Saturday, March 30, 2013


കരള്‍ പറിച്ചു നല്‍കുന്ന പ്രണയം


പത്രം വായിച്ചിട്ട് മാസങ്ങളായി. മലയാളം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊള്ളരുതായ്മകള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നത് ശീലമാക്കിയതോടെയാണ് വായന നിര്‍ത്താം എന്ന തീരുമാനത്തില്‍ എത്തിയത്. ദിവസവും മാസങ്ങളും കഴിഞ്ഞും എനിക്കൊരു പരിചയവുമില്ലാത്തവര്‍ക്ക് സംഭവിക്കുന്ന ക്രൂരതകള്‍ എന്റെ ഉറക്കം കളയുന്നു. എന്റെ ദിവസങ്ങള്‍ ഞാനെന്തിന് നശിപ്പിക്കണം എന്ന സ്വാര്‍ത്ഥതയാണ് എന്നെ പത്രങ്ങളില്‍ നിന്നും അകറ്റിയത്. 


പക്ഷേ ഇന്ന് അങ്ങനെയല്ല,.. വഴിയില്‍ എന്റെ ബൈക്കിന്റെ മുന്നിലേക്ക് ചാടിയ പെണ്‍കുട്ടിയില്‍ നിന്നും നേരിട്ടു കാണാനിടയാക്കിയ നന്മ എന്റെ ഉറക്കം കെടുത്തുന്നു. അതവളുടെ നിസ്സഹായതയാണോ, അതോ കരളു പറിച്ചു നല്കുന്ന സ്‌നേഹമാണോ എന്നൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നിട്ടും അവളുടെ മുഖവും വേഷവും ഭാഷയും എന്നെ വിട്ടു പോകുന്നില്ല. 


ഓഫീസില്‍ നിന്നും സഹപ്രവര്‍ത്തകന്റെ കൂടെ പുറത്തേക്കിറങ്ങിയതാണ്. പൂങ്കുന്നം ജംഗ്ഷനടുത്ത് ചെറിയ ട്രാഫിക് ബ്ലോക്ക് കണ്ടു. മൂന്ന് നാല് ബൈക്കുകള്‍ക്കിടയില്‍ ഒരാള്‍. നെറ്റി പൊട്ടി ചോരയൊലിപ്പിച്ച് ഒരു ചെറുപ്പക്കാരന്‍, പൊട്ടിക്കരഞ്ഞും കൈകൂപ്പിയും എന്തൊക്കെയോ വിളിച്ചു പറയുന്നു. ബൈക്കുകാരില്‍ ആരും നിന്നില്ല. റോഡിലേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്ന ഇയാളെ വട്ടംപിടിച്ച് ഒരു പെണ്‍കുട്ടി. ഇയാളെ താങ്ങാനുള്ള ശേഷിയില്ലാതെ രണ്ടു പേരും കൂടി സ്ലാബിന്റെ മുകളിലേക്ക് തല്ലിയലച്ചു വീണു. അയാളെ അവിടെ കിടത്തി, അവള്‍ റോഡിലൂടെ പോകുന്ന ഓരോരുത്തരോടും എന്തോ ആവശ്യപ്പെടുന്നുണ്ട്. ബൈക്ക് പതുക്കെ നിര്‍ത്തുന്നത് കണ്ട് അവളെന്റെ അടുത്തേക്ക് ഓടിവന്നു. കടലാസ്സു തുണ്ടില്‍ കാണിച്ച നമ്പറിലേക്ക് ഒന്നു വിളിക്കാവോ എന്നും ചോദിച്ച് കരഞ്ഞു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അപ്പോള്‍ തന്നെ ആ നമ്പര്‍ ഡയല്‍ ചെയ്ത് ഫോണ്‍ അവര്‍ക്ക് കൊടുത്തു. അബ്ബാ, അബ്ബാ എന്നു നിലവിളിക്കുന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.

മണ്ണില്‍ കിടന്ന് വെപ്രാളപ്പെടുന്ന യുവാവിന്റെ വായില്‍ നിന്നും പതയും വെള്ളവും വരുന്നതു കണ്ട് അപസ്മാരമാണെന്ന് തോന്നി. ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട്, അബ്ബാ വന്നിട്ടു മതിയെന്ന വാശിയിലാണ് അവള്‍...


അത്രയും നേരം ആരും തിരിഞ്ഞു നോക്കാതിരുന്ന അങ്ങോട്ടേക്ക് പലരും ഓടിക്കൂടി. ഇതു ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ്. ആദ്യം ആരും സഹായിക്കില്ല, മറ്റാരെങ്കിലും തുടങ്ങി വച്ചാന്‍ പിന്നെ സ്ഥലത്തെ പ്രമാണിയായി ചമഞ്ഞ് വലിയ വര്‍ത്തമാനം പറയാനെത്തും. ഇതിനിടയ്ക്ക് അവളോട് കന്നഡയിലും തമിഴിലും ഹിന്ദിയിലുമൊക്കെ സംസാരിച്ചെങ്കിലും ആര്‍ക്കും മനസ്സിലാകാത്ത തെലുഗുവും കന്നഡയും കലര്‍ത്തിയൊരു ഭാഷയിലായിരുന്നു മറുപടികള്‍. ഒരു കാര്യം മാത്രം മലയാളത്തില്‍ പറഞ്ഞു 'ഞാന്‍ ഭാര്യ' കാണാപാഠം പഠിച്ച വാക്കുകള്‍ കേരളത്തില്‍ പലതവണ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആ ഭാവം കണ്ടാലറിയാം. കരാറുകാരന്റെ അടുത്ത് ജോലി കിട്ടാന്‍, അനുവദിച്ച ടെറസ്സില്‍ തുണി കൊണ്ട് മറച്ചു കെട്ടി ഒരു ടെന്റുണ്ടാക്കാന്‍ അങ്ങനെ പല ആവശ്യങ്ങള്‍ക്കും വേണ്ടി. ആവശ്യങ്ങളില്ലെങ്കിലും പറയേണ്ടി വരും. ഒരുപക്ഷേ റോഡിലൂടെ നടക്കുമ്പോള്‍, തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍, ബിന്ദു തിയ്യറ്ററിലെ ഹിന്ദി സിനിമക്കു പോകുമ്പോള്‍ അങ്ങനെ സ്വസ്ഥമാകാന്‍ തെരഞ്ഞെടുക്കുന്ന പലയിടത്തും ചോദ്യവുമായെത്തുന്ന പോലീസുകാരോട് ഇവള്‍ ഇതേ വാക്യം പറഞ്ഞിട്ടുണ്ടാകും. പിന്നേയും ചിലരുണ്ട് നമ്മുടെ നാട്ടിലെ സദാചാര പോലീസുകാര്‍, അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പക്ഷേ ഈ രണ്ടു വാക്ക് മതിയായിട്ടുണ്ടാവില്ല.


മുഖം മുഴുവന്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. വേണ്ട, വേണ്ടായെന്ന് കൈകൂപ്പി എല്ലാവരോടും പറഞ്ഞു കരയുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസുകാരെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു ഭയം നിറഞ്ഞു. പരുന്ത് വട്ടമിട്ടു പറക്കുമ്പോള്‍ പരിഭ്രമിച്ച് കുഞ്ഞുങ്ങളെ ചിറകിനടിയിലേക്കൊതുക്കുന്ന തള്ളക്കോഴിയേപ്പോലായിരുന്നു അപ്പോഴാ മുഖം. ഭര്‍ത്താവിനെ ചേര്‍ത്തു പിടിച്ച് അവരില്‍ നിന്നും രക്ഷപെട്ടോടാന്‍ വെമ്പുന്ന മുഖവുമായി അവള്‍ ഞങ്ങളുടെ മുഖത്തേക്കു നോക്കി. ആശുപത്രിയില്‍ കൊണ്ടു പോകണ്ട എന്നു പറഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടതാണ് അയാള്‍ക്ക്. ഏതോ ഒരു ബൈക്കിന്റെ മുന്നിലേക്ക് ചാടിയതിനു യുവരക്തത്തിന്റെ കയ്യില്‍ നിന്നും കിട്ടിയ സമ്മാനമാണ് കണ്ണിനു മുകളിലെ പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയാല്‍ കള്ള് കുടിച്ചത് മനസ്സിലാകും, പോലീസുകാരുടെ കയ്യില്‍ നിന്നും കണക്കിന് കിട്ടും, ഇതൊക്കെ പേടിച്ചിട്ടാണ് അവള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ നിന്നത്. ഞങ്ങളുടെ നേരേ അവള്‍ ആംഗ്യം കാണിച്ചു - ഭര്‍ത്താവ് കുടിച്ചിട്ടുണ്ടെന്ന്.

 ഇതിനിടയില്‍ മുമ്പേ പറഞ്ഞ സ്ഥലത്തെ പ്രമാണി ചോദിച്ചു 'ഇതേതാ പെണ്ണ്?' ഞങ്ങള്‍ പറഞ്ഞു 'ഭാര്യയാണ്'. അയാളത് മറ്റൊരാളോട് പറഞ്ഞത് വേറൊരു ടോണിലാണ് 'ഭാര്യയാണെന്ന് ആ പെണ്ണ് പറയുന്നു. ഇവരുടെ കാര്യമല്ലേ. ആര്‍ക്കറിയാം'..അതൊരു വല്ലാത്ത പ്രസ്താവനയായിരുന്നു. തെരുവിലുള്ള ജീവിതങ്ങള്‍ക്ക് മൂല്യങ്ങളില്ലേ, അവര്‍ക്ക് ബന്ധങ്ങളില്ലേ, അന്യസംസ്ഥാനക്കാരോട് ഇത്രമാത്രം അവജ്ഞയോടെ നോക്കുന്ന മലയാളി ഗള്‍ഫില്‍ പോയാല്‍ ഇതേ അവസ്ഥിയിലേക്കല്ലേ ചിലപ്പോഴൊക്കെ താണു പോകുന്നത്. താലി കെട്ടി, രജിസ്ട്രര്‍ ചെയ്ത കല്യാണം ഇവര്‍ക്കിടയിലുണ്ടായിട്ടുണ്ടാകുമോയെന്ന് ഉറപ്പില്ല, എന്നാലും ഞങ്ങള്‍ക്കു മുമ്പില്‍ 30 മിനിട്ടോളം കണ്ട കാഴ്ചകളില്‍ നിന്നും അവര്‍ക്കിടയിലുള്ള ആത്മബന്ധം വ്യക്തമായിരുന്നു. കുറച്ചു പണമോ പഠിപ്പോ പ്രമുഖരോ ആണ് ഒരുമിച്ചു ജീവിക്കുന്നതെങ്കില്‍ അവരെ 'ലിവിങ് ടുഗേതര്‍ ' എന്നു പറഞ്ഞ് സ്വാതന്ത്ര്യത്തിന്റെയും വിശാല ചിന്താഗതിയുടെയും പട്ടം നല്കി സ്വീകരിക്കുന്ന മലയാളിയുടെ ഇരട്ടത്താപ്പു നയമാണിത്. കീഴെയുള്ളവരെ ചവിട്ടിയരയ്ക്കാനും മുകളിലുള്ളവന്റെ മുന്നില്‍ വളഞ്ഞു നില്ക്കാനുമുള്ള അവന്റെ ശീലത്തിന് മാറ്റമില്ല. രേഖാമൂലം ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടും വീടിന്നുള്ളില്‍ എന്നും ഭൂകമ്പങ്ങളുണ്ടാക്കുന്ന കുടുംബങ്ങള്‍ എത്രയോ എണ്ണം നമ്മുടെ മുന്നിലുണ്ട്. 


വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ ഭര്‍ത്താവിനെ ഇറുകെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. ബോധമില്ലാതെ റോഡിനു നടുവിലേക്ക് പോകുന്ന അയാളെ പിടിച്ചു നിര്‍ത്താന്‍ പാടുപെട്ട്, അയാള്‍ക്കൊപ്പം വേച്ചു വീണ്....ഓരോ വീഴ്ചയിലും അവള്‍ക്കുണ്ടാകുന്ന വേദനകള്‍ അവളറിയുന്നതേയില്ല. ഇടയ്ക്ക് അവളുടെ ദാവണിത്തുമ്പില്‍ പിടിച്ചു വലിച്ച് അയാള്‍ അവളെ അര്‍ദ്ധനഗ്നയാക്കുമ്പോഴും അവള്‍ പതറിയില്ല, വലിച്ചെടുത്ത് വീണ്ടും മാറിലേക്കിടുന്ന കറുത്ത ദാവണിക്കുള്ളിലും ഞാന്‍ കണ്ടു കരള്‍ പറിച്ചു നല്കാനും തയ്യാറാകുന്ന പ്രണയം. 



