Thursday, April 4, 2024

തെളിവ് സഹിതം

കൊറോണ അതിന്റെ മൂര്‍ദ്ധന്യാവസ്ഥ കുറച്ചു നില്‍ക്കുന്ന സമയം. കൂടെ താമസിച്ചിരുന്ന കുട്ടിക്ക് കൊറോണ വന്നതോടെ ക്വാറന്റൈന്‍ പുലര്‍ത്തേണ്ടി വരികയും ശേഷം തോണ്ടിയെടുത്ത് പരിശോധിച്ച് കൊറോണയ്ക്ക് പോലും എന്നെ വേണ്ടായെന്ന് സ്വയം തിരിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്ത് പുറത്തിറങ്ങാന്‍ പ്രാപ്തയായ ദിവസങ്ങള്‍. കെ എഫ് ആര്‍ ഐ യിലെ ജോലി രണ്ടാമതും രാജിവച്ച് സുഖമായി വീട്ടിലിരുപ്പിന്റെ ദിവസങ്ങള്‍.  ലോകം മുഴുവന്‍ അനിശ്ചിതത്വത്തില്‍ വെറളി പിടിച്ച് നടക്കുമ്പോള്‍ രാജി വച്ചു എന്ന അഹങ്കാരത്തിനു പുറമേ ആ കാലങ്ങളില്‍ ഏറ്റവുമധികം സമാധാനം അനുഭവിച്ചിരുന്നു എന്നും പറഞ്ഞു നടക്കുന്ന സമയം. 


അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്നത്തേയും പോലെ സന്തോഷിക്കാനാവുന്നില്ല. രാവിലെ സാധാരണ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും സമയം കഴിയുന്തോറും മൂകസന്ധ്യയുമാകുന്ന എന്റെ പതിവ് ബോര്‍ഡര്‍ലൈന്‍ ഒരു മുന്നറിയിപ്പും കൂടാതെ കൊറോണ വൈറസ് പോലെ ശരീരമാസകലം പിടി മുറുക്കിയതു പോലെ തോന്നി. എങ്ങോട്ടു നോക്കിയാലും ആരെ വിളിച്ചാലും അനിശ്ചിതത്വത്തിന്റെയും പരാതീനതകളുടെയും കഥകളല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല താനും. 


മനസ്സിനെ എല്ലാക്കാലത്തും അലട്ടിയിരുന്ന ചോദ്യം വളരെ ശക്തമായി മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി. 'ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നതെന്തിനാ?' പലപ്പോഴും ഞാനീ ചോദ്യം ചോദിക്കുമ്പോള്‍ എല്ലാവരും അസ്വസ്ഥതയോടെ എന്നെ നോക്കും. കാരണം പര്‍പ്പസ് ഇല്ലാതെ തോന്നുക എന്നത് വിഷാദ രോഗത്തിന്റെ ലക്ഷണമാണെന്നൊക്കെ സംശയിച്ച് കളയും. പക്ഷേ പൂര്‍ണ മാനസീകാരോഗ്യത്തോടെ ഇരിക്കുന്ന നേരത്തും വളരെ തിരക്കേറിയ ജീവിതത്തിലായിരിക്കുമ്പോഴും ഈ ചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. ഞാനാലോചിക്കുമ്പോഴൊന്നും ഇത്ര കഷ്ടപ്പെട്ട് ജീവിക്കാന്‍ മാത്രം ശ്രേഷ്ഠത ഞാനീ ഭൂമിയില്‍ കാണുന്നില്ല. 


ബോധമുള്ള ഭ്രാന്തും അസുഖമായുള്ള ഭ്രാന്തും കൂടി തലയ്ക്കകത്തു പിരിയന്‍ കയറുണ്ടാക്കുന്നതുപോലെ പിരിഞ്ഞ് പിരിഞ്ഞ് സമ്മര്‍ദ്ദം കൂടി ഇപ്പം പൊട്ടുമെന്ന അവസ്ഥയായപ്പോള്‍ ഞാന്‍ ഒരു ആവശ്യം മുന്നോട്ട് വച്ചു. എനിക്ക് തെളിവ് വേണം. ഞാനീ ഭൂമിയില്‍ ജീവിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടെന്ന് തെളിയിക്കണം. ഇത് പതിവുള്ളതാണ്. ഈ ചോദ്യം ചോദിക്കുന്നത് കൃത്യമായ ആശയവിനിമയം നടത്തി ഞാനുമായി ഒരു പ്രത്യേക സൗഹൃദത്തില്‍ പോകുന്ന പ്രകൃതിയോടാണ്. എന്നെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും മനസിലാകുന്നതാണ് ഞാനും പ്രകൃതിയുമായുള്ള ഈ സംജ്ഞകള്‍. ഇത്തരത്തിലുള്ള നിരവധി യുക്തിക്കു നിരക്കാത്ത ഭ്രാന്തന്‍ വിശ്വാസങ്ങളില്‍ അഭിരമിക്കാറുള്ള ഞാന്‍ ഉറച്ച ബോധ്യത്തിലാണ് ആ ചോദ്യം മുന്നോട്ട് വച്ചത്. 


