Monday, December 2, 2013

ചിലപ്പോഴെങ്കിലും ചില വഴക്കുകള്‍ നല്ലതാണ്


'നോ, രാവിലെ തന്നെ ഒരു ഡിബേറ്റിനു ഞാനില്ല'.

 സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരഖ്‌ന കൊടുക്കേണ്ടിയിരുന്നോ എന്നതിനെ ഞാന്‍ ന്യായീകരിച്ചും അവള്‍ സംശയിച്ചും  സംസാരിക്കുകയായിരുന്നു. സച്ചിന് മറ്റാര്‍ക്കുമില്ലാത്ത അത്ര ബാക്ക് അപ്പ് ഉണ്ടായിരുന്നുവെന്ന് അവള്‍.. ബാക്കപ്പ് ഉണ്ടായാലും കഴിവില്ലെങ്കില്‍ കാര്യമില്ലല്ലോയെന്ന് ഞാന്‍... അതു കുറച്ചുകൂടി വിശദീകരിക്കാനുള്ള ശ്രമമാണ് അവള്‍ തടുത്തത്. തിരിച്ചു വന്ന് കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നപ്പോള്‍ ഓര്‍മ്മ വന്നത് മറ്റൊന്നാണ്.


സ്വീകരണമുറിയിലെ തടിക്കസ്സേരയില്‍ അപ്പായി ശാന്തനായി ഇരിക്കുകയാണ്. ഇടിവെട്ടി പെയ്യുന്ന മഴയൊന്ന് ശമിച്ചിട്ട് പുറത്തേക്കിറങ്ങാമെന്ന് കരുതിയിരിക്കുന്ന ഒരാളെപ്പോലെ നിസ്സംഗനായി..മുറിയിലേക്ക് മുഖം തിരിച്ച് നിന്ന മറ്റു മൂന്ന് മുറികളുടേയും ഓരോ വാതിലിലായി ഞങ്ങള്‍ മക്കളും സ്ഥാനം പിടിച്ചിരുന്നു. കാണുകയാണ്. മലയാളപാഠപുസ്തകത്തിലെ നായികമാര്‍ അമ്മയുടെ ഏകാഭിനയത്തിലൂടെ  മുന്നിലവതരിക്കുന്നത് ആസ്വദിക്കുകയാണ്. അലറിച്ചിരിക്കുന്ന ഭ്രാന്തിയും, മകനെ തള്ളാനും കൊള്ളാനും പറ്റാത്ത വ്യഥയുമായി കുന്തിയും, അമ്മയെന്ന വിളി കേട്ട് മരിക്കാന്‍ കിടക്കുന്ന വൃദ്ധയുടെ ദീനതയും, ഭാരമേറുമ്പോഴും കുനിയാത്ത തോളുമായി നില്‍ക്കുന്ന ശക്തിയുള്ള നായികയും അങ്ങനെ പലരും.....കുറച്ചെങ്കിലും അസ്വസ്ഥത രണ്ടാമത്തെ ചേട്ടന് മാത്രമാണ്.
അവസാനം അമ്മ പറയും - ഒന്ന് വാ തുറക്കാവോ, എന്തു പറഞ്ഞാലും കമാന്നൊരക്ഷരം പറയാതിരുന്നാല്‍ മതിയല്ലോ....മക്കള് നോക്കുമ്പോഴെന്താ ഒച്ചപ്പാടുണ്ടാക്കുന്നത് എപ്പോഴും ഞാനാണല്ലോ...അപ്പന്‍ പാാാാാാാവംംംം.....                 

 ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 39 വര്‍ഷം തികച്ച കുടുംബജീവിതത്തില്‍ ഒരിക്കലും അമ്മയ്ക്ക് മറുപടി ലഭിച്ചിരുന്നില്ല.. ഒരു വഴക്കിലും അപ്പായിയുടെ ശബ്ദം ഞങ്ങള്‍ കേട്ടില്ല. അമ്മ  പറയുന്നത് ശരിയുമായിരുന്നു..ഞങ്ങളുടെ മനസ്സില്‍ അപ്പായിയോടുള്ള ബഹുമാനം വര്‍ഷം തോറും കൂടിവന്നു. ഒപ്പം അമ്മയെന്താ ഇങ്ങനെ എന്ന നീരസവും..

