Saturday, September 29, 2012


മോഹനേട്ടന്റെ

നല്ല രുചിയുള്ള നന്മ


                ലോറി ഡ്രൈവറില്‍ നിന്നും തട്ടുകടയിലേക്ക് ചുവടുമാറ്റം നടത്തിയ മോഹനേട്ടന്റെ ലോജിക്കിനോട് വല്ലാത്തൊരടുപ്പം തോന്നി. മാന്ദാമംഗലത്തുള്ള ബന്ധുവീട്ടില്‍ നിന്നും രാത്രി വൈകി തിരിച്ചു വരുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്തെ തട്ടുകട കണ്ണില്‍പെട്ടത്. എന്തോ ഒരു ആകര്‍ഷകത്വമുണ്ടായിരുന്നു അതിന്. വലിയൊരു മരത്തിന്റെ ചോട്ടില്‍, പതിവ് തെറ്റിച്ച് റോഡിന് മുഖം നല്‍കാതെ, ഒതുങ്ങി നിന്നു അത്. നീല ടാര്‍പോളിന്‍ വലിച്ചു കെട്ടിയ മേല്‍ക്കൂരയ്ക്കു കീഴെ ഉള്ളിയരിഞ്ഞു നിറച്ച പ്ലാസ്റ്റിക് കൂടുകളോ , മസാലക്കൂട്ടാന്‍ വഴുക്കുന്ന സ്റ്റീല്‍ പാത്രങ്ങളോ കണ്ടില്ല. അത്ഭുതപ്പെടുത്തിയത്, ശീല്‍ക്കാരമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന മണ്ണെണ്ണ സ്റ്റൗവ്വും നാസാരന്ധ്ര പ്രലോഭിയായ മണമോ അവിടില്ലായിരുന്നുവെന്നതാണ്. ഏകദേശം 100 മീറ്റര്‍ മുന്നോട്ടു പോയതിനു ശേഷം ബൈക്കോടിച്ചിരുന്ന സുഹൃത്തും തട്ടുകടയുടെ ഗുരുത്വാകര്‍ഷണത്തെ തടയാന്‍ കഴിയാതെ വണ്ടി നിര്‍ത്തി. തിരിച്ച് വന്ന് കടയുടെ പിന്നിലായി ബൈക്കു നിര്‍ത്തുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചെന്ന പോലെ തട്ടുകടയുടെ വശത്തായി കണ്ട സിമന്റ് സ്ലാബില്‍ ഞാന്‍ ഇരുപ്പുറപ്പിച്ചു. വെട്ടുകല്ലില്‍ താങ്ങി ഉയര്‍ത്തി വച്ച വൈദ്യുതി പോസ്റ്റിലിരിക്കെ ഒരു എ.സി മുറിക്കും നല്കാന്‍ കഴിയാത്ത ഒരു കുളിര്‍മ അനുഭവിച്ചു.
എന്താ ചേട്ടാ ഉള്ളത് എന്ന ചോദ്യത്തിനുത്തരമായി പലതും പറഞ്ഞു. ഞാന്‍ പുറത്തു നിന്നും വാങ്ങുന്ന നല്ല ചപ്പാത്തിയും പേടിക്കാതെ കഴിക്കാവുന്ന ബീഫും എടുക്കട്ടേയെന്ന അവസാന വാക്യം മാത്രമാണ് കേട്ടത്. ബീഫ് ഉലത്തുന്നതിനിടയില്‍ ഞങ്ങളുടെ രണ്ടു പേരുടെ മനസ്സിലും വിമ്മിഷ്ടമുണ്ടാക്കിയ ചോദ്യത്തിന് ഉത്തരം ചോദിക്കാതെ വന്നു ' വീടടുത്താ, പോകാനെളുപ്പമുണ്ട്. എന്റെ ഓട്ടോയാ ആ കിടക്കുന്നത്' . മോഹനേട്ടന്റെ വീട് എന്ന ചിന്തയ്ക്ക് സാധാരണ എല്ലാ കഠിനാധ്വാനിക്കും തോന്നുന്ന പോലെ എന്നൊരു വിശേഷണത്തില്‍ മനസ്സ് ഒതുക്കുമ്പോഴാണ് അടുത്ത ഡയലോഗ്. ' എല്ലാം ചെയ്യുന്നത് വീട്ടിലേക്കല്ലേ. കുറച്ചു നേരം അവര്‍ക്കൊപ്പമിരിക്കാനും സമയം വേണ്ടേ'. ജോലി ക്ഷീണത്തിനു പുറമേ യാത്രാ ക്ഷീണം കൂടി ഒഴിവാക്കാനല്ല വീടിനടുത്തു തട്ടുകട തുടങ്ങിയത് എന്നു പറയാതെ പറഞ്ഞു മോഹനേട്ടന്‍. മൂന്ന് മിനിട്ടില്‍ മുന്നൂറിലധികം വാക്കുകള്‍ കോര്‍ക്കുന്ന മോഹനേട്ടന്‍ പിന്നെ പറഞ്ഞതില്‍ കുറച്ചധികം കാര്യമുണ്ടെന്നു തോന്നി. വലിയ സ്റ്റിയറിങ്ങുകള്‍ വളച്ച കൈകളിലാണ് ഇപ്പോള്‍ ചട്ടുകത്തിന്റെ പിടിയിരിക്കുന്നത്. നല്ല കാശുണ്ടാക്കുന്ന, ഡ്രൈവറായിരുന്നു ഒരിക്കല്‍. ക്ഷീണമില്ലാതെ വണ്ടിയോടിക്കാന്‍ ശീലിച്ച നല്ല പ്രായത്തില്‍ ആവശ്യത്തിലധികം പണം വണ്ടിപ്പണി നേടിക്കൊടുത്തു. നല്ല കുടുംബത്തില്‍ നിന്നു കല്യാണവും കഴിച്ച് സുഖമായി ജീവിക്കുന്നതിനിടയില്‍ അനുജന്റെ കല്യാണം ഉറപ്പിച്ചു. പക്ഷേ മോഹനന്‍ എത്തിയത് കല്യാണദിവസം ഉച്ചയ്ക്ക്. അന്നു കുറ്റബോധത്തോടെയാണ് സദ്യയുണ്ടത്. പിന്നെ, അളിയന്റെ കല്യാണത്തിനും വൈകിപ്പോയതോടെ തീരുമാനിച്ചു. ഈ പണി വേണ്ട.' പിന്നല്ലാതെ, നമ്മുടെ കുടുംബത്തിലൊരു നല്ല കാര്യത്തിനെത്താന്‍ പറ്റാത്ത ജോലി വേണ്ടാന്നങ്ങു വച്ചു' പിന്നെ സ്ഥലക്കച്ചോടത്തിനിറങ്ങി. ' അതും വിട്ടു. മാന്യമില്ലാത്ത കച്ചോടത്തിന് എനിക്ക് പറ്റില്ല. പണ്ടത്തെ പോലല്ല, പുതിയ കൂട്ടരാ..സത്യോം നീതിയും വിട്ട് കളഞ്ഞാലേ നിക്കാനൊക്കൂ. അതും വേണ്ടാന്നു വച്ചു'. അതും കഴിഞ്ഞാണ് തട്ടുകടയേക്കുറിച്ച് ആലോചിച്ചത്. മനസ്സാക്ഷിക്കുത്തില്ലാതെ ശാന്തമായി ചെയ്യാവുന്ന പണി. ടൗണില്‍ പോയി കാശുണ്ടാക്കണമെന്നല്ല, കുടുംബത്തിന്റെ കാര്യങ്ങളൊക്കെ ഭംഗിയായി നടത്താനുള്ളതു മതി.
ഇന്നത്തെ ലോകം മറന്നു പോകുന്ന ചിലതാണ് മോഹനേട്ടന്റെ തട്ടുകടയില്‍ കണ്ടത്. പണത്തിനു  പുറകേ പോകുമ്പോള്‍ നഷ്ടപ്പെടുന്നവയുടെ കണക്കു പുസ്തകം മോഹനേട്ടനാവശ്യമില്ല. പോരാതെ, തനിക്കുള്ളതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്ന മനസ്സാണുള്ളത്. സമ്പാദ്യം ഡെപ്പോസിറ്റാക്കി സൂക്ഷിക്കേണ്ടതില്ലെന്നാണ് മോഹനേട്ടന്റെ പക്ഷം. നന്മയുള്ളവര്‍ക്ക് ആവശ്യസമയത്ത് സഹായമായി മറ്റൊരാളുടെ നന്മയെത്തുമെന്നുള്ള വിശ്വാസത്തിലാണ് മുന്നോട്ടുള്ള ഓരോ ചുവടും.
അരമണിക്കൂറിലേറെ പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ക്കു ചുറ്റും തീര്‍ത്ത വലയത്തില്‍ സ്വസ്ഥരായി ഞങ്ങളിരുന്നു. ബൈക്കിലെത്തിയ മറ്റു ചിലര്‍ ഞങ്ങള്‍ക്കിടയില്‍ കയറിയില്ലായിരുന്നെങ്കില്‍ ആ വലയം കൂടുതല്‍ ദൃഢമായേനേ. എങ്കിലും നഷ്ടം തോന്നിയില്ല. ഫഌറ്റിലെത്തുന്നതുവരെ ഞങ്ങള്‍ക്കിടയില്‍ മോഹനേട്ടന്‍ നായകനായ സംസാരം മാത്രമായിരുന്നു. ഡ്രൈവറായിരുന്ന കാലത്തെ അനുഭവങ്ങളും, മോഹനേട്ടന്റെ നേഴ്‌സിങ് കഴിഞ്ഞ മകളും, അവളുടെ കല്യാണത്തേക്കുറിച്ചുള്ള സ്വപ്‌നങ്ങളും, ഭാര്യയുടെ അനുജത്തിക്ക് നല്കിയ സ്വര്‍ണ വളയും,  ഒക്കെ തിരക്കഥാതന്തുവായി. തിരക്കാണെന്നു പറഞ്ഞ് വീട്ടില്‍ പോലും പോകാത്ത എന്നെ ഞാന്‍ കളിയാക്കി. കണ്ടു പഠിക്കാന്‍ സ്വയം പറഞ്ഞു. നാളെ ചെന്ന് ലീവ് ചോദിച്ചാലോ എന്നൊരാലോചനയ്ക്കു പോലും തയ്യാറായി ഞാന്‍. നന്മയുള്ള മോഹനേട്ടന്റെ നന്മയുള്ള തീരുമാനങ്ങള്‍ എന്നെയും മാറ്റി ചിന്തിപ്പിച്ചിരിക്കുന്നു!


