പക്വതയുള്ള നന്മ
എം.ജി റോഡിലെ വാഹനത്തിരക്കും ആള്‍ത്തിരക്കും കൂടുന്നത് രാത്രി 8 മണിയോടെയാണ്. പ്രൈവറ്റ് ബസുകളുടെ എണ്ണം കുറഞ്ഞ് സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയേറുന്ന സമയം. മുഖത്തോടു മുഖം നോക്കിയിരിക്കുന്ന പെട്രോള്‍ ബങ്കുകളിലേക്ക് ദാഹിച്ചെത്തുന്ന വാഹനങ്ങളുടെയും തിരക്കും സാധാരണം. കാല്‍നട യാത്രക്കാരും, രാംദാസ് തിയ്യറ്ററിനു മുന്നിലെ ബജിക്കടയിലേക്കെത്തുന്നവരും, ജോലി കഴിഞ്ഞ് ലേറ്റ് നൈറ്റ് ഷോപ്പിങ്ങിന് ഓടിപ്പിടഞ്ഞെത്തുന്നവരും, കൂട്ടം കൂട്ടമായി നിന്നും നടന്നും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞ് രസിക്കുന്നവരും ഒക്കെ ചേര്‍ന്ന് എം.ജി. റോഡ് കൊഴുത്തിരിക്കും. ഇവരെയൊക്കെ കൊതിപ്പിക്കാന്‍ നടപ്പാതയ്ക്കരുകില്‍ പൊളിഞ്ഞു വീഴാറായ ഭിത്തിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന തട്ടുകടയാണ് പ്രധാന ശ്രദ്ധാ കേന്ദ്രം. നാനാത്വത്തില്‍ ഏകത്വമെന്തെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഏറ്റവും പറ്റിയ ഉദാഹരണമാണ് ഈ തട്ടുകട. കാറിലും ബൈക്കിലും എത്തുന്ന എക്‌സിക്യൂട്ടീവ് ചെറുപ്പക്കാരും, എന്‍ഫീല്‍ഡിന്റെ മുതുകത്തു നിന്നും രാജകീയമായി ഇറങ്ങുന്ന തിളങ്ങുന്ന ബിസിനസുകാരന്‍ അച്ചായനും, വിദ്യാര്‍ത്ഥികളും, വെറുതേക്കാരും, ചെമ്പിച്ച മുടിയും കറയുള്ള പല്ലും പൊടി മൂടിയ മുഖവുമുള്ള മെല്ലിച്ച ശരീരം ഓറഞ്ച് ബനിയനുള്ളിലാക്കിയെത്തുന്ന പരദേശിക്കാരും, ഭിക്ഷക്കാരും ചേര്‍ന്ന് മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പുനരവതരണം ദിവസവും നടത്തുന്നു.
എം.ജി റോഡിലെ ഓവര്‍ ബ്രിഡ്ജിനടിയിലൂടെ പോകാറുള്ള ട്രയിനുകള്‍ക്കുവേണ്ടി കാത്തു നിന്ന ദിവസങ്ങളുമുണ്ട്. ഒരിക്കല്‍ അതിലേ പോയ പോലീസ് ജീപ്പ് നിര്‍ത്തിച്ച് എന്നെ ചൂണ്ടി കാണിച്ച ചേട്ടനോട് ഇപ്പോഴും ദേഷ്യമാണ്. ചോദ്യ ഭാവത്തില്‍ അടുത്തേക്കു വന്ന പോലീസിനോട് ' ഇവിടുന്നു ചാടി തന്നെ മരിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ?' എന്നു തറുതല പറഞ്ഞു തടിതപ്പുകയായിരുന്നു. അന്നു നിര്‍ത്തി പരിപാടി. എല്ലാ പ്രധാന നഗരങ്ങളിലും എം.ജി. റോഡ് എന്ന പേരില്‍ റോഡും, അതില്‍ എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഷോപ്പും ഉണ്ടാകുമെന്ന അലിഖിത നിയമം ഇവിടെയും പാലിക്കപ്പെട്ടു.
ഉമ്പായിയുടെ ഗസലും കേട്ട് നിശ്ചിത വേഗത്തില്‍ വായില്‍ നോക്കി നടക്കാന്‍ ഒരു പ്രത്യേക രസമാണ്.
