Saturday, November 23, 2013
Tuesday, August 13, 2013
ഗുരുവേ നമഃ
അറുബോറന്‍ ബാങ്കുകളും ബാങ്ക് ഇടപാടുകളും എനിക്ക് അലര്‍ജിയായതുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഞാനാ പരിസരത്തു പോലും പോയിരുന്നില്ല. തൃശ്ശൂരില്‍ വന്നു കഴിഞ്ഞാണ്, ചില്ലറ ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുമായി പരിചയപ്പെട്ടു തുടങ്ങിയത്.ബോറന്‍മാര്‍ക്കു പറ്റിയ പണിയാണ് ബാങ്കുദ്യോഗം - ഇപ്പോഴും എന്റെയീ കാഴ്ചപ്പാടിന് മാറ്റമുണ്ടായിട്ടില്ല. അക്കങ്ങളുടെ നിലയില്ലാക്കയത്തില്‍ നീര്‍ക്കാംകുഴിയിട്ടിരിക്കുന്നവരില്‍ പലരും പലപ്പോഴായി തങ്ങള്‍ ബോറന്‍മാരാണെന്ന് തെളിയിക്കാറുമുണ്ട്. ബാങ്കുദ്യോഗസ്ഥര്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളില്ലേയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചു കഴിച്ച് അടച്ച വായ പിന്നീട് ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു വേണ്ടി മാത്രം തുറക്കാറുള്ള ചിലരെ കണ്ടിട്ടുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകള്‍ക്കുള്ളില്‍ കയറിയാല്‍ ഡംപ് ആന്റ് ഡഫ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പോലെ തോന്നും. സംശയങ്ങള്‍ ചോദിച്ചാലും കേട്ട മട്ടുണ്ടാവില്ല, കുറച്ചു കൂടി ഉറക്കെ ചോദിച്ചാല്‍ മാവേലി നാക്ക് പുറത്തു ചാടും - ഞാനിവിടെ ഒരു ജോലി ചെയ്യുന്നത് കണ്ടൂടെ? - തികച്ചും ന്യായമായ ചോദ്യമാണെന്നാണ് എന്റെ പക്ഷം. കാര്യം കണക്കിന്റെ കളിയാ, ഒന്നു ശ്രദ്ധ പതറിയാല്‍ ചിലപ്പോള്‍ വൈകീട്ട് പോക്ക് വൈകും. പത്തിന്റെ പത്തു നോട്ട് പോലും കൃത്യമായി എണ്ണാനൊക്കാത്ത എനിക്ക് ആ ചോദ്യം തികച്ചും ന്യായമായേ തോന്നൂ..
110 വേഗതയില്‍ പൊയ്‌ക്കോണ്ടിരിക്കുമ്പോഴായിരിക്കും മൊബൈല്‍ അടിക്കുക. വളരെ പതുക്കെ, ഫോണ്‍ ചെവിയിലോട്ട് വയ്ക്കുമ്പോള്‍ ചില അടിപ്പടങ്ങള്‍ ഓര്‍മ്മവരും. തുരുതുരാ അടിക്കുന്നതിനിടയ്ക്ക് ഒരു ഇടിവെട്ട് കറങ്ങിയടി മാത്രം സ്ലോമോഷനില്‍ കാണിക്കുന്ന സീന്‍. വാതില്‍ക്കല്‍ വരെ നീളുന്ന നിരയില്‍ ഓരോ കാലിലായി ബാലന്‍സ് മാറി മാറി നിന്ന് കഷ്ടപ്പെടുന്നവനെ കൊഞ്ഞനം കുത്തുന്ന പോലെ വിളി കുറച്ചു നീണ്ടേക്കാം. വളരെ പതുക്കെ ഫോണ്‍ കട്ട് ചെയ്ത് അതിനേക്കാള്‍ പതുക്കെ അത് മേശപ്പുറത്ത് വച്ച് വീണ്ടും 112 ല്‍ പണി തുടരും. പാദരക്ഷകള്‍ പുറത്ത് എന്നെഴുതിയ ബോര്‍ഡു പോലെ ചിരി പുറത്ത് എന്ന് തൂക്കിയിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു പോകും നമ്മള്‍. ബാങ്ക് മാനേജരെ കണ്ടാല്‍ ഹിമാലയസാനുക്കളില്‍ നിന്നും അപ്പോള്‍ ഇറങ്ങിവന്ന ഋഷിവര്യനെപ്പോലെ തോന്നും. എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആറു മാസത്തിലൊരിക്കല്‍ കിട്ടുന്ന ട്രയിനിങ്ങിന്റെ ദിവ്യപ്രകാശം മുഖവലയം തീര്‍ത്തു നില്‍ക്കുന്നുണ്ടാകും. റിസേര്‍വ്വ് ബാങ്ക് നരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിമ്മിട്ടം ഈ മുഖങ്ങളില്‍ നേരിട്ട് ദര്‍ശിക്കാം.
കേരളമിന്ന് പണിമുടക്കുകയാണ്. നാട്ടിലെ റോഡുകളില്‍ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന പ്രതിഭാസത്തിനെതിരേയാണ് മുടക്ക്. ബാങ്കിനതൊന്നും ബാധകമല്ല. കാനറാ ബാങ്കില്‍ ചെന്നപ്പോള്‍ ചെറുപൂരത്തിനുള്ള ആളുകളുമുണ്ട്. ബാങ്കിന്റെ ഒത്ത നടുക്ക് നിരത്തിയിട്ടിരിക്കുന്ന ഇരുമ്പു കസേരകളിലൊന്നില്‍ സമാധാനമായി ചെന്നിരുന്നു. എന്റെ കാര്യം നടക്കാന്‍ ഇനിയും അരമുക്കാല്‍ മണിക്കൂറെടുക്കും. ഞാനിരിക്കുന്നത് നാലാമത്തെ കൗണ്ടറിന് നേരേ മുമ്പിലാണ്. എന്റെ നേരേയിരിക്കുന്ന ബാങ്കുദ്യോഗസ്ഥനെ ശ്രദ്ധിച്ചു. മെലിഞ്ഞ് പൊക്കമുള്ള ഒരു പഴഞ്ചന്‍..സത്യന്റെ സിനിമയിലെ ഹെയര്‍ സ്റ്റൈലും മീശയും. ഇട്ടിരിക്കുന്ന ഷര്‍ട്ടിനകത്ത് അടുത്തിരിക്കുന്ന രണ്ടു പേര്‍ കൂടി കയറും..ഇതിനു മുമ്പും പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇതുവരെ ചിരിക്കുന്നതോ വാ തുറക്കുന്നതോ കണ്ടിട്ടില്ല.. ഇടയ്ക്ക് തന്റെ ഗോള്‍ഡണ്‍ ഫ്രയിമുള്ള ചെറിയ ചതുരക്കണ്ണടയ്ക്ക് മുകളിലൂടെ അയാളെന്നെ നോക്കി. നോട്ടം മൂന്നോ നാലോ പ്രാവശ്യം ആവര്‍ത്തിച്ചു.
