Thursday, April 11, 2013


കുടുംബത്തില്‍ പിറന്നത്

6 മണി കഴിഞ്ഞ് ആര്‍ക്കു വേണ്ടിയും തുറക്കാത്ത ക്ലാരമഠത്തിന്റെ പ്രതാപം ഞാന്‍ കേട്ടിട്ടുണ്ട്. കെട്ടിപ്പൂട്ടിയ കരിങ്കല്ലുകള്‍ക്കുള്ളില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് ജീവിക്കുന്നവരാണത്രേ. ആണ്ടിലൊരിക്കല്‍ കാണാന്‍ ചെല്ലുന്ന അപ്പനെയും അമ്മയേയും വരെ കമ്പി വലയ്ക്കപ്പുറത്തു നിര്‍ത്തുന്ന ലൗകീക വിരക്തിയുള്ളവര്‍..  തീക്കോയിയില്‍ ബസ്സിറങ്ങി എഫ്.സി കോണ്‍വെന്റ് എന്നു ബോര്‍ഡു കണ്ട ടാറിട്ട റോഡിലേക്ക് തിരിഞ്ഞപ്പോള്‍ വാച്ചില്‍ 7 മണിയും കഴിഞ്ഞു. നടന്നും ഓടിയും മഠത്തിലേക്കുള്ള പടിക്കെട്ടിന്റെ തുടക്കം വരെയെത്തി നിന്നു. കെട്ടിടത്തിന്റെ മൂലയില്‍ ആരും അടിക്കല്ലേയെന്ന് കരഞ്ഞ് നില്‍ക്കുന്ന വലിയ മണിയും, അവനിട്ടൊന്ന് കൊടുക്കെന്ന ഭാവത്തില്‍ താഴോട്ട് തൂങ്ങുന്ന വള്ളിയും എന്നെ മിശ്ര വികാരങ്ങളോടെ നോക്കി. മണിയടിക്കാന്‍ ധൈര്യം പോര. അച്ചടക്ക ലംഘനത്തിന് മഠം മദറിന്റെ അടുത്തൂന്ന് ശിക്ഷ വാങ്ങാനുള്ള സമയം എനിക്കില്ല. ചുറ്റും നോക്കി, ഒരില പോലും അനങ്ങുന്നില്ല. തോര്‍ന്നു പോയ മഴയില്‍ ഇറ്റു വീഴാന്‍ തയ്യാറായി നിന്ന തുള്ളികളെ പോലും ശാസിച്ചു നിര്‍ത്തിയിരിക്കുകയാണ്. മഠത്തിനകത്തുള്ള ചിട്ട ഇവരും ശീലിച്ചെടുത്തിരിക്കുന്നോ? രണ്ടും കല്പിച്ച് നട കയറി മഠത്തിന്റെ മുറ്റത്തേക്ക്, വിതറിയിട്ടിരിക്കുന്ന ചരലില്‍ എത്ര ശ്രമിച്ചിട്ടും നിശബ്ദമാകാന്‍ കഴിഞ്ഞില്ല. പ്രധാന വാതിലിന്റെ നേരേ നോക്കി നിന്നു. കോളിങ് ബെല്ലില്ല. ചാപ്പലിന്റെ ജനാലയ്ക്കലേക്ക് എണീറ്റു വന്ന നിഴലിനോട് , ജോസ് മേരിയമ്മയെ കാണാനാ എന്നു പറഞ്ഞു. അഞ്ചു സെക്കന്റു പോലും താമസിച്ചില്ല. കറുത്ത മുഖത്തോടെ മേരിച്ചേച്ചി വന്നു. വെളു വെളുത്ത മേരിച്ചേച്ചീടെ മുഖം ഇത്രയ്ക്ക് കറുക്കുമെന്ന് ആ സന്ധ്യയ്ക്ക് മനസ്സിലായി. അകത്തേക്ക് കയറാന്‍ നില്‍ക്കാതെ, കൊടുക്കാനുള്ളത് കൊടുത്ത് തിരിച്ചിറങ്ങി. വാതിലില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പറഞ്ഞത് - ആള്‍ക്കാര്‍ കൊച്ചാക്കും എന്നാണ്. മനസ്സിലാകാത്ത പോലെ നോക്കിയ എന്നോട് ഒന്നുകൂടി പറഞ്ഞു - എന്നെ ആള്‍ക്കാര്‍ കൊച്ചാക്കി കാണും. 

കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഞാനിപ്പോള്‍ ചെയ്തത്. ആറു മണി കഴിഞ്ഞ് വീടിനു പുറത്തിറങ്ങുന്ന ഏതു പെണ്ണും കുടുംബത്തില്‍ പിറക്കാത്തവരുടെ പട്ടികയിലേക്ക് കുടിയിരുത്തപ്പെടുമെന്ന കാര്യം ഞാന്‍ വിട്ടു പോയതാണ്. സ്ഥലം പാലാ ആണ്. അച്ചായത്തികളുടെ ധൈര്യത്തിനും കരുത്തിനും പുകള്‍പെറ്റ പാലാ. അച്ചായത്തികളുടെ കരുത്തറിഞ്ഞത് വടക്കന്‍ ജില്ലകളാണ്. കാടു മെതിച്ച് വിത്തെറിഞ്ഞ് വിളവെടുക്കുന്നതു വരെ അവളുടെ കരുത്ത് നാടും വീടും അറിയും. അത് കുടുംബത്തിലായാലും മണ്ണിലായാലും. പത്തും പന്ത്രണ്ടും പെറുകയും ഇവറ്റങ്ങളെയൊക്കെ മലമ്പനിയില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപെടുത്തുമ്പോഴും അവള്‍ കരുത്തറിയിച്ചു. അന്തിപ്പണിയും കഴിഞ്ഞ് വാറ്റിന്റെ ചൂരില്‍ പുറം തല്ലിപ്പൊളിക്കുന്ന കെട്ടിയോന്റെ കൈക്കരുത്തിനു മുന്നില്‍ ഇവളോളം പിടിച്ചു നില്‍ക്കാന്‍ ഒരു വടക്കത്തിക്കും പറ്റില്ലായിരുന്നു. ഒരു പണിയുമെടുക്കാത്ത ഉണ്ണാക്കന്‍മാരെയും ഇവര്‍ പണിയെടുത്ത് നാട്ടിലെ പ്രമാണികളാക്കി. ഞാനറിഞ്ഞ അച്ചായത്തി കരുത്തിന്റെ കഥകള്‍ക്കേറ്റ ആദ്യത്തെ ക്ഷതമായിരുന്നു കോട്ടയത്തുണ്ടായിരുന്ന ഒരു വര്‍ഷത്തെ അനുഭവങ്ങള്‍. ആറു മണി കഴിഞ്ഞാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളും, എട്ടു മണിയാകുമ്പോഴേക്കും അടഞ്ഞു കിടക്കുന്ന കടകളും പരിചയമാകാന്‍ ഏറെ സമയമെടുത്തു. 


ഇരുട്ടില്‍ നാലു പേര്‍ക്കു കയറിയിരിക്കാന്‍ പറ്റു
ന്ന ആ ചെറിയ ബസ് ഷെഡ്ഡില്‍ ഞാനിരുന്നു. ഇന്നത്തെ യാത്രയുടെ മുഴുവന്‍ പരാക്രമങ്ങളും കെട്ടടങ്ങിയതിന്റെ ആശ്വാസത്തില്‍. ചെരിഞ്ഞ് വീഴുന്ന മഴച്ചാറ്റല്‍ അപ്പോഴും തോര്‍ന്നിരുന്നില്ല. മുന്‍പ് പെയ്ത മഴയുടെ തുള്ളികള്‍ ആസ്ബസ്റ്റോസ് ഷീറ്റില്‍ നിന്നും ഉരുണ്ടു പിടഞ്ഞ് താഴേക്ക് വീഴുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ പീടികയില്‍ നിന്നും പലതരത്തിലുള്ള വെളിച്ചം റോഡിന്റെ പകുതി വരെ പരന്നു കിടന്നു. 

