Thursday, April 4, 2024

തെളിവ് സഹിതം

കൊറോണ അതിന്റെ മൂര്‍ദ്ധന്യാവസ്ഥ കുറച്ചു നില്‍ക്കുന്ന സമയം. കൂടെ താമസിച്ചിരുന്ന കുട്ടിക്ക് കൊറോണ വന്നതോടെ ക്വാറന്റൈന്‍ പുലര്‍ത്തേണ്ടി വരികയും ശേഷം തോണ്ടിയെടുത്ത് പരിശോധിച്ച് കൊറോണയ്ക്ക് പോലും എന്നെ വേണ്ടായെന്ന് സ്വയം തിരിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്ത് പുറത്തിറങ്ങാന്‍ പ്രാപ്തയായ ദിവസങ്ങള്‍. കെ എഫ് ആര്‍ ഐ യിലെ ജോലി രണ്ടാമതും രാജിവച്ച് സുഖമായി വീട്ടിലിരുപ്പിന്റെ ദിവസങ്ങള്‍.  ലോകം മുഴുവന്‍ അനിശ്ചിതത്വത്തില്‍ വെറളി പിടിച്ച് നടക്കുമ്പോള്‍ രാജി വച്ചു എന്ന അഹങ്കാരത്തിനു പുറമേ ആ കാലങ്ങളില്‍ ഏറ്റവുമധികം സമാധാനം അനുഭവിച്ചിരുന്നു എന്നും പറഞ്ഞു നടക്കുന്ന സമയം. 


അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്നത്തേയും പോലെ സന്തോഷിക്കാനാവുന്നില്ല. രാവിലെ സാധാരണ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും സമയം കഴിയുന്തോറും മൂകസന്ധ്യയുമാകുന്ന എന്റെ പതിവ് ബോര്‍ഡര്‍ലൈന്‍ ഒരു മുന്നറിയിപ്പും കൂടാതെ കൊറോണ വൈറസ് പോലെ ശരീരമാസകലം പിടി മുറുക്കിയതു പോലെ തോന്നി. എങ്ങോട്ടു നോക്കിയാലും ആരെ വിളിച്ചാലും അനിശ്ചിതത്വത്തിന്റെയും പരാതീനതകളുടെയും കഥകളല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല താനും. 


മനസ്സിനെ എല്ലാക്കാലത്തും അലട്ടിയിരുന്ന ചോദ്യം വളരെ ശക്തമായി മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി. 'ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നതെന്തിനാ?' പലപ്പോഴും ഞാനീ ചോദ്യം ചോദിക്കുമ്പോള്‍ എല്ലാവരും അസ്വസ്ഥതയോടെ എന്നെ നോക്കും. കാരണം പര്‍പ്പസ് ഇല്ലാതെ തോന്നുക എന്നത് വിഷാദ രോഗത്തിന്റെ ലക്ഷണമാണെന്നൊക്കെ സംശയിച്ച് കളയും. പക്ഷേ പൂര്‍ണ മാനസീകാരോഗ്യത്തോടെ ഇരിക്കുന്ന നേരത്തും വളരെ തിരക്കേറിയ ജീവിതത്തിലായിരിക്കുമ്പോഴും ഈ ചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. ഞാനാലോചിക്കുമ്പോഴൊന്നും ഇത്ര കഷ്ടപ്പെട്ട് ജീവിക്കാന്‍ മാത്രം ശ്രേഷ്ഠത ഞാനീ ഭൂമിയില്‍ കാണുന്നില്ല. 


ബോധമുള്ള ഭ്രാന്തും അസുഖമായുള്ള ഭ്രാന്തും കൂടി തലയ്ക്കകത്തു പിരിയന്‍ കയറുണ്ടാക്കുന്നതുപോലെ പിരിഞ്ഞ് പിരിഞ്ഞ് സമ്മര്‍ദ്ദം കൂടി ഇപ്പം പൊട്ടുമെന്ന അവസ്ഥയായപ്പോള്‍ ഞാന്‍ ഒരു ആവശ്യം മുന്നോട്ട് വച്ചു. എനിക്ക് തെളിവ് വേണം. ഞാനീ ഭൂമിയില്‍ ജീവിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടെന്ന് തെളിയിക്കണം. ഇത് പതിവുള്ളതാണ്. ഈ ചോദ്യം ചോദിക്കുന്നത് കൃത്യമായ ആശയവിനിമയം നടത്തി ഞാനുമായി ഒരു പ്രത്യേക സൗഹൃദത്തില്‍ പോകുന്ന പ്രകൃതിയോടാണ്. എന്നെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും മനസിലാകുന്നതാണ് ഞാനും പ്രകൃതിയുമായുള്ള ഈ സംജ്ഞകള്‍. ഇത്തരത്തിലുള്ള നിരവധി യുക്തിക്കു നിരക്കാത്ത ഭ്രാന്തന്‍ വിശ്വാസങ്ങളില്‍ അഭിരമിക്കാറുള്ള ഞാന്‍ ഉറച്ച ബോധ്യത്തിലാണ് ആ ചോദ്യം മുന്നോട്ട് വച്ചത്. 


കുറച്ചു നേരം തെളിവിനായി കാത്തിരുന്നെങ്കിലും പിന്നീട് വെറുതേയിരുന്ന് മടുത്തപ്പോള്‍ കിടന്നുറങ്ങി. ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. പരിചയമില്ലാത്ത നമ്പറാണ്. അതു കൊണ്ടു തന്നെ വേഗമെടുത്തു. അപ്പുറത്തുള്ളത് പ്രതീക്ഷിച്ചതു പോലെ പരിചയമില്ലാത്ത ശബ്ദമാണ്. ലെസ്‌ലി ആണോ?

പേര് വളരെ കൃത്യമായി പറഞ്ഞതു കൊണ്ട് പെട്ടന്നു തന്നെ സമ്മതിച്ചു കൊടുത്തു. 


പിന്നീട് അയാളെന്നോട് സംസാരിച്ചത് മനസ്സിലാക്കിയെടുക്കാന്‍ കുറേ നേരമെടുത്തു. അതിന്റെ സംക്ഷിപ്തം ഇങ്ങനെയായിരുന്നു: തേക്കിന്‍കാട് മൈതാനത്തു നിന്നാണ് ഞാന്‍ വിളിക്കുന്നത്. എനിക്കൊപ്പം സംസാരിക്കാന്‍ സാധിക്കാത്ത ഒരാളുണ്ട്. അയാളാണ് ഈ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞത്. അയാള്‍ കുറേ ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നു തോന്നുന്നു. എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോള്‍ ഈ നമ്പറില്‍ വിളിച്ച് അയാള്‍ക്ക് കാണണം എന്നു പറഞ്ഞാല്‍ മതി എന്നാണ് പറഞ്ഞത്. നിങ്ങളെ കണ്ടാല്‍ അയാളുടെ പ്രശ്‌നമെല്ലാം തീരുമെന്ന് പറയുന്നു'. എനിക്ക് പക്ഷേ അയാള്‍ പറയുന്നതിന്റെ ഉള്ളടക്കം പിടി കിട്ടിയെങ്കിലും അയാളാരാണെന്ന് ഒരു സൂചനയും കിട്ടിയില്ല. ഞാന്‍ റൗണ്ടിലേക്ക് ഉടനെ ചെല്ലാമെന്നും കൃത്യമായി രാഗം തിയ്യറ്ററിന്റെ മുന്നില്‍ വണ്ടി നിര്‍ത്താം അയാളോട് അങ്ങോട്ട് വന്നു നില്‍ക്കാനും പറഞ്ഞ് ഫോണ്‍ വച്ചു. ഫോണ്‍ വിളിച്ചയാള്‍ അധികനേരം അവിടെ കാണില്ലെന്നും അയാളോട് കാര്യങ്ങളെല്ലാം പറഞ്ഞേക്കാം എന്നും പറഞ്ഞിരുന്നു. 


ഞാന്‍ വേഗം വണ്ടിയുമെടുത്ത് പറഞ്ഞ സ്ഥലത്തേക്ക് ചെന്നു. വണ്ടി നിര്‍ത്തി രണ്ടു മിനിട്ടിനുള്ളില്‍ അങ്ങോട്ടേക്ക് ഒരാള്‍ വന്നു. കൈയ്യിലൊരു പ്‌ളാസ്റ്റിക് സഞ്ചിയും പിടിച്ച് ചിരിച്ചു കൊണ്ടാണയാള്‍ വന്നത്. എന്നെ കണ്ട് ആംഗ്യഭാഷയില്‍ ആദ്യം ചോദിച്ചത് 'എന്നെ ഓര്‍മ്മയുണ്ടോ?' എന്നാണ്. 


എനിക്കോര്‍മ്മയുണ്ട്. ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഡബിള്‍ എക്‌സ് ഹോട്ടലില്‍ രാത്രി സ്ഥിരമായി ചായ കുടിക്കാന്‍ വന്നിരുന്ന ആളാണ്. അന്ന് കണ്ടപ്പോള്‍ ഇനിയെന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാല്ലോ എന്നും പറഞ്ഞ് നമ്പര്‍ വാങ്ങിയതാണ്. ഇതെല്ലാം വിശദീകരിച്ചു കൊണ്ട് ഫോണ്‍ നമ്പര്‍ കുറിച്ചു വച്ച കുഞ്ഞു നോട്ട് ബുക്ക് എനിക്ക് കാണിച്ചു തന്നു.  അതില്‍ എന്റെ കൈപ്പടയിലുള്ള പേരും ഫോണ്‍ നമ്പറുമുണ്ട്. 


ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു ദിവസമായി എന്നു പറഞ്ഞു. ഹോട്ടലുകളൊന്നും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അതു കൊണ്ട് വീട്ടില്‍ കൊണ്ടു പോകാം. അതു വേണ്ടായെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ കുറച്ചുപൈസ തരട്ടെ എന്നും ചോദിച്ച് അഞ്ഞൂറ് രൂപാ നീട്ടി. അതും അയാള്‍ നിരസിച്ചു. അപ്പോള്‍ പിന്നെ എന്തിനാണ് എന്നെ അന്വേഷിച്ചത് എന്നു ചോദിച്ചപ്പോള്‍ ജോലി ചെയ്തു വന്നിരുന്ന ക്വാറി പണി നിര്‍ത്തി വച്ചിരിക്കുകയാണ്. എന്തെങ്കിലും ജോലി ഉണ്ടെങ്കില്‍ അറിയിക്കണം എന്നു പറഞ്ഞു. ഞാന്‍ ഉറപ്പായും ജോലി അന്വേഷിക്കാം എന്നു ആശ്വസിപ്പിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും പൈസ വാങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ല. സ്വന്തം നാടായ സേലത്തേക്ക് പൊയ്ക്കൂടായിരുന്നോ എന്നു ചോദിച്ചപ്പോള്‍ കൊറോണ മാറിയാലല്ലേ ഇനി പോകാന്‍ പറ്റൂ എന്ന നിസ്സഹായത പറഞ്ഞു. താമസിക്കുന്ന സ്ഥലവും ചില സംഘടനകള്‍ തരുന്ന സൗജന്യ ഭക്ഷണത്തേക്കുറിച്ചും അയാള്‍ പറഞ്ഞു. 


ഇടയ്ക്ക് വിളിക്കാമെന്നും പറഞ്ഞ് പിരിയുമ്പോള്‍ അയാളുടെ മനസ്സ് നിറഞ്ഞ ചിരിയും കണ്ണുകളും ഹൃദയത്തില്‍ പതിഞ്ഞു. തിരിച്ചു വരുന്ന വഴി ഞാനാലോചിച്ചു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട എന്നെ ഇന്നയാള്‍ക്ക് വിളിക്കാന്‍ തോന്നിയത് എന്തു കൊണ്ടാവും?. ഈ കാലയളവിനിടയില്‍ ജീവിതത്തിലൊരിക്കലും കഷ്ടപ്പാടുണ്ടാവാതിരിക്കില്ല. ഇത്ര കാലത്തിനിടയില്‍ മറ്റൊരാളെയും പരിചയപ്പെടാതിരിക്കാനും തരമില്ല. എന്നിട്ടും ഒരു പത്തു രൂപ പോലും വാങ്ങാതെ, കാര്യമായ ഒരു സഹായവും ചോദിക്കാതെ അയാള്‍ എന്നെ വിളിക്കുകയും കാണുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്ര വര്‍ഷങ്ങള്‍ക്കപ്പുറവും ഞാനയാളെ തിരിച്ചറിയുമെന്നയാള്‍ വിശ്വസിക്കുകയും എന്നെ കണ്ടാല്‍ അയാളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് മറ്റൊരാളോട് തറപ്പിച്ച് പറയുകയും ചെയ്തത് എങ്ങനെയാണ്?


ഒരുപക്ഷേ സ്‌നേഹത്തോടെ സംസാരിക്കാന്‍ ഒരാളെ അന്വേഷിച്ചതാകുമോ? പിന്നീടെനിക്ക് തോന്നി ഇന്ന് അയാളേക്കാള്‍ എനിക്കായിരുന്നല്ലോ അങ്ങനെയൊരാളുടെ ആവശ്യം. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് എനിക്ക് വേണ്ടത്. ഞാന്‍ ജീവിച്ചിരിക്കുന്നതു കൊണ്ട് ഒരു പുല്‍ക്കൊടിക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടോ എന്നായിരുന്നു എനിക്കറിയേണ്ടത്!! ഒരാളുടെ വിശ്വാസമാകാന്‍, ഒരാളുടെ സാന്ത്വനമാകാന്‍, പ്രതീക്ഷയാകാന്‍ എനിക്കു കഴിയുമെന്നല്ലേ തെളിവ് ലഭിച്ചിരിക്കുന്നത്. ഞാന്‍ ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നെന്നെ വിളിച്ചതിന്. കണ്ടതിന്. സഹായം ചോദിച്ചതിന് എല്ലാം. 


Monday, April 1, 2024

ഒരു രൂപാ തുട്ട് അഥവാ പൊക്കിഷം



ഇന്നും രാവിലെ ഞാനാ തുട്ടു നാണയങ്ങള്‍ ജനല്‍ പടിയിന്‍മേല്‍ കണ്ടു. സ്വര്‍ണ്ണ നിറമുള്ള ഒരു അഞ്ചു രൂപാ തുട്ടും കരിമ്പനടിച്ച വെള്ളിനിറമുള്ള ഒരു രൂപാ തുട്ടും. എത്ര ദിവസമായി ഞാനീ തുട്ടുകളിങ്ങനെ ഉപേക്ഷിക്കപ്പെട്ടതു പോലെ കാണുന്നു. കാലിയായ സോപ്പു ലായനിക്കുപ്പികള്‍ നിരത്തിവച്ചിരിക്കുന്നതിന്റെ ഇടയില്‍ മാറാലയും പൊടിയും വെള്ളത്തില്‍ കുഴഞ്ഞ് പ്രത്യേക നിറത്തില്‍ സിമന്റില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ചെളിയുടെ മുകളില്‍ അവരീ കിടപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തിന്നടുത്തായിട്ടുണ്ടാകും. ഏതോ ഒരു പാന്റ്‌സിന്റെ പോക്കറ്റിനുള്ളില്‍ നോട്ട് കൊടുത്ത് ബാക്കി കിട്ടിയ തുട്ടുകളായിരുന്നു. തുണി അലക്കാനായി പോക്കറ്റ് കാലിയാക്കുമ്പോള്‍ കൈയ്യെത്തും ദൂരത്തുണ്ടായിരുന്നത് ഈ ജനലരികാണ്. അലക്കാനുള്ളതെല്ലാമിട്ട് വാഷിംഗ് മെഷീനും ഓണ്‍ ആക്കിയതിനു ശേഷം ഞാനവയെ നോക്കി. എത്രയോ വട്ടം ഈ തുട്ടുകളെടുത്ത് ഭദ്രമായി അലമാരയ്ക്കുള്ളില്‍ കൊണ്ടുവയ്ക്കണമെന്ന് വിചാരിച്ചതാണ്. പക്ഷേ, അത്ര പരിഗണിക്കാന്‍ മാത്രം അവയ്ക്ക് മൂല്യമുണ്ടെന്ന് തോന്നിയില്ലായിരിക്കാം അല്ലെങ്കില്‍ അവഗണിച്ചാലും എന്റെ സാമ്പത്തിക നിലയ്ക്ക് ഒരു കോട്ടവും തട്ടില്ല എന്ന ധാരണയാവാം അവയെ നിര്‍ദ്ദാഷണ്യം അവിടെ തന്നെ കിടത്തിയത്. 


പണം ലക്ഷ്മിയാണ്, ഐശ്വര്യമാണ് എന്നൊക്കെയുള്ള പഴയ ചൊല്ലുകളും മറ്റും തലയിലൂടെ കടന്നു പോയി. ഇന്ന് അവയെ കടന്ന് പോകാന്‍ കഴിയുന്നില്ല. ഞാന്‍ ചെന്ന് അഞ്ചു രൂപാ തുട്ട് നഖം കൊണ്ട് ഇളക്കിയെടുത്തു. ഒറ്റ രൂപാ തുട്ടിന്റെ മുകളില്‍ പല്ലിക്കാട്ടം വീണ് കിടപ്പുണ്ട്. പതിയെ അതിനെയും ഇളക്കിയെടുത്ത് കഴുകി വൃത്തിയാക്കിയെടുത്തു. ഒറ്റ രൂപാ നാണയം ചിരിച്ചു കാണിച്ചതു പോലെ തിളങ്ങുന്നു. അതെനിക്കും സന്തോഷത്തിന്റെ ഒരു നുള്ള് സമ്മാനിച്ചു. 


ഒരു രൂപാ നാണയം.


സ്‌കൂള്‍ ജീവിതകാലത്ത് ഏറ്റവും മൂല്യമുണ്ടായിരുന്നത് ഈ ഒറ്റ രൂപാ തുട്ടിനായിരുന്നുവല്ലോ. പെട്ടന്ന് നൂണിയെയും ഇന്ദിരയെയും ഓര്‍മ വന്നു. ആ ഓര്‍മയില്‍ ചെറുപുഞ്ചിരി മുഖത്തുണ്ടായത് സന്തോഷത്തിന്റെ നുള്ള് വെടിമരുന്നെന്ന പോലെ നിര്‍ത്താതെ ഓര്‍മ്മച്ചെപ്പുകള്‍ പൊട്ടിക്കാന്‍ തുടങ്ങി. അവസാന പീരിയഡിന്റെ മുന്നിലുള്ള ഇന്ററവെല്ലിന് ഞങ്ങള്‍ തീരുമാനിക്കും. ഇന്ന് ഓട്ടോയ്ക്ക് പോകണോ നടക്കണോ?  ഇന്നും നമുക്ക് നടന്നു പോയാലോ? രണ്ടര കിലോമീറ്റര്‍ നടന്നു പോകുന്നത് ഞങ്ങള്‍ക്ക് നിസ്സാരമാണ്. പക്ഷേ വീട്ടില്‍ അവതരിപ്പിക്കപ്പെടുന്നത് അങ്ങനേയേ ആയിരുന്നില്ല. 'രാവിലെ മുതല്‍ നാല് മണി വരെ ക്ലാസ്സിലിരുന്ന് മടുത്ത്, വിശപ്പ് സഹിക്കാന്‍ കഴിയാതെ, എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയെന്ന തോന്നലില്‍ സ്‌കൂളിറങ്ങുമ്പോള്‍ പിന്നെ നടക്കാന്‍ വല്യ പാടാണെന്നേ..' കൂടെ ലേശം അതിശയോക്തിയോടെ വാലറ്റം പോലെ ഞങ്ങള്‍ പറയും 'എല്ലാവരും ഓട്ടോയ്ക്കാന്നേ പോകുന്നേ' അങ്ങനെ കിട്ടുന്ന ഒരു രൂപയാണ് ഞങ്ങളുടെ നിധി. ആ നിധി ഞങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പദ്ധതിയനുസരിച്ച് ചെയ്യേണ്ടതുണ്ട്. നാല് മണി വിടുമ്പോള്‍ ദേശീയഗാനം പാടാന്‍ തുടങ്ങുമ്പോഴേയ്ക്കും പുസ്തകങ്ങളൊക്കെ അടുക്കിയെടുത്ത് വയ്ക്കണം. ക്ലാസിന്റെ വശങ്ങളില്‍ വച്ചിരിക്കുന്ന ചോറ്റുപാത്രം എടുത്തു വയ്ക്കാന്‍ മറക്കരുത്. ഇനി അഥവാ ഇതൊന്നും ചെയ്യാന്‍ അവസാന പീരിയഡില്‍ സമയം കിട്ടിയില്ലെങ്കില്‍ ജനഗണമന യ്ക്കിടെ ടീച്ചറ് കാണാതെ ഇതെല്ലാം ചെയ്യണം. കാരണം ജനഗണമന യുടെ ഓരോ വരിയിലും നമ്മള്‍ ഓരോ അടി മുന്നോട്ടെടുത്തു വയ്‌ക്കേണ്ടതാണ്. അവസാനത്തെ ജയ ജയ ഹേ പാടുമ്പോള്‍ ഒരു കാല്‍ മുന്നിലായി ഓങ്ങി നില്‍ക്കണം. കൂട്ട ബെല്ലിന്റെ ആദ്യത്തെ മണിശബ്ദത്തില്‍ മനസ്സില്‍ കാണേണ്ടത് ഒളിംപിക്‌സിലെ വെടിയൊച്ചയാണ്. ആ ഓട്ടത്തില്‍ മൂന്ന് ഡിവിഷനിലായി ചിതറിക്കിടക്കുന്ന ഞങ്ങള്‍ റിലേ മത്സരത്തിലെ ടീമെന്ന പോലെ ഒരേ ട്രാക്കിലെത്തും. പുളിക്കക്കാരുടെ പറമ്പിലെ കുറുക്കു വഴിയിലൂടെ ചാടിയോടി ഇറങ്ങുന്നതിനിടയില്‍ ഇന്ദിയുടേയും നൂണിയുടേയും പപ്പയുടെ വര്‍ക്ക് ഷോപ്പിന്റെ അടുത്തൂടെയുള്ള കയ്യാല സ്റ്റെപ്പുകള്‍ ഇറങ്ങി ഞങ്ങള്‍ പുറഞ്ഞാണിലേക്ക് വച്ചു പിടിക്കും. ഞങ്ങളുടെ സ്വതവേയുള്ള ശീലം വച്ച് അറിയാതെയെങ്ങാനും നടപ്പ് പയ്യെ ആയിപ്പോയാല്‍ ഇന്ദി ഓര്‍മിപ്പിക്കും. 'വേം വാ..അവരെത്തുമ്പോഴേയ്ക്കും എത്തണ്ടേ.' ഓട്ടോയില്‍ കയറി പോകുന്ന 'അവരെ'ത്തുമ്പോഴേയ്ക്കും പുറഞ്ഞാണിലെത്തിയില്ലെങ്കില്‍ ഞങ്ങള്‍ നടന്നാണ് വന്നതെന്ന് വീട്ടിലറിയും. അപ്പോള്‍ ആ ഒരു രൂപ എന്തിനാണ് ഉപയോഗിച്ചതെന്ന് ചോദ്യം വരും. അതൊഴിവാക്കാനാണ് ഈ ഓട്ടം. പുറഞ്ഞാണെത്തി മീമി ചേട്ടന്റെ കടയില്‍ നിന്നും കൂട് ഐസു വാങ്ങണം. അമ്പതു പൈസയുടെ ആ കൂട് ഐസിനും ബാക്കിയുള്ള അമ്പതിന് അഞ്ച് ഗ്യാസ് മുട്ടായിയും വാങ്ങി ഞങ്ങള്‍ ആടിപ്പാടി നടക്കും. ചില ദിവസം ഇന്ദിയും നൂണിയും ഓട്ടോയ്ക്ക് പോകാന്‍ പൈസ കൊണ്ടു വരില്ല. അന്ന് ഞങ്ങള്‍ ഒരു രൂപയ്ക്ക് ഒരു കൂട് ഐസും അഞ്ചു ഗ്യാസ് മുട്ടായിയും തന്നെ വാങ്ങും. കൂട് ഐസിലെ കട്ട ഐസ് വെള്ളമാകുന്നതുവരെ കാത്തിരുന്ന് ഞങ്ങള്‍ മൂന്ന് പേരും കൂടി കുടിക്കും. ഗ്യാസ് മുട്ടായി തിന്ന് വഴിയിലെ ഏതെങ്കിലും കിണറ്റീന്ന് വെള്ളം കുടിക്കുമ്പോള്‍ അനുഭവിക്കുന്ന അനിര്‍വചനീയമായ തണുത്ത അനുഭവത്തില്‍ ലയിച്ച് ഞങ്ങള്‍ നടക്കും. ഗ്യാസ് മുട്ടായി തിന്നിട്ട് വെള്ളം കുടിക്കുമ്പോള്‍ കിട്ടുന്ന ആ തണുപ്പ് പിന്നെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കിട്ടിയിട്ടില്ല. ഗ്യാസ് മുട്ടായിയുടെ ആധുനിക രൂപമായ പോളോ പക്ഷേ ഞങ്ങള്‍ക്കിഷ്ടമല്ല. ചെമ്പേരിയില്‍ നിന്നും പുറഞ്ഞാണിലേക്കുള്ള രണ്ടര കിലോമീറ്റര്‍ നടക്കാന്‍ ഞങ്ങള്‍ക്ക് ഇരുപത് മിനിട്ടും പുറഞ്ഞാണില്‍ നിന്നുള്ള വീട്ടിലേക്കുള്ള അര കിലോമീറ്ററിന് ഒരു മണിക്കൂറും ഞങ്ങള്‍ ചിലവിടുമായിരുന്നു. 


