എന്റെ തമ്പുരാന്റെ അമ്മേ!
ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ചെറിയ കുന്ന് നടന്നു കയറുമ്പോള്‍ എന്റെ പിന്നാലെ ഓടി വരുന്ന മേക്കരയച്ചനെയാണ് ഓര്‍മ വന്നത്. ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ഓര്‍മ്മയിലെ ആദ്യത്തെ മേക്കരക്കൂട്ട് തുടങ്ങുന്നത്. ശരിക്കും അതിനും മുന്നേ പല തവണ മേക്കരയച്ചന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും എന്റെ കൂടെ കുറേ കളിച്ചിട്ടുണ്ടെന്നും കൈ നിറയെ കളിപ്പാട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. പക്ഷേ കുഞ്ഞായ എനിക്ക് അതൊക്കെ എങ്ങനെ ഓര്‍മ്മയിലുണ്ടാവാനാണ്. അതുകൊണ്ട് രണ്ടില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മേക്കരയച്ചനെ ആദ്യമായി കാണുന്നത്.
മേക്കരയച്ചന്‍ വരുന്നതുമായി ബന്ധപ്പെട്ട് എല്ലാവരും ഓരോ പണികളിലായിരിക്കും. ഞാന്‍ പക്ഷേ ഇടയ്ക്കിടയ്ക്ക് കുത്തനെയുള്ള കല്‍ നടകളിറങ്ങി റോഡില്‍ ചെന്ന് വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്നു കാണുമ്പോ തിരിച്ച് വീട്ടിലേക്ക് കയറി വരും. പിന്നെയും ഒരു പത്തു മിനിട്ട് കഴിയുമ്പോള്‍ മെയ്മാസ റാണി പൂവിന് ചുറ്റും പല നിറത്തിലുള്ള പൂക്കള്‍ അടുക്കി വച്ച് കൂട്ടിപ്പിടിച്ച പൂച്ചെണ്ടുമായി പോകും. വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുമ്പോള്‍ വീട്ടിലേക്ക് വരും. പൂച്ചെണ്ടിലെ പിടി വിട്ടാല്‍ ഇനിയും അങ്ങനെ ഭംഗിയില്‍ അടുക്കി വയ്ക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയില്‍ അങ്ങനെ തന്നെ പിടിച്ചിരിക്കും. കൈക്കുള്ളില്‍ വിയര്‍പ്പ് തോന്നിയാല്‍ ഇടത്തേ കൈയ്യിലേക്ക് മാറ്റി പിടിക്കും എന്നല്ലാതെ നിലത്ത് വയ്ക്കില്ല. ഇതുവരെ കാണാത്ത ഒരാളെ സ്വാഗതം ചെയ്യാന്‍ എനിക്കാകുന്ന എല്ലാ ആഡംബരവും ഞാന്‍ പരീക്ഷിച്ചു. അപ്പന്‍ പറഞ്ഞതു വെച്ച് നോക്കിയാല്‍ ഈ ഭൂമിയില്‍ എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റാരുമില്ല.
സന്ധ്യയായപ്പോള്‍ ഒടുക്കം പോയ നോട്ടത്തില്‍ റോഡിന്റെ വളവ് തിരിഞ്ഞ് ഒരു കാപ്പിക്കുപ്പായം കണ്ടു. കയ്യിലിരുന്ന പൂവും കൊണ്ട് ഓടി. പക്ഷേ അടുത്തെത്തിയപ്പോള്‍ പടത്തിലൊക്കെ വരുന്ന ഡ്രാക്കുളയുടെ കുപ്പായവും വരിഞ്ഞ് കെട്ടിവച്ചിരിക്കുന്ന പോലെ കയറും കണ്ടതോടെ പേടിച്ചു. അലറിക്കരഞ്ഞ് അതേ വേഗതയില്‍ തിരിച്ചോടി എന്നു മാത്രമല്ല, നടകള്‍ ഓടിക്കയറുന്നതിനിടെ കാല് തട്ടി വീണ് കൈയ്യിലിരുന്ന പൂക്കളൊക്കെയും ഇരുട്ടില്‍ എവിടെയോ നഷ്ടപ്പെട്ട് ഒരു പരുവത്തിലിരിക്കുമ്പോഴാണ് മേക്കരയച്ചന്‍ വീട്ടിലേക്കു കയറി വരുന്നത്. മുഖം മുഴുവന്‍ കണ്ണീരും മൂക്കില്‍ നിന്നും മൂക്കളയും ഒലിപ്പിച്ച് നില്‍ക്കു എന്നെ നോക്കി മേക്കരയച്ചന്‍ ചിരിച്ചതിന് കയ്യും കണക്കുമില്ല. പേടിച്ച് വിരണ്ട് കണ്ണുമടച്ചിരുന്ന ഞാന്‍ കണ്ണു തുറന്നത് ലുങ്കിയും ബനിയനുമിട്ട് വന്ന മേക്കരയച്ചനാണ് മുന്നിലെന്ന് അപ്പായി ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ്. എന്നെ സോപ്പിട്ട്് കൂട്ട് കൂടിക്കാനായി ആ രാത്രി മുഴുവന്‍ മേക്കരയച്ചന്‍ കഷ്ടപ്പെട്ടു. അത്താഴം കഴിക്കാന്‍ വിളിക്കുക, വെള്ളം വേണോയെ്ന്ന് ചോദിക്കുക, തോര്‍ത്ത് വേണോയെന്ന് ചോദിക്കുക, രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയാല്‍ മതിയെന്ന് പറയുക തുടങ്ങി അപ്പായിയും അമ്മയും ചേര്‍ന്ന് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള വിഷയങ്ങള്‍ ഇട്ടു തരാനും മറന്നില്ല. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം പോയി നോക്കിയത് അച്ചന്‍ റൂമില്‍ തന്നെയില്ലേയെന്നാണ്. ആളെ കണ്ടില്ലെങ്കിലും ബാഗ് കണ്ടതോടെ സമാധാനമായി. അന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ മേക്കരയച്ചന്റെ വാലായി നടന്നു. ഞങ്ങള്‍ കൂട്ടുകാരായി. പോകാന്‍ ദിവസം ഞാന്‍ ചങ്കു പൊട്ടി കരഞ്ഞു. അച്ചന്‍ പോകാതിരിക്കാന്‍ ഞാന്‍ അച്ചന്റെ പല്ലു തേയ്ക്കുന്ന ബ്രഷ് പാത്തു വച്ചു. കള്ളത്തരം കണ്ടു പിടിച്ചതോടെ ബ്രഷ് കൊടുക്കാതിരിക്കാനായി അതും പിടിച്ച് ഓടും. വീടിന്റെ പിന്നിലെ ചെറിയ കുന്ന് ഞാന്‍ അനായാസം ഓടി കയറും. മേക്കരയച്ചനും സംഘവും പിന്നാലെയും. പിന്നെ എന്റെ കുഞ്ഞാങ്ങളയാണ് എന്നെ പിടിച്ചു നിര്‍ത്തി ബ്രഷ് ബലമായി പിടിച്ചു വാങ്ങി മേക്കരയച്ചന് കൊടുക്കുന്നത്.
ഞാന്‍ വളരുന്ന മുറയ്്ക്ക് ഞങ്ങളുടെ സൗഹൃദവും വളര്‍ന്നു. എല്ലാ വര്‍ഷത്തെയും വേനലവധിക്ക് കാപ്പിക്കുപ്പായത്തില്‍ വരുന്ന ചങ്കിനേയും കാത്തിരിക്കുന്നത് പതിവായി. ഞാന്‍ പ്ലസ്ടു കഴിഞ്ഞതോടെ പിന്നെ എന്റെ കല്യാണത്തിലായി മുഴുശ്രദ്ധയും. അതു കഴിഞ്ഞ് കണ്ടപ്പോഴൊക്കെയും ഇവളെ നല്ലൊരാളെ കൊണ്ട് കെട്ടിക്കണ്ടേ നമുക്ക് എന്നും പറഞ്ഞ് ആരംഭിക്കും. തെക്കു ഭാഗത്ത് എവിടെയെങ്കിലും ഉള്ള ഒരു കുടുംബ പേരും പറഞ്ഞ്, അവര് നല്ല കൂട്ടക്കാരാ എന്നും പറയും. ഓരോ തവണയും ഞാന്‍ പഴുത്തു പാകമാകാന്‍ കാത്തിരിക്കുന്ന പോലെ കല്യാണ വിശേഷങ്ങള്‍ക്ക് പദ്ധതിയിടും. അപ്പായിയെ കൂടാതെ എന്നെ മുത്തേ എന്നു വിളിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് മേക്കരയച്ചന്‍. എനിക്ക് അപ്പായിയെ കൂടാതെ അപ്പനെ പോലെ തോന്നിയ ഒരാളും
ആശ്രമത്തിന്റെ സ്വാഗതമുറിയില്‍ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ഒരു മധ്യവയസ്‌കനായ അച്ചന്‍ വന്ന് മുറിയിലേക്ക് ചെന്നോളാന്‍ പറഞ്ഞു. അപ്പായി മുന്നിലും അമ്മ പിന്നിലും ഞാന്‍ അതിനും പുറകിലായി നടന്നു. മുറിയിലേക്ക് വാതില്‍ തുറന്ന് അപ്പായി നടന്നു കയറി ' ഈശോ മിശിഹായ്ക്ക് സുഖമായിരിക്കട്ടെ' എന്നു പറഞ്ഞു'.
ഒരു കൈ ഉയര്‍ത്തി തല കുലുക്കി മറുപടി പോലെ മേക്കരയച്ചന്‍ പറഞ്ഞു - ' മത്തായീടാടു പെറ്റു'.
അപ്പായി ഒ്ന്നും മനസ്സിലാകാതെ മേക്കരയച്ചനെ നോക്കി.
അപ്പന്‍ ചോദിച്ചു '' എന്നെ മനസ്സിലായോ?'
തലയാട്ടിക്കൊണ്ട് മേക്കരയച്ചന്‍ പറഞ്ഞു 'മത്തായീടാടു പെറ്റു'.
അമ്മ ചോദിച്ചു
എന്നെ മനസ്സിലായോ?
അമ്മയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു 'മത്തായീടാടു പെറ്റു.'
എന്നാ പിന്നെ ഇതാരാന്നു പറ. അമ്മ കൂടെയുള്ള എന്റെ സഹോദരനെ ചൂണ്ടിയാണ് ചോദിച്ചത്. കുറച്ചു നേരം മിണ്ടാതെയിരുന്നിട്ട് അമ്മയോട് ചോദ്യഭാവത്തില്‍ 'മത്തായീടാടു പെറ്റു?'
ഞാനപ്പോഴും പിന്നില്‍ തന്നെ ചെറിയൊരു വിറയലുമായി നില്‍ക്കുകയായിരുന്നു. ഞാനങ്ങനെയാണ്. ഒരുപാട് സ്‌നേഹമുള്ളവരെ കുറേ നാളുകള്‍ക്കു ശേഷം കാണുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. സന്തോഷവും സങ്കോചവും എന്തെല്ലാമോ വികാരങ്ങള്‍ ഒരേ സമയം വന്ന് മസ്തിഷ്‌കത്തെ കുഴപ്പിക്കുന്നതുകൊണ്ടായിരിക്കാമത്.
ആദ്യം കണ്ട മധ്യവയസ്‌കനായ അച്ചന്‍ രണ്ടാമത്തെ സ്‌ട്രോക്കിനു ശേഷം മത്തായീടാടു പെറ്റു എന്ന വാക്കുകള്‍ മാത്രമാണ് മേക്കരയച്ചന്‍ പറയുന്നത് എന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ അപ്പായീടെ ചങ്കൊന്നു പിടഞ്ഞു. കട്ടിലിന്റെ അരികിലിരുന്ന് തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ കൈ പിടിച്ച് പറഞ്ഞു 'പ്രാര്‍ത്ഥിക്കാം.' ഇനിയെന്തു സംസാരിക്കാനാണ് എന്ന നിരാശ അപ്പായിക്കുണ്ടായിരുന്നു.
മേക്കരയച്ചന്‍ തൃപ്തിയോടെ അപ്പായീടെ കൈ മുറുക്കെ കുലുക്കി കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു'(നീ പ്രാര്‍ത്ഥിക്കണം).
അമ്മയും അടുത്ത് ചെന്ന് 'പ്രാര്‍ത്ഥിക്കാം. എല്ലാം ശെരിയാകും' എന്ന് പറഞ്ഞു.
മേക്കരയച്ചന്‍ അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു' (എല്ലാം നല്ലതിന്)
ഞാന്‍ പതിയെ എല്ലാവരെയും മറികടന്ന് മുന്നില്‍ പോയി നിന്നു. പഴയ രൂപവും ഭാവവുമല്ല എനിക്ക്. നീളമുള്ള മുടി പിന്നിയിട്ട്, ചുരിദാറിടുന്ന വലിയ പെണ്ണാണ് ഞാന്‍.
മേക്കരയച്ചന്റെ കണ്ണിലേക്ക് നോക്കി ഞാന്‍ ചോദിച്ചു. സുഖമാണോ?
അപ്പായിയുടെ മുഖത്തു നിന്നും എന്നിലേക്കു മുഖം തിരിക്കുന്ന നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് മനസ്സിലായി. വാ തുറന്ന് ഉറക്കെ അതിശയത്തോടെ ചിരിച്ച്, അത്യാഹ്‌ളാദത്തില്‍ പറഞ്ഞു
'മത്തായീടാടു പെറ്റു. മത്തായീടാടു പെറ്റു മത്തായീടാടു പെറ്റു' (അയ്യോ എന്റെ കുഞ്ഞു വന്നോ. സുഖം സുഖം. എന്റെ പൊന്നേ)
എന്റെ കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനാവാത്ത സന്തോഷത്തില്‍ എന്റെ തലയില്‍ തൊട്ട് പറഞ്ഞു - 'എന്റെ തമ്പുരാന്റെ അമ്മേ!'...ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത്രയും നേരം വിശേഷം പറയാന്‍ മത്തായീടാടു പെറ്റു മാത്രം മതിയായിരുന്നു. പക്ഷേ ഇനി പോരാ. മേക്കരയച്ചന്‍ വാ തോരാതെ പറയാന്‍ തുടങ്ങി. കണ്ടു നിന്നവര്‍ അത്ഭുതത്തില്‍ മരവിച്ചിരുന്നു.
എന്റെ കുഞ്ഞീ, ഇത്രയും കാലം എവിടെയായിരുന്നു. അപ്പായി പറഞ്ഞായിരുന്നു ബയോടെക്‌നോളജിയാണ് പഠിക്കുന്നതെന്ന്. പഠിപ്പൊക്കെ കഴിഞ്ഞില്ലേ?. ഓ. എന്നാലും എന്റെ ദൈവമേ. എന്റെ കുഞ്ഞിയെ എനിക്ക് കാണാന്‍ കഴിഞ്ഞല്ലോ. എന്താ ഇപ്പോ മുടി മുറിച്ചു കളയാറില്ലേ? പണ്ടേ ഞാന്‍ പറയുന്നതാ മുടിയുള്ളതാ കുഞ്ഞിക്ക് ഭംഗിയെന്ന്. ഓ എന്റെ ദൈവമേ. സുന്ദരിയായിരിക്കുന്നു. വല്യ കുട്ടിയായി. കല്യാണം കഴിക്കാറായി ഇപ്പോ. ഇപ്പോ എവിടെയാ? അപ്പ പറഞ്ഞല്ലോ ജേര്‍ണലിസ്റ്റാണെന്ന്. അതെന്താ അങ്ങനെ? തൃശ്ശൂരാല്ലേ. മാതൃഭൂമിയിലാന്ന് പറഞ്ഞ്. വല്യ പത്രക്കാരിയായി. ഓ എന്റെ ദൈവമേ എന്റെ കുഞ്ഞി മിടുക്കിയായി. വല്ലോം കഴിച്ചായിരുന്നോ? ഞാന്‍ ഇപ്പോള്‍ എന്നും കഞ്ഞിയാ കുടിക്കാറ്. എന്റെ അസുഖമൊക്കെ ഇപ്പോ നല്ല ഭേദമുണ്ട്. ഇടയ്ക്ക് നടക്കും. ആരേലും പക്ഷേ കൈ പിടിച്ച് സഹായിക്കണം...
വളരെ കാലങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നതു കൊണ്ടാവണം മേക്കരയച്ചന് പെട്ടന്ന് ക്ഷീണം തോന്നി. ശ്വാസം തടസ്സപ്പെട്ടതു പോലെ തോന്നിയപ്പോള്‍ കെയര്‍ ടേക്കര്‍ അച്ചന്‍ വന്ന് പറഞ്ഞു - അച്ചാ ഇനി കുറച്ചു കഴിഞ്ഞിട്ട് സംസാരിക്കാം. ഒന്ന് കിടക്കൂ. ഭക്ഷണം കഴിഞ്ഞുള്ള സ്ഥിരം വിശ്രമം ഇന്നുണ്ടായില്ലല്ലോ. മേക്കരയച്ചന്‍ നല്ല കുട്ടിയെപ്പോലെ കട്ടിലില്‍ പൊക്കി വച്ചിരിക്കുന്ന തലയിണകള്‍ക്കു മുകളിലേക്ക് ചെരിഞ്ഞു. ഞാന്‍ കാലെടുത്ത് മുകളിലേക്ക് കയറ്റി വച്ചു കൊടുത്തപ്പോള്‍ എന്നോട് ചിരിച്ചു കൊണ്ടു പറഞ്ഞു.
'പ്രായമായി. കാലിനൊന്നും ബലമില്ലന്നേ.'
ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു - ഉറങ്ങിക്കോ, ഞാന്‍ പുറത്തുണ്ടാകും.
പുറത്തേക്ക് വന്ന് സ്വാഗതമുറിയിലെ സെറ്റിയിലിരുന്ന അപ്പനോട് ഞാന്‍ ചോദിച്ചു - അപ്പായി ഇതിനു മുന്നേ മേക്കരയച്ചനെ കാണാന്‍ വന്നിരുന്നോ?
'ആദ്യത്തെ സ്‌ട്രോക്ക് കഴിഞ്ഞപ്പോള്‍ ഞാനും അമ്മയും കൂടെ വന്ന് കണ്ടിരുന്നു.' അപ്പായി പറഞ്ഞു. 'എന്തേ?'
''അല്ലാ.....ബയോടെക്‌നോളജി കഴിഞ്ഞതും മാതൃഭൂമിയില്‍ ജോലി ചെയ്യുന്നതുമെല്ലാം അച്ചന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടേ..''
ങ്‌ഹേ!!.......എല്ലാവരും ഒരുമിച്ച് അങ്ങനെയൊരു ശബ്ദം പുറപ്പെടുവിച്ചു. അസ്വാഭാവികമായ നിശബ്ദത ശീലിച്ച ആശ്രമത്തിനകത്ത് അതൊരു ഇടിമുഴക്കമുണ്ടാക്കി. ഞാനും ഞെട്ടി.
മത്തായീടാടു പെറ്റു, എന്റെ തമ്പുരാന്റെ അമ്മേ ഈ രണ്ടു വാക്കുകളല്ലാതെ മറ്റൊന്നും ഞങ്ങള്‍ കേട്ടില്ലല്ലോ.
ഞാന്‍ തരിച്ചിരുന്നു....ഞാന്‍ കേട്ടത് മുഴുവന്‍ നല്ല സ്ഫുടമായ വ്യക്തതയുള്ള വാക്കുകളായിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഹൃദയം കൊണ്ട് സംസാരിക്കുകയായിരുന്നുവെന്നോ!!!!