ഞാന്‍ പിന്നെ ശ്രദ്ധിക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ എഴുന്നേറ്റു നില്‍ക്കുകയാണ്. അയാള്‍ക്ക് മുന്നില്‍ നേര്യതുടുത്ത് സ്വര്‍ണ്ണത്തലമുടിയോടെ ഒരു അമ്മൂമ്മ. അല്പം വളഞ്ഞ്, ബഹുമാനത്തോടെ അയാള്‍ സംസാരിക്കുകയാണ്. എന്തൊരു മാറ്റം. ഇത്രനേരം ഞാന്‍ കണ്ട ആളേ അല്ല. ചിരിച്ച് സന്തോഷത്തോടെ സംസാരിക്കുന്ന അയാള്‍. ഇടയ്ക്ക് ടീച്ചറേ എന്നുള്ള അഭിസംബോധനയിലാണ് മുന്നില്‍ നില്‍ക്കുന്നത് അയാളുടെ അധ്യാപികയാണെന്ന് മനസ്സിലായത്. ജോലി ചെയ്‌തോളൂ എന്ന് ടീച്ചര്‍ അനുവദിച്ചിട്ടും അയാള്‍ക്ക് ഇരിക്കാന്‍ മടി. ടീച്ചര്‍ നിര്‍ബന്ധിച്ചപ്പോള്‍ ജാള്യതയോടെ അയാള്‍ കസേരയുടെ അറ്റത്ത് മാത്രമായി ഇരുന്നു. ടീച്ചര്‍ തിരിച്ചു പോകുമ്പോഴും അയാള്‍ എണീറ്റ് യാത്രയാക്കി.
എണ്‍പതു വയസ്സു കഴിഞ്ഞ ടീച്ചറിനുമുമ്പില്‍ നിമിഷമാത്രയില്‍ വള്ളിനിക്കറിനകത്തേക്ക് ചുരുങ്ങാന്‍ കഴിഞ്ഞ മധ്യവയസ്‌കന്റെ സംസ്‌കാരത്തോട് ബഹുമാനം തോന്നി. ചുട്ടയിലയാള്‍ ശീലിച്ച നന്മ മങ്ങലേല്‍ക്കാതെ അയാള്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. പുറമേ പരുക്കനായും അകമേ സംസ്‌കാരസമ്പന്നവുമായ പഴയ തലമുറയില്‍ നിന്നും പുറമേ ജോളിയും അകമേ ശൂന്യവുമായ എന്റെ തലമുറയിലേക്ക് ഞാന്‍ തലകുനിച്ചു.
Friday, August 9, 2013
നേരാന്‍ മറന്ന ആശംസ
വെറുതേ നടക്കാനിറങ്ങിയതായിരുന്നു. മഴക്കാറുള്ള സന്ധ്യകളുടെ ചാരനിറത്തില്‍ മുങ്ങിയങ്ങനെ നടക്കാന്‍ വല്ലാത്ത കൊതിയാണെന്നും. ഇപ്പോ പൊട്ടുമെന്ന മട്ടില്‍ വയറും വീര്‍ത്തിരിക്കുന്ന കറുത്ത കാര്‍മേഘങ്ങളെ ഇടയ്ക്കിടെ നോക്കി, ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച്, തല കുനിച്ച്, മുഖത്തേക്ക് വീഴുന്ന മുടിയിഴകളൊതുക്കാന്‍ തുനിയാതെ ഒന്നും കേള്‍ക്കാതെയും കാണാതെയുമുള്ള നടത്തം. എവിടെ വരെയെത്തിയെന്നോ, എന്താണ് ചുറ്റും സംഭവിക്കുന്നതെന്നോ അറിയാറില്ല. വല്ലാത്ത സുഖമുള്ള നടത്തത്തിലായിരുന്നു ഇന്നലെയും. കൈയ്യില്‍ അസൗകര്യമായി രണ്ടു പുസ്തകങ്ങളുണ്ടായത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. നടത്തം കൂടുതല്‍ നേരമുണ്ടായില്ല. പാര്‍ക്കിലെ ഒഴിഞ്ഞ ബഞ്ചില്‍ കടലയും കൊറിച്ചിരുപ്പായി. വാച്ച്മാന്‍ വന്ന് പറയും വരെ അവിടെത്തന്നെയിരുന്നു. രാത്രി തിരിച്ച് നടക്കുന്നതിനിടയില്‍ പെട്ടന്ന് തോന്നിയ ഒരാശയമായിരുന്നു കാപ്പി കുടിക്കാന്‍.. ഒറ്റയ്ക്ക് ഹോട്ടലില്‍ കയറുന്ന പതിവില്ല, എന്നിട്ടും ഒരു തോന്നലില്‍ കാപ്പി കുടിക്കാന്‍ തന്നെ തീരുമാനിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ ഇടയ്‌ക്കൊക്കെ കൂട്ടുകാരോടൊപ്പം കയറാറുള്ള ഹോട്ടലില്‍ കയറി. വെളുത്ത കോപ്പ കപ്പിലെ കാപ്പിക്കുവേണ്ടി ഞാന്‍ കാത്തിരുന്നു.
എന്റെ സ്വകാര്യതയിലേക്ക് വല്ലവരും കയറിയോയെന്നന്വേഷിക്കാന്‍ മൊബൈലെടുത്ത് പരിശോധിക്കുകയായിരുന്നു ഞാന്‍. ക്ലിം.....ചില്ലുപാത്രം നിലത്തു വീണ് പൊട്ടിച്ചിതറിയ ശബ്ദം. പുറകേ തന്നെ ഒരു നിലവിളിയും.. നോക്കുമ്പോള്‍ പതിനേഴ് വയസ്സ് പ്രായം തോന്നുന്ന ഒരു കൗമാരക്കാരന്‍. പകച്ച് നില്‍ക്കുന്ന അവന്റെ കാല്‍ച്ചോട്ടില്‍ മത്താപ്പൂ പടക്കത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന തരത്തില്‍ ഗ്ലാസ്സുകള്‍ ചിതറിക്കിടക്കുന്നു. രണ്ടോ മൂന്നോ ഗ്ലാസ്സുണ്ടാകണം. അനങ്ങാതെ നില്‍ക്കുന്ന അവനേയും നിലത്തേക്കും മാറി മാറി നോക്കുകയാണ് എല്ലാവരും. രണ്ട് സെക്കന്റ്....ഓടി വന്നൊരാള്‍ അവനെ പിടിച്ചു തിരിച്ചു നിര്‍ത്തിയതും കരണക്കുറ്റിക്ക് ഓങ്ങിയൊന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു.
എന്റെ തൊട്ടടുത്തിരുന്ന മേശയിലെ രണ്ടു ചെറുപ്പക്കാര്‍ അറിയാതെ ചാടിയെണീറ്റു. വേറൊരു മേശയ്ക്കരികിലെ യുവതി പെട്ടന്ന് തല തിരിച്ചു. പലരുടേയും കൈകള്‍ അരുതെന്ന അര്‍ത്ഥത്തില്‍ നീണ്ടുപോയി.. ശ്ശൊ എന്ന ശബ്ദത്തിന്റെ മാറ്റൊലികള്‍ കുറേ നേരത്തേക്ക് കേട്ടു..ഹോട്ടലിലേക്ക് കയറാന്‍ തുടങ്ങിയവര്‍ അവിടെത്തന്നെ നിന്നു. അടുക്കളയില്‍ നിന്നും തലകള്‍ പുറത്തേക്ക് നീണ്ടു. അവന്റെ സഹപ്രവര്‍ത്തകര്‍ തലതാഴ്ത്തി. എന്റെ പ്രതികരണം എന്തായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒന്നുറപ്പ്, എല്ലാവരുടേയും ചില നിമിഷങ്ങള്‍ നിശ്ചലമായിപ്പോയിരുന്നു - ഒരാളുടേതൊഴിച്ച്!..ക്യാഷ് കൗണ്ടറിലിരുന്ന് കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തിരുന്നയാള്‍ ഒഴിച്ച്. കണ്ണടയ്ക്കു മുകളിലൂടെ ഒളിക്കണ്ണെറിഞ്ഞ് അയാള്‍ തന്റെ കിഴിക്കലുകളിലേക്ക് തിരിച്ചു.