Friday, September 21, 2012

നാണം കെട്ട് ചാവാനാ വിധി


അമ്മ ഫോണ്‍ വിളിച്ചിട്ട് ആദ്യം തന്നെ ജാമ്യമെടുത്തു. ' കൊച്ച് ദേഷ്യപ്പെടുവൊന്നും ചെയ്യണ്ട'. എനിക്ക് ദേഷ്യം തോന്നുന്ന ഒന്നും അങ്ങനെ പറയാത്ത എന്റമ്മ മുഖവുരയ്ക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഓഫീസിന്റെ തിരക്കിനിടയ്ക്ക് കൈ വിരലുകള്‍ക്കടിയിലെ കീബോര്‍ഡിന് വിശ്രമം കൊടുക്കാതെ പറഞ്ഞു - ഒന്നു വേഗം പറേന്റമ്മേ.. അതങ്ങനെയാണ്, ജോലിയുള്ള മക്കളുള്ള അമ്മമാര്‍ ഈയിടെയായി സ്പീഡില്‍ സംസാരിക്കുന്നവരും, വലിയ വിശേഷങ്ങള്‍ ചെറിയ വാക്യങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരായി ശീലിച്ചു കഴിഞ്ഞു. എന്റമ്മയ്ക്ക് ഇത്തിരി പത്രഭാഷകൂടി കൈവന്നോയെന്നാണ് സംശയം.

