Monday, December 2, 2013
എന്റെ ജീവിതത്തില്‍ നിന്നും തര്‍ക്കങ്ങളും വഴക്കുകളും ഇല്ലാതാകുന്നതു വരെ ഞാനും അറിഞ്ഞിരുന്നില്ല - അമ്മയെന്തായിരുന്നു ആ വഴക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന്. ഞാനുമെപ്പോഴും പറയാറുണ്ടായിരുന്നു - ഒന്നുകില്‍ പറഞ്ഞുതീര്‍ക്കണം, ഇല്ലെങ്കില്‍ തല്ലിത്തീര്‍ക്കണം. അങ്ങനെ സാധിക്കാതെ വരുമ്പോള്‍ ഞാന്‍ വല്ലാതെ ശ്വാസംമുട്ടല്‍ അനുഭവിക്കുമായിരുന്നു.
Saturday, November 23, 2013
പയ്യന്നൂര്‍ ഗവ. ആയുര്‍വ്വേദം
ചുറ്റുപാടുകളേയെല്ലാം വെയില് പൊള്ളിക്കുമ്പോള്‍ ശീതളിമയോടെ ചിരിച്ചു നില്‍ക്കുന്ന ഒരാശുപത്രി. പയ്യന്നൂര്‍ ഗവ. ആയ്യുര്‍വേദാശുപത്രിയെ ഒറ്റവരിയില്‍ അങ്ങനെ പറയാം. മുറ്റം നിറഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ നിഴലില്‍ രണ്ടുവട്ടം നോക്കിയാല്‍ മാത്രം കാണുന്ന മണ്ണിന്റെ നിറമുള്ള ആശുപത്രി. ഒന്നേയുള്ളൂവെങ്കിലും ഒരാലസ്യത്തില്‍ നില്‍ക്കുന്ന ഗേറ്റിനു നേരെയുള്ള ഓഫീസ് തുറന്നല്ലായെങ്കില്‍ ഇതൊരു ആള്‍വാസമുള്ള ആശുപത്രിയാണെന്ന് തിരിച്ചറിയുക പ്രയാസം.
കിലോമീറ്ററുകള്‍ താണ്ടി, കൂവോട് ആയുര്‍വ്വേദ ഗവേഷണ ആശുപത്രിയും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജും മൈന്‍ഡ് ആക്കാതെ നേരെ പയ്യന്നൂര്‍ക്ക് വച്ചു പിടിക്കാനുണ്ടായ ചേതോവികാരമെന്താണെന്ന് ഇവിടെ അഡ്മിറ്റായ അന്നുമുതല്‍ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ ചോദിച്ചു തുടങ്ങിയതാണ്. വ്യക്തമായൊരുത്തരം എന്റെ പക്കലുമില്ലാത്തതിനാല്‍ - വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോയെന്ന് പാതി എനിക്കും പാതി അവര്‍ക്കും കൊള്ളുന്ന കുസൃതിയുത്തരത്തില്‍ ഞാനവരെ ഒതുക്കി.
ആശുപത്രി ഗേറ്റിനു മുമ്പില്‍ നിന്നും ആരംഭിച്ച അമ്മയുടെ നെറ്റി ചുളിക്കല്‍ ഡോക്ടറെ കണ്ടപ്പോഴും, അഡ്മിറ്റാകണമെന്നാവശ്യപ്പെട്ടപ്പോഴും കൂടിക്കൂടി വന്നു. ഒടുവില്‍ വാര്‍ഡുകള്‍ മാത്രമുള്ള ഒരു ചെറിയ ആശുപത്രിയാണിതെന്നറിഞ്ഞപ്പോള്‍ അമ്മ സംശയത്തോടെ എന്നെ നോക്കി. ആദ്യമായി കാഴ്ചബംഗ്ലാവിലെത്തുന്ന കുട്ടിന്നയുടെ കൗതുകത്തില്‍ നില്‍ക്കുന്ന എന്നെ പിന്‍തിരിപ്പിക്കാനുള്ള അമ്മയുടെ കച്ചിത്തുരുമ്പായിരുന്നു ആ കാര്യം. അമ്മയ്ക്കറിയാം, പകല്‍ എങ്ങനെയൊക്കെ അര്‍മാദിച്ചാലും രാത്രി എന്റെ മാത്രമാകണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. എന്നില്‍ നിന്നും പ്രതികരണമൊന്നും കാണാതായപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു - പരിയാരത്തേക്കു തിരിച്ചു പോയാലോ? ഇവിടെ റൂമില്ലല്ലോ. എല്ലാത്തിനും എന്തേലും കാരണമുണ്ടാകും അമ്മേ....മറുപടിക്കുപകരം മകള്‍ ഫിലോസഫി പറഞ്ഞതു അമ്മയ്ക്കത്ര പിടിച്ചില്ല. നിന്റെയിഷ്ടം എന്ന വാക്കില്‍ എല്ലാം തീരുമാനിക്കപ്പെട്ടു. അത്യാവശ്യമുള്ളതെല്ലാം ചെയ്തിട്ട് രാവിലെ തന്നെ അമ്മ വീട്ടിലേക്ക് പോയി, നാളെ അവശ്യസാധനങ്ങളുമായി വരാമെന്നും പറഞ്ഞ്. ഞാന്‍ വാര്‍ഡിന്റെ വരാന്തയിലൊരു കസേരയില്‍ എനിക്കായി എഴുതപ്പെട്ട കട്ടിലിലെ രോഗി ഡിസ്ചാര്‍ജാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. പുതുപ്പെണ്ണിനെ കാണാന്‍ അയല്‍പക്കക്കാരെത്തുന്ന ആര്‍ജവത്തോടെ ഓരോരുത്തരായി വന്ന് അന്വേഷണവും ആരംഭിച്ചു. ആദ്യത്തെ അഞ്ചു ചോദ്യങ്ങള്‍ പൊതുവായതാണ്. അതുതന്നെ ഇരുപതോളം തവണ ആവര്‍ത്തിക്കപ്പെട്ടു. അവിടെയിരുന്ന മണിക്കൂറുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം എന്റെയുള്ളിലൊരു ആര്‍ത്തനാദം തന്നെ ഉണ്ടാക്കി. ഈശ്വരാ! വയസ്സിത്തള്ളമാരുടെ അയല്‍ക്കൂട്ടത്തില്‍ പെട്ട പോലെ. ഇനിയിവിടെ നില്‍ക്കണ്ടായെന്ന് അമ്മയോട് പറയാനും വയ്യ.. ഓഫീസില്‍ നിന്നും ശുഭ്രവസ്ത്രധാരിയായ ഒരാള്‍ ആവശ്യപ്പെട്ടു - റേഷന്‍ കാര്‍ഡ്. രണ്ടും കല്പിച്ച് ഞാനെന്റെ കയ്യിലിരുന്ന റേഷന്‍കാര്‍ഡിന്റെ കോപ്പി ചിരിച്ചുകൊണ്ടയാള്‍ക്കു നല്‍കി.