ഏതു പിച്ചക്കാരനും മാനദണ്ഡങ്ങളോടെയാണെങ്കിലും അഭിമാനമുണ്ടാകില്ലേ. എച്ചില്‍ വാരുന്ന ഈ ചെറുക്കന്റെ കണ്ണില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനയും ശമ്പളത്തിലെ നഷ്ടത്തിന്റെ ദുഃഖവും വ്യക്തമായി കണ്ടു. കാപ്പി കുടിക്കാന്‍ നില്‍ക്കാതെ ഇറങ്ങി നടക്കുന്നതിനിടയില്‍ വയനാട്ടിലെ ഹോട്ടലില്‍ ഉണ്ടായ സമാന സന്ദര്‍ഭം ഓര്‍മ്മ വന്നു. കയ്യില്‍ നിന്നും വീണുപോയ ഗ്ലാസ്സും നോക്കി പേടിച്ചു നി്ന്ന ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ട്, എന്താടാ നോക്കി നില്‍ക്കുന്നെ. വാരിക്കളഞ്ഞിട്ട് അടുത്ത പണി നോക്കെടായെന്ന് ചിരിച്ചു കൊണ്ടു പറഞ്ഞ മാനേജരേയും ഓര്‍മ്മിച്ചു. പിന്നേയും രണ്ടു മൂന്ന് തവണ കൂടി അവനെ കളിയാക്കി, അവനെ സമനിലയിലേക്കെത്തിക്കാന്‍ സഹായിച്ച ആ മാനേജരെ ഞാന്‍ മനസ്സില്‍ നല്ല വാക്കുകള്‍ക്കൊണ്ട് അഭിനന്ദിച്ചു. ലാഭനഷ്ടങ്ങള്‍ക്കു മീതെ മനുഷ്യത്വമുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍ക്ക് അന്നേ പറയേണ്ടിയിരുന്ന നല്ല ആശംസകള്‍ വൈകിയാണെങ്കിലും മനസ്സില്‍ നേര്‍ന്നു.
Thursday, July 11, 2013
തുഴച്ചില്‍ക്കാരന്റെ തത്വശാസ്ത്രം
സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് അടി മുകളിലുള്ള തടാകത്തില്‍ നിന്നും പല ആയിരം അടിയോളം മുകളിലേക്കുയര്‍ന്ന് എന്നെ വീണ്ടും വീണ്ടും ചെറുതാക്കിയ രാജീവ് എന്ന തുഴച്ചില്‍ക്കാരന് വേണ്ടി........
വയനാട്ടിലെ പൂക്കോട് തടാകത്തിലേക്ക് രാവിലെ ചെല്ലുമ്പോള്‍ ഭാഗ്യമെന്ന പോലെ ബോട്ടില്‍ കയറാന്‍ കൂപ്പണ്‍ കിട്ടി. ഏഴു പേര്‍ക്കുള്ള ബോട്ടിലേക്ക് ഞങ്ങള്‍ മൂന്ന് പേര് പോര, കൂട്ടിന് തമിഴ് നാട്ടില്‍ നിന്നും വന്ന കുടുംബവും കൂടി. ബോട്ടിലേക്ക് കയറി ഏറ്റവും പുറകിലെ ഒറ്റ സീറ്റില്‍ ഞാന്‍ ഇരുന്നു. മുന്നിലായി കൂടെയുള്ളവരും....ആകെ, ഏഴു മുതിര്‍ന്നവരും രണ്ടു കുട്ടികളും... തുഴയുന്നവന്റെ കൈയ്ക്ക് മൂന്നാളുടെ ശക്തിയും പോരാതെ വരുമെന്നു തോന്നി.. പക്ഷേ തുഴച്ചില്‍ക്കാരന്‍ ചെറിയ വടിയുടെ അറ്റത്തു രണ്ടു വട്ടം കറക്കിയെടുത്തപ്പോഴേ ബോട്ട് ഉണര്‍ന്നു.
ഓരോരുത്തരുടെ പേര് ചോദിച്ചു തുടങ്ങിയ തുഴച്ചില്‍ക്കാരനോട് ആദ്യ നിമിഷങ്ങളില്‍ ഒരിത്തിരി നീരസം തോന്നാതിരുന്നില്ല... ആള്‍ക്കൂട്ടത്തില്‍ നിശബ്ദമാകാനുള്ള ജാഡ ശീലിച്ചെടുത്ത ഞങ്ങള്‍ക്കത് അലോസരമായില്ലെങ്കിലേ അതിശയമുള്ളൂ...ഇനിയുള്ള 20 മിനിട്ട് സഹിക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു മനസ്സില്‍. കൈയ്യിലെ ക്യാമറയും, കട്ടി കണ്ണടയും, ജൂബ്ബയും - പത്രപ്രവര്‍ത്തകയുടെ എല്ലാ ടച്ചുമുള്ള എന്നെ അയാള്‍ ചോദ്യം കൊണ്ട് ആക്രമിക്കാന്‍ അധിക താമസമുണ്ടായില്ല..എന്തുകൊണ്ട് പൂക്കോട് തടാകം ഇത്ര പ്രശസ്തമായി എന്ന്എന്താ ചോദിക്കാത്തെ എന്നതായിരുന്നു അയാളുടെ ആദ്യ സംശയം. അയാള്‍ തന്നെ അതിനു മറുപടിയും പറഞ്ഞു...സമുദ്ര നിരപ്പില്‍ നിന്നും 2290 അടി മുകളില്‍ എങ്ങു നിന്നും വെള്ളം ഒഴുകിയെത്താതെ എങ്ങനെ അഞ്ചു നില കെട്ടിടത്തോളം ആഴമുള്ള ഒരു തടാകമുണ്ടായി! ഈ തടാകത്തിന് ഇന്ത്യാ ഭൂപടത്തിന്റെ രൂപം എങ്ങനെയുണ്ടായി!ഈ തടാകത്തിലെ ജലം ഇന്നും ശുദ്ധജലമായി തുടരുന്നതെങ്ങനെ!
എല്ലാം പ്രകൃതിയുടെ ലീലാവിലാസം! പൂക്കോട് തടാകത്തിനെ അതിശയമായിട്ടാണ് അയാള്‍ കാണുന്നത്. സൃഷ്ടിസൗന്ദര്യമെന്നും.