Wednesday, March 20, 2013



ആനവണ്ടി പ്രേമം

രാത്രി 12 കഴിഞ്ഞും തിരക്കൊഴിയാത്ത ദേശീയ പാതയിലൂടെ വിദഗ്ധമായി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ കാലിലേക്കും കൈയ്യിലേക്കും നോക്കിയിരിക്കുകയായിരുന്നു ഞാന്‍. മുന്നില്‍ കാണുന്നവയ്‌ക്കൊപ്പം കേള്‍ക്കുന്ന മുന്നറിയിപ്പുകളെ ഏകോപിപ്പിച്ച്, കൈകളും കാലുകളും ചലിപ്പിക്കുന്ന സുന്ദരമായ കാഴ്ച. പത്തു പന്ത്രണ്ട് മീറ്ററുള്ള ഒരു സാധനത്തിന്റെ ഒരറ്റത്ത് മൂക്കു കയറിട്ട് പിടിച്ച് വളയ്ക്കുന്ന രസമുള്ള കൂത്ത്. നാട്ടിലെ കയറ്റങ്ങളില്‍ ഇടയ്‌ക്കൊന്ന് നിന്ന് ശ്വാസം വലിച്ചെടുത്ത് മുക്കി മുക്കി കയറുന്ന ആന വണ്ടി നിരപ്പെത്തിയാല്‍ പിന്നെ നിലം തൊടില്ല. 


പണ്ടൊരിക്കല്‍ കൂറ്റം ചെയ്ത സ്റ്റേറ്റ് ബസിനെ കൈയ്യോടെ കൊണ്ടു പോകാന്‍ പോലീസെത്തിയതോര്‍ക്കുന്നു. ഡ്രൈവര്‍ക്കു പറ്റിയ ചെറിയൊരു അബദ്ധത്തില്‍ മുഖം ചളുങ്ങിപ്പോയ ടൊയോട്ട ക്വാളിസിന്റെ കിടപ്പ് കണ്ട് ചിരിയാണ് വന്നത്. പകുതിയിലധികം പേര്‍ക്കും ആ കിടപ്പൊരു സുഖം നല്കി. ക്വാളിസിലിരുന്ന് അവന്‍ കാണിച്ച ജാഡയ്ക്ക് കൈയ്യില്‍ നിന്ന് കാശിറക്കി പണി കൊടുത്തതിന്റെ അഹങ്കാരം പോലെയൊരു ഭാവം. സര്‍ക്കാര്‍ വണ്ടിയോട് പോലീസ് പൊതുവേ കാണിക്കാറുള്ള ഉദാര മനോഭാവം തെറ്റിച്ച് ക്വാളിസുകാരന്റെ പുത്തന്‍ പണത്തിനുള്ള നന്ദി എസ്.ഐ കാണിച്ചു. ഡ്രൈവറെ ജീപ്പിനുള്ളിലേക്ക് തള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു ' മനോജേ ബസ് കസ്റ്റഡിയിലെടുത്തേക്ക്'. കണ്ടക്ടറുടെ മുഖത്തേക്ക് ദയനീയമായി നോക്കി എന്തോ പറയാനാഞ്ഞ ബസ് ഡ്രൈവറുടെ തല പിടിച്ച് അകത്തേക്കിട്ട് എസ്. ഐ പോയി. 


പെട്ടു പോയത് കോണ്‍സ്റ്റബിള്‍ ആണ്. അരമണിക്കൂര്‍ കഷ്ടപ്പെട്ടിട്ടും ബസ് സ്റ്റാര്‍ട്ടായില്ല. നാട്ടുകാര്‍ ചേര്‍ന്ന് തള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയതും സാറിന്റെ ഒരു ആര്‍ത്തനാദം കേട്ടു. ബ്രേക്കില്‍ കയറി നില്‍ക്കുകയാണ്. പക്ഷേ അപ്പോഴും പതുക്കെ ഉരുണ്ടിറങ്ങുകയാണ് ബസ്. മലയോരമാണ്. ഇറക്കം തുടങ്ങിയാല്‍ കിലോമീറ്ററോളം കുത്തനെയുള്ള ഇറക്കം മാത്രമാണ്. ഇടിച്ചു നിര്‍ത്താന്‍ പോലും കഴിയാത്ത വിധം വേഗതയിലായിരിക്കും ചക്രം കറങ്ങുക. ബസിന്റെ പോക്ക് കണ്ട് തലയിലും നെഞ്ചത്തുമായി പല കൈകള്‍ ഉയര്‍ന്നു താഴ്ന്നു. അപ്പോഴേക്കും അഞ്ചാറു പേര്‍ ബസിനൊപ്പം ഓടിയെത്തിയിരുന്നു. റോഡിന്റെ വശങ്ങളില്‍ നിന്നും കിട്ടിയതൊക്കെ ബസിനു മുമ്പിലേക്കവര്‍ വലിച്ചെറിഞ്ഞു. വലിയ കല്ലുകളും തടിയും ഞെരിച്ചമര്‍ത്തി പോകുന്ന ബസ് വശത്തെ ചെറിയ കാനയിലേക്ക് ചാടിച്ചു നിര്‍ത്തിയതും മനോജ് പ്രാണരക്ഷാര്‍ത്ഥം പുറത്തേക്കു ചാടിയതും ഒരുമിച്ചായിരുന്നു. 