കുറച്ചു നേരം തെളിവിനായി കാത്തിരുന്നെങ്കിലും പിന്നീട് വെറുതേയിരുന്ന് മടുത്തപ്പോള്‍ കിടന്നുറങ്ങി. ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. പരിചയമില്ലാത്ത നമ്പറാണ്. അതു കൊണ്ടു തന്നെ വേഗമെടുത്തു. അപ്പുറത്തുള്ളത് പ്രതീക്ഷിച്ചതു പോലെ പരിചയമില്ലാത്ത ശബ്ദമാണ്. ലെസ്‌ലി ആണോ?

പേര് വളരെ കൃത്യമായി പറഞ്ഞതു കൊണ്ട് പെട്ടന്നു തന്നെ സമ്മതിച്ചു കൊടുത്തു. 


പിന്നീട് അയാളെന്നോട് സംസാരിച്ചത് മനസ്സിലാക്കിയെടുക്കാന്‍ കുറേ നേരമെടുത്തു. അതിന്റെ സംക്ഷിപ്തം ഇങ്ങനെയായിരുന്നു: തേക്കിന്‍കാട് മൈതാനത്തു നിന്നാണ് ഞാന്‍ വിളിക്കുന്നത്. എനിക്കൊപ്പം സംസാരിക്കാന്‍ സാധിക്കാത്ത ഒരാളുണ്ട്. അയാളാണ് ഈ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞത്. അയാള്‍ കുറേ ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നു തോന്നുന്നു. എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോള്‍ ഈ നമ്പറില്‍ വിളിച്ച് അയാള്‍ക്ക് കാണണം എന്നു പറഞ്ഞാല്‍ മതി എന്നാണ് പറഞ്ഞത്. നിങ്ങളെ കണ്ടാല്‍ അയാളുടെ പ്രശ്‌നമെല്ലാം തീരുമെന്ന് പറയുന്നു'. എനിക്ക് പക്ഷേ അയാള്‍ പറയുന്നതിന്റെ ഉള്ളടക്കം പിടി കിട്ടിയെങ്കിലും അയാളാരാണെന്ന് ഒരു സൂചനയും കിട്ടിയില്ല. ഞാന്‍ റൗണ്ടിലേക്ക് ഉടനെ ചെല്ലാമെന്നും കൃത്യമായി രാഗം തിയ്യറ്ററിന്റെ മുന്നില്‍ വണ്ടി നിര്‍ത്താം അയാളോട് അങ്ങോട്ട് വന്നു നില്‍ക്കാനും പറഞ്ഞ് ഫോണ്‍ വച്ചു. ഫോണ്‍ വിളിച്ചയാള്‍ അധികനേരം അവിടെ കാണില്ലെന്നും അയാളോട് കാര്യങ്ങളെല്ലാം പറഞ്ഞേക്കാം എന്നും പറഞ്ഞിരുന്നു. 


ഞാന്‍ വേഗം വണ്ടിയുമെടുത്ത് പറഞ്ഞ സ്ഥലത്തേക്ക് ചെന്നു. വണ്ടി നിര്‍ത്തി രണ്ടു മിനിട്ടിനുള്ളില്‍ അങ്ങോട്ടേക്ക് ഒരാള്‍ വന്നു. കൈയ്യിലൊരു പ്‌ളാസ്റ്റിക് സഞ്ചിയും പിടിച്ച് ചിരിച്ചു കൊണ്ടാണയാള്‍ വന്നത്. എന്നെ കണ്ട് ആംഗ്യഭാഷയില്‍ ആദ്യം ചോദിച്ചത് 'എന്നെ ഓര്‍മ്മയുണ്ടോ?' എന്നാണ്. 


എനിക്കോര്‍മ്മയുണ്ട്. ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഡബിള്‍ എക്‌സ് ഹോട്ടലില്‍ രാത്രി സ്ഥിരമായി ചായ കുടിക്കാന്‍ വന്നിരുന്ന ആളാണ്. അന്ന് കണ്ടപ്പോള്‍ ഇനിയെന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാല്ലോ എന്നും പറഞ്ഞ് നമ്പര്‍ വാങ്ങിയതാണ്. ഇതെല്ലാം വിശദീകരിച്ചു കൊണ്ട് ഫോണ്‍ നമ്പര്‍ കുറിച്ചു വച്ച കുഞ്ഞു നോട്ട് ബുക്ക് എനിക്ക് കാണിച്ചു തന്നു.  അതില്‍ എന്റെ കൈപ്പടയിലുള്ള പേരും ഫോണ്‍ നമ്പറുമുണ്ട്. 


ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു ദിവസമായി എന്നു പറഞ്ഞു. ഹോട്ടലുകളൊന്നും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അതു കൊണ്ട് വീട്ടില്‍ കൊണ്ടു പോകാം. അതു വേണ്ടായെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ കുറച്ചുപൈസ തരട്ടെ എന്നും ചോദിച്ച് അഞ്ഞൂറ് രൂപാ നീട്ടി. അതും അയാള്‍ നിരസിച്ചു. അപ്പോള്‍ പിന്നെ എന്തിനാണ് എന്നെ അന്വേഷിച്ചത് എന്നു ചോദിച്ചപ്പോള്‍ ജോലി ചെയ്തു വന്നിരുന്ന ക്വാറി പണി നിര്‍ത്തി വച്ചിരിക്കുകയാണ്. എന്തെങ്കിലും ജോലി ഉണ്ടെങ്കില്‍ അറിയിക്കണം എന്നു പറഞ്ഞു. ഞാന്‍ ഉറപ്പായും ജോലി അന്വേഷിക്കാം എന്നു ആശ്വസിപ്പിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും പൈസ വാങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ല. സ്വന്തം നാടായ സേലത്തേക്ക് പൊയ്ക്കൂടായിരുന്നോ എന്നു ചോദിച്ചപ്പോള്‍ കൊറോണ മാറിയാലല്ലേ ഇനി പോകാന്‍ പറ്റൂ എന്ന നിസ്സഹായത പറഞ്ഞു. താമസിക്കുന്ന സ്ഥലവും ചില സംഘടനകള്‍ തരുന്ന സൗജന്യ ഭക്ഷണത്തേക്കുറിച്ചും അയാള്‍ പറഞ്ഞു. 


ഇടയ്ക്ക് വിളിക്കാമെന്നും പറഞ്ഞ് പിരിയുമ്പോള്‍ അയാളുടെ മനസ്സ് നിറഞ്ഞ ചിരിയും കണ്ണുകളും ഹൃദയത്തില്‍ പതിഞ്ഞു. തിരിച്ചു വരുന്ന വഴി ഞാനാലോചിച്ചു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട എന്നെ ഇന്നയാള്‍ക്ക് വിളിക്കാന്‍ തോന്നിയത് എന്തു കൊണ്ടാവും?. ഈ കാലയളവിനിടയില്‍ ജീവിതത്തിലൊരിക്കലും കഷ്ടപ്പാടുണ്ടാവാതിരിക്കില്ല. ഇത്ര കാലത്തിനിടയില്‍ മറ്റൊരാളെയും പരിചയപ്പെടാതിരിക്കാനും തരമില്ല. എന്നിട്ടും ഒരു പത്തു രൂപ പോലും വാങ്ങാതെ, കാര്യമായ ഒരു സഹായവും ചോദിക്കാതെ അയാള്‍ എന്നെ വിളിക്കുകയും കാണുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്ര വര്‍ഷങ്ങള്‍ക്കപ്പുറവും ഞാനയാളെ തിരിച്ചറിയുമെന്നയാള്‍ വിശ്വസിക്കുകയും എന്നെ കണ്ടാല്‍ അയാളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് മറ്റൊരാളോട് തറപ്പിച്ച് പറയുകയും ചെയ്തത് എങ്ങനെയാണ്?


ഒരുപക്ഷേ സ്‌നേഹത്തോടെ സംസാരിക്കാന്‍ ഒരാളെ അന്വേഷിച്ചതാകുമോ? പിന്നീടെനിക്ക് തോന്നി ഇന്ന് അയാളേക്കാള്‍ എനിക്കായിരുന്നല്ലോ അങ്ങനെയൊരാളുടെ ആവശ്യം. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് എനിക്ക് വേണ്ടത്. ഞാന്‍ ജീവിച്ചിരിക്കുന്നതു കൊണ്ട് ഒരു പുല്‍ക്കൊടിക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടോ എന്നായിരുന്നു എനിക്കറിയേണ്ടത്!! ഒരാളുടെ വിശ്വാസമാകാന്‍, ഒരാളുടെ സാന്ത്വനമാകാന്‍, പ്രതീക്ഷയാകാന്‍ എനിക്കു കഴിയുമെന്നല്ലേ തെളിവ് ലഭിച്ചിരിക്കുന്നത്. ഞാന്‍ ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നെന്നെ വിളിച്ചതിന്. കണ്ടതിന്. സഹായം ചോദിച്ചതിന് എല്ലാം. 


No comments:

Post a Comment

Related Posts Plugin for WordPress, Blogger...