തൊട്ടടുത്ത കട്ടിലിലെ അന്നാമ്മച്ചി മുതല്‍ തുടങ്ങിയതാണ്. വാത്സല്യവും സ്‌നേഹവും വാരിക്കോരിത്തന്ന് കുറേ അമ്മമാര്‍ക്കു നടുവില്‍ ഇതിപ്പോള്‍ 33 ാം ദിവസം. പത്രക്കാരിയായതോടെ എന്നിലേക്കാവാഹിക്കപ്പെട്ട കപട പക്വതയും ഗൗരവവുമെല്ലാം ആദ്യത്തെ ചില ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പടംപൊഴിച്ചു കഴിഞ്ഞിരുന്നു. കൊഞ്ചിച്ചു വഷളാക്കപ്പെട്ടവളെന്ന അമ്മയുടെ പരാതി ദിവസവും കേള്‍ക്കാറുണ്ടായിരുന്ന ഞാന്‍ കൊഞ്ചുന്നതെങ്ങനെയെന്നു പോലും വിസ്മരിച്ചു പോയിരുന്നു. ഉറക്കെച്ചിരിക്കാനോ മുന്‍പുണ്ടായിരുന്ന പോലെ വട്ടുകള്‍ കാണിക്കാനോ സമയമോ സന്ദര്‍ഭമോ എനിക്കുണ്ടായിരുന്നില്ല. ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, പുല്ലിനേയും പുഴുവിനേയും, സുഹൃത്തിനേയും ശത്രുവിനേയും, കണ്ടതിനേയും കാണാത്തതിനേയും....അങ്ങനെ എല്ലാത്തിനേയും സ്‌നേഹിച്ചിരുന്ന എന്നില്‍ അവശേഷിച്ചത് എല്ലാത്തിനോടുമുണ്ടായ നിസ്സംഗതയില്‍ നിന്നുള്ള ശാന്തത മാത്രമായിരുന്നു.
ഓരോ കട്ടിലിലും പോയിരുന്ന് ഓരോ തരത്തില്‍ കൊഞ്ചുമ്പോള്‍, അവരില്‍ നിന്നും പലതരത്തിലുള്ള വാത്സല്യങ്ങള്‍ സ്വീകരിക്കുമ്പോള്‍, അവരിലൂടെ അവരുടെ വീട്ടുകാരുടേയും ഇഷ്ടം കാണുമ്പോള്‍, അടങ്ങിക്കിടക്കാത്തതിന് അവരെന്നെ ശകാരിക്കുമ്പോള്‍, മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ ......നന്ദിയുണ്ട് ചിലരോട്, ചിലതിനോട്, എന്നെ തിരിച്ചു നല്‍കിയതിന്....ഇനിയൊരു പത്രക്കാരിയിലേക്ക് അന്തര്‍മുഖയാകാന്‍ ഞാനില്ലെന്ന തീരുമാനത്തില്‍ ഉറപ്പിച്ചതിന്.
എന്റെ ഇവിടുത്തെ അമ്മമ്മമാരെല്ലാം പറയാറുണ്ട് ഞങ്ങള്‍ക്കു ഭേദമായില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞിക്ക് വേഗം ഭേദമാകണേയെന്ന് .. അവരറിയുന്നില്ലല്ലോ - അവരെ വിട്ടു പോകാന്‍ മനസ്സുവരാത്തതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് പൊയ്‌ക്കോളാന്‍ പറഞ്ഞ ഡോക്ടറോട് ഞാന്‍ ഒരു ഏഴു ദിവസം കൂടി ഏതെങ്കിലും ട്രീറ്റ്‌മെന്റ് നടത്തി എന്നെ ഇവിടെ കിടത്താന്‍ ആവശ്യപ്പെട്ടത്.
Tuesday, August 13, 2013
ഗുരുവേ നമഃ
അറുബോറന്‍ ബാങ്കുകളും ബാങ്ക് ഇടപാടുകളും എനിക്ക് അലര്‍ജിയായതുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഞാനാ പരിസരത്തു പോലും പോയിരുന്നില്ല. തൃശ്ശൂരില്‍ വന്നു കഴിഞ്ഞാണ്, ചില്ലറ ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുമായി പരിചയപ്പെട്ടു തുടങ്ങിയത്.ബോറന്‍മാര്‍ക്കു പറ്റിയ പണിയാണ് ബാങ്കുദ്യോഗം - ഇപ്പോഴും എന്റെയീ കാഴ്ചപ്പാടിന് മാറ്റമുണ്ടായിട്ടില്ല. അക്കങ്ങളുടെ നിലയില്ലാക്കയത്തില്‍ നീര്‍ക്കാംകുഴിയിട്ടിരിക്കുന്നവരില്‍ പലരും പലപ്പോഴായി തങ്ങള്‍ ബോറന്‍മാരാണെന്ന് തെളിയിക്കാറുമുണ്ട്. ബാങ്കുദ്യോഗസ്ഥര്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളില്ലേയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചു കഴിച്ച് അടച്ച വായ പിന്നീട് ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു വേണ്ടി മാത്രം തുറക്കാറുള്ള ചിലരെ കണ്ടിട്ടുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകള്‍ക്കുള്ളില്‍ കയറിയാല്‍ ഡംപ് ആന്റ് ഡഫ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പോലെ തോന്നും. സംശയങ്ങള്‍ ചോദിച്ചാലും കേട്ട മട്ടുണ്ടാവില്ല, കുറച്ചു കൂടി ഉറക്കെ ചോദിച്ചാല്‍ മാവേലി നാക്ക് പുറത്തു ചാടും - ഞാനിവിടെ ഒരു ജോലി ചെയ്യുന്നത് കണ്ടൂടെ? - തികച്ചും ന്യായമായ ചോദ്യമാണെന്നാണ് എന്റെ പക്ഷം. കാര്യം കണക്കിന്റെ കളിയാ, ഒന്നു ശ്രദ്ധ പതറിയാല്‍ ചിലപ്പോള്‍ വൈകീട്ട് പോക്ക് വൈകും. പത്തിന്റെ പത്തു നോട്ട് പോലും കൃത്യമായി എണ്ണാനൊക്കാത്ത എനിക്ക് ആ ചോദ്യം തികച്ചും ന്യായമായേ തോന്നൂ..
110 വേഗതയില്‍ പൊയ്‌ക്കോണ്ടിരിക്കുമ്പോഴായിരിക്കും മൊബൈല്‍ അടിക്കുക. വളരെ പതുക്കെ, ഫോണ്‍ ചെവിയിലോട്ട് വയ്ക്കുമ്പോള്‍ ചില അടിപ്പടങ്ങള്‍ ഓര്‍മ്മവരും. തുരുതുരാ അടിക്കുന്നതിനിടയ്ക്ക് ഒരു ഇടിവെട്ട് കറങ്ങിയടി മാത്രം സ്ലോമോഷനില്‍ കാണിക്കുന്ന സീന്‍. വാതില്‍ക്കല്‍ വരെ നീളുന്ന നിരയില്‍ ഓരോ കാലിലായി ബാലന്‍സ് മാറി മാറി നിന്ന് കഷ്ടപ്പെടുന്നവനെ കൊഞ്ഞനം കുത്തുന്ന പോലെ വിളി കുറച്ചു നീണ്ടേക്കാം. വളരെ പതുക്കെ ഫോണ്‍ കട്ട് ചെയ്ത് അതിനേക്കാള്‍ പതുക്കെ അത് മേശപ്പുറത്ത് വച്ച് വീണ്ടും 112 ല്‍ പണി തുടരും. പാദരക്ഷകള്‍ പുറത്ത് എന്നെഴുതിയ ബോര്‍ഡു പോലെ ചിരി പുറത്ത് എന്ന് തൂക്കിയിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു പോകും നമ്മള്‍. ബാങ്ക് മാനേജരെ കണ്ടാല്‍ ഹിമാലയസാനുക്കളില്‍ നിന്നും അപ്പോള്‍ ഇറങ്ങിവന്ന ഋഷിവര്യനെപ്പോലെ തോന്നും. എച്ച്. ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആറു മാസത്തിലൊരിക്കല്‍ കിട്ടുന്ന ട്രയിനിങ്ങിന്റെ ദിവ്യപ്രകാശം മുഖവലയം തീര്‍ത്തു നില്‍ക്കുന്നുണ്ടാകും. റിസേര്‍വ്വ് ബാങ്ക് നരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിമ്മിട്ടം ഈ മുഖങ്ങളില്‍ നേരിട്ട് ദര്‍ശിക്കാം.
കേരളമിന്ന് പണിമുടക്കുകയാണ്. നാട്ടിലെ റോഡുകളില്‍ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന പ്രതിഭാസത്തിനെതിരേയാണ് മുടക്ക്. ബാങ്കിനതൊന്നും ബാധകമല്ല. കാനറാ ബാങ്കില്‍ ചെന്നപ്പോള്‍ ചെറുപൂരത്തിനുള്ള ആളുകളുമുണ്ട്. ബാങ്കിന്റെ ഒത്ത നടുക്ക് നിരത്തിയിട്ടിരിക്കുന്ന ഇരുമ്പു കസേരകളിലൊന്നില്‍ സമാധാനമായി ചെന്നിരുന്നു. എന്റെ കാര്യം നടക്കാന്‍ ഇനിയും അരമുക്കാല്‍ മണിക്കൂറെടുക്കും. ഞാനിരിക്കുന്നത് നാലാമത്തെ കൗണ്ടറിന് നേരേ മുമ്പിലാണ്. എന്റെ നേരേയിരിക്കുന്ന ബാങ്കുദ്യോഗസ്ഥനെ ശ്രദ്ധിച്ചു. മെലിഞ്ഞ് പൊക്കമുള്ള ഒരു പഴഞ്ചന്‍..സത്യന്റെ സിനിമയിലെ ഹെയര്‍ സ്റ്റൈലും മീശയും. ഇട്ടിരിക്കുന്ന ഷര്‍ട്ടിനകത്ത് അടുത്തിരിക്കുന്ന രണ്ടു പേര്‍ കൂടി കയറും..ഇതിനു മുമ്പും പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇതുവരെ ചിരിക്കുന്നതോ വാ തുറക്കുന്നതോ കണ്ടിട്ടില്ല.. ഇടയ്ക്ക് തന്റെ ഗോള്‍ഡണ്‍ ഫ്രയിമുള്ള ചെറിയ ചതുരക്കണ്ണടയ്ക്ക് മുകളിലൂടെ അയാളെന്നെ നോക്കി. നോട്ടം മൂന്നോ നാലോ പ്രാവശ്യം ആവര്‍ത്തിച്ചു.
ഞാന്‍ പിന്നെ ശ്രദ്ധിക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ എഴുന്നേറ്റു നില്‍ക്കുകയാണ്. അയാള്‍ക്ക് മുന്നില്‍ നേര്യതുടുത്ത് സ്വര്‍ണ്ണത്തലമുടിയോടെ ഒരു അമ്മൂമ്മ. അല്പം വളഞ്ഞ്, ബഹുമാനത്തോടെ അയാള്‍ സംസാരിക്കുകയാണ്. എന്തൊരു മാറ്റം. ഇത്രനേരം ഞാന്‍ കണ്ട ആളേ അല്ല. ചിരിച്ച് സന്തോഷത്തോടെ സംസാരിക്കുന്ന അയാള്‍. ഇടയ്ക്ക് ടീച്ചറേ എന്നുള്ള അഭിസംബോധനയിലാണ് മുന്നില്‍ നില്‍ക്കുന്നത് അയാളുടെ അധ്യാപികയാണെന്ന് മനസ്സിലായത്. ജോലി ചെയ്‌തോളൂ എന്ന് ടീച്ചര്‍ അനുവദിച്ചിട്ടും അയാള്‍ക്ക് ഇരിക്കാന്‍ മടി. ടീച്ചര്‍ നിര്‍ബന്ധിച്ചപ്പോള്‍ ജാള്യതയോടെ അയാള്‍ കസേരയുടെ അറ്റത്ത് മാത്രമായി ഇരുന്നു. ടീച്ചര്‍ തിരിച്ചു പോകുമ്പോഴും അയാള്‍ എണീറ്റ് യാത്രയാക്കി.
എണ്‍പതു വയസ്സു കഴിഞ്ഞ ടീച്ചറിനുമുമ്പില്‍ നിമിഷമാത്രയില്‍ വള്ളിനിക്കറിനകത്തേക്ക് ചുരുങ്ങാന്‍ കഴിഞ്ഞ മധ്യവയസ്‌കന്റെ സംസ്‌കാരത്തോട് ബഹുമാനം തോന്നി. ചുട്ടയിലയാള്‍ ശീലിച്ച നന്മ മങ്ങലേല്‍ക്കാതെ അയാള്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. പുറമേ പരുക്കനായും അകമേ സംസ്‌കാരസമ്പന്നവുമായ പഴയ തലമുറയില്‍ നിന്നും പുറമേ ജോളിയും അകമേ ശൂന്യവുമായ എന്റെ തലമുറയിലേക്ക് ഞാന്‍ തലകുനിച്ചു.
Friday, August 9, 2013
നേരാന്‍ മറന്ന ആശംസ
വെറുതേ നടക്കാനിറങ്ങിയതായിരുന്നു. മഴക്കാറുള്ള സന്ധ്യകളുടെ ചാരനിറത്തില്‍ മുങ്ങിയങ്ങനെ നടക്കാന്‍ വല്ലാത്ത കൊതിയാണെന്നും. ഇപ്പോ പൊട്ടുമെന്ന മട്ടില്‍ വയറും വീര്‍ത്തിരിക്കുന്ന കറുത്ത കാര്‍മേഘങ്ങളെ ഇടയ്ക്കിടെ നോക്കി, ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച്, തല കുനിച്ച്, മുഖത്തേക്ക് വീഴുന്ന മുടിയിഴകളൊതുക്കാന്‍ തുനിയാതെ ഒന്നും കേള്‍ക്കാതെയും കാണാതെയുമുള്ള നടത്തം. എവിടെ വരെയെത്തിയെന്നോ, എന്താണ് ചുറ്റും സംഭവിക്കുന്നതെന്നോ അറിയാറില്ല. വല്ലാത്ത സുഖമുള്ള നടത്തത്തിലായിരുന്നു ഇന്നലെയും. കൈയ്യില്‍ അസൗകര്യമായി രണ്ടു പുസ്തകങ്ങളുണ്ടായത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. നടത്തം കൂടുതല്‍ നേരമുണ്ടായില്ല. പാര്‍ക്കിലെ ഒഴിഞ്ഞ ബഞ്ചില്‍ കടലയും കൊറിച്ചിരുപ്പായി. വാച്ച്മാന്‍ വന്ന് പറയും വരെ അവിടെത്തന്നെയിരുന്നു. രാത്രി തിരിച്ച് നടക്കുന്നതിനിടയില്‍ പെട്ടന്ന് തോന്നിയ ഒരാശയമായിരുന്നു കാപ്പി കുടിക്കാന്‍.. ഒറ്റയ്ക്ക് ഹോട്ടലില്‍ കയറുന്ന പതിവില്ല, എന്നിട്ടും ഒരു തോന്നലില്‍ കാപ്പി കുടിക്കാന്‍ തന്നെ തീരുമാനിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ ഇടയ്‌ക്കൊക്കെ കൂട്ടുകാരോടൊപ്പം കയറാറുള്ള ഹോട്ടലില്‍ കയറി. വെളുത്ത കോപ്പ കപ്പിലെ കാപ്പിക്കുവേണ്ടി ഞാന്‍ കാത്തിരുന്നു.
എന്റെ സ്വകാര്യതയിലേക്ക് വല്ലവരും കയറിയോയെന്നന്വേഷിക്കാന്‍ മൊബൈലെടുത്ത് പരിശോധിക്കുകയായിരുന്നു ഞാന്‍. ക്ലിം.....ചില്ലുപാത്രം നിലത്തു വീണ് പൊട്ടിച്ചിതറിയ ശബ്ദം. പുറകേ തന്നെ ഒരു നിലവിളിയും.. നോക്കുമ്പോള്‍ പതിനേഴ് വയസ്സ് പ്രായം തോന്നുന്ന ഒരു കൗമാരക്കാരന്‍. പകച്ച് നില്‍ക്കുന്ന അവന്റെ കാല്‍ച്ചോട്ടില്‍ മത്താപ്പൂ പടക്കത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന തരത്തില്‍ ഗ്ലാസ്സുകള്‍ ചിതറിക്കിടക്കുന്നു. രണ്ടോ മൂന്നോ ഗ്ലാസ്സുണ്ടാകണം. അനങ്ങാതെ നില്‍ക്കുന്ന അവനേയും നിലത്തേക്കും മാറി മാറി നോക്കുകയാണ് എല്ലാവരും. രണ്ട് സെക്കന്റ്....ഓടി വന്നൊരാള്‍ അവനെ പിടിച്ചു തിരിച്ചു നിര്‍ത്തിയതും കരണക്കുറ്റിക്ക് ഓങ്ങിയൊന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു.
എന്റെ തൊട്ടടുത്തിരുന്ന മേശയിലെ രണ്ടു ചെറുപ്പക്കാര്‍ അറിയാതെ ചാടിയെണീറ്റു. വേറൊരു മേശയ്ക്കരികിലെ യുവതി പെട്ടന്ന് തല തിരിച്ചു. പലരുടേയും കൈകള്‍ അരുതെന്ന അര്‍ത്ഥത്തില്‍ നീണ്ടുപോയി.. ശ്ശൊ എന്ന ശബ്ദത്തിന്റെ മാറ്റൊലികള്‍ കുറേ നേരത്തേക്ക് കേട്ടു..ഹോട്ടലിലേക്ക് കയറാന്‍ തുടങ്ങിയവര്‍ അവിടെത്തന്നെ നിന്നു. അടുക്കളയില്‍ നിന്നും തലകള്‍ പുറത്തേക്ക് നീണ്ടു. അവന്റെ സഹപ്രവര്‍ത്തകര്‍ തലതാഴ്ത്തി. എന്റെ പ്രതികരണം എന്തായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒന്നുറപ്പ്, എല്ലാവരുടേയും ചില നിമിഷങ്ങള്‍ നിശ്ചലമായിപ്പോയിരുന്നു - ഒരാളുടേതൊഴിച്ച്!..ക്യാഷ് കൗണ്ടറിലിരുന്ന് കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തിരുന്നയാള്‍ ഒഴിച്ച്. കണ്ണടയ്ക്കു മുകളിലൂടെ ഒളിക്കണ്ണെറിഞ്ഞ് അയാള്‍ തന്റെ കിഴിക്കലുകളിലേക്ക് തിരിച്ചു.
ഏതു പിച്ചക്കാരനും മാനദണ്ഡങ്ങളോടെയാണെങ്കിലും അഭിമാനമുണ്ടാകില്ലേ. എച്ചില്‍ വാരുന്ന ഈ ചെറുക്കന്റെ കണ്ണില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനയും ശമ്പളത്തിലെ നഷ്ടത്തിന്റെ ദുഃഖവും വ്യക്തമായി കണ്ടു. കാപ്പി കുടിക്കാന്‍ നില്‍ക്കാതെ ഇറങ്ങി നടക്കുന്നതിനിടയില്‍ വയനാട്ടിലെ ഹോട്ടലില്‍ ഉണ്ടായ സമാന സന്ദര്‍ഭം ഓര്‍മ്മ വന്നു. കയ്യില്‍ നിന്നും വീണുപോയ ഗ്ലാസ്സും നോക്കി പേടിച്ചു നി്ന്ന ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ട്, എന്താടാ നോക്കി നില്‍ക്കുന്നെ. വാരിക്കളഞ്ഞിട്ട് അടുത്ത പണി നോക്കെടായെന്ന് ചിരിച്ചു കൊണ്ടു പറഞ്ഞ മാനേജരേയും ഓര്‍മ്മിച്ചു. പിന്നേയും രണ്ടു മൂന്ന് തവണ കൂടി അവനെ കളിയാക്കി, അവനെ സമനിലയിലേക്കെത്തിക്കാന്‍ സഹായിച്ച ആ മാനേജരെ ഞാന്‍ മനസ്സില്‍ നല്ല വാക്കുകള്‍ക്കൊണ്ട് അഭിനന്ദിച്ചു. ലാഭനഷ്ടങ്ങള്‍ക്കു മീതെ മനുഷ്യത്വമുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍ക്ക് അന്നേ പറയേണ്ടിയിരുന്ന നല്ല ആശംസകള്‍ വൈകിയാണെങ്കിലും മനസ്സില്‍ നേര്‍ന്നു.
Thursday, July 11, 2013
തുഴച്ചില്‍ക്കാരന്റെ തത്വശാസ്ത്രം
സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് അടി മുകളിലുള്ള തടാകത്തില്‍ നിന്നും പല ആയിരം അടിയോളം മുകളിലേക്കുയര്‍ന്ന് എന്നെ വീണ്ടും വീണ്ടും ചെറുതാക്കിയ രാജീവ് എന്ന തുഴച്ചില്‍ക്കാരന് വേണ്ടി........
