Saturday, March 30, 2013


കരള്‍ പറിച്ചു നല്‍കുന്ന പ്രണയം


പത്രം വായിച്ചിട്ട് മാസങ്ങളായി. മലയാളം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊള്ളരുതായ്മകള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നത് ശീലമാക്കിയതോടെയാണ് വായന നിര്‍ത്താം എന്ന തീരുമാനത്തില്‍ എത്തിയത്. ദിവസവും മാസങ്ങളും കഴിഞ്ഞും എനിക്കൊരു പരിചയവുമില്ലാത്തവര്‍ക്ക് സംഭവിക്കുന്ന ക്രൂരതകള്‍ എന്റെ ഉറക്കം കളയുന്നു. എന്റെ ദിവസങ്ങള്‍ ഞാനെന്തിന് നശിപ്പിക്കണം എന്ന സ്വാര്‍ത്ഥതയാണ് എന്നെ പത്രങ്ങളില്‍ നിന്നും അകറ്റിയത്. 


പക്ഷേ ഇന്ന് അങ്ങനെയല്ല,.. വഴിയില്‍ എന്റെ ബൈക്കിന്റെ മുന്നിലേക്ക് ചാടിയ പെണ്‍കുട്ടിയില്‍ നിന്നും നേരിട്ടു കാണാനിടയാക്കിയ നന്മ എന്റെ ഉറക്കം കെടുത്തുന്നു. അതവളുടെ നിസ്സഹായതയാണോ, അതോ കരളു പറിച്ചു നല്കുന്ന സ്‌നേഹമാണോ എന്നൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നിട്ടും അവളുടെ മുഖവും വേഷവും ഭാഷയും എന്നെ വിട്ടു പോകുന്നില്ല. 


ഓഫീസില്‍ നിന്നും സഹപ്രവര്‍ത്തകന്റെ കൂടെ പുറത്തേക്കിറങ്ങിയതാണ്. പൂങ്കുന്നം ജംഗ്ഷനടുത്ത് ചെറിയ ട്രാഫിക് ബ്ലോക്ക് കണ്ടു. മൂന്ന് നാല് ബൈക്കുകള്‍ക്കിടയില്‍ ഒരാള്‍. നെറ്റി പൊട്ടി ചോരയൊലിപ്പിച്ച് ഒരു ചെറുപ്പക്കാരന്‍, പൊട്ടിക്കരഞ്ഞും കൈകൂപ്പിയും എന്തൊക്കെയോ വിളിച്ചു പറയുന്നു. ബൈക്കുകാരില്‍ ആരും നിന്നില്ല. റോഡിലേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്ന ഇയാളെ വട്ടംപിടിച്ച് ഒരു പെണ്‍കുട്ടി. ഇയാളെ താങ്ങാനുള്ള ശേഷിയില്ലാതെ രണ്ടു പേരും കൂടി സ്ലാബിന്റെ മുകളിലേക്ക് തല്ലിയലച്ചു വീണു. അയാളെ അവിടെ കിടത്തി, അവള്‍ റോഡിലൂടെ പോകുന്ന ഓരോരുത്തരോടും എന്തോ ആവശ്യപ്പെടുന്നുണ്ട്. ബൈക്ക് പതുക്കെ നിര്‍ത്തുന്നത് കണ്ട് അവളെന്റെ അടുത്തേക്ക് ഓടിവന്നു. കടലാസ്സു തുണ്ടില്‍ കാണിച്ച നമ്പറിലേക്ക് ഒന്നു വിളിക്കാവോ എന്നും ചോദിച്ച് കരഞ്ഞു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അപ്പോള്‍ തന്നെ ആ നമ്പര്‍ ഡയല്‍ ചെയ്ത് ഫോണ്‍ അവര്‍ക്ക് കൊടുത്തു. അബ്ബാ, അബ്ബാ എന്നു നിലവിളിക്കുന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.

മണ്ണില്‍ കിടന്ന് വെപ്രാളപ്പെടുന്ന യുവാവിന്റെ വായില്‍ നിന്നും പതയും വെള്ളവും വരുന്നതു കണ്ട് അപസ്മാരമാണെന്ന് തോന്നി. ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട്, അബ്ബാ വന്നിട്ടു മതിയെന്ന വാശിയിലാണ് അവള്‍...


അത്രയും നേരം ആരും തിരിഞ്ഞു നോക്കാതിരുന്ന അങ്ങോട്ടേക്ക് പലരും ഓടിക്കൂടി. ഇതു ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ്. ആദ്യം ആരും സഹായിക്കില്ല, മറ്റാരെങ്കിലും തുടങ്ങി വച്ചാന്‍ പിന്നെ സ്ഥലത്തെ പ്രമാണിയായി ചമഞ്ഞ് വലിയ വര്‍ത്തമാനം പറയാനെത്തും. ഇതിനിടയ്ക്ക് അവളോട് കന്നഡയിലും തമിഴിലും ഹിന്ദിയിലുമൊക്കെ സംസാരിച്ചെങ്കിലും ആര്‍ക്കും മനസ്സിലാകാത്ത തെലുഗുവും കന്നഡയും കലര്‍ത്തിയൊരു ഭാഷയിലായിരുന്നു മറുപടികള്‍. ഒരു കാര്യം മാത്രം മലയാളത്തില്‍ പറഞ്ഞു 'ഞാന്‍ ഭാര്യ' കാണാപാഠം പഠിച്ച വാക്കുകള്‍ കേരളത്തില്‍ പലതവണ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആ ഭാവം കണ്ടാലറിയാം. കരാറുകാരന്റെ അടുത്ത് ജോലി കിട്ടാന്‍, അനുവദിച്ച ടെറസ്സില്‍ തുണി കൊണ്ട് മറച്ചു കെട്ടി ഒരു ടെന്റുണ്ടാക്കാന്‍ അങ്ങനെ പല ആവശ്യങ്ങള്‍ക്കും വേണ്ടി. ആവശ്യങ്ങളില്ലെങ്കിലും പറയേണ്ടി വരും. ഒരുപക്ഷേ റോഡിലൂടെ നടക്കുമ്പോള്‍, തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍, ബിന്ദു തിയ്യറ്ററിലെ ഹിന്ദി സിനിമക്കു പോകുമ്പോള്‍ അങ്ങനെ സ്വസ്ഥമാകാന്‍ തെരഞ്ഞെടുക്കുന്ന പലയിടത്തും ചോദ്യവുമായെത്തുന്ന പോലീസുകാരോട് ഇവള്‍ ഇതേ വാക്യം പറഞ്ഞിട്ടുണ്ടാകും. പിന്നേയും ചിലരുണ്ട് നമ്മുടെ നാട്ടിലെ സദാചാര പോലീസുകാര്‍, അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പക്ഷേ ഈ രണ്ടു വാക്ക് മതിയായിട്ടുണ്ടാവില്ല.


മുഖം മുഴുവന്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. വേണ്ട, വേണ്ടായെന്ന് കൈകൂപ്പി എല്ലാവരോടും പറഞ്ഞു കരയുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസുകാരെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു ഭയം നിറഞ്ഞു. പരുന്ത് വട്ടമിട്ടു പറക്കുമ്പോള്‍ പരിഭ്രമിച്ച് കുഞ്ഞുങ്ങളെ ചിറകിനടിയിലേക്കൊതുക്കുന്ന തള്ളക്കോഴിയേപ്പോലായിരുന്നു അപ്പോഴാ മുഖം. ഭര്‍ത്താവിനെ ചേര്‍ത്തു പിടിച്ച് അവരില്‍ നിന്നും രക്ഷപെട്ടോടാന്‍ വെമ്പുന്ന മുഖവുമായി അവള്‍ ഞങ്ങളുടെ മുഖത്തേക്കു നോക്കി. ആശുപത്രിയില്‍ കൊണ്ടു പോകണ്ട എന്നു പറഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടതാണ് അയാള്‍ക്ക്. ഏതോ ഒരു ബൈക്കിന്റെ മുന്നിലേക്ക് ചാടിയതിനു യുവരക്തത്തിന്റെ കയ്യില്‍ നിന്നും കിട്ടിയ സമ്മാനമാണ് കണ്ണിനു മുകളിലെ പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയാല്‍ കള്ള് കുടിച്ചത് മനസ്സിലാകും, പോലീസുകാരുടെ കയ്യില്‍ നിന്നും കണക്കിന് കിട്ടും, ഇതൊക്കെ പേടിച്ചിട്ടാണ് അവള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ നിന്നത്. ഞങ്ങളുടെ നേരേ അവള്‍ ആംഗ്യം കാണിച്ചു - ഭര്‍ത്താവ് കുടിച്ചിട്ടുണ്ടെന്ന്.

 ഇതിനിടയില്‍ മുമ്പേ പറഞ്ഞ സ്ഥലത്തെ പ്രമാണി ചോദിച്ചു 'ഇതേതാ പെണ്ണ്?' ഞങ്ങള്‍ പറഞ്ഞു 'ഭാര്യയാണ്'. അയാളത് മറ്റൊരാളോട് പറഞ്ഞത് വേറൊരു ടോണിലാണ് 'ഭാര്യയാണെന്ന് ആ പെണ്ണ് പറയുന്നു. ഇവരുടെ കാര്യമല്ലേ. ആര്‍ക്കറിയാം'..അതൊരു വല്ലാത്ത പ്രസ്താവനയായിരുന്നു. തെരുവിലുള്ള ജീവിതങ്ങള്‍ക്ക് മൂല്യങ്ങളില്ലേ, അവര്‍ക്ക് ബന്ധങ്ങളില്ലേ, അന്യസംസ്ഥാനക്കാരോട് ഇത്രമാത്രം അവജ്ഞയോടെ നോക്കുന്ന മലയാളി ഗള്‍ഫില്‍ പോയാല്‍ ഇതേ അവസ്ഥിയിലേക്കല്ലേ ചിലപ്പോഴൊക്കെ താണു പോകുന്നത്. താലി കെട്ടി, രജിസ്ട്രര്‍ ചെയ്ത കല്യാണം ഇവര്‍ക്കിടയിലുണ്ടായിട്ടുണ്ടാകുമോയെന്ന് ഉറപ്പില്ല, എന്നാലും ഞങ്ങള്‍ക്കു മുമ്പില്‍ 30 മിനിട്ടോളം കണ്ട കാഴ്ചകളില്‍ നിന്നും അവര്‍ക്കിടയിലുള്ള ആത്മബന്ധം വ്യക്തമായിരുന്നു. കുറച്ചു പണമോ പഠിപ്പോ പ്രമുഖരോ ആണ് ഒരുമിച്ചു ജീവിക്കുന്നതെങ്കില്‍ അവരെ 'ലിവിങ് ടുഗേതര്‍ ' എന്നു പറഞ്ഞ് സ്വാതന്ത്ര്യത്തിന്റെയും വിശാല ചിന്താഗതിയുടെയും പട്ടം നല്കി സ്വീകരിക്കുന്ന മലയാളിയുടെ ഇരട്ടത്താപ്പു നയമാണിത്. കീഴെയുള്ളവരെ ചവിട്ടിയരയ്ക്കാനും മുകളിലുള്ളവന്റെ മുന്നില്‍ വളഞ്ഞു നില്ക്കാനുമുള്ള അവന്റെ ശീലത്തിന് മാറ്റമില്ല. രേഖാമൂലം ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടും വീടിന്നുള്ളില്‍ എന്നും ഭൂകമ്പങ്ങളുണ്ടാക്കുന്ന കുടുംബങ്ങള്‍ എത്രയോ എണ്ണം നമ്മുടെ മുന്നിലുണ്ട്. 


വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ ഭര്‍ത്താവിനെ ഇറുകെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. ബോധമില്ലാതെ റോഡിനു നടുവിലേക്ക് പോകുന്ന അയാളെ പിടിച്ചു നിര്‍ത്താന്‍ പാടുപെട്ട്, അയാള്‍ക്കൊപ്പം വേച്ചു വീണ്....ഓരോ വീഴ്ചയിലും അവള്‍ക്കുണ്ടാകുന്ന വേദനകള്‍ അവളറിയുന്നതേയില്ല. ഇടയ്ക്ക് അവളുടെ ദാവണിത്തുമ്പില്‍ പിടിച്ചു വലിച്ച് അയാള്‍ അവളെ അര്‍ദ്ധനഗ്നയാക്കുമ്പോഴും അവള്‍ പതറിയില്ല, വലിച്ചെടുത്ത് വീണ്ടും മാറിലേക്കിടുന്ന കറുത്ത ദാവണിക്കുള്ളിലും ഞാന്‍ കണ്ടു കരള്‍ പറിച്ചു നല്കാനും തയ്യാറാകുന്ന പ്രണയം. 



2 comments:

  1. well....
    without being there it is not right on my part to say anything on this incident though you have put it down very well...

    ReplyDelete
    Replies
    1. ya it is difficult to comment on the incident, but you can on the attitude of people.....do you think that, these guys dont hav committed relationships??? do u think that the way we behave to them is right??

      Delete

Related Posts Plugin for WordPress, Blogger...