവില്‍ വാര്‍ഡുകള്‍ മാത്രമുള്ള ഒരു ചെറിയ ആശുപത്രിയാണിതെന്നറിഞ്ഞപ്പോള്‍ അമ്മ സംശയത്തോടെ എന്നെ നോക്കി. ആദ്യമായി കാഴ്ചബംഗ്ലാവിലെത്തുന്ന കുട്ടിന്നയുടെ കൗതുകത്തില്‍ നില്‍ക്കുന്ന എന്നെ പിന്‍തിരിപ്പിക്കാനുള്ള അമ്മയുടെ കച്ചിത്തുരുമ്പായിരുന്നു ആ കാര്യം. അമ്മയ്ക്കറിയാം, പകല്‍ എങ്ങനെയൊക്കെ അര്‍മാദിച്ചാലും രാത്രി എന്റെ മാത്രമാകണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. എന്നില്‍ നിന്നും പ്രതികരണമൊന്നും കാണാതായപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു - പരിയാരത്തേക്കു തിരിച്ചു പോയാലോ? ഇവിടെ റൂമില്ലല്ലോ. എല്ലാത്തിനും എന്തേലും കാരണമുണ്ടാകും അമ്മേ....മറുപടിക്കുപകരം മകള്‍ ഫിലോസഫി പറഞ്ഞതു അമ്മയ്ക്കത്ര പിടിച്ചില്ല. നിന്റെയിഷ്ടം എന്ന വാക്കില്‍ എല്ലാം തീരുമാനിക്കപ്പെട്ടു. അത്യാവശ്യമുള്ളതെല്ലാം ചെയ്തിട്ട് രാവിലെ തന്നെ അമ്മ വീട്ടിലേക്ക് പോയി, നാളെ അവശ്യസാധനങ്ങളുമായി വരാമെന്നും പറഞ്ഞ്. ഞാന്‍ വാര്‍ഡിന്റെ വരാന്തയിലൊരു കസേരയില്‍ എനിക്കായി എഴുതപ്പെട്ട കട്ടിലിലെ രോഗി ഡിസ്ചാര്‍ജാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. പുതുപ്പെണ്ണിനെ കാണാന്‍ അയല്‍പക്കക്കാരെത്തുന്ന ആര്‍ജവത്തോടെ ഓരോരുത്തരായി വന്ന് അന്വേഷണവും ആരംഭിച്ചു. ആദ്യത്തെ അഞ്ചു ചോദ്യങ്ങള്‍ പൊതുവായതാണ്. അതുതന്നെ ഇരുപതോളം തവണ ആവര്‍ത്തിക്കപ്പെട്ടു. അവിടെയിരുന്ന മണിക്കൂറുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം എന്റെയുള്ളിലൊരു ആര്‍ത്തനാദം തന്നെ ഉണ്ടാക്കി. ഈശ്വരാ! വയസ്സിത്തള്ളമാരുടെ അയല്‍ക്കൂട്ടത്തില്‍ പെട്ട പോലെ. ഇനിയിവിടെ നില്‍ക്കണ്ടായെന്ന്  അമ്മയോട് പറയാനും വയ്യ.. ഓഫീസില്‍ നിന്നും ശുഭ്രവസ്ത്രധാരിയായ ഒരാള്‍ ആവശ്യപ്പെട്ടു - റേഷന്‍ കാര്‍ഡ്. രണ്ടും കല്പിച്ച് ഞാനെന്റെ കയ്യിലിരുന്ന റേഷന്‍കാര്‍ഡിന്റെ കോപ്പി ചിരിച്ചുകൊണ്ടയാള്‍ക്കു നല്‍കി.
 

