Monday, April 1, 2024

ഒരു രൂപാ തുട്ട് അഥവാ പൊക്കിഷം



ഇന്നും രാവിലെ ഞാനാ തുട്ടു നാണയങ്ങള്‍ ജനല്‍ പടിയിന്‍മേല്‍ കണ്ടു. സ്വര്‍ണ്ണ നിറമുള്ള ഒരു അഞ്ചു രൂപാ തുട്ടും കരിമ്പനടിച്ച വെള്ളിനിറമുള്ള ഒരു രൂപാ തുട്ടും. എത്ര ദിവസമായി ഞാനീ തുട്ടുകളിങ്ങനെ ഉപേക്ഷിക്കപ്പെട്ടതു പോലെ കാണുന്നു. കാലിയായ സോപ്പു ലായനിക്കുപ്പികള്‍ നിരത്തിവച്ചിരിക്കുന്നതിന്റെ ഇടയില്‍ മാറാലയും പൊടിയും വെള്ളത്തില്‍ കുഴഞ്ഞ് പ്രത്യേക നിറത്തില്‍ സിമന്റില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ചെളിയുടെ മുകളില്‍ അവരീ കിടപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തിന്നടുത്തായിട്ടുണ്ടാകും. ഏതോ ഒരു പാന്റ്‌സിന്റെ പോക്കറ്റിനുള്ളില്‍ നോട്ട് കൊടുത്ത് ബാക്കി കിട്ടിയ തുട്ടുകളായിരുന്നു. തുണി അലക്കാനായി പോക്കറ്റ് കാലിയാക്കുമ്പോള്‍ കൈയ്യെത്തും ദൂരത്തുണ്ടായിരുന്നത് ഈ ജനലരികാണ്. അലക്കാനുള്ളതെല്ലാമിട്ട് വാഷിംഗ് മെഷീനും ഓണ്‍ ആക്കിയതിനു ശേഷം ഞാനവയെ നോക്കി. എത്രയോ വട്ടം ഈ തുട്ടുകളെടുത്ത് ഭദ്രമായി അലമാരയ്ക്കുള്ളില്‍ കൊണ്ടുവയ്ക്കണമെന്ന് വിചാരിച്ചതാണ്. പക്ഷേ, അത്ര പരിഗണിക്കാന്‍ മാത്രം അവയ്ക്ക് മൂല്യമുണ്ടെന്ന് തോന്നിയില്ലായിരിക്കാം അല്ലെങ്കില്‍ അവഗണിച്ചാലും എന്റെ സാമ്പത്തിക നിലയ്ക്ക് ഒരു കോട്ടവും തട്ടില്ല എന്ന ധാരണയാവാം അവയെ നിര്‍ദ്ദാഷണ്യം അവിടെ തന്നെ കിടത്തിയത്. 


പണം ലക്ഷ്മിയാണ്, ഐശ്വര്യമാണ് എന്നൊക്കെയുള്ള പഴയ ചൊല്ലുകളും മറ്റും തലയിലൂടെ കടന്നു പോയി. ഇന്ന് അവയെ കടന്ന് പോകാന്‍ കഴിയുന്നില്ല. ഞാന്‍ ചെന്ന് അഞ്ചു രൂപാ തുട്ട് നഖം കൊണ്ട് ഇളക്കിയെടുത്തു. ഒറ്റ രൂപാ തുട്ടിന്റെ മുകളില്‍ പല്ലിക്കാട്ടം വീണ് കിടപ്പുണ്ട്. പതിയെ അതിനെയും ഇളക്കിയെടുത്ത് കഴുകി വൃത്തിയാക്കിയെടുത്തു. ഒറ്റ രൂപാ നാണയം ചിരിച്ചു കാണിച്ചതു പോലെ തിളങ്ങുന്നു. അതെനിക്കും സന്തോഷത്തിന്റെ ഒരു നുള്ള് സമ്മാനിച്ചു. 


ഒരു രൂപാ നാണയം.