വയനാട്ടിലെ പൂക്കോട് തടാകത്തിലേക്ക് രാവിലെ ചെല്ലുമ്പോള്‍ ഭാഗ്യമെന്ന പോലെ ബോട്ടില്‍ കയറാന്‍ കൂപ്പണ്‍ കിട്ടി. ഏഴു പേര്‍ക്കുള്ള ബോട്ടിലേക്ക് ഞങ്ങള്‍ മൂന്ന് പേര് പോര, കൂട്ടിന് തമിഴ് നാട്ടില്‍ നിന്നും വന്ന കുടുംബവും കൂടി. ബോട്ടിലേക്ക് കയറി ഏറ്റവും പുറകിലെ ഒറ്റ സീറ്റില്‍ ഞാന്‍ ഇരുന്നു. മുന്നിലായി കൂടെയുള്ളവരും....ആകെ, ഏഴു മുതിര്‍ന്നവരും രണ്ടു കുട്ടികളും... തുഴയുന്നവന്റെ കൈയ്ക്ക് മൂന്നാളുടെ ശക്തിയും പോരാതെ വരുമെന്നു തോന്നി.. പക്ഷേ തുഴച്ചില്‍ക്കാരന്‍ ചെറിയ വടിയുടെ അറ്റത്തു രണ്ടു വട്ടം കറക്കിയെടുത്തപ്പോഴേ ബോട്ട് ഉണര്‍ന്നു.
ഓരോരുത്തരുടെ പേര് ചോദിച്ചു തുടങ്ങിയ തുഴച്ചില്‍ക്കാരനോട് ആദ്യ നിമിഷങ്ങളില്‍ ഒരിത്തിരി നീരസം തോന്നാതിരുന്നില്ല... ആള്‍ക്കൂട്ടത്തില്‍ നിശബ്ദമാകാനുള്ള ജാഡ ശീലിച്ചെടുത്ത ഞങ്ങള്‍ക്കത് അലോസരമായില്ലെങ്കിലേ അതിശയമുള്ളൂ...ഇനിയുള്ള 20 മിനിട്ട് സഹിക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു മനസ്സില്‍. കൈയ്യിലെ ക്യാമറയും, കട്ടി കണ്ണടയും, ജൂബ്ബയും - പത്രപ്രവര്‍ത്തകയുടെ എല്ലാ ടച്ചുമുള്ള എന്നെ അയാള്‍ ചോദ്യം കൊണ്ട് ആക്രമിക്കാന്‍ അധിക താമസമുണ്ടായില്ല..എന്തുകൊണ്ട് പൂക്കോട് തടാകം ഇത്ര പ്രശസ്തമായി എന്ന്എന്താ ചോദിക്കാത്തെ എന്നതായിരുന്നു അയാളുടെ ആദ്യ സംശയം. അയാള്‍ തന്നെ അതിനു മറുപടിയും പറഞ്ഞു...സമുദ്ര നിരപ്പില്‍ നിന്നും 2290 അടി മുകളില്‍ എങ്ങു നിന്നും വെള്ളം ഒഴുകിയെത്താതെ എങ്ങനെ അഞ്ചു നില കെട്ടിടത്തോളം ആഴമുള്ള ഒരു തടാകമുണ്ടായി! ഈ തടാകത്തിന് ഇന്ത്യാ ഭൂപടത്തിന്റെ രൂപം എങ്ങനെയുണ്ടായി!ഈ തടാകത്തിലെ ജലം ഇന്നും ശുദ്ധജലമായി തുടരുന്നതെങ്ങനെ!
എല്ലാം പ്രകൃതിയുടെ ലീലാവിലാസം! പൂക്കോട് തടാകത്തിനെ അതിശയമായിട്ടാണ് അയാള്‍ കാണുന്നത്. സൃഷ്ടിസൗന്ദര്യമെന്നും.
വയനാടിന്റെ എട്ടര ഹെക്ടര്‍ മാത്രമുള്ള ഈ തടാകത്തിനു മുകളിലൂടെ ദിവസവും അമ്പതും അറുപതും തവണ സഞ്ചാരികളേയും കയറ്റി റൗണ്ടടിക്കുന്ന ഈ തുഴച്ചില്‍ ജോലിയെ അയാളെങ്ങനെ ഇത്രമാത്രം പ്രണയിക്കുന്നു?. അതിനേക്കാള്‍ ശമ്പളമുള്ള, ഗ്ലാമറുള്ള, സുഖമുള്ള ജോലിയില്‍ മനംമടുത്തു പോകുന്ന എന്നെ ഞാന്‍ അയാളോട് ചേര്‍ത്ത് വച്ച് നോക്കി.
തന്റെ മുന്നിലിരിക്കുന്നവരില്‍ പലതരം സാധ്യതകള്‍ കണ്ടെത്തുകയാണ് അദ്ദേഹം. പുതിയ മുഖങ്ങളിലും പരിചയങ്ങളിലും പുതുമയുള്ള ചിലതിനെ തിരയുകയാണ്. തനിക്കു മുന്നിലെത്തുന്നവരുടെ യാത്രാനുഭവങ്ങളും അവരുടെ ജീവിതസഞ്ചാരങ്ങളും ഇദ്ദേഹത്തെ കൂടുതല്‍ കുതൂഹിയാക്കുന്നു. അവരുടെ അനുഭവങ്ങളിലൂടെ മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്ത്, അനുഭവസ്ഥനാകുന്നു. അവരുടെ വാക്കുകള്‍ക്കിടയില്‍ നിന്നും പുതിയൊരു അറിവിനു വേണ്ടി പരതുന്നു. അങ്ങനെ, ലോകമെമ്പാടും യാത്ര ചെയ്തവരേപ്പോലെയും തത്വജ്ഞാനികളേപ്പോലെയും സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളേക്കുറിച്ചും വീടിനേക്കുറിച്ചും വാചാലനായി. ചാവുകടല്‍ തന്റെ കൊച്ചുവീട്ടിലെ അലമാരയ്ക്കുള്ളിലെത്തിയതിന്റെ ഗര്‍വ്വം മുഖത്തും തിരയടിച്ചു. ഇതുപോലെയുള്ള ഒരു ഇരുപതു മിനിട്ടു ബോട്ടുസഞ്ചാരത്തിനിടയില്‍ പരിചയപ്പെട്ട രണ്ടു പേരുമായുള്ള സൗഹൃദമാണ് അതിനു കാരണം. അപൂര്‍വ്വമായതൊക്കെ ശേഖരിക്കുന്ന അപൂര്‍വ്വ വിനോദവുമുണ്ട് ഇയാള്‍ക്ക്. വീട്ടിലെ ശേഖരങ്ങള്‍ കാണാന്‍ സ്‌നേഹത്തോടെ ക്ഷണിക്കുകയും ചെയ്തു.
ഇതിനിടയില്‍ തന്റെ ജോലിയോട് 110 ശതമാനവും നീതി പുലര്‍ത്തുന്നതിനേക്കുറിച്ചും പറഞ്ഞു. വെറുതേ ബോട്ടില്‍ കയറ്റി ചുറ്റിച്ചു കാണിക്കുകയല്ല, ഈ തടാകത്തിന്റെ വിശേഷവും വിശേഷണവും വിവരിച്ചു കൊടുക്കും. അവര്‍ ചോദിച്ചാലും ഇല്ലെങ്കിലും. അതിനു ഹിന്ദിയും ഇംഗ്ലീഷും തമിഴും എല്ലാം കൈവശമുണ്ട്.
മിനിട്ടുകള്‍ മാത്രമുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ഒരിക്കലും മറക്കാനാവാത്ത വിധം ഞങ്ങളുടെ മനസ്സിലേക്ക് കയറാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചെറുതോ വലുതോ എന്നല്ല, ചെയ്യുന്നതില്‍ നമ്മുടെ കയ്യൊപ്പ് പതിപ്പിക്കാന്‍ കഴിയുന്നതിലാണ് മിടുക്കെന്ന് അയാള്‍ പറയാതെ പറയുകയായിരുന്നു.
