Monday, April 15, 2013


പന്ത്രണ്ട് വയസ്സുള്ള പുരുഷന്‍


ഇന്നൊരു അസാമാന്യ ദിവസമായിരുന്നു. എന്റെ ഫഌറ്റിലെ ഒരു മുറിയിലെ കത്തുന്ന പ്രകാശത്തില്‍ സുഖമായി ഉറങ്ങുന്ന പുരുഷനെ നോക്കി ഞാന്‍ നിന്നു. പന്ത്രണ്ടു വയസ്സുള്ള അവനെ നോക്കി ഒരു പുരുഷനാണെന്ന് കരുതാന്‍ മാത്രം വലുപ്പമുള്ള (അതോ ചെറുതോ) ഒരു മനസ്സെനിക്കില്ലാതെ പോയല്ലോ എന്നോര്‍ത്തു. ലൈറ്റ് അണച്ചാല്‍ ഭയപ്പെടുന്ന, വീട്ടില്‍ അച്ഛനേയും അമ്മയേയും കണ്ടില്ലെങ്കില്‍ ഞാന്‍ പേടിച്ച് കരയുമെന്ന് സ്വയം സമ്മതിച്ച അവനേയും തെറ്റായിക്കാണാന്‍ മാത്രം ക്രൂരതയുള്ള അയല്‍ക്കാര്‍ എനിക്കു ചുറ്റിലുമുണ്ടാകുമോ? 


എല്ലാ ശനിയാഴ്ചയും ഞാന്‍ പോകാറുള്ള ശിവപുരം കോളനിയിലെ കുരുന്നുകളിലൊന്നാണ് ഇവനും. നന്നായി വരയ്ക്കുന്ന അച്ചടക്കമുള്ള ഇവനെ തൃശ്ശൂര് സംഘടിപ്പിക്കുന്ന ക്യാംപില്‍ ചേര്‍ത്തത് ഞാനാണ്. ആ കോളനിയിലെ ഒരു കുട്ടിക്കും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത ഒരു ക്യാംപിലേക്കാണ് സൗജന്യമായി പങ്കെടുക്കാന്‍ ഇവനെ തെരഞ്ഞെടുത്തത്. അതിന് സഹായിച്ചത് എന്റെ സഹപ്രവര്‍ത്തകനും. രാവിലെ 9 മണിക്കു കൂലിപ്പണിക്കു പോകുന്ന അച്ഛനും അമ്മയ്ക്കും ഇവനെ ക്യാംപ് നടത്തുന്ന സ്ഥലം വരെ കൊണ്ടു വന്നു വിടാനോ, തിരിച്ച് കൊണ്ടു പോകാനോ കഴിയില്ല. ഈ നിവൃത്തികേട് കൊണ്ട് അവന്റെ ഭാഗ്യം തട്ടിത്തെറിച്ചു പോകണ്ടയെന്ന് കരുതി ഞാന്‍ സമ്മതിച്ചു - എന്റെ കൂടെ താമസിച്ചോട്ടെ - തൃശ്ശൂര്‍ നഗരത്തില്‍ തന്നെയുള്ള ഫഌറ്റില്‍ ജീവിക്കുന്ന എനിക്ക് അതൊരു ബാധ്യതയാകില്ലയെന്ന് നന്നായറിഞ്ഞു തന്നെയാണ് സമ്മതിച്ചത്.