'പറയാം' ഒട്ടും പ്രകോപിതയാകാതെ അമ്മ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും കൊച്ചിനോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്ന ആളാ അത്. കൊച്ചിന്റെ നല്ലതിനു വേണ്ടി ജോലി വേറെ നോക്കാന്‍ കൂടി അയാള്‍ പറഞ്ഞിട്ടില്ലേ. എത്രയൊക്കെയാണേലും ഒരിക്കല്‍ സ്‌നേഹിച്ചതല്ലേ മോളേ' അപ്പോള്‍ അതാണ് കാര്യം. ഇത്തവണ വീട്ടില്‍ ചെന്നപ്പോഴാണ്  ഞാനും മറ്റൊരാളും തമ്മിലുള്ള ശീതസമരത്തിന്റെ കാര്യം അമ്മയോട് പറയുന്നത്. എന്റെ മനസ്സില്‍ ഒരാളോട് അകല്‍ച്ച തോന്നിയാല്‍ എത്രമാത്രം ആഴമുണ്ടാകുമതിന് എന്ന് അമ്മയേക്കാള്‍  ആര്‍ക്കാ അറിയുക. എന്റെ സ്‌നേഹം പോലെ തന്നെ അങ്ങേയറ്റമാണ് അതും. ഇടയ്ക്ക് ആരെയും വെറുക്കാന്‍ കഴിയാതെ, മറ്റുള്ളവരെ ദ്രോഹിക്കാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ ഞാന്‍ മനസ്സില്‍ അമ്മയെ പ്‌രാകും. ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലത്തും കൂട്ടുകാരിയുടെ കുശുമ്പിനേക്കുറിച്ച് പരാതി പറഞ്ഞാല്‍ അമ്മ പറയും - എന്റെ മുത്തിനല്ലേ ക്ഷമിക്കാന്‍ അറിയൂ. അങ്ങു ക്ഷമിച്ചേക്കെന്നേ - എന്നോടു കാട്ടിയ കുശുമ്പിന് പകരം ചോദിക്കാന്‍ സ്‌കൂളിലേക്കെത്തുന്ന അമ്മയെ പ്രതീക്ഷിച്ച ഞാന്‍ വിഡ്ഢിയാകും. സന്ധ്യയ്ക്ക് കുരിശു വരയ്ക്കുമ്പോ അമ്മ പ്രത്യേകം പ്രാര്‍ത്ഥിക്കും ' എന്റെ മുത്തിനോട് കുശുമ്പു കാട്ടിയ രമ്യയ്ക്ക് നല്ല ബുദ്ധി കൊടുക്കണേ. ഇനി കുശുമ്പു കാണിക്കാന്‍ തോന്നിക്കല്ലേ....അങ്ങനെ എന്റെ ശത്രുവിനു വേണ്ടി ഒടുക്കത്തെ പ്രാര്‍ത്ഥന. ദേഷ്യം വന്ന് ഞരമ്പു പൊട്ടാതിരിക്കാന്‍ പാടുപെടുന്ന എന്നെ ആരും മൈന്‍ഡ് ആക്കില്ല. പിറ്റേന്ന് സ്‌കൂളില്‍ ചെന്നാല്‍ അവളുടെ മുഖത്ത് സാധ്യതയുള്ള പുച്ഛച്ചിരി, കണ്ണിറുക്കല്‍, ചുണ്ട് കോട്ടല്‍ ഇത്യാദി ഗോഷ്ടികളെ എങ്ങനെ നേരിടുമെന്നായിരിക്കും പിന്നീടെന്റെ ചിന്ത. ചോദിക്കാനും പറയാനും ആരുമില്ലാത്തവളായി സ്‌കൂളില്‍ പോകുന്നതിന്റെ മാനക്കേട് അമ്മയ്ക്കുണ്ടോ മനസ്സിലാകുന്നു. ഒരിക്കല്‍ സ്‌നേഹിച്ചവരെ അതിനുള്ള നന്ദിയായി എന്നും തിരിച്ച് സ്‌നേഹിക്കുക, ചിലരെ സ്‌നേഹിപ്പിക്കുക, സ്‌നേഹിക്കുന്നവരെ അതിനേക്കാള്‍ കൂടുതലായി സ്‌നേഹിക്കുക. ഇങ്ങനെ അമ്മ എന്റെ ഭൂതഭാവി വര്‍ത്തമാനങ്ങളില്‍ സ്‌നേഹം വല്ലാത്തൊരു ചേരുവയായി മാറ്റി.

 അമ്മ തന്ന നല്ല പാടത്തിന്റെ രുചിയറിഞ്ഞു തുടങ്ങിയത് ഹൈസ്‌കൂള്‍ കാലം മുതലാണ്. സ്വതന്ത്രയാകാനും വ്യക്തിത്വരൂപീകരണത്തിനും അമ്മയുടെ ഈ കൊച്ചുപാഠങ്ങള്‍ എത്രമാത്രം സ്വാധീനിച്ചുവെന്നതിന് കണക്കില്ല. ഇന്നും അമ്മ അങ്ങനെ തന്നെ, നന്മയുള്ള അമ്മയുടെ മകളായി ജീവിക്കുമ്പോഴും, എന്റെ സുഹൃത്തുക്കള്‍ എന്നെ വിശേഷിപ്പിക്കുന്നത് നാണം കെട്ട് ജീവിക്കുന്നു എന്നു തന്നെയാണ്. സ്‌നേഹിക്കുന്നതും, പിണക്കങ്ങള്‍ മറക്കുന്നതും വേദനകള്‍ മറയ്ക്കുന്നതും, ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നതും എല്ലാം ഈ നാണം കെട്ട ജീവിതത്തിന്റെ പ്രകടമായ ലക്ഷണങ്ങളത്രേ...അവസാനം ഒരു പ്രവചനം കൂടി അവര്‍ നടത്തും 'നാണം കെട്ട് ചാവാനാ നിന്റെ വിധി'.



Sunday, September 16, 2012


ഒരിത്തിരി അഹങ്കാരം


രാത്രി 9 മണിയും കഴിഞ്ഞാണ് ഓഫീസില്‍ നിന്നിറങ്ങിയത്. ഓഫീസ് അനുവദിച്ച കാറിനായി കാത്തു നിന്നില്ല. നടന്നു. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ തൃശ്ശൂരിലെ നിരത്തുകളിലെ സ്ത്രീ സാന്നിധ്യം നന്നേ കുറവാണ്. എട്ടു മണി കഴിഞ്ഞാല്‍ ഒറ്റയ്ക്കു നടക്കുന്നത് അപകടകരവും. ഒമ്പതു മണിക്കും ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ ലൈംഗീകത്തൊഴിലാളികള്‍ മാത്രമാണെന്ന വിശ്വാസവുമാണ് മലയാളി ചേട്ടന്‍മാര്‍ക്കും നമ്മുടെ പോലീസേമാന്‍മാര്‍ക്കും. വന്നേക്കാവുന്ന അപകടങ്ങളോ, പോലീസിന്റെ അര്‍ത്ഥം വച്ചുള്ള ചോദ്യങ്ങളോ എന്റെ നടത്തത്തെ തടഞ്ഞില്ല.