തടാകക്കരയിലിരുന്ന് കാറ്റു കൊണ്ടിരുന്ന രണ്ട് വൃദ്ധദമ്പതികള്‍ക്കു നേരെ അയാള്‍ കൈവീശി. അവര്‍ തിരിച്ചും. ഞങ്ങള്‍ക്കു തൊട്ടുമുമ്പ് ബോട്ടില്‍ യാത്ര ചെയ്തവരായിരുന്നു അവര്‍. ഇന്നത്തെ സൗഹൃദ ശേഖരത്തിലേക്കുള്ള അയാളുടെ പുതിയ മുത്തുകള്‍..
Monday, April 15, 2013
പന്ത്രണ്ട് വയസ്സുള്ള പുരുഷന്‍
ഇന്നൊരു അസാമാന്യ ദിവസമായിരുന്നു. എന്റെ ഫഌറ്റിലെ ഒരു മുറിയിലെ കത്തുന്ന പ്രകാശത്തില്‍ സുഖമായി ഉറങ്ങുന്ന പുരുഷനെ നോക്കി ഞാന്‍ നിന്നു. പന്ത്രണ്ടു വയസ്സുള്ള അവനെ നോക്കി ഒരു പുരുഷനാണെന്ന് കരുതാന്‍ മാത്രം വലുപ്പമുള്ള (അതോ ചെറുതോ) ഒരു മനസ്സെനിക്കില്ലാതെ പോയല്ലോ എന്നോര്‍ത്തു. ലൈറ്റ് അണച്ചാല്‍ ഭയപ്പെടുന്ന, വീട്ടില്‍ അച്ഛനേയും അമ്മയേയും കണ്ടില്ലെങ്കില്‍ ഞാന്‍ പേടിച്ച് കരയുമെന്ന് സ്വയം സമ്മതിച്ച അവനേയും തെറ്റായിക്കാണാന്‍ മാത്രം ക്രൂരതയുള്ള അയല്‍ക്കാര്‍ എനിക്കു ചുറ്റിലുമുണ്ടാകുമോ?
എല്ലാ ശനിയാഴ്ചയും ഞാന്‍ പോകാറുള്ള ശിവപുരം കോളനിയിലെ കുരുന്നുകളിലൊന്നാണ് ഇവനും. നന്നായി വരയ്ക്കുന്ന അച്ചടക്കമുള്ള ഇവനെ തൃശ്ശൂര് സംഘടിപ്പിക്കുന്ന ക്യാംപില്‍ ചേര്‍ത്തത് ഞാനാണ്. ആ കോളനിയിലെ ഒരു കുട്ടിക്കും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത ഒരു ക്യാംപിലേക്കാണ് സൗജന്യമായി പങ്കെടുക്കാന്‍ ഇവനെ തെരഞ്ഞെടുത്തത്. അതിന് സഹായിച്ചത് എന്റെ സഹപ്രവര്‍ത്തകനും. രാവിലെ 9 മണിക്കു കൂലിപ്പണിക്കു പോകുന്ന അച്ഛനും അമ്മയ്ക്കും ഇവനെ ക്യാംപ് നടത്തുന്ന സ്ഥലം വരെ കൊണ്ടു വന്നു വിടാനോ, തിരിച്ച് കൊണ്ടു പോകാനോ കഴിയില്ല. ഈ നിവൃത്തികേട് കൊണ്ട് അവന്റെ ഭാഗ്യം തട്ടിത്തെറിച്ചു പോകണ്ടയെന്ന് കരുതി ഞാന്‍ സമ്മതിച്ചു - എന്റെ കൂടെ താമസിച്ചോട്ടെ - തൃശ്ശൂര്‍ നഗരത്തില്‍ തന്നെയുള്ള ഫഌറ്റില്‍ ജീവിക്കുന്ന എനിക്ക് അതൊരു ബാധ്യതയാകില്ലയെന്ന് നന്നായറിഞ്ഞു തന്നെയാണ് സമ്മതിച്ചത്.
ഫഌറ്റിലെത്തി, എന്റെ പുറകില്‍ നിന്നും അവന്‍ മാറുന്നുണ്ടായിരുന്നില്ല. പകല്‍ നടന്ന ക്യാംപിലെ വിശേഷങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല്. ഇതിനിടയില്‍ അവന്റെ വീട്ടില്‍ നിന്നും അമ്മയും മേമയും എന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു. അമ്മയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെടുത്ത അനിയന്‍ ഉണ്ണി, അടുത്ത വീട്ടിലെ കീര്‍ത്തന, പാപ്പന്റെ മോള്, മാമന്‍, മേമ, അമ്മമ്മ അങ്ങനെ എട്ടോ പത്തോ പേരുടെ കൈകളിലേക്ക് മറുതലയ്ക്കലെ ഫോണ്‍ ചാടിക്കളിക്കുന്നത് ഇവിടെ നിന്ന് ഇവന്‍ പറയുന്ന വിളികള്‍ കേട്ടാല്‍ അറിയാം. ആദ്യത്തെ ഘട്ടം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: 'ആദ്യായിട്ടാ ഞാന്‍ മാറി നിക്കണേ...'
വെള്ളം മാറിക്കുളിച്ചാല്‍ പനിക്കുമോ? എന്നും ചോദിച്ച്, അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങിയ ഒരു നുള്ള് രാസ്‌നാദിപ്പൊടി തലയില്‍ തിരുമ്മാനായി ചെന്നപ്പോള്‍ തടുത്തു. 'ഞാന്‍ തല നനച്ചില്ല ചേച്ചീ.. അമ്മ പറഞ്ഞു തല നനയ്ക്കണ്ടായെന്ന്...'. മുന്‍കരുതലെടുക്കാനും ഓര്‍മ്മിപ്പിക്കാനും അമ്മയുള്ളപ്പോള്‍ രാസ്‌നാദിപ്പൊടിക്കെന്തു സ്ഥാനം എന്നോര്‍ത്ത് ഞാന്‍ പുഞ്ചിരിച്ചു. 'ചേച്ചിക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയില്ലേ? അയ്യോ, ഞാനൊക്കെയാണേല്‍ കരയും..'.എന്നിട്ട് പണ്ടൊരിക്കല്‍ വണ്ടിയോടിക്കുന്ന മാമന്റെ വീട്ടില്‍ പോയി ഒറ്റയ്ക്കിരിക്കേണ്ടി വന്ന ദിവസം വിവരിച്ചു. പേടിച്ചു വിറച്ചിരുന്ന്, മാമന്‍ വന്നപ്പോള്‍ വാവിട്ട് നിലവിളിച്ച അവനേക്കുറിച്ച് പറഞ്ഞ് അവന്‍ തന്നെ ചമ്മിച്ചിരിച്ചു. പിന്നേയും ഒരു ഫോണ്‍ കൂടി വന്നു. ഏട്ടനെ കാണാതെ വിഷമിച്ച് കരയുന്ന പാപ്പന്റെ കുട്ടിക്കു വേണ്ടി വിളിച്ചതായിരുന്നു അത്. കറപറ്റാത്ത സ്‌നേഹത്തിന്റെ മണിയടികളായിരുന്നു അവ.