ഓര്‍മ്മകള്‍ക്കിടെ ഞാന്‍ ചേട്ടനോട് ചോദിച്ചു പണ്ടത്തെ ഒരു രൂപ ഒരു ഒന്നൊന്നര രൂപയായിരുന്നുവല്ലേ? 


കുഞ്ഞാച്ചനോട് സംസാരിക്കുന്നതിനിടെ ലിജോ സ്‌റ്റോഴ്‌സില്‍ നിന്നും പത്തു പൈസ കൊടുത്ത് മഷി നിറച്ച് കൊണ്ടുപോകുന്നതും അഞ്ചു പൈസയുടെ സ്‌ളേറ്റ് പെന്‍സില്‍ ഒടിച്ചൊടിച്ച് പങ്കുവയ്ക്കുന്നതുമെല്ലാം വീണ്ടുമോര്‍ത്തെടുത്തു. അന്നത്തെ ഒരു രൂപയ്ക്കുള്ളത്ര മൂല്യം തോന്നിയ ഏതെങ്കിലും നാണയമോ പണമോ പിന്നെ ഞാനനുഭവിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. 


ഞങ്ങളുടെ പൊക്കിഷമായിരുന്നു ഒരു രൂപ!


Wednesday, March 20, 2024

കുമ്പിടി

 


കഴിഞ്ഞ ദിവസം ഞാനൊരു കുമ്പിടിയെ കണ്ടു. എം.ജി റോഡിലുള്ള സെന്റര്‍ സ്‌ക്വയര്‍ മാളിലെ ഫുഡ് കോര്‍ട്ടിലിരിക്കുമ്പോഴാണത്. അവിടെ പോയിരുന്ന് എഴുതുന്നത് ഇപ്പോള്‍ സ്ഥിരമാക്കിയിട്ടുണ്ട് ഞാന്‍. കൊച്ചീലേക്ക് മാറിയതിനു ശേഷം ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരിടം കിട്ടാതെയാണ്. നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനുകള്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി സ്ഥലത്തുള്ള കഫേകള്‍, ഗ്രൗണ്ടുകള്‍ പാര്‍ക്കുകള്‍ അങ്ങനെ മൂടമര്‍ത്തിയിരുന്ന് എഴുതാനുള്ള മൂഡ് വരുന്ന ഇടം കിട്ടാത്തതായിരുന്നു എന്റെ പ്രശ്‌നം. ഒട്ടുമുക്കാല്‍ വരുന്ന മഹാന്‍മാരും ശാന്ത സുന്ദര ഭൂമികകള്‍ തേടി പോകുമ്പോള്‍ ഞാന്‍ നടക്കുന്നത് ഒച്ചയും ബഹളവും തിരക്കും നിറഞ്ഞ ഇടനാഴികകളോ ചായക്കടകളോ ആണ്. ഞാനും ഒരു നാള്‍ ബല്യ എഴുത്തുകാരിയായിക്കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമാകാന്‍ പോകുന്നത് തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനും, മുന്‍പുണ്ടായിരുന്ന ഡബിളെക്‌സ് ഹോട്ടലുമാണ്. ഈ രണ്ടു സ്ഥലങ്ങളിലുമിരുന്നാണ് ഏറ്റവുമധികം എഴുതിയിട്ടുള്ളത്. ചുറ്റും ബഹളമയമാകുമ്പോള്‍ ഏകാഗ്രമാകുന്ന ഒരു തലതിരിഞ്ഞ തലയാണ് എന്റേത്. 


അങ്ങനെ ഫുഡ് കോര്‍ട്ടിലെ വലിയ ടി വിയുടെ കീഴെ ആരും ശ്രദ്ധിക്കാത്ത ഒരിടത്തിരുന്ന് എഴുതി നോക്കി. ആഹാ...ആഹാഹാ.....അനര്‍ഗനിര്‍ഗളമൊഴുകുന്ന ഭാവനകള്‍ കണ്ട് ഞാന്‍ കോരിത്തരിച്ചു. അതങ്ങ് ശീലമാക്കി. വലിയ ടി വിയില്‍ നിന്നുള്ള ശബ്ദവും ചുറ്റും വന്നിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ സംസാരങ്ങളും ബിസിനസ് മീറ്റിംഗുകളും ചേര്‍ന്ന് എനിക്ക് വേണ്ടത്ര chaos  ഉണ്ടാക്കി തന്നു. ടി. വിയിലേയ്ക്ക് നോക്കുമെന്നല്ലാതെ എന്നെ ശ്രദ്ധിക്കില്ല എന്നതും സന്തോഷിപ്പിച്ചു. അങ്ങനെ സുഖസുന്ദരമായി എഴുതിക്കൊണ്ടിരുന്ന ഒരു ദിവസം.

എഴുത്തിനിടയിലെ ചിന്തകള്‍ക്കിടയില്‍ തല പൊക്കിയതാണ്. ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. എന്നെത്തന്നെയാണോ എന്ന സംശയത്തില്‍ ഞാന്‍ ചുറ്റും നോക്കി. തല ചെരിച്ച് ടി വി യിലേക്കും. ഇനി വല്ല തമാശയും അതില്‍ കണ്ടിട്ടാകുമോ എന്നറിയണമല്ലോ. എന്റെ സംശയം തീര്‍ക്കാനായി അവരെന്റെ അടുത്തു വന്നിരുന്നു. 


എഴുതുവാണോ?


ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ എഴുതുകയാണ് എന്ന് പറയാനുള്ള മാഹാത്മ്യം എനിക്കായിട്ടില്ലായെന്നാണ് എന്റെ ഒരു വിലയിരുത്തല്‍.


എന്റെ മനസ്സിലൊരു കഥയുണ്ട്. ഞാന്‍ പറഞ്ഞു തന്നാല്‍ എഴുതാമോ?


വീണ്ടും ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മാത്രം കെല്പുള്ള ആളാണെന്നതില്‍ എനിക്ക് സംശയമുണ്ടേ. 


പിന്നെ ചോദ്യങ്ങളൊന്നുമല്ല. കഥകളാണ്. മുന്നേ പറഞ്ഞ മനസ്സിലുള്ള കഥയല്ല. സ്വന്തം കഥകള്‍. അനാഥത്വം, ദുരന്തമായിരുന്ന കുട്ടിക്കാലം, പ്രണയ പരാജയം, വീണ്ടെടുത്ത ആത്മാഭിമാനം, സന്തോഷങ്ങള്‍, നേട്ടങ്ങള്‍, നേടിയെടുത്ത ആത്മവിശ്വാസം, വാശികള്‍, സ്വപ്‌നങ്ങള്‍.. അങ്ങനെ മൂന്ന് മണിക്കൂര്‍ കൊണ്ട് അവളെന്നോടൊരു സിനിമാക്കഥ പറഞ്ഞു തന്നതു പോലെ. പതിവു പോലെ ഇതിന്നിടയ്ക്ക്  ഞാന്‍ എന്റെ പതിവ് രീതിയിലുള്ള ഉപദേശം, നിര്‍ദ്ദേശം, വിമര്‍ശനം, പരിഹാരം, മുന്നറിയിപ്പ്, സ്‌നേഹം എന്നിവ വാരിക്കോരി കൊടുത്തു കൊണ്ടിരുന്നു. പിരിയുമ്പോള്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങള്‍ കൈമാറുകയും ചെയ്തു. 


തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സില്‍ മുഴുവന്‍ അവളായിരുന്നു. ഭംഗിയുള്ള നീളമുള്ള മുടിയുള്ള നല്ല വിടര്‍ന്ന കണ്ണുള്ള വെളുത്തു സുന്ദരിയായ ഞാന്‍ ആയിരുന്നു അവള്‍. എന്റെ ജീവിതത്തിന്റെ പ്രതിബിംബം പോലെ. ഞാന്‍ പറഞ്ഞതൊക്കെയും ആലോചിച്ചു. എല്ലാം എനിക്കു നല്‍കേണ്ട ഉപദേശങ്ങളാണ്. ഞാന്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ്. സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്. ശ്രദ്ധയോടെ പരിഹാരങ്ങള്‍ ചെയ്ത് മുന്നോട്ട് പോകേണ്ടത് ഞാനാണ്. ഞാന്‍ എന്നെ തന്നെ കൗണ്‍സില്‍ ചെയ്യുകയായിരുന്നു എന്ന് തോന്നി. എന്റെ മുന്നിലുണ്ടായിരുന്ന പെണ്‍കുട്ടി ശരിക്കും എന്റെ ഭാവനയായിരുന്നോ എന്ന് വരെ തോന്നി. 


ആ ദിവസം മുതല്‍ ഞാനവളെ വീണ്ടും കാണാന്‍ ശ്രമിക്കുകയാണ്. സന്ദേശങ്ങള്‍ക്കോ വിളികള്‍ക്കോ മറുപടിയില്ല. അന്നെടുത്ത സെല്‍ഫി പോലും അയച്ചു തന്നിട്ടില്ല. ഒടുക്കം ക്ഷമ കെട്ട് ഇന്ന് രാവിലെ ഞാനവള്‍ക്കൊരു സന്ദേശമയച്ചു.


ശെരിക്കും കുമ്പിടിയായിരുന്നോ??


Tuesday, March 19, 2024

 എന്റെ തമ്പുരാന്റെ അമ്മേ! 



ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ചെറിയ കുന്ന് നടന്നു കയറുമ്പോള്‍ എന്റെ പിന്നാലെ ഓടി വരുന്ന മേക്കരയച്ചനെയാണ് ഓര്‍മ വന്നത്. ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ഓര്‍മ്മയിലെ ആദ്യത്തെ മേക്കരക്കൂട്ട് തുടങ്ങുന്നത്. ശരിക്കും അതിനും മുന്നേ പല തവണ മേക്കരയച്ചന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും എന്റെ കൂടെ കുറേ കളിച്ചിട്ടുണ്ടെന്നും കൈ നിറയെ കളിപ്പാട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. പക്ഷേ കുഞ്ഞായ എനിക്ക് അതൊക്കെ എങ്ങനെ ഓര്‍മ്മയിലുണ്ടാവാനാണ്. അതുകൊണ്ട് രണ്ടില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മേക്കരയച്ചനെ ആദ്യമായി കാണുന്നത്. 


മേക്കരയച്ചന്‍ വരുന്നതുമായി ബന്ധപ്പെട്ട് എല്ലാവരും ഓരോ പണികളിലായിരിക്കും. ഞാന്‍ പക്ഷേ ഇടയ്ക്കിടയ്ക്ക് കുത്തനെയുള്ള കല്‍ നടകളിറങ്ങി റോഡില്‍ ചെന്ന് വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്നു കാണുമ്പോ തിരിച്ച് വീട്ടിലേക്ക് കയറി വരും. പിന്നെയും ഒരു പത്തു മിനിട്ട് കഴിയുമ്പോള്‍ മെയ്മാസ റാണി പൂവിന് ചുറ്റും പല നിറത്തിലുള്ള പൂക്കള്‍ അടുക്കി വച്ച് കൂട്ടിപ്പിടിച്ച പൂച്ചെണ്ടുമായി പോകും. വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുമ്പോള്‍ വീട്ടിലേക്ക് വരും. പൂച്ചെണ്ടിലെ പിടി വിട്ടാല്‍ ഇനിയും അങ്ങനെ ഭംഗിയില്‍ അടുക്കി വയ്ക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയില്‍ അങ്ങനെ തന്നെ പിടിച്ചിരിക്കും. കൈക്കുള്ളില്‍ വിയര്‍പ്പ് തോന്നിയാല്‍ ഇടത്തേ കൈയ്യിലേക്ക് മാറ്റി പിടിക്കും എന്നല്ലാതെ നിലത്ത് വയ്ക്കില്ല.  ഇതുവരെ കാണാത്ത ഒരാളെ സ്വാഗതം ചെയ്യാന്‍ എനിക്കാകുന്ന എല്ലാ ആഡംബരവും ഞാന്‍ പരീക്ഷിച്ചു.  അപ്പന്‍ പറഞ്ഞതു വെച്ച് നോക്കിയാല്‍ ഈ ഭൂമിയില്‍ എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റാരുമില്ല.


സന്ധ്യയായപ്പോള്‍ ഒടുക്കം പോയ നോട്ടത്തില്‍ റോഡിന്റെ വളവ് തിരിഞ്ഞ് ഒരു കാപ്പിക്കുപ്പായം കണ്ടു. കയ്യിലിരുന്ന പൂവും കൊണ്ട് ഓടി. പക്ഷേ അടുത്തെത്തിയപ്പോള്‍ പടത്തിലൊക്കെ വരുന്ന ഡ്രാക്കുളയുടെ കുപ്പായവും വരിഞ്ഞ് കെട്ടിവച്ചിരിക്കുന്ന പോലെ കയറും കണ്ടതോടെ പേടിച്ചു. അലറിക്കരഞ്ഞ് അതേ വേഗതയില്‍ തിരിച്ചോടി എന്നു മാത്രമല്ല, നടകള്‍ ഓടിക്കയറുന്നതിനിടെ കാല് തട്ടി വീണ് കൈയ്യിലിരുന്ന പൂക്കളൊക്കെയും ഇരുട്ടില്‍ എവിടെയോ നഷ്ടപ്പെട്ട് ഒരു പരുവത്തിലിരിക്കുമ്പോഴാണ് മേക്കരയച്ചന്‍ വീട്ടിലേക്കു കയറി വരുന്നത്. മുഖം മുഴുവന്‍ കണ്ണീരും മൂക്കില്‍ നിന്നും മൂക്കളയും ഒലിപ്പിച്ച് നില്‍ക്കു എന്നെ നോക്കി മേക്കരയച്ചന്‍ ചിരിച്ചതിന് കയ്യും കണക്കുമില്ല. പേടിച്ച് വിരണ്ട് കണ്ണുമടച്ചിരുന്ന ഞാന്‍ കണ്ണു തുറന്നത് ലുങ്കിയും ബനിയനുമിട്ട്  വന്ന മേക്കരയച്ചനാണ് മുന്നിലെന്ന് അപ്പായി ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ്. എന്നെ സോപ്പിട്ട്് കൂട്ട്  കൂടിക്കാനായി ആ രാത്രി മുഴുവന്‍ മേക്കരയച്ചന്‍ കഷ്ടപ്പെട്ടു. അത്താഴം കഴിക്കാന്‍ വിളിക്കുക, വെള്ളം വേണോയെ്ന്ന് ചോദിക്കുക, തോര്‍ത്ത് വേണോയെന്ന് ചോദിക്കുക, രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയാല്‍ മതിയെന്ന് പറയുക തുടങ്ങി അപ്പായിയും അമ്മയും ചേര്‍ന്ന് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള വിഷയങ്ങള്‍ ഇട്ടു തരാനും മറന്നില്ല. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം പോയി നോക്കിയത് അച്ചന്‍ റൂമില്‍ തന്നെയില്ലേയെന്നാണ്. ആളെ കണ്ടില്ലെങ്കിലും ബാഗ് കണ്ടതോടെ സമാധാനമായി. അന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ മേക്കരയച്ചന്റെ വാലായി നടന്നു. ഞങ്ങള്‍ കൂട്ടുകാരായി. പോകാന്‍ ദിവസം ഞാന്‍ ചങ്കു പൊട്ടി കരഞ്ഞു. അച്ചന്‍ പോകാതിരിക്കാന്‍  ഞാന്‍ അച്ചന്റെ പല്ലു തേയ്ക്കുന്ന ബ്രഷ് പാത്തു വച്ചു. കള്ളത്തരം കണ്ടു പിടിച്ചതോടെ ബ്രഷ് കൊടുക്കാതിരിക്കാനായി അതും പിടിച്ച് ഓടും. വീടിന്റെ പിന്നിലെ ചെറിയ കുന്ന് ഞാന്‍ അനായാസം ഓടി കയറും. മേക്കരയച്ചനും സംഘവും പിന്നാലെയും. പിന്നെ എന്റെ കുഞ്ഞാങ്ങളയാണ് എന്നെ പിടിച്ചു നിര്‍ത്തി ബ്രഷ് ബലമായി പിടിച്ചു വാങ്ങി മേക്കരയച്ചന് കൊടുക്കുന്നത്.


ഞാന്‍ വളരുന്ന മുറയ്്ക്ക് ഞങ്ങളുടെ സൗഹൃദവും വളര്‍ന്നു. എല്ലാ വര്‍ഷത്തെയും വേനലവധിക്ക് കാപ്പിക്കുപ്പായത്തില്‍ വരുന്ന ചങ്കിനേയും കാത്തിരിക്കുന്നത് പതിവായി. ഞാന്‍ പ്ലസ്ടു കഴിഞ്ഞതോടെ പിന്നെ എന്റെ കല്യാണത്തിലായി മുഴുശ്രദ്ധയും. അതു കഴിഞ്ഞ് കണ്ടപ്പോഴൊക്കെയും ഇവളെ നല്ലൊരാളെ കൊണ്ട് കെട്ടിക്കണ്ടേ നമുക്ക് എന്നും പറഞ്ഞ് ആരംഭിക്കും. തെക്കു ഭാഗത്ത് എവിടെയെങ്കിലും ഉള്ള ഒരു കുടുംബ പേരും പറഞ്ഞ്, അവര് നല്ല കൂട്ടക്കാരാ എന്നും പറയും. ഓരോ തവണയും ഞാന്‍ പഴുത്തു പാകമാകാന്‍ കാത്തിരിക്കുന്ന പോലെ കല്യാണ വിശേഷങ്ങള്‍ക്ക് പദ്ധതിയിടും. അപ്പായിയെ കൂടാതെ എന്നെ മുത്തേ എന്നു വിളിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് മേക്കരയച്ചന്‍. എനിക്ക് അപ്പായിയെ കൂടാതെ അപ്പനെ പോലെ തോന്നിയ ഒരാളും


ആശ്രമത്തിന്റെ സ്വാഗതമുറിയില്‍ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ഒരു മധ്യവയസ്‌കനായ അച്ചന്‍ വന്ന് മുറിയിലേക്ക് ചെന്നോളാന്‍ പറഞ്ഞു. അപ്പായി മുന്നിലും അമ്മ പിന്നിലും ഞാന്‍ അതിനും പുറകിലായി നടന്നു. മുറിയിലേക്ക് വാതില്‍ തുറന്ന് അപ്പായി നടന്നു കയറി ' ഈശോ മിശിഹായ്ക്ക് സുഖമായിരിക്കട്ടെ' എന്നു പറഞ്ഞു'.

ഒരു കൈ ഉയര്‍ത്തി തല കുലുക്കി മറുപടി പോലെ മേക്കരയച്ചന്‍ പറഞ്ഞു - ' മത്തായീടാടു പെറ്റു'. 


അപ്പായി ഒ്ന്നും മനസ്സിലാകാതെ മേക്കരയച്ചനെ നോക്കി.


അപ്പന്‍ ചോദിച്ചു '' എന്നെ മനസ്സിലായോ?'


തലയാട്ടിക്കൊണ്ട് മേക്കരയച്ചന്‍ പറഞ്ഞു 'മത്തായീടാടു പെറ്റു'.

അമ്മ ചോദിച്ചു 

എന്നെ മനസ്സിലായോ? 

അമ്മയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു 'മത്തായീടാടു പെറ്റു.' 


എന്നാ പിന്നെ ഇതാരാന്നു പറ. അമ്മ കൂടെയുള്ള എന്റെ സഹോദരനെ ചൂണ്ടിയാണ് ചോദിച്ചത്. കുറച്ചു നേരം മിണ്ടാതെയിരുന്നിട്ട് അമ്മയോട് ചോദ്യഭാവത്തില്‍ 'മത്തായീടാടു പെറ്റു?' 


ഞാനപ്പോഴും പിന്നില്‍ തന്നെ ചെറിയൊരു വിറയലുമായി നില്‍ക്കുകയായിരുന്നു. ഞാനങ്ങനെയാണ്. ഒരുപാട് സ്‌നേഹമുള്ളവരെ കുറേ നാളുകള്‍ക്കു ശേഷം കാണുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. സന്തോഷവും സങ്കോചവും എന്തെല്ലാമോ വികാരങ്ങള്‍ ഒരേ സമയം വന്ന് മസ്തിഷ്‌കത്തെ കുഴപ്പിക്കുന്നതുകൊണ്ടായിരിക്കാമത്. 


ആദ്യം കണ്ട മധ്യവയസ്‌കനായ അച്ചന്‍ രണ്ടാമത്തെ സ്‌ട്രോക്കിനു ശേഷം മത്തായീടാടു പെറ്റു എന്ന വാക്കുകള്‍ മാത്രമാണ് മേക്കരയച്ചന്‍ പറയുന്നത് എന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ അപ്പായീടെ ചങ്കൊന്നു പിടഞ്ഞു. കട്ടിലിന്റെ അരികിലിരുന്ന് തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ കൈ പിടിച്ച് പറഞ്ഞു 'പ്രാര്‍ത്ഥിക്കാം.' ഇനിയെന്തു സംസാരിക്കാനാണ് എന്ന നിരാശ അപ്പായിക്കുണ്ടായിരുന്നു. 


മേക്കരയച്ചന്‍ തൃപ്തിയോടെ അപ്പായീടെ കൈ മുറുക്കെ കുലുക്കി കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു'(നീ പ്രാര്‍ത്ഥിക്കണം). 


അമ്മയും അടുത്ത് ചെന്ന് 'പ്രാര്‍ത്ഥിക്കാം. എല്ലാം ശെരിയാകും' എന്ന് പറഞ്ഞു.


മേക്കരയച്ചന്‍ അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു' (എല്ലാം നല്ലതിന്)


ഞാന്‍ പതിയെ എല്ലാവരെയും മറികടന്ന് മുന്നില്‍ പോയി നിന്നു. പഴയ രൂപവും ഭാവവുമല്ല എനിക്ക്. നീളമുള്ള മുടി പിന്നിയിട്ട്, ചുരിദാറിടുന്ന വലിയ പെണ്ണാണ് ഞാന്‍. 


മേക്കരയച്ചന്റെ കണ്ണിലേക്ക് നോക്കി ഞാന്‍ ചോദിച്ചു. സുഖമാണോ?


അപ്പായിയുടെ മുഖത്തു നിന്നും എന്നിലേക്കു മുഖം തിരിക്കുന്ന നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് മനസ്സിലായി. വാ തുറന്ന് ഉറക്കെ അതിശയത്തോടെ ചിരിച്ച്, അത്യാഹ്‌ളാദത്തില്‍ പറഞ്ഞു 

'മത്തായീടാടു പെറ്റു. മത്തായീടാടു പെറ്റു മത്തായീടാടു പെറ്റു' (അയ്യോ എന്റെ കുഞ്ഞു വന്നോ. സുഖം സുഖം. എന്റെ പൊന്നേ)


എന്റെ കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനാവാത്ത സന്തോഷത്തില്‍ എന്റെ തലയില്‍ തൊട്ട് പറഞ്ഞു - 'എന്റെ തമ്പുരാന്റെ അമ്മേ!'...ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത്രയും നേരം വിശേഷം പറയാന്‍ മത്തായീടാടു പെറ്റു മാത്രം മതിയായിരുന്നു. പക്ഷേ ഇനി പോരാ. മേക്കരയച്ചന്‍ വാ തോരാതെ പറയാന്‍ തുടങ്ങി. കണ്ടു നിന്നവര്‍ അത്ഭുതത്തില്‍ മരവിച്ചിരുന്നു. 


എന്റെ കുഞ്ഞീ, ഇത്രയും കാലം എവിടെയായിരുന്നു. അപ്പായി പറഞ്ഞായിരുന്നു ബയോടെക്‌നോളജിയാണ് പഠിക്കുന്നതെന്ന്. പഠിപ്പൊക്കെ കഴിഞ്ഞില്ലേ?. ഓ. എന്നാലും എന്റെ ദൈവമേ. എന്റെ കുഞ്ഞിയെ എനിക്ക് കാണാന്‍ കഴിഞ്ഞല്ലോ. എന്താ ഇപ്പോ മുടി മുറിച്ചു കളയാറില്ലേ? പണ്ടേ ഞാന്‍ പറയുന്നതാ മുടിയുള്ളതാ കുഞ്ഞിക്ക് ഭംഗിയെന്ന്. ഓ എന്റെ ദൈവമേ. സുന്ദരിയായിരിക്കുന്നു. വല്യ കുട്ടിയായി. കല്യാണം കഴിക്കാറായി ഇപ്പോ. ഇപ്പോ എവിടെയാ? അപ്പ പറഞ്ഞല്ലോ ജേര്‍ണലിസ്റ്റാണെന്ന്. അതെന്താ അങ്ങനെ? തൃശ്ശൂരാല്ലേ. മാതൃഭൂമിയിലാന്ന് പറഞ്ഞ്. വല്യ പത്രക്കാരിയായി. ഓ എന്റെ ദൈവമേ എന്റെ കുഞ്ഞി മിടുക്കിയായി. വല്ലോം കഴിച്ചായിരുന്നോ? ഞാന്‍ ഇപ്പോള്‍ എന്നും കഞ്ഞിയാ കുടിക്കാറ്. എന്റെ അസുഖമൊക്കെ ഇപ്പോ നല്ല ഭേദമുണ്ട്. ഇടയ്ക്ക് നടക്കും. ആരേലും പക്ഷേ കൈ പിടിച്ച് സഹായിക്കണം...

വളരെ കാലങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നതു കൊണ്ടാവണം മേക്കരയച്ചന് പെട്ടന്ന് ക്ഷീണം തോന്നി. ശ്വാസം തടസ്സപ്പെട്ടതു പോലെ തോന്നിയപ്പോള്‍ കെയര്‍ ടേക്കര്‍ അച്ചന്‍ വന്ന് പറഞ്ഞു - അച്ചാ ഇനി കുറച്ചു കഴിഞ്ഞിട്ട് സംസാരിക്കാം. ഒന്ന് കിടക്കൂ. ഭക്ഷണം കഴിഞ്ഞുള്ള സ്ഥിരം വിശ്രമം ഇന്നുണ്ടായില്ലല്ലോ. മേക്കരയച്ചന്‍ നല്ല കുട്ടിയെപ്പോലെ കട്ടിലില്‍ പൊക്കി വച്ചിരിക്കുന്ന തലയിണകള്‍ക്കു മുകളിലേക്ക് ചെരിഞ്ഞു. ഞാന്‍ കാലെടുത്ത് മുകളിലേക്ക് കയറ്റി വച്ചു കൊടുത്തപ്പോള്‍ എന്നോട് ചിരിച്ചു കൊണ്ടു പറഞ്ഞു. 


'പ്രായമായി. കാലിനൊന്നും ബലമില്ലന്നേ.' 


ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു - ഉറങ്ങിക്കോ, ഞാന്‍ പുറത്തുണ്ടാകും. 


പുറത്തേക്ക് വന്ന് സ്വാഗതമുറിയിലെ സെറ്റിയിലിരുന്ന അപ്പനോട് ഞാന്‍ ചോദിച്ചു - അപ്പായി ഇതിനു മുന്നേ മേക്കരയച്ചനെ കാണാന്‍ വന്നിരുന്നോ?


'ആദ്യത്തെ സ്‌ട്രോക്ക് കഴിഞ്ഞപ്പോള്‍ ഞാനും അമ്മയും കൂടെ വന്ന് കണ്ടിരുന്നു.' അപ്പായി പറഞ്ഞു. 'എന്തേ?'


''അല്ലാ.....ബയോടെക്‌നോളജി കഴിഞ്ഞതും മാതൃഭൂമിയില്‍ ജോലി ചെയ്യുന്നതുമെല്ലാം അച്ചന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടേ..'' 



ങ്‌ഹേ!!.......എല്ലാവരും ഒരുമിച്ച് അങ്ങനെയൊരു ശബ്ദം പുറപ്പെടുവിച്ചു. അസ്വാഭാവികമായ നിശബ്ദത ശീലിച്ച ആശ്രമത്തിനകത്ത് അതൊരു ഇടിമുഴക്കമുണ്ടാക്കി. ഞാനും ഞെട്ടി. 


മത്തായീടാടു പെറ്റു, എന്റെ തമ്പുരാന്റെ അമ്മേ ഈ രണ്ടു വാക്കുകളല്ലാതെ മറ്റൊന്നും ഞങ്ങള്‍ കേട്ടില്ലല്ലോ.


ഞാന്‍ തരിച്ചിരുന്നു....ഞാന്‍ കേട്ടത് മുഴുവന്‍ നല്ല സ്ഫുടമായ വ്യക്തതയുള്ള വാക്കുകളായിരുന്നു. 


അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഹൃദയം കൊണ്ട് സംസാരിക്കുകയായിരുന്നുവെന്നോ!!!!


Thursday, April 4, 2019

എന്നെ തിരഞ്ഞെത്തിയ കരുതല്‍



രാത്രി പത്തേമുക്കാലിന് തൃശ്ശൂര്‍ കെ എസ് ആര്‍ ടി സി യില്‍ നിന്നും അരണാട്ടുകരയിലേക്ക് നടക്കാന്‍ തന്നെ തീരുമാനിച്ചു. സന്തോഷമുള്ള ദിവസങ്ങളിലൊക്കെ അങ്ങനെയാണ്. നടന്നു കൊണ്ടേയിരിക്കാന്‍ തോന്നും. ഹരം പിടിപ്പിക്കുന്ന ഈ രാത്രികളില്‍ വഴികള്‍ക്കൊന്നും അവസാനമുണ്ടാകരുതേയെന്നും പകല്‍ തെളിയരുതേയെന്നും മാത്രമാണ് ആഗ്രഹിക്കാറ്. ചെവിക്കുള്ളില്‍ തിരുകി വച്ചിരിക്കുന്ന ഇയര്‍ ഫോണിലൂടെ താളത്തിലുള്ള പാട്ടും കേട്ടാണ് നടക്കാറ് പതിവ്. രണ്ടുണ്ട് കാര്യം അനാവശ്യമായ കമന്റുകള്‍ എന്റെ മൂഡ് കളയാതിരിക്കുന്നതിനും പിന്നെ എന്റെ ലോകം താളമയമാകുന്നതിനും.

വേനല്‍പ്പുഴുക്കിനൊരാശ്വാസമായി ഇന്ന് പെയ്ത മഴ തണുപ്പിച്ച ചുറ്റുപാടുകളാണ്. പിരിമുറുക്കം ഒഴിഞ്ഞു പോയ കാറ്റും ആര്‍ത്തിയോടെ കുടിച്ചു വറ്റിച്ച മണ്ണും പിന്നെ കൊടും ചൂടില്‍ നിന്നും കുട പിടിച്ചിറങ്ങിയ മുഖങ്ങളുമാണ് എങ്ങും. നടക്കാന്‍ എന്തു രസം.

എന്നെ ശ്രദ്ധിച്ചവരെയെല്ലാം ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു. ഇത്ര കാലമായിട്ടും ഈ തുറിച്ചു നോട്ടത്തിനൊരു കുറവുമില്ലാലോ!! പോട്ടെ പോട്ടെ.....വഴി മാറി നടന്ന മനസ്സിനെ ശാസിച്ച് വീട്ടിലേക്കുള്ള വഴിനടത്തത്തിന്റെ രസത്തിലേക്ക് തിരിച്ച് വിട്ട് ഞാന്‍ നടന്നു.
തോപ്പിന്റെ മൂല ജംഗ്ഷന്‍ എത്തുന്നതിനു കുറച്ച് മുന്‍പ് എന്നെ കടന്നു പോയ ബൈക്ക് കണ്ടിരുന്നു. അതങ്ങനെയാണ്, എത്ര സുഖാലസ്യത്തിലായാലും ജാഗ്രതയുടെ ഒരു കണ്ണ് തുറന്നങ്ങനെ നില്‍ക്കും. പെണ്ണായി ജീവിക്കുമ്പോള്‍ സ്വായത്തമാകുന്ന ചില കഴിവുകളില്‍ ഒന്നാണത്. കടന്നുപോകുന്ന വാഹനങ്ങളും മുഖങ്ങളും കടകളും എല്ലാം അവ ഞാനറിയാതെ തന്നെ കുറിച്ചിടാറുമുണ്ട്. തോപ്പിന്റെ മൂല ജംഗ്ഷനില്‍ ആ ബൈക്ക് നിര്‍ത്തിയിട്ടിട്ടുണ്ട്. ബൈക്കില്‍ നിന്നുമിറങ്ങാതെ തന്നെ അയാള്‍ ഫോണിലെന്തോ നോക്കിയിരിക്കുന്നു. ഞാന്‍ കടന്നു പോയതും അയാളെന്നെ ഒന്നു തലയുയര്‍ത്തി നോക്കി. വീക്ഷണവ്യാസ പരിധിയിലുള്ള കാര്യമായതു കൊണ്ട് അങ്ങോട്ട് നോക്കിയില്ലെങ്കിലും ഞാനത് കണ്ടു. പക്ഷേ, എനിക്കുറപ്പായിരുന്നു അയാളൊരു വഷളനല്ല. എന്നെ പിന്തുടര്‍ന്നതുമല്ല. അതുകൊണ്ട് ലവലേശം ഭാവവ്യത്യാസമില്ലാതെ അതേ താളത്തില്‍ ഞാന്‍ മുന്നോട്ട് നടന്നു. മുന്നോട്ട് പോയി കുറച്ച് ചെന്നതും വലിയൊരു വീട്ടിലെ പട്ടി ഗെയ്റ്റില്‍ വന്ന് കുരച്ചു ചാടി. പട്ടികളെ പേടിയുള്ള ഞാന്‍ നടത്തത്തിന്റെ വേഗതയും കൂട്ടി. അപ്പോഴുണ്ട് അതേ ബൈക്കും ബൈക്കുകാരനും എന്നെ കടന്ന് പോകുന്നു. അരണാട്ടുകര ജംഗ്ഷനെത്തുമ്പോള്‍ അതേ പോലെ തന്നെ അയാള്‍ ബൈക്ക് നിര്‍ത്തി നില്‍ക്കുന്നു. എന്നിട്ടും എനിക്ക് അപായമണി മുഴങ്ങിയില്ല. അത്ര വ്യക്തമായിരുന്നു അയാളുടെ ശരീരഭാഷ.
ഞാന്‍ നടന്ന് അയാള്‍ക്ക് കാണാന്‍ പാകമെത്തിയപ്പോള്‍ പെട്ടെന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ച് എന്റെ നേരേ വന്നു. വഴിവിളക്കിന്റെ നല്ല വെളിച്ചത്തു ഞങ്ങള്‍ രണ്ടു പേരുമെത്തിയപ്പോള്‍ വണ്ടി പതിയെ നിര്‍ത്തി ചോദിച്ചു ' എങ്ങോട്ടാണ് പോകേണ്ടത്?' ആ ചോദ്യത്തിന്നടിയില്‍ ഒളിഞ്ഞു കിടന്ന സബ്‌ടെക്‌സ്റ്റ് ഇങ്ങനെയായിരുന്നു - എന്തൂട്ട് മണ്ണാങ്ങട്ടിക്കാടി ഈ രാത്രി നടന്നു പോകുന്നത് - ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ' എന്തു പറ്റി?' നിഷ്‌ക്കളങ്കമായ എന്റെ ചോദ്യം കേട്ട് ദേഷ്യം വന്നതു നിയന്ത്രിച്ച് അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. കാര്യങ്ങള്‍ ഏറെക്കുറേ മനസ്സിലായ ഞാന്‍ അയാളെ കൂടുതല്‍ പ്രകോപിപ്പിക്കാതെ പറഞ്ഞു - 'ഇത്തിരി കൂടിയേ നടക്കാന്‍ ഉള്ളൂ'. ഇരുത്തിയൊന്നു മൂളിക്കൊണ്ട് അയാളെന്നെ ഓര്‍മ്മിപ്പിച്ചു ' സെയ്ഫായി ഇരിക്കൂട്ടോ'. അധികാര ശബ്ദത്തോടെ എന്നാല്‍ കരുതലില്‍ ശങ്കയില്ലാതെയാണ് അയാളതെന്നോട് പറഞ്ഞത്. സ്‌നേഹത്തോടെ ഞാന്‍ പറഞ്ഞു - ആയിക്കോട്ടെ.
പൊതുവേ ആണ്‍ സുരക്ഷ ഇഷ്ടമില്ലാത്ത മൂത്ത അഹങ്കാരിയായ ഞാന്‍ പക്ഷേ രണ്ടാമതൊന്നു കൂടെ മഴ നനഞ്ഞ പോലെ തണുത്തു പോയി നിന്നു. അയാള്‍ തിരിഞ്ഞ് പോയ വഴിയേ ഞാന്‍ നോക്കി. ചിലപ്പോള്‍ ഏറെ സ്‌നേഹിക്കുന്ന ആരെയെങ്കിലും പോലെ എന്നെ അയാള്‍ക്ക് തോന്നിയിരിക്കണം. പെണ്ണിനെ സംരക്ഷിക്കേണ്ട ചുമതല തന്റേതാണെന്ന എനിക്കിഷ്ടമില്ലാത്ത ആണ്‍ ഭാവവുമാകാം അത്. എന്തു തന്നെയായാലും ഒന്നു കൂടി നിങ്ങളെ കണ്ടാല്‍ ഞാന്‍ പറയാന്‍ മാറ്റി വച്ചിരിക്കുന്ന ഒന്നുണ്ട് - നിങ്ങളെപ്പോലുള്ളവരുണ്ടെന്നുള്ളതു തന്നെയാണ് വീണ്ടുമീ വഴിയേ നടക്കാനെനിക്ക് സുഖം തരുന്നത് -

Wednesday, March 27, 2019

ഒരു കുടം കരുതല്‍



ഗുഡ് മോര്‍ണിങ് മാഡം... മാഡം എന്ന് വിളിക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാത്തതിന്റെ പരിഭവത്തോടെ ലാപ്‌ടോപ്പില്‍ നിന്നും തലയുയര്‍ത്തി ഞാന്‍ മോഹന്‍ദാസേട്ടനെ നോക്കി...ആ കറുത്ത മുഖത്ത്, എനിക്കതു മാറ്റാനാവില്ലെന്ന ക്ഷമാപണവും അങ്ങനെയേ ഞാന്‍ വിളിക്കൂ എന്ന വാശിയും ഒരു പോലെ തെളിഞ്ഞു നിന്നു. വേറൊന്നും പറയാതെ ചോദിച്ചു ' ഞാന്‍ കുറച്ച് മാങ്ങ അച്ചാറിടാന്‍ തരട്ടെ. വാങ്ങുവോ?'...വാങ്ങുവോ എന്ന ചോദ്യത്തില്‍ മുന്നിട്ടു നിന്ന അപകര്‍ഷത എന്നെ വല്ലാതെ വേദനിപ്പിച്ചു. അച്ചാറിടാന്‍ അറിയില്ലാത്ത ഞാന്‍ ഉറപ്പായും വേണം എന്നു പറഞ്ഞു. എന്നാല്‍ ഇപ്പോ വരാം എന്നും പറഞ്ഞ് മോഹന്‍ദാസേട്ടന്‍ പോയി.
2014 ല്‍ കെ എഫ് ആര്‍ ഐ യില്‍ വരുമ്പോള്‍ പരിചയപ്പെട്ടതാണെങ്കിലും ഈ വര്‍ഷമാണ് ഞാനയാളെ കേള്‍ക്കാന്‍ തുടങ്ങിയത്. ഡയറക്ടറുടെ ഓഫീസിലെ അറ്റന്‍ഡര്‍ എന്നതിനപ്പുറം ഞാനയാളെ കേട്ടിട്ടുണ്ടായിരുന്നില്ല. മോഹന്‍ദാസേട്ടന്‍ പറഞ്ഞു വരുന്ന കഥകളിലെപ്പോഴും അപമാനത്തിന്റെ കനല്‍ക്കട്ടകള്‍ നെഞ്ചിലിരുന്ന് ഉരുക്കുന്ന ഓര്‍മ്മകളാണുണ്ടാവുക. പകുതി ആകുമ്പോഴേക്കും കണ്ണു നറഞ്ഞും വാക്കുകള്‍ വിറച്ചും എന്റെ കൂടെ നെഞ്ചിലേക്ക് ആ ചൂട് പകര്‍ന്നു വയ്ക്കും. മൂന്നാം വട്ടം പത്താം ക്ലാസ്സെഴുതി പാസ്സായതിന്റെ മധുരവുമായി എന്റെയടുത്ത് വന്ന ദിവസം മാത്രമാണ് അഭിമാനത്തിന്റെ തിരിവെട്ടമായി ആ ചൂട് മാറിയത്. റിട്ടയര്‍ ചെയ്യാന്‍ മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ അയാള്‍ നേടിയെടുത്ത 'എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്' അയാളുടെ ആത്മാഭിമാനത്തിനുള്ള എ പ്ലസ് ഗ്രേഡായിരുന്നു.

ഓര്‍മ്മ തീരും മുന്‍പേ മോഹന്‍ദാസേട്ടന്‍ സഞ്ചിയിലാക്കിയ മാങ്ങയുമായി എത്തി. അച്ചാറ് വയ്ക്കുന്ന രീതി കൂടി പറഞ്ഞു തന്നു. വീട്ടിലെ ചെറിയ ചില മരങ്ങളേക്കുറിച്ചും പച്ചക്കറി കൃഷിയേക്കുറിച്ചും പറയുന്നതിനിടെയാണ് ചീര വയ്ക്കാന്‍ പേടിയാണെന്ന് മോഹന്‍ദാസേട്ടന്‍ പറയുന്നത്. പേടിയോ?
- ചീരയ്ക്ക് നല്ല വെള്ളമൊഴിക്കണം. ഇതിപ്പോ അടുത്ത വീട്ടിലെ കിണറിലൊക്കെ വെള്ളം ഏതാണ്ട് പറ്റിക്കഴിഞ്ഞു. നമ്മുടെ കിണറ്റിലാകട്ടെ വെള്ളവുമുണ്ട്. അവര്‍ നമ്മളോട് വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ ഉണ്ടാകേണ്ടതല്ലേ. അതുകൊണ്ട് ഞാനെന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ചീര വയ്ക്കണ്ടായെന്ന്. -
ഈ ചുട്ടുപഴുത്ത വെയിലത്ത് എന്നെയങ്ങു തണുപ്പിച്ചു ആ മനുഷ്യന്‍.
ഹോ മനുഷ്യാ...കരുതലിന്റെ അങ്ങേയറ്റമാണ് നിങ്ങള്‍. വേനലായതോടെ രണ്ടും മൂന്നും ടാങ്ക് വാങ്ങി വെള്ളം കരുതി സൂക്ഷിക്കുന്നവര്‍ക്കു മുന്നില്‍ നിങ്ങള്‍ ഒരു കുടം നന്മയാണ്. വേനല് പൊള്ളിച്ചാലും എരിഞ്ഞു തീര്‍ക്കാത്ത നന്മയുള്ളവര്‍.


Wednesday, November 1, 2017

നന്മയുടെ പുകച്ചുരുളുകള്‍

                   
            അപരിചിതരില്‍ നിന്നും സ്‌നേഹം കിട്ടാറുള്ളത് മിക്കവാറും യാത്രകള്‍ക്കിടയിലാണ്. വഴികാട്ടികളായും, ഉപദേശികളായും, വെള്ളമായും, ഭക്ഷണമായുമൊക്കെ ആ സ്‌നേഹം നമുക്ക് പങ്കുവയ്ക്കപ്പെടും. അങ്ങനെ, അപൂര്‍വ്വമായൊരു പങ്കുവയ്ക്കലായിരുന്നു ബാബുവേട്ടന്റേത്. പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷനില്‍ ജീവനക്കാരനായ ബാബുവേട്ടന് ഞാന്‍ തീര്‍ത്തും അപരിചിതയും അപ്രസക്തവുമായിരുന്നു.
   ഇലവീഴാപൂഞ്ചിറയ്ക്കു മുകളില്‍ ചെന്ന് നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കണമെന്നായിരുന്നു ആഗ്രഹം. തൃശ്ശൂരില്‍ നിന്നും കൂട്ടുകാരന്റെ വീടു വരെ ബസില്‍ പോയി അവിടെ നിന്നും രണ്ടുപേരും ബൈക്കില്‍ യാത്ര തുടര്‍ന്നു. കുന്നിനു താഴെ ബൈക്ക് വച്ച് ഞാനും അമിതും മുകളിലേക്ക് നടന്നു കയറി. മൊട്ടക്കുന്നെന്ന് തോന്നുമെങ്കിലും കയറ്റം കയറുന്നതിന്നിടയ്ക്ക് ഞങ്ങള്‍ക്ക് മനസ്സിലായി അതൊരു ഒന്നൊന്നര കുന്നാണെന്ന്. മുകളിലേക്ക് ജീപ്പുകള്‍ പോകുന്നുണ്ടായിരുന്നെങ്കിലും നടന്നു തന്നെ കയറണമെന്ന് വാശിയിലായിരുന്നു.
    കുന്നിന്‍ മുകളില്‍ ചെന്ന് ചുറ്റും നോക്കി. നീലാകാശത്ത് പൂപ്പല് പിടിച്ചപോലെ വെള്ളിമേഘങ്ങള്‍, അവ വട്ടം ചുറ്റി പറക്കുന്നത് താഴെ തടാകത്തില് മുഖം നോക്കാനാണെന്ന് തോന്നും. കരിംപച്ച കുന്നുകളാണ് ചുറ്റിലും. ആനക്കോട്ടയിലെ ആനകളെ ഒരു മതിലിന്നു മുകളിലൂടെ പടം പിടിച്ചാല്‍ കിട്ടുന്ന പോലെ മലകള്‍ നിരന്നു കിടക്കുകയാണ്. ഇലവീഴാപൂഞ്ചിറയുടെ അറ്റത്തുള്ള പാറയില്‍ കയറി ചാറ്റല്‍ മഴയത്തും ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. ഉച്ചമയങ്ങിയതോടെ മഞ്ഞിറങ്ങിത്തുടങ്ങി. വേദികളിലെ തിരശ്ശീല താഴ്ന്നു വരുന്ന പോലെ പതിയെ പതിയെ വെള്ള കമ്പളിപുതപ്പ് കുന്നിനെ മൂടിവന്നു.
   മനസ്സില്ലാമനസ്സോടെ സന്ധ്യയായപ്പോള്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. അമിത് കൂത്താട്ടുകുളത്തേക്കും ഞാന്‍ തൃശ്ശൂരിലേക്ക് ബസ് കയറാനായി പാലാ കെ എസ് ആര്‍ ടി സി സ്റ്റാന്റിലേക്കും പിരിഞ്ഞു. ഏതാണ്ട് രാത്രി പതിനൊന്നു മണിയും കഴിഞ്ഞാണ് ഞാന്‍ പാലായിലെത്തിയത്. അടുത്ത തൃശ്ശൂര്‍ ബസ്സിന്റെ സമയമറിയാന്‍ ഓഫീസില്‍ ചെന്നു ചോദിച്ചപ്പോഴാണ് മൂന്ന് മണിക്കൂറിനു ശേഷം മാത്രമേ ബസ്സുള്ളൂവെന്ന് പറഞ്ഞത്. അതിനു മുന്‍പുള്ളതെല്ലാം ഇടയിലെവിടെയെങ്കിലും ഇറങ്ങേണ്ടി വരുന്ന ബസുകള്‍.
   ഓഫീസിന്റെ ഗ്രില്ലിട്ട കൗണ്ടറിനുള്ളില്‍ നിന്നും കരുതലോടെ എന്നോടു സംസാരിച്ചയാളെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. മൂന്ന് മണിക്കൂറിന് ശേഷം നേരെ തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സില്‍ തന്നെ പോയാല്‍ മതിയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അയാള്‍ പറയുകയാണ്. ' ഇവിടെ കിടന്നുറങ്ങിക്കോളൂ. ഇടയ്ക്കിറങ്ങി ബസ് മാറി കയറുന്നതൊഴിവാക്കാമല്ലോ. ഞാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചോളാം' എങ്ങാനും ഞാന്‍ എഴുന്നേല്‍ക്കാതിരുന്നാലോ എന്നതായിരുന്നു എന്റെ ആശങ്കയും. സ്ത്രീകള്‍ക്കായുള്ള വിശ്രമസ്ഥലത്തെ സിമന്റ് ബഞ്ചില്‍ അഞ്ചു മിനിട്ട് കിടന്നപ്പോഴേക്കും മനസ്സിലായി എന്റെ വലിയ പ്രശ്‌നം വട്ടം ചുറ്റി ആക്രമിക്കുന്ന കൊതുകുകളാണെന്ന്. പക്ഷേ, കുറേ കാലത്തിനു ശേഷം മല കയറാന്‍ പോയതും മഴയും മഞ്ഞും കൊണ്ടതും തലേന്ന് ഉറക്കമിളച്ചതുമെല്ലാം കൂടി എന്നെ ഉറക്കിക്കളഞ്ഞു.
സമയത്ത് തന്നെ, എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ അയാള്‍ മറന്നില്ല. തട്ടിവിളിച്ചെഴുന്നേല്‍പ്പിച്ച് ബസ് വന്നു എന്ന് പറഞ്ഞു. ഞാന്‍ ചാടിയെഴുന്നേറ്റ് ബാഗുമെടുത്ത് ഓടാന്‍ തുടങ്ങുമ്പോള്‍ അഞ്ചു മിനിട്ട് കഴിഞ്ഞേ ബസ് എടുക്കൂ തിരക്കിടണ്ടായെന്നും അയാള്‍ പറഞ്ഞു. ചെരുപ്പിടുന്നതിന്നിടയിലാണ് ഞാന്‍ കിടന്നതിനു താഴെയായി എരിഞ്ഞു തീരാറായ കൊതുകുതിരി കണ്ടത്. എന്റെ സുഖകരമായ ഉറക്കത്തിന് കാരണം ആ കൊതുകുതിരിയായിരുന്നു. എന്റെ ക്ഷീണം കൊണ്ട് കൊതുകുകടി ഞാനറിയാതെ പോയതായിരിക്കും എന്നതായിരുന്നു എന്റെ വിചാരം.
ഞാന്‍ അത്യപൂര്‍വ്വമായ ആ സ്‌നേഹപ്രകടനം കണ്ട് ചിരിച്ചു കൊണ്ട് അയാളെ നോക്കി. ' ഓഫീസിലിതു സ്റ്റോക്കാ. എപ്പോഴും ആവശ്യമുണ്ടേ'. വളരെ ലാഘവത്തോടെയാണ് പറഞ്ഞതെങ്കിലും, ഒരു മൊസ്‌കിറ്റോ കോയിലിന് അത്ര പൈസയില്ലെങ്കിലും, ആ മനുഷ്യനങ്ങനെ പെരുമാറാന്‍ തോന്നിയത് അയാള്‍ക്കുള്ളില്‍ അപ്പോഴും എരിഞ്ഞു തീരാത്ത ഒരു നന്മ വെളിച്ചത്തിന്റെ തെളിവാണെന്ന് എനിക്കറിയാമായിരുന്നു. ഏട്ടന്റെ പേരെന്താ? ആ മനുഷ്യന്റെ പേര് ഞാനൊരിക്കലും മറക്കരുതെന്ന് എനിക്ക് തോന്നി. ബാബു, പേരു പോലെ തന്നെ സാധാരണക്കാരനായ ഒരു മനുഷ്യന്‍. പക്ഷേ സാധാരണത്തിലുമധികമുണ്ട് ആ മനസ്സില്‍ സഹജീവികളോടുള്ള കരുതല്‍. പിന്നീടൊരിക്കല്‍ അപ്പായിക്കൊപ്പം പാലായില്‍ പോയപ്പോള്‍ ഞാന്‍ ബാബുവേട്ടനെ അപ്പായിക്കും പരിചയപ്പെടുത്തിക്കൊടുത്തു. അയാളെന്നോടു കാണിച്ച കരുതലിന്റെ പുകച്ചുരുളുകള്‍ എന്നും എന്റൊപ്പമുണ്ടാവുക തന്നെ ചെയ്യും.