വൈകീട്ട് വണ്ടിയെടുക്കാന്‍ വന്ന ഡ്രൈവറെ നാട്ടുകാര്‍ അത്യാദരവോടെയാണ് നോക്കിയത്. സുനിത വില്യംസിനെ കണ്ടാല്‍ പോലും ഇത്രയും ബഹുമാനം ചിലപ്പോള്‍ അവര്‍ കാണിച്ചെന്നു വരില്ല. കുഴിയില്‍ കിടന്ന ബസ്സ് പുറത്തെടുക്കാന്‍ ചേട്ടാ ഒന്നു കൈ വയ്‌ക്കേണ്ടി വരും എന്നു പറഞ്ഞ് അയാള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി, കൂളായി വണ്ടി സ്റ്റാര്‍ട്ടാക്കി, ഓടിച്ചു പോയി. പാപ്പാന്റെ വാക്കിനു മാത്രം മതിപ്പു നല്കുന്ന ചില മദമിളകിയ ആനയെപ്പോലെ തോന്നിച്ചു അപ്പോഴാ ബസ്സ്. ആനവണ്ടിയെന്നു വെറുതേയല്ല വിളിക്കുന്നതെന്നും.


ബസ്സിലെ യാത്രയെ പ്രണയിക്കുന്ന അനേകര്‍ക്കൊപ്പം ചേര്‍ന്ന് ഞാനുമുണ്ട്. കണ്ടം ചെയ്യേണ്ട കുന്ത്രാണ്ടത്തിലും ലോകത്തെവിടെയും കിട്ടാത്ത സുഖവും സ്വസ്ഥതയും ലഭിക്കുമ്പോള്‍, ഡ്രൈവര്‍ സീറ്റിലിരിക്കുന്നവരോടും ആദരവാണ്. നിരത്തിലിറക്കാന്‍ കൊള്ളാത്ത ബസ്സിനെ നിയന്ത്രിക്കുന്നതിന്റേയും പത്തു നൂറ് പേരുടെ ജീവന് സമാധാനം പറയേണ്ടതിന്റെയും മാനസിക സമ്മര്‍ദ്ദത്തിനിടയിലും ചിരിക്കാനും കൂട്ടിരിക്കാനെത്തുന്ന കണ്ടക്ടറോട് കുശലം പറയാനും അവര്‍ മറക്കുന്നില്ലല്ലോ.



Sunday, March 3, 2013


നന്മകളില്‍ നിന്നും ഒഴിഞ്ഞു മാറാത്ത ചിലര്‍...


എനിക്ക് ശബ്ദങ്ങളോട് ഇഷ്ടക്കേടുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ വയ്ക്കുന്ന ഇയര്‍ ഫോണും സിനിമ കോട്ടയുടെ വാതിലിനു മുന്നിലെത്തുമ്പോള്‍ ചെവിയിലേക്ക് കുത്തിത്തിരുകാറുള്ള പഞ്ഞിയും പള്ളിയില്‍ ആവേശക്കസര്‍ത്തില്‍ അലറി വിളിക്കുന്ന അച്ചന്റെ ഒച്ചയും ഒപ്പം എന്റെ ചെവിയിലേക്കുയരുന്ന കൈകളും എന്റെ സ്ഥിരം ചേഷ്ടകളായി മാറിയിരിക്കുന്നു. ചില ശബ്ദങ്ങള്‍ എന്റെ അസ്വസ്ഥതകളും കടന്ന് ഹൃദയമിടിപ്പ് കൂട്ടുന്ന ഡെസിമലിലേക്ക് ഉയരാറുണ്ട്. മനുഷ്യരുടെ ആക്രോശമാണ് ഒന്ന്. എന്റെ മുന്നില്‍ നിന്ന് എന്റെ നേരെ ഉച്ചയുയര്‍ത്തി സംസാരിക്കുമ്പോള്‍ വേഗം കൂട്ടിയോടുന്ന രക്താണുക്കളെ അടക്കാന്‍ ശ്രമിച്ച് ശരീരം വളച്ച് ഞാന്‍ നില്‍ക്കും. ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ ചെവി പൊത്തി കുനിഞ്ഞ് നില്‍ക്കും. അകാരണമായി തോന്നുന്ന ചില ഭയങ്ങളാണ് ഉറക്കെയുള്ള ശബ്ദത്തെ വെറുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പക്ഷേ, ഇന്നു ഞാന്‍ കേട്ട ശബ്ദത്തോളം ക്രൂരവും ഭീകരവുമായ ശബ്ദം ഇതിനു മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല. 