ഫഌറ്റിലെത്തി, എന്റെ പുറകില്‍ നിന്നും അവന്‍ മാറുന്നുണ്ടായിരുന്നില്ല. പകല്‍ നടന്ന ക്യാംപിലെ വിശേഷങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല്. ഇതിനിടയില്‍ അവന്റെ വീട്ടില്‍ നിന്നും അമ്മയും മേമയും എന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. അമ്മയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെടുത്ത അനിയന്‍ ഉണ്ണി, അടുത്ത വീട്ടിലെ കീര്‍ത്തന, പാപ്പന്റെ മോള്, മാമന്‍, മേമ, അമ്മമ്മ അങ്ങനെ എട്ടോ പത്തോ പേരുടെ കൈകളിലേക്ക് മറുതലയ്ക്കലെ ഫോണ്‍ ചാടിക്കളിക്കുന്നത് ഇവിടെ നിന്ന് ഇവന്‍ പറയുന്ന വിളികള്‍ കേട്ടാല്‍ അറിയാം. ആദ്യത്തെ ഘട്ടം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: 'ആദ്യായിട്ടാ ഞാന്‍ മാറി നിക്കണേ...'
വെള്ളം മാറിക്കുളിച്ചാല്‍ പനിക്കുമോ? എന്നും ചോദിച്ച്, അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ ഒരു നുള്ള് രാസ്‌നാദിപ്പൊടി തലയില്‍ തിരുമ്മാനായി ചെന്നപ്പോള്‍ തടുത്തു. 'ഞാന്‍ തല നനച്ചില്ല ചേച്ചീ.. അമ്മ പറഞ്ഞു തല നനയ്ക്കണ്ടായെന്ന്...'. മുന്‍കരുതലെടുക്കാനും ഓര്‍മ്മിപ്പിക്കാനും അമ്മയുള്ളപ്പോള്‍ രാസ്‌നാദിപ്പൊടിക്കെന്തു സ്ഥാനം എന്നോര്‍ത്ത് ഞാന്‍ പുഞ്ചിരിച്ചു. 'ചേച്ചിക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയില്ലേ? അയ്യോ, ഞാനൊക്കെയാണേല്‍ കരയും..'.എന്നിട്ട് പണ്ടൊരിക്കല്‍ വണ്ടിയോടിക്കുന്ന മാമന്റെ വീട്ടില്‍ പോയി ഒറ്റയ്ക്കിരിക്കേണ്ടി വന്ന ദിവസം വിവരിച്ചു. പേടിച്ചു വിറച്ചിരുന്ന്, മാമന്‍ വന്നപ്പോള്‍ വാവിട്ട് നിലവിളിച്ച അവനേക്കുറിച്ച് പറഞ്ഞ് അവന്‍ തന്നെ ചമ്മിച്ചിരിച്ചു. പിന്നേയും ഒരു ഫോണ്‍ കൂടി വന്നു. ഏട്ടനെ കാണാതെ വിഷമിച്ച് കരയുന്ന പാപ്പന്റെ കുട്ടിക്കു വേണ്ടി വിളിച്ചതായിരുന്നു അത്. കറപറ്റാത്ത സ്‌നേഹത്തിന്റെ മണിയടികളായിരുന്നു അവ.


ആ നിഷ്‌ക്കളങ്കതയിലേക്ക് കല്ലു പെറുക്കിയെറിയാന്‍ തോന്നിയ സുഹൃത്തിനോട് എനിക്ക് വേദന തോന്നി. ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞപ്പോള്‍ അറിയാതെ വാ പൊളിച്ചുപോയി. അഞ്ചു ദിവസം ഇനി ഈ കുട്ടി എന്റെ കൂടെയുണ്ടാകുമെന്ന് അറിഞ്ഞതോടെ നിയന്ത്രണം വിട്ട സുഹൃത്തിന്റെ ദേഷ്യത്തിനു മുന്നില്‍ മിണ്ടാനാകാതെ നിന്നു. തോന്ന്യാസമെന്ന വാക്കിനുള്ളില്‍ എന്റെ പ്രവൃത്തിയെ ഒതുക്കാന്‍ കഴിയാതെ മറ്റു പല വിശദീകരണങ്ങളും തന്നു. മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് പറഞ്ഞപ്പോള്‍ അറിയാതെ പറഞ്ഞു പോയി ' വെറും പന്ത്രണ്ടു വയസ്സ്'..വയസ്സല്ല കാര്യം..ഇന്നത്തെ കാലത്ത് അതൊന്നും ഒരു വലിയ കാര്യമല്ല. നീ വലിയ അരുന്ധതി റോയി ഒന്നും ആകണ്ട....