വയനാടിന്റെ എട്ടര ഹെക്ടര്‍ മാത്രമുള്ള ഈ തടാകത്തിനു മുകളിലൂടെ ദിവസവും അമ്പതും അറുപതും തവണ സഞ്ചാരികളേയും കയറ്റി റൗണ്ടടിക്കുന്ന ഈ തുഴച്ചില്‍ ജോലിയെ അയാളെങ്ങനെ ഇത്രമാത്രം പ്രണയിക്കുന്നു?. അതിനേക്കാള്‍ ശമ്പളമുള്ള, ഗ്ലാമറുള്ള, സുഖമുള്ള ജോലിയില്‍ മനംമടുത്തു പോകുന്ന എന്നെ ഞാന്‍ അയാളോട് ചേര്‍ത്ത് വച്ച് നോക്കി.
തന്റെ മുന്നിലിരിക്കുന്നവരില്‍ പലതരം സാധ്യതകള്‍ കണ്ടെത്തുകയാണ് അദ്ദേഹം. പുതിയ മുഖങ്ങളിലും പരിചയങ്ങളിലും പുതുമയുള്ള ചിലതിനെ തിരയുകയാണ്. തനിക്കു മുന്നിലെത്തുന്നവരുടെ യാത്രാനുഭവങ്ങളും അവരുടെ ജീവിതസഞ്ചാരങ്ങളും ഇദ്ദേഹത്തെ കൂടുതല്‍ കുതൂഹിയാക്കുന്നു. അവരുടെ അനുഭവങ്ങളിലൂടെ മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്ത്, അനുഭവസ്ഥനാകുന്നു. അവരുടെ വാക്കുകള്‍ക്കിടയില്‍ നിന്നും പുതിയൊരു അറിവിനു വേണ്ടി പരതുന്നു. അങ്ങനെ, ലോകമെമ്പാടും യാത്ര ചെയ്തവരേപ്പോലെയും തത്വജ്ഞാനികളേപ്പോലെയും സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളേക്കുറിച്ചും വീടിനേക്കുറിച്ചും വാചാലനായി. ചാവുകടല്‍ തന്റെ കൊച്ചുവീട്ടിലെ അലമാരയ്ക്കുള്ളിലെത്തിയതിന്റെ ഗര്‍വ്വം മുഖത്തും തിരയടിച്ചു. ഇതുപോലെയുള്ള ഒരു ഇരുപതു മിനിട്ടു ബോട്ടുസഞ്ചാരത്തിനിടയില്‍ പരിചയപ്പെട്ട രണ്ടു പേരുമായുള്ള സൗഹൃദമാണ് അതിനു കാരണം. അപൂര്‍വ്വമായതൊക്കെ ശേഖരിക്കുന്ന അപൂര്‍വ്വ വിനോദവുമുണ്ട് ഇയാള്‍ക്ക്. വീട്ടിലെ ശേഖരങ്ങള്‍ കാണാന്‍ സ്‌നേഹത്തോടെ ക്ഷണിക്കുകയും ചെയ്തു.
ഇതിനിടയില്‍ തന്റെ ജോലിയോട് 110 ശതമാനവും നീതി പുലര്‍ത്തുന്നതിനേക്കുറിച്ചും പറഞ്ഞു. വെറുതേ ബോട്ടില്‍ കയറ്റി ചുറ്റിച്ചു കാണിക്കുകയല്ല, ഈ തടാകത്തിന്റെ വിശേഷവും വിശേഷണവും വിവരിച്ചു കൊടുക്കും. അവര്‍ ചോദിച്ചാലും ഇല്ലെങ്കിലും. അതിനു ഹിന്ദിയും ഇംഗ്ലീഷും തമിഴും എല്ലാം കൈവശമുണ്ട്.
മിനിട്ടുകള്‍ മാത്രമുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ഒരിക്കലും മറക്കാനാവാത്ത വിധം ഞങ്ങളുടെ മനസ്സിലേക്ക് കയറാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചെറുതോ വലുതോ എന്നല്ല, ചെയ്യുന്നതില്‍ നമ്മുടെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിയുന്നതിലാണ് മിടുക്കെന്ന് അയാള്‍ പറയാതെ പറയുകയായിരുന്നു.
തടാകക്കരയിലിരുന്ന് കാറ്റു കൊണ്ടിരുന്ന രണ്ട് വൃദ്ധദമ്പതികള്‍ക്കു നേരെ അയാള്‍ കൈവീശി. അവര്‍ തിരിച്ചും. ഞങ്ങള്‍ക്കു തൊട്ടുമുമ്പ് ബോട്ടില്‍ യാത്ര ചെയ്തവരായിരുന്നു അവര്‍. ഇന്നത്തെ സൗഹൃദ ശേഖരത്തിലേക്കുള്ള അയാളുടെ പുതിയ മുത്തുകള്‍..
Monday, April 15, 2013
പന്ത്രണ്ട് വയസ്സുള്ള പുരുഷന്‍
ഇന്നൊരു അസാമാന്യ ദിവസമായിരുന്നു. എന്റെ ഫഌറ്റിലെ ഒരു മുറിയിലെ കത്തുന്ന പ്രകാശത്തില്‍ സുഖമായി ഉറങ്ങുന്ന പുരുഷനെ നോക്കി ഞാന്‍ നിന്നു. പന്ത്രണ്ടു വയസ്സുള്ള അവനെ നോക്കി ഒരു പുരുഷനാണെന്ന് കരുതാന്‍ മാത്രം വലുപ്പമുള്ള (അതോ ചെറുതോ) ഒരു മനസ്സെനിക്കില്ലാതെ പോയല്ലോ എന്നോര്‍ത്തു. ലൈറ്റ് അണച്ചാല്‍ ഭയപ്പെടുന്ന, വീട്ടില്‍ അച്ഛനേയും അമ്മയേയും കണ്ടില്ലെങ്കില്‍ ഞാന്‍ പേടിച്ച് കരയുമെന്ന് സ്വയം സമ്മതിച്ച അവനേയും തെറ്റായിക്കാണാന്‍ മാത്രം ക്രൂരതയുള്ള അയല്‍ക്കാര്‍ എനിക്കു ചുറ്റിലുമുണ്ടാകുമോ?
എല്ലാ ശനിയാഴ്ചയും ഞാന്‍ പോകാറുള്ള ശിവപുരം കോളനിയിലെ കുരുന്നുകളിലൊന്നാണ് ഇവനും. നന്നായി വരയ്ക്കുന്ന അച്ചടക്കമുള്ള ഇവനെ തൃശ്ശൂര് സംഘടിപ്പിക്കുന്ന ക്യാംപില്‍ ചേര്‍ത്തത് ഞാനാണ്. ആ കോളനിയിലെ ഒരു കുട്ടിക്കും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത ഒരു ക്യാംപിലേക്കാണ് സൗജന്യമായി പങ്കെടുക്കാന്‍ ഇവനെ തെരഞ്ഞെടുത്തത്. അതിന് സഹായിച്ചത് എന്റെ സഹപ്രവര്‍ത്തകനും. രാവിലെ 9 മണിക്കു കൂലിപ്പണിക്കു പോകുന്ന അച്ഛനും അമ്മയ്ക്കും ഇവനെ ക്യാംപ് നടത്തുന്ന സ്ഥലം വരെ കൊണ്ടു വന്നു വിടാനോ, തിരിച്ച് കൊണ്ടു പോകാനോ കഴിയില്ല. ഈ നിവൃത്തികേട് കൊണ്ട് അവന്റെ ഭാഗ്യം തട്ടിത്തെറിച്ചു പോകണ്ടയെന്ന് കരുതി ഞാന്‍ സമ്മതിച്ചു - എന്റെ കൂടെ താമസിച്ചോട്ടെ - തൃശ്ശൂര്‍ നഗരത്തില്‍ തന്നെയുള്ള ഫഌറ്റില്‍ ജീവിക്കുന്ന എനിക്ക് അതൊരു ബാധ്യതയാകില്ലയെന്ന് നന്നായറിഞ്ഞു തന്നെയാണ് സമ്മതിച്ചത്.