സംസ്‌കൃതം ക്ലാസ്സിലായിരുന്നു ഞാന്‍. കൂടെയുള്ള ഒരാളുടെ മൊബൈലിലേക്കെത്തിയ ഫോണ്‍ സന്ദേശം എല്ലാവരേയും ഞെട്ടിച്ചു. 'സംഗീത നാടക അക്കാദമിക്ക് മുന്നിലുള്ള പൂമരം മുറിച്ചു മാറ്റുന്നു'. പിന്നെ ക്ലാസ്സിലിരിക്കാന്‍ തോന്നിയില്ല. അപ്പോള്‍ തന്നെ അക്കാദമിയുടെ മുന്നിലേക്ക് പ്രതിഷേധിക്കാന്‍ കൂടിയ പ്രകൃതി സ്‌നേഹികള്‍ക്കൊപ്പമെത്തി. തൃശ്ശൂര്‍ നഗരത്തിന്റെ ഏ.സി മുറിയാണ് രാമനിലയവും നാടക അക്കാദമിയും ഉള്‍പ്പെടുന്ന മ്യൂസിയം പരിസരം. യക്ഷികളെ വഴിയാധാരമാക്കി രാമനിലയത്തിനു മുന്നിലുണ്ടായിരുന്ന പ്രീയപ്പെട്ട ഏഴിലംപാല കശാപ്പു ചെയ്യപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ആരും മോചിതരായിരുന്നില്ല. 


ഇടതു കൈയ്യറ്റ് മൃതപ്രാണയായി നില്‍ക്കുന്ന പൂമരത്തിന്റെ ചോട്ടില്‍ ഞങ്ങളിരുന്നു. ഇനിയുമതിനെ കഷണിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍. പൂമരത്തിന് കാലുകളുണ്ടായിരുന്നെങ്കില്‍ പാതി ജീവനും കൊണ്ടവ അവിടെ നിന്നും ഓടിപ്പോയേനെ. മരം വെറും തടി മാത്രമായി കാണുന്ന കരാറുകാരനോട് കയര്‍ത്തും കാര്യം പറഞ്ഞും ഞങ്ങള്‍. അയാളുടെ ഒരു ദിവസത്തെ കൂലിയുടെ നഷ്ടക്കണക്ക് നിരത്തി വച്ചു. കോടി രൂപ കൊടുത്താലും അതു പോലൊന്ന് മുളപ്പിക്കാനോ വളര്‍ത്താനോ പറ്റില്ല, ഒരായുസ്സിനേക്കാള്‍ പ്രായമുണ്ട് ആ തണല്‍ മരത്തിന്.