പിന്നെയും ഞാന്‍ പിറുപിറുത്തു - വെറും പന്ത്രണ്ടു വയസ്സ്....


പറഞ്ഞ വഴക്കുകളൊക്കെ കണ്ണടച്ച് നിന്ന് കേട്ടു.... തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല, അവജ്ഞയോടെ ഞാന്‍ എന്നെ നോക്കി..ശരിയാണ് ഞാന്‍ ജീവിക്കുന്നത് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയേയും പീഡിപ്പിക്കുന്ന തെരുവുകളുള്ള നാട്ടിലാണ്.. കാമവൈകൃതം മരപ്പൊത്തില്‍ മറയ്ക്കാന്‍ ശ്രമിച്ച പതിമൂന്നുകാരന്റെ നാടാണ്...എല്ലാമറിയാം...എന്നാലും, നമുക്കെന്തേ നല്ലതൊന്നും ചിന്തിക്കാന്‍ കഴിയാതെ പോകുന്നൂ...തിന്മകളേക്കുറിച്ചുള്ള അമിതമായ അറിവ്, നന്മ ചെയ്യുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നില്ലേ...തിരിച്ചറിയാന്‍ കഴിയുന്ന നന്മകളേയും അകറ്റിയോടിക്കുന്നതെന്തേ?  തെറ്റാണ് വര്‍ദ്ധിക്കുന്നതെങ്കില്‍ അതിനൊപ്പം ശരി ചെയ്ത് മത്സരിക്കാന്‍ എന്തേ നമുക്ക് കഴിയുന്നില്ല!....
രാത്രി പന്ത്രണ്ട് മണിക്ക് ധന്യയുടെ ഫോണ്‍ വന്നു...അവള്‍ക്ക് ഈയാഴ്ച നൈറ്റ് ഡ്യൂട്ടിയാണ്, എന്റെ കൂടെയായിരിക്കും താമസം..പെട്ടന്നൊരു തണുപ്പ് തലയിലേക്ക് പടര്‍ന്നു, പക്ഷേ ഹൃദയമൊന്ന് വീര്‍ത്തുയര്‍ന്നു - ഈശ്വരാ, ധന്യ കൂടി വീട്ടിലുണ്ടാകുമെന്നത് എനിക്ക് ആശ്വാസം തരുന്നെങ്കില്‍ അതിനര്‍ത്ഥം ഞാനും ഇവര്‍ പറഞ്ഞതു വിശ്വസിച്ചു എന്നാണോ....??? ...മനസ്സു വിട്ട് ഊര്‍ന്നു പോകുന്ന നന്മയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ കിതച്ചു. 


