Thursday, July 11, 2013

തുഴച്ചില്‍ക്കാരന്റെ തത്വശാസ്ത്രം

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് അടി മുകളിലുള്ള തടാകത്തില്‍ നിന്നും പല ആയിരം അടിയോളം മുകളിലേക്കുയര്‍ന്ന് എന്നെ വീണ്ടും വീണ്ടും ചെറുതാക്കിയ രാജീവ് എന്ന തുഴച്ചില്‍ക്കാരന് വേണ്ടി........
വയനാട്ടിലെ പൂക്കോട് തടാകത്തിലേക്ക് രാവിലെ ചെല്ലുമ്പോള്‍ ഭാഗ്യമെന്ന പോലെ ബോട്ടില്‍ കയറാന്‍ കൂപ്പണ്‍ കിട്ടി. ഏഴു പേര്‍ക്കുള്ള ബോട്ടിലേക്ക് ഞങ്ങള്‍ മൂന്ന് പേര് പോര, കൂട്ടിന് തമിഴ് നാട്ടില്‍ നിന്നും വന്ന കുടുംബവും കൂടി. ബോട്ടിലേക്ക് കയറി ഏറ്റവും പുറകിലെ ഒറ്റ സീറ്റില്‍ ഞാന്‍ ഇരുന്നു. മുന്നിലായി കൂടെയുള്ളവരും....ആകെ, ഏഴു മുതിര്‍ന്നവരും രണ്ടു കുട്ടികളും... തുഴയുന്നവന്റെ കൈയ്ക്ക് മൂന്നാളുടെ ശക്തിയും പോരാതെ വരുമെന്നു തോന്നി.. പക്ഷേ തുഴച്ചില്‍ക്കാരന്‍ ചെറിയ വടിയുടെ അറ്റത്തു രണ്ടു വട്ടം കറക്കിയെടുത്തപ്പോഴേ ബോട്ട് ഉണര്‍ന്നു. 


            ഓരോരുത്തരുടെ പേര് ചോദിച്ചു തുടങ്ങിയ തുഴച്ചില്‍ക്കാരനോട് ആദ്യ നിമിഷങ്ങളില്‍ ഒരിത്തിരി നീരസം തോന്നാതിരുന്നില്ല... ആള്‍ക്കൂട്ടത്തില്‍ നിശബ്ദമാകാനുള്ള ജാഡ ശീലിച്ചെടുത്ത ഞങ്ങള്‍ക്കത് അലോസരമായില്ലെങ്കിലേ അതിശയമുള്ളൂ...ഇനിയുള്ള 20 മിനിട്ട് സഹിക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു മനസ്സില്‍. കൈയ്യിലെ ക്യാമറയും, കട്ടി കണ്ണടയും, ജൂബ്ബയും - പത്രപ്രവര്‍ത്തകയുടെ എല്ലാ ടച്ചുമുള്ള എന്നെ അയാള്‍ ചോദ്യം കൊണ്ട് ആക്രമിക്കാന്‍ അധിക താമസമുണ്ടായില്ല..എന്തുകൊണ്ട് പൂക്കോട് തടാകം ഇത്ര പ്രശസ്തമായി എന്ന്എന്താ ചോദിക്കാത്തെ എന്നതായിരുന്നു അയാളുടെ ആദ്യ സംശയം. അയാള്‍ തന്നെ അതിനു മറുപടിയും പറഞ്ഞു...സമുദ്ര നിരപ്പില്‍ നിന്നും 2290 അടി മുകളില്‍ എങ്ങു നിന്നും വെള്ളം ഒഴുകിയെത്താതെ എങ്ങനെ അഞ്ചു നില കെട്ടിടത്തോളം ആഴമുള്ള ഒരു തടാകമുണ്ടായി! ഈ തടാകത്തിന് ഇന്ത്യാ ഭൂപടത്തിന്റെ രൂപം എങ്ങനെയുണ്ടായി!ഈ തടാകത്തിലെ ജലം ഇന്നും ശുദ്ധജലമായി തുടരുന്നതെങ്ങനെ!
എല്ലാം പ്രകൃതിയുടെ ലീലാവിലാസം!  പൂക്കോട് തടാകത്തിനെ അതിശയമായിട്ടാണ് അയാള്‍ കാണുന്നത്. സൃഷ്ടിസൗന്ദര്യമെന്നും. 