ആ നിഷ്‌ക്കളങ്കതയിലേക്ക് കല്ലു പെറുക്കിയെറിയാന്‍ തോന്നിയ സുഹൃത്തിനോട് എനിക്ക് വേദന തോന്നി. ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞപ്പോള്‍ അറിയാതെ വാ പൊളിച്ചുപോയി. അഞ്ചു ദിവസം ഇനി ഈ കുട്ടി എന്റെ കൂടെയുണ്ടാകുമെന്ന് അറിഞ്ഞതോടെ നിയന്ത്രണം വിട്ട സുഹൃത്തിന്റെ ദേഷ്യത്തിനു മുന്നില്‍ മിണ്ടാനാകാതെ നിന്നു. തോന്ന്യാസമെന്ന വാക്കിനുള്ളില്‍ എന്റെ പ്രവൃത്തിയെ ഒതുക്കാന്‍ കഴിയാതെ മറ്റു പല വിശദീകരണങ്ങളും തന്നു. മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് പറഞ്ഞപ്പോള്‍ അറിയാതെ പറഞ്ഞു പോയി ' വെറും പന്ത്രണ്ടു വയസ്സ്'..വയസ്സല്ല കാര്യം..ഇന്നത്തെ കാലത്ത് അതൊന്നും ഒരു വലിയ കാര്യമല്ല. നീ വലിയ അരുന്ധതി റോയി ഒന്നും ആകണ്ട....
പിന്നെയും ഞാന്‍ പിറുപിറുത്തു - വെറും പന്ത്രണ്ടു വയസ്സ്....
പറഞ്ഞ വഴക്കുകളൊക്കെ കണ്ണടച്ച് നിന്ന് കേട്ടു.... തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല, അവജ്ഞയോടെ ഞാന്‍ എന്നെ നോക്കി..ശരിയാണ് ഞാന്‍ ജീവിക്കുന്നത് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയേയും പീഡിപ്പിക്കുന്ന തെരുവുകളുള്ള നാട്ടിലാണ്.. കാമവൈകൃതം മരപ്പൊത്തില്‍ മറയ്ക്കാന്‍ ശ്രമിച്ച പതിമൂന്നുകാരന്റെ നാടാണ്...എല്ലാമറിയാം...എന്നാലും, നമുക്കെന്തേ നല്ലതൊന്നും ചിന്തിക്കാന്‍ കഴിയാതെ പോകുന്നൂ...തിന്മകളേക്കുറിച്ചുള്ള അമിതമായ അറിവ്, നന്മ ചെയ്യുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നില്ലേ...തിരിച്ചറിയാന്‍ കഴിയുന്ന നന്മകളേയും അകറ്റിയോടിക്കുന്നതെന്തേ? തെറ്റാണ് വര്‍ദ്ധിക്കുന്നതെങ്കില്‍ അതിനൊപ്പം ശരി ചെയ്ത് മത്സരിക്കാന്‍ എന്തേ നമുക്ക് കഴിയുന്നില്ല!....
രാത്രി പന്ത്രണ്ട് മണിക്ക് ധന്യയുടെ ഫോണ്‍ വന്നു...അവള്‍ക്ക് ഈയാഴ്ച നൈറ്റ് ഡ്യൂട്ടിയാണ്, എന്റെ കൂടെയായിരിക്കും താമസം..പെട്ടന്നൊരു തണുപ്പ് തലയിലേക്ക് പടര്‍ന്നു, പക്ഷേ ഹൃദയമൊന്ന് വീര്‍ത്തുയര്‍ന്നു - ഈശ്വരാ, ധന്യ കൂടി വീട്ടിലുണ്ടാകുമെന്നത് എനിക്ക് ആശ്വാസം തരുന്നെങ്കില്‍ അതിനര്‍ത്ഥം ഞാനും ഇവര്‍ പറഞ്ഞതു വിശ്വസിച്ചു എന്നാണോ....??? ...മനസ്സു വിട്ട് ഊര്‍ന്നു പോകുന്ന നന്മയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ കിതച്ചു.
Thursday, April 11, 2013
കുടുംബത്തില്‍ പിറന്നത്
6 മണി കഴിഞ്ഞ് ആര്‍ക്കു വേണ്ടിയും തുറക്കാത്ത ക്ലാരമഠത്തിന്റെ പ്രതാപം ഞാന്‍ കേട്ടിട്ടുണ്ട്. കെട്ടിപ്പൂട്ടിയ കരിങ്കല്ലുകള്‍ക്കുള്ളില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് ജീവിക്കുന്നവരാണത്രേ. ആണ്ടിലൊരിക്കല്‍ കാണാന്‍ ചെല്ലുന്ന അപ്പനെയും അമ്മയേയും വരെ കമ്പി വലയ്ക്കപ്പുറത്തു നിര്‍ത്തുന്ന ലൗകീക വിരക്തിയുള്ളവര്‍.. തീക്കോയിയില്‍ ബസ്സിറങ്ങി എഫ്.സി കോണ്‍വെന്റ് എന്നു ബോര്‍ഡു കണ്ട ടാറിട്ട റോഡിലേക്ക് തിരിഞ്ഞപ്പോള്‍ വാച്ചില്‍ 7 മണിയും കഴിഞ്ഞു. നടന്നും ഓടിയും മഠത്തിലേക്കുള്ള പടിക്കെട്ടിന്റെ തുടക്കം വരെയെത്തി നിന്നു. കെട്ടിടത്തിന്റെ മൂലയില്‍ ആരും അടിക്കല്ലേയെന്ന് കരഞ്ഞ് നില്‍ക്കുന്ന വലിയ മണിയും, അവനിട്ടൊന്ന് കൊടുക്കെന്ന ഭാവത്തില്‍ താഴോട്ട് തൂങ്ങുന്ന വള്ളിയും എന്നെ മിശ്ര വികാരങ്ങളോടെ നോക്കി. മണിയടിക്കാന്‍ ധൈര്യം പോര. അച്ചടക്ക ലംഘനത്തിന് മഠം മദറിന്റെ അടുത്തൂന്ന് ശിക്ഷ വാങ്ങാനുള്ള സമയം എനിക്കില്ല. ചുറ്റും നോക്കി, ഒരില പോലും അനങ്ങുന്നില്ല. തോര്‍ന്നു പോയ മഴയില്‍ ഇറ്റു വീഴാന്‍ തയ്യാറായി നിന്ന തുള്ളികളെ പോലും ശാസിച്ചു നിര്‍ത്തിയിരിക്കുകയാണ്. മഠത്തിനകത്തുള്ള ചിട്ട ഇവരും ശീലിച്ചെടുത്തിരിക്കുന്നോ? രണ്ടും കല്പിച്ച് നട കയറി മഠത്തിന്റെ മുറ്റത്തേക്ക്, വിതറിയിട്ടിരിക്കുന്ന ചരലില്‍ എത്ര ശ്രമിച്ചിട്ടും നിശബ്ദമാകാന്‍ കഴിഞ്ഞില്ല. പ്രധാന വാതിലിന്റെ നേരേ നോക്കി നിന്നു. കോളിങ് ബെല്ലില്ല. ചാപ്പലിന്റെ ജനാലയ്ക്കലേക്ക് എണീറ്റു വന്ന നിഴലിനോട് , ജോസ് മേരിയമ്മയെ കാണാനാ എന്നു പറഞ്ഞു. അഞ്ചു സെക്കന്റു പോലും താമസിച്ചില്ല. കറുത്ത മുഖത്തോടെ മേരിച്ചേച്ചി വന്നു. വെളു വെളുത്ത മേരിച്ചേച്ചീടെ മുഖം ഇത്രയ്ക്ക് കറുക്കുമെന്ന് ആ സന്ധ്യയ്ക്ക് മനസ്സിലായി. അകത്തേക്ക് കയറാന്‍ നില്‍ക്കാതെ, കൊടുക്കാനുള്ളത് കൊടുത്ത് തിരിച്ചിറങ്ങി. വാതിലില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പറഞ്ഞത് - ആള്‍ക്കാര്‍ കൊച്ചാക്കും എന്നാണ്. മനസ്സിലാകാത്ത പോലെ നോക്കിയ എന്നോട് ഒന്നുകൂടി പറഞ്ഞു - എന്നെ ആള്‍ക്കാര്‍ കൊച്ചാക്കി കാണും.
കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഞാനിപ്പോള്‍ ചെയ്തത്. ആറു മണി കഴിഞ്ഞ് വീടിനു പുറത്തിറങ്ങുന്ന ഏതു പെണ്ണും കുടുംബത്തില്‍ പിറക്കാത്തവരുടെ പട്ടികയിലേക്ക് കുടിയിരുത്തപ്പെടുമെന്ന കാര്യം ഞാന്‍ വിട്ടു പോയതാണ്. സ്ഥലം പാലാ ആണ്. അച്ചായത്തികളുടെ ധൈര്യത്തിനും കരുത്തിനും പുകള്‍പെറ്റ പാലാ. അച്ചായത്തികളുടെ കരുത്തറിഞ്ഞത് വടക്കന്‍ ജില്ലകളാണ്. കാടു മെതിച്ച് വിത്തെറിഞ്ഞ് വിളവെടുക്കുന്നതു വരെ അവളുടെ കരുത്ത് നാടും വീടും അറിയും. അത് കുടുംബത്തിലായാലും മണ്ണിലായാലും. പത്തും പന്ത്രണ്ടും പെറുകയും ഇവറ്റങ്ങളെയൊക്കെ മലമ്പനിയില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപെടുത്തുമ്പോഴും അവള്‍ കരുത്തറിയിച്ചു. അന്തിപ്പണിയും കഴിഞ്ഞ് വാറ്റിന്റെ ചൂരില്‍ പുറം തല്ലിപ്പൊളിക്കുന്ന കെട്ടിയോന്റെ കൈക്കരുത്തിനു മുന്നില്‍ ഇവളോളം പിടിച്ചു നില്‍ക്കാന്‍ ഒരു വടക്കത്തിക്കും പറ്റില്ലായിരുന്നു. ഒരു പണിയുമെടുക്കാത്ത ഉണ്ണാക്കന്‍മാരെയും ഇവര്‍ പണിയെടുത്ത് നാട്ടിലെ പ്രമാണികളാക്കി. ഞാനറിഞ്ഞ അച്ചായത്തി കരുത്തിന്റെ കഥകള്‍ക്കേറ്റ ആദ്യത്തെ ക്ഷതമായിരുന്നു കോട്ടയത്തുണ്ടായിരുന്ന ഒരു വര്‍ഷത്തെ അനുഭവങ്ങള്‍. ആറു മണി കഴിഞ്ഞാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളും, എട്ടു മണിയാകുമ്പോഴേക്കും അടഞ്ഞു കിടക്കുന്ന കടകളും പരിചയമാകാന്‍ ഏറെ സമയമെടുത്തു.
ഇരുട്ടില്‍ നാലു പേര്‍ക്കു കയറിയിരിക്കാന്‍ പറ്റുന്ന ആ ചെറിയ ബസ് ഷെഡ്ഡില്‍ ഞാനിരുന്നു. ഇന്നത്തെ യാത്രയുടെ മുഴുവന്‍ പരാക്രമങ്ങളും കെട്ടടങ്ങിയതിന്റെ ആശ്വാസത്തില്‍. ചെരിഞ്ഞ് വീഴുന്ന മഴച്ചാറ്റല്‍ അപ്പോഴും തോര്‍ന്നിരുന്നില്ല. മുന്‍പ് പെയ്ത മഴയുടെ തുള്ളികള്‍ ആസ്ബസ്റ്റോസ് ഷീറ്റില്‍ നിന്നും ഉരുണ്ടു പിടഞ്ഞ് താഴേക്ക് വീഴുന്നുണ്ടായിരുന്നു. റോഡിനപ്പുറത്തെ പീടികയില്‍ നിന്നും പലതരത്തിലുള്ള വെളിച്ചം റോഡിന്റെ പകുതി വരെ പരന്നു കിടന്നു.
തീക്കോയി പട്ടണത്തിന്റ ഐശ്വര്യമാണ് ഈ മൂന്ന് പീടികകള്‍. അപ്പനപ്പൂപ്പന്‍മാരായി കൈമാറി വന്ന അച്ചായന്‍ കടകള്‍. എന്തൊക്കെ വിട്ടുകൊടത്താലും ഈ കടകള്‍ മാത്രം അവര്‍ ബാക്കി നിര്‍ത്തും. കുടുംബത്തില്‍ ഏതെങ്കിലും ഒരുത്തന്‍ പഠിക്കാത്തവനുണ്ടാകും. അവന് അപ്പനിത് കൈമാറും. ഒപ്പം പെങ്ങമ്മാരുടെ കല്യാണച്ചുമതലയും. കിരീടവും ചെങ്കോലും കൈകളിലേക്ക് വന്ന രാജാവിന്റെ അനുഭൂതിയായിരിക്കും പിന്നീടവര്‍ക്ക് ഈ കടയില്‍ ഇരിക്കുമ്പോള്‍.
നിര നിരയായി നിര്‍ത്തിയിട്ടിരിക്കു ഓട്ടോയ്ക്കുള്ളില്‍ നിന്നും തലകള്‍ അകത്തേക്കും പുറത്തേക്കും കയറിയിറങ്ങി നടക്കുന്നു. അക്ഷമയോടെ എന്തൊക്കെയോ പറയുകയും എന്നെ നോക്കുകയും ചെയ്തു...ഇടയ്ക്കിടെ പോകുന്ന വണ്ടികളുടെ കുത്തു വെളിച്ചത്തില്‍ അവരെന്നെ അടിമുടി ഉഴിഞ്ഞെടുത്തു. എല്ലാവരുടെയും കാഴ്ചവസ്തുവായതോടെ ഞാനും അസ്വസ്ഥമായി. ഫോണെടുത്ത് ആരെ വിളിക്കാം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ അമ്മ വിളിക്കുന്നു. ഈ രാത്രിയില്‍ തീക്കോയിയിലെ ബസ് ഷെഡ്ഡില്‍ ഞാനിരിക്കുന്നുവെന്ന് പറയുമ്പോള്‍ എന്തായിരിക്കും പ്രതികരണം. ഫോണെടുത്ത് കള്ളം പറയാന്‍ പറ്റില്ല. ഇനി മേരിച്ചേച്ചിയെങ