Sunday, March 29, 2015

ദൈവരൂപിയാകാന്‍ നമ്മള്‍ മനഃപൂര്‍വ്വം മറക്കുകയാണ്


                   കൈയ്യും കാലും നീറിപ്പുകയുകയാണ്...രാവിലെ, അഹങ്കാരത്തിന്റെ കൂടുതലുകൊണ്ട് സംഭവിച്ച അപകടത്തിന്റെ ബാക്കി വേദനയാണത്. കൈ മുഴുവന്‍ ചിരവകൊണ്ട് വരഞ്ഞപോലെയായി..കാല്‍മുട്ടിലെ തൊലിയും പൊളിഞ്ഞു...ജീന്‍സിനുള്ളില്‍ അതിരുന്ന് കുത്തുകയാണ്..ഒപ്പം മനസ്സിനുള്ളില്‍ അസ്വസ്ഥതയുടെ കൂമ്പാരത്തിലേക്ക് തീ പാറിപ്പിടിച്ചിരിക്കുന്നു..മാലിന്യക്കൂമ്പാരങ്ങള്‍ കത്തുന്നപോലെ, തീനാളങ്ങളില്ലാതെ, പുകച്ചുരുളുകള്‍ മാത്രമായി ദുര്‍ഗന്ധം വമിപ്പിച്ചങ്ങനെ പുകയുന്നു..കണ്ണുകളില്‍ വരുന്ന നനവ് അപ്പപ്പോള്‍ തുടച്ചു നീക്കുകയാണ്..അതിനും സമ്മതിക്കാതെ ചിലപ്പോള്‍ പെട്ടന്ന് നറയുമ്പോള്‍ തലകുനിച്ചു പിടിച്ച്, എവിടേയും കണ്ണുനീരിന്റെ തുള്ളിപോലും പറ്റിക്കാതെ ഭൂമിയിലേക്ക് തുളുമ്പിച്ച് കളയും...ഇടയ്ക്കിങ്ങനെ ചെയ്യുന്നതിനിടയിലാണ് തലയില്‍ ഒരു വിരലുകൊണ്ടുള്ള മാന്ത്!!

തലയുയര്‍ത്തി നോക്കുമ്പോള്‍ ഒരു പിച്ചക്കാരി..പഴകിയ പച്ചസാരി മാത്രം വ്യക്തമാണ്...അതിനുള്ളില്‍ ശരീരമുണ്ടെന്ന് ഊഹിച്ചെടുക്കേണ്ടി വരും..ബ്ലൗസിന്റെ വട്ടക്കഴുത്തിനു പുറത്തേക്ക് ആമക്കഴുത്തുപോലെ ഒരു കറുത്ത തലയുമുണ്ടെന്ന് തോന്നുന്നു..സൂക്ഷിച്ച് നോക്കി, അത്ര ദയനീയമല്ലാത്ത മുഖം!!.....
എല്ലാ ഭിക്ഷക്കാരേയും പോലെ എനിക്കു നേരെ വിരലുകള്‍ കൂട്ടിവച്ച കൈനീണ്ടു, അതിനുശേഷം അവരുടെ വായിലേക്കും പിന്നെ വയറിലേക്കും. വീണ്ടും എന്റെ നേര്‍ക്ക്, വായിലേക്ക് വയറിലേക്ക്..ഇത് ചില കംപ്യൂട്ടര്‍ ക്രിയകള്‍ നേരത്തേ ഫീഡ് ചെയ്തു വച്ചിരിക്കുന്ന പോലെയാണ്.. പണം-ഭക്ഷണത്തിന്- വിശപ്പകറ്റാന്‍ എന്നുള്ള പൊതുതത്വം..പതിവിലധികം തവണ കാണിച്ചിട്ടും ഞാന്‍ അനങ്ങുന്നില്ലെന്ന് കണ്ട് അവര്‍ അടുത്തിരുന്ന മധ്യവയസ്‌കന്റെ അരികിലേക്ക് നീങ്ങി....ശല്യങ്ങളെല്ലാം ഒഴിഞ്ഞതും കണ്ണ് വീണ്ടും മനസ്സിലേക്ക് ശ്രദ്ധിച്ചു തുടങ്ങി..വീണ്ടും ഈറനണിയിച്ച കണ്ണിനെ മറയ്ക്കാന്‍ ഞാന്‍ തലകുനിച്ചു. രണ്ടു നിമിഷം, അതേപോലെ തന്നെ വീണ്ടും തോണ്ടല്‍!!......പണ്ടാരം.....#@*&%....തലയുയര്‍ത്തി നോക്കി അതേ പച്ച സാരി, കറുത്ത മുഖം.....ഇതും പതിവാണ്..ശുഭാപ്തിവിശ്വാസം കൂടിയവരാണിവര്‍, എത്ര പ്രാവശ്യം വേണമെങ്കിലും തളരാതെ തങ്ങളുടെ ആവശ്യം നിറവേറുന്നതുവരെ, അല്ലെങ്കില്‍ നമ്മള്‍ ദേഷ്യപ്പെടുന്നതുവരെ ഇവര്‍ ഇങ്ങനെ തോണ്ടിക്കൊണ്ടേയിരിക്കും....

പക്ഷേ, ഇത്തവണത്തെ നില്‍പ്പിലും ഭാവത്തിലും ആകെയൊരു മാറ്റമുണ്ട്..മുഖത്ത് അപേക്ഷയല്ല, ചോദ്യഭാവമാണ്..ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.  എന്നെ വീണ്ടും തലയില്‍ തോണ്ടി അവര്‍ ചോദിച്ചു'എന്തു പറ്റി?'.....ചോദ്യം ആഞ്ഞ് വന്ന് തറച്ചത് എന്റെ ചെവിയിലേക്കായിരുന്നില്ല..എന്റെ ഒറ്റപ്പെടലെന്ന തോന്നലിന്റെ ഭിത്തിയിലേക്കായിരുന്നു..തറച്ചയുടനെ ഭിത്തിയില്‍ നിന്നും ചോര പൊടിഞ്ഞു..ആ വേദനയില്‍ അത്യാവശ്യം നന്നായി ചിരിച്ചു കൊണ്ടു പറഞ്ഞു 'ഒന്നുമില്ല'..കൂടുതലൊന്നും ചോദിക്കാതെ അവര്‍ തിരിഞ്ഞു നടന്നു...ഞാന്‍ പറഞ്ഞതവര്‍ കേട്ടിട്ടുണ്ടാവില്ല, പക്ഷേ എന്നെ വഞ്ചിച്ച് എന്റെ കണ്ണുകളില്‍ നിന്നും ഊര്‍ന്നിറങ്ങിയ കണ്ണുനീര്‍ നല്‍കിയ മറുപടി അവര്‍ക്ക് ധാരാളമായിരുന്നിരിക്കണം...

എന്റെ ആത്മത്തോട് ചേര്‍ന്നു നില്‍ക്കുന്നവരോടെല്ലാം, ഞാന്‍ പറഞ്ഞ (അല്ല, വിശദീകരിച്ച) എന്റെ അസ്വസ്ഥതകളേക്കുറിച്ച് അവര്‍ക്കിതുവരെ മനസ്സിലായിട്ടില്ല...

ജീവിതത്തില്‍ പലതവണ ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍...കുറച്ചധികകാലം എനിക്ക് എന്റെ സമീപത്തെ ദൈവത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല..ബ്ലോഗിലൂടെ ആ ദൈവങ്ങളേക്കുറിച്ച് പറയാന്‍ ഞാന്‍ ശ്രമിച്ചതുമില്ല...വീണ്ടും, വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ മുന്നിലെത്തിയ മരിച്ചവരുടെ കുര്‍ബ്ബാനയിലെ മാലാഖയേപ്പോലെ, ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്നകത്ത് ചോദ്യവുമായൊരു മാലാഖയേക്കണ്ടു - മുന്നിലിരിക്കുന്ന വിഷാദമുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാന്‍, അവരുടെ മുന്നിലേക്ക് എന്താ പറ്റിയേ എന്നൊരു ചോദ്യമെറിഞ്ഞ് ദൈവരൂപിയാകാന്‍ ഞാനും മറക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തലുമായി ആ മാലാഖ വന്ന് പോയി....

Monday, December 2, 2013

ചിലപ്പോഴെങ്കിലും ചില വഴക്കുകള്‍ നല്ലതാണ്


'നോ, രാവിലെ തന്നെ ഒരു ഡിബേറ്റിനു ഞാനില്ല'.

 സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരഖ്‌ന കൊടുക്കേണ്ടിയിരുന്നോ എന്നതിനെ ഞാന്‍ ന്യായീകരിച്ചും അവള്‍ സംശയിച്ചും  സംസാരിക്കുകയായിരുന്നു. സച്ചിന് മറ്റാര്‍ക്കുമില്ലാത്ത അത്ര ബാക്ക് അപ്പ് ഉണ്ടായിരുന്നുവെന്ന് അവള്‍.. ബാക്കപ്പ് ഉണ്ടായാലും കഴിവില്ലെങ്കില്‍ കാര്യമില്ലല്ലോയെന്ന് ഞാന്‍... അതു കുറച്ചുകൂടി വിശദീകരിക്കാനുള്ള ശ്രമമാണ് അവള്‍ തടുത്തത്. തിരിച്ചു വന്ന് കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നപ്പോള്‍ ഓര്‍മ്മ വന്നത് മറ്റൊന്നാണ്.


സ്വീകരണമുറിയിലെ തടിക്കസ്സേരയില്‍ അപ്പായി ശാന്തനായി ഇരിക്കുകയാണ്. ഇടിവെട്ടി പെയ്യുന്ന മഴയൊന്ന് ശമിച്ചിട്ട് പുറത്തേക്കിറങ്ങാമെന്ന് കരുതിയിരിക്കുന്ന ഒരാളെപ്പോലെ നിസ്സംഗനായി..മുറിയിലേക്ക് മുഖം തിരിച്ച് നിന്ന മറ്റു മൂന്ന് മുറികളുടേയും ഓരോ വാതിലിലായി ഞങ്ങള്‍ മക്കളും സ്ഥാനം പിടിച്ചിരുന്നു. കാണുകയാണ്. മലയാളപാഠപുസ്തകത്തിലെ നായികമാര്‍ അമ്മയുടെ ഏകാഭിനയത്തിലൂടെ  മുന്നിലവതരിക്കുന്നത് ആസ്വദിക്കുകയാണ്. അലറിച്ചിരിക്കുന്ന ഭ്രാന്തിയും, മകനെ തള്ളാനും കൊള്ളാനും പറ്റാത്ത വ്യഥയുമായി കുന്തിയും, അമ്മയെന്ന വിളി കേട്ട് മരിക്കാന്‍ കിടക്കുന്ന വൃദ്ധയുടെ ദീനതയും, ഭാരമേറുമ്പോഴും കുനിയാത്ത തോളുമായി നില്‍ക്കുന്ന ശക്തിയുള്ള നായികയും അങ്ങനെ പലരും.....കുറച്ചെങ്കിലും അസ്വസ്ഥത രണ്ടാമത്തെ ചേട്ടന് മാത്രമാണ്.
അവസാനം അമ്മ പറയും - ഒന്ന് വാ തുറക്കാവോ, എന്തു പറഞ്ഞാലും കമാന്നൊരക്ഷരം പറയാതിരുന്നാല്‍ മതിയല്ലോ....മക്കള് നോക്കുമ്പോഴെന്താ ഒച്ചപ്പാടുണ്ടാക്കുന്നത് എപ്പോഴും ഞാനാണല്ലോ...അപ്പന്‍ പാാാാാാാവംംംം.....                 

 ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 39 വര്‍ഷം തികച്ച കുടുംബജീവിതത്തില്‍ ഒരിക്കലും അമ്മയ്ക്ക് മറുപടി ലഭിച്ചിരുന്നില്ല.. ഒരു വഴക്കിലും അപ്പായിയുടെ ശബ്ദം ഞങ്ങള്‍ കേട്ടില്ല. അമ്മ  പറയുന്നത് ശരിയുമായിരുന്നു..ഞങ്ങളുടെ മനസ്സില്‍ അപ്പായിയോടുള്ള ബഹുമാനം വര്‍ഷം തോറും കൂടിവന്നു. ഒപ്പം അമ്മയെന്താ ഇങ്ങനെ എന്ന നീരസവും..

                      എന്റെ ജീവിതത്തില്‍ നിന്നും തര്‍ക്കങ്ങളും വഴക്കുകളും ഇല്ലാതാകുന്നതു വരെ ഞാനും അറിഞ്ഞിരുന്നില്ല - അമ്മയെന്തായിരുന്നു ആ വഴക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന്. ഞാനുമെപ്പോഴും പറയാറുണ്ടായിരുന്നു - ഒന്നുകില്‍ പറഞ്ഞുതീര്‍ക്കണം, ഇല്ലെങ്കില്‍ തല്ലിത്തീര്‍ക്കണം. അങ്ങനെ സാധിക്കാതെ വരുമ്പോള്‍ ഞാന്‍ വല്ലാതെ ശ്വാസംമുട്ടല്‍ അനുഭവിക്കുമായിരുന്നു.
സ്‌നേഹത്തേക്കുറിച്ച് ഏറെ പറയാറുള്ളത് അപ്പായിയായിരുന്നു. പക്ഷേ അമ്മയോളം സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു...അമ്മയുടെ വഴക്കുകള്‍ മുഴുവന്‍ അപ്പായിയോട് മാത്രമായിരുന്നു. അപ്പായിയെ അമ്മ സ്‌നേഹിച്ചതുപോലെ ആരും സ്‌നേഹിച്ചിട്ടുമില്ല. ഞാന്‍ പോലും..!! അമ്മ എന്നും ഒരു വഴക്കായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതായിരുന്നു അമ്മയ്ക്ക് സന്തോഷവും.
                   മഴക്കാറ് വന്നു മൂടി ഇരുണ്ട ആകാശം...കുറച്ച് കഴിഞ്ഞ് പ്രകാശം വരുമായിരിക്കും. പക്ഷേ അതൊരു മഴയായി പെയ്‌തൊഴിഞ്ഞിട്ടാണെങ്കില്‍ തോന്നുന്ന സുഖത്തോളം വരില്ലല്ലോ...അതുപോലെ തന്നെ....
തര്‍ക്കങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, വഴക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ ഉപരിതലത്തില്‍ നിന്ന് എല്ലാം നന്നാക്കാന്‍ അടക്കിപ്പിടിക്കുമ്പോള്‍, എല്ലാം സമ്മതിച്ചു വിട്ടുകൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ആത്മബന്ധം തിരിച്ചറിയുകയാണ് ഞാന്‍. മനസ്സില്‍ നിന്നും ഓരോ സൗഹൃദങ്ങളേയായി മടക്കി അയയ്ക്കുമ്പോഴാണ് ഞാനും മനസ്സിലാക്കുന്നത്, അടിപിടികള്‍ക്കു പിന്നിലുണ്ടായിരുന്ന നന്മ.....അവരെന്നെ നോവിക്കുമ്പോള്‍ അത് സഹിച്ച്, അവരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുന്നതിനേക്കാള്‍ വലുതാണ് കരണം നോക്കി ഒന്നു പൊട്ടിച്ചിട്ട് മേലാലിത് ആവര്‍ത്തിക്കരുതെന്ന് പറയാനുള്ള അവകാശം നമുക്കുണ്ടാകുന്നത്. ആ ബന്ധത്തിന് മാത്രം ചില പ്രത്യേകതകളുണ്ടാകും...നന്മയുണ്ടാകും....



Saturday, November 23, 2013

പയ്യന്നൂര്‍ ഗവ. ആയുര്‍വ്വേദം


ചുറ്റുപാടുകളേയെല്ലാം വെയില് പൊള്ളിക്കുമ്പോള്‍ ശീതളിമയോടെ ചിരിച്ചു നില്‍ക്കുന്ന ഒരാശുപത്രി. പയ്യന്നൂര്‍ ഗവ. ആയ്യുര്‍വേദാശുപത്രിയെ ഒറ്റവരിയില്‍ അങ്ങനെ പറയാം. മുറ്റം നിറഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ നിഴലില്‍ രണ്ടുവട്ടം നോക്കിയാല്‍ മാത്രം കാണുന്ന മണ്ണിന്റെ നിറമുള്ള ആശുപത്രി. ഒന്നേയുള്ളൂവെങ്കിലും ഒരാലസ്യത്തില്‍ നില്‍ക്കുന്ന ഗേറ്റിനു നേരെയുള്ള ഓഫീസ് തുറന്നല്ലായെങ്കില്‍ ഇതൊരു ആള്‍വാസമുള്ള ആശുപത്രിയാണെന്ന് തിരിച്ചറിയുക പ്രയാസം.


കിലോമീറ്ററുകള്‍ താണ്ടി, കൂവോട് ആയുര്‍വ്വേദ ഗവേഷണ ആശുപത്രിയും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജും മൈന്‍ഡ് ആക്കാതെ നേരെ പയ്യന്നൂര്‍ക്ക് വച്ചു പിടിക്കാനുണ്ടായ ചേതോവികാരമെന്താണെന്ന് ഇവിടെ അഡ്മിറ്റായ അന്നുമുതല്‍ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ ചോദിച്ചു തുടങ്ങിയതാണ്. വ്യക്തമായൊരുത്തരം എന്റെ പക്കലുമില്ലാത്തതിനാല്‍ - വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോയെന്ന് പാതി എനിക്കും പാതി അവര്‍ക്കും കൊള്ളുന്ന കുസൃതിയുത്തരത്തില്‍ ഞാനവരെ ഒതുക്കി.
ആശുപത്രി ഗേറ്റിനു മുമ്പില്‍ നിന്നും ആരംഭിച്ച അമ്മയുടെ നെറ്റി ചുളിക്കല്‍ ഡോക്ടറെ കണ്ടപ്പോഴും, അഡ്മിറ്റാകണമെന്നാവശ്യപ്പെട്ടപ്പോഴും കൂടിക്കൂടി വന്നു. ഒടുവില്‍ വാര്‍ഡുകള്‍ മാത്രമുള്ള ഒരു ചെറിയ ആശുപത്രിയാണിതെന്നറിഞ്ഞപ്പോള്‍ അമ്മ സംശയത്തോടെ എന്നെ നോക്കി. ആദ്യമായി കാഴ്ചബംഗ്ലാവിലെത്തുന്ന കുട്ടിന്നയുടെ കൗതുകത്തില്‍ നില്‍ക്കുന്ന എന്നെ പിന്‍തിരിപ്പിക്കാനുള്ള അമ്മയുടെ കച്ചിത്തുരുമ്പായിരുന്നു ആ കാര്യം. അമ്മയ്ക്കറിയാം, പകല്‍ എങ്ങനെയൊക്കെ അര്‍മാദിച്ചാലും രാത്രി എന്റെ മാത്രമാകണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. എന്നില്‍ നിന്നും പ്രതികരണമൊന്നും കാണാതായപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു - പരിയാരത്തേക്കു തിരിച്ചു പോയാലോ? ഇവിടെ റൂമില്ലല്ലോ. എല്ലാത്തിനും എന്തേലും കാരണമുണ്ടാകും അമ്മേ....മറുപടിക്കുപകരം മകള്‍ ഫിലോസഫി പറഞ്ഞതു അമ്മയ്ക്കത്ര പിടിച്ചില്ല. നിന്റെയിഷ്ടം എന്ന വാക്കില്‍ എല്ലാം തീരുമാനിക്കപ്പെട്ടു. അത്യാവശ്യമുള്ളതെല്ലാം ചെയ്തിട്ട് രാവിലെ തന്നെ അമ്മ വീട്ടിലേക്ക് പോയി, നാളെ അവശ്യസാധനങ്ങളുമായി വരാമെന്നും പറഞ്ഞ്. ഞാന്‍ വാര്‍ഡിന്റെ വരാന്തയിലൊരു കസേരയില്‍ എനിക്കായി എഴുതപ്പെട്ട കട്ടിലിലെ രോഗി ഡിസ്ചാര്‍ജാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. പുതുപ്പെണ്ണിനെ കാണാന്‍ അയല്‍പക്കക്കാരെത്തുന്ന ആര്‍ജവത്തോടെ ഓരോരുത്തരായി വന്ന് അന്വേഷണവും ആരംഭിച്ചു. ആദ്യത്തെ അഞ്ചു ചോദ്യങ്ങള്‍ പൊതുവായതാണ്. അതുതന്നെ ഇരുപതോളം തവണ ആവര്‍ത്തിക്കപ്പെട്ടു. അവിടെയിരുന്ന മണിക്കൂറുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം എന്റെയുള്ളിലൊരു ആര്‍ത്തനാദം തന്നെ ഉണ്ടാക്കി. ഈശ്വരാ! വയസ്സിത്തള്ളമാരുടെ അയല്‍ക്കൂട്ടത്തില്‍ പെട്ട പോലെ. ഇനിയിവിടെ നില്‍ക്കണ്ടായെന്ന്  അമ്മയോട് പറയാനും വയ്യ.. ഓഫീസില്‍ നിന്നും ശുഭ്രവസ്ത്രധാരിയായ ഒരാള്‍ ആവശ്യപ്പെട്ടു - റേഷന്‍ കാര്‍ഡ്. രണ്ടും കല്പിച്ച് ഞാനെന്റെ കയ്യിലിരുന്ന റേഷന്‍കാര്‍ഡിന്റെ കോപ്പി ചിരിച്ചുകൊണ്ടയാള്‍ക്കു നല്‍കി.
 