            രാത്രി നടത്തങ്ങളുടെ കൂട്ടുകാരിയായിരുന്നു ഞാന്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, വീട്ടിലെല്ലാവരും ഉറങ്ങിയെന്നുറപ്പു വരുത്തി വാതില്‍ തുറന്ന് നടക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പായിയുടെ പിടുത്തം വീണിരിക്കും. ഒരിക്കലും പോകരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അപ്പായിയും കൂടെ വരുമെന്ന് വാശി പിടിക്കും. ഇരുട്ടില്‍ ടാറിട്ട റോഡിലൂടെ ചെരുപ്പിടാതെ നടക്കുമ്പോള്‍ മറ്റൊന്നുമറിയാറില്ല. റോഡിന്റെ ഇളംചൂട് കാല്‍വെള്ളയ്ക്കകത്തൂടെ ഉച്ചിയില്‍ വരെയെത്തുന്നത് ഞാനറിയും. ഇരുവശത്തും പൊന്തി നില്‍ക്കുന്ന നിഴലുകള്‍ ആലിംഗനബദ്ധരാകുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന് സ്വയം ശാസിക്കും. രാത്രിയിലെ കാറ്റിന്റെ പ്രത്യേക മണം ആവുന്നത്ര ശക്തിയില്‍ വലിച്ചെടുക്കും. എന്നെ ശല്യപ്പെടുത്താതെ നിശബ്ദം എന്റൊപ്പം നടക്കുന്ന അപ്പായിയുടെ കുഞ്ഞിവിരലിന്റെ അറ്റത്ത് പിടിച്ച് ആകാശത്തേക്ക് നോക്കി നടക്കും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ പേരിന്റെ ആദ്യാക്ഷരം വരച്ചെടുക്കും. തിരിച്ച് നടക്കുമ്പോള്‍ അപ്പായി എന്നെ കേള്‍ക്കും. വലുതാകുമ്പോ ഞാന്‍ പണിയാന്‍ പോകുന്ന ആശുപത്രിയേക്കുറിച്ചും സ്‌കൂളിനേക്കുറിച്ചുമെല്ലാം. ചില രാത്രികളില്‍ എന്റെ ഭാവി സ്വപ്‌നങ്ങളില്‍ ഞാനൊരു രാഷ്ട്രീയക്കാരിയാകും. പിന്നെ മുഖ്യമന്ത്രിയാകും. അഴിമതി തടയുന്നതിന് എല്ലാ മന്ത്രിമാരുടേയും പുറകെ ഡിറ്റക്ടീവുകളെ അയയ്ക്കും. ചില ദിവസങ്ങളില്‍ ഞാന്‍ കളക്ടറാണ്, ചിലപ്പോള്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഫോട്ടോ ജേര്‍ണലിസ്റ്റ് തുടങ്ങി രാത്രി നടക്കുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ ഞാന്‍ വഹിക്കാത്ത സ്ഥാനങ്ങള്‍ കുറവാണ്. 

          രാത്രിയില്‍ ആകാശം നോക്കി നടക്കാന്‍ ഇന്നും എനിക്ക് കൊതിയാണ്. ഒറ്റയ്ക്കു നടക്കരുതെന്ന് മുന്നറിയിപ്പു തരുന്ന ഒരു സൗഹൃദവും കൈപിടിച്ച് കൂടെ വരാന്‍ മിനക്കെടാറില്ല.


          മനസ്സില്‍ ഇത്തിരി പൊടി പാറുമ്പോള്‍ ഞാന്‍ ചെയ്യാറുള്ള ഒറ്റമൂലി പ്രയോഗമാണ് ഈ നടത്തം. കൗമാരം സമ്മാനിച്ച രാത്രി നടത്തങ്ങളുടെ ഓര്‍മ്മകളില്‍ മുങ്ങി, മനസ്സില്‍ ചെയ്യാന്‍ പോകുന്ന വലിയ വലിയ കാര്യങ്ങളേക്കുറിച്ചുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കി നടക്കുമ്പോള്‍ ചുറ്റും പൊങ്ങി നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് കാറ്റിലാടുന്ന മരങ്ങളുടെ രൂപം വരും. എത്ര കട്ടിയുള്ള ചെരുപ്പിനടിയില്‍ നിന്നും റോഡിന്റെ ചൂടുള്ള നിശ്വാസങ്ങള്‍ ശരീരത്തിലേക്ക് തുളച്ചുകയറും. അങ്ങനെ ഇല്ലാതായി ഞാന്‍ നടക്കും. എനിക്കവകാശപ്പെട്ട ഈ സന്തോഷത്തിന് വിലങ്ങുതടിയാകുന്ന എല്ലാത്തിനോടും എനിക്കു ദേഷ്യമാണ്. അങ്ങനെ മുന്നോട്ടു വച്ച കാല്‍ച്ചുവടുകളില്‍ കൗമാരത്തിന്റെ ലാഘവത്വവുമായി ഞാന്‍ നടന്നു. എം.ജി റോഡിലൂടെ നടക്കുന്നതിനിടയില്‍ എന്റെ മുന്നില്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. ' നിങ്ങളോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അസമയത്ത് ഇങ്ങനെ നടക്കരുതെന്ന്' ഓഫീസിലെ ആവശ്യങ്ങള്‍ക്ക് സ്ഥിരമായി വരാറുള്ള ഡ്രൈവറാണ്. എന്നെ ഫഌറ്റുവരെ എത്തിക്കാമെന്ന് നിര്‍ബന്ധിച്ചു പറഞ്ഞിട്ടും നിരസിച്ചപ്പോള്‍ മുഖത്ത് വല്ലായ്മ കണ്ടു.  എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ തന്നെ കാണണ്ടേ കുട്ടീയെന്ന് പറഞ്ഞ് എന്റെ മുഖത്തു നിന്നും പെട്ടന്നയാള്‍ കണ്ണെടുത്തു. വല്ലപ്പോഴും കാണുമ്പോഴുള്ള ചിരിയിലും, ഒന്നോ രണ്ടോ വാക്കില്‍ ഒതുങ്ങുന്ന കുശലങ്ങളിലും തീരുന്ന പരിചയമേ എനിക്കും അയാള്‍ക്കുമുള്ളൂ. എന്നിട്ടും എന്റെ സുരക്ഷിതത്വത്തില്‍ അയാള്‍ കാണിച്ച ശ്രദ്ധയില്‍ ഞാന്‍ ഇന്നെന്നെ തേടിയെത്തിയ നന്മ കണ്ടു. പരിചയത്തിലുള്ള സ്ത്രീയോട് വീട്ടിലുള്ള ഒരാളോടെന്ന പോലെ ഉത്തരവാദിത്വം തോന്നുന്ന നല്ല മനസ്സിന്റെ ആശങ്കയും കണ്ടു. എല്ലാവര്‍ക്കും അങ്ങനെയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് വെറുതേ ഒരു രസത്തിന് ആഗ്രഹിക്കുകയും ചെയ്തു.