Thursday, April 11, 2013


കുടുംബത്തില്‍ പിറന്നത്

6 മണി കഴിഞ്ഞ് ആര്‍ക്കു വേണ്ടിയും തുറക്കാത്ത ക്ലാരമഠത്തിന്റെ പ്രതാപം ഞാന്‍ കേട്ടിട്ടുണ്ട്. കെട്ടിപ്പൂട്ടിയ കരിങ്കല്ലുകള്‍ക്കുള്ളില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് ജീവിക്കുന്നവരാണത്രേ. ആണ്ടിലൊരിക്കല്‍ കാണാന്‍ ചെല്ലുന്ന അപ്പനെയും അമ്മയേയും വരെ കമ്പി വലയ്ക്കപ്പുറത്തു നിര്‍ത്തുന്ന ലൗകീക വിരക്തിയുള്ളവര്‍..  തീക്കോയിയില്‍ ബസ്സിറങ്ങി എഫ്.സി കോണ്‍വെന്റ് എന്നു ബോര്‍ഡു കണ്ട ടാറിട്ട റോഡിലേക്ക് തിരിഞ്ഞപ്പോള്‍ വാച്ചില്‍ 7 മണിയും കഴിഞ്ഞു. നടന്നും ഓടിയും മഠത്തിലേക്കുള്ള പടിക്കെട്ടിന്റെ തുടക്കം വരെയെത്തി നിന്നു. കെട്ടിടത്തിന്റെ മൂലയില്‍ ആരും അടിക്കല്ലേയെന്ന് കരഞ്ഞ് നില്‍ക്കുന്ന വലിയ മണിയും, അവനിട്ടൊന്ന് കൊടുക്കെന്ന ഭാവത്തില്‍ താഴോട്ട് തൂങ്ങുന്ന വള്ളിയും എന്നെ മിശ്ര വികാരങ്ങളോടെ നോക്കി. മണിയടിക്കാന്‍ ധൈര്യം പോര. അച്ചടക്ക ലംഘനത്തിന് മഠം മദറിന്റെ അടുത്തൂന്ന് ശിക്ഷ വാങ്ങാനുള്ള സമയം എനിക്കില്ല. ചുറ്റും നോക്കി, ഒരില പോലും അനങ്ങുന്നില്ല. തോര്‍ന്നു പോയ മഴയില്‍ ഇറ്റു വീഴാന്‍ തയ്യാറായി നിന്ന തുള്ളികളെ പോലും ശാസിച്ചു നിര്‍ത്തിയിരിക്കുകയാണ്. മഠത്തിനകത്തുള്ള ചിട്ട ഇവരും ശീലിച്ചെടുത്തിരിക്കുന്നോ? രണ്ടും കല്പിച്ച് നട കയറി മഠത്തിന്റെ മുറ്റത്തേക്ക്, വിതറിയിട്ടിരിക്കുന്ന ചരലില്‍ എത്ര ശ്രമിച്ചിട്ടും നിശബ്ദമാകാന്‍ കഴിഞ്ഞില്ല. പ്രധാന വാതിലിന്റെ നേരേ നോക്കി നിന്നു. കോളിങ് ബെല്ലില്ല. ചാപ്പലിന്റെ ജനാലയ്ക്കലേക്ക് എണീറ്റു വന്ന നിഴലിനോട് , ജോസ് മേരിയമ്മയെ കാണാനാ എന്നു പറഞ്ഞു. അഞ്ചു സെക്കന്റു പോലും താമസിച്ചില്ല. കറുത്ത മുഖത്തോടെ മേരിച്ചേച്ചി വന്നു. വെളു വെളുത്ത മേരിച്ചേച്ചീടെ മുഖം ഇത്രയ്ക്ക് കറുക്കുമെന്ന് ആ സന്ധ്യയ്ക്ക് മനസ്സിലായി. അകത്തേക്ക് കയറാന്‍ നില്‍ക്കാതെ, കൊടുക്കാനുള്ളത് കൊടുത്ത് തിരിച്ചിറങ്ങി. വാതിലില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പറഞ്ഞത് - ആള്‍ക്കാര്‍ കൊച്ചാക്കും എന്നാണ്. മനസ്സിലാകാത്ത പോലെ നോക്കിയ എന്നോട് ഒന്നുകൂടി പറഞ്ഞു - എന്നെ ആള്‍ക്കാര്‍ കൊച്ചാക്കി കാണും. 

കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഞാനിപ്പോള്‍ ചെയ്തത്. ആറു മണി കഴിഞ്ഞ് വീടിനു പുറത്തിറങ്ങുന്ന ഏതു പെണ്ണും കുടുംബത്തില്‍ പിറക്കാത്തവരുടെ പട്ടികയിലേക്ക് കുടിയിരുത്തപ്പെടുമെന്ന കാര്യം ഞാന്‍ വിട്ടു പോയതാണ്. സ്ഥലം പാലാ ആണ്. അച്ചായത്തികളുടെ ധൈര്യത്തിനും കരുത്തിനും പുകള്‍പെറ്റ പാലാ. അച്ചായത്തികളുടെ കരുത്തറിഞ്ഞത് വടക്കന്‍ ജില്ലകളാണ്. കാടു മെതിച്ച് വിത്തെറിഞ്ഞ് വിളവെടുക്കുന്നതു വരെ അവളുടെ കരുത്ത് നാടും വീടും അറിയും. അത് കുടുംബത്തിലായാലും മണ്ണിലായാലും. പത്തും പന്ത്രണ്ടും പെറുകയും ഇവറ്റങ്ങളെയൊക്കെ മലമ്പനിയില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപെടുത്തുമ്പോഴും അവള്‍ കരുത്തറിയിച്ചു. അന്തിപ്പണിയും കഴിഞ്ഞ് വാറ്റിന്റെ ചൂരില്‍ പുറം തല്ലിപ്പൊളിക്കുന്ന കെട്ടിയോന്റെ കൈക്കരുത്തിനു മുന്നില്‍ ഇവളോളം പിടിച്ചു നില്‍ക്കാന്‍ ഒരു വടക്കത്തിക്കും പറ്റില്ലായിരുന്നു. ഒരു പണിയുമെടുക്കാത്ത ഉണ്ണാക്കന്‍മാരെയും ഇവര്‍ പണിയെടുത്ത് നാട്ടിലെ പ്രമാണികളാക്കി. ഞാനറിഞ്ഞ അച്ചായത്തി കരുത്തിന്റെ കഥകള്‍ക്കേറ്റ ആദ്യത്തെ ക്ഷതമായിരുന്നു കോട്ടയത്തുണ്ടായിരുന്ന ഒരു വര്‍ഷത്തെ അനുഭവങ്ങള്‍. ആറു മണി കഴിഞ്ഞാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളും, എട്ടു മണിയാകുമ്പോഴേക്കും അടഞ്ഞു കിടക്കുന്ന കടകളും പരിചയമാകാന്‍ ഏറെ സമയമെടുത്തു. 


ഇരുട്ടില്‍ നാലു പേര്‍ക്കു കയറിയിരിക്കാന്‍ പറ്റു
ന്ന ആ ചെറിയ ബസ് ഷെഡ്ഡില്‍ ഞാനിരുന്നു. ഇന്നത്തെ യാത്രയുടെ മുഴുവന്‍ പരാക്രമങ്ങളും കെട്ടടങ്ങിയതിന്റെ ആശ്വാസത്തില്‍. ചെരിഞ്ഞ് വീഴുന്ന മഴച്ചാറ്റല്‍ അപ്പോഴും തോര്‍ന്നിരുന്നില്ല. മുന്‍പ് പെയ്ത മഴയുടെ തുള്ളികള്‍ ആസ്ബസ്റ്റോസ് ഷീറ്റില്‍ നിന്നും ഉരുണ്ടു പിടഞ്ഞ് താഴേക്ക് വീഴുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ പീടികയില്‍ നിന്നും പലതരത്തിലുള്ള വെളിച്ചം റോഡിന്റെ പകുതി വരെ പരന്നു കിടന്നു. 

തീക്കോയി പട്ടണത്തിന്റ ഐശ്വര്യമാണ് ഈ മൂന്ന് പീടികകള്‍. അപ്പനപ്പൂപ്പന്‍മാരായി കൈമാറി വന്ന അച്ചായന്‍ കടകള്‍. എന്തൊക്കെ വിട്ടുകൊടത്താലും ഈ കടകള്‍ മാത്രം അവര്‍ ബാക്കി നിര്‍ത്തും. കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ പഠിക്കാത്തവനുണ്ടാകും. അവന് അപ്പനിത് കൈമാറും. ഒപ്പം പെങ്ങമ്മാരുടെ കല്യാണച്ചുമതലയും. കിരീടവും ചെങ്കോലും കൈകളിലേക്ക് വന്ന രാജാവിന്റെ അനുഭൂതിയായിരിക്കും പിന്നീടവര്‍ക്ക് ഈ കടയില്‍ ഇരിക്കുമ്പോള്‍.


