Tuesday, August 13, 2013

ഗുരുവേ നമഃ


അറുബോറന്‍ ബാങ്കുകളും ബാങ്ക് ഇടപാടുകളും എനിക്ക് അലര്‍ജിയായതുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഞാനാ പരിസരത്തു പോലും പോയിരുന്നില്ല. തൃശ്ശൂരില്‍ വന്നു കഴിഞ്ഞാണ്, ചില്ലറ ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുമായി പരിചയപ്പെട്ടു തുടങ്ങിയത്.ബോറന്‍മാര്‍ക്കു പറ്റിയ പണിയാണ് ബാങ്കുദ്യോഗം - ഇപ്പോഴും എന്റെയീ കാഴ്ചപ്പാടിന് മാറ്റമുണ്ടായിട്ടില്ല. അക്കങ്ങളുടെ നിലയില്ലാക്കയത്തില്‍ നീര്‍ക്കാംകുഴിയിട്ടിരിക്കുന്നവരില്‍ പലരും പലപ്പോഴായി തങ്ങള്‍ ബോറന്‍മാരാണെന്ന് തെളിയിക്കാറുമുണ്ട്. ബാങ്കുദ്യോഗസ്ഥര്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളില്ലേയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചു കഴിച്ച് അടച്ച വായ പിന്നീട് ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു വേണ്ടി മാത്രം തുറക്കാറുള്ള ചിലരെ കണ്ടിട്ടുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകള്‍ക്കുള്ളില്‍ കയറിയാല്‍ ഡംപ് ആന്റ് ഡഫ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പോലെ തോന്നും. സംശയങ്ങള്‍ ചോദിച്ചാലും കേട്ട മട്ടുണ്ടാവില്ല, കുറച്ചു കൂടി ഉറക്കെ ചോദിച്ചാല്‍ മാവേലി നാക്ക് പുറത്തു ചാടും - ഞാനിവിടെ ഒരു ജോലി ചെയ്യുന്നത് കണ്ടൂടെ? - തികച്ചും ന്യായമായ ചോദ്യമാണെന്നാണ് എന്റെ പക്ഷം. കാര്യം കണക്കിന്റെ കളിയാ, ഒന്നു ശ്രദ്ധ പതറിയാല്‍ ചിലപ്പോള്‍ വൈകീട്ട് പോക്ക് വൈകും. പത്തിന്റെ പത്തു നോട്ട് പോലും കൃത്യമായി എണ്ണാനൊക്കാത്ത എനിക്ക് ആ ചോദ്യം തികച്ചും ന്യായമായേ തോന്നൂ..

             110 വേഗതയില്‍ പൊയ്‌ക്കോണ്ടിരിക്കുമ്പോഴായിരിക്കും മൊബൈല്‍ അടിക്കുക. വളരെ പതുക്കെ, ഫോണ്‍ ചെവിയിലോട്ട് വയ്ക്കുമ്പോള്‍ ചില അടിപ്പടങ്ങള്‍ ഓര്‍മ്മവരും. തുരുതുരാ അടിക്കുന്നതിനിടയ്ക്ക് ഒരു ഇടിവെട്ട് കറങ്ങിയടി മാത്രം സ്ലോമോഷനില്‍ കാണിക്കുന്ന സീന്‍. വാതില്‍ക്കല്‍ വരെ നീളുന്ന നിരയില്‍ ഓരോ കാലിലായി ബാലന്‍സ് മാറി മാറി നിന്ന് കഷ്ടപ്പെടുന്നവനെ കൊഞ്ഞനം കുത്തുന്ന പോലെ വിളി കുറച്ചു നീണ്ടേക്കാം. വളരെ പതുക്കെ ഫോണ്‍ കട്ട് ചെയ്ത് അതിനേക്കാള്‍ പതുക്കെ അത് മേശപ്പുറത്ത് വച്ച് വീണ്ടും 112 ല്‍ പണി തുടരും. പാദരക്ഷകള്‍ പുറത്ത് എന്നെഴുതിയ ബോര്‍ഡു പോലെ ചിരി പുറത്ത് എന്ന് തൂക്കിയിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു പോകും നമ്മള്‍. ബാങ്ക് മാനേജരെ കണ്ടാല്‍ ഹിമാലയസാനുക്കളില്‍ നിന്നും അപ്പോള്‍ ഇറങ്ങിവന്ന ഋഷിവര്യനെപ്പോലെ തോന്നും. എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആറു മാസത്തിലൊരിക്കല്‍ കിട്ടുന്ന ട്രയിനിങ്ങിന്റെ ദിവ്യപ്രകാശം മുഖവലയം തീര്‍ത്തു നില്‍ക്കുന്നുണ്ടാകും. റിസേര്‍വ്വ് ബാങ്ക് നരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിമ്മിട്ടം ഈ മുഖങ്ങളില്‍ നേരിട്ട് ദര്‍ശിക്കാം. 


കേരളമിന്ന് പണിമുടക്കുകയാണ്. നാട്ടിലെ റോഡുകളില്‍ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന പ്രതിഭാസത്തിനെതിരേയാണ് മുടക്ക്. ബാങ്കിനതൊന്നും ബാധകമല്ല. കാനറാ ബാങ്കില്‍ ചെന്നപ്പോള്‍ ചെറുപൂരത്തിനുള്ള ആളുകളുമുണ്ട്. ബാങ്കിന്റെ ഒത്ത നടുക്ക് നിരത്തിയിട്ടിരിക്കുന്ന ഇരുമ്പു കസേരകളിലൊന്നില്‍ സമാധാനമായി ചെന്നിരുന്നു. എന്റെ കാര്യം നടക്കാന്‍ ഇനിയും അരമുക്കാല്‍ മണിക്കൂറെടുക്കും. ഞാനിരിക്കുന്നത് നാലാമത്തെ കൗണ്ടറിന് നേരേ മുമ്പിലാണ്. എന്റെ നേരേയിരിക്കുന്ന ബാങ്കുദ്യോഗസ്ഥനെ ശ്രദ്ധിച്ചു. മെലിഞ്ഞ് പൊക്കമുള്ള ഒരു പഴഞ്ചന്‍..സത്യന്റെ സിനിമയിലെ ഹെയര്‍ സ്റ്റൈലും മീശയും. ഇട്ടിരിക്കുന്ന ഷര്‍ട്ടിനകത്ത് അടുത്തിരിക്കുന്ന രണ്ടു പേര്‍ കൂടി കയറും..ഇതിനു മുമ്പും പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇതുവരെ ചിരിക്കുന്നതോ വാ തുറക്കുന്നതോ കണ്ടിട്ടില്ല.. ഇടയ്ക്ക് തന്റെ ഗോള്‍ഡണ്‍ ഫ്രയിമുള്ള ചെറിയ ചതുരക്കണ്ണടയ്ക്ക് മുകളിലൂടെ അയാളെന്നെ നോക്കി. നോട്ടം മൂന്നോ നാലോ പ്രാവശ്യം ആവര്‍ത്തിച്ചു. 


ഞാന്‍ പിന്നെ ശ്രദ്ധിക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ എഴുന്നേറ്റു നില്‍ക്കുകയാണ്. അയാള്‍ക്ക് മുന്നില്‍ നേര്യതുടുത്ത് സ്വര്‍ണ്ണത്തലമുടിയോടെ ഒരു അമ്മൂമ്മ. അല്പം വളഞ്ഞ്, ബഹുമാനത്തോടെ അയാള്‍ സംസാരിക്കുകയാണ്. എന്തൊരു മാറ്റം. ഇത്രനേരം ഞാന്‍ കണ്ട ആളേ അല്ല. ചിരിച്ച് സന്തോഷത്തോടെ സംസാരിക്കുന്ന അയാള്‍. ഇടയ്ക്ക് ടീച്ചറേ എന്നുള്ള അഭിസംബോധനയിലാണ് മുന്നില്‍ നില്‍ക്കുന്നത് അയാളുടെ അധ്യാപികയാണെന്ന് മനസ്സിലായത്. ജോലി ചെയ്‌തോളൂ എന്ന് ടീച്ചര്‍ അനുവദിച്ചിട്ടും അയാള്‍ക്ക് ഇരിക്കാന്‍ മടി. ടീച്ചര്‍ നിര്‍ബന്ധിച്ചപ്പോള്‍ ജാള്യതയോടെ അയാള്‍ കസേരയുടെ അറ്റത്ത് മാത്രമായി ഇരുന്നു. ടീച്ചര്‍ തിരിച്ചു പോകുമ്പോഴും അയാള്‍ എണീറ്റ് യാത്രയാക്കി. 

എണ്‍പതു വയസ്സു കഴിഞ്ഞ ടീച്ചറിനുമുമ്പില്‍ നിമിഷമാത്രയില്‍ വള്ളിനിക്കറിനകത്തേക്ക് ചുരുങ്ങാന്‍ കഴിഞ്ഞ മധ്യവയസ്‌കന്റെ സംസ്‌കാരത്തോട് ബഹുമാനം തോന്നി. ചുട്ടയിലയാള്‍ ശീലിച്ച നന്മ മങ്ങലേല്‍ക്കാതെ അയാള്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. പുറമേ പരുക്കനായും അകമേ സംസ്‌കാരസമ്പന്നവുമായ പഴയ തലമുറയില്‍ നിന്നും പുറമേ ജോളിയും അകമേ ശൂന്യവുമായ എന്റെ തലമുറയിലേക്ക് ഞാന്‍ തലകുനിച്ചു. 


Friday, August 9, 2013

നേരാന്‍ മറന്ന ആശംസ


വെറുതേ നടക്കാനിറങ്ങിയതായിരുന്നു. മഴക്കാറുള്ള സന്ധ്യകളുടെ ചാരനിറത്തില്‍ മുങ്ങിയങ്ങനെ നടക്കാന്‍ വല്ലാത്ത കൊതിയാണെന്നും. ഇപ്പോ പൊട്ടുമെന്ന മട്ടില്‍ വയറും വീര്‍ത്തിരിക്കുന്ന കറുത്ത കാര്‍മേഘങ്ങളെ ഇടയ്ക്കിടെ നോക്കി, ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച്, തല കുനിച്ച്, മുഖത്തേക്ക് വീഴുന്ന മുടിയിഴകളൊതുക്കാന്‍ തുനിയാതെ ഒന്നും കേള്‍ക്കാതെയും കാണാതെയുമുള്ള നടത്തം. എവിടെ വരെയെത്തിയെന്നോ, എന്താണ് ചുറ്റും സംഭവിക്കുന്നതെന്നോ അറിയാറില്ല. വല്ലാത്ത സുഖമുള്ള നടത്തത്തിലായിരുന്നു ഇന്നലെയും. കൈയ്യില്‍ അസൗകര്യമായി രണ്ടു പുസ്തകങ്ങളുണ്ടായത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. നടത്തം കൂടുതല്‍ നേരമുണ്ടായില്ല. പാര്‍ക്കിലെ ഒഴിഞ്ഞ ബഞ്ചില്‍ കടലയും കൊറിച്ചിരുപ്പായി. വാച്ച്മാന്‍ വന്ന് പറയും വരെ അവിടെത്തന്നെയിരുന്നു. രാത്രി തിരിച്ച് നടക്കുന്നതിനിടയില്‍ പെട്ടന്ന് തോന്നിയ ഒരാശയമായിരുന്നു കാപ്പി കുടിക്കാന്‍.. ഒറ്റയ്ക്ക് ഹോട്ടലില്‍ കയറുന്ന പതിവില്ല, എന്നിട്ടും ഒരു തോന്നലില്‍ കാപ്പി കുടിക്കാന്‍ തന്നെ തീരുമാനിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ ഇടയ്‌ക്കൊക്കെ കൂട്ടുകാരോടൊപ്പം കയറാറുള്ള ഹോട്ടലില്‍ കയറി. വെളുത്ത കോപ്പ കപ്പിലെ കാപ്പിക്കുവേണ്ടി ഞാന്‍ കാത്തിരുന്നു. 


 എന്റെ സ്വകാര്യതയിലേക്ക് വല്ലവരും കയറിയോയെന്നന്വേഷിക്കാന്‍ മൊബൈലെടുത്ത് പരിശോധിക്കുകയായിരുന്നു ഞാന്‍. ക്ലിം.....ചില്ലുപാത്രം നിലത്തു വീണ് പൊട്ടിച്ചിതറിയ ശബ്ദം. പുറകേ തന്നെ ഒരു നിലവിളിയും.. നോക്കുമ്പോള്‍ പതിനേഴ് വയസ്സ് പ്രായം തോന്നുന്ന ഒരു കൗമാരക്കാരന്‍. പകച്ച് നില്‍ക്കുന്ന അവന്റെ കാല്‍ച്ചോട്ടില്‍ മത്താപ്പൂ പടക്കത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന തരത്തില്‍ ഗ്ലാസ്സുകള്‍ ചിതറിക്കിടക്കുന്നു. രണ്ടോ മൂന്നോ ഗ്ലാസ്സുണ്ടാകണം. അനങ്ങാതെ നില്‍ക്കുന്ന അവനേയും നിലത്തേക്കും മാറി മാറി നോക്കുകയാണ് എല്ലാവരും. രണ്ട് സെക്കന്റ്....ഓടി വന്നൊരാള്‍ അവനെ പിടിച്ചു തിരിച്ചു നിര്‍ത്തിയതും കരണക്കുറ്റിക്ക് ഓങ്ങിയൊന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു. 

