Friday, November 23, 2012


തുണ്ടുകടലാസ്സിലെ നന്മ


          മനുഷ്യരോടുള്ള നന്മ മാത്രം കാണാന്‍ ശീലിച്ച കണ്ണുകള്‍ക്കു മുന്നിലേക്ക് ഒറ്റമുറിയുടെ ജനാല കമ്പികള്‍ക്കും ചില്ലുകള്‍ക്കും ഇടയില്‍ ഭംഗിയില്‍ അടുക്കി വച്ച കടലാസ്സു തുണ്ടുകള്‍ ഇട്ടു തന്ന ദിവസം മറക്കാനാവില്ല. എനിക്കറിയാത്ത പലതരം നന്മകള്‍ ഇനിയും ഈ ലോകത്തിലുണ്ടെന്ന തിരിച്ചറിവായിരുന്നു അത്.

           കുട്ടന്‍ ചേട്ടനെ പരിചയപ്പെട്ട് മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ താമസിക്കുന്ന വീട്ടിലേക്ക് ക്ഷണം കിട്ടിയത്. ഞാനും എന്റെ സുഹൃത്തും കൂടിയാണ് വീട്ടിലേക്ക് ചെന്നത്. വീടെന്ന് പറയാന്‍ കഴിയില്ല, കുട്ടന്‍ ചേട്ടന്റെ ചെറുകിട ഫാക്ടറിയോട് ചേര്‍ന്ന് ഒരാള്‍ക്കു മാത്രം താമസിക്കാന്‍ പറ്റുന്ന മുറിയും  അടുക്കള പോലെയെന്ന് വിശേഷിപ്പിക്കണമെന്ന് കുട്ടന്‍ ആഗ്രഹിക്കുന്ന ഒരു സംവിധാനവും. സ്റ്റീല്‍ അലമാരയ്ക്കുള്ളില്‍ കുത്തിനറച്ചു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയായിരുന്നു ഞാന്‍. കെ.പി. അപ്പന്റെ തിരഞ്ഞെടുത്ത കൃതികള്‍ വായിക്കാനായി എടുത്ത്, കട്ടിലില്‍ ഇരുന്ന് ഭിത്തിയോട് ചാരിയിരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. തുറന്നിട്ട ജനാലയ്ക്കു പുറത്ത് തകര്‍ത്തു പെയ്യുന്ന മഴയില്‍ പൂര്‍ണ നഗ്നയായി നനയുന്ന മാവിന്‍ പൂക്കളെ നോക്കി കളിയാക്കി. ചൂണ്ടുവിരല്‍ കൊണ്ട് മൂക്കിന്റെ അറ്റത്ത് ഞോണ്ടി 'നാണം, നാണം' എന്നു പറയുന്ന എന്നെ നോക്കി അവ കുലുങ്ങിയാടി. കണ്ണുകള്‍ പിന്‍വലിക്കുന്ന വഴി ജനാലച്ചില്ലിലുടെ വരുന്ന ഇത്തിരി പ്രകാശത്തെ മറച്ച് പൊങ്ങി വളര്‍ന്ന കടലാസ്സു കഷണങ്ങള്‍ കൗതുകമുണര്‍ത്തി. ഓയിന്‍മെന്റിന്റെ കവറുകള്‍, അതിനുള്ളില്‍ അഞ്ചിഞ്ചു നീളത്തില്‍ മടക്കി വയ്ക്കാറുള്ള ഇത്തിരി കുഞ്ഞന്‍ നിര്‍ദ്ദേശക്കടലാസ്സുകള്‍, നെയിംസ്ലിപ്പുകള്‍, കീറിത്തെറിച്ചു വീണ തുണ്ടുകടലാസ്സുകള്‍, അങ്ങനെ കടലാസ്സുതുണ്ടുകളുടെ ചെറിയൊരു കൂന പോലെ. 


  പലതരം ഹോബികളുള്ളവരെ പരിചയപ്പെട്ടിട്ടും, ഇത്തരമൊരു ശേഖരണം ആദ്യമായിട്ടാണ് കാണുന്നത്. തുണ്ടുകടലാസ്സുകള്‍ക്കിടയില്‍ വിരലിട്ടു പരിശോധിക്കുന്ന എന്നെക്കണ്ട് കുട്ടന്‍ ചേട്ടന് കാര്യം പിടികിട്ടി. ശേഖരത്തിന്റെ ഉദ്ദേശ്യത്തേക്കുറിച്ച് പറഞ്ഞതു കേട്ട് ഞാന്‍ കോരിത്തരിച്ചു. ഈ കൂട്ടിവയ്ക്കുന്ന കടലാസ്സു തുണ്ടുകള്‍ ചിലരുടെ ആയുസ്സു നീട്ടുമെന്നറിഞ്ഞപ്പോള്‍ ചെറിയ കുട്ടികളേപ്പോലെ കണ്ണു മിഴിച്ചു. ഈ കൂട്ടിവച്ചിരിക്കുന്ന കടലാസ്സുകഷണങ്ങള്‍ ഒരു മരത്തിന്റെ ആയുസ്സ് നീട്ടിക്കൊടുക്കും. പേപ്പറുണ്ടാക്കാന്‍ വെട്ടിവീഴ്ത്തുന്ന മരങ്ങളോട് കുട്ടന്‍ കാണിച്ച അനുകമ്പയ്ക്ക് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിന്നു. ഇങ്ങനെ ശേഖരിക്കുന്ന കടലാസ്സു തുണ്ടുകള്‍ റീസൈക്കിള്‍ ചെയ്ത് വീണ്ടും കടലാസ്സാക്കുമ്പോള്‍, രക്ഷപെട്ട നൂറിലധികം വൃക്ഷങ്ങളുടെ അനുഗ്രഹമുണ്ടാകണേ കുട്ടേട്ടന് എന്ന് പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തി ചവറ്റു കുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞ കടലാസ്സു പെറുക്കി നിവര്‍ത്തി, മടക്കി, അടുക്കി, അടുക്കളയുടെ ജനാലക്കമ്പിക്കും ചില്ലിനുമിടയിലേക്ക് വയ്ക്കുമ്പോള്‍ എനിക്കു മുകളില്‍ ഒരു വൃക്ഷത്തിന്റെ തണല്‍ പടര്‍ന്ന പോലെ തോന്നി. 


1 comment:

  1. obviously this is an education for many of us… a simple lesson from kuttan chettan that can save many trees…
    bye the way, you are a jorno?

    ReplyDelete

Related Posts Plugin for WordPress, Blogger...