 നിര നിരയായി നിര്‍ത്തിയിട്ടിരിക്കു ഓട്ടോയ്ക്കുള്ളില്‍ നിന്നും തലകള്‍ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങി നടക്കുന്നു. അക്ഷമയോടെ എന്തൊക്കെയോ പറയുകയും എന്നെ നോക്കുകയും ചെയ്തു...ഇടയ്ക്കിടെ പോകുന്ന വണ്ടികളുടെ കുത്തു വെളിച്ചത്തില്‍ അവരെന്നെ അടിമുടി ഉഴിഞ്ഞെടുത്തു. എല്ലാവരുടെയും കാഴ്ചവസ്തുവായതോടെ ഞാനും അസ്വസ്ഥമായി. ഫോണെടുത്ത് ആരെ വിളിക്കാം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ അമ്മ വിളിക്കുന്നു. ഈ രാത്രിയില്‍ തീക്കോയിയിലെ ബസ് ഷെഡ്ഡില്‍ ഞാനിരിക്കുന്നുവെന്ന് പറയുമ്പോള്‍ എന്തായിരിക്കും പ്രതികരണം. ഫോണെടുത്ത് കള്ളം പറയാന്‍ പറ്റില്ല. ഇനി മേരിച്ചേച്ചിയെങ്ങാനും വിളിച്ചിട്ടുണ്ടാകുമോ? എന്തായാലും എന്റെ അമ്മയല്ലേ..ഫോണ്‍ എടുത്ത് എന്താമ്മേന്ന് ചോദിച്ചു. വെറുതേ വിളിച്ചതാ..നാട്ടിലേക്ക് വരുന്നുണ്ടോയെന്നറിയാന്‍.., വര്‍ത്താനം പറയുന്നതിനിടെ ഞാന്‍ പറഞ്ഞു - തീക്കോയിയില്‍ ഇരിക്കുവാണെന്നും, ഞാന്‍ വൈകി വന്നത് മേരിച്ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒക്കെ. 


അതിനെന്താ...നമ്മുടെ സൗകര്യം കൂടി നോക്കിയല്ലേ പോകാന്‍ പറ്റൂ..., ഇനിയെപ്പഴാ ബസ്സെന്നും മറ്റുമെല്ലാം ചോദിച്ച് അമ്മ ഫോണ്‍ വച്ചു. ഈ സമയത്ത്  മകള്‍ യാത്ര ചെയ്യുന്നതില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, ഒരു പേടിയുമില്ലാതെ അമ്മ ഫോണ്‍ വയ്ക്കുമ്പോള്‍ ഞാനോര്‍ത്തു. ചെറിയ ചെറിയ കാര്യങ്ങളില്‍ അമ്മ കാണിച്ച വിശ്വാസവും ധൈര്യവുമാണ് എന്നെ ഞാനാകാന്‍ സഹായിച്ചത്. ടൗണിലൂടെ ഒരിക്കല്‍ തല താഴ്ത്തി നടന്നപ്പോള്‍ അമ്മ പറഞ്ഞു - തല ഉയര്‍ത്തിപ്പിടിച്ച് നടക്ക്...










Friday, April 5, 2013


ഇതിനൊരു തലക്കെട്ടില്ല


വഴിയില്‍ വീണു കിടന്ന വൃദ്ധനെ കാണാത്ത മട്ടില്‍ മറികടന്നു പോയ കാലടിപ്പാടുകള്‍ നെഞ്ചില്‍ മായാതെ നിന്നു. പൊരിവെയിലില്‍ റോഡിനു നടുവില്‍ തളര്‍ന്നു കിടന്ന മനുഷ്യനെയോ അയാള്‍ കെഞ്ചിപ്പറയുന്ന വാക്കുകളേയോ ശ്രദ്ധിക്കാന്‍ മിനക്കെടാതിരുന്നവരുടെ മുഖങ്ങളും മറക്കാതെ കിടന്നു. ചുരുട്ടിപ്പിടിച്ച കൈക്കുള്ളിലെ ഗുളികകള്‍ തുറന്നു കാട്ടി മുന്നിലൂടെ പോയ നിഴലുകളോട് ഒരിറ്റു വെള്ളത്തിനായി അപേക്ഷിച്ചു അയാളവിടെ കിടന്ന കാഴ്ചയ്ക്കു മുന്നില്‍ പതറി വീണു പോയ ആ നിമിഷത്തോടുള്ള വെറുപ്പില്‍ നിന്നാണ് ഈ കുറിപ്പ് പിറക്കുന്നത്. നന്മകളുടെ കഥകള്‍ മാത്രം കേട്ടു ശീലിച്ച ഈ ബ്ലോഗിലേക്ക് ഇതും ഞാന്‍ തിരുകുമ്പോള്‍ എന്റെ ഉദ്ദേശ്യം നന്മയാണ്. തിന്മ കണ്ട് അതില്‍ നിന്നും വിപരീതമായ നന്മ നീറ്റിയെടുക്കാന്‍ കഴിവുള്ള മനസ്സുകള്‍ക്കു വേണ്ടി. 