ഫഌറ്റിലെത്തി, എന്റെ പുറകില്‍ നിന്നും അവന്‍ മാറുന്നുണ്ടായിരുന്നില്ല. പകല്‍ നടന്ന ക്യാംപിലെ വിശേഷങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല്. ഇതിനിടയില്‍ അവന്റെ വീട്ടില്‍ നിന്നും അമ്മയും മേമയും എന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. അമ്മയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെടുത്ത അനിയന്‍ ഉണ്ണി, അടുത്ത വീട്ടിലെ കീര്‍ത്തന, പാപ്പന്റെ മോള്, മാമന്‍, മേമ, അമ്മമ്മ അങ്ങനെ എട്ടോ പത്തോ പേരുടെ കൈകളിലേക്ക് മറുതലയ്ക്കലെ ഫോണ്‍ ചാടിക്കളിക്കുന്നത് ഇവിടെ നിന്ന് ഇവന്‍ പറയുന്ന വിളികള്‍ കേട്ടാല്‍ അറിയാം. ആദ്യത്തെ ഘട്ടം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: 'ആദ്യായിട്ടാ ഞാന്‍ മാറി നിക്കണേ...'
വെള്ളം മാറിക്കുളിച്ചാല്‍ പനിക്കുമോ? എന്നും ചോദിച്ച്, അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ ഒരു നുള്ള് രാസ്‌നാദിപ്പൊടി തലയില്‍ തിരുമ്മാനായി ചെന്നപ്പോള്‍ തടുത്തു. 'ഞാന്‍ തല നനച്ചില്ല ചേച്ചീ.. അമ്മ പറഞ്ഞു തല നനയ്ക്കണ്ടായെന്ന്...'. മുന്‍കരുതലെടുക്കാനും ഓര്‍മ്മിപ്പിക്കാനും അമ്മയുള്ളപ്പോള്‍ രാസ്‌നാദിപ്പൊടിക്കെന്തു സ്ഥാനം എന്നോര്‍ത്ത് ഞാന്‍ പുഞ്ചിരിച്ചു. 'ചേച്ചിക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയില്ലേ? അയ്യോ, ഞാനൊക്കെയാണേല്‍ കരയും..'.എന്നിട്ട് പണ്ടൊരിക്കല്‍ വണ്ടിയോടിക്കുന്ന മാമന്റെ വീട്ടില്‍ പോയി ഒറ്റയ്ക്കിരിക്കേണ്ടി വന്ന ദിവസം വിവരിച്ചു. പേടിച്ചു വിറച്ചിരുന്ന്, മാമന്‍ വന്നപ്പോള്‍ വാവിട്ട് നിലവിളിച്ച അവനേക്കുറിച്ച് പറഞ്ഞ് അവന്‍ തന്നെ ചമ്മിച്ചിരിച്ചു. പിന്നേയും ഒരു ഫോണ്‍ കൂടി വന്നു. ഏട്ടനെ കാണാതെ വിഷമിച്ച് കരയുന്ന പാപ്പന്റെ കുട്ടിക്കു വേണ്ടി വിളിച്ചതായിരുന്നു അത്. കറപറ്റാത്ത സ്‌നേഹത്തിന്റെ മണിയടികളായിരുന്നു അവ.
ആ നിഷ്‌ക്കളങ്കതയിലേക്ക് കല്ലു പെറുക്കിയെറിയാന്‍ തോന്നിയ സുഹൃത്തിനോട് എനിക്ക് വേദന തോന്നി. ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞപ്പോള്‍ അറിയാതെ വാ പൊളിച്ചുപോയി. അഞ്ചു ദിവസം ഇനി ഈ കുട്ടി എന്റെ കൂടെയുണ്ടാകുമെന്ന് അറിഞ്ഞതോടെ നിയന്ത്രണം വിട്ട സുഹൃത്തിന്റെ ദേഷ്യത്തിനു മുന്നില്‍ മിണ്ടാനാകാതെ നിന്നു. തോന്ന്യാസമെന്ന വാക്കിനുള്ളില്‍ എന്റെ പ്രവൃത്തിയെ ഒതുക്കാന്‍ കഴിയാതെ മറ്റു പല വിശദീകരണങ്ങളും തന്നു. മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് പറഞ്ഞപ്പോള്‍ അറിയാതെ പറഞ്ഞു പോയി ' വെറും പന്ത്രണ്ടു വയസ്സ്'..വയസ്സല്ല കാര്യം..ഇന്നത്തെ കാലത്ത് അതൊന്നും ഒരു വലിയ കാര്യമല്ല. നീ വലിയ അരുന്ധതി റോയി ഒന്നും ആകണ്ട....
പിന്നെയും ഞാന്‍ പിറുപിറുത്തു - വെറും പന്ത്രണ്ടു വയസ്സ്....
പറഞ്ഞ വഴക്കുകളൊക്കെ കണ്ണടച്ച് നിന്ന് കേട്ടു.... തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല, അവജ്ഞയോടെ ഞാന്‍ എന്നെ നോക്കി..ശരിയാണ് ഞാന്‍ ജീവിക്കുന്നത് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയേയും പീഡിപ്പിക്കുന്ന തെരുവുകളുള്ള നാട്ടിലാണ്.. കാമവൈകൃതം മരപ്പൊത്തില്‍ മറയ്ക്കാന്‍ ശ്രമിച്ച പതിമൂന്നുകാരന്റെ നാടാണ്...എല്ലാമറിയാം...എന്നാലും, നമുക്കെന്തേ നല്ലതൊന്നും ചിന്തിക്കാന്‍ കഴിയാതെ പോകുന്നൂ...തിന്മകളേക്കുറിച്ചുള്ള അമിതമായ അറിവ്, നന്മ ചെയ്യുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നില്ലേ...തിരിച്ചറിയാന്‍ കഴിയുന്ന നന്മകളേയും അകറ്റിയോടിക്കുന്നതെന്തേ? തെറ്റാണ് വര്‍ദ്ധിക്കുന്നതെങ്കില്‍ അതിനൊപ്പം ശരി ചെയ്ത് മത്സരിക്കാന്‍ എന്തേ നമുക്ക് കഴിയുന്നില്ല!....
രാത്രി പന്ത്രണ്ട് മണിക്ക് ധന്യയുടെ ഫോണ്‍ വന്നു...അവള്‍ക്ക് ഈയാഴ്ച നൈറ്റ് ഡ്യൂട്ടിയാണ്, എന്റെ കൂടെയായിരിക്കും താമസം..പെട്ടന്നൊരു തണുപ്പ് തലയിലേക്ക് പടര്‍ന്നു, പക്ഷേ ഹൃദയമൊന്ന് വീര്‍ത്തുയര്‍ന്നു - ഈശ്വരാ, ധന്യ കൂടി വീട്ടിലുണ്ടാകുമെന്നത് എനിക്ക് ആശ്വാസം തരുന്നെങ്കില്‍ അതിനര്‍ത്ഥം ഞാനും ഇവര്‍ പറഞ്ഞതു വിശ്വസിച്ചു എന്നാണോ....??? ...മനസ്സു വിട്ട് ഊര്‍ന്നു പോകുന്ന നന്മയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ കിതച്ചു.