തീക്കോയി പട്ടണത്തിന്റ ഐശ്വര്യമാണ് ഈ മൂന്ന് പീടികകള്‍. അപ്പനപ്പൂപ്പന്‍മാരായി കൈമാറി വന്ന അച്ചായന്‍ കടകള്‍. എന്തൊക്കെ വിട്ടുകൊടത്താലും ഈ കടകള്‍ മാത്രം അവര്‍ ബാക്കി നിര്‍ത്തും. കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ പഠിക്കാത്തവനുണ്ടാകും. അവന് അപ്പനിത് കൈമാറും. ഒപ്പം പെങ്ങമ്മാരുടെ കല്യാണച്ചുമതലയും. കിരീടവും ചെങ്കോലും കൈകളിലേക്ക് വന്ന രാജാവിന്റെ അനുഭൂതിയായിരിക്കും പിന്നീടവര്‍ക്ക് ഈ കടയില്‍ ഇരിക്കുമ്പോള്‍.


 നിര നിരയായി നിര്‍ത്തിയിട്ടിരിക്കു ഓട്ടോയ്ക്കുള്ളില്‍ നിന്നും തലകള്‍ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങി നടക്കുന്നു. അക്ഷമയോടെ എന്തൊക്കെയോ പറയുകയും എന്നെ നോക്കുകയും ചെയ്തു...ഇടയ്ക്കിടെ പോകുന്ന വണ്ടികളുടെ കുത്തു വെളിച്ചത്തില്‍ അവരെന്നെ അടിമുടി ഉഴിഞ്ഞെടുത്തു. എല്ലാവരുടെയും കാഴ്ചവസ്തുവായതോടെ ഞാനും അസ്വസ്ഥമായി. ഫോണെടുത്ത് ആരെ വിളിക്കാം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ അമ്മ വിളിക്കുന്നു. ഈ രാത്രിയില്‍ തീക്കോയിയിലെ ബസ് ഷെഡ്ഡില്‍ ഞാനിരിക്കുന്നുവെന്ന് പറയുമ്പോള്‍ എന്തായിരിക്കും പ്രതികരണം. ഫോണെടുത്ത് കള്ളം പറയാന്‍ പറ്റില്ല. ഇനി മേരിച്ചേച്ചിയെങ്ങാനും വിളിച്ചിട്ടുണ്ടാകുമോ? എന്തായാലും എന്റെ അമ്മയല്ലേ..ഫോണ്‍ എടുത്ത് എന്താമ്മേന്ന് ചോദിച്ചു. വെറുതേ വിളിച്ചതാ..നാട്ടിലേക്ക് വരുന്നുണ്ടോയെന്നറിയാന്‍.., വര്‍ത്താനം പറയുന്നതിനിടെ ഞാന്‍ പറഞ്ഞു - തീക്കോയിയില്‍ ഇരിക്കുവാണെന്നും, ഞാന്‍ വൈകി വന്നത് മേരിച്ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒക്കെ. 


അതിനെന്താ...നമ്മുടെ സൗകര്യം കൂടി നോക്കിയല്ലേ പോകാന്‍ പറ്റൂ..., ഇനിയെപ്പഴാ ബസ്സെന്നും മറ്റുമെല്ലാം ചോദിച്ച് അമ്മ ഫോണ്‍ വച്ചു. ഈ സമയത്ത്  മകള്‍ യാത്ര ചെയ്യുന്നതില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, ഒരു പേടിയുമില്ലാതെ അമ്മ ഫോണ്‍ വയ്ക്കുമ്പോള്‍ ഞാനോര്‍ത്തു. ചെറിയ ചെറിയ കാര്യങ്ങളില്‍ അമ്മ കാണിച്ച വിശ്വാസവും ധൈര്യവുമാണ് എന്നെ ഞാനാകാന്‍ സഹായിച്ചത്. ടൗണിലൂടെ ഒരിക്കല്‍ തല താഴ്ത്തി നടന്നപ്പോള്‍ അമ്മ പറഞ്ഞു - തല ഉയര്‍ത്തിപ്പിടിച്ച് നടക്ക്...










3 comments:

  1. i just loved your language here...
    creative imagination oozing out in words....

    ReplyDelete
  2. "കെട്ടിടത്തിന്റെ മൂലയില്‍ ആരും അടിക്കല്ലേയെന്ന് കരഞ്ഞ് നില്‍ക്കുന്ന വലിയ മണിയും, അവനിട്ടൊന്ന് കൊടുക്കെന്ന ഭാവത്തില്‍ താഴോട്ട് തൂങ്ങുന്ന വള്ളിയും എന്നെ മിശ്ര വികാരങ്ങളോടെ നോക്കി" - Couldn't be better!

    ReplyDelete

Related Posts Plugin for WordPress, Blogger...