തൊട്ടടുത്ത കട്ടിലിലെ അന്നാമ്മച്ചി മുതല്‍ തുടങ്ങിയതാണ്. വാത്സല്യവും സ്‌നേഹവും വാരിക്കോരിത്തന്ന് കുറേ അമ്മമാര്‍ക്കു നടുവില്‍ ഇതിപ്പോള്‍ 33 ാം ദിവസം. പത്രക്കാരിയായതോടെ എന്നിലേക്കാവാഹിക്കപ്പെട്ട കപട പക്വതയും ഗൗരവവുമെല്ലാം ആദ്യത്തെ ചില ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പടംപൊഴിച്ചു കഴിഞ്ഞിരുന്നു. കൊഞ്ചിച്ചു വഷളാക്കപ്പെട്ടവളെന്ന അമ്മയുടെ പരാതി ദിവസവും കേള്‍ക്കാറുണ്ടായിരുന്ന ഞാന്‍ കൊഞ്ചുന്നതെങ്ങനെയെന്നു പോലും വിസ്മരിച്ചു പോയിരുന്നു. ഉറക്കെച്ചിരിക്കാനോ മുന്‍പുണ്ടായിരുന്ന പോലെ വട്ടുകള്‍ കാണിക്കാനോ സമയമോ സന്ദര്‍ഭമോ എനിക്കുണ്ടായിരുന്നില്ല. ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, പുല്ലിനേയും പുഴുവിനേയും,  സുഹൃത്തിനേയും ശത്രുവിനേയും, കണ്ടതിനേയും കാണാത്തതിനേയും....അങ്ങനെ എല്ലാത്തിനേയും സ്‌നേഹിച്ചിരുന്ന എന്നില്‍ അവശേഷിച്ചത് എല്ലാത്തിനോടുമുണ്ടായ നിസ്സംഗതയില്‍ നിന്നുള്ള ശാന്തത മാത്രമായിരുന്നു.


ഓരോ കട്ടിലിലും പോയിരുന്ന് ഓരോ തരത്തില്‍ കൊഞ്ചുമ്പോള്‍, അവരില്‍ നിന്നും പലതരത്തിലുള്ള വാത്സല്യങ്ങള്‍ സ്വീകരിക്കുമ്പോള്‍, അവരിലൂടെ അവരുടെ വീട്ടുകാരുടേയും ഇഷ്ടം കാണുമ്പോള്‍, അടങ്ങിക്കിടക്കാത്തതിന് അവരെന്നെ ശകാരിക്കുമ്പോള്‍, മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ ......നന്ദിയുണ്ട് ചിലരോട്, ചിലതിനോട്, എന്നെ തിരിച്ചു നല്‍കിയതിന്....ഇനിയൊരു പത്രക്കാരിയിലേക്ക് അന്തര്‍മുഖയാകാന്‍ ഞാനില്ലെന്ന തീരുമാനത്തില്‍ ഉറപ്പിച്ചതിന്.
 

എന്റെ ഇവിടുത്തെ അമ്മമ്മമാരെല്ലാം പറയാറുണ്ട് ഞങ്ങള്‍ക്കു ഭേദമായില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞിക്ക് വേഗം ഭേദമാകണേയെന്ന് .. അവരറിയുന്നില്ലല്ലോ - അവരെ വിട്ടു പോകാന്‍ മനസ്സുവരാത്തതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് പൊയ്‌ക്കോളാന്‍ പറഞ്ഞ ഡോക്ടറോട് ഞാന്‍ ഒരു ഏഴു ദിവസം കൂടി ഏതെങ്കിലും ട്രീറ്റ്‌മെന്റ് നടത്തി എന്നെ   ഇവിടെ കിടത്താന്‍ ആവശ്യപ്പെട്ടത്.







Tuesday, August 13, 2013

ഗുരുവേ നമഃ


അറുബോറന്‍ ബാങ്കുകളും ബാങ്ക് ഇടപാടുകളും എനിക്ക് അലര്‍ജിയായതുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഞാനാ പരിസരത്തു പോലും പോയിരുന്നില്ല. തൃശ്ശൂരില്‍ വന്നു കഴിഞ്ഞാണ്, ചില്ലറ ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുമായി പരിചയപ്പെട്ടു തുടങ്ങിയത്.ബോറന്‍മാര്‍ക്കു പറ്റിയ പണിയാണ് ബാങ്കുദ്യോഗം - ഇപ്പോഴും എന്റെയീ കാഴ്ചപ്പാടിന് മാറ്റമുണ്ടായിട്ടില്ല. അക്കങ്ങളുടെ നിലയില്ലാക്കയത്തില്‍ നീര്‍ക്കാംകുഴിയിട്ടിരിക്കുന്നവരില്‍ പലരും പലപ്പോഴായി തങ്ങള്‍ ബോറന്‍മാരാണെന്ന് തെളിയിക്കാറുമുണ്ട്. ബാങ്കുദ്യോഗസ്ഥര്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളില്ലേയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചു കഴിച്ച് അടച്ച വായ പിന്നീട് ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു വേണ്ടി മാത്രം തുറക്കാറുള്ള ചിലരെ കണ്ടിട്ടുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകള്‍ക്കുള്ളില്‍ കയറിയാല്‍ ഡംപ് ആന്റ് ഡഫ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പോലെ തോന്നും. സംശയങ്ങള്‍ ചോദിച്ചാലും കേട്ട മട്ടുണ്ടാവില്ല, കുറച്ചു കൂടി ഉറക്കെ ചോദിച്ചാല്‍ മാവേലി നാക്ക് പുറത്തു ചാടും - ഞാനിവിടെ ഒരു ജോലി ചെയ്യുന്നത് കണ്ടൂടെ? - തികച്ചും ന്യായമായ ചോദ്യമാണെന്നാണ് എന്റെ പക്ഷം. കാര്യം കണക്കിന്റെ കളിയാ, ഒന്നു ശ്രദ്ധ പതറിയാല്‍ ചിലപ്പോള്‍ വൈകീട്ട് പോക്ക് വൈകും. പത്തിന്റെ പത്തു നോട്ട് പോലും കൃത്യമായി എണ്ണാനൊക്കാത്ത എനിക്ക് ആ ചോദ്യം തികച്ചും ന്യായമായേ തോന്നൂ..

             110 വേഗതയില്‍ പൊയ്‌ക്കോണ്ടിരിക്കുമ്പോഴായിരിക്കും മൊബൈല്‍ അടിക്കുക. വളരെ പതുക്കെ, ഫോണ്‍ ചെവിയിലോട്ട് വയ്ക്കുമ്പോള്‍ ചില അടിപ്പടങ്ങള്‍ ഓര്‍മ്മവരും. തുരുതുരാ അടിക്കുന്നതിനിടയ്ക്ക് ഒരു ഇടിവെട്ട് കറങ്ങിയടി മാത്രം സ്ലോമോഷനില്‍ കാണിക്കുന്ന സീന്‍. വാതില്‍ക്കല്‍ വരെ നീളുന്ന നിരയില്‍ ഓരോ കാലിലായി ബാലന്‍സ് മാറി മാറി നിന്ന് കഷ്ടപ്പെടുന്നവനെ കൊഞ്ഞനം കുത്തുന്ന പോലെ വിളി കുറച്ചു നീണ്ടേക്കാം. വളരെ പതുക്കെ ഫോണ്‍ കട്ട് ചെയ്ത് അതിനേക്കാള്‍ പതുക്കെ അത് മേശപ്പുറത്ത് വച്ച് വീണ്ടും 112 ല്‍ പണി തുടരും. പാദരക്ഷകള്‍ പുറത്ത് എന്നെഴുതിയ ബോര്‍ഡു പോലെ ചിരി പുറത്ത് എന്ന് തൂക്കിയിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു പോകും നമ്മള്‍. ബാങ്ക് മാനേജരെ കണ്ടാല്‍ ഹിമാലയസാനുക്കളില്‍ നിന്നും അപ്പോള്‍ ഇറങ്ങിവന്ന ഋഷിവര്യനെപ്പോലെ തോന്നും. എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആറു മാസത്തിലൊരിക്കല്‍ കിട്ടുന്ന ട്രയിനിങ്ങിന്റെ ദിവ്യപ്രകാശം മുഖവലയം തീര്‍ത്തു നില്‍ക്കുന്നുണ്ടാകും. റിസേര്‍വ്വ് ബാങ്ക് നരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിമ്മിട്ടം ഈ മുഖങ്ങളില്‍ നേരിട്ട് ദര്‍ശിക്കാം. 


കേരളമിന്ന് പണിമുടക്കുകയാണ്. നാട്ടിലെ റോഡുകളില്‍ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന പ്രതിഭാസത്തിനെതിരേയാണ് മുടക്ക്. ബാങ്കിനതൊന്നും ബാധകമല്ല. കാനറാ ബാങ്കില്‍ ചെന്നപ്പോള്‍ ചെറുപൂരത്തിനുള്ള ആളുകളുമുണ്ട്. ബാങ്കിന്റെ ഒത്ത നടുക്ക് നിരത്തിയിട്ടിരിക്കുന്ന ഇരുമ്പു കസേരകളിലൊന്നില്‍ സമാധാനമായി ചെന്നിരുന്നു. എന്റെ കാര്യം നടക്കാന്‍ ഇനിയും അരമുക്കാല്‍ മണിക്കൂറെടുക്കും. ഞാനിരിക്കുന്നത് നാലാമത്തെ കൗണ്ടറിന് നേരേ മുമ്പിലാണ്. എന്റെ നേരേയിരിക്കുന്ന ബാങ്കുദ്യോഗസ്ഥനെ ശ്രദ്ധിച്ചു. മെലിഞ്ഞ് പൊക്കമുള്ള ഒരു പഴഞ്ചന്‍..സത്യന്റെ സിനിമയിലെ ഹെയര്‍ സ്റ്റൈലും മീശയും. ഇട്ടിരിക്കുന്ന ഷര്‍ട്ടിനകത്ത് അടുത്തിരിക്കുന്ന രണ്ടു പേര്‍ കൂടി കയറും..ഇതിനു മുമ്പും പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇതുവരെ ചിരിക്കുന്നതോ വാ തുറക്കുന്നതോ കണ്ടിട്ടില്ല.. ഇടയ്ക്ക് തന്റെ ഗോള്‍ഡണ്‍ ഫ്രയിമുള്ള ചെറിയ ചതുരക്കണ്ണടയ്ക്ക് മുകളിലൂടെ അയാളെന്നെ നോക്കി. നോട്ടം മൂന്നോ നാലോ പ്രാവശ്യം ആവര്‍ത്തിച്ചു. 


ഞാന്‍ പിന്നെ ശ്രദ്ധിക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ എഴുന്നേറ്റു നില്‍ക്കുകയാണ്. അയാള്‍ക്ക് മുന്നില്‍ നേര്യതുടുത്ത് സ്വര്‍ണ്ണത്തലമുടിയോടെ ഒരു അമ്മൂമ്മ. അല്പം വളഞ്ഞ്, ബഹുമാനത്തോടെ അയാള്‍ സംസാരിക്കുകയാണ്. എന്തൊരു മാറ്റം. ഇത്രനേരം ഞാന്‍ കണ്ട ആളേ അല്ല. ചിരിച്ച് സന്തോഷത്തോടെ സംസാരിക്കുന്ന അയാള്‍. ഇടയ്ക്ക് ടീച്ചറേ എന്നുള്ള അഭിസംബോധനയിലാണ് മുന്നില്‍ നില്‍ക്കുന്നത് അയാളുടെ അധ്യാപികയാണെന്ന് മനസ്സിലായത്. ജോലി ചെയ്‌തോളൂ എന്ന് ടീച്ചര്‍ അനുവദിച്ചിട്ടും അയാള്‍ക്ക് ഇരിക്കാന്‍ മടി. ടീച്ചര്‍ നിര്‍ബന്ധിച്ചപ്പോള്‍ ജാള്യതയോടെ അയാള്‍ കസേരയുടെ അറ്റത്ത് മാത്രമായി ഇരുന്നു. ടീച്ചര്‍ തിരിച്ചു പോകുമ്പോഴും അയാള്‍ എണീറ്റ് യാത്രയാക്കി. 

എണ്‍പതു വയസ്സു കഴിഞ്ഞ ടീച്ചറിനുമുമ്പില്‍ നിമിഷമാത്രയില്‍ വള്ളിനിക്കറിനകത്തേക്ക് ചുരുങ്ങാന്‍ കഴിഞ്ഞ മധ്യവയസ്‌കന്റെ സംസ്‌കാരത്തോട് ബഹുമാനം തോന്നി. ചുട്ടയിലയാള്‍ ശീലിച്ച നന്മ മങ്ങലേല്‍ക്കാതെ അയാള്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. പുറമേ പരുക്കനായും അകമേ സംസ്‌കാരസമ്പന്നവുമായ പഴയ തലമുറയില്‍ നിന്നും പുറമേ ജോളിയും അകമേ ശൂന്യവുമായ എന്റെ തലമുറയിലേക്ക് ഞാന്‍ തലകുനിച്ചു. 


Friday, August 9, 2013

നേരാന്‍ മറന്ന ആശംസ


വെറുതേ നടക്കാനിറങ്ങിയതായിരുന്നു. മഴക്കാറുള്ള സന്ധ്യകളുടെ ചാരനിറത്തില്‍ മുങ്ങിയങ്ങനെ നടക്കാന്‍ വല്ലാത്ത കൊതിയാണെന്നും. ഇപ്പോ പൊട്ടുമെന്ന മട്ടില്‍ വയറും വീര്‍ത്തിരിക്കുന്ന കറുത്ത കാര്‍മേഘങ്ങളെ ഇടയ്ക്കിടെ നോക്കി, ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച്, തല കുനിച്ച്, മുഖത്തേക്ക് വീഴുന്ന മുടിയിഴകളൊതുക്കാന്‍ തുനിയാതെ ഒന്നും കേള്‍ക്കാതെയും കാണാതെയുമുള്ള നടത്തം. എവിടെ വരെയെത്തിയെന്നോ, എന്താണ് ചുറ്റും സംഭവിക്കുന്നതെന്നോ അറിയാറില്ല. വല്ലാത്ത സുഖമുള്ള നടത്തത്തിലായിരുന്നു ഇന്നലെയും. കൈയ്യില്‍ അസൗകര്യമായി രണ്ടു പുസ്തകങ്ങളുണ്ടായത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. നടത്തം കൂടുതല്‍ നേരമുണ്ടായില്ല. പാര്‍ക്കിലെ ഒഴിഞ്ഞ ബഞ്ചില്‍ കടലയും കൊറിച്ചിരുപ്പായി. വാച്ച്മാന്‍ വന്ന് പറയും വരെ അവിടെത്തന്നെയിരുന്നു. രാത്രി തിരിച്ച് നടക്കുന്നതിനിടയില്‍ പെട്ടന്ന് തോന്നിയ ഒരാശയമായിരുന്നു കാപ്പി കുടിക്കാന്‍.. ഒറ്റയ്ക്ക് ഹോട്ടലില്‍ കയറുന്ന പതിവില്ല, എന്നിട്ടും ഒരു തോന്നലില്‍ കാപ്പി കുടിക്കാന്‍ തന്നെ തീരുമാനിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ ഇടയ്‌ക്കൊക്കെ കൂട്ടുകാരോടൊപ്പം കയറാറുള്ള ഹോട്ടലില്‍ കയറി. വെളുത്ത കോപ്പ കപ്പിലെ കാപ്പിക്കുവേണ്ടി ഞാന്‍ കാത്തിരുന്നു. 


 എന്റെ സ്വകാര്യതയിലേക്ക് വല്ലവരും കയറിയോയെന്നന്വേഷിക്കാന്‍ മൊബൈലെടുത്ത് പരിശോധിക്കുകയായിരുന്നു ഞാന്‍. ക്ലിം.....ചില്ലുപാത്രം നിലത്തു വീണ് പൊട്ടിച്ചിതറിയ ശബ്ദം. പുറകേ തന്നെ ഒരു നിലവിളിയും.. നോക്കുമ്പോള്‍ പതിനേഴ് വയസ്സ് പ്രായം തോന്നുന്ന ഒരു കൗമാരക്കാരന്‍. പകച്ച് നില്‍ക്കുന്ന അവന്റെ കാല്‍ച്ചോട്ടില്‍ മത്താപ്പൂ പടക്കത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന തരത്തില്‍ ഗ്ലാസ്സുകള്‍ ചിതറിക്കിടക്കുന്നു. രണ്ടോ മൂന്നോ ഗ്ലാസ്സുണ്ടാകണം. അനങ്ങാതെ നില്‍ക്കുന്ന അവനേയും നിലത്തേക്കും മാറി മാറി നോക്കുകയാണ് എല്ലാവരും. രണ്ട് സെക്കന്റ്....ഓടി വന്നൊരാള്‍ അവനെ പിടിച്ചു തിരിച്ചു നിര്‍ത്തിയതും കരണക്കുറ്റിക്ക് ഓങ്ങിയൊന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു. 

എന്റെ തൊട്ടടുത്തിരുന്ന മേശയിലെ രണ്ടു ചെറുപ്പക്കാര്‍ അറിയാതെ ചാടിയെണീറ്റു. വേറൊരു മേശയ്ക്കരികിലെ യുവതി പെട്ടന്ന് തല തിരിച്ചു. പലരുടേയും കൈകള്‍ അരുതെന്ന അര്‍ത്ഥത്തില്‍ നീണ്ടുപോയി.. ശ്ശൊ എന്ന ശബ്ദത്തിന്റെ മാറ്റൊലികള്‍ കുറേ നേരത്തേക്ക് കേട്ടു..ഹോട്ടലിലേക്ക് കയറാന്‍ തുടങ്ങിയവര്‍ അവിടെത്തന്നെ നിന്നു. അടുക്കളയില്‍ നിന്നും തലകള്‍ പുറത്തേക്ക് നീണ്ടു. അവന്റെ സഹപ്രവര്‍ത്തകര്‍ തലതാഴ്ത്തി. എന്റെ പ്രതികരണം എന്തായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒന്നുറപ്പ്, എല്ലാവരുടേയും ചില നിമിഷങ്ങള്‍ നിശ്ചലമായിപ്പോയിരുന്നു - ഒരാളുടേതൊഴിച്ച്!..ക്യാഷ് കൗണ്ടറിലിരുന്ന് കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തിരുന്നയാള്‍ ഒഴിച്ച്. കണ്ണടയ്ക്കു മുകളിലൂടെ ഒളിക്കണ്ണെറിഞ്ഞ് അയാള്‍ തന്റെ കിഴിക്കലുകളിലേക്ക് തിരിച്ചു.
ഏതു പിച്ചക്കാരനും മാനദണ്ഡങ്ങളോടെയാണെങ്കിലും അഭിമാനമുണ്ടാകില്ലേ. എച്ചില്‍ വാരുന്ന ഈ ചെറുക്കന്റെ കണ്ണില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനയും ശമ്പളത്തിലെ നഷ്ടത്തിന്റെ ദുഃഖവും വ്യക്തമായി കണ്ടു. കാപ്പി കുടിക്കാന്‍ നില്‍ക്കാതെ ഇറങ്ങി നടക്കുന്നതിനിടയില്‍ വയനാട്ടിലെ ഹോട്ടലില്‍ ഉണ്ടായ സമാന സന്ദര്‍ഭം ഓര്‍മ്മ വന്നു. കയ്യില്‍ നിന്നും വീണുപോയ ഗ്ലാസ്സും നോക്കി പേടിച്ചു നി്ന്ന ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ട്, എന്താടാ നോക്കി നില്‍ക്കുന്നെ. വാരിക്കളഞ്ഞിട്ട് അടുത്ത പണി നോക്കെടായെന്ന് ചിരിച്ചു കൊണ്ടു പറഞ്ഞ മാനേജരേയും ഓര്‍മ്മിച്ചു. പിന്നേയും രണ്ടു മൂന്ന് തവണ കൂടി അവനെ കളിയാക്കി, അവനെ സമനിലയിലേക്കെത്തിക്കാന്‍ സഹായിച്ച ആ മാനേജരെ ഞാന്‍ മനസ്സില്‍ നല്ല വാക്കുകള്‍ക്കൊണ്ട് അഭിനന്ദിച്ചു. ലാഭനഷ്ടങ്ങള്‍ക്കു മീതെ മനുഷ്യത്വമുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍ക്ക് അന്നേ പറയേണ്ടിയിരുന്ന നല്ല ആശംസകള്‍ വൈകിയാണെങ്കിലും 
മനസ്സില്‍ നേര്‍ന്നു.


Thursday, July 11, 2013

തുഴച്ചില്‍ക്കാരന്റെ തത്വശാസ്ത്രം

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് അടി മുകളിലുള്ള തടാകത്തില്‍ നിന്നും പല ആയിരം അടിയോളം മുകളിലേക്കുയര്‍ന്ന് എന്നെ വീണ്ടും വീണ്ടും ചെറുതാക്കിയ രാജീവ് എന്ന തുഴച്ചില്‍ക്കാരന് വേണ്ടി........
വയനാട്ടിലെ പൂക്കോട് തടാകത്തിലേക്ക് രാവിലെ ചെല്ലുമ്പോള്‍ ഭാഗ്യമെന്ന പോലെ ബോട്ടില്‍ കയറാന്‍ കൂപ്പണ്‍ കിട്ടി. ഏഴു പേര്‍ക്കുള്ള ബോട്ടിലേക്ക് ഞങ്ങള്‍ മൂന്ന് പേര് പോര, കൂട്ടിന് തമിഴ് നാട്ടില്‍ നിന്നും വന്ന കുടുംബവും കൂടി. ബോട്ടിലേക്ക് കയറി ഏറ്റവും പുറകിലെ ഒറ്റ സീറ്റില്‍ ഞാന്‍ ഇരുന്നു. മുന്നിലായി കൂടെയുള്ളവരും....ആകെ, ഏഴു മുതിര്‍ന്നവരും രണ്ടു കുട്ടികളും... തുഴയുന്നവന്റെ കൈയ്ക്ക് മൂന്നാളുടെ ശക്തിയും പോരാതെ വരുമെന്നു തോന്നി.. പക്ഷേ തുഴച്ചില്‍ക്കാരന്‍ ചെറിയ വടിയുടെ അറ്റത്തു രണ്ടു വട്ടം കറക്കിയെടുത്തപ്പോഴേ ബോട്ട് ഉണര്‍ന്നു. 