തൊട്ടടുത്ത കട്ടിലിലെ അന്നാമ്മച്ചി മുതല്‍ തുടങ്ങിയതാണ്. വാത്സല്യവും സ്‌നേഹവും വാരിക്കോരിത്തന്ന് കുറേ അമ്മമാര്‍ക്കു നടുവില്‍ ഇതിപ്പോള്‍ 33 ാം ദിവസം. പത്രക്കാരിയായതോടെ എന്നിലേക്കാവാഹിക്കപ്പെട്ട കപട പക്വതയും ഗൗരവവുമെല്ലാം ആദ്യത്തെ ചില ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പടംപൊഴിച്ചു കഴിഞ്ഞിരുന്നു. കൊഞ്ചിച്ചു വഷളാക്കപ്പെട്ടവളെന്ന അമ്മയുടെ പരാതി ദിവസവും കേള്‍ക്കാറുണ്ടായിരുന്ന ഞാന്‍ കൊഞ്ചുന്നതെങ്ങനെയെന്നു പോലും വിസ്മരിച്ചു പോയിരുന്നു. ഉറക്കെച്ചിരിക്കാനോ മുന്‍പുണ്ടായിരുന്ന പോലെ വട്ടുകള്‍ കാണിക്കാനോ സമയമോ സന്ദര്‍ഭമോ എനിക്കുണ്ടായിരുന്നില്ല. ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, പുല്ലിനേയും പുഴുവിനേയും,  സുഹൃത്തിനേയും ശത്രുവിനേയും, കണ്ടതിനേയും കാണാത്തതിനേയും....അങ്ങനെ എല്ലാത്തിനേയും സ്‌നേഹിച്ചിരുന്ന എന്നില്‍ അവശേഷിച്ചത് എല്ലാത്തിനോടുമുണ്ടായ നിസ്സംഗതയില്‍ നിന്നുള്ള ശാന്തത മാത്രമായിരുന്നു.


ഓരോ കട്ടിലിലും പോയിരുന്ന് ഓരോ തരത്തില്‍ കൊഞ്ചുമ്പോള്‍, അവരില്‍ നിന്നും പലതരത്തിലുള്ള വാത്സല്യങ്ങള്‍ സ്വീകരിക്കുമ്പോള്‍, അവരിലൂടെ അവരുടെ വീട്ടുകാരുടേയും ഇഷ്ടം കാണുമ്പോള്‍, അടങ്ങിക്കിടക്കാത്തതിന് അവരെന്നെ ശകാരിക്കുമ്പോള്‍, മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ ......നന്ദിയുണ്ട് ചിലരോട്, ചിലതിനോട്, എന്നെ തിരിച്ചു നല്‍കിയതിന്....ഇനിയൊരു പത്രക്കാരിയിലേക്ക് അന്തര്‍മുഖയാകാന്‍ ഞാനില്ലെന്ന തീരുമാനത്തില്‍ ഉറപ്പിച്ചതിന്.
 

എന്റെ ഇവിടുത്തെ അമ്മമ്മമാരെല്ലാം പറയാറുണ്ട് ഞങ്ങള്‍ക്കു ഭേദമായില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞിക്ക് വേഗം ഭേദമാകണേയെന്ന് .. അവരറിയുന്നില്ലല്ലോ - അവരെ വിട്ടു പോകാന്‍ മനസ്സുവരാത്തതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് പൊയ്‌ക്കോളാന്‍ പറഞ്ഞ ഡോക്ടറോട് ഞാന്‍ ഒരു ഏഴു ദിവസം കൂടി ഏതെങ്കിലും ട്രീറ്റ്‌മെന്റ് നടത്തി എന്നെ   ഇവിടെ കിടത്താന്‍ ആവശ്യപ്പെട്ടത്.Tuesday, August 13, 2013

