രാത്രി പത്തേമുക്കാലിന് തൃശ്ശൂര്‍ കെ എസ് ആര്‍ ടി സി യില്‍ നിന്നും അരണാട്ടുകരയിലേക്ക് നടക്കാന്‍ തന്നെ തീരുമാനിച്ചു. സന്തോഷമുള്ള ദിവസങ്ങളിലൊക്കെ അങ്ങനെയാണ്. നടന്നു കൊണ്ടേയിരിക്കാന്‍ തോന്നും. ഹരം പിടിപ്പിക്കുന്ന ഈ രാത്രികളില്‍ വഴികള്‍ക്കൊന്നും അവസാനമുണ്ടാകരുതേയെന്നും പകല്‍ തെളിയരുതേയെന്നും മാത്രമാണ് ആഗ്രഹിക്കാറ്. ചെവിക്കുള്ളില്‍ തിരുകി വച്ചിരിക്കുന്ന ഇയര്‍ ഫോണിലൂടെ താളത്തിലുള്ള പാട്ടും കേട്ടാണ് നടക്കാറ് പതിവ്. രണ്ടുണ്ട് കാര്യം അനാവശ്യമായ കമന്റുകള്‍ എന്റെ മൂഡ് കളയാതിരിക്കുന്നതിനും പിന്നെ എന്റെ ലോകം താളമയമാകുന്നതിനും.
വേനല്‍പ്പുഴുക്കിനൊരാശ്വാസമായി ഇന്ന് പെയ്ത മഴ തണുപ്പിച്ച ചുറ്റുപാടുകളാണ്. പിരിമുറുക്കം ഒഴിഞ്ഞു പോയ കാറ്റും ആര്‍ത്തിയോടെ കുടിച്ചു വറ്റിച്ച മണ്ണും പിന്നെ കൊടും ചൂടില്‍ നിന്നും കുട പിടിച്ചിറങ്ങിയ മുഖങ്ങളുമാണ് എങ്ങും. നടക്കാന്‍ എന്തു രസം.
എന്നെ ശ്രദ്ധിച്ചവരെയെല്ലാം ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു. ഇത്ര കാലമായിട്ടും ഈ തുറിച്ചു നോട്ടത്തിനൊരു കുറവുമില്ലാലോ!! പോട്ടെ പോട്ടെ.....വഴി മാറി നടന്ന മനസ്സിനെ ശാസിച്ച് വീട്ടിലേക്കുള്ള വഴിനടത്തത്തിന്റെ രസത്തിലേക്ക് തിരിച്ച് വിട്ട് ഞാന്‍ നടന്നു.
തോപ്പിന്റെ മൂല ജംഗ്ഷന്‍ എത്തുന്നതിനു കുറച്ച് മുന്‍പ് എന്നെ കടന്നു പോയ ബൈക്ക് കണ്ടിരുന്നു. അതങ്ങനെയാണ്, എത്ര സുഖാലസ്യത്തിലായാലും ജാഗ്രതയുടെ ഒരു കണ്ണ് തുറന്നങ്ങനെ നില്‍ക്കും. പെണ്ണായി ജീവിക്കുമ്പോള്‍ സ്വായത്തമാകുന്ന ചില കഴിവുകളില്‍ ഒന്നാണത്. കടന്നുപോകുന്ന വാഹനങ്ങളും മുഖങ്ങളും കടകളും എല്ലാം അവ ഞാനറിയാതെ തന്നെ കുറിച്ചിടാറുമുണ്ട്. തോപ്പിന്റെ മൂല ജംഗ്ഷനില്‍ ആ ബൈക്ക് നിര്‍ത്തിയിട്ടിട്ടുണ്ട്. ബൈക്കില്‍ നിന്നുമിറങ്ങാതെ തന്നെ അയാള്‍ ഫോണിലെന്തോ നോക്കിയിരിക്കുന്നു. ഞാന്‍ കടന്നു പോയതും അയാളെന്നെ ഒന്നു തലയുയര്‍ത്തി നോക്കി. വീക്ഷണവ്യാസ പരിധിയിലുള്ള കാര്യമായതു കൊണ്ട് അങ്ങോട്ട് നോക്കിയില്ലെങ്കിലും ഞാനത് കണ്ടു. പക്ഷേ, എനിക്കുറപ്പായിരുന്നു അയാളൊരു വഷളനല്ല. എന്നെ പിന്തുടര്‍ന്നതുമല്ല. അതുകൊണ്ട് ലവലേശം ഭാവവ്യത്യാസമില്ലാതെ അതേ താളത്തില്‍ ഞാന്‍ മുന്നോട്ട് നടന്നു. മുന്നോട്ട് പോയി കുറച്ച് ചെന്നതും വലിയൊരു വീട്ടിലെ പട്ടി ഗെയ്റ്റില്‍ വന്ന് കുരച്ചു ചാടി. പട്ടികളെ പേടിയുള്ള ഞാന്‍ നടത്തത്തിന്റെ വേഗതയും കൂട്ടി. അപ്പോഴുണ്ട് അതേ ബൈക്കും ബൈക്കുകാരനും എന്നെ കടന്ന് പോകുന്നു. അരണാട്ടുകര ജംഗ്ഷനെത്തുമ്പോള്‍ അതേ പോലെ തന്നെ അയാള്‍ ബൈക്ക് നിര്‍ത്തി നില്‍ക്കുന്നു. എന്നിട്ടും എനിക്ക് അപായമണി മുഴങ്ങിയില്ല. അത്ര വ്യക്തമായിരുന്നു അയാളുടെ ശരീരഭാഷ.
