Sunday, March 3, 2013


നന്മകളില്‍ നിന്നും ഒഴിഞ്ഞു മാറാത്ത ചിലര്‍...


എനിക്ക് ശബ്ദങ്ങളോട് ഇഷ്ടക്കേടുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ വയ്ക്കുന്ന ഇയര്‍ ഫോണും സിനിമ കോട്ടയുടെ വാതിലിനു മുന്നിലെത്തുമ്പോള്‍ ചെവിയിലേക്ക് കുത്തിത്തിരുകാറുള്ള പഞ്ഞിയും പള്ളിയില്‍ ആവേശക്കസര്‍ത്തില്‍ അലറി വിളിക്കുന്ന അച്ചന്റെ ഒച്ചയും ഒപ്പം എന്റെ ചെവിയിലേക്കുയരുന്ന കൈകളും എന്റെ സ്ഥിരം ചേഷ്ടകളായി മാറിയിരിക്കുന്നു. ചില ശബ്ദങ്ങള്‍ എന്റെ അസ്വസ്ഥതകളും കടന്ന് ഹൃദയമിടിപ്പ് കൂട്ടുന്ന ഡെസിമലിലേക്ക് ഉയരാറുണ്ട്. മനുഷ്യരുടെ ആക്രോശമാണ് ഒന്ന്. എന്റെ മുന്നില്‍ നിന്ന് എന്റെ നേരെ ഉച്ചയുയര്‍ത്തി സംസാരിക്കുമ്പോള്‍ വേഗം കൂട്ടിയോടുന്ന രക്താണുക്കളെ അടക്കാന്‍ ശ്രമിച്ച് ശരീരം വളച്ച് ഞാന്‍ നില്‍ക്കും. ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ ചെവി പൊത്തി കുനിഞ്ഞ് നില്‍ക്കും. അകാരണമായി തോന്നുന്ന ചില ഭയങ്ങളാണ് ഉറക്കെയുള്ള ശബ്ദത്തെ വെറുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പക്ഷേ, ഇന്നു ഞാന്‍ കേട്ട ശബ്ദത്തോളം ക്രൂരവും ഭീകരവുമായ ശബ്ദം ഇതിനു മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല. 


സംസ്‌കൃതം ക്ലാസ്സിലായിരുന്നു ഞാന്‍. കൂടെയുള്ള ഒരാളുടെ മൊബൈലിലേക്കെത്തിയ ഫോണ്‍ സന്ദേശം എല്ലാവരേയും ഞെട്ടിച്ചു. 'സംഗീത നാടക അക്കാദമിക്ക് മുന്നിലുള്ള പൂമരം മുറിച്ചു മാറ്റുന്നു'. പിന്നെ ക്ലാസ്സിലിരിക്കാന്‍ തോന്നിയില്ല. അപ്പോള്‍ തന്നെ അക്കാദമിയുടെ മുന്നിലേക്ക് പ്രതിഷേധിക്കാന്‍ കൂടിയ പ്രകൃതി സ്‌നേഹികള്‍ക്കൊപ്പമെത്തി. തൃശ്ശൂര്‍ നഗരത്തിന്റെ ഏ.സി മുറിയാണ് രാമനിലയവും നാടക അക്കാദമിയും ഉള്‍പ്പെടുന്ന മ്യൂസിയം പരിസരം. യക്ഷികളെ വഴിയാധാരമാക്കി രാമനിലയത്തിനു മുന്നിലുണ്ടായിരുന്ന പ്രീയപ്പെട്ട ഏഴിലംപാല കശാപ്പു ചെയ്യപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ആരും മോചിതരായിരുന്നില്ല. 


ഇടതു കൈയ്യറ്റ് മൃതപ്രാണയായി നില്‍ക്കുന്ന പൂമരത്തിന്റെ ചോട്ടില്‍ ഞങ്ങളിരുന്നു. ഇനിയുമതിനെ കഷണിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍. പൂമരത്തിന് കാലുകളുണ്ടായിരുന്നെങ്കില്‍ പാതി ജീവനും കൊണ്ടവ അവിടെ നിന്നും ഓടിപ്പോയേനെ. മരം വെറും തടി മാത്രമായി കാണുന്ന കരാറുകാരനോട് കയര്‍ത്തും കാര്യം പറഞ്ഞും ഞങ്ങള്‍. അയാളുടെ ഒരു ദിവസത്തെ കൂലിയുടെ നഷ്ടക്കണക്ക് നിരത്തി വച്ചു. കോടി രൂപ കൊടുത്താലും അതു പോലൊന്ന് മുളപ്പിക്കാനോ വളര്‍ത്താനോ പറ്റില്ല, ഒരായുസ്സിനേക്കാള്‍ പ്രായമുണ്ട് ആ തണല്‍ മരത്തിന്.