ഗുരുവേ നമഃ


അറുബോറന്‍ ബാങ്കുകളും ബാങ്ക് ഇടപാടുകളും എനിക്ക് അലര്‍ജിയായതുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഞാനാ പരിസരത്തു പോലും പോയിരുന്നില്ല. തൃശ്ശൂരില്‍ വന്നു കഴിഞ്ഞാണ്, ചില്ലറ ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുമായി പരിചയപ്പെട്ടു തുടങ്ങിയത്.ബോറന്‍മാര്‍ക്കു പറ്റിയ പണിയാണ് ബാങ്കുദ്യോഗം - ഇപ്പോഴും എന്റെയീ കാഴ്ചപ്പാടിന് മാറ്റമുണ്ടായിട്ടില്ല. അക്കങ്ങളുടെ നിലയില്ലാക്കയത്തില്‍ നീര്‍ക്കാംകുഴിയിട്ടിരിക്കുന്നവരില്‍ പലരും പലപ്പോഴായി തങ്ങള്‍ ബോറന്‍മാരാണെന്ന് തെളിയിക്കാറുമുണ്ട്. ബാങ്കുദ്യോഗസ്ഥര്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളില്ലേയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചു കഴിച്ച് അടച്ച വായ പിന്നീട് ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു വേണ്ടി മാത്രം തുറക്കാറുള്ള ചിലരെ കണ്ടിട്ടുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകള്‍ക്കുള്ളില്‍ കയറിയാല്‍ ഡംപ് ആന്റ് ഡഫ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പോലെ തോന്നും. സംശയങ്ങള്‍ ചോദിച്ചാലും കേട്ട മട്ടുണ്ടാവില്ല, കുറച്ചു കൂടി ഉറക്കെ ചോദിച്ചാല്‍ മാവേലി നാക്ക് പുറത്തു ചാടും - ഞാനിവിടെ ഒരു ജോലി ചെയ്യുന്നത് കണ്ടൂടെ? - തികച്ചും ന്യായമായ ചോദ്യമാണെന്നാണ് എന്റെ പക്ഷം. കാര്യം കണക്കിന്റെ കളിയാ, ഒന്നു ശ്രദ്ധ പതറിയാല്‍ ചിലപ്പോള്‍ വൈകീട്ട് പോക്ക് വൈകും. പത്തിന്റെ പത്തു നോട്ട് പോലും കൃത്യമായി എണ്ണാനൊക്കാത്ത എനിക്ക് ആ ചോദ്യം തികച്ചും ന്യായമായേ തോന്നൂ..

             110 വേഗതയില്‍ പൊയ്‌ക്കോണ്ടിരിക്കുമ്പോഴായിരിക്കും മൊബൈല്‍ അടിക്കുക. വളരെ പതുക്കെ, ഫോണ്‍ ചെവിയിലോട്ട് വയ്ക്കുമ്പോള്‍ ചില അടിപ്പടങ്ങള്‍ ഓര്‍മ്മവരും. തുരുതുരാ അടിക്കുന്നതിനിടയ്ക്ക് ഒരു ഇടിവെട്ട് കറങ്ങിയടി മാത്രം സ്ലോമോഷനില്‍ കാണിക്കുന്ന സീന്‍. വാതില്‍ക്കല്‍ വരെ നീളുന്ന നിരയില്‍ ഓരോ കാലിലായി ബാലന്‍സ് മാറി മാറി നിന്ന് കഷ്ടപ്പെടുന്നവനെ കൊഞ്ഞനം കുത്തുന്ന പോലെ വിളി കുറച്ചു നീണ്ടേക്കാം. വളരെ പതുക്കെ ഫോണ്‍ കട്ട് ചെയ്ത് അതിനേക്കാള്‍ പതുക്കെ അത് മേശപ്പുറത്ത് വച്ച് വീണ്ടും 112 ല്‍ പണി തുടരും. പാദരക്ഷകള്‍ പുറത്ത് എന്നെഴുതിയ ബോര്‍ഡു പോലെ ചിരി പുറത്ത് എന്ന് തൂക്കിയിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു പോകും നമ്മള്‍. ബാങ്ക് മാനേജരെ കണ്ടാല്‍ ഹിമാലയസാനുക്കളില്‍ നിന്നും അപ്പോള്‍ ഇറങ്ങിവന്ന ഋഷിവര്യനെപ്പോലെ തോന്നും. എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആറു മാസത്തിലൊരിക്കല്‍ കിട്ടുന്ന ട്രയിനിങ്ങിന്റെ ദിവ്യപ്രകാശം മുഖവലയം തീര്‍ത്തു നില്‍ക്കുന്നുണ്ടാകും. റിസേര്‍വ്വ് ബാങ്ക് നരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിമ്മിട്ടം ഈ മുഖങ്ങളില്‍ നേരിട്ട് ദര്‍ശിക്കാം. 