ഞാന്‍ നടന്ന് അയാള്‍ക്ക് കാണാന്‍ പാകമെത്തിയപ്പോള്‍ പെട്ടെന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ച് എന്റെ നേരേ വന്നു. വഴിവിളക്കിന്റെ നല്ല വെളിച്ചത്തു ഞങ്ങള്‍ രണ്ടു പേരുമെത്തിയപ്പോള്‍ വണ്ടി പതിയെ നിര്‍ത്തി ചോദിച്ചു ' എങ്ങോട്ടാണ് പോകേണ്ടത്?' ആ ചോദ്യത്തിന്നടിയില്‍ ഒളിഞ്ഞു കിടന്ന സബ്‌ടെക്‌സ്റ്റ് ഇങ്ങനെയായിരുന്നു - എന്തൂട്ട് മണ്ണാങ്ങട്ടിക്കാടി ഈ രാത്രി നടന്നു പോകുന്നത് - ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ' എന്തു പറ്റി?' നിഷ്‌ക്കളങ്കമായ എന്റെ ചോദ്യം കേട്ട് ദേഷ്യം വന്നതു നിയന്ത്രിച്ച് അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. കാര്യങ്ങള്‍ ഏറെക്കുറേ മനസ്സിലായ ഞാന്‍ അയാളെ കൂടുതല്‍ പ്രകോപിപ്പിക്കാതെ പറഞ്ഞു - 'ഇത്തിരി കൂടിയേ നടക്കാന്‍ ഉള്ളൂ'. ഇരുത്തിയൊന്നു മൂളിക്കൊണ്ട് അയാളെന്നെ ഓര്‍മ്മിപ്പിച്ചു ' സെയ്ഫായി ഇരിക്കൂട്ടോ'. അധികാര ശബ്ദത്തോടെ എന്നാല്‍ കരുതലില്‍ ശങ്കയില്ലാതെയാണ് അയാളതെന്നോട് പറഞ്ഞത്. സ്‌നേഹത്തോടെ ഞാന്‍ പറഞ്ഞു - ആയിക്കോട്ടെ.
പൊതുവേ ആണ്‍ സുരക്ഷ ഇഷ്ടമില്ലാത്ത മൂത്ത അഹങ്കാരിയായ ഞാന്‍ പക്ഷേ രണ്ടാമതൊന്നു കൂടെ മഴ നനഞ്ഞ പോലെ തണുത്തു പോയി നിന്നു. അയാള്‍ തിരിഞ്ഞ് പോയ വഴിയേ ഞാന്‍ നോക്കി. ചിലപ്പോള്‍ ഏറെ സ്‌നേഹിക്കുന്ന ആരെയെങ്കിലും പോലെ എന്നെ അയാള്‍ക്ക് തോന്നിയിരിക്കണം. പെണ്ണിനെ സംരക്ഷിക്കേണ്ട ചുമതല തന്റേതാണെന്ന എനിക്കിഷ്ടമില്ലാത്ത ആണ്‍ ഭാവവുമാകാം അത്. എന്തു തന്നെയായാലും ഒന്നു കൂടി നിങ്ങളെ കണ്ടാല്‍ ഞാന്‍ പറയാന്‍ മാറ്റി വച്ചിരിക്കുന്ന ഒന്നുണ്ട് - നിങ്ങളെപ്പോലുള്ളവരുണ്ടെന്നുള്ളതു തന്നെയാണ് വീണ്ടുമീ വഴിയേ നടക്കാനെനിക്ക് സുഖം തരുന്നത് -
No comments:
Post a Comment