                      എന്റെ ജീവിതത്തില്‍ നിന്നും തര്‍ക്കങ്ങളും വഴക്കുകളും ഇല്ലാതാകുന്നതു വരെ ഞാനും അറിഞ്ഞിരുന്നില്ല - അമ്മയെന്തായിരുന്നു ആ വഴക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന്. ഞാനുമെപ്പോഴും പറയാറുണ്ടായിരുന്നു - ഒന്നുകില്‍ പറഞ്ഞുതീര്‍ക്കണം, ഇല്ലെങ്കില്‍ തല്ലിത്തീര്‍ക്കണം. അങ്ങനെ സാധിക്കാതെ വരുമ്പോള്‍ ഞാന്‍ വല്ലാതെ ശ്വാസംമുട്ടല്‍ അനുഭവിക്കുമായിരുന്നു.
സ്‌നേഹത്തേക്കുറിച്ച് ഏറെ പറയാറുള്ളത് അപ്പായിയായിരുന്നു. പക്ഷേ അമ്മയോളം സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു...അമ്മയുടെ വഴക്കുകള്‍ മുഴുവന്‍ അപ്പായിയോട് മാത്രമായിരുന്നു. അപ്പായിയെ അമ്മ സ്‌നേഹിച്ചതുപോലെ ആരും സ്‌നേഹിച്ചിട്ടുമില്ല. ഞാന്‍ പോലും..!! അമ്മ എന്നും ഒരു വഴക്കായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതായിരുന്നു അമ്മയ്ക്ക് സന്തോഷവും.
                   മഴക്കാറ് വന്നു മൂടി ഇരുണ്ട ആകാശം...കുറച്ച് കഴിഞ്ഞ് പ്രകാശം വരുമായിരിക്കും. പക്ഷേ അതൊരു മഴയായി പെയ്‌തൊഴിഞ്ഞിട്ടാണെങ്കില്‍ തോന്നുന്ന സുഖത്തോളം വരില്ലല്ലോ...അതുപോലെ തന്നെ....
തര്‍ക്കങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, വഴക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ ഉപരിതലത്തില്‍ നിന്ന് എല്ലാം നന്നാക്കാന്‍ അടക്കിപ്പിടിക്കുമ്പോള്‍, എല്ലാം സമ്മതിച്ചു വിട്ടുകൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ആത്മബന്ധം തിരിച്ചറിയുകയാണ് ഞാന്‍. മനസ്സില്‍ നിന്നും ഓരോ സൗഹൃദങ്ങളേയായി മടക്കി അയയ്ക്കുമ്പോഴാണ് ഞാനും മനസ്സിലാക്കുന്നത്, അടിപിടികള്‍ക്കു പിന്നിലുണ്ടായിരുന്ന നന്മ.....അവരെന്നെ നോവിക്കുമ്പോള്‍ അത് സഹിച്ച്, അവരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുന്നതിനേക്കാള്‍ വലുതാണ് കരണം നോക്കി ഒന്നു പൊട്ടിച്ചിട്ട് മേലാലിത് ആവര്‍ത്തിക്കരുതെന്ന് പറയാനുള്ള അവകാശം നമുക്കുണ്ടാകുന്നത്. ആ ബന്ധത്തിന് മാത്രം ചില പ്രത്യേകതകളുണ്ടാകും...നന്മയുണ്ടാകും....5 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഒരു വർഷം കഴിഞ്ഞിരിക്കുന്നു.
  നല്ല ശൈലിയും ,ഒഴുക്കുമുള്ള എഴുത്ത്‌ വിദ്യ കൈവശമുള്ളവർ വെറുതേ ഇരിക്കുന്നു.
  ഹാ കഷ്ടം.

  ReplyDelete
  Replies
  1. വീണ്ടും എഴുതി തുടങ്ങുന്നു

   Delete
  2. വീണ്ടും എഴുതി തുടങ്ങുന്നു

   Delete
 3. É para mim uma honra acessar ao seu blog e poder ver e ler o que está a escrever é um blog simpático e aqui aprendemos, feito com carinhos e muito interesse em divulgar as suas ideias, é um blog que nos convida a ficar mais um pouco e que dá gosto vir aqui mais vezes.
  Posso afirmar que gostei do que vi e li,decerto não deixarei de visitá-lo mais vezes.
  Sou António Batalha.
  PS.Se desejar visite O Peregrino E Servo, e se ainda não segue pode fazê-lo agora, mas só se gostar, eu vou retribuir seguindo também o seu.
  Que a Paz e saúde esteja no seu coração e no seu lar.
  http://peregrinoeservoantoniobatalha.blogspot.pt/

  ReplyDelete

Related Posts Plugin for WordPress, Blogger...