Thursday, April 11, 2013
കുടുംബത്തില്‍ പിറന്നത്
6 മണി കഴിഞ്ഞ് ആര്‍ക്കു വേണ്ടിയും തുറക്കാത്ത ക്ലാരമഠത്തിന്റെ പ്രതാപം ഞാന്‍ കേട്ടിട്ടുണ്ട്. കെട്ടിപ്പൂട്ടിയ കരിങ്കല്ലുകള്‍ക്കുള്ളില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് ജീവിക്കുന്നവരാണത്രേ. ആണ്ടിലൊരിക്കല്‍ കാണാന്‍ ചെല്ലുന്ന അപ്പനെയും അമ്മയേയും വരെ കമ്പി വലയ്ക്കപ്പുറത്തു നിര്‍ത്തുന്ന ലൗകീക വിരക്തിയുള്ളവര്‍.. തീക്കോയിയില്‍ ബസ്സിറങ്ങി എഫ്.സി കോണ്‍വെന്റ് എന്നു ബോര്‍ഡു കണ്ട ടാറിട്ട റോഡിലേക്ക് തിരിഞ്ഞപ്പോള്‍ വാച്ചില്‍ 7 മണിയും കഴിഞ്ഞു. നടന്നും ഓടിയും മഠത്തിലേക്കുള്ള പടിക്കെട്ടിന്റെ തുടക്കം വരെയെത്തി നിന്നു. കെട്ടിടത്തിന്റെ മൂലയില്‍ ആരും അടിക്കല്ലേയെന്ന് കരഞ്ഞ് നില്‍ക്കുന്ന വലിയ മണിയും, അവനിട്ടൊന്ന് കൊടുക്കെന്ന ഭാവത്തില്‍ താഴോട്ട് തൂങ്ങുന്ന വള്ളിയും എന്നെ മിശ്ര വികാരങ്ങളോടെ നോക്കി. മണിയടിക്കാന്‍ ധൈര്യം പോര. അച്ചടക്ക ലംഘനത്തിന് മഠം മദറിന്റെ അടുത്തൂന്ന് ശിക്ഷ വാങ്ങാനുള്ള സമയം എനിക്കില്ല. ചുറ്റും നോക്കി, ഒരില പോലും അനങ്ങുന്നില്ല. തോര്‍ന്നു പോയ മഴയില്‍ ഇറ്റു വീഴാന്‍ തയ്യാറായി നിന്ന തുള്ളികളെ പോലും ശാസിച്ചു നിര്‍ത്തിയിരിക്കുകയാണ്. മഠത്തിനകത്തുള്ള ചിട്ട ഇവരും ശീലിച്ചെടുത്തിരിക്കുന്നോ? രണ്ടും കല്പിച്ച് നട കയറി മഠത്തിന്റെ മുറ്റത്തേക്ക്, വിതറിയിട്ടിരിക്കുന്ന ചരലില്‍ എത്ര ശ്രമിച്ചിട്ടും നിശബ്ദമാകാന്‍ കഴിഞ്ഞില്ല. പ്രധാന വാതിലിന്റെ നേരേ നോക്കി നിന്നു. കോളിങ് ബെല്ലില്ല. ചാപ്പലിന്റെ ജനാലയ്ക്കലേക്ക് എണീറ്റു വന്ന നിഴലിനോട് , ജോസ് മേരിയമ്മയെ കാണാനാ എന്നു പറഞ്ഞു. അഞ്ചു സെക്കന്റു പോലും താമസിച്ചില്ല. കറുത്ത മുഖത്തോടെ മേരിച്ചേച്ചി വന്നു. വെളു വെളുത്ത മേരിച്ചേച്ചീടെ മുഖം ഇത്രയ്ക്ക് കറുക്കുമെന്ന് ആ സന്ധ്യയ്ക്ക് മനസ്സിലായി. അകത്തേക്ക് കയറാന്‍ നില്‍ക്കാതെ, കൊടുക്കാനുള്ളത് കൊടുത്ത് തിരിച്ചിറങ്ങി. വാതിലില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പറഞ്ഞത് - ആള്‍ക്കാര്‍ കൊച്ചാക്കും എന്നാണ്. മനസ്സിലാകാത്ത പോലെ നോക്കിയ എന്നോട് ഒന്നുകൂടി പറഞ്ഞു - എന്നെ ആള്‍ക്കാര്‍ കൊച്ചാക്കി കാണും.
കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഞാനിപ്പോള്‍ ചെയ്തത്. ആറു മണി കഴിഞ്ഞ് വീടിനു പുറത്തിറങ്ങുന്ന ഏതു പെണ്ണും കുടുംബത്തില്‍ പിറക്കാത്തവരുടെ പട്ടികയിലേക്ക് കുടിയിരുത്തപ്പെടുമെന്ന കാര്യം ഞാന്‍ വിട്ടു പോയതാണ്. സ്ഥലം പാലാ ആണ്. അച്ചായത്തികളുടെ ധൈര്യത്തിനും കരുത്തിനും പുകള്‍പെറ്റ പാലാ. അച്ചായത്തികളുടെ കരുത്തറിഞ്ഞത് വടക്കന്‍ ജില്ലകളാണ്. കാടു മെതിച്ച് വിത്തെറിഞ്ഞ് വിളവെടുക്കുന്നതു വരെ അവളുടെ കരുത്ത് നാടും വീടും അറിയും. അത് കുടുംബത്തിലായാലും മണ്ണിലായാലും. പത്തും പന്ത്രണ്ടും പെറുകയും ഇവറ്റങ്ങളെയൊക്കെ മലമ്പനിയില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപെടുത്തുമ്പോഴും അവള്‍ കരുത്തറിയിച്ചു. അന്തിപ്പണിയും കഴിഞ്ഞ് വാറ്റിന്റെ ചൂരില്‍ പുറം തല്ലിപ്പൊളിക്കുന്ന കെട്ടിയോന്റെ കൈക്കരുത്തിനു മുന്നില്‍ ഇവളോളം പിടിച്ചു നില്‍ക്കാന്‍ ഒരു വടക്കത്തിക്കും പറ്റില്ലായിരുന്നു. ഒരു പണിയുമെടുക്കാത്ത ഉണ്ണാക്കന്‍മാരെയും ഇവര്‍ പണിയെടുത്ത് നാട്ടിലെ പ്രമാണികളാക്കി. ഞാനറിഞ്ഞ അച്ചായത്തി കരുത്തിന്റെ കഥകള്‍ക്കേറ്റ ആദ്യത്തെ ക്ഷതമായിരുന്നു കോട്ടയത്തുണ്ടായിരുന്ന ഒരു വര്‍ഷത്തെ അനുഭവങ്ങള്‍. ആറു മണി കഴിഞ്ഞാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളും, എട്ടു മണിയാകുമ്പോഴേക്കും അടഞ്ഞു കിടക്കുന്ന കടകളും പരിചയമാകാന്‍ ഏറെ സമയമെടുത്തു.
ഇരുട്ടില്‍ നാലു പേര്‍ക്കു കയറിയിരിക്കാന്‍ പറ്റുന്ന ആ ചെറിയ ബസ് ഷെഡ്ഡില്‍ ഞാനിരുന്നു. ഇന്നത്തെ യാത്രയുടെ മുഴുവന്‍ പരാക്രമങ്ങളും കെട്ടടങ്ങിയതിന്റെ ആശ്വാസത്തില്‍. ചെരിഞ്ഞ് വീഴുന്ന മഴച്ചാറ്റല്‍ അപ്പോഴും തോര്‍ന്നിരുന്നില്ല. മുന്‍പ് പെയ്ത മഴയുടെ തുള്ളികള്‍ ആസ്ബസ്റ്റോസ് ഷീറ്റില്‍ നിന്നും ഉരുണ്ടു പിടഞ്ഞ് താഴേക്ക് വീഴുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ പീടികയില്‍ നിന്നും പലതരത്തിലുള്ള വെളിച്ചം റോഡിന്റെ പകുതി വരെ പരന്നു കിടന്നു.
തീക്കോയി പട്ടണത്തിന്റ ഐശ്വര്യമാണ് ഈ മൂന്ന് പീടികകള്‍. അപ്പനപ്പൂപ്പന്‍മാരായി കൈമാറി വന്ന അച്ചായന്‍ കടകള്‍. എന്തൊക്കെ വിട്ടുകൊടത്താലും ഈ കടകള്‍ മാത്രം അവര്‍ ബാക്കി നിര്‍ത്തും. കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ പഠിക്കാത്തവനുണ്ടാകും. അവന് അപ്പനിത് കൈമാറും. ഒപ്പം പെങ്ങമ്മാരുടെ കല്യാണച്ചുമതലയും. കിരീടവും ചെങ്കോലും കൈകളിലേക്ക് വന്ന രാജാവിന്റെ അനുഭൂതിയായിരിക്കും പിന്നീടവര്‍ക്ക് ഈ കടയില്‍ ഇരിക്കുമ്പോള്‍.
നിര നിരയായി നിര്‍ത്തിയിട്ടിരിക്കു ഓട്ടോയ്ക്കുള്ളില്‍ നിന്നും തലകള്‍ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങി നടക്കുന്നു. അക്ഷമയോടെ എന്തൊക്കെയോ പറയുകയും എന്നെ നോക്കുകയും ചെയ്തു...ഇടയ്ക്കിടെ പോകുന്ന വണ്ടികളുടെ കുത്തു വെളിച്ചത്തില്‍ അവരെന്നെ അടിമുടി ഉഴിഞ്ഞെടുത്തു. എല്ലാവരുടെയും കാഴ്ചവസ്തുവായതോടെ ഞാനും അസ്വസ്ഥമായി. ഫോണെടുത്ത് ആരെ വിളിക്കാം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ അമ്മ വിളിക്കുന്നു. ഈ രാത്രിയില്‍ തീക്കോയിയിലെ ബസ് ഷെഡ്ഡില്‍ ഞാനിരിക്കുന്നുവെന്ന് പറയുമ്പോള്‍ എന്തായിരിക്കും പ്രതികരണം. ഫോണെടുത്ത് കള്ളം പറയാന്‍ പറ്റില്ല. ഇനി മേരിച്ചേച്ചിയെങ്ങാനും വിളിച്ചിട്ടുണ്ടാകുമോ? എന്തായാലും എന്റെ അമ്മയല്ലേ..ഫോണ്‍ എടുത്ത് എന്താമ്മേന്ന് ചോദിച്ചു. വെറുതേ വിളിച്ചതാ..നാട്ടിലേക്ക് വരുന്നുണ്ടോയെന്നറിയാന്‍.., വര്‍ത്താനം പറയുന്നതിനിടെ ഞാന്‍ പറഞ്ഞു - തീക്കോയിയില്‍ ഇരിക്കുവാണെന്നും, ഞാന്‍ വൈകി വന്നത് മേരിച്ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒക്കെ.
അതിനെന്താ...നമ്മുടെ സൗകര്യം കൂടി നോക്കിയല്ലേ പോകാന്‍ പറ്റൂ..., ഇനിയെപ്പഴാ ബസ്സെന്നും മറ്റുമെല്ലാം ചോദിച്ച് അമ്മ ഫോണ്‍ വച്ചു. ഈ സമയത്ത് മകള്‍ യാത്ര ചെയ്യുന്നതില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, ഒരു പേടിയുമില്ലാതെ അമ്മ ഫോണ്‍ വയ്ക്കുമ്പോള്‍ ഞാനോര്‍ത്തു. ചെറിയ ചെറിയ കാര്യങ്ങളില്‍ അമ്മ കാണിച്ച വിശ്വാസവും ധൈര്യവുമാണ് എന്നെ ഞാനാകാന്‍ സഹായിച്ചത്. ടൗണിലൂടെ ഒരിക്കല്‍ തല താഴ്ത്തി നടന്നപ്പോള്‍ അമ്മ പറഞ്ഞു - തല ഉയര്‍ത്തിപ്പിടിച്ച് നടക്ക്...
Friday, April 5, 2013
ഇതിനൊരു തലക്കെട്ടില്ല
വഴിയില്‍ വീണു കിടന്ന വൃദ്ധനെ കാണാത്ത മട്ടില്‍ മറികടന്നു പോയ കാലടിപ്പാടുകള്‍ നെഞ്ചില്‍ മായാതെ നിന്നു. പൊരിവെയിലില്‍ റോഡിനു നടുവില്‍ തളര്‍ന്നു കിടന്ന മനുഷ്യനെയോ അയാള്‍ കെഞ്ചിപ്പറയുന്ന വാക്കുകളേയോ ശ്രദ്ധിക്കാന്‍ മിനക്കെടാതിരുന്നവരുടെ മുഖങ്ങളും മറക്കാതെ കിടന്നു. ചുരുട്ടിപ്പിടിച്ച കൈക്കുള്ളിലെ ഗുളികകള്‍ തുറന്നു കാട്ടി മുന്നിലൂടെ പോയ നിഴലുകളോട് ഒരിറ്റു വെള്ളത്തിനായി അപേക്ഷിച്ചു അയാളവിടെ കിടന്ന കാഴ്ചയ്ക്കു മുന്നില്‍ പതറി വീണു പോയ ആ നിമിഷത്തോടുള്ള വെറുപ്പില്‍ നിന്നാണ് ഈ കുറിപ്പ് പിറക്കുന്നത്. നന്മകളുടെ കഥകള്‍ മാത്രം കേട്ടു ശീലിച്ച ഈ ബ്ലോഗിലേക്ക് ഇതും ഞാന്‍ തിരുകുമ്പോള്‍ എന്റെ ഉദ്ദേശ്യം നന്മയാണ്. തിന്മ കണ്ട് അതില്‍ നിന്നും വിപരീതമായ നന്മ നീറ്റിയെടുക്കാന്‍ കഴിവുള്ള മനസ്സുകള്‍ക്കു വേണ്ടി.