സ്‌കൂള്‍ ജീവിതകാലത്ത് ഏറ്റവും മൂല്യമുണ്ടായിരുന്നത് ഈ ഒറ്റ രൂപാ തുട്ടിനായിരുന്നുവല്ലോ. പെട്ടന്ന് നൂണിയെയും ഇന്ദിരയെയും ഓര്‍മ വന്നു. ആ ഓര്‍മയില്‍ ചെറുപുഞ്ചിരി മുഖത്തുണ്ടായത് സന്തോഷത്തിന്റെ നുള്ള് വെടിമരുന്നെന്ന പോലെ നിര്‍ത്താതെ ഓര്‍മ്മച്ചെപ്പുകള്‍ പൊട്ടിക്കാന്‍ തുടങ്ങി. അവസാന പീരിയഡിന്റെ മുന്നിലുള്ള ഇന്ററവെല്ലിന് ഞങ്ങള്‍ തീരുമാനിക്കും. ഇന്ന് ഓട്ടോയ്ക്ക് പോകണോ നടക്കണോ?  ഇന്നും നമുക്ക് നടന്നു പോയാലോ? രണ്ടര കിലോമീറ്റര്‍ നടന്നു പോകുന്നത് ഞങ്ങള്‍ക്ക് നിസ്സാരമാണ്. പക്ഷേ വീട്ടില്‍ അവതരിപ്പിക്കപ്പെടുന്നത് അങ്ങനേയേ ആയിരുന്നില്ല. 'രാവിലെ മുതല്‍ നാല് മണി വരെ ക്ലാസ്സിലിരുന്ന് മടുത്ത്, വിശപ്പ് സഹിക്കാന്‍ കഴിയാതെ, എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയെന്ന തോന്നലില്‍ സ്‌കൂളിറങ്ങുമ്പോള്‍ പിന്നെ നടക്കാന്‍ വല്യ പാടാണെന്നേ..' കൂടെ ലേശം അതിശയോക്തിയോടെ വാലറ്റം പോലെ ഞങ്ങള്‍ പറയും 'എല്ലാവരും ഓട്ടോയ്ക്കാന്നേ പോകുന്നേ' അങ്ങനെ കിട്ടുന്ന ഒരു രൂപയാണ് ഞങ്ങളുടെ നിധി. ആ നിധി ഞങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പദ്ധതിയനുസരിച്ച് ചെയ്യേണ്ടതുണ്ട്. നാല് മണി വിടുമ്പോള്‍ ദേശീയഗാനം പാടാന്‍ തുടങ്ങുമ്പോഴേയ്ക്കും പുസ്തകങ്ങളൊക്കെ അടുക്കിയെടുത്ത് വയ്ക്കണം. ക്ലാസിന്റെ വശങ്ങളില്‍ വച്ചിരിക്കുന്ന ചോറ്റുപാത്രം എടുത്തു വയ്ക്കാന്‍ മറക്കരുത്. ഇനി അഥവാ ഇതൊന്നും ചെയ്യാന്‍ അവസാന പീരിയഡില്‍ സമയം കിട്ടിയില്ലെങ്കില്‍ ജനഗണമന യ്ക്കിടെ ടീച്ചറ് കാണാതെ ഇതെല്ലാം ചെയ്യണം. കാരണം ജനഗണമന യുടെ ഓരോ വരിയിലും നമ്മള്‍ ഓരോ അടി മുന്നോട്ടെടുത്തു വയ്‌ക്കേണ്ടതാണ്. അവസാനത്തെ ജയ ജയ ഹേ പാടുമ്പോള്‍ ഒരു കാല്‍ മുന്നിലായി ഓങ്ങി നില്‍ക്കണം. കൂട്ട ബെല്ലിന്റെ ആദ്യത്തെ മണിശബ്ദത്തില്‍ മനസ്സില്‍ കാണേണ്ടത് ഒളിംപിക്‌സിലെ വെടിയൊച്ചയാണ്. ആ ഓട്ടത്തില്‍ മൂന്ന് ഡിവിഷനിലായി ചിതറിക്കിടക്കുന്ന ഞങ്ങള്‍ റിലേ മത്സരത്തിലെ ടീമെന്ന പോലെ ഒരേ ട്രാക്കിലെത്തും. പുളിക്കക്കാരുടെ പറമ്പിലെ കുറുക്കു വഴിയിലൂടെ ചാടിയോടി ഇറങ്ങുന്നതിനിടയില്‍ ഇന്ദിയുടേയും നൂണിയുടേയും പപ്പയുടെ വര്‍ക്ക് ഷോപ്പിന്റെ അടുത്തൂടെയുള്ള കയ്യാല സ്റ്റെപ്പുകള്‍ ഇറങ്ങി ഞങ്ങള്‍ പുറഞ്ഞാണിലേക്ക് വച്ചു പിടിക്കും. ഞങ്ങളുടെ സ്വതവേയുള്ള ശീലം വച്ച് അറിയാതെയെങ്ങാനും നടപ്പ് പയ്യെ ആയിപ്പോയാല്‍ ഇന്ദി ഓര്‍മിപ്പിക്കും. 'വേം വാ..അവരെത്തുമ്പോഴേയ്ക്കും എത്തണ്ടേ.' ഓട്ടോയില്‍ കയറി പോകുന്ന 'അവരെ'ത്തുമ്പോഴേയ്ക്കും പുറഞ്ഞാണിലെത്തിയില്ലെങ്കില്‍ ഞങ്ങള്‍ നടന്നാണ് വന്നതെന്ന് വീട്ടിലറിയും. അപ്പോള്‍ ആ ഒരു രൂപ എന്തിനാണ് ഉപയോഗിച്ചതെന്ന് ചോദ്യം വരും. അതൊഴിവാക്കാനാണ് ഈ ഓട്ടം. പുറഞ്ഞാണെത്തി മീമി ചേട്ടന്റെ കടയില്‍ നിന്നും കൂട് ഐസു വാങ്ങണം. അമ്പതു പൈസയുടെ ആ കൂട് ഐസിനും ബാക്കിയുള്ള അമ്പതിന് അഞ്ച് ഗ്യാസ് മുട്ടായിയും വാങ്ങി ഞങ്ങള്‍ ആടിപ്പാടി നടക്കും. ചില ദിവസം ഇന്ദിയും നൂണിയും ഓട്ടോയ്ക്ക് പോകാന്‍ പൈസ കൊണ്ടു വരില്ല. അന്ന് ഞങ്ങള്‍ ഒരു രൂപയ്ക്ക് ഒരു കൂട് ഐസും അഞ്ചു ഗ്യാസ് മുട്ടായിയും തന്നെ വാങ്ങും. കൂട് ഐസിലെ കട്ട ഐസ് വെള്ളമാകുന്നതുവരെ കാത്തിരുന്ന് ഞങ്ങള്‍ മൂന്ന് പേരും കൂടി കുടിക്കും. ഗ്യാസ് മുട്ടായി തിന്ന് വഴിയിലെ ഏതെങ്കിലും കിണറ്റീന്ന് വെള്ളം കുടിക്കുമ്പോള്‍ അനുഭവിക്കുന്ന അനിര്‍വചനീയമായ തണുത്ത അനുഭവത്തില്‍ ലയിച്ച് ഞങ്ങള്‍ നടക്കും. ഗ്യാസ് മുട്ടായി തിന്നിട്ട് വെള്ളം കുടിക്കുമ്പോള്‍ കിട്ടുന്ന ആ തണുപ്പ് പിന്നെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കിട്ടിയിട്ടില്ല. ഗ്യാസ് മുട്ടായിയുടെ ആധുനിക രൂപമായ പോളോ പക്ഷേ ഞങ്ങള്‍ക്കിഷ്ടമല്ല. ചെമ്പേരിയില്‍ നിന്നും പുറഞ്ഞാണിലേക്കുള്ള രണ്ടര കിലോമീറ്റര്‍ നടക്കാന്‍ ഞങ്ങള്‍ക്ക് ഇരുപത് മിനിട്ടും പുറഞ്ഞാണില്‍ നിന്നുള്ള വീട്ടിലേക്കുള്ള അര കിലോമീറ്ററിന് ഒരു മണിക്കൂറും ഞങ്ങള്‍ ചിലവിടുമായിരുന്നു. 