[ ശേഷം ദുഷ്‌ലാക്കോടെ എന്നെ അനുഗമിച്ച കൗമാരക്കാരനോടും കോട്ടപ്പുറം വഴിയില്‍ എന്നെ നിരീക്ഷിച്ച് ഏഴിലധികം തവണ ബൈക്കില്‍ പോയ യുവാവിനോടും പറയാനൊന്നു മാത്രം..സമത്വം കൈവരിക്കാനോ, ധൈര്യമുണ്ടെന്ന് കാണിക്കാനോ ഉള്ള ശ്രമമായിരുന്നില്ല എന്റേത്. ജീവിതം ആസ്വദിക്കാന്‍ ശീലിച്ചു പോയതിന്റെ അഹങ്കാരം മാത്രമായിരുന്നു.]


Saturday, September 15, 2012


എന്റെ അരികില്‍ വന്ന നന്മ



വെള്ളിയാഴ്ച വൈകിയാണ് വേങ്കുന്ന് കവലയില്‍ നിന്നും തളിപ്പറമ്പിലേക്കുള്ള ബസ് കയറിയത്. സ്റ്റേറ്റ് ബസ്സിന്റെ മൂന്ന് പേര്‍ക്കിരിക്കാവുന്ന സ്ത്രീകളുടെ സീറ്റീല്‍ സ്വസ്ഥമായി ഇരുന്നു. മണ്ടളത്തെത്തിയപ്പോഴേക്കും മറ്റെല്ലാ സീറ്റുകളും നിറഞ്ഞു. ബസ്സില്‍ മറ്റൊരു സ്ത്രീയില്ലാത്തത് കാരണം എന്റെ സീറ്റില്‍ ഒരാള്‍ മാത്രം. അതിന്റെ ആര്‍ഭാടത്തില്‍ ഞാന്‍ എന്റെ ബാക്ക് പാക്കും ക്യാമറയും എല്ലാം സീറ്റില്‍ തന്നെ വച്ചിരിക്കുകയാണ്. കുറച്ചു ദൂരം കൂടി ബസ് പോയി. സ്‌റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് ബസ് നിര്‍ത്തി. വലിയ ഒരാള്‍ ബസ്സില്‍ കയറി. അങ്ങനെ തന്നെ വേണം അയാളെ വിശേഷിപ്പിക്കാന്‍. തല കമ്പിയില്‍ മുട്ടുന്ന മട്ടിലാണ് പൊക്കം, അതിനനുസരിച്ച് തടിയും. അയാള്‍ തിക്കിത്തിരക്കി ഞാനിരിക്കുന്ന സീറ്റിനടുത്തേക്ക് വന്ന് വളരെ ഭവ്യമായി ചോദിച്ചു 'ഇരുന്നോട്ടെ' . ബാഗെടുത്ത് സീറ്റിനടിയിലേക്ക് തിരുകുന്നതിനിടയില്‍ മനസ്സിലോര്‍ത്തു -പണിയാകുമോ?. വല്ല വശപ്പിശകു തോന്നിയാല്‍ അപ്പോ തന്നെ കൈകാര്യം ചെയ്യാം എന്ന് ഞാനും വിചാരിച്ചു. ബസ്സിലിരുന്ന്  അഞ്ചു മിനിട്ട് കാറ്റടിച്ചാല്‍ ഉറങ്ങിപ്പോകുന്നയാളാണ്, തൊട്ടടുത്തിരിക്കുന്ന ആജാനുബാഹുവിനേക്കുറിച്ചുള്ള സംശയത്തില്‍ ഉണര്‍ന്നിരുന്നു. ഇടയ്ക്ക് ചെറുതായൊന്ന് മയങ്ങിത്തുടങ്ങുമ്പോള്‍ പെട്ടന്ന് ഞെട്ടിയുണരും. അയാളുടെ തോള് മുട്ടിയില്ലേ?,അയാള്‍ എന്നെയാണോ നോക്കുന്നത്? അയാളുടെ കൈകള്‍! പിന്നെ കുറേ നേരത്തേക്ക് ചോദ്യോത്തര വേളയാണ് തലക്കകത്ത്. ഇടയ്ക്ക് ഉറങ്ങിപോയേക്കുമെന്ന് ഉറപ്പായപ്പോള്‍ വെള്ളമെടുത്ത് കുടിച്ചു, മൂളിപ്പാട്ട് പാടി, ആകാശത്തെ നക്ഷത്രത്തിന്റെ കണക്കെടുത്തു...ഇടയ്ക്ക് അയാളുടെ മുഖത്തേക്ക് നോക്കി, മനസ്സിലാക്കിയ പോലെ അയാള്‍ എന്നെയും നോക്കി. അയാളെന്തിനാ ചിരിച്ചത്? സംസാരിക്കാന്‍ ശ്രമിക്കുവാണോ? ഉത്തരം കണ്ടുപിടിക്കുന്നതിനു മുമ്പേ ഞാന്‍ തീരുമാനിച്ചു. ഇനി ആ ഭാഗത്തേക്ക് നോക്കണ്ട. 

