Wednesday, November 1, 2017

നന്മയുടെ പുകച്ചുരുളുകള്‍

                   
            അപരിചിതരില്‍ നിന്നും സ്‌നേഹം കിട്ടാറുള്ളത് മിക്കവാറും യാത്രകള്‍ക്കിടയിലാണ്. വഴികാട്ടികളായും, ഉപദേശികളായും, വെള്ളമായും, ഭക്ഷണമായുമൊക്കെ ആ സ്‌നേഹം നമുക്ക് പങ്കുവയ്ക്കപ്പെടും. അങ്ങനെ, അപൂര്‍വ്വമായൊരു പങ്കുവയ്ക്കലായിരുന്നു ബാബുവേട്ടന്റേത്. പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷനില്‍ ജീവനക്കാരനായ ബാബുവേട്ടന് ഞാന്‍ തീര്‍ത്തും അപരിചിതയും അപ്രസക്തവുമായിരുന്നു.
   ഇലവീഴാപൂഞ്ചിറയ്ക്കു മുകളില്‍ ചെന്ന് നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കണമെന്നായിരുന്നു ആഗ്രഹം. തൃശ്ശൂരില്‍ നിന്നും കൂട്ടുകാരന്റെ വീടു വരെ ബസില്‍ പോയി അവിടെ നിന്നും രണ്ടുപേരും ബൈക്കില്‍ യാത്ര തുടര്‍ന്നു. കുന്നിനു താഴെ ബൈക്ക് വച്ച് ഞാനും അമിതും മുകളിലേക്ക് നടന്നു കയറി. മൊട്ടക്കുന്നെന്ന് തോന്നുമെങ്കിലും കയറ്റം കയറുന്നതിന്നിടയ്ക്ക് ഞങ്ങള്‍ക്ക് മനസ്സിലായി അതൊരു ഒന്നൊന്നര കുന്നാണെന്ന്. മുകളിലേക്ക് ജീപ്പുകള്‍ പോകുന്നുണ്ടായിരുന്നെങ്കിലും നടന്നു തന്നെ കയറണമെന്ന് വാശിയിലായിരുന്നു.
    കുന്നിന്‍ മുകളില്‍ ചെന്ന് ചുറ്റും നോക്കി. നീലാകാശത്ത് പൂപ്പല് പിടിച്ചപോലെ വെള്ളിമേഘങ്ങള്‍, അവ വട്ടം ചുറ്റി പറക്കുന്നത് താഴെ തടാകത്തില് മുഖം നോക്കാനാണെന്ന് തോന്നും. കരിംപച്ച കുന്നുകളാണ് ചുറ്റിലും. ആനക്കോട്ടയിലെ ആനകളെ ഒരു മതിലിന്നു മുകളിലൂടെ പടം പിടിച്ചാല്‍ കിട്ടുന്ന പോലെ മലകള്‍ നിരന്നു കിടക്കുകയാണ്. ഇലവീഴാപൂഞ്ചിറയുടെ അറ്റത്തുള്ള പാറയില്‍ കയറി ചാറ്റല്‍ മഴയത്തും ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. ഉച്ചമയങ്ങിയതോടെ മഞ്ഞിറങ്ങിത്തുടങ്ങി. വേദികളിലെ തിരശ്ശീല താഴ്ന്നു വരുന്ന പോലെ പതിയെ പതിയെ വെള്ള കമ്പളിപുതപ്പ് കുന്നിനെ മൂടിവന്നു.
   മനസ്സില്ലാമനസ്സോടെ സന്ധ്യയായപ്പോള്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. അമിത് കൂത്താട്ടുകുളത്തേക്കും ഞാന്‍ തൃശ്ശൂരിലേക്ക് ബസ് കയറാനായി പാലാ കെ എസ് ആര്‍ ടി സി സ്റ്റാന്റിലേക്കും പിരിഞ്ഞു. ഏതാണ്ട് രാത്രി പതിനൊന്നു മണിയും കഴിഞ്ഞാണ് ഞാന്‍ പാലായിലെത്തിയത്. അടുത്ത തൃശ്ശൂര്‍ ബസ്സിന്റെ സമയമറിയാന്‍ ഓഫീസില്‍ ചെന്നു ചോദിച്ചപ്പോഴാണ് മൂന്ന് മണിക്കൂറിനു ശേഷം മാത്രമേ ബസ്സുള്ളൂവെന്ന് പറഞ്ഞത്. അതിനു മുന്‍പുള്ളതെല്ലാം ഇടയിലെവിടെയെങ്കിലും ഇറങ്ങേണ്ടി വരുന്ന ബസുകള്‍.
