Thursday, November 1, 2012

ഒരു ചെറുപുഞ്ചിരി


മെഡിക്കല്‍ കോളേജ് വരാന്തകള്‍ അസ്സഹനീയമാണ്. വേദനയും ദാരിദ്ര്യവും കൈകോര്‍ത്ത് നടക്കുന്ന സ്ഥലമാണത്. കാഴ്ചകള്‍ക്കെല്ലാം ഒരുതരം കറുത്തനിറവും അവയോടൊപ്പം പേരില്ലാത്ത ഒരുതരം മണവും. മെഡിക്കല്‍ കോളേജില്‍ ചെന്നാല്‍ ദൈവത്തോടും ചിലപ്പോള്‍ കെറുവു തോന്നും. മാരകമായ അസുഖങ്ങളൊക്കെ പാവങ്ങള്‍ക്കു മാത്രമായിട്ടാണോ വീതിക്കുന്നതെന്ന് ചോദിച്ചു പോകും. നാട്ടിലെ  സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരിക്കലെങ്കിലും കയറിയതായി ഓര്‍മ്മയില്ല. നടുവിലെയും തളിപ്പറമ്പിലെയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുന്നിലെ നീണ്ട നിരയും, പേരെഴുതുന്നിടത്തെ തിക്കും കണ്ട് എന്റെ വിചാരം നാട്ടിലെ ഏറ്റവും നല്ല ആശുപത്രി അതാണെന്നായിരുന്നു. എന്നിട്ടും എന്നെ ഒരിക്കലും അങ്ങോട്ട് കൊണ്ടുപോകാത്തതില്‍ വിഷമവുമുണ്ടായിരുന്നു. മാത്രമല്ല, ആശുപത്രി വരെയെത്തുന്നതിന് മുമ്പ് ചില കടമ്പകള്‍ കടക്കേണ്ടതുമുണ്ട്. രാജ്യത്തെ രണ്ട് പ്രമുഖ ഭിഷഗ്വരന്‍മാര്‍ തോറ്റാലേ ആശുപത്രിയിലേക്കുള്ളൂ. അസുഖം വന്നാല്‍ ആദ്യം പൂവേലി വൈദ്യരുടെ അടുത്തേക്ക്. ചെമ്പേരി ടൗണിലെ രണ്ടാം നിലയുടെ മുകളിലുള്ള വൈദ്യരുടെ അടുത്തേക്ക് പോകാന്‍ ഇഷ്ടമായിരുന്നു. ടൗണിന്റെ ഭംഗി കെട്ടിടത്തിന്റെ മുകളില്‍ നിന്നു കാണുന്നതിന്റെ സുഖം ആണ് ഇഷ്ടത്തിനുള്ള ഒന്നാം കാരണം. വൈദ്യരെ കണ്ട് വിവരമൊക്കെ പറഞ്ഞു കഴിഞ്ഞ് ' ഇരിക്ക്' എന്നും പറഞ്ഞ് വൈദ്യര് അകത്തേക്ക് പോകും. അഞ്ചോ പത്തോ മിനിട്ടു കഴിഞ്ഞ് വിളിക്കും ' സോണിയ ഇങ്ങ് വാ' തുള്ളിച്ചാടിയായിരിക്കും ഞാന്‍ അകത്തേക്ക് ചെല്ലുന്നത്. ഔണ്‍സ് ഗ്ലാസ്സു പോലൊന്നില്‍ നല്കുന്ന പഞ്ചാരപ്പാനി പോലൊരു മരുന്ന്. ഒറ്റവലിക്ക് അകത്താക്കി ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോ പതിവു പോലെ ചോദിക്കും ' ഇഞ്ഞീമുണ്ടോ?'  ഇനി അടുത്ത പനിക്ക് എന്നു മറുപടിയും പല്ലി മുട്ടായീടെ മധുരമുള്ള കുഞ്ഞന്‍ ഗുളികകളും കുപ്പീലാക്കി കിട്ടും. മൂന്നാം കാരണമാണ് പരമപ്രധാനം. സൂചി വയ്ക്കില്ലെന്ന നൂറ്റിപ്പത്ത് ശതമാനം ഉറപ്പ്. കടുംവെട്ടവിടെയൊന്നുമല്ല കിടക്കുന്നത്. മരുന്ന് കഴിയുന്നിടം വരെ കട്ടന്‍കാപ്പി കട്ട്!  ദിവസത്തിലൊന്ന് ഒരു ഗ്ലാസ്സ് ചായ കിട്ടും. അതാര്‍ക്കു വേണം. കാപ്പിക്കാര്യം ഒഴിച്ചാല്‍ പൂവേലി വൈദ്യരുടെ ഹോമിയോ ചികിത്സയാണ് എനിക്കേറ്റവും പ്രീയപ്പെട്ടത്. വൈദ്യര്‍ക്കു പറ്റാത്തതാണെങ്കില്‍ ശ്രീകണ്ഠാപുരത്തെ മമ്മദ് ഡോക്ടറ്. മൂന്നേ മൂന്ന് കുപ്പിക്കുള്ളില്‍ നിന്നും മുപ്പതോളം അസുഖങ്ങളുടെ മരുന്ന് പെറുക്കുന്ന അത്ഭുത ഡോക്ടര്‍. വീട്ടിലെ പഞ്ചസാര പാത്രത്തിന്റെ വലിപ്പമുള്ള മൂന്ന് ഡപ്പികള്‍. അതില്‍ ചുവപ്പ്, വെള്ള ഗുളികകള്‍ മാത്രം. കരിനീല പഴന്തുണി മറയ്ക്കുന്ന കുടുസ്സു മുറിയിലേക്ക് കയറി നില്‍ക്കാന്‍ പറയും. ഇതിനോട് ചേര്‍ന്നുള്ള മുറിയില്‍ മുന്നേ കണ്ട രോഗികള്‍ക്ക് ചീട്ടെഴുതി നല്‍കി, കാശും വാങ്ങിക്കഴിഞ്ഞാല്‍ ഡോക്ടറെത്തും.
എന്താ?
പനി
ചെവിയില്‍ തിരുകി സ്‌തെതസ്‌കോപ്പിന്റെ അറ്റം നെഞ്ചില്‍ തട്ടിച്ച് പറയും... 'ശ്വാസമെടുക്ക്'...
എത്ര ദിവസമായി?
രണ്ടു
'വിട്'...(ശ്വാസമെടുക്ക്, വിട് മാത്രമാണ് എന്നോട്, ബാക്കി ചോദ്യങ്ങളെല്ലാം അമ്മയോടാണ്)
ശര്‍ദ്ദിച്ചോ?
ഉവ്വ്
'എടുക്ക്...'
'വിട്...'
എത്ര പ്രാവശ്യം?
ഒരു...രണ്ടു മൂ...
ജലദോഷം?
ഉ..
ചുമയോ?
ചെറു....
സ്‌കൂളില്ലേ?
ഉ..
മേലുവേദനയോ?
ഇ..
വെയിലൊള്ളണ്ട, തല നനയ്ക്കണ്ട, രണ്ടുസം സ്‌കൂളില്‍ പോകണ്ട, കഞ്ഞി മതി, ചൂടു മതി, തണുപ്പേണ്ട, രണ്ടുസം കഴിഞ്ഞ് കുറഞ്ഞില്ലെങ്കി വാ, ഇത് കാലത്തൊന്ന്..ഉച്ചയ്‌ക്കൊന്ന്..രാത്രിയൊന്ന്..ഇത് അര വീതം കാലത്തും രാത്രീലും.. ഇത് കാലത്തൊന്ന്..ഉച്ചയ്‌ക്കൊന്ന്.. രാത്രീലൊന്ന്...
എല്ലാം കൂടി ഒരൊറ്റ് കൂട്ടിലിട്ട് തരും. ചുവന്ന അടപ്പുള്ള ചെറിയ പ്ലാസ്റ്റിക് കുപ്പിയിലേക്ക് തട്ടിലിരുന്ന കന്നാസില്‍ നിന്നും റോസ് വെള്ളമൊഴിച്ചെടുത്തു തന്ന് 'ചുമച്ചാ കൊടുത്തോ' എന്നും പറയും. മമ്മദ് ഡോക്ടറുടെ അടുത്തേക്കാണെങ്കില്‍ അപ്പായി തടിയൂരും. മമ്മദ് ഡോക്ടര്‍ പറയുന്നതിന്റെ ഒപ്പമെത്താന്‍ പറ്റില്ലാന്നു തന്നെ കാരണം. ഡോക്ടറു തന്ന മരുന്നും കൈയ്യില്‍ പിടിച്ച് പുറത്തിറങ്ങീട്ട് അപ്പായി ചോദിക്കും ' ഡോക്ടറെന്താ പറഞ്ഞേ?' അപ്പോ ഇത്രേം നേരം ഉവ്വ്,ഉവ്വെന്നും പറഞ്ഞ് കേട്ടതൊക്കെ?? ഡോക്ടറോട് ചോദിക്കാന്‍ പറ്റില്ല. ഓടിക്കും..ഒരേയൊരു മാര്‍ഗം പുറത്തിട്ടിരിക്കുന്ന ബഞ്ചിലിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടെ മരുന്നെണ്ണും. ഇനി വരാന്‍ പറഞ്ഞ ദിവസവും ഗുളികകളുടെ എണ്ണവും നോക്കി എപ്പോഴൊക്കെ കഴിക്കണം എന്ന് തിട്ടപ്പെടുത്തും. പക്ഷേ അമ്മ കൃത്യമായി ഡോക്ടറുടെ വാക്കുകള്‍ പിടിച്ചെടുക്കും. മമ്മദ് ഡോക്ടര്‍ക്കും മീതെ കാര്യങ്ങള്‍ പോകാറില്ല. ആശുപത്രിയില്‍ കിടക്കാനുള്ള കൊതി മൂത്ത് രോഗങ്ങളഭിനയിച്ചാലും ചെല്ലുന്നത് ബന്ധുകൂടിയായ ദേവസ്യാ ഡോക്ടറുടെ ആശുപത്രി വരെ. എന്നാലും ജില്ലാ ആശുപത്രി കാണാനുള്ള മോഹം അങ്ങനെ തന്നെ കിടന്നു. പിന്നെ കാണുന്നതും പരിചയപ്പെടുന്നതും പരിയാരം മെഡിക്കല്‍ കോളേജിനെയാണ്. പക്ഷേ ദൈന്യത തീരെക്കുറഞ്ഞ മെഡിക്കല്‍ കോളേജാണത്.
പിന്നീട് സര്‍ക്കാരാശുപത്രിയുടെ നിജസ്ഥിതി മനസ്സിലായതോടെ മോഹം മാാാ.....ാാ..ത്രം മതി എന്നും ഉറപ്പിച്ചു. മട്ടിലും ഭാവത്തിലും മാറ്റം വന്നെങ്കിലും മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കിന്നും ഒരേ സ്വഭാവമാണ്. ഒരു തവണ അപ്പായിയോട് ചോദിച്ചു ' ഇതെന്താ പാവങ്ങള്‍ മാത്രം മരത്തേന്നു വീഴണേ? '  അപ്പായി പറഞ്ഞു' എനിക്കു മരത്തേന്നു വീഴാന്‍ പറ്റില്ല. കാരണം ഞാന്‍ മരത്തേല്‍ കയറാറില്ല' പാവങ്ങളെന്നും ദുരിതത്തിലും പണക്കാരെന്നും സുഖത്തിലും കഴിയുന്നതിന്റെ ഒരു വശം എനിക്കന്ന് ഒറ്റ വാചകത്തില്‍ അപ്പായി ബോധ്യപ്പെടുത്തി. ഈ അവസ്ഥയ്ക്കിന്നും മാറ്റമില്ല. ഇതിനേക്കാള്‍ പ്രയാസം മെഡിക്കല്‍ കോളേജിലെ തൂപ്പുകാരന്റെ മുന്നില്‍ പോലും ഇവര്‍ വളഞ്ഞേ നില്‍ക്കൂ എന്നതാണ്. തിരിച്ച് ആശുപത്രി സൂപ്രണ്ടിനില്ലാത്ത അഹങ്കാരം കാണിക്കുന്ന തൂപ്പുകാരന്റെ നെഞ്ചത്തോട്ടൊന്ന് ചാര്‍ത്താന്‍ തോന്നും. വ്യാഴാഴ്ചയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് തഥാസ്തു.
സ്‌കാനിങ് സെന്ററിന്റെ മുന്നില്‍ എന്റെ സ്‌കാന്‍ റിപ്പോര്‍ട്ടിന് വേണ്ടി ഭിത്തിയില്‍ ചാരി കാത്തു നില്‍ക്കുകയായിരുന്നു. മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കെ സ്പീഡില്‍ വന്ന അറ്റന്‍ഡറെ തട്ടി, എന്റെ കൈയ്യില്‍ നിന്നും മൊബൈല്‍ തെറിച്ചു വീണു. ശബ്ദം കേട്ട് എല്ലാവരും നിലത്തു കിടക്കുന്ന മൊബൈലിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ മാത്രം അയാളെ നോക്കി. അതിരൂക്ഷമായി നോക്കി. വീശിയെടുക്കാന്‍ ഇത് നാലുവരിപ്പാതയൊന്നുമല്ലല്ലോ എന്നായിരുന്നിരിക്കാം ആ നോട്ടത്തിന്റെ അപ്പോഴുള്ള അര്‍ത്ഥം. അമ്പതിലേറെ പ്രായമുള്ള അയാള്‍ നോട്ടത്തില്‍ വല്ലാണ്ടായി. ഞാന്‍ പതിയെ മൊബൈലെടുത്ത് പുറത്തേക്ക് നീങ്ങി. ഞാന്‍ ഒന്നു കൂടി നോക്കുന്നതിനു വേണ്ടി അയാള്‍ നിന്നു. പിന്നെ അതേ സ്പീഡില്‍ പോയി. കുറച്ചു കഴിഞ്ഞ് എനിക്ക് തോന്നിത്തുടങ്ങി' സാരമില്ലയെന്നൊന്നു പറയാമായിരുന്നു. അല്ലേല്‍ ഒന്ന് ചിരിക്കാമായിരുന്നു എനിക്ക്. എന്റെ ശ്രദ്ധക്കുറവൂ മൂലം എത്ര തവണ മൊബൈല്‍ താഴെ വീണിരിക്കുന്നു. ഓ..അതിന്റെ ആവശ്യമില്ല. ഇനി അയാള്‍ സൂക്ഷിച്ച് നടക്കാന്‍ ഈ സംഭവം കാരണമാകും.' അയാള്‍ പോയ വഴിയെ തിരിഞ്ഞു നോക്കി മനസ്സില്‍ പലതും വിചാരിച്ച് പുറത്തേക്കിറങ്ങുന്നതിനിടയില്‍ മുന്നില്‍ വന്ന പയ്യനുമായി ഒറ്റയിടി. അവന്റെ കയ്യിലിരുന്ന ഹെല്‍മറ്റ് തെറിച്ചു പോയി. പോറിപ്പോയ ഹെല്‍മറ്റ് ഗ്ലാസ്സില്‍ തടവിക്കൊണ്ട് ഇരുപതു തികയാത്ത അവനെന്നെ നോക്കി. അതിരൂക്ഷമായി നോക്കി. നോക്കീം കണ്ടുമൊക്കെ നടക്ക് തള്ളേ എന്നൊന്നായിരിക്കാം ആ നോട്ടത്തിന്റെ അപ്പോഴുള്ള അര്‍ത്ഥം. അവനേക്കാള്‍ കുറഞ്ഞത് അഞ്ചു വയസ്സെങ്കിലും മൂത്ത ഞാന്‍ വല്ലാണ്ടായി. നോട്ടത്തിന്റെ കാഠിന്യം തെല്ലും കുറയ്ക്കാതെ അവന്‍ മുന്നോട്ട് നീങ്ങി. തിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിച്ച് അവനേയും നോക്കി ഞാന്‍ നിന്നു. കുറച്ചു ദൂരം ചെന്ന് അവന്‍ തിരിഞ്ഞു. അവനേയും നോക്കി നിന്നിടത്തു നില്‍ക്കുന്ന എന്നെ കൗതുകത്തോടെ നോക്കി. കണ്ണിറുക്കി, മുഖം ചുളിച്ച് ഞാന്‍ വായുവില്‍ സോറി പറഞ്ഞു. തിരിച്ച് കൈ പൊക്കി കുഴപ്പമില്ലെന്ന് കാണിച്ച് അവന്‍ ചിരിച്ചു.
ആ ചിരിയില്‍ മാഞ്ഞുപോയ കുറ്റബോധത്തിന്റെ സുഖം ഞാനറിഞ്ഞു. ഒരുപക്ഷേ ഈയൊരു സുഖത്തിനു വേണ്ടിയാകാം മൊബൈല്‍ തട്ടിയിട്ട അയാളും എന്നെ നോക്കി നിന്നത്. വെറുതേയൊന്ന് അദ്ദേഹത്തെ നോക്കി സാരമില്ലെന്ന് പറഞ്ഞ് ചിരിച്ചാല്‍ എനിക്കൊന്നും നഷ്ടപ്പെടുമായിരുന്നില്ല. എന്നിട്ടും അങ്ങനെയൊന്ന് പ്രവര്‍ത്തിക്കാന്‍ എന്റെ അഹങ്കാരം സമ്മതിച്ചില്ല. ഒരു ചെറുപുഞ്ചിരിക്ക് ഇത്രയും മഹത്വമുണ്ടെന്ന് മനസ്സിലാക്കിത്തന്ന അനിയനോട് ഹൃദയാത്മനാ നന്ദി....


4 comments:

  1. i am honoured if you felt like i am a nurse...bcoz that sounds my attachment to th incident...BUT I AM NOT A NURSE....i was waiting for my scan report...u dint go thru that line??

    thanks...i was waiting for your comment...y so late??

    ReplyDelete
  2. like i told you other day, when the post is lengthy, it s not very easy to go thru every line na? sorry...

    ReplyDelete

Related Posts Plugin for WordPress, Blogger...