ഞങ്ങളുടെ മുന്നിലേക്ക് നീട്ടിക്കാണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതി പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ക്ക് അനുയോജ്യമായത് ചുവപ്പായിരുന്നു. ഏ.സി മുറിയുടെ ശീതളതയില്‍ കറങ്ങുന്ന കസേരയ്ക്കു മുകളിലിരുന്ന് മരം മുറിക്കാന്‍ ആജ്ഞയിട്ടവന്റെ ധാര്‍ഷ്ഠ്യത്തിനു നേരെ കാറിത്തുപ്പി. പതിമൂന്ന് മരങ്ങളുടെ കടക്കല്‍ കത്തി വയ്ക്കാന്‍ പറയാന്‍ പരമാധികാരം നല്‍കിയതാരെന്ന ചോദ്യം അതില്‍ പതഞ്ഞു നിന്നു. ഒരു മരത്തിന്റെ ബാക്കി ജീവനു വേണ്ടി വാദിക്കുന്ന ഞങ്ങള്‍ക്കു മുന്നിലൂടെ പലതരം വാഹനങ്ങള്‍ കടന്നു പോയി. പുത്തന്‍ പുതിയ കാറിനുള്ളിലെ ഏ.സിക്കുള്ളിലിരുന്ന് അവര്‍ പുച്ഛിച്ചു - ഇവന്‍മാര്‍ക്കൊന്നും വേറെ പണിയില്ലേ - ചില നട്ടുച്ചകളില്‍ ഈ മരങ്ങള്‍ക്കു കീഴില്‍ കാര്‍ പാര്‍ക്കു ചെയ്ത് നഗരത്തിന്റെ ചൂടില്‍ നിന്നും ഓടിയൊളിച്ച ദിവസങ്ങള്‍ അവരും മറന്നു പോയിരിക്കുന്നു. കാറിന്റെ ചില്ലൊന്ന് താഴ്ത്തി അഞ്ചു മിനിട്ട് വെറുതേയൊന്ന് ഇരുത്തിയാല്‍ മതി, ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഉദ്ദേശ്യം താനേ മനസ്സിലായിക്കോളും.


മരം മുറിക്കുന്നത് പാതിയില്‍ ഉപേക്ഷിച്ചെന്ന് 'മുകളിലുള്ളവര്‍' പറഞ്ഞിട്ടും ആരും പിരിഞ്ഞില്ല. ആരെ വിശ്വസിച്ചാലും ഭരണകൂടത്തെയും അധികാരികളേയും മാത്രം അരുത് എന്ന 
'അമ്മ പറയാറുണ്ട്'. നടപ്പാതയിലിരുന്ന് പാതി ശരീരം ചോരയില്‍ മുങ്ങി നില്‍ക്കുന്ന പ്രേതത്തേപ്പോലെ വിവശയായ മരത്തിലേക്ക് നോക്കി. സംരക്ഷിക്കപ്പെട്ട ചില്ലയുടെ ഓരത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു പക്ഷിക്കൂട്. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ വാടിക്കൂമ്പിയ പൂമൊട്ടുകള്‍, കാറ്റിനു പോലും വഴങ്ങാതെ നിശ്ചലമായിപ്പോയ ഇലകള്‍. എന്നിട്ടും തന്റെ ചില്ലകള്‍ താഴ്ത്തി നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. 

പെട്ടന്നാണ് വികൃതമായ ശബ്ദം കാതടപ്പിച്ച് വന്നലച്ചത്.ജെറ്റ് ആക്‌സ് എന്നു പേരുള്ള ക്രൂര ആയുധത്തിന്റെ ശബ്ദമാണ്. മുറിച്ചു മാറ്റിയിട്ട വലിയ ചില്ലകള്‍ ചെറുതാക്കുകയാണ്. തടിയോട് ചേര്‍ന്നുരയുമ്പോള്‍ ചീളിത്തെറിക്കുന്ന മഞ്ഞച്ചോര റോഡില്‍ പടര്‍ന്നു. അടുത്തു നിന്ന ഞങ്ങളിലേക്ക് അവ തെറിച്ചു വീണു. മരത്തിന് തന്റെ അന്ത്യത്തോടു പൊരുത്തപ്പെടാന്‍ പോലും സമയം നല്കാതെ കീഴടക്കുന്ന ആയുധത്തിന് പ്രവചന വരമുണ്ട്. ഭയാനകമായ ഭാവിയുടെ അപകടസൂചനയുയര്‍ത്തുന്ന സൈറണ്‍ ആണത്. 

തണല്‍ തന്ന മരത്തോട് നന്ദി കാട്ടിയ ഒന്നിലധികം നന്മ മനസ്സുകളേയാണ് ഇന്ന് ഞാന്‍ പരിചയപ്പെട്ടത്. ഉച്ചഭക്ഷണവും ഉപേക്ഷിച്ച് ആ മരത്തിന് കാവലിരിക്കുകയും ഇരുന്നൂറു പേരുടെ ഒപ്പു ശേഖരിച്ച് കളക്ടര്‍ക്കു പരാതി കൊടുക്കുകയും ചെയ്തിട്ടാണ് എല്ലാവരും മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. 


Related Posts Plugin for WordPress, Blogger...