            ഓരോരുത്തരുടെ പേര് ചോദിച്ചു തുടങ്ങിയ തുഴച്ചില്‍ക്കാരനോട് ആദ്യ നിമിഷങ്ങളില്‍ ഒരിത്തിരി നീരസം തോന്നാതിരുന്നില്ല... ആള്‍ക്കൂട്ടത്തില്‍ നിശബ്ദമാകാനുള്ള ജാഡ ശീലിച്ചെടുത്ത ഞങ്ങള്‍ക്കത് അലോസരമായില്ലെങ്കിലേ അതിശയമുള്ളൂ...ഇനിയുള്ള 20 മിനിട്ട് സഹിക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു മനസ്സില്‍. കൈയ്യിലെ ക്യാമറയും, കട്ടി കണ്ണടയും, ജൂബ്ബയും - പത്രപ്രവര്‍ത്തകയുടെ എല്ലാ ടച്ചുമുള്ള എന്നെ അയാള്‍ ചോദ്യം കൊണ്ട് ആക്രമിക്കാന്‍ അധിക താമസമുണ്ടായില്ല..എന്തുകൊണ്ട് പൂക്കോട് തടാകം ഇത്ര പ്രശസ്തമായി എന്ന്എന്താ ചോദിക്കാത്തെ എന്നതായിരുന്നു അയാളുടെ ആദ്യ സംശയം. അയാള്‍ തന്നെ അതിനു മറുപടിയും പറഞ്ഞു...സമുദ്ര നിരപ്പില്‍ നിന്നും 2290 അടി മുകളില്‍ എങ്ങു നിന്നും വെള്ളം ഒഴുകിയെത്താതെ എങ്ങനെ അഞ്ചു നില കെട്ടിടത്തോളം ആഴമുള്ള ഒരു തടാകമുണ്ടായി! ഈ തടാകത്തിന് ഇന്ത്യാ ഭൂപടത്തിന്റെ രൂപം എങ്ങനെയുണ്ടായി!ഈ തടാകത്തിലെ ജലം ഇന്നും ശുദ്ധജലമായി തുടരുന്നതെങ്ങനെ!
എല്ലാം പ്രകൃതിയുടെ ലീലാവിലാസം!  പൂക്കോട് തടാകത്തിനെ അതിശയമായിട്ടാണ് അയാള്‍ കാണുന്നത്. സൃഷ്ടിസൗന്ദര്യമെന്നും. 


വയനാടിന്റെ എട്ടര ഹെക്ടര്‍ മാത്രമുള്ള ഈ തടാകത്തിനു മുകളിലൂടെ ദിവസവും അമ്പതും അറുപതും തവണ സഞ്ചാരികളേയും കയറ്റി റൗണ്ടടിക്കുന്ന ഈ തുഴച്ചില്‍ ജോലിയെ അയാളെങ്ങനെ ഇത്രമാത്രം പ്രണയിക്കുന്നു?. അതിനേക്കാള്‍ ശമ്പളമുള്ള, ഗ്ലാമറുള്ള, സുഖമുള്ള ജോലിയില്‍ മനംമടുത്തു പോകുന്ന എന്നെ ഞാന്‍ അയാളോട് ചേര്‍ത്ത് വച്ച് നോക്കി.
            തന്റെ മുന്നിലിരിക്കുന്നവരില്‍ പലതരം സാധ്യതകള്‍ കണ്ടെത്തുകയാണ് അദ്ദേഹം. പുതിയ മുഖങ്ങളിലും പരിചയങ്ങളിലും പുതുമയുള്ള ചിലതിനെ തിരയുകയാണ്. തനിക്കു മുന്നിലെത്തുന്നവരുടെ യാത്രാനുഭവങ്ങളും അവരുടെ ജീവിതസഞ്ചാരങ്ങളും ഇദ്ദേഹത്തെ കൂടുതല്‍ കുതൂഹിയാക്കുന്നു. അവരുടെ അനുഭവങ്ങളിലൂടെ മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്ത്, അനുഭവസ്ഥനാകുന്നു. അവരുടെ വാക്കുകള്‍ക്കിടയില്‍ നിന്നും പുതിയൊരു അറിവിനു വേണ്ടി പരതുന്നു. അങ്ങനെ, ലോകമെമ്പാടും യാത്ര ചെയ്തവരേപ്പോലെയും തത്വജ്ഞാനികളേപ്പോലെയും സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളേക്കുറിച്ചും വീടിനേക്കുറിച്ചും വാചാലനായി. ചാവുകടല്‍ തന്റെ കൊച്ചുവീട്ടിലെ അലമാരയ്ക്കുള്ളിലെത്തിയതിന്റെ ഗര്‍വ്വം മുഖത്തും തിരയടിച്ചു. ഇതുപോലെയുള്ള ഒരു ഇരുപതു മിനിട്ടു ബോട്ടുസഞ്ചാരത്തിനിടയില്‍ പരിചയപ്പെട്ട രണ്ടു പേരുമായുള്ള സൗഹൃദമാണ് അതിനു കാരണം. അപൂര്‍വ്വമായതൊക്കെ ശേഖരിക്കുന്ന അപൂര്‍വ്വ വിനോദവുമുണ്ട് ഇയാള്‍ക്ക്. വീട്ടിലെ ശേഖരങ്ങള്‍ കാണാന്‍ സ്‌നേഹത്തോടെ ക്ഷണിക്കുകയും ചെയ്തു. 


           ഇതിനിടയില്‍ തന്റെ ജോലിയോട് 110 ശതമാനവും നീതി പുലര്‍ത്തുന്നതിനേക്കുറിച്ചും പറഞ്ഞു. വെറുതേ ബോട്ടില്‍ കയറ്റി ചുറ്റിച്ചു കാണിക്കുകയല്ല, ഈ തടാകത്തിന്റെ വിശേഷവും വിശേഷണവും വിവരിച്ചു കൊടുക്കും. അവര്‍ ചോദിച്ചാലും ഇല്ലെങ്കിലും. അതിനു ഹിന്ദിയും ഇംഗ്ലീഷും തമിഴും എല്ലാം കൈവശമുണ്ട്.
 മിനിട്ടുകള്‍ മാത്രമുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ഒരിക്കലും മറക്കാനാവാത്ത വിധം ഞങ്ങളുടെ മനസ്സിലേക്ക് കയറാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചെറുതോ വലുതോ എന്നല്ല, ചെയ്യുന്നതില്‍ നമ്മുടെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിയുന്നതിലാണ് മിടുക്കെന്ന് അയാള്‍ പറയാതെ പറയുകയായിരുന്നു.
                   തടാകക്കരയിലിരുന്ന് കാറ്റു കൊണ്ടിരുന്ന രണ്ട് വൃദ്ധദമ്പതികള്‍ക്കു നേരെ അയാള്‍ കൈവീശി. അവര്‍ തിരിച്ചും. ഞങ്ങള്‍ക്കു തൊട്ടുമുമ്പ് ബോട്ടില്‍ യാത്ര ചെയ്തവരായിരുന്നു അവര്‍. ഇന്നത്തെ സൗഹൃദ ശേഖരത്തിലേക്കുള്ള അയാളുടെ പുതിയ മുത്തുകള്‍..












Monday, April 15, 2013


പന്ത്രണ്ട് വയസ്സുള്ള പുരുഷന്‍


ഇന്നൊരു അസാമാന്യ ദിവസമായിരുന്നു. എന്റെ ഫഌറ്റിലെ ഒരു മുറിയിലെ കത്തുന്ന പ്രകാശത്തില്‍ സുഖമായി ഉറങ്ങുന്ന പുരുഷനെ നോക്കി ഞാന്‍ നിന്നു. പന്ത്രണ്ടു വയസ്സുള്ള അവനെ നോക്കി ഒരു പുരുഷനാണെന്ന് കരുതാന്‍ മാത്രം വലുപ്പമുള്ള (അതോ ചെറുതോ) ഒരു മനസ്സെനിക്കില്ലാതെ പോയല്ലോ എന്നോര്‍ത്തു. ലൈറ്റ് അണച്ചാല്‍ ഭയപ്പെടുന്ന, വീട്ടില്‍ അച്ഛനേയും അമ്മയേയും കണ്ടില്ലെങ്കില്‍ ഞാന്‍ പേടിച്ച് കരയുമെന്ന് സ്വയം സമ്മതിച്ച അവനേയും തെറ്റായിക്കാണാന്‍ മാത്രം ക്രൂരതയുള്ള അയല്‍ക്കാര്‍ എനിക്കു ചുറ്റിലുമുണ്ടാകുമോ? 


എല്ലാ ശനിയാഴ്ചയും ഞാന്‍ പോകാറുള്ള ശിവപുരം കോളനിയിലെ കുരുന്നുകളിലൊന്നാണ് ഇവനും. നന്നായി വരയ്ക്കുന്ന അച്ചടക്കമുള്ള ഇവനെ തൃശ്ശൂര് സംഘടിപ്പിക്കുന്ന ക്യാംപില്‍ ചേര്‍ത്തത് ഞാനാണ്. ആ കോളനിയിലെ ഒരു കുട്ടിക്കും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത ഒരു ക്യാംപിലേക്കാണ് സൗജന്യമായി പങ്കെടുക്കാന്‍ ഇവനെ തെരഞ്ഞെടുത്തത്. അതിന് സഹായിച്ചത് എന്റെ സഹപ്രവര്‍ത്തകനും. രാവിലെ 9 മണിക്കു കൂലിപ്പണിക്കു പോകുന്ന അച്ഛനും അമ്മയ്ക്കും ഇവനെ ക്യാംപ് നടത്തുന്ന സ്ഥലം വരെ കൊണ്ടു വന്നു വിടാനോ, തിരിച്ച് കൊണ്ടു പോകാനോ കഴിയില്ല. ഈ നിവൃത്തികേട് കൊണ്ട് അവന്റെ ഭാഗ്യം തട്ടിത്തെറിച്ചു പോകണ്ടയെന്ന് കരുതി ഞാന്‍ സമ്മതിച്ചു - എന്റെ കൂടെ താമസിച്ചോട്ടെ - തൃശ്ശൂര്‍ നഗരത്തില്‍ തന്നെയുള്ള ഫഌറ്റില്‍ ജീവിക്കുന്ന എനിക്ക് അതൊരു ബാധ്യതയാകില്ലയെന്ന് നന്നായറിഞ്ഞു തന്നെയാണ് സമ്മതിച്ചത്.

ഫഌറ്റിലെത്തി, എന്റെ പുറകില്‍ നിന്നും അവന്‍ മാറുന്നുണ്ടായിരുന്നില്ല. പകല്‍ നടന്ന ക്യാംപിലെ വിശേഷങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല്. ഇതിനിടയില്‍ അവന്റെ വീട്ടില്‍ നിന്നും അമ്മയും മേമയും എന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. അമ്മയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെടുത്ത അനിയന്‍ ഉണ്ണി, അടുത്ത വീട്ടിലെ കീര്‍ത്തന, പാപ്പന്റെ മോള്, മാമന്‍, മേമ, അമ്മമ്മ അങ്ങനെ എട്ടോ പത്തോ പേരുടെ കൈകളിലേക്ക് മറുതലയ്ക്കലെ ഫോണ്‍ ചാടിക്കളിക്കുന്നത് ഇവിടെ നിന്ന് ഇവന്‍ പറയുന്ന വിളികള്‍ കേട്ടാല്‍ അറിയാം. ആദ്യത്തെ ഘട്ടം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: 'ആദ്യായിട്ടാ ഞാന്‍ മാറി നിക്കണേ...'
വെള്ളം മാറിക്കുളിച്ചാല്‍ പനിക്കുമോ? എന്നും ചോദിച്ച്, അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ ഒരു നുള്ള് രാസ്‌നാദിപ്പൊടി തലയില്‍ തിരുമ്മാനായി ചെന്നപ്പോള്‍ തടുത്തു. 'ഞാന്‍ തല നനച്ചില്ല ചേച്ചീ.. അമ്മ പറഞ്ഞു തല നനയ്ക്കണ്ടായെന്ന്...'. മുന്‍കരുതലെടുക്കാനും ഓര്‍മ്മിപ്പിക്കാനും അമ്മയുള്ളപ്പോള്‍ രാസ്‌നാദിപ്പൊടിക്കെന്തു സ്ഥാനം എന്നോര്‍ത്ത് ഞാന്‍ പുഞ്ചിരിച്ചു. 'ചേച്ചിക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയില്ലേ? അയ്യോ, ഞാനൊക്കെയാണേല്‍ കരയും..'.എന്നിട്ട് പണ്ടൊരിക്കല്‍ വണ്ടിയോടിക്കുന്ന മാമന്റെ വീട്ടില്‍ പോയി ഒറ്റയ്ക്കിരിക്കേണ്ടി വന്ന ദിവസം വിവരിച്ചു. പേടിച്ചു വിറച്ചിരുന്ന്, മാമന്‍ വന്നപ്പോള്‍ വാവിട്ട് നിലവിളിച്ച അവനേക്കുറിച്ച് പറഞ്ഞ് അവന്‍ തന്നെ ചമ്മിച്ചിരിച്ചു. പിന്നേയും ഒരു ഫോണ്‍ കൂടി വന്നു. ഏട്ടനെ കാണാതെ വിഷമിച്ച് കരയുന്ന പാപ്പന്റെ കുട്ടിക്കു വേണ്ടി വിളിച്ചതായിരുന്നു അത്. കറപറ്റാത്ത സ്‌നേഹത്തിന്റെ മണിയടികളായിരുന്നു അവ.


ആ നിഷ്‌ക്കളങ്കതയിലേക്ക് കല്ലു പെറുക്കിയെറിയാന്‍ തോന്നിയ സുഹൃത്തിനോട് എനിക്ക് വേദന തോന്നി. ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞപ്പോള്‍ അറിയാതെ വാ പൊളിച്ചുപോയി. അഞ്ചു ദിവസം ഇനി ഈ കുട്ടി എന്റെ കൂടെയുണ്ടാകുമെന്ന് അറിഞ്ഞതോടെ നിയന്ത്രണം വിട്ട സുഹൃത്തിന്റെ ദേഷ്യത്തിനു മുന്നില്‍ മിണ്ടാനാകാതെ നിന്നു. തോന്ന്യാസമെന്ന വാക്കിനുള്ളില്‍ എന്റെ പ്രവൃത്തിയെ ഒതുക്കാന്‍ കഴിയാതെ മറ്റു പല വിശദീകരണങ്ങളും തന്നു. മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് പറഞ്ഞപ്പോള്‍ അറിയാതെ പറഞ്ഞു പോയി ' വെറും പന്ത്രണ്ടു വയസ്സ്'..വയസ്സല്ല കാര്യം..ഇന്നത്തെ കാലത്ത് അതൊന്നും ഒരു വലിയ കാര്യമല്ല. നീ വലിയ അരുന്ധതി റോയി ഒന്നും ആകണ്ട....


പിന്നെയും ഞാന്‍ പിറുപിറുത്തു - വെറും പന്ത്രണ്ടു വയസ്സ്....


പറഞ്ഞ വഴക്കുകളൊക്കെ കണ്ണടച്ച് നിന്ന് കേട്ടു.... തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല, അവജ്ഞയോടെ ഞാന്‍ എന്നെ നോക്കി..ശരിയാണ് ഞാന്‍ ജീവിക്കുന്നത് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയേയും പീഡിപ്പിക്കുന്ന തെരുവുകളുള്ള നാട്ടിലാണ്.. കാമവൈകൃതം മരപ്പൊത്തില്‍ മറയ്ക്കാന്‍ ശ്രമിച്ച പതിമൂന്നുകാരന്റെ നാടാണ്...എല്ലാമറിയാം...എന്നാലും, നമുക്കെന്തേ നല്ലതൊന്നും ചിന്തിക്കാന്‍ കഴിയാതെ പോകുന്നൂ...തിന്മകളേക്കുറിച്ചുള്ള അമിതമായ അറിവ്, നന്മ ചെയ്യുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നില്ലേ...തിരിച്ചറിയാന്‍ കഴിയുന്ന നന്മകളേയും അകറ്റിയോടിക്കുന്നതെന്തേ?  തെറ്റാണ് വര്‍ദ്ധിക്കുന്നതെങ്കില്‍ അതിനൊപ്പം ശരി ചെയ്ത് മത്സരിക്കാന്‍ എന്തേ നമുക്ക് കഴിയുന്നില്ല!....
രാത്രി പന്ത്രണ്ട് മണിക്ക് ധന്യയുടെ ഫോണ്‍ വന്നു...അവള്‍ക്ക് ഈയാഴ്ച നൈറ്റ് ഡ്യൂട്ടിയാണ്, എന്റെ കൂടെയായിരിക്കും താമസം..പെട്ടന്നൊരു തണുപ്പ് തലയിലേക്ക് പടര്‍ന്നു, പക്ഷേ ഹൃദയമൊന്ന് വീര്‍ത്തുയര്‍ന്നു - ഈശ്വരാ, ധന്യ കൂടി വീട്ടിലുണ്ടാകുമെന്നത് എനിക്ക് ആശ്വാസം തരുന്നെങ്കില്‍ അതിനര്‍ത്ഥം ഞാനും ഇവര്‍ പറഞ്ഞതു വിശ്വസിച്ചു എന്നാണോ....??? ...മനസ്സു വിട്ട് ഊര്‍ന്നു പോകുന്ന നന്മയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ കിതച്ചു. 


Thursday, April 11, 2013


കുടുംബത്തില്‍ പിറന്നത്

6 മണി കഴിഞ്ഞ് ആര്‍ക്കു വേണ്ടിയും തുറക്കാത്ത ക്ലാരമഠത്തിന്റെ പ്രതാപം ഞാന്‍ കേട്ടിട്ടുണ്ട്. കെട്ടിപ്പൂട്ടിയ കരിങ്കല്ലുകള്‍ക്കുള്ളില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് ജീവിക്കുന്നവരാണത്രേ. ആണ്ടിലൊരിക്കല്‍ കാണാന്‍ ചെല്ലുന്ന അപ്പനെയും അമ്മയേയും വരെ കമ്പി വലയ്ക്കപ്പുറത്തു നിര്‍ത്തുന്ന ലൗകീക വിരക്തിയുള്ളവര്‍..  തീക്കോയിയില്‍ ബസ്സിറങ്ങി എഫ്.സി കോണ്‍വെന്റ് എന്നു ബോര്‍ഡു കണ്ട ടാറിട്ട റോഡിലേക്ക് തിരിഞ്ഞപ്പോള്‍ വാച്ചില്‍ 7 മണിയും കഴിഞ്ഞു. നടന്നും ഓടിയും മഠത്തിലേക്കുള്ള പടിക്കെട്ടിന്റെ തുടക്കം വരെയെത്തി നിന്നു. കെട്ടിടത്തിന്റെ മൂലയില്‍ ആരും അടിക്കല്ലേയെന്ന് കരഞ്ഞ് നില്‍ക്കുന്ന വലിയ മണിയും, അവനിട്ടൊന്ന് കൊടുക്കെന്ന ഭാവത്തില്‍ താഴോട്ട് തൂങ്ങുന്ന വള്ളിയും എന്നെ മിശ്ര വികാരങ്ങളോടെ നോക്കി. മണിയടിക്കാന്‍ ധൈര്യം പോര. അച്ചടക്ക ലംഘനത്തിന് മഠം മദറിന്റെ അടുത്തൂന്ന് ശിക്ഷ വാങ്ങാനുള്ള സമയം എനിക്കില്ല. ചുറ്റും നോക്കി, ഒരില പോലും അനങ്ങുന്നില്ല. തോര്‍ന്നു പോയ മഴയില്‍ ഇറ്റു വീഴാന്‍ തയ്യാറായി നിന്ന തുള്ളികളെ പോലും ശാസിച്ചു നിര്‍ത്തിയിരിക്കുകയാണ്. മഠത്തിനകത്തുള്ള ചിട്ട ഇവരും ശീലിച്ചെടുത്തിരിക്കുന്നോ? രണ്ടും കല്പിച്ച് നട കയറി മഠത്തിന്റെ മുറ്റത്തേക്ക്, വിതറിയിട്ടിരിക്കുന്ന ചരലില്‍ എത്ര ശ്രമിച്ചിട്ടും നിശബ്ദമാകാന്‍ കഴിഞ്ഞില്ല. പ്രധാന വാതിലിന്റെ നേരേ നോക്കി നിന്നു. കോളിങ് ബെല്ലില്ല. ചാപ്പലിന്റെ ജനാലയ്ക്കലേക്ക് എണീറ്റു വന്ന നിഴലിനോട് , ജോസ് മേരിയമ്മയെ കാണാനാ എന്നു പറഞ്ഞു. അഞ്ചു സെക്കന്റു പോലും താമസിച്ചില്ല. കറുത്ത മുഖത്തോടെ മേരിച്ചേച്ചി വന്നു. വെളു വെളുത്ത മേരിച്ചേച്ചീടെ മുഖം ഇത്രയ്ക്ക് കറുക്കുമെന്ന് ആ സന്ധ്യയ്ക്ക് മനസ്സിലായി. അകത്തേക്ക് കയറാന്‍ നില്‍ക്കാതെ, കൊടുക്കാനുള്ളത് കൊടുത്ത് തിരിച്ചിറങ്ങി. വാതിലില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പറഞ്ഞത് - ആള്‍ക്കാര്‍ കൊച്ചാക്കും എന്നാണ്. മനസ്സിലാകാത്ത പോലെ നോക്കിയ എന്നോട് ഒന്നുകൂടി പറഞ്ഞു - എന്നെ ആള്‍ക്കാര്‍ കൊച്ചാക്കി കാണും. 

കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഞാനിപ്പോള്‍ ചെയ്തത്. ആറു മണി കഴിഞ്ഞ് വീടിനു പുറത്തിറങ്ങുന്ന ഏതു പെണ്ണും കുടുംബത്തില്‍ പിറക്കാത്തവരുടെ പട്ടികയിലേക്ക് കുടിയിരുത്തപ്പെടുമെന്ന കാര്യം ഞാന്‍ വിട്ടു പോയതാണ്. സ്ഥലം പാലാ ആണ്. അച്ചായത്തികളുടെ ധൈര്യത്തിനും കരുത്തിനും പുകള്‍പെറ്റ പാലാ. അച്ചായത്തികളുടെ കരുത്തറിഞ്ഞത് വടക്കന്‍ ജില്ലകളാണ്. കാടു മെതിച്ച് വിത്തെറിഞ്ഞ് വിളവെടുക്കുന്നതു വരെ അവളുടെ കരുത്ത് നാടും വീടും അറിയും. അത് കുടുംബത്തിലായാലും മണ്ണിലായാലും. പത്തും പന്ത്രണ്ടും പെറുകയും ഇവറ്റങ്ങളെയൊക്കെ മലമ്പനിയില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപെടുത്തുമ്പോഴും അവള്‍ കരുത്തറിയിച്ചു. അന്തിപ്പണിയും കഴിഞ്ഞ് വാറ്റിന്റെ ചൂരില്‍ പുറം തല്ലിപ്പൊളിക്കുന്ന കെട്ടിയോന്റെ കൈക്കരുത്തിനു മുന്നില്‍ ഇവളോളം പിടിച്ചു നില്‍ക്കാന്‍ ഒരു വടക്കത്തിക്കും പറ്റില്ലായിരുന്നു. ഒരു പണിയുമെടുക്കാത്ത ഉണ്ണാക്കന്‍മാരെയും ഇവര്‍ പണിയെടുത്ത് നാട്ടിലെ പ്രമാണികളാക്കി. ഞാനറിഞ്ഞ അച്ചായത്തി കരുത്തിന്റെ കഥകള്‍ക്കേറ്റ ആദ്യത്തെ ക്ഷതമായിരുന്നു കോട്ടയത്തുണ്ടായിരുന്ന ഒരു വര്‍ഷത്തെ അനുഭവങ്ങള്‍. ആറു മണി കഴിഞ്ഞാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളും, എട്ടു മണിയാകുമ്പോഴേക്കും അടഞ്ഞു കിടക്കുന്ന കടകളും പരിചയമാകാന്‍ ഏറെ സമയമെടുത്തു. 


ഇരുട്ടില്‍ നാലു പേര്‍ക്കു കയറിയിരിക്കാന്‍ പറ്റു
ന്ന ആ ചെറിയ ബസ് ഷെഡ്ഡില്‍ ഞാനിരുന്നു. ഇന്നത്തെ യാത്രയുടെ മുഴുവന്‍ പരാക്രമങ്ങളും കെട്ടടങ്ങിയതിന്റെ ആശ്വാസത്തില്‍. ചെരിഞ്ഞ് വീഴുന്ന മഴച്ചാറ്റല്‍ അപ്പോഴും തോര്‍ന്നിരുന്നില്ല. മുന്‍പ് പെയ്ത മഴയുടെ തുള്ളികള്‍ ആസ്ബസ്റ്റോസ് ഷീറ്റില്‍ നിന്നും ഉരുണ്ടു പിടഞ്ഞ് താഴേക്ക് വീഴുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ പീടികയില്‍ നിന്നും പലതരത്തിലുള്ള വെളിച്ചം റോഡിന്റെ പകുതി വരെ പരന്നു കിടന്നു. 

