ഗുഡ് മോര്‍ണിങ് മാഡം... മാഡം എന്ന് വിളിക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാത്തതിന്റെ പരിഭവത്തോടെ ലാപ്‌ടോപ്പില്‍ നിന്നും തലയുയര്‍ത്തി ഞാന്‍ മോഹന്‍ദാസേട്ടനെ നോക്കി...ആ കറുത്ത മുഖത്ത്, എനിക്കതു മാറ്റാനാവില്ലെന്ന ക്ഷമാപണവും അങ്ങനെയേ ഞാന്‍ വിളിക്കൂ എന്ന വാശിയും ഒരു പോലെ തെളിഞ്ഞു നിന്നു. വേറൊന്നും പറയാതെ ചോദിച്ചു ' ഞാന്‍ കുറച്ച് മാങ്ങ അച്ചാറിടാന്‍ തരട്ടെ. വാങ്ങുവോ?'...വാങ്ങുവോ എന്ന ചോദ്യത്തില്‍ മുന്നിട്ടു നിന്ന അപകര്‍ഷത എന്നെ വല്ലാതെ വേദനിപ്പിച്ചു. അച്ചാറിടാന്‍ അറിയില്ലാത്ത ഞാന്‍ ഉറപ്പായും വേണം എന്നു പറഞ്ഞു. എന്നാല്‍ ഇപ്പോ വരാം എന്നും പറഞ്ഞ് മോഹന്‍ദാസേട്ടന്‍ പോയി.
2014 ല്‍ കെ എഫ് ആര്‍ ഐ യില്‍ വരുമ്പോള്‍ പരിചയപ്പെട്ടതാണെങ്കിലും ഈ വര്‍ഷമാണ് ഞാനയാളെ കേള്‍ക്കാന്‍ തുടങ്ങിയത്. ഡയറക്ടറുടെ ഓഫീസിലെ അറ്റന്‍ഡര്‍ എന്നതിനപ്പുറം ഞാനയാളെ കേട്ടിട്ടുണ്ടായിരുന്നില്ല. മോഹന്‍ദാസേട്ടന്‍ പറഞ്ഞു വരുന്ന കഥകളിലെപ്പോഴും അപമാനത്തിന്റെ കനല്‍ക്കട്ടകള്‍ നെഞ്ചിലിരുന്ന് ഉരുക്കുന്ന ഓര്‍മ്മകളാണുണ്ടാവുക. പകുതി ആകുമ്പോഴേക്കും കണ്ണു നറഞ്ഞും വാക്കുകള്‍ വിറച്ചും എന്റെ കൂടെ നെഞ്ചിലേക്ക് ആ ചൂട് പകര്‍ന്നു വയ്ക്കും. മൂന്നാം വട്ടം പത്താം ക്ലാസ്സെഴുതി പാസ്സായതിന്റെ മധുരവുമായി എന്റെയടുത്ത് വന്ന ദിവസം മാത്രമാണ് അഭിമാനത്തിന്റെ തിരിവെട്ടമായി ആ ചൂട് മാറിയത്. റിട്ടയര്‍ ചെയ്യാന്‍ മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ അയാള്‍ നേടിയെടുത്ത 'എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്' അയാളുടെ ആത്മാഭിമാനത്തിനുള്ള എ പ്ലസ് ഗ്രേഡായിരുന്നു.
ഓര്‍മ്മ തീരും മുന്‍പേ മോഹന്‍ദാസേട്ടന്‍ സഞ്ചിയിലാക്കിയ മാങ്ങയുമായി എത്തി. അച്ചാറ് വയ്ക്കുന്ന രീതി കൂടി പറഞ്ഞു തന്നു. വീട്ടിലെ ചെറിയ ചില മരങ്ങളേക്കുറിച്ചും പച്ചക്കറി കൃഷിയേക്കുറിച്ചും പറയുന്നതിനിടെയാണ് ചീര വയ്ക്കാന്‍ പേടിയാണെന്ന് മോഹന്‍ദാസേട്ടന്‍ പറയുന്നത്. പേടിയോ?
- ചീരയ്ക്ക് നല്ല വെള്ളമൊഴിക്കണം. ഇതിപ്പോ അടുത്ത വീട്ടിലെ കിണറിലൊക്കെ വെള്ളം ഏതാണ്ട് പറ്റിക്കഴിഞ്ഞു. നമ്മുടെ കിണറ്റിലാകട്ടെ വെള്ളവുമുണ്ട്. അവര്‍ നമ്മളോട് വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ ഉണ്ടാകേണ്ടതല്ലേ. അതുകൊണ്ട് ഞാനെന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ചീര വയ്ക്കണ്ടായെന്ന്. -
ഈ ചുട്ടുപഴുത്ത വെയിലത്ത് എന്നെയങ്ങു തണുപ്പിച്ചു ആ മനുഷ്യന്‍.
ഹോ മനുഷ്യാ...കരുതലിന്റെ അങ്ങേയറ്റമാണ് നിങ്ങള്‍. വേനലായതോടെ രണ്ടും മൂന്നും ടാങ്ക് വാങ്ങി വെള്ളം കരുതി സൂക്ഷിക്കുന്നവര്‍ക്കു മുന്നില്‍ നിങ്ങള്‍ ഒരു കുടം നന്മയാണ്. വേനല് പൊള്ളിച്ചാലും എരിഞ്ഞു തീര്‍ക്കാത്ത നന്മയുള്ളവര്‍.