വേഗം തളിപ്പറമ്പെത്തണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. രാത്രി 8 കഴിഞ്ഞു. തളിപ്പറമ്പില്‍ നിന്നും കണ്ണൂര്‍ക്കിനി വേറെ ബസ് കയറണം. സ്റ്റാന്റിനുള്ളിലേക്ക് ബസ് കയറുന്നതിനിടയില്‍ രണ്ട് ടൗണ്‍ ടു ടൗണ്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നതു കണ്ടു. ബസ് നിര്‍ത്തിയതും തേനീച്ചക്കൂട്ടം പാഞ്ഞു വരുന്നതു പോലെയാണ് ആളു കൂടിയത്. ഇതേ ബസ്സ് ഉടനെ തിരിച്ച കുടിയാന്‍മലയ്ക്ക് പോകുന്നുണ്ട്. എന്റെ നാട്ടില്‍ നിന്നും ഇത്രയധികം പേര്‍ നഗരത്തിലെത്താറുണ്ടെന്നത് ഇപ്പോഴാണറിയുന്നത്. ബാഗുമെടുത്ത് എഴുന്നേറ്റ് വന്നപ്പോഴേക്കും ഇറങ്ങാനുള്ളവരില്‍ ഞാനായി ഏറ്റവും ഒടുവില്‍. തൊട്ടുമുന്നില്‍ എന്റെ സഹസീറ്റുകാരന്‍ ഉണ്ട്. വാതിലിനോടടുക്കുന്തോറും നെഞ്ചിടിപ്പു കൂടി. ഇറങ്ങുമ്പോള്‍ ഒരു സെക്കന്റ് വൈകിയാല്‍ ചീത്തവിളി കേള്‍ക്കേണ്ടി വരും. മാത്രമല്ല, ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കലും ഏറ്റവുമൊടുവില്‍ ആകരുതെന്ന് എല്ലാ മലയാളിയ്ക്കും അറിയാം. അകത്തേക്ക് പാഞ്ഞടുക്കുന്ന ആള്‍ക്കാര്‍ക്കിടയില്‍ ഒരു കാല്‍ അവസാനത്തെ സ്റ്റെപ്പിലും മറ്റൊന്ന് നിലത്തുമായി സര്‍ക്കസ് കളിക്കാത്തവര്‍ ചുരുക്കം. മൂന്ന് പേരു കൂടി ഇറങ്ങിക്കഴിഞ്ഞാല്‍ ഞാനാണ്...ഈശ്വരാ....എമര്‍ജെന്‍സി എക്‌സിറ്റ് ഉണ്ടോ ആവോ? കയ്യിലെ ബാഗെടുത്ത് മുന്നില്‍ പിടിച്ചു. ഒറ്റ കുത്തിന് എല്ലാരേം വകഞ്ഞ് മാറ്റണം. ഇല്ലേല്‍ നടക്കില്ല. ഓണ്‍ യുവര്‍ മാര്‍ക്ക്...സെറ്റ്.....പെട്ടന്ന് മുന്നില്‍ നീങ്ങി നീങ്ങി പൊയ്‌ക്കോണ്ടിരുന്ന ആജാനുബാഹു, എന്റെ മുന്നില്‍ നിന്നും മാറി മുന്നോട്ട് പൊയ്‌ക്കോളാന്‍ ആംഗ്യം കാണിച്ചു.. ബസ്സില്‍ നിന്നും ഇറങ്ങി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ബാഗ് വലിച്ചെടുക്കുന്നതിനിടെ ഞാന്‍ ആദ്യമായി ആ മുഖത്തേക്കൊന്നു നോക്കി..രണ്ടു വശത്തു നിന്നും കുതിച്ചെത്തിയ ആള്‍ക്കാര്‍ക്കിടയില്‍ നിന്നും പകുതി ശരീരം മാത്രം പുറത്തെടുത്ത് വായുവില്‍ നീന്തുന്ന അയാളെ നോക്കി...താങ്ക് യൂ...പറഞ്ഞിട്ട് ഞാന്‍ ഓടുകയായിരുന്നു. ടൗണ്‍ ടു ടൗണ്‍ ബസ്സ് കിട്ടാനുള്ള തിടുക്കമായിരുന്നില്ല. അയാളുടെ മുഖത്തേക്ക് നോക്കാനുള്ള ലജ്ജ കൊണ്ടായിരുന്നു. ഇത്രയും നേരം ഒരു നല്ല ഹൃദയത്തിന്നുടമയെ ഞാന്‍ ആഭാസനോ, അപരിഷ്‌കൃതനോ ഒക്കെയായി തെറ്റിദ്ധരിച്ചു പോയല്ലോ എന്ന Pmfyw മറയ്ക്കാന്‍ ഓടി രക്ഷപെടുകയായിരുന്നു. തൊട്ടടുത്തിരിക്കുന്ന നന്മ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഞാനും മാറിപ്പോയിരിക്കുന്നോ???



ചെറുപ്പത്തില്‍ ഒത്തിരി വര്‍ത്തമാനം പറയുന്ന ആളായിരുന്നു ഞാന്‍..വളരെ പെട്ടന്ന് ഇണങ്ങുന്ന സ്വഭാവമായിരുന്നെന്ന് അമ്മ പറയും.. ചെല്ലുന്നിടത്തെല്ലാം പ്രായഭേദമന്യേ കൂട്ടുകാരുണ്ടാകും..യാത്രകള്‍ക്കിടയില്‍ മാത്രം കൂട്ടുകൂടിയവരുടെ അഡ്രസ്സ് എഴുതി നിറഞ്ഞ ഡയറികളുണ്ടായിരുന്നു അഞ്ചു വര്‍ഷം മുമ്പു വരെ....ഇന്ന് ഇയര്‍ഫോണും തിരുകി, കൈയ്യില്‍ പുസ്തകവുമായി ഇരിക്കുമ്പോള്‍ നഷ്ടപ്പെടുന്നതിനേക്കുറിച്ച് ആശങ്കപ്പെടാന്‍ പോലും ഞാന്‍ മറന്നതെന്തേ? 


Thursday, September 13, 2012


 

അന്‍പേ ശിവം

 

തമിഴില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച വാക്കുകള്‍. ദൈവം സ്‌നേഹമാണെന്ന് എല്ലാവരും പറയും, പഠിപ്പിക്കും. പക്ഷേ സ്‌നേഹം ദൈവമാണെന്നത് അതിനും മീതെയാണ്.  കമലഹാസന്‍ അഭിനയിച്ച അന്‍പേശിവം എന്ന സിനിമയില്‍ മാധവന്റെ കഥാപാത്രത്തോട് കമലഹാസന്‍ പറയുന്നുണ്ട് ' മുന്നെ പിന്നെ തെരിയാത്ത ഒരുവനക്കാകെ അളുതിട്ടിറുക്കിയേ, നീ താനേ കടവുള്‍' എന്ന്. അപരിചിതനായ ഒരാള്‍ക്കുവേണ്ടി കരയാന്‍ തോന്നിയ ഹൃദയത്തിന്റെ ഉടമയെ ദൈവമായി കാണുന്നു. സഹജീവിയുടെ കഷ്ടത്തില്‍ കരയണ്ട ഒന്നു സഹതപിക്കാന്‍ നമുക്കെവിടെ സമയം. പക്ഷേ ഇന്നു ഞാന്‍ കണ്ടു. സ്‌നേഹം ദൈവത്തിന്റെ രൂപം പ്രാപിക്കുന്നത്. പത്രത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് എന്റെ ഫഌറ്റിലെത്തിയ സ്ത്രീയില്‍..അനാഥാലയത്തില്‍ ശരീരമാസകലം പൊള്ളലേല്‍പ്പിച്ച പിഞ്ചു കുഞ്ഞിനെ ആസ്പത്രിയില്‍ കണ്ട് മടങ്ങി വരുകയാണവര്‍. ഓരോന്നും വിവരിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളും വാക്കുകള്‍ക്കിടയില്‍ സ്‌നേഹം തിക്കിത്തിങ്ങിയിരിക്കുന്നതിന്റെ ഇടര്‍ച്ചയും ചേര്‍ന്ന് അവ്യക്തമായി പറഞ്ഞ കാര്യങ്ങള്‍. യാദൃശ്ച്യമായി കാണേണ്ടി വന്ന അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ അവസ്ഥയില്‍ നൊമ്പരപ്പെട്ട ആ ഹൃദയത്തോട് ഞാന്‍ നന്ദി പറഞ്ഞു. ഇന്നും നഷ്ടപ്പെടാതെ സൂക്ഷിച്ച സഹജീവികളോടുള്ള സ്‌നേഹത്തിലും കാരുണ്യത്തിലും ഞാന്‍ അസൂയപ്പെട്ടു. അവസാനം എന്റെ കൈ പിടിച്ച് ഇതെങ്ങനെയെങ്കിലും പുറത്തറിയണം. മറ്റൊരു കുഞ്ഞിനും ഈ ഗതികേടുണ്ടാവരുത് എന്ന് പറയുമ്പോള്‍ ഞാനും ആ കൈകളില്‍ മുറുകെ പിടിച്ചു. മനസ്സു കൊണ്ടു മുത്തം കൊടുത്തു. പിന്നെ ഞാന്‍ മാത്രം കേള്‍കേ പറഞ്ഞു ' ചേച്ചി സൂക്ഷിക്കണം. ഈ നന്മ അപഹരിക്കാന്‍ ലോകം കാത്തിരിക്കുകയാണ്.'.


 

Wednesday, September 12, 2012

മരിച്ചവരുടെ കുര്‍ബ്ബാനയില്‍ വന്ന മാലാഖ 


മുതലക്കുടം മുത്തപ്പന്റെ പള്ളിയില്‍ വച്ച് ഞാനൊരു മാലാഖയെ കണ്ടു. മഞ്ഞ ഉടുപ്പിട്ട്, തലമുടി പിന്നിയിട്ട്, ഇരുനിറത്തില്‍.  വെള്ളയുടുപ്പിട്ട്, ചിറകുവിരിച്ച്, വെളുത്തു തുടുത്ത മാലാഖമാരെ മാത്രം കേട്ടു പരിചയമുള്ള എനിക്ക് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  കാരണം ആ ശരീരത്തില്‍ തിളങ്ങുന്നത് രണ്ട് കണ്ണുകള്‍ മാത്രമായിരുന്നു. രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് ശനിയാഴ്ച അതിരാവിലെ തൃശ്ശൂരില്‍ നിന്നും ബസ്സു കയറി മൂവാറ്റുപുഴയിലിറങ്ങി, മറ്റൊരു ബസ്സില്‍ തൊടുപുഴ ചെന്ന്, പിന്നെ അവിടുന്ന് മുതലക്കുടത്തേക്ക് ഓടിക്കിതച്ച് പോകാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. വഴുതിപ്പോയ മനസ്സിനെ ഒന്നു പിടിച്ചു നിര്‍ത്താന്‍ ഒരാളുടെ സഹായം അത്യാവശ്യമായി വന്നപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഗീവര്‍ഗീസാണ്. പണ്ടേ ഞാന്‍ പുള്ളീടെ ഫാനാണ്. ഒന്നുമല്ലേലും ക്ഷത്രിയനാണല്ലോ.

ആദ്യമായിട്ട് കയറുന്ന പള്ളിയില്‍ ചെന്നാല്‍ ആദ്യം ചെയ്യേണ്ടതെന്തെന്ന് അമ്മ പറഞ്ഞു തന്നത് ശീലമായി തുടരുന്നുണ്ട്. മൂന്ന് സ്വര്‍ഗസ്ഥനായ പിതാവേ, മൂന്ന് നന്മനിറഞ്ഞ മറിയമേ, മൂന്ന് പിതാവിനും പുത്രനും, അതിനു ശേഷം മൂന്നാഗ്രഹങ്ങള്‍ ചോദിക്കാം .' നടന്നിരിക്കും'.  ചെന്ന സമയത്തുണ്ടായിരുന്ന മരിച്ചവരുടെ കുര്‍ബ്ബാനയും കൂടി കാത്തിരുന്നു.. പുണ്യാളന്റെ അപ്പോയിന്റ്‌മെന്റ് സമയമാകാന്‍ ഇനിയും പത്തു പതിനഞ്ച് മിനിട്ടു കൂടിയുണ്ട്. അല്ലേലും പള്ളിയില്‍ പോയി ചുമ്മാ ഇരിക്കാന്‍ ഞാന്‍ നില്‍ക്കാറില്ല, രണ്ട് മിനിട്ടില്‍ കൂടുതല്‍ ഉണര്‍ന്നിരിക്കാന്‍ പറ്റില്ല എന്നതു തന്നെ കാരണം. എന്നാ ന്റെ കര്‍ത്താവേ ഞാന്‍ ചെയ്യേണ്ടത് എന്നു മനസ്സില്‍ വിചാരിച്ചിങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചോദ്യം ' കുര്‍ബ്ബാനയ്ക്കാ?' അതേയെന്ന് തലയാട്ടുന്നതിനിടയില്‍ ഞാന്‍ ചിരിക്കാന്‍ മറന്നു. എന്റെ തലച്ചോറതു എന്നെ ഓര്‍മ്മിപ്പിക്കുന്നതിനു മുമ്പ് അവളുടെ മുഖത്തു നിന്നതു മനസ്സിലായി. കുഞ്ഞു മുഖത്ത് പെട്ടന്നൊരു ചമ്മല്‍. അവളുടെ മെലിഞ്ഞ മുഖത്ത് പുഞ്ചിരി അമിത വണ്ണമാണെന്ന്് അവള്‍ക്കു തന്നെ തോന്നിയ പോലെ. കുഞ്ഞു ജാള്യത കളയാന്‍ ഞാനും തിരിച്ചു ചോദിച്ചു 'കുര്‍ബ്ബാനയ്ക്കാ!'.