ഓര്‍മ്മകള്‍ക്കിടെ ഞാന്‍ ചേട്ടനോട് ചോദിച്ചു പണ്ടത്തെ ഒരു രൂപ ഒരു ഒന്നൊന്നര രൂപയായിരുന്നുവല്ലേ? 


കുഞ്ഞാച്ചനോട് സംസാരിക്കുന്നതിനിടെ ലിജോ സ്‌റ്റോഴ്‌സില്‍ നിന്നും പത്തു പൈസ കൊടുത്ത് മഷി നിറച്ച് കൊണ്ടുപോകുന്നതും അഞ്ചു പൈസയുടെ സ്‌ളേറ്റ് പെന്‍സില്‍ ഒടിച്ചൊടിച്ച് പങ്കുവയ്ക്കുന്നതുമെല്ലാം വീണ്ടുമോര്‍ത്തെടുത്തു. അന്നത്തെ ഒരു രൂപയ്ക്കുള്ളത്ര മൂല്യം തോന്നിയ ഏതെങ്കിലും നാണയമോ പണമോ പിന്നെ ഞാനനുഭവിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. 


ഞങ്ങളുടെ പൊക്കിഷമായിരുന്നു ഒരു രൂപ!


4 comments:

  1. കുട്ടിക്കാലത്തെ ഓർമകൾക്ക് വല്ലാത്ത സുഖമാ.. ഇപ്പോഴത്തെ കാര്യം പിന്നെ ഓർക്കുമ്പോ എങ്ങനെ ഉണ്ടാവുമോ എന്തോ!!!!

    ReplyDelete
    Replies
    1. ഓർമകളാകുമ്പോൾ എല്ലാത്തിനും ഒരു പ്രത്യേക മധുരം പൊതിയും എന്ന് തോന്നുന്നു

      Delete
  2. അന്ന് പുറഞ്ഞാണിൽ നിന്ന് സ്കൂളിൽ പോയ്കൊണ്ടിരുന്ന എല്ലാ പിള്ളാരുടേം ഓർമകളിൽ ഈ പറഞ്ഞ സംഭവങ്ങളും പേരുകളും ഉണ്ടാവും.. അജയൻ ചേട്ടൻ ഓടിച്ചിരുന്ന blessymol ഓട്ടോയിൽ പുറകിൽ ഫുള്ളായി കഴിയുമ്പോ പുള്ളി ഒരാളെ ഡ്രൈവർ സീറ്റിൽ അടുത്തിരുത്തും. ആ അവസരം ആയിരുന്നു ഞങ്ങളുടെയൊക്കെ ഇരട്ടിമധുരം..

    ReplyDelete
  3. പെൺകുട്ടി ആയതുകൊണ്ട് ഒരിക്കൽ പോലും അതിനു സാധിച്ചിട്ടില്ല... ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാൻ ശ്രമിക്കണം എന്ന ഇന്നത്തെ ബോധം അന്നുണ്ടായിരുന്നെങ്കിൽ 😊

    ReplyDelete

Related Posts Plugin for WordPress, Blogger...