ഞങ്ങളുടെ മുന്നിലേക്ക് നീട്ടിക്കാണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതി പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ക്ക് അനുയോജ്യമായത് ചുവപ്പായിരുന്നു. ഏ.സി മുറിയുടെ ശീതളതയില്‍ കറങ്ങുന്ന കസേരയ്ക്കു മുകളിലിരുന്ന് മരം മുറിക്കാന്‍ ആജ്ഞയിട്ടവന്റെ ധാര്‍ഷ്ഠ്യത്തിനു നേരെ കാറിത്തുപ്പി. പതിമൂന്ന് മരങ്ങളുടെ കടക്കല്‍ കത്തി വയ്ക്കാന്‍ പറയാന്‍ പരമാധികാരം നല്‍കിയതാരെന്ന ചോദ്യം അതില്‍ പതഞ്ഞു നിന്നു. ഒരു മരത്തിന്റെ ബാക്കി ജീവനു വേണ്ടി വാദിക്കുന്ന ഞങ്ങള്‍ക്കു മുന്നിലൂടെ പലതരം വാഹനങ്ങള്‍ കടന്നു പോയി. പുത്തന്‍ പുതിയ കാറിനുള്ളിലെ ഏ.സിക്കുള്ളിലിരുന്ന് അവര്‍ പുച്ഛിച്ചു - ഇവന്‍മാര്‍ക്കൊന്നും വേറെ പണിയില്ലേ - ചില നട്ടുച്ചകളില്‍ ഈ മരങ്ങള്‍ക്കു കീഴില്‍ കാര്‍ പാര്‍ക്കു ചെയ്ത് നഗരത്തിന്റെ ചൂടില്‍ നിന്നും ഓടിയൊളിച്ച ദിവസങ്ങള്‍ അവരും മറന്നു പോയിരിക്കുന്നു. കാറിന്റെ ചില്ലൊന്ന് താഴ്ത്തി അഞ്ചു മിനിട്ട് വെറുതേയൊന്ന് ഇരുത്തിയാല്‍ മതി, ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഉദ്ദേശ്യം താനേ മനസ്സിലായിക്കോളും.


മരം മുറിക്കുന്നത് പാതിയില്‍ ഉപേക്ഷിച്ചെന്ന് 'മുകളിലുള്ളവര്‍' പറഞ്ഞിട്ടും ആരും പിരിഞ്ഞില്ല. ആരെ വിശ്വസിച്ചാലും ഭരണകൂടത്തെയും അധികാരികളേയും മാത്രം അരുത് എന്ന 
'അമ്മ പറയാറുണ്ട്'. നടപ്പാതയിലിരുന്ന് പാതി ശരീരം ചോരയില്‍ മുങ്ങി നില്‍ക്കുന്ന പ്രേതത്തേപ്പോലെ വിവശയായ മരത്തിലേക്ക് നോക്കി. സംരക്ഷിക്കപ്പെട്ട ചില്ലയുടെ ഓരത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു പക്ഷിക്കൂട്. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ വാടിക്കൂമ്പിയ പൂമൊട്ടുകള്‍, കാറ്റിനു പോലും വഴങ്ങാതെ നിശ്ചലമായിപ്പോയ ഇലകള്‍. എന്നിട്ടും തന്റെ ചില്ലകള്‍ താഴ്ത്തി നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. 

പെട്ടന്നാണ് വികൃതമായ ശബ്ദം കാതടപ്പിച്ച് വന്നലച്ചത്.ജെറ്റ് ആക്‌സ് എന്നു പേരുള്ള ക്രൂര ആയുധത്തിന്റെ ശബ്ദമാണ്. മുറിച്ചു മാറ്റിയിട്ട വലിയ ചില്ലകള്‍ ചെറുതാക്കുകയാണ്. തടിയോട് ചേര്‍ന്നുരയുമ്പോള്‍ ചീളിത്തെറിക്കുന്ന മഞ്ഞച്ചോര റോഡില്‍ പടര്‍ന്നു. അടുത്തു നിന്ന ഞങ്ങളിലേക്ക് അവ തെറിച്ചു വീണു. മരത്തിന് തന്റെ അന്ത്യത്തോടു പൊരുത്തപ്പെടാന്‍ പോലും സമയം നല്കാതെ കീഴടക്കുന്ന ആയുധത്തിന് പ്രവചന വരമുണ്ട്. ഭയാനകമായ ഭാവിയുടെ അപകടസൂചനയുയര്‍ത്തുന്ന സൈറണ്‍ ആണത്. 

തണല്‍ തന്ന മരത്തോട് നന്ദി കാട്ടിയ ഒന്നിലധികം നന്മ മനസ്സുകളേയാണ് ഇന്ന് ഞാന്‍ പരിചയപ്പെട്ടത്. ഉച്ചഭക്ഷണവും ഉപേക്ഷിച്ച് ആ മരത്തിന് കാവലിരിക്കുകയും ഇരുന്നൂറു പേരുടെ ഒപ്പു ശേഖരിച്ച് കളക്ടര്‍ക്കു പരാതി കൊടുക്കുകയും ചെയ്തിട്ടാണ് എല്ലാവരും മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. 


1 comment:

  1. we need more of this, more and more of this...
    reaction, protest... a good will to preserve and love mother nature... i know it s easily said on blog comment piece and is a different story altogether to stand tall against such idiots who issue orders to fell trees....

    ReplyDelete

Related Posts Plugin for WordPress, Blogger...