കേരളമിന്ന് പണിമുടക്കുകയാണ്. നാട്ടിലെ റോഡുകളില്‍ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന പ്രതിഭാസത്തിനെതിരേയാണ് മുടക്ക്. ബാങ്കിനതൊന്നും ബാധകമല്ല. കാനറാ ബാങ്കില്‍ ചെന്നപ്പോള്‍ ചെറുപൂരത്തിനുള്ള ആളുകളുമുണ്ട്. ബാങ്കിന്റെ ഒത്ത നടുക്ക് നിരത്തിയിട്ടിരിക്കുന്ന ഇരുമ്പു കസേരകളിലൊന്നില്‍ സമാധാനമായി ചെന്നിരുന്നു. എന്റെ കാര്യം നടക്കാന്‍ ഇനിയും അരമുക്കാല്‍ മണിക്കൂറെടുക്കും. ഞാനിരിക്കുന്നത് നാലാമത്തെ കൗണ്ടറിന് നേരേ മുമ്പിലാണ്. എന്റെ നേരേയിരിക്കുന്ന ബാങ്കുദ്യോഗസ്ഥനെ ശ്രദ്ധിച്ചു. മെലിഞ്ഞ് പൊക്കമുള്ള ഒരു പഴഞ്ചന്‍..സത്യന്റെ സിനിമയിലെ ഹെയര്‍ സ്റ്റൈലും മീശയും. ഇട്ടിരിക്കുന്ന ഷര്‍ട്ടിനകത്ത് അടുത്തിരിക്കുന്ന രണ്ടു പേര്‍ കൂടി കയറും..ഇതിനു മുമ്പും പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇതുവരെ ചിരിക്കുന്നതോ വാ തുറക്കുന്നതോ കണ്ടിട്ടില്ല.. ഇടയ്ക്ക് തന്റെ ഗോള്‍ഡണ്‍ ഫ്രയിമുള്ള ചെറിയ ചതുരക്കണ്ണടയ്ക്ക് മുകളിലൂടെ അയാളെന്നെ നോക്കി. നോട്ടം മൂന്നോ നാലോ പ്രാവശ്യം ആവര്‍ത്തിച്ചു. 


ഞാന്‍ പിന്നെ ശ്രദ്ധിക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ എഴുന്നേറ്റു നില്‍ക്കുകയാണ്. അയാള്‍ക്ക് മുന്നില്‍ നേര്യതുടുത്ത് സ്വര്‍ണ്ണത്തലമുടിയോടെ ഒരു അമ്മൂമ്മ. അല്പം വളഞ്ഞ്, ബഹുമാനത്തോടെ അയാള്‍ സംസാരിക്കുകയാണ്. എന്തൊരു മാറ്റം. ഇത്രനേരം ഞാന്‍ കണ്ട ആളേ അല്ല. ചിരിച്ച് സന്തോഷത്തോടെ സംസാരിക്കുന്ന അയാള്‍. ഇടയ്ക്ക് ടീച്ചറേ എന്നുള്ള അഭിസംബോധനയിലാണ് മുന്നില്‍ നില്‍ക്കുന്നത് അയാളുടെ അധ്യാപികയാണെന്ന് മനസ്സിലായത്. ജോലി ചെയ്‌തോളൂ എന്ന് ടീച്ചര്‍ അനുവദിച്ചിട്ടും അയാള്‍ക്ക് ഇരിക്കാന്‍ മടി. ടീച്ചര്‍ നിര്‍ബന്ധിച്ചപ്പോള്‍ ജാള്യതയോടെ അയാള്‍ കസേരയുടെ അറ്റത്ത് മാത്രമായി ഇരുന്നു. ടീച്ചര്‍ തിരിച്ചു പോകുമ്പോഴും അയാള്‍ എണീറ്റ് യാത്രയാക്കി. 

എണ്‍പതു വയസ്സു കഴിഞ്ഞ ടീച്ചറിനുമുമ്പില്‍ നിമിഷമാത്രയില്‍ വള്ളിനിക്കറിനകത്തേക്ക് ചുരുങ്ങാന്‍ കഴിഞ്ഞ മധ്യവയസ്‌കന്റെ സംസ്‌കാരത്തോട് ബഹുമാനം തോന്നി. ചുട്ടയിലയാള്‍ ശീലിച്ച നന്മ മങ്ങലേല്‍ക്കാതെ അയാള്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. പുറമേ പരുക്കനായും അകമേ സംസ്‌കാരസമ്പന്നവുമായ പഴയ തലമുറയില്‍ നിന്നും പുറമേ ജോളിയും അകമേ ശൂന്യവുമായ എന്റെ തലമുറയിലേക്ക് ഞാന്‍ തലകുനിച്ചു. 


Friday, August 9, 2013

നേരാന്‍ മറന്ന ആശംസ


വെറുതേ നടക്കാനിറങ്ങിയതായിരുന്നു. മഴക്കാറുള്ള സന്ധ്യകളുടെ ചാരനിറത്തില്‍ മുങ്ങിയങ്ങനെ നടക്കാന്‍ വല്ലാത്ത കൊതിയാണെന്നും. ഇപ്പോ പൊട്ടുമെന്ന മട്ടില്‍ വയറും വീര്‍ത്തിരിക്കുന്ന കറുത്ത കാര്‍മേഘങ്ങളെ ഇടയ്ക്കിടെ നോക്കി, ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച്, തല കുനിച്ച്, മുഖത്തേക്ക് വീഴുന്ന മുടിയിഴകളൊതുക്കാന്‍ തുനിയാതെ ഒന്നും കേള്‍ക്കാതെയും കാണാതെയുമുള്ള നടത്തം. എവിടെ വരെയെത്തിയെന്നോ, എന്താണ് ചുറ്റും സംഭവിക്കുന്നതെന്നോ അറിയാറില്ല. വല്ലാത്ത സുഖമുള്ള നടത്തത്തിലായിരുന്നു ഇന്നലെയും. കൈയ്യില്‍ അസൗകര്യമായി രണ്ടു പുസ്തകങ്ങളുണ്ടായത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. നടത്തം കൂടുതല്‍ നേരമുണ്ടായില്ല. പാര്‍ക്കിലെ ഒഴിഞ്ഞ ബഞ്ചില്‍ കടലയും കൊറിച്ചിരുപ്പായി. വാച്ച്മാന്‍ വന്ന് പറയും വരെ അവിടെത്തന്നെയിരുന്നു. രാത്രി തിരിച്ച് നടക്കുന്നതിനിടയില്‍ പെട്ടന്ന് തോന്നിയ ഒരാശയമായിരുന്നു കാപ്പി കുടിക്കാന്‍.. ഒറ്റയ്ക്ക് ഹോട്ടലില്‍ കയറുന്ന പതിവില്ല, എന്നിട്ടും ഒരു തോന്നലില്‍ കാപ്പി കുടിക്കാന്‍ തന്നെ തീരുമാനിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ ഇടയ്‌ക്കൊക്കെ കൂട്ടുകാരോടൊപ്പം കയറാറുള്ള ഹോട്ടലില്‍ കയറി. വെളുത്ത കോപ്പ കപ്പിലെ കാപ്പിക്കുവേണ്ടി ഞാന്‍ കാത്തിരുന്നു. 


 എന്റെ സ്വകാര്യതയിലേക്ക് വല്ലവരും കയറിയോയെന്നന്വേഷിക്കാന്‍ മൊബൈലെടുത്ത് പരിശോധിക്കുകയായിരുന്നു ഞാന്‍. ക്ലിം.....ചില്ലുപാത്രം നിലത്തു വീണ് പൊട്ടിച്ചിതറിയ ശബ്ദം. പുറകേ തന്നെ ഒരു നിലവിളിയും.. നോക്കുമ്പോള്‍ പതിനേഴ് വയസ്സ് പ്രായം തോന്നുന്ന ഒരു കൗമാരക്കാരന്‍. പകച്ച് നില്‍ക്കുന്ന അവന്റെ കാല്‍ച്ചോട്ടില്‍ മത്താപ്പൂ പടക്കത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന തരത്തില്‍ ഗ്ലാസ്സുകള്‍ ചിതറിക്കിടക്കുന്നു. രണ്ടോ മൂന്നോ ഗ്ലാസ്സുണ്ടാകണം. അനങ്ങാതെ നില്‍ക്കുന്ന അവനേയും നിലത്തേക്കും മാറി മാറി നോക്കുകയാണ് എല്ലാവരും. രണ്ട് സെക്കന്റ്....ഓടി വന്നൊരാള്‍ അവനെ പിടിച്ചു തിരിച്ചു നിര്‍ത്തിയതും കരണക്കുറ്റിക്ക് ഓങ്ങിയൊന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു. 