   ഓഫീസിന്റെ ഗ്രില്ലിട്ട കൗണ്ടറിനുള്ളില്‍ നിന്നും കരുതലോടെ എന്നോടു സംസാരിച്ചയാളെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. മൂന്ന് മണിക്കൂറിന് ശേഷം നേരെ തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സില്‍ തന്നെ പോയാല്‍ മതിയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അയാള്‍ പറയുകയാണ്. ' ഇവിടെ കിടന്നുറങ്ങിക്കോളൂ. ഇടയ്ക്കിറങ്ങി ബസ് മാറി കയറുന്നതൊഴിവാക്കാമല്ലോ. ഞാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചോളാം' എങ്ങാനും ഞാന്‍ എഴുന്നേല്‍ക്കാതിരുന്നാലോ എന്നതായിരുന്നു എന്റെ ആശങ്കയും. സ്ത്രീകള്‍ക്കായുള്ള വിശ്രമസ്ഥലത്തെ സിമന്റ് ബഞ്ചില്‍ അഞ്ചു മിനിട്ട് കിടന്നപ്പോഴേക്കും മനസ്സിലായി എന്റെ വലിയ പ്രശ്‌നം വട്ടം ചുറ്റി ആക്രമിക്കുന്ന കൊതുകുകളാണെന്ന്. പക്ഷേ, കുറേ കാലത്തിനു ശേഷം മല കയറാന്‍ പോയതും മഴയും മഞ്ഞും കൊണ്ടതും തലേന്ന് ഉറക്കമിളച്ചതുമെല്ലാം കൂടി എന്നെ ഉറക്കിക്കളഞ്ഞു.
സമയത്ത് തന്നെ, എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ അയാള്‍ മറന്നില്ല. തട്ടിവിളിച്ചെഴുന്നേല്‍പ്പിച്ച് ബസ് വന്നു എന്ന് പറഞ്ഞു. ഞാന്‍ ചാടിയെഴുന്നേറ്റ് ബാഗുമെടുത്ത് ഓടാന്‍ തുടങ്ങുമ്പോള്‍ അഞ്ചു മിനിട്ട് കഴിഞ്ഞേ ബസ് എടുക്കൂ തിരക്കിടണ്ടായെന്നും അയാള്‍ പറഞ്ഞു. ചെരുപ്പിടുന്നതിന്നിടയിലാണ് ഞാന്‍ കിടന്നതിനു താഴെയായി എരിഞ്ഞു തീരാറായ കൊതുകുതിരി കണ്ടത്. എന്റെ സുഖകരമായ ഉറക്കത്തിന് കാരണം ആ കൊതുകുതിരിയായിരുന്നു. എന്റെ ക്ഷീണം കൊണ്ട് കൊതുകുകടി ഞാനറിയാതെ പോയതായിരിക്കും എന്നതായിരുന്നു എന്റെ വിചാരം.
ഞാന്‍ അത്യപൂര്‍വ്വമായ ആ സ്‌നേഹപ്രകടനം കണ്ട് ചിരിച്ചു കൊണ്ട് അയാളെ നോക്കി. ' ഓഫീസിലിതു സ്റ്റോക്കാ. എപ്പോഴും ആവശ്യമുണ്ടേ'. വളരെ ലാഘവത്തോടെയാണ് പറഞ്ഞതെങ്കിലും, ഒരു മൊസ്‌കിറ്റോ കോയിലിന് അത്ര പൈസയില്ലെങ്കിലും, ആ മനുഷ്യനങ്ങനെ പെരുമാറാന്‍ തോന്നിയത് അയാള്‍ക്കുള്ളില്‍ അപ്പോഴും എരിഞ്ഞു തീരാത്ത ഒരു നന്മ വെളിച്ചത്തിന്റെ തെളിവാണെന്ന് എനിക്കറിയാമായിരുന്നു. ഏട്ടന്റെ പേരെന്താ? ആ മനുഷ്യന്റെ പേര് ഞാനൊരിക്കലും മറക്കരുതെന്ന് എനിക്ക് തോന്നി. ബാബു, പേരു പോലെ തന്നെ സാധാരണക്കാരനായ ഒരു മനുഷ്യന്‍. പക്ഷേ സാധാരണത്തിലുമധികമുണ്ട് ആ മനസ്സില്‍ സഹജീവികളോടുള്ള കരുതല്‍. പിന്നീടൊരിക്കല്‍ അപ്പായിക്കൊപ്പം പാലായില്‍ പോയപ്പോള്‍ ഞാന്‍ ബാബുവേട്ടനെ അപ്പായിക്കും പരിചയപ്പെടുത്തിക്കൊടുത്തു. അയാളെന്നോടു കാണിച്ച കരുതലിന്റെ പുകച്ചുരുളുകള്‍ എന്നും എന്റൊപ്പമുണ്ടാവുക തന്നെ ചെയ്യും.

1 comment:

  1. വിചിത്രമായ തലക്കെട്ട്‌ കണ്ടു വായന തുടങ്ങി.

    കൊള്ളാം.അപൂർവ്വം സർക്കാർ ജീവനക്കാരുടെ ഉള്ളിൽ നന്മ അവശേഷിക്കുന്നുണ്ടാകും അല്ലേ??

    ReplyDelete

Related Posts Plugin for WordPress, Blogger...