രാവിലെ സമയം വൈകിയിറങ്ങിയതിന്റെ ബഹളം എന്റെ വണ്ടിയോടിക്കലിലും ഉണ്ടായിരുന്നു. അല്പം മുന്നിലായി പോയ്‌ക്കൊണ്ടിരുന്ന കാറ് സഡണ്‍ ബ്രേക്കിട്ട് നിര്‍ത്തി വളച്ചെടുത്ത് പോയതു കണ്ട് ഞാനും ശ്രദ്ധിച്ചു. റോഡില്‍ വീണു കിടക്കുന്ന ഒരാള്‍. മുട്ടിനു താഴെയായി തീരുന്ന മുക്കാപ്പാന്റും മുഷിയാന്‍ ബാക്കിയില്ലാത്ത ഷര്‍ട്ടും, തൊട്ടടുത്ത് കിടക്കുന്ന ഭാണ്ഡമാക്കിയ ചാക്കും ദൂരെ നിന്ന് കണ്ടു. മദ്യപിച്ച് റോഡില്‍ കിടക്കുന്ന ഇത്തരം കാഴ്ചകള്‍ പതിവായതിനാല്‍ ഞാനും സംശയിച്ചു. പക്ഷേ അയാളെ മറികടന്നു പോയപ്പോള്‍ അയാളുടെ കണ്ണില്‍ കണ്ട വേദന സംശയങ്ങളെ മാറ്റി നിര്‍ത്തി. ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ അയാളെ മറി കടന്ന് വന്ന ഒരാളോട് ചോദിച്ചു - എന്തു പറ്റിയതാ അയാള്‍ക്ക് ചേട്ടാ?. അമ്പത് വയസ്സിനേക്കാള്‍ പ്രായമുള്ള അയാളില്‍ നിന്നും വന്ന മറുപടി വിചിത്രമായിരുന്നു - തലകറങ്ങി കിടക്കുവാണെന്ന് തോന്നുന്നു...ഉത്തരം കേട്ട് ഞെട്ടിപ്പോയി. നമ്മളെന്നു മുതലാണ് മനുഷ്യത്വം തീരെയില്ലാത്തവരായിപ്പോയത്!!...
അയാളുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ ഞാന്‍ ചുറ്റും നോക്കി, പന്ത്രണ്ടും പതിമൂന്നും പ്രായമുള്ള പയ്യന്‍മാര്‍ അതിനടുത്തു നിന്നു കളിക്കുന്നു. തൊട്ടടുത്ത ഗ്രൗണ്ടില്‍ സ്‌കൂട്ടറില്‍ എട്ടു വരച്ചു പഠിക്കുന്ന സ്ത്രീകള്‍, തൊട്ടുമുന്നിലെ ഫഌറ്റിനു മുന്നിലേക്ക് ഉന്തു വണ്ടിയില്‍ കൊണ്ടു വന്ന പച്ചക്കറിയുടെ വിലപേശലില്‍ വ്യാപൃതരായിരിക്കുന്നവര്‍, കുളിച്ച് കുറി തൊട്ട്, ശിവ കടാക്ഷാഭ്യര്‍ത്ഥനയും കഴിഞ്ഞ് അമ്പലമുറ്റത്തെ ആലിന്റെ ചുവട്ടില്‍ ഭക്തി പരവശരായി ഇരിക്കുന്നവര്‍.......
ശ്വാസം മുട്ടുന്നുവെന്ന് മാത്രമേ വീണു കിടക്കുന്നയാള്‍ക്ക് പറയാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. കളിച്ചു കൊണ്ടിരുന്ന പയ്യന്‍മാരെ ഞാന്‍ വിളിച്ചു. മടിച്ചു മടിച്ചാണവര്‍ വന്നത്. വെള്ളം വാങ്ങി വരാനും പറഞ്ഞ് 20 രൂപ കൊടുത്തപ്പോള്‍ വാങ്ങിയില്ല. ദേഷ്യത്തോടെ പറഞ്ഞപ്പോള്‍ കടയിലേക്ക് ഓടി. അടുത്ത വീടിന്റെ ഗെയ്റ്റിനോട് ചേര്‍ന്ന് ചാരിയിരുത്തിയിട്ട് കുട്ടികള്‍ തിരിച്ചെത്താന്‍ കാത്തിരുന്നു. ഇതിനിടയില്‍ ഒരു കുപ്പിയില്‍ വെള്ളവുമായി ഒരു സ്ത്രീ ഓടി വരുന്നതു കണ്ടു. അപ്പോഴേ ഉറപ്പിച്ചു, മലയാളിയല്ല...എന്റെ ഊഹം ശരിവച്ച് അവര്‍ പറഞ്ഞു - അക്ക, തണ്ണി....
കൊടകില്‍ നിന്നും ജോലിയന്വേഷിച്ച് തൃശ്ശൂരെത്തിയതാണ് അയാള്‍. ജോലി കിട്ടാതെ പട്ടിണി കിടന്നു മടുത്തപ്പോള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചതാണ്. കാശില്ലാതെ, എങ്ങനെ പോകുമെന്നറിയാതെ വിഷമിക്കുകയാണ്. കൈയ്യില്‍ നിന്നും ചെറിയൊരു തുക അയാള്‍ക്ക് വച്ചു നീട്ടിയത് മറ്റുള്ളവരെ കാണിക്കാനായിരുന്നു. അതു കണ്ട്, ചുറ്റും കൂടിയ ആള്‍ക്കാര്‍ കൊടുക്കുന്ന അഞ്ചും പത്തും കൊണ്ട് അയാള്‍ വീട്ടിലെത്തിക്കോട്ടെ എന്നു വിചാരിച്ചിട്ടായിരുന്നു. ചുറ്റും നിന്നവരോട് സഹായിക്കാമോയെന്ന് അയാള്‍ ചോദിക്കുകയും ചെയ്തു. ബൈക്കിലെത്തിയ മാന്യദ്ദേഹത്തിന് അപ്പോള്‍ പുച്ഛം. അയാളെ സഹായിക്കാന്‍ മനസ്സില്ലെങ്കില്‍ നേരെ പോയാല്‍ പോരെ. ഇത്രയ്ക്ക് പുച്ഛിക്കാന്‍ അയാള്‍ക്ക് എന്തര്‍ഹതയുണ്ട്? ജീവിതത്തിന്റെ അസ്ഥിരതയേക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ലാതെ വിഡ്ഢികളാകാന്‍ ഇപ്പോള്‍ ശീലിക്കുന്നത് ഋഷിസംസ്‌കാരത്തിന്റെയും വേദങ്ങളുടെയും ഭഗവത്ഗീതയുടെയും ഒക്കെ പാരമ്പര്യം പറയുന്ന നമ്മള്‍ തന്നെയാണോ? അവിടെ നിന്ന് ഉറക്കെ ജ്ഞാനപ്പാന പാടാന്‍ തോന്നി...
ഓഫീസിലെത്തി സഹപ്രവര്‍ത്തകരോട് അക്ഷരാര്‍ത്ഥത്തില്‍ പുലമ്പുകയായിരുന്നു...ഇത് നാടല്ല, കാടാണ്..കോണ്‍ക്രീറ്റ് കാട്ടിനുള്ളില്‍ കുടുങ്ങി പോയ ചില കാടന്‍മാരുടെ കാട്..
Subscribe to:
Posts (Atom)