എന്റെ തൊട്ടടുത്തിരുന്ന മേശയിലെ രണ്ടു ചെറുപ്പക്കാര്‍ അറിയാതെ ചാടിയെണീറ്റു. വേറൊരു മേശയ്ക്കരികിലെ യുവതി പെട്ടന്ന് തല തിരിച്ചു. പലരുടേയും കൈകള്‍ അരുതെന്ന അര്‍ത്ഥത്തില്‍ നീണ്ടുപോയി.. ശ്ശൊ എന്ന ശബ്ദത്തിന്റെ മാറ്റൊലികള്‍ കുറേ നേരത്തേക്ക് കേട്ടു..ഹോട്ടലിലേക്ക് കയറാന്‍ തുടങ്ങിയവര്‍ അവിടെത്തന്നെ നിന്നു. അടുക്കളയില്‍ നിന്നും തലകള്‍ പുറത്തേക്ക് നീണ്ടു. അവന്റെ സഹപ്രവര്‍ത്തകര്‍ തലതാഴ്ത്തി. എന്റെ പ്രതികരണം എന്തായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒന്നുറപ്പ്, എല്ലാവരുടേയും ചില നിമിഷങ്ങള്‍ നിശ്ചലമായിപ്പോയിരുന്നു - ഒരാളുടേതൊഴിച്ച്!..ക്യാഷ് കൗണ്ടറിലിരുന്ന് കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തിരുന്നയാള്‍ ഒഴിച്ച്. കണ്ണടയ്ക്കു മുകളിലൂടെ ഒളിക്കണ്ണെറിഞ്ഞ് അയാള്‍ തന്റെ കിഴിക്കലുകളിലേക്ക് തിരിച്ചു.
ഏതു പിച്ചക്കാരനും മാനദണ്ഡങ്ങളോടെയാണെങ്കിലും അഭിമാനമുണ്ടാകില്ലേ. എച്ചില്‍ വാരുന്ന ഈ ചെറുക്കന്റെ കണ്ണില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനയും ശമ്പളത്തിലെ നഷ്ടത്തിന്റെ ദുഃഖവും വ്യക്തമായി കണ്ടു. കാപ്പി കുടിക്കാന്‍ നില്‍ക്കാതെ ഇറങ്ങി നടക്കുന്നതിനിടയില്‍ വയനാട്ടിലെ ഹോട്ടലില്‍ ഉണ്ടായ സമാന സന്ദര്‍ഭം ഓര്‍മ്മ വന്നു. കയ്യില്‍ നിന്നും വീണുപോയ ഗ്ലാസ്സും നോക്കി പേടിച്ചു നി്ന്ന ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ട്, എന്താടാ നോക്കി നില്‍ക്കുന്നെ. വാരിക്കളഞ്ഞിട്ട് അടുത്ത പണി നോക്കെടായെന്ന് ചിരിച്ചു കൊണ്ടു പറഞ്ഞ മാനേജരേയും ഓര്‍മ്മിച്ചു. പിന്നേയും രണ്ടു മൂന്ന് തവണ കൂടി അവനെ കളിയാക്കി, അവനെ സമനിലയിലേക്കെത്തിക്കാന്‍ സഹായിച്ച ആ മാനേജരെ ഞാന്‍ മനസ്സില്‍ നല്ല വാക്കുകള്‍ക്കൊണ്ട് അഭിനന്ദിച്ചു. ലാഭനഷ്ടങ്ങള്‍ക്കു മീതെ മനുഷ്യത്വമുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍ക്ക് അന്നേ പറയേണ്ടിയിരുന്ന നല്ല ആശംസകള്‍ വൈകിയാണെങ്കിലും 
മനസ്സില്‍ നേര്‍ന്നു.


Thursday, July 11, 2013

തുഴച്ചില്‍ക്കാരന്റെ തത്വശാസ്ത്രം

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് അടി മുകളിലുള്ള തടാകത്തില്‍ നിന്നും പല ആയിരം അടിയോളം മുകളിലേക്കുയര്‍ന്ന് എന്നെ വീണ്ടും വീണ്ടും ചെറുതാക്കിയ രാജീവ് എന്ന തുഴച്ചില്‍ക്കാരന് വേണ്ടി........
വയനാട്ടിലെ പൂക്കോട് തടാകത്തിലേക്ക് രാവിലെ ചെല്ലുമ്പോള്‍ ഭാഗ്യമെന്ന പോലെ ബോട്ടില്‍ കയറാന്‍ കൂപ്പണ്‍ കിട്ടി. ഏഴു പേര്‍ക്കുള്ള ബോട്ടിലേക്ക് ഞങ്ങള്‍ മൂന്ന് പേര് പോര, കൂട്ടിന് തമിഴ് നാട്ടില്‍ നിന്നും വന്ന കുടുംബവും കൂടി. ബോട്ടിലേക്ക് കയറി ഏറ്റവും പുറകിലെ ഒറ്റ സീറ്റില്‍ ഞാന്‍ ഇരുന്നു. മുന്നിലായി കൂടെയുള്ളവരും....ആകെ, ഏഴു മുതിര്‍ന്നവരും രണ്ടു കുട്ടികളും... തുഴയുന്നവന്റെ കൈയ്ക്ക് മൂന്നാളുടെ ശക്തിയും പോരാതെ വരുമെന്നു തോന്നി.. പക്ഷേ തുഴച്ചില്‍ക്കാരന്‍ ചെറിയ വടിയുടെ അറ്റത്തു രണ്ടു വട്ടം കറക്കിയെടുത്തപ്പോഴേ ബോട്ട് ഉണര്‍ന്നു. 


            ഓരോരുത്തരുടെ പേര് ചോദിച്ചു തുടങ്ങിയ തുഴച്ചില്‍ക്കാരനോട് ആദ്യ നിമിഷങ്ങളില്‍ ഒരിത്തിരി നീരസം തോന്നാതിരുന്നില്ല... ആള്‍ക്കൂട്ടത്തില്‍ നിശബ്ദമാകാനുള്ള ജാഡ ശീലിച്ചെടുത്ത ഞങ്ങള്‍ക്കത് അലോസരമായില്ലെങ്കിലേ അതിശയമുള്ളൂ...ഇനിയുള്ള 20 മിനിട്ട് സഹിക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു മനസ്സില്‍. കൈയ്യിലെ ക്യാമറയും, കട്ടി കണ്ണടയും, ജൂബ്ബയും - പത്രപ്രവര്‍ത്തകയുടെ എല്ലാ ടച്ചുമുള്ള എന്നെ അയാള്‍ ചോദ്യം കൊണ്ട് ആക്രമിക്കാന്‍ അധിക താമസമുണ്ടായില്ല..എന്തുകൊണ്ട് പൂക്കോട് തടാകം ഇത്ര പ്രശസ്തമായി എന്ന്എന്താ ചോദിക്കാത്തെ എന്നതായിരുന്നു അയാളുടെ ആദ്യ സംശയം. അയാള്‍ തന്നെ അതിനു മറുപടിയും പറഞ്ഞു...സമുദ്ര നിരപ്പില്‍ നിന്നും 2290 അടി മുകളില്‍ എങ്ങു നിന്നും വെള്ളം ഒഴുകിയെത്താതെ എങ്ങനെ അഞ്ചു നില കെട്ടിടത്തോളം ആഴമുള്ള ഒരു തടാകമുണ്ടായി! ഈ തടാകത്തിന് ഇന്ത്യാ ഭൂപടത്തിന്റെ രൂപം എങ്ങനെയുണ്ടായി!ഈ തടാകത്തിലെ ജലം ഇന്നും ശുദ്ധജലമായി തുടരുന്നതെങ്ങനെ!
എല്ലാം പ്രകൃതിയുടെ ലീലാവിലാസം!  പൂക്കോട് തടാകത്തിനെ അതിശയമായിട്ടാണ് അയാള്‍ കാണുന്നത്. സൃഷ്ടിസൗന്ദര്യമെന്നും. 


വയനാടിന്റെ എട്ടര ഹെക്ടര്‍ മാത്രമുള്ള ഈ തടാകത്തിനു മുകളിലൂടെ ദിവസവും അമ്പതും അറുപതും തവണ സഞ്ചാരികളേയും കയറ്റി റൗണ്ടടിക്കുന്ന ഈ തുഴച്ചില്‍ ജോലിയെ അയാളെങ്ങനെ ഇത്രമാത്രം പ്രണയിക്കുന്നു?. അതിനേക്കാള്‍ ശമ്പളമുള്ള, ഗ്ലാമറുള്ള, സുഖമുള്ള ജോലിയില്‍ മനംമടുത്തു പോകുന്ന എന്നെ ഞാന്‍ അയാളോട് ചേര്‍ത്ത് വച്ച് നോക്കി.
            തന്റെ മുന്നിലിരിക്കുന്നവരില്‍ പലതരം സാധ്യതകള്‍ കണ്ടെത്തുകയാണ് അദ്ദേഹം. പുതിയ മുഖങ്ങളിലും പരിചയങ്ങളിലും പുതുമയുള്ള ചിലതിനെ തിരയുകയാണ്. തനിക്കു മുന്നിലെത്തുന്നവരുടെ യാത്രാനുഭവങ്ങളും അവരുടെ ജീവിതസഞ്ചാരങ്ങളും ഇദ്ദേഹത്തെ കൂടുതല്‍ കുതൂഹിയാക്കുന്നു. അവരുടെ അനുഭവങ്ങളിലൂടെ മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്ത്, അനുഭവസ്ഥനാകുന്നു. അവരുടെ വാക്കുകള്‍ക്കിടയില്‍ നിന്നും പുതിയൊരു അറിവിനു വേണ്ടി പരതുന്നു. അങ്ങനെ, ലോകമെമ്പാടും യാത്ര ചെയ്തവരേപ്പോലെയും തത്വജ്ഞാനികളേപ്പോലെയും സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളേക്കുറിച്ചും വീടിനേക്കുറിച്ചും വാചാലനായി. ചാവുകടല്‍ തന്റെ കൊച്ചുവീട്ടിലെ അലമാരയ്ക്കുള്ളിലെത്തിയതിന്റെ ഗര്‍വ്വം മുഖത്തും തിരയടിച്ചു. ഇതുപോലെയുള്ള ഒരു ഇരുപതു മിനിട്ടു ബോട്ടുസഞ്ചാരത്തിനിടയില്‍ പരിചയപ്പെട്ട രണ്ടു പേരുമായുള്ള സൗഹൃദമാണ് അതിനു കാരണം. അപൂര്‍വ്വമായതൊക്കെ ശേഖരിക്കുന്ന അപൂര്‍വ്വ വിനോദവുമുണ്ട് ഇയാള്‍ക്ക്. വീട്ടിലെ ശേഖരങ്ങള്‍ കാണാന്‍ സ്‌നേഹത്തോടെ ക്ഷണിക്കുകയും ചെയ്തു. 


           ഇതിനിടയില്‍ തന്റെ ജോലിയോട് 110 ശതമാനവും നീതി പുലര്‍ത്തുന്നതിനേക്കുറിച്ചും പറഞ്ഞു. വെറുതേ ബോട്ടില്‍ കയറ്റി ചുറ്റിച്ചു കാണിക്കുകയല്ല, ഈ തടാകത്തിന്റെ വിശേഷവും വിശേഷണവും വിവരിച്ചു കൊടുക്കും. അവര്‍ ചോദിച്ചാലും ഇല്ലെങ്കിലും. അതിനു ഹിന്ദിയും ഇംഗ്ലീഷും തമിഴും എല്ലാം കൈവശമുണ്ട്.
 മിനിട്ടുകള്‍ മാത്രമുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ഒരിക്കലും മറക്കാനാവാത്ത വിധം ഞങ്ങളുടെ മനസ്സിലേക്ക് കയറാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചെറുതോ വലുതോ എന്നല്ല, ചെയ്യുന്നതില്‍ നമ്മുടെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിയുന്നതിലാണ് മിടുക്കെന്ന് അയാള്‍ പറയാതെ പറയുകയായിരുന്നു.
                   തടാകക്കരയിലിരുന്ന് കാറ്റു കൊണ്ടിരുന്ന രണ്ട് വൃദ്ധദമ്പതികള്‍ക്കു നേരെ അയാള്‍ കൈവീശി. അവര്‍ തിരിച്ചും. ഞങ്ങള്‍ക്കു തൊട്ടുമുമ്പ് ബോട്ടില്‍ യാത്ര ചെയ്തവരായിരുന്നു അവര്‍. ഇന്നത്തെ സൗഹൃദ ശേഖരത്തിലേക്കുള്ള അയാളുടെ പുതിയ മുത്തുകള്‍..
Related Posts Plugin for WordPress, Blogger...