വയനാടിന്റെ എട്ടര ഹെക്ടര്‍ മാത്രമുള്ള ഈ തടാകത്തിനു മുകളിലൂടെ ദിവസവും അമ്പതും അറുപതും തവണ സഞ്ചാരികളേയും കയറ്റി റൗണ്ടടിക്കുന്ന ഈ തുഴച്ചില്‍ ജോലിയെ അയാളെങ്ങനെ ഇത്രമാത്രം പ്രണയിക്കുന്നു?. അതിനേക്കാള്‍ ശമ്പളമുള്ള, ഗ്ലാമറുള്ള, സുഖമുള്ള ജോലിയില്‍ മനംമടുത്തു പോകുന്ന എന്നെ ഞാന്‍ അയാളോട് ചേര്‍ത്ത് വച്ച് നോക്കി.
            തന്റെ മുന്നിലിരിക്കുന്നവരില്‍ പലതരം സാധ്യതകള്‍ കണ്ടെത്തുകയാണ് അദ്ദേഹം. പുതിയ മുഖങ്ങളിലും പരിചയങ്ങളിലും പുതുമയുള്ള ചിലതിനെ തിരയുകയാണ്. തനിക്കു മുന്നിലെത്തുന്നവരുടെ യാത്രാനുഭവങ്ങളും അവരുടെ ജീവിതസഞ്ചാരങ്ങളും ഇദ്ദേഹത്തെ കൂടുതല്‍ കുതൂഹിയാക്കുന്നു. അവരുടെ അനുഭവങ്ങളിലൂടെ മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്ത്, അനുഭവസ്ഥനാകുന്നു. അവരുടെ വാക്കുകള്‍ക്കിടയില്‍ നിന്നും പുതിയൊരു അറിവിനു വേണ്ടി പരതുന്നു. അങ്ങനെ, ലോകമെമ്പാടും യാത്ര ചെയ്തവരേപ്പോലെയും തത്വജ്ഞാനികളേപ്പോലെയും സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളേക്കുറിച്ചും വീടിനേക്കുറിച്ചും വാചാലനായി. ചാവുകടല്‍ തന്റെ കൊച്ചുവീട്ടിലെ അലമാരയ്ക്കുള്ളിലെത്തിയതിന്റെ ഗര്‍വ്വം മുഖത്തും തിരയടിച്ചു. ഇതുപോലെയുള്ള ഒരു ഇരുപതു മിനിട്ടു ബോട്ടുസഞ്ചാരത്തിനിടയില്‍ പരിചയപ്പെട്ട രണ്ടു പേരുമായുള്ള സൗഹൃദമാണ് അതിനു കാരണം. അപൂര്‍വ്വമായതൊക്കെ ശേഖരിക്കുന്ന അപൂര്‍വ്വ വിനോദവുമുണ്ട് ഇയാള്‍ക്ക്. വീട്ടിലെ ശേഖരങ്ങള്‍ കാണാന്‍ സ്‌നേഹത്തോടെ ക്ഷണിക്കുകയും ചെയ്തു. 


           ഇതിനിടയില്‍ തന്റെ ജോലിയോട് 110 ശതമാനവും നീതി പുലര്‍ത്തുന്നതിനേക്കുറിച്ചും പറഞ്ഞു. വെറുതേ ബോട്ടില്‍ കയറ്റി ചുറ്റിച്ചു കാണിക്കുകയല്ല, ഈ തടാകത്തിന്റെ വിശേഷവും വിശേഷണവും വിവരിച്ചു കൊടുക്കും. അവര്‍ ചോദിച്ചാലും ഇല്ലെങ്കിലും. അതിനു ഹിന്ദിയും ഇംഗ്ലീഷും തമിഴും എല്ലാം കൈവശമുണ്ട്.
 മിനിട്ടുകള്‍ മാത്രമുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ഒരിക്കലും മറക്കാനാവാത്ത വിധം ഞങ്ങളുടെ മനസ്സിലേക്ക് കയറാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചെറുതോ വലുതോ എന്നല്ല, ചെയ്യുന്നതില്‍ നമ്മുടെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിയുന്നതിലാണ് മിടുക്കെന്ന് അയാള്‍ പറയാതെ പറയുകയായിരുന്നു.
                   തടാകക്കരയിലിരുന്ന് കാറ്റു കൊണ്ടിരുന്ന രണ്ട് വൃദ്ധദമ്പതികള്‍ക്കു നേരെ അയാള്‍ കൈവീശി. അവര്‍ തിരിച്ചും. ഞങ്ങള്‍ക്കു തൊട്ടുമുമ്പ് ബോട്ടില്‍ യാത്ര ചെയ്തവരായിരുന്നു അവര്‍. ഇന്നത്തെ സൗഹൃദ ശേഖരത്തിലേക്കുള്ള അയാളുടെ പുതിയ മുത്തുകള്‍..
Related Posts Plugin for WordPress, Blogger...