രാവിലെ സമയം വൈകിയിറങ്ങിയതിന്റെ ബഹളം എന്റെ വണ്ടിയോടിക്കലിലും ഉണ്ടായിരുന്നു. അല്പം മുന്നിലായി പോയ്‌ക്കൊണ്ടിരുന്ന കാറ് സഡണ്‍ ബ്രേക്കിട്ട് നിര്‍ത്തി വളച്ചെടുത്ത് പോയതു കണ്ട് ഞാനും ശ്രദ്ധിച്ചു. റോഡില്‍ വീണു കിടക്കുന്ന ഒരാള്‍. മുട്ടിനു താഴെയായി തീരുന്ന മുക്കാപ്പാന്റും മുഷിയാന്‍ ബാക്കിയില്ലാത്ത ഷര്‍ട്ടും, തൊട്ടടുത്ത് കിടക്കുന്ന ഭാണ്ഡമാക്കിയ ചാക്കും ദൂരെ നിന്ന് കണ്ടു. മദ്യപിച്ച് റോഡില്‍ കിടക്കുന്ന ഇത്തരം കാഴ്ചകള്‍ പതിവായതിനാല്‍ ഞാനും സംശയിച്ചു. പക്ഷേ അയാളെ മറികടന്നു പോയപ്പോള്‍ അയാളുടെ കണ്ണില്‍ കണ്ട വേദന സംശയങ്ങളെ മാറ്റി നിര്‍ത്തി. ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ അയാളെ മറി കടന്ന് വന്ന ഒരാളോട് ചോദിച്ചു - എന്തു പറ്റിയതാ അയാള്‍ക്ക് ചേട്ടാ?. അമ്പത് വയസ്സിനേക്കാള്‍ പ്രായമുള്ള അയാളില്‍ നിന്നും വന്ന മറുപടി വിചിത്രമായിരുന്നു - തലകറങ്ങി കിടക്കുവാണെന്ന് തോന്നുന്നു...ഉത്തരം കേട്ട് ഞെട്ടിപ്പോയി. നമ്മളെന്നു മുതലാണ് മനുഷ്യത്വം തീരെയില്ലാത്തവരായിപ്പോയത്!!...


അയാളുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ ഞാന്‍ ചുറ്റും നോക്കി, പന്ത്രണ്ടും പതിമൂന്നും പ്രായമുള്ള പയ്യന്‍മാര്‍ അതിനടുത്തു നിന്നു കളിക്കുന്നു. തൊട്ടടുത്ത ഗ്രൗണ്ടില്‍ സ്‌കൂട്ടറില്‍ എട്ടു വരച്ചു പഠിക്കുന്ന സ്ത്രീകള്‍, തൊട്ടുമുന്നിലെ ഫഌറ്റിനു മുന്നിലേക്ക് ഉന്തു വണ്ടിയില്‍ കൊണ്ടു വന്ന പച്ചക്കറിയുടെ വിലപേശലില്‍ വ്യാപൃതരായിരിക്കുന്നവര്‍, കുളിച്ച് കുറി തൊട്ട്, ശിവ കടാക്ഷാഭ്യര്‍ത്ഥനയും കഴിഞ്ഞ് അമ്പലമുറ്റത്തെ ആലിന്റെ ചുവട്ടില്‍ ഭക്തി പരവശരായി ഇരിക്കുന്നവര്‍.......