ഇന്നലെയും പതിവു തെറ്റിച്ചില്ല. ചില പിരിമുറുക്കങ്ങള്‍ മനസ്സിലുണ്ടെന്നതൊഴിച്ചാല്‍ ഒന്നും പുതുതല്ല. ആരെയും ശ്രദ്ധിക്കാതെ നടക്കുന്നതിനിടയ്ക്ക് എന്റെ നേരെ വരുന്ന മെലിഞ്ഞ ശരീരം കണ്ണില്‍ പെട്ടു. റോഡില്‍ കൂടി Z വരച്ചു നടക്കുന്ന അയാള്‍ പന്തിയല്ലെന്ന് പറഞ്ഞ് ആറാമിന്ദ്രിയം സടകുടഞ്ഞു. നിലയുറപ്പിക്കാന്‍ കഴിയാതെ പറിച്ചെറിയപ്പെടുന്ന കാലുകളെ അവഗണിച്ച് അയാള്‍ എന്നെ തന്നെ നോക്കി വേഗത കൂട്ടുകയാണ്. ഞാനും വേഗത കൂട്ടി. കാരണം അയാളും ഞാനും അടുത്തെത്തുന്നത് പെട്രോള്‍ ബങ്കിന്റെ മുന്നിലാകണമെങ്കില്‍ 5/hr വേഗതയെങ്കിലും ഞാന്‍ കൂട്ടണം. ഏതൊരു പ്രതിരോധത്തിനും ആളും വെളിച്ചവും പ്രഥമമാണ്. പരമാവധി വശത്തേക്ക് നീങ്ങുന്നതു കണ്ടതും അയാളുടെ ആട്ടത്തിനും വണ്ണം വച്ചു. ഇതവന്‍ വാങ്ങും എന്നെന്റെ മനസ്സു പറഞ്ഞു.
അടുത്തെത്തിയതും ആട്ടത്തിന്റെ വ്യാസം കൂട്ടി എന്റെ മേലേക്ക് വീണ അവന്റെ കൈ വലത്തേ കൈ കൊണ്ട് തടഞ്ഞ്, ഇടത്തേ കൈ കൊണ്ട് അവനെ തള്ളി മാറ്റിയതും അടിതെറ്റി അയാള്‍ വീണത് കാറിന്റെ മുന്നിലേക്ക്. ഉരപ്പിച്ച് നിര്‍ത്തിയ കാറിന്റെ ശബ്ദവും വീണു കിടക്കുന്ന അവനും, ക്രൂദ്ധമായ എന്റെ നോട്ടവും ചുറ്റും നിന്നവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കി. ദേഷ്യത്തോടെ മുന്നോട്ട് നടന്നു. ഓവര്‍ ബ്രിഡ്ജിന്റെ ഒത്ത നടുവിലെത്തിയതും മുടിയിലൊരു പിടി വീണു. ശരിക്കും ഞെട്ടിപ്പോയി. തിരിഞ്ഞു നോക്കുമ്പോള്‍ വയസ്സായൊരു സ്ത്രീ. നീയെന്തിനാടീ അവനെ തള്ളിയിട്ടത്. അവനെ ഞങ്ങള്‍ക്കറിയാം, അവനൊരു മോശവും ചെയ്തിട്ടില്ല...തുടങ്ങി കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതൊക്കെ അവരെന്നോടു പറഞ്ഞു. പിടി വിടണമെങ്കില്‍ തിരിച്ചും പറഞ്ഞേ മതിയാകൂ എന്നു വന്നപ്പോള്‍ ഞാനും പറഞ്ഞു. ചിലര്‍ വേഗത കുറച്ചും ചിലര്‍ വണ്ടി നിര്‍ത്തിയും ചുറ്റും കൂടാന്‍ തുടങ്ങി. സ്ത്രീ വിടാനുള്ള ഭാവമില്ല. എന്റെയും നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. പെട്ടന്നൊരാള്‍ വന്നു. തൊട്ടടുത്ത കടയിലെങ്ങാണ്ടു ജോലി ചെയ്യുന്ന ഒരാളെ പോലെ തോന്നിച്ചു. എന്റെ അടുത്തു വന്ന് വളരെ ശാന്തമായി പറഞ്ഞു വിട്ടേക്ക് മാഡം, അവര്‍ക്കൊപ്പം പറഞ്ഞു നില്‍ക്കാന്‍ പറ്റില്ല. ചളമാകും., സംഭവിച്ചതെന്താണെന്നും ഇവര്‍ പറയുന്നതിന്റെ പൊള്ളത്തരവും എന്താണെന്നും അയാളോട് പറയാന്‍ തുടങ്ങി. മനസ്സിലായി മാഡം, മാഡം പൊക്കോളൂ, ഇതു ഞങ്ങള്‍ തീര്‍ത്തോളാം എന്നു പറഞ്ഞ് എന്റെ മുന്നില്‍ വഴി തെളിച്ചു തന്നു. മറുത്തൊന്നും പറയാന്‍ തോന്നിയില്ല. ഞാന്‍ മുന്നോട്ട് നടന്നു പോയി. പിന്നീട് അവിടെ നടന്നതിനേക്കുറിച്ച് ഇപ്പോഴും എനിക്കറിയില്ല.
അറിഞ്ഞത്, വികാര പ്രക്ഷോഭത്തിനിടയ്ക്ക് ഞാന്‍ അറിയാതെ പോയ സ്ഥലകാല ബോധവും സഹായമായ ഒരാളുടെ പക്വതയുള്ള പെരുമാറ്റവുമാണ്. ഒരു ഇടപെടലിലൂടെ എന്നെ സഹായിക്കാന്‍ ശ്രമിച്ച ഒരാളുടെ നന്മയും. മുന്‍പൊരിക്കല്‍ പോലീസിന് എന്നെ ചൂണ്ടിക്കാണിച്ചയാള്‍ക്കും ഇയാള്‍ക്കും സാദൃശ്യമില്ലേ എന്ന സംശയം എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചു.