കഴിഞ്ഞ ദിവസം ഞാനൊരു കുമ്പിടിയെ കണ്ടു. എം.ജി റോഡിലുള്ള സെന്റര്‍ സ്‌ക്വയര്‍ മാളിലെ ഫുഡ് കോര്‍ട്ടിലിരിക്കുമ്പോഴാണത്. അവിടെ പോയിരുന്ന് എഴുതുന്നത് ഇപ്പോള്‍ സ്ഥിരമാക്കിയിട്ടുണ്ട് ഞാന്‍. കൊച്ചീലേക്ക് മാറിയതിനു ശേഷം ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരിടം കിട്ടാതെയാണ്. നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനുകള്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി സ്ഥലത്തുള്ള കഫേകള്‍, ഗ്രൗണ്ടുകള്‍ പാര്‍ക്കുകള്‍ അങ്ങനെ മൂടമര്‍ത്തിയിരുന്ന് എഴുതാനുള്ള മൂഡ് വരുന്ന ഇടം കിട്ടാത്തതായിരുന്നു എന്റെ പ്രശ്‌നം. ഒട്ടുമുക്കാല്‍ വരുന്ന മഹാന്‍മാരും ശാന്ത സുന്ദര ഭൂമികകള്‍ തേടി പോകുമ്പോള്‍ ഞാന്‍ നടക്കുന്നത് ഒച്ചയും ബഹളവും തിരക്കും നിറഞ്ഞ ഇടനാഴികകളോ ചായക്കടകളോ ആണ്. ഞാനും ഒരു നാള്‍ ബല്യ എഴുത്തുകാരിയായിക്കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമാകാന്‍ പോകുന്നത് തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനും, മുന്‍പുണ്ടായിരുന്ന ഡബിളെക്‌സ് ഹോട്ടലുമാണ്. ഈ രണ്ടു സ്ഥലങ്ങളിലുമിരുന്നാണ് ഏറ്റവുമധികം എഴുതിയിട്ടുള്ളത്. ചുറ്റും ബഹളമയമാകുമ്പോള്‍ ഏകാഗ്രമാകുന്ന ഒരു തലതിരിഞ്ഞ തലയാണ് എന്റേത്.
അങ്ങനെ ഫുഡ് കോര്‍ട്ടിലെ വലിയ ടി വിയുടെ കീഴെ ആരും ശ്രദ്ധിക്കാത്ത ഒരിടത്തിരുന്ന് എഴുതി നോക്കി. ആഹാ...ആഹാഹാ.....അനര്‍ഗനിര്‍ഗളമൊഴുകുന്ന ഭാവനകള്‍ കണ്ട് ഞാന്‍ കോരിത്തരിച്ചു. അതങ്ങ് ശീലമാക്കി. വലിയ ടി വിയില്‍ നിന്നുള്ള ശബ്ദവും ചുറ്റും വന്നിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ സംസാരങ്ങളും ബിസിനസ് മീറ്റിംഗുകളും ചേര്‍ന്ന് എനിക്ക് വേണ്ടത്ര chaos ഉണ്ടാക്കി തന്നു. ടി. വിയിലേയ്ക്ക് നോക്കുമെന്നല്ലാതെ എന്നെ ശ്രദ്ധിക്കില്ല എന്നതും സന്തോഷിപ്പിച്ചു. അങ്ങനെ സുഖസുന്ദരമായി എഴുതിക്കൊണ്ടിരുന്ന ഒരു ദിവസം.
എഴുത്തിനിടയിലെ ചിന്തകള്‍ക്കിടയില്‍ തല പൊക്കിയതാണ്. ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. എന്നെത്തന്നെയാണോ എന്ന സംശയത്തില്‍ ഞാന്‍ ചുറ്റും നോക്കി. തല ചെരിച്ച് ടി വി യിലേക്കും. ഇനി വല്ല തമാശയും അതില്‍ കണ്ടിട്ടാകുമോ എന്നറിയണമല്ലോ. എന്റെ സംശയം തീര്‍ക്കാനായി അവരെന്റെ അടുത്തു വന്നിരുന്നു.
എഴുതുവാണോ?
ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ എഴുതുകയാണ് എന്ന് പറയാനുള്ള മാഹാത്മ്യം എനിക്കായിട്ടില്ലായെന്നാണ് എന്റെ ഒരു വിലയിരുത്തല്‍.
എന്റെ മനസ്സിലൊരു കഥയുണ്ട്. ഞാന്‍ പറഞ്ഞു തന്നാല്‍ എഴുതാമോ?
വീണ്ടും ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മാത്രം കെല്പുള്ള ആളാണെന്നതില്‍ എനിക്ക് സംശയമുണ്ടേ.
പിന്നെ ചോദ്യങ്ങളൊന്നുമല്ല. കഥകളാണ്. മുന്നേ പറഞ്ഞ മനസ്സിലുള്ള കഥയല്ല. സ്വന്തം കഥകള്‍. അനാഥത്വം, ദുരന്തമായിരുന്ന കുട്ടിക്കാലം, പ്രണയ പരാജയം, വീണ്ടെടുത്ത ആത്മാഭിമാനം, സന്തോഷങ്ങള്‍, നേട്ടങ്ങള്‍, നേടിയെടുത്ത ആത്മവിശ്വാസം, വാശികള്‍, സ്വപ്‌നങ്ങള്‍.. അങ്ങനെ മൂന്ന് മണിക്കൂര്‍ കൊണ്ട് അവളെന്നോടൊരു സിനിമാക്കഥ പറഞ്ഞു തന്നതു പോലെ. പതിവു പോലെ ഇതിന്നിടയ്ക്ക് ഞാന്‍ എന്റെ പതിവ് രീതിയിലുള്ള ഉപദേശം, നിര്‍ദ്ദേശം, വിമര്‍ശനം, പരിഹാരം, മുന്നറിയിപ്പ്, സ്‌നേഹം എന്നിവ വാരിക്കോരി കൊടുത്തു കൊണ്ടിരുന്നു. പിരിയുമ്പോള്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങള്‍ കൈമാറുകയും ചെയ്തു.
തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സില്‍ മുഴുവന്‍ അവളായിരുന്നു. ഭംഗിയുള്ള നീളമുള്ള മുടിയുള്ള നല്ല വിടര്‍ന്ന കണ്ണുള്ള വെളുത്തു സുന്ദരിയായ ഞാന്‍ ആയിരുന്നു അവള്‍. എന്റെ ജീവിതത്തിന്റെ പ്രതിബിംബം പോലെ. ഞാന്‍ പറഞ്ഞതൊക്കെയും ആലോചിച്ചു. എല്ലാം എനിക്കു നല്‍കേണ്ട ഉപദേശങ്ങളാണ്. ഞാന്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ്. സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്. ശ്രദ്ധയോടെ പരിഹാരങ്ങള്‍ ചെയ്ത് മുന്നോട്ട് പോകേണ്ടത് ഞാനാണ്. ഞാന്‍ എന്നെ തന്നെ കൗണ്‍സില്‍ ചെയ്യുകയായിരുന്നു എന്ന് തോന്നി. എന്റെ മുന്നിലുണ്ടായിരുന്ന പെണ്‍കുട്ടി ശരിക്കും എന്റെ ഭാവനയായിരുന്നോ എന്ന് വരെ തോന്നി.
ആ ദിവസം മുതല്‍ ഞാനവളെ വീണ്ടും കാണാന്‍ ശ്രമിക്കുകയാണ്. സന്ദേശങ്ങള്‍ക്കോ വിളികള്‍ക്കോ മറുപടിയില്ല. അന്നെടുത്ത സെല്‍ഫി പോലും അയച്ചു തന്നിട്ടില്ല. ഒടുക്കം ക്ഷമ കെട്ട് ഇന്ന് രാവിലെ ഞാനവള്‍ക്കൊരു സന്ദേശമയച്ചു.
ശെരിക്കും കുമ്പിടിയായിരുന്നോ??
കൊള്ളാം.. നല്ല എഴുത്ത്.. ഇനിയും പ്രതീക്ഷിക്കുന്നു..
ReplyDeleteഎന്റെയും ആഗ്രഹം അതുതന്നെയാണ് 🥰
Delete🌹💐💐💐
ReplyDelete