ശ്വാസം മുട്ടുന്നുവെന്ന് മാത്രമേ വീണു കിടക്കുന്നയാള്‍ക്ക് പറയാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. കളിച്ചു കൊണ്ടിരുന്ന പയ്യന്‍മാരെ ഞാന്‍ വിളിച്ചു. മടിച്ചു മടിച്ചാണവര്‍ വന്നത്. വെള്ളം വാങ്ങി വരാനും പറഞ്ഞ് 20 രൂപ കൊടുത്തപ്പോള്‍ വാങ്ങിയില്ല. ദേഷ്യത്തോടെ പറഞ്ഞപ്പോള്‍ കടയിലേക്ക് ഓടി. അടുത്ത വീടിന്റെ ഗെയ്റ്റിനോട് ചേര്‍ന്ന് ചാരിയിരുത്തിയിട്ട് കുട്ടികള്‍ തിരിച്ചെത്താന്‍ കാത്തിരുന്നു. ഇതിനിടയില്‍ ഒരു കുപ്പിയില്‍ വെള്ളവുമായി ഒരു സ്ത്രീ ഓടി വരുന്നതു കണ്ടു. അപ്പോഴേ ഉറപ്പിച്ചു, മലയാളിയല്ല...എന്റെ ഊഹം ശരിവച്ച് അവര്‍ പറഞ്ഞു - അക്ക, തണ്ണി....


കൊടകില്‍ നിന്നും ജോലിയന്വേഷിച്ച് തൃശ്ശൂരെത്തിയതാണ് അയാള്‍. ജോലി കിട്ടാതെ പട്ടിണി കിടന്നു മടുത്തപ്പോള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചതാണ്. കാശില്ലാതെ, എങ്ങനെ പോകുമെന്നറിയാതെ വിഷമിക്കുകയാണ്. കൈയ്യില്‍ നിന്നും ചെറിയൊരു തുക അയാള്‍ക്ക് വച്ചു നീട്ടിയത് മറ്റുള്ളവരെ കാണിക്കാനായിരുന്നു. അതു കണ്ട്, ചുറ്റും കൂടിയ ആള്‍ക്കാര്‍ കൊടുക്കുന്ന അഞ്ചും പത്തും കൊണ്ട് അയാള്‍ വീട്ടിലെത്തിക്കോട്ടെ എന്നു വിചാരിച്ചിട്ടായിരുന്നു. ചുറ്റും നിന്നവരോട് സഹായിക്കാമോയെന്ന് അയാള്‍ ചോദിക്കുകയും ചെയ്തു. ബൈക്കിലെത്തിയ മാന്യദ്ദേഹത്തിന് അപ്പോള്‍ പുച്ഛം. അയാളെ സഹായിക്കാന്‍ മനസ്സില്ലെങ്കില്‍ നേരെ പോയാല്‍ പോരെ. ഇത്രയ്ക്ക് പുച്ഛിക്കാന്‍ അയാള്‍ക്ക് എന്തര്‍ഹതയുണ്ട്? ജീവിതത്തിന്റെ അസ്ഥിരതയേക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ലാതെ വിഡ്ഢികളാകാന്‍ ഇപ്പോള്‍ ശീലിക്കുന്നത് ഋഷിസംസ്‌കാരത്തിന്റെയും വേദങ്ങളുടെയും ഭഗവത്ഗീതയുടെയും ഒക്കെ പാരമ്പര്യം പറയുന്ന നമ്മള്‍ തന്നെയാണോ? അവിടെ നിന്ന് ഉറക്കെ ജ്ഞാനപ്പാന പാടാന്‍ തോന്നി... 


ഓഫീസിലെത്തി സഹപ്രവര്‍ത്തകരോട് അക്ഷരാര്‍ത്ഥത്തില്‍ പുലമ്പുകയായിരുന്നു...ഇത് നാടല്ല, കാടാണ്..കോണ്‍ക്രീറ്റ് കാട്ടിനുള്ളില്‍ കുടുങ്ങി പോയ ചില കാടന്‍മാരുടെ കാട്..


Related Posts Plugin for WordPress, Blogger...