എന്റെ തൊട്ടടുത്തിരുന്ന മേശയിലെ രണ്ടു ചെറുപ്പക്കാര്‍ അറിയാതെ ചാടിയെണീറ്റു. വേറൊരു മേശയ്ക്കരികിലെ യുവതി പെട്ടന്ന് തല തിരിച്ചു. പലരുടേയും കൈകള്‍ അരുതെന്ന അര്‍ത്ഥത്തില്‍ നീണ്ടുപോയി.. ശ്ശൊ എന്ന ശബ്ദത്തിന്റെ മാറ്റൊലികള്‍ കുറേ നേരത്തേക്ക് കേട്ടു..ഹോട്ടലിലേക്ക് കയറാന്‍ തുടങ്ങിയവര്‍ അവിടെത്തന്നെ നിന്നു. അടുക്കളയില്‍ നിന്നും തലകള്‍ പുറത്തേക്ക് നീണ്ടു. അവന്റെ സഹപ്രവര്‍ത്തകര്‍ തലതാഴ്ത്തി. എന്റെ പ്രതികരണം എന്തായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒന്നുറപ്പ്, എല്ലാവരുടേയും ചില നിമിഷങ്ങള്‍ നിശ്ചലമായിപ്പോയിരുന്നു - ഒരാളുടേതൊഴിച്ച്!..ക്യാഷ് കൗണ്ടറിലിരുന്ന് കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തിരുന്നയാള്‍ ഒഴിച്ച്. കണ്ണടയ്ക്കു മുകളിലൂടെ ഒളിക്കണ്ണെറിഞ്ഞ് അയാള്‍ തന്റെ കിഴിക്കലുകളിലേക്ക് തിരിച്ചു.
ഏതു പിച്ചക്കാരനും മാനദണ്ഡങ്ങളോടെയാണെങ്കിലും അഭിമാനമുണ്ടാകില്ലേ. എച്ചില്‍ വാരുന്ന ഈ ചെറുക്കന്റെ കണ്ണില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനയും ശമ്പളത്തിലെ നഷ്ടത്തിന്റെ ദുഃഖവും വ്യക്തമായി കണ്ടു. കാപ്പി കുടിക്കാന്‍ നില്‍ക്കാതെ ഇറങ്ങി നടക്കുന്നതിനിടയില്‍ വയനാട്ടിലെ ഹോട്ടലില്‍ ഉണ്ടായ സമാന സന്ദര്‍ഭം ഓര്‍മ്മ വന്നു. കയ്യില്‍ നിന്നും വീണുപോയ ഗ്ലാസ്സും നോക്കി പേടിച്ചു നി്ന്ന ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ട്, എന്താടാ നോക്കി നില്‍ക്കുന്നെ. വാരിക്കളഞ്ഞിട്ട് അടുത്ത പണി നോക്കെടായെന്ന് ചിരിച്ചു കൊണ്ടു പറഞ്ഞ മാനേജരേയും ഓര്‍മ്മിച്ചു. പിന്നേയും രണ്ടു മൂന്ന് തവണ കൂടി അവനെ കളിയാക്കി, അവനെ സമനിലയിലേക്കെത്തിക്കാന്‍ സഹായിച്ച ആ മാനേജരെ ഞാന്‍ മനസ്സില്‍ നല്ല വാക്കുകള്‍ക്കൊണ്ട് അഭിനന്ദിച്ചു. ലാഭനഷ്ടങ്ങള്‍ക്കു മീതെ മനുഷ്യത്വമുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍ക്ക് അന്നേ പറയേണ്ടിയിരുന്ന നല്ല ആശംസകള്‍ വൈകിയാണെങ്കിലും 
മനസ്സില്‍ നേര്‍ന്നു.


Related Posts Plugin for WordPress, Blogger...