തീക്കോയി പട്ടണത്തിന്റ ഐശ്വര്യമാണ് ഈ മൂന്ന് പീടികകള്‍. അപ്പനപ്പൂപ്പന്‍മാരായി കൈമാറി വന്ന അച്ചായന്‍ കടകള്‍. എന്തൊക്കെ വിട്ടുകൊടത്താലും ഈ കടകള്‍ മാത്രം അവര്‍ ബാക്കി നിര്‍ത്തും. കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ പഠിക്കാത്തവനുണ്ടാകും. അവന് അപ്പനിത് കൈമാറും. ഒപ്പം പെങ്ങമ്മാരുടെ കല്യാണച്ചുമതലയും. കിരീടവും ചെങ്കോലും കൈകളിലേക്ക് വന്ന രാജാവിന്റെ അനുഭൂതിയായിരിക്കും പിന്നീടവര്‍ക്ക് ഈ കടയില്‍ ഇരിക്കുമ്പോള്‍.


 നിര നിരയായി നിര്‍ത്തിയിട്ടിരിക്കു ഓട്ടോയ്ക്കുള്ളില്‍ നിന്നും തലകള്‍ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങി നടക്കുന്നു. അക്ഷമയോടെ എന്തൊക്കെയോ പറയുകയും എന്നെ നോക്കുകയും ചെയ്തു...ഇടയ്ക്കിടെ പോകുന്ന വണ്ടികളുടെ കുത്തു വെളിച്ചത്തില്‍ അവരെന്നെ അടിമുടി ഉഴിഞ്ഞെടുത്തു. എല്ലാവരുടെയും കാഴ്ചവസ്തുവായതോടെ ഞാനും അസ്വസ്ഥമായി. ഫോണെടുത്ത് ആരെ വിളിക്കാം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ അമ്മ വിളിക്കുന്നു. ഈ രാത്രിയില്‍ തീക്കോയിയിലെ ബസ് ഷെഡ്ഡില്‍ ഞാനിരിക്കുന്നുവെന്ന് പറയുമ്പോള്‍ എന്തായിരിക്കും പ്രതികരണം. ഫോണെടുത്ത് കള്ളം പറയാന്‍ പറ്റില്ല. ഇനി മേരിച്ചേച്ചിയെങ്ങാനും വിളിച്ചിട്ടുണ്ടാകുമോ? എന്തായാലും എന്റെ അമ്മയല്ലേ..ഫോണ്‍ എടുത്ത് എന്താമ്മേന്ന് ചോദിച്ചു. വെറുതേ വിളിച്ചതാ..നാട്ടിലേക്ക് വരുന്നുണ്ടോയെന്നറിയാന്‍.., വര്‍ത്താനം പറയുന്നതിനിടെ ഞാന്‍ പറഞ്ഞു - തീക്കോയിയില്‍ ഇരിക്കുവാണെന്നും, ഞാന്‍ വൈകി വന്നത് മേരിച്ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒക്കെ. 


അതിനെന്താ...നമ്മുടെ സൗകര്യം കൂടി നോക്കിയല്ലേ പോകാന്‍ പറ്റൂ..., ഇനിയെപ്പഴാ ബസ്സെന്നും മറ്റുമെല്ലാം ചോദിച്ച് അമ്മ ഫോണ്‍ വച്ചു. ഈ സമയത്ത്  മകള്‍ യാത്ര ചെയ്യുന്നതില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, ഒരു പേടിയുമില്ലാതെ അമ്മ ഫോണ്‍ വയ്ക്കുമ്പോള്‍ ഞാനോര്‍ത്തു. ചെറിയ ചെറിയ കാര്യങ്ങളില്‍ അമ്മ കാണിച്ച വിശ്വാസവും ധൈര്യവുമാണ് എന്നെ ഞാനാകാന്‍ സഹായിച്ചത്. ടൗണിലൂടെ ഒരിക്കല്‍ തല താഴ്ത്തി നടന്നപ്പോള്‍ അമ്മ പറഞ്ഞു - തല ഉയര്‍ത്തിപ്പിടിച്ച് നടക്ക്...










Friday, April 5, 2013


ഇതിനൊരു തലക്കെട്ടില്ല


വഴിയില്‍ വീണു കിടന്ന വൃദ്ധനെ കാണാത്ത മട്ടില്‍ മറികടന്നു പോയ കാലടിപ്പാടുകള്‍ നെഞ്ചില്‍ മായാതെ നിന്നു. പൊരിവെയിലില്‍ റോഡിനു നടുവില്‍ തളര്‍ന്നു കിടന്ന മനുഷ്യനെയോ അയാള്‍ കെഞ്ചിപ്പറയുന്ന വാക്കുകളേയോ ശ്രദ്ധിക്കാന്‍ മിനക്കെടാതിരുന്നവരുടെ മുഖങ്ങളും മറക്കാതെ കിടന്നു. ചുരുട്ടിപ്പിടിച്ച കൈക്കുള്ളിലെ ഗുളികകള്‍ തുറന്നു കാട്ടി മുന്നിലൂടെ പോയ നിഴലുകളോട് ഒരിറ്റു വെള്ളത്തിനായി അപേക്ഷിച്ചു അയാളവിടെ കിടന്ന കാഴ്ചയ്ക്കു മുന്നില്‍ പതറി വീണു പോയ ആ നിമിഷത്തോടുള്ള വെറുപ്പില്‍ നിന്നാണ് ഈ കുറിപ്പ് പിറക്കുന്നത്. നന്മകളുടെ കഥകള്‍ മാത്രം കേട്ടു ശീലിച്ച ഈ ബ്ലോഗിലേക്ക് ഇതും ഞാന്‍ തിരുകുമ്പോള്‍ എന്റെ ഉദ്ദേശ്യം നന്മയാണ്. തിന്മ കണ്ട് അതില്‍ നിന്നും വിപരീതമായ നന്മ നീറ്റിയെടുക്കാന്‍ കഴിവുള്ള മനസ്സുകള്‍ക്കു വേണ്ടി. 


രാവിലെ സമയം വൈകിയിറങ്ങിയതിന്റെ ബഹളം എന്റെ വണ്ടിയോടിക്കലിലും ഉണ്ടായിരുന്നു. അല്പം മുന്നിലായി പോയ്‌ക്കൊണ്ടിരുന്ന കാറ് സഡണ്‍ ബ്രേക്കിട്ട് നിര്‍ത്തി വളച്ചെടുത്ത് പോയതു കണ്ട് ഞാനും ശ്രദ്ധിച്ചു. റോഡില്‍ വീണു കിടക്കുന്ന ഒരാള്‍. മുട്ടിനു താഴെയായി തീരുന്ന മുക്കാപ്പാന്റും മുഷിയാന്‍ ബാക്കിയില്ലാത്ത ഷര്‍ട്ടും, തൊട്ടടുത്ത് കിടക്കുന്ന ഭാണ്ഡമാക്കിയ ചാക്കും ദൂരെ നിന്ന് കണ്ടു. മദ്യപിച്ച് റോഡില്‍ കിടക്കുന്ന ഇത്തരം കാഴ്ചകള്‍ പതിവായതിനാല്‍ ഞാനും സംശയിച്ചു. പക്ഷേ അയാളെ മറികടന്നു പോയപ്പോള്‍ അയാളുടെ കണ്ണില്‍ കണ്ട വേദന സംശയങ്ങളെ മാറ്റി നിര്‍ത്തി. ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ അയാളെ മറി കടന്ന് വന്ന ഒരാളോട് ചോദിച്ചു - എന്തു പറ്റിയതാ അയാള്‍ക്ക് ചേട്ടാ?. അമ്പത് വയസ്സിനേക്കാള്‍ പ്രായമുള്ള അയാളില്‍ നിന്നും വന്ന മറുപടി വിചിത്രമായിരുന്നു - തലകറങ്ങി കിടക്കുവാണെന്ന് തോന്നുന്നു...ഉത്തരം കേട്ട് ഞെട്ടിപ്പോയി. നമ്മളെന്നു മുതലാണ് മനുഷ്യത്വം തീരെയില്ലാത്തവരായിപ്പോയത്!!...


അയാളുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ ഞാന്‍ ചുറ്റും നോക്കി, പന്ത്രണ്ടും പതിമൂന്നും പ്രായമുള്ള പയ്യന്‍മാര്‍ അതിനടുത്തു നിന്നു കളിക്കുന്നു. തൊട്ടടുത്ത ഗ്രൗണ്ടില്‍ സ്‌കൂട്ടറില്‍ എട്ടു വരച്ചു പഠിക്കുന്ന സ്ത്രീകള്‍, തൊട്ടുമുന്നിലെ ഫഌറ്റിനു മുന്നിലേക്ക് ഉന്തു വണ്ടിയില്‍ കൊണ്ടു വന്ന പച്ചക്കറിയുടെ വിലപേശലില്‍ വ്യാപൃതരായിരിക്കുന്നവര്‍, കുളിച്ച് കുറി തൊട്ട്, ശിവ കടാക്ഷാഭ്യര്‍ത്ഥനയും കഴിഞ്ഞ് അമ്പലമുറ്റത്തെ ആലിന്റെ ചുവട്ടില്‍ ഭക്തി പരവശരായി ഇരിക്കുന്നവര്‍.......


ശ്വാസം മുട്ടുന്നുവെന്ന് മാത്രമേ വീണു കിടക്കുന്നയാള്‍ക്ക് പറയാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. കളിച്ചു കൊണ്ടിരുന്ന പയ്യന്‍മാരെ ഞാന്‍ വിളിച്ചു. മടിച്ചു മടിച്ചാണവര്‍ വന്നത്. വെള്ളം വാങ്ങി വരാനും പറഞ്ഞ് 20 രൂപ കൊടുത്തപ്പോള്‍ വാങ്ങിയില്ല. ദേഷ്യത്തോടെ പറഞ്ഞപ്പോള്‍ കടയിലേക്ക് ഓടി. അടുത്ത വീടിന്റെ ഗെയ്റ്റിനോട് ചേര്‍ന്ന് ചാരിയിരുത്തിയിട്ട് കുട്ടികള്‍ തിരിച്ചെത്താന്‍ കാത്തിരുന്നു. ഇതിനിടയില്‍ ഒരു കുപ്പിയില്‍ വെള്ളവുമായി ഒരു സ്ത്രീ ഓടി വരുന്നതു കണ്ടു. അപ്പോഴേ ഉറപ്പിച്ചു, മലയാളിയല്ല...എന്റെ ഊഹം ശരിവച്ച് അവര്‍ പറഞ്ഞു - അക്ക, തണ്ണി....


കൊടകില്‍ നിന്നും ജോലിയന്വേഷിച്ച് തൃശ്ശൂരെത്തിയതാണ് അയാള്‍. ജോലി കിട്ടാതെ പട്ടിണി കിടന്നു മടുത്തപ്പോള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചതാണ്. കാശില്ലാതെ, എങ്ങനെ പോകുമെന്നറിയാതെ വിഷമിക്കുകയാണ്. കൈയ്യില്‍ നിന്നും ചെറിയൊരു തുക അയാള്‍ക്ക് വച്ചു നീട്ടിയത് മറ്റുള്ളവരെ കാണിക്കാനായിരുന്നു. അതു കണ്ട്, ചുറ്റും കൂടിയ ആള്‍ക്കാര്‍ കൊടുക്കുന്ന അഞ്ചും പത്തും കൊണ്ട് അയാള്‍ വീട്ടിലെത്തിക്കോട്ടെ എന്നു വിചാരിച്ചിട്ടായിരുന്നു. ചുറ്റും നിന്നവരോട് സഹായിക്കാമോയെന്ന് അയാള്‍ ചോദിക്കുകയും ചെയ്തു. ബൈക്കിലെത്തിയ മാന്യദ്ദേഹത്തിന് അപ്പോള്‍ പുച്ഛം. അയാളെ സഹായിക്കാന്‍ മനസ്സില്ലെങ്കില്‍ നേരെ പോയാല്‍ പോരെ. ഇത്രയ്ക്ക് പുച്ഛിക്കാന്‍ അയാള്‍ക്ക് എന്തര്‍ഹതയുണ്ട്? ജീവിതത്തിന്റെ അസ്ഥിരതയേക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ലാതെ വിഡ്ഢികളാകാന്‍ ഇപ്പോള്‍ ശീലിക്കുന്നത് ഋഷിസംസ്‌കാരത്തിന്റെയും വേദങ്ങളുടെയും ഭഗവത്ഗീതയുടെയും ഒക്കെ പാരമ്പര്യം പറയുന്ന നമ്മള്‍ തന്നെയാണോ? അവിടെ നിന്ന് ഉറക്കെ ജ്ഞാനപ്പാന പാടാന്‍ തോന്നി... 


ഓഫീസിലെത്തി സഹപ്രവര്‍ത്തകരോട് അക്ഷരാര്‍ത്ഥത്തില്‍ പുലമ്പുകയായിരുന്നു...ഇത് നാടല്ല, കാടാണ്..കോണ്‍ക്രീറ്റ് കാട്ടിനുള്ളില്‍ കുടുങ്ങി പോയ ചില കാടന്‍മാരുടെ കാട്..


Saturday, March 30, 2013


കരള്‍ പറിച്ചു നല്‍കുന്ന പ്രണയം


പത്രം വായിച്ചിട്ട് മാസങ്ങളായി. മലയാളം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊള്ളരുതായ്മകള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നത് ശീലമാക്കിയതോടെയാണ് വായന നിര്‍ത്താം എന്ന തീരുമാനത്തില്‍ എത്തിയത്. ദിവസവും മാസങ്ങളും കഴിഞ്ഞും എനിക്കൊരു പരിചയവുമില്ലാത്തവര്‍ക്ക് സംഭവിക്കുന്ന ക്രൂരതകള്‍ എന്റെ ഉറക്കം കളയുന്നു. എന്റെ ദിവസങ്ങള്‍ ഞാനെന്തിന് നശിപ്പിക്കണം എന്ന സ്വാര്‍ത്ഥതയാണ് എന്നെ പത്രങ്ങളില്‍ നിന്നും അകറ്റിയത്. 


പക്ഷേ ഇന്ന് അങ്ങനെയല്ല,.. വഴിയില്‍ എന്റെ ബൈക്കിന്റെ മുന്നിലേക്ക് ചാടിയ പെണ്‍കുട്ടിയില്‍ നിന്നും നേരിട്ടു കാണാനിടയാക്കിയ നന്മ എന്റെ ഉറക്കം കെടുത്തുന്നു. അതവളുടെ നിസ്സഹായതയാണോ, അതോ കരളു പറിച്ചു നല്കുന്ന സ്‌നേഹമാണോ എന്നൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നിട്ടും അവളുടെ മുഖവും വേഷവും ഭാഷയും എന്നെ വിട്ടു പോകുന്നില്ല. 


ഓഫീസില്‍ നിന്നും സഹപ്രവര്‍ത്തകന്റെ കൂടെ പുറത്തേക്കിറങ്ങിയതാണ്. പൂങ്കുന്നം ജംഗ്ഷനടുത്ത് ചെറിയ ട്രാഫിക് ബ്ലോക്ക് കണ്ടു. മൂന്ന് നാല് ബൈക്കുകള്‍ക്കിടയില്‍ ഒരാള്‍. നെറ്റി പൊട്ടി ചോരയൊലിപ്പിച്ച് ഒരു ചെറുപ്പക്കാരന്‍, പൊട്ടിക്കരഞ്ഞും കൈകൂപ്പിയും എന്തൊക്കെയോ വിളിച്ചു പറയുന്നു. ബൈക്കുകാരില്‍ ആരും നിന്നില്ല. റോഡിലേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്ന ഇയാളെ വട്ടംപിടിച്ച് ഒരു പെണ്‍കുട്ടി. ഇയാളെ താങ്ങാനുള്ള ശേഷിയില്ലാതെ രണ്ടു പേരും കൂടി സ്ലാബിന്റെ മുകളിലേക്ക് തല്ലിയലച്ചു വീണു. അയാളെ അവിടെ കിടത്തി, അവള്‍ റോഡിലൂടെ പോകുന്ന ഓരോരുത്തരോടും എന്തോ ആവശ്യപ്പെടുന്നുണ്ട്. ബൈക്ക് പതുക്കെ നിര്‍ത്തുന്നത് കണ്ട് അവളെന്റെ അടുത്തേക്ക് ഓടിവന്നു. കടലാസ്സു തുണ്ടില്‍ കാണിച്ച നമ്പറിലേക്ക് ഒന്നു വിളിക്കാവോ എന്നും ചോദിച്ച് കരഞ്ഞു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അപ്പോള്‍ തന്നെ ആ നമ്പര്‍ ഡയല്‍ ചെയ്ത് ഫോണ്‍ അവര്‍ക്ക് കൊടുത്തു. അബ്ബാ, അബ്ബാ എന്നു നിലവിളിക്കുന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.

മണ്ണില്‍ കിടന്ന് വെപ്രാളപ്പെടുന്ന യുവാവിന്റെ വായില്‍ നിന്നും പതയും വെള്ളവും വരുന്നതു കണ്ട് അപസ്മാരമാണെന്ന് തോന്നി. ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട്, അബ്ബാ വന്നിട്ടു മതിയെന്ന വാശിയിലാണ് അവള്‍...


അത്രയും നേരം ആരും തിരിഞ്ഞു നോക്കാതിരുന്ന അങ്ങോട്ടേക്ക് പലരും ഓടിക്കൂടി. ഇതു ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ്. ആദ്യം ആരും സഹായിക്കില്ല, മറ്റാരെങ്കിലും തുടങ്ങി വച്ചാന്‍ പിന്നെ സ്ഥലത്തെ പ്രമാണിയായി ചമഞ്ഞ് വലിയ വര്‍ത്തമാനം പറയാനെത്തും. ഇതിനിടയ്ക്ക് അവളോട് കന്നഡയിലും തമിഴിലും ഹിന്ദിയിലുമൊക്കെ സംസാരിച്ചെങ്കിലും ആര്‍ക്കും മനസ്സിലാകാത്ത തെലുഗുവും കന്നഡയും കലര്‍ത്തിയൊരു ഭാഷയിലായിരുന്നു മറുപടികള്‍. ഒരു കാര്യം മാത്രം മലയാളത്തില്‍ പറഞ്ഞു 'ഞാന്‍ ഭാര്യ' കാണാപാഠം പഠിച്ച വാക്കുകള്‍ കേരളത്തില്‍ പലതവണ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആ ഭാവം കണ്ടാലറിയാം. കരാറുകാരന്റെ അടുത്ത് ജോലി കിട്ടാന്‍, അനുവദിച്ച ടെറസ്സില്‍ തുണി കൊണ്ട് മറച്ചു കെട്ടി ഒരു ടെന്റുണ്ടാക്കാന്‍ അങ്ങനെ പല ആവശ്യങ്ങള്‍ക്കും വേണ്ടി. ആവശ്യങ്ങളില്ലെങ്കിലും പറയേണ്ടി വരും. ഒരുപക്ഷേ റോഡിലൂടെ നടക്കുമ്പോള്‍, തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍, ബിന്ദു തിയ്യറ്ററിലെ ഹിന്ദി സിനിമക്കു പോകുമ്പോള്‍ അങ്ങനെ സ്വസ്ഥമാകാന്‍ തെരഞ്ഞെടുക്കുന്ന പലയിടത്തും ചോദ്യവുമായെത്തുന്ന പോലീസുകാരോട് ഇവള്‍ ഇതേ വാക്യം പറഞ്ഞിട്ടുണ്ടാകും. പിന്നേയും ചിലരുണ്ട് നമ്മുടെ നാട്ടിലെ സദാചാര പോലീസുകാര്‍, അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പക്ഷേ ഈ രണ്ടു വാക്ക് മതിയായിട്ടുണ്ടാവില്ല.


മുഖം മുഴുവന്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. വേണ്ട, വേണ്ടായെന്ന് കൈകൂപ്പി എല്ലാവരോടും പറഞ്ഞു കരയുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസുകാരെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു ഭയം നിറഞ്ഞു. പരുന്ത് വട്ടമിട്ടു പറക്കുമ്പോള്‍ പരിഭ്രമിച്ച് കുഞ്ഞുങ്ങളെ ചിറകിനടിയിലേക്കൊതുക്കുന്ന തള്ളക്കോഴിയേപ്പോലായിരുന്നു അപ്പോഴാ മുഖം. ഭര്‍ത്താവിനെ ചേര്‍ത്തു പിടിച്ച് അവരില്‍ നിന്നും രക്ഷപെട്ടോടാന്‍ വെമ്പുന്ന മുഖവുമായി അവള്‍ ഞങ്ങളുടെ മുഖത്തേക്കു നോക്കി. ആശുപത്രിയില്‍ കൊണ്ടു പോകണ്ട എന്നു പറഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടതാണ് അയാള്‍ക്ക്. ഏതോ ഒരു ബൈക്കിന്റെ മുന്നിലേക്ക് ചാടിയതിനു യുവരക്തത്തിന്റെ കയ്യില്‍ നിന്നും കിട്ടിയ സമ്മാനമാണ് കണ്ണിനു മുകളിലെ പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയാല്‍ കള്ള് കുടിച്ചത് മനസ്സിലാകും, പോലീസുകാരുടെ കയ്യില്‍ നിന്നും കണക്കിന് കിട്ടും, ഇതൊക്കെ പേടിച്ചിട്ടാണ് അവള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ നിന്നത്. ഞങ്ങളുടെ നേരേ അവള്‍ ആംഗ്യം കാണിച്ചു - ഭര്‍ത്താവ് കുടിച്ചിട്ടുണ്ടെന്ന്.

 ഇതിനിടയില്‍ മുമ്പേ പറഞ്ഞ സ്ഥലത്തെ പ്രമാണി ചോദിച്ചു 'ഇതേതാ പെണ്ണ്?' ഞങ്ങള്‍ പറഞ്ഞു 'ഭാര്യയാണ്'. അയാളത് മറ്റൊരാളോട് പറഞ്ഞത് വേറൊരു ടോണിലാണ് 'ഭാര്യയാണെന്ന് ആ പെണ്ണ് പറയുന്നു. ഇവരുടെ കാര്യമല്ലേ. ആര്‍ക്കറിയാം'..അതൊരു വല്ലാത്ത പ്രസ്താവനയായിരുന്നു. തെരുവിലുള്ള ജീവിതങ്ങള്‍ക്ക് മൂല്യങ്ങളില്ലേ, അവര്‍ക്ക് ബന്ധങ്ങളില്ലേ, അന്യസംസ്ഥാനക്കാരോട് ഇത്രമാത്രം അവജ്ഞയോടെ നോക്കുന്ന മലയാളി ഗള്‍ഫില്‍ പോയാല്‍ ഇതേ അവസ്ഥിയിലേക്കല്ലേ ചിലപ്പോഴൊക്കെ താണു പോകുന്നത്. താലി കെട്ടി, രജിസ്ട്രര്‍ ചെയ്ത കല്യാണം ഇവര്‍ക്കിടയിലുണ്ടായിട്ടുണ്ടാകുമോയെന്ന് ഉറപ്പില്ല, എന്നാലും ഞങ്ങള്‍ക്കു മുമ്പില്‍ 30 മിനിട്ടോളം കണ്ട കാഴ്ചകളില്‍ നിന്നും അവര്‍ക്കിടയിലുള്ള ആത്മബന്ധം വ്യക്തമായിരുന്നു. കുറച്ചു പണമോ പഠിപ്പോ പ്രമുഖരോ ആണ് ഒരുമിച്ചു ജീവിക്കുന്നതെങ്കില്‍ അവരെ 'ലിവിങ് ടുഗേതര്‍ ' എന്നു പറഞ്ഞ് സ്വാതന്ത്ര്യത്തിന്റെയും വിശാല ചിന്താഗതിയുടെയും പട്ടം നല്കി സ്വീകരിക്കുന്ന മലയാളിയുടെ ഇരട്ടത്താപ്പു നയമാണിത്. കീഴെയുള്ളവരെ ചവിട്ടിയരയ്ക്കാനും മുകളിലുള്ളവന്റെ മുന്നില്‍ വളഞ്ഞു നില്ക്കാനുമുള്ള അവന്റെ ശീലത്തിന് മാറ്റമില്ല. രേഖാമൂലം ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടും വീടിന്നുള്ളില്‍ എന്നും ഭൂകമ്പങ്ങളുണ്ടാക്കുന്ന കുടുംബങ്ങള്‍ എത്രയോ എണ്ണം നമ്മുടെ മുന്നിലുണ്ട്. 


വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ ഭര്‍ത്താവിനെ ഇറുകെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. ബോധമില്ലാതെ റോഡിനു നടുവിലേക്ക് പോകുന്ന അയാളെ പിടിച്ചു നിര്‍ത്താന്‍ പാടുപെട്ട്, അയാള്‍ക്കൊപ്പം വേച്ചു വീണ്....ഓരോ വീഴ്ചയിലും അവള്‍ക്കുണ്ടാകുന്ന വേദനകള്‍ അവളറിയുന്നതേയില്ല. ഇടയ്ക്ക് അവളുടെ ദാവണിത്തുമ്പില്‍ പിടിച്ചു വലിച്ച് അയാള്‍ അവളെ അര്‍ദ്ധനഗ്നയാക്കുമ്പോഴും അവള്‍ പതറിയില്ല, വലിച്ചെടുത്ത് വീണ്ടും മാറിലേക്കിടുന്ന കറുത്ത ദാവണിക്കുള്ളിലും ഞാന്‍ കണ്ടു കരള്‍ പറിച്ചു നല്കാനും തയ്യാറാകുന്ന പ്രണയം. 



Wednesday, March 20, 2013



ആനവണ്ടി പ്രേമം

രാത്രി 12 കഴിഞ്ഞും തിരക്കൊഴിയാത്ത ദേശീയ പാതയിലൂടെ വിദഗ്ധമായി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ കാലിലേക്കും കൈയ്യിലേക്കും നോക്കിയിരിക്കുകയായിരുന്നു ഞാന്‍. മുന്നില്‍ കാണുന്നവയ്‌ക്കൊപ്പം കേള്‍ക്കുന്ന മുന്നറിയിപ്പുകളെ ഏകോപിപ്പിച്ച്, കൈകളും കാലുകളും ചലിപ്പിക്കുന്ന സുന്ദരമായ കാഴ്ച. പത്തു പന്ത്രണ്ട് മീറ്ററുള്ള ഒരു സാധനത്തിന്റെ ഒരറ്റത്ത് മൂക്കു കയറിട്ട് പിടിച്ച് വളയ്ക്കുന്ന രസമുള്ള കൂത്ത്. നാട്ടിലെ കയറ്റങ്ങളില്‍ ഇടയ്‌ക്കൊന്ന് നിന്ന് ശ്വാസം വലിച്ചെടുത്ത് മുക്കി മുക്കി കയറുന്ന ആന വണ്ടി നിരപ്പെത്തിയാല്‍ പിന്നെ നിലം തൊടില്ല. 


പണ്ടൊരിക്കല്‍ കൂറ്റം ചെയ്ത സ്റ്റേറ്റ് ബസിനെ കൈയ്യോടെ കൊണ്ടു പോകാന്‍ പോലീസെത്തിയതോര്‍ക്കുന്നു. ഡ്രൈവര്‍ക്കു പറ്റിയ ചെറിയൊരു അബദ്ധത്തില്‍ മുഖം ചളുങ്ങിപ്പോയ ടൊയോട്ട ക്വാളിസിന്റെ കിടപ്പ് കണ്ട് ചിരിയാണ് വന്നത്. പകുതിയിലധികം പേര്‍ക്കും ആ കിടപ്പൊരു സുഖം നല്കി. ക്വാളിസിലിരുന്ന് അവന്‍ കാണിച്ച ജാഡയ്ക്ക് കൈയ്യില്‍ നിന്ന് കാശിറക്കി പണി കൊടുത്തതിന്റെ അഹങ്കാരം പോലെയൊരു ഭാവം. സര്‍ക്കാര്‍ വണ്ടിയോട് പോലീസ് പൊതുവേ കാണിക്കാറുള്ള ഉദാര മനോഭാവം തെറ്റിച്ച് ക്വാളിസുകാരന്റെ പുത്തന്‍ പണത്തിനുള്ള നന്ദി എസ്.ഐ കാണിച്ചു. ഡ്രൈവറെ ജീപ്പിനുള്ളിലേക്ക് തള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു ' മനോജേ ബസ് കസ്റ്റഡിയിലെടുത്തേക്ക്'. കണ്ടക്ടറുടെ മുഖത്തേക്ക് ദയനീയമായി നോക്കി എന്തോ പറയാനാഞ്ഞ ബസ് ഡ്രൈവറുടെ തല പിടിച്ച് അകത്തേക്കിട്ട് എസ്. ഐ പോയി. 


പെട്ടു പോയത് കോണ്‍സ്റ്റബിള്‍ ആണ്. അരമണിക്കൂര്‍ കഷ്ടപ്പെട്ടിട്ടും ബസ് സ്റ്റാര്‍ട്ടായില്ല. നാട്ടുകാര്‍ ചേര്‍ന്ന് തള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയതും സാറിന്റെ ഒരു ആര്‍ത്തനാദം കേട്ടു. ബ്രേക്കില്‍ കയറി നില്‍ക്കുകയാണ്. പക്ഷേ അപ്പോഴും പതുക്കെ ഉരുണ്ടിറങ്ങുകയാണ് ബസ്. മലയോരമാണ്. ഇറക്കം തുടങ്ങിയാല്‍ കിലോമീറ്ററോളം കുത്തനെയുള്ള ഇറക്കം മാത്രമാണ്. ഇടിച്ചു നിര്‍ത്താന്‍ പോലും കഴിയാത്ത വിധം വേഗതയിലായിരിക്കും ചക്രം കറങ്ങുക. ബസിന്റെ പോക്ക് കണ്ട് തലയിലും നെഞ്ചത്തുമായി പല കൈകള്‍ ഉയര്‍ന്നു താഴ്ന്നു. അപ്പോഴേക്കും അഞ്ചാറു പേര്‍ ബസിനൊപ്പം ഓടിയെത്തിയിരുന്നു. റോഡിന്റെ വശങ്ങളില്‍ നിന്നും കിട്ടിയതൊക്കെ ബസിനു മുമ്പിലേക്കവര്‍ വലിച്ചെറിഞ്ഞു. വലിയ കല്ലുകളും തടിയും ഞെരിച്ചമര്‍ത്തി പോകുന്ന ബസ് വശത്തെ ചെറിയ കാനയിലേക്ക് ചാടിച്ചു നിര്‍ത്തിയതും മനോജ് പ്രാണരക്ഷാര്‍ത്ഥം പുറത്തേക്കു ചാടിയതും ഒരുമിച്ചായിരുന്നു. 


വൈകീട്ട് വണ്ടിയെടുക്കാന്‍ വന്ന ഡ്രൈവറെ നാട്ടുകാര്‍ അത്യാദരവോടെയാണ് നോക്കിയത്. സുനിത വില്യംസിനെ കണ്ടാല്‍ പോലും ഇത്രയും ബഹുമാനം ചിലപ്പോള്‍ അവര്‍ കാണിച്ചെന്നു വരില്ല. കുഴിയില്‍ കിടന്ന ബസ്സ് പുറത്തെടുക്കാന്‍ ചേട്ടാ ഒന്നു കൈ വയ്‌ക്കേണ്ടി വരും എന്നു പറഞ്ഞ് അയാള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി, കൂളായി വണ്ടി സ്റ്റാര്‍ട്ടാക്കി, ഓടിച്ചു പോയി. പാപ്പാന്റെ വാക്കിനു മാത്രം മതിപ്പു നല്കുന്ന ചില മദമിളകിയ ആനയെപ്പോലെ തോന്നിച്ചു അപ്പോഴാ ബസ്സ്. ആനവണ്ടിയെന്നു വെറുതേയല്ല വിളിക്കുന്നതെന്നും.


ബസ്സിലെ യാത്രയെ പ്രണയിക്കുന്ന അനേകര്‍ക്കൊപ്പം ചേര്‍ന്ന് ഞാനുമുണ്ട്. കണ്ടം ചെയ്യേണ്ട കുന്ത്രാണ്ടത്തിലും ലോകത്തെവിടെയും കിട്ടാത്ത സുഖവും സ്വസ്ഥതയും ലഭിക്കുമ്പോള്‍, ഡ്രൈവര്‍ സീറ്റിലിരിക്കുന്നവരോടും ആദരവാണ്. നിരത്തിലിറക്കാന്‍ കൊള്ളാത്ത ബസ്സിനെ നിയന്ത്രിക്കുന്നതിന്റേയും പത്തു നൂറ് പേരുടെ ജീവന് സമാധാനം പറയേണ്ടതിന്റെയും മാനസിക സമ്മര്‍ദ്ദത്തിനിടയിലും ചിരിക്കാനും കൂട്ടിരിക്കാനെത്തുന്ന കണ്ടക്ടറോട് കുശലം പറയാനും അവര്‍ മറക്കുന്നില്ലല്ലോ.



Sunday, March 3, 2013


നന്മകളില്‍ നിന്നും ഒഴിഞ്ഞു മാറാത്ത ചിലര്‍...


എനിക്ക് ശബ്ദങ്ങളോട് ഇഷ്ടക്കേടുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ വയ്ക്കുന്ന ഇയര്‍ ഫോണും സിനിമ കോട്ടയുടെ വാതിലിനു മുന്നിലെത്തുമ്പോള്‍ ചെവിയിലേക്ക് കുത്തിത്തിരുകാറുള്ള പഞ്ഞിയും പള്ളിയില്‍ ആവേശക്കസര്‍ത്തില്‍ അലറി വിളിക്കുന്ന അച്ചന്റെ ഒച്ചയും ഒപ്പം എന്റെ ചെവിയിലേക്കുയരുന്ന കൈകളും എന്റെ സ്ഥിരം ചേഷ്ടകളായി മാറിയിരിക്കുന്നു. ചില ശബ്ദങ്ങള്‍ എന്റെ അസ്വസ്ഥതകളും കടന്ന് ഹൃദയമിടിപ്പ് കൂട്ടുന്ന ഡെസിമലിലേക്ക് ഉയരാറുണ്ട്. മനുഷ്യരുടെ ആക്രോശമാണ് ഒന്ന്. എന്റെ മുന്നില്‍ നിന്ന് എന്റെ നേരെ ഉച്ചയുയര്‍ത്തി സംസാരിക്കുമ്പോള്‍ വേഗം കൂട്ടിയോടുന്ന രക്താണുക്കളെ അടക്കാന്‍ ശ്രമിച്ച് ശരീരം വളച്ച് ഞാന്‍ നില്‍ക്കും. ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ ചെവി പൊത്തി കുനിഞ്ഞ് നില്‍ക്കും. അകാരണമായി തോന്നുന്ന ചില ഭയങ്ങളാണ് ഉറക്കെയുള്ള ശബ്ദത്തെ വെറുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പക്ഷേ, ഇന്നു ഞാന്‍ കേട്ട ശബ്ദത്തോളം ക്രൂരവും ഭീകരവുമായ ശബ്ദം ഇതിനു മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല. 


സംസ്‌കൃതം ക്ലാസ്സിലായിരുന്നു ഞാന്‍. കൂടെയുള്ള ഒരാളുടെ മൊബൈലിലേക്കെത്തിയ ഫോണ്‍ സന്ദേശം എല്ലാവരേയും ഞെട്ടിച്ചു. 'സംഗീത നാടക അക്കാദമിക്ക് മുന്നിലുള്ള പൂമരം മുറിച്ചു മാറ്റുന്നു'. പിന്നെ ക്ലാസ്സിലിരിക്കാന്‍ തോന്നിയില്ല. അപ്പോള്‍ തന്നെ അക്കാദമിയുടെ മുന്നിലേക്ക് പ്രതിഷേധിക്കാന്‍ കൂടിയ പ്രകൃതി സ്‌നേഹികള്‍ക്കൊപ്പമെത്തി. തൃശ്ശൂര്‍ നഗരത്തിന്റെ ഏ.സി മുറിയാണ് രാമനിലയവും നാടക അക്കാദമിയും ഉള്‍പ്പെടുന്ന മ്യൂസിയം പരിസരം. യക്ഷികളെ വഴിയാധാരമാക്കി രാമനിലയത്തിനു മുന്നിലുണ്ടായിരുന്ന പ്രീയപ്പെട്ട ഏഴിലംപാല കശാപ്പു ചെയ്യപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ആരും മോചിതരായിരുന്നില്ല. 


ഇടതു കൈയ്യറ്റ് മൃതപ്രാണയായി നില്‍ക്കുന്ന പൂമരത്തിന്റെ ചോട്ടില്‍ ഞങ്ങളിരുന്നു. ഇനിയുമതിനെ കഷണിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍. പൂമരത്തിന് കാലുകളുണ്ടായിരുന്നെങ്കില്‍ പാതി ജീവനും കൊണ്ടവ അവിടെ നിന്നും ഓടിപ്പോയേനെ. മരം വെറും തടി മാത്രമായി കാണുന്ന കരാറുകാരനോട് കയര്‍ത്തും കാര്യം പറഞ്ഞും ഞങ്ങള്‍. അയാളുടെ ഒരു ദിവസത്തെ കൂലിയുടെ നഷ്ടക്കണക്ക് നിരത്തി വച്ചു. കോടി രൂപ കൊടുത്താലും അതു പോലൊന്ന് മുളപ്പിക്കാനോ വളര്‍ത്താനോ പറ്റില്ല, ഒരായുസ്സിനേക്കാള്‍ പ്രായമുണ്ട് ആ തണല്‍ മരത്തിന്.


ഞങ്ങളുടെ മുന്നിലേക്ക് നീട്ടിക്കാണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതി പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ക്ക് അനുയോജ്യമായത് ചുവപ്പായിരുന്നു. ഏ.സി മുറിയുടെ ശീതളതയില്‍ കറങ്ങുന്ന കസേരയ്ക്കു മുകളിലിരുന്ന് മരം മുറിക്കാന്‍ ആജ്ഞയിട്ടവന്റെ ധാര്‍ഷ്ഠ്യത്തിനു നേരെ കാറിത്തുപ്പി. പതിമൂന്ന് മരങ്ങളുടെ കടക്കല്‍ കത്തി വയ്ക്കാന്‍ പറയാന്‍ പരമാധികാരം നല്‍കിയതാരെന്ന ചോദ്യം അതില്‍ പതഞ്ഞു നിന്നു. ഒരു മരത്തിന്റെ ബാക്കി ജീവനു വേണ്ടി വാദിക്കുന്ന ഞങ്ങള്‍ക്കു മുന്നിലൂടെ പലതരം വാഹനങ്ങള്‍ കടന്നു പോയി. പുത്തന്‍ പുതിയ കാറിനുള്ളിലെ ഏ.സിക്കുള്ളിലിരുന്ന് അവര്‍ പുച്ഛിച്ചു - ഇവന്‍മാര്‍ക്കൊന്നും വേറെ പണിയില്ലേ - ചില നട്ടുച്ചകളില്‍ ഈ മരങ്ങള്‍ക്കു കീഴില്‍ കാര്‍ പാര്‍ക്കു ചെയ്ത് നഗരത്തിന്റെ ചൂടില്‍ നിന്നും ഓടിയൊളിച്ച ദിവസങ്ങള്‍ അവരും മറന്നു പോയിരിക്കുന്നു. കാറിന്റെ ചില്ലൊന്ന് താഴ്ത്തി അഞ്ചു മിനിട്ട് വെറുതേയൊന്ന് ഇരുത്തിയാല്‍ മതി, ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഉദ്ദേശ്യം താനേ മനസ്സിലായിക്കോളും.


മരം മുറിക്കുന്നത് പാതിയില്‍ ഉപേക്ഷിച്ചെന്ന് 'മുകളിലുള്ളവര്‍' പറഞ്ഞിട്ടും ആരും പിരിഞ്ഞില്ല. ആരെ വിശ്വസിച്ചാലും ഭരണകൂടത്തെയും അധികാരികളേയും മാത്രം അരുത് എന്ന 
'അമ്മ പറയാറുണ്ട്'. നടപ്പാതയിലിരുന്ന് പാതി ശരീരം ചോരയില്‍ മുങ്ങി നില്‍ക്കുന്ന പ്രേതത്തേപ്പോലെ വിവശയായ മരത്തിലേക്ക് നോക്കി. സംരക്ഷിക്കപ്പെട്ട ചില്ലയുടെ ഓരത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു പക്ഷിക്കൂട്. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ വാടിക്കൂമ്പിയ പൂമൊട്ടുകള്‍, കാറ്റിനു പോലും വഴങ്ങാതെ നിശ്ചലമായിപ്പോയ ഇലകള്‍. എന്നിട്ടും തന്റെ ചില്ലകള്‍ താഴ്ത്തി നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. 

പെട്ടന്നാണ് വികൃതമായ ശബ്ദം കാതടപ്പിച്ച് വന്നലച്ചത്.ജെറ്റ് ആക്‌സ് എന്നു പേരുള്ള ക്രൂര ആയുധത്തിന്റെ ശബ്ദമാണ്. മുറിച്ചു മാറ്റിയിട്ട വലിയ ചില്ലകള്‍ ചെറുതാക്കുകയാണ്. തടിയോട് ചേര്‍ന്നുരയുമ്പോള്‍ ചീളിത്തെറിക്കുന്ന മഞ്ഞച്ചോര റോഡില്‍ പടര്‍ന്നു. അടുത്തു നിന്ന ഞങ്ങളിലേക്ക് അവ തെറിച്ചു വീണു. മരത്തിന് തന്റെ അന്ത്യത്തോടു പൊരുത്തപ്പെടാന്‍ പോലും സമയം നല്കാതെ കീഴടക്കുന്ന ആയുധത്തിന് പ്രവചന വരമുണ്ട്. ഭയാനകമായ ഭാവിയുടെ അപകടസൂചനയുയര്‍ത്തുന്ന സൈറണ്‍ ആണത്. 

തണല്‍ തന്ന മരത്തോട് നന്ദി കാട്ടിയ ഒന്നിലധികം നന്മ മനസ്സുകളേയാണ് ഇന്ന് ഞാന്‍ പരിചയപ്പെട്ടത്. ഉച്ചഭക്ഷണവും ഉപേക്ഷിച്ച് ആ മരത്തിന് കാവലിരിക്കുകയും ഇരുന്നൂറു പേരുടെ ഒപ്പു ശേഖരിച്ച് കളക്ടര്‍ക്കു പരാതി കൊടുക്കുകയും ചെയ്തിട്ടാണ് എല്ലാവരും മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. 


Saturday, January 26, 2013


നല്ല കൂട്ടുകാരാ..


ബാംഗ്ലൂരിലേക്ക് തിരിക്കുന്നതിന് മുമ്പ് അനീഷേട്ടന്‍ കൈയ്യില്‍ വച്ചു തന്ന 500 രൂപയുടെ നോട്ട് സൂര്യനു നേരെ പിടിച്ചു നോക്കി.. ഗാന്ധിത്തലയുടെ നിഴലിനു പകരം സുഹൃത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും രേഖാചിത്രമാണ് തെളിഞ്ഞത്. മാതൃഭൂമിയിലെ ജോലി രാജി വച്ചതോടെ ടൈറ്റായ ജീവിതത്തിലേക്ക് വെറുതേ ഒരു കൈനീട്ടം. 


ജീവിതത്തില്‍ എന്നും ഇങ്ങനെയൊരു സുഹൃത്തിനെ ആരും ആഗ്രഹിക്കും. തൃശ്ശൂരില്‍ വന്ന് കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് പരിചയപ്പെട്ട ഏട്ടായി, എന്റെ വട്ടുകള്‍ക്ക് കൂട്ടു നില്‍ക്കാന്‍ തുടങ്ങിയത് വളരെ പെട്ടന്നാണ്. രാത്രി 11.30 യ്ക്ക് തട്ടുകടയില്‍ പോകാനും, വഴിയില്‍ കാലൊടിഞ്ഞ് കിടന്ന പട്ടിയെ ആശുപത്രിയിലാക്കാനും, മുയലു കുട്ടന്‍മാര്‍ക്ക് പുല്ലു പറിക്കാന്‍ പോകാനും കൂട്ടു വന്ന നല്ല കൂട്ടുകാരന്‍. ചെറിയ ചെറിയ കാര്യങ്ങളില്‍ വലിയ വലിയ ലോകം കണ്ടെത്തിയിരുന്ന എന്റെ ദിവസങ്ങള്‍ ആഘോഷമാക്കിയ സൗഹൃദം. ഓഫീസിനകത്തും പുറത്തും കളിയാക്കിയും കുറ്റം പറഞ്ഞും വഴക്കുണ്ടാക്കിയും വളര്‍ന്ന സൗഹൃദക്കൂട്ടിലേക്ക് വീട്ടുകാരും കൂട്ടു ചേര്‍ന്നു. എന്റെ കുറ്റം കേള്‍ക്കാന്‍ അനീഷേട്ടനെ ദിവസവും വിളിക്കുന്ന എന്റെ അമ്മയും, എന്താവശ്യമുണ്ടെങ്കിലും അവകാശത്തോടെ എന്നെ വിളിക്കുന്ന അനീഷേട്ടന്റെ അമ്മയും ഞങ്ങളുടെ കൂട്ടില്‍ മുഖ്യാതിഥികളായി.


കഴിഞ്ഞ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പോലും ഒരു സഹോദരനെയോ സുഹൃത്തിനെയോ മിസ് ചെയ്യുന്നതായി തോന്നാന്‍ പോലും ഏട്ടായി സമ്മതിച്ചിട്ടില്ല. അപ്പായിയോട് മാത്രം പറയാന്‍ ശീലിച്ച രഹസ്യങ്ങളും അമ്മയോട് മാത്രം കാണിക്കാന്‍ സൂക്ഷിച്ചിരുന്ന പരിഭവങ്ങളും പങ്കു വയ്ക്കാന്‍ ഞാന്‍ തയ്യാറായതും അതു കൊണ്ടാണ്. 


എല്ലാ ആണ്‍ സൗഹൃദങ്ങളിലും കാണാറുള്ള മാറ്റി നിര്‍ത്തലുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വീട്ടുകാരു തരുന്ന സ്വാതന്ത്ര്യത്തെ കൗതുകത്തോടെയും ഇത്തിരി അസൂയയോടെയും മാത്രം പരാമര്‍ശിച്ചിരുന്ന ഏട്ടായിക്ക് എന്നെ മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. സെക്കന്‍ഡ് ഷോ സിനിമയ്ക്കും പുലര്‍ച്ചെ വരെ നീണ്ട കഥകളിക്കും ഞാനൊറ്റയ്ക്കു പോകുന്നതിനെ കുറ്റപ്പെടുത്തിയില്ല. പെട്ടന്നുണ്ടാകുന്ന ബോധോദയത്തില്‍ നടത്തുന്ന യാത്രകള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവിശ്വസനീയതയോടെ നോക്കി ചിരിക്കുമെന്നല്ലാതെ അതില്‍ തെറ്റൊന്നും കണ്ടില്ല. ഇന്നും ഞാനൊരു നീണ്ട യാത്രയ്ക്കു തയ്യാറെടുക്കുമ്പോഴും ഏല്ലാ ഭാവുകങ്ങളും നേര്‍ന്ന് ആത്മവിശ്വാസം പകര്‍ന്നു കൂടെ നില്‍ക്കാന്‍ തയ്യാറായി. 


എന്റെ ചുറ്റിലുണ്ടായിരുന്ന ചിലരുടെ മാനസിക വൈകല്യത്തിന്റെ ഫലമായി എന്നോട് കാണിച്ച നല്ല സൗഹൃദത്തിന് ബിലയാടാകേണ്ടി വന്നപ്പോഴും എന്റെ മുന്നിലെത്തുമ്പോള്‍ ഏട്ടന്‍ സ്വയം നിയന്ത്രിച്ചു. വാക്കുകളിലും ഭാവത്തിലും എന്നെ വേദനിപ്പിക്കുന്നതൊന്നും കയറി വരാതിരിക്കാന്‍ ശ്രദ്ധിച്ചു. എനിക്ക് കുറ്റബോധമുണ്ടാകാതിരിക്കാന്‍ സന്തോഷമാണെന്ന് അഭിനയിച്ചു. കൂടുതല്‍ സ്‌നേഹത്തോടെ എന്റൊപ്പം നിന്ന ആ നല്ല കൂട്ടുകാരനു വേണ്ടിയാണീ കുറിപ്പ്..


പിന്നെ, ചിലരോട് -  'നിങ്ങള്‍ക്കൊരു പെണ്ണിനെ നല്ല സുഹൃത്തായി കിട്ടാത്തതിന് മറ്റുള്ളവരെന്തു പിഴച്ചു. ലോകത്ത് കാമം മാത്രമേയുള്ളൂവെന്നു കരുതി ജീവിക്കുന്ന നിങ്ങളുടെ മനസ്സിന്റെ വൈകല്യത്തിന് ചികിത്സയുമില്ല'- 









Related Posts Plugin for WordPress, Blogger...