പള്ളിയിലെ നിശബ്ദതയില്‍ പതിഞ്ഞ ശബ്ദത്തില്‍ അവളെന്നോട് എല്ലാം പറഞ്ഞു. പുണ്യാളന്റെ ശക്തിയില്‍ തുടങ്ങി. പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിക്കുന്ന പുണ്യാളന്റെ പടം. പരീക്ഷയ്ക്ക് മുമ്പ് പുണ്യാളന്റെ രൂപക്കൂടിനു മുന്നില്‍ മൂന്നു ദിവസം വച്ചെടുത്ത പേനയില്‍ പരീക്ഷ എഴുതിയപ്പോള്‍ എല്ലാ വിഷയത്തിനും എ കിട്ടിയത്, എല്ലാ ശനിയാഴ്ചകളിലും പള്ളിയില്‍ വരാന്‍ പറ്റാത്തതിന്റെ കാരണം പറഞ്ഞു പറഞ്ഞു കണ്‍മുമ്പില്‍ അമ്മ വണ്ടിയിടിച്ചു പിടഞ്ഞു മരിച്ചതു വരെ. പള്ളിക്കകത്തെ നിശബ്ദത അവളുടെ ഓരോ വാക്കുകള്‍ക്കും പരിധിയിലധികം ശബ്ദം നല്‍കിയ പോലെ തോന്നി. എന്റെ മറവി രോഗത്തേപ്പോലും മറികടന്ന് അത് ഹൃദയത്തില്‍ പതിഞ്ഞു. പിന്നെ പള്ളിമുറ്റത്തെ നടയിലിരുന്ന് പറഞ്ഞ കാര്യങ്ങള്‍, ഇടയ്ക്ക് അഭയം നില്‍ക്കുന്ന അമ്മ വീട്ടില്‍ കള്ളിയെന്ന് മുദ്രകുത്തി തല്ലിച്ചതച്ചതിന്റെ അച്ചുകുത്തുകള്‍ കാണിച്ചു തന്നു. അമ്മമ്മയ്ക്ക് വയ്യാണ്ടാകുമ്പോള്‍ അടുക്കള ഭരണം ഏറ്റെടുക്കുന്നതിലെ അഭിമാനം മുഖത്ത് മിന്നി മറഞ്ഞു, അടുത്ത വീട്ടിലെ അമ്മൂമ്മ ഒറ്റയ്ക്കാകുമ്പോ കൂട്ടിരിക്കാന്‍ പോകാറുള്ള അവളുടെ ധൈര്യത്തില്‍ അഹങ്കരിച്ചു, ഇടയ്ക്ക് അമ്മവീട്ടിലെത്തി മുറ്റത്തു നിന്ന് അച്ഛന്‍ ഉറക്കെ ചീത്ത പറയുമ്പോള്‍ ക്ഷതമേല്‍ക്കുന്ന അഭിമാനത്തില്‍ സങ്കടപ്പെട്ടു അങ്ങനെ അങ്ങനെ...


ഇടയ്ക്ക് സെമിത്തേരിയിലേക്ക് കൊണ്ടുപോയി...ഒരു കുടുംബ കല്ലറ കാണിച്ച് ചോദിച്ചു' അതു മാത്രമെന്താ കോണ്‍ക്രീറ്റ് ഇടാത്തതെന്നു അറിയോ'?. 'അവിടെ ഇനീം ഒരു അമ്മൂമ്മ കൂടി മരിക്കാനുണ്ട്. അതു കഴിഞ്ഞ് ഇടും.' ശവക്കല്ലറയിലെ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് അവള്‍ക്ക് പെട്ടന്ന് മനസ്സിലായി.

മണിക്കൂറുകള്‍ കഴിഞ്ഞ് പിരിയാന്‍ നേരത്ത് അഡ്രസ്സോ ഫോണ്‍ നമ്പറോ തരാവോ എന്നതിന് ഉടുപ്പു മാറ്റി അടിയുടെ പാടുകളുള്ള കാല്‍ കാണിച്ച് പറഞ്ഞു ഇതു പോലാകും മറ്റേതും. ഇനി ഏതെങ്കിലുമൊരു ശനിയാഴ്ചയില്‍ മരിച്ചവരുടെ കുര്‍ബ്ബാനയ്ക്കിടെ കണ്ടുമുട്ടാമെന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. പള്ളിക്കകത്തേക്ക് കയറി പോകുന്ന അവളുടെ തോളില്‍ എന്റെ വിഷമങ്ങള്‍ ഭാണ്ഡമായി തൂങ്ങി.  ബസ്സിലിരുന്നും ഓഫീസിലിരുന്നും അവള്‍ പറഞ്ഞതു തിരിച്ചു മറിച്ചും ഓര്‍ത്തു. എന്തേ എല്ലാം മറന്നു പോകുന്നു എന്ന എന്റെ പരാതി ഇന്ന് എന്തേ മറക്കാത്തത് എന്ന അതിശയോക്തിയില്‍ അഭയം തേടി.

 

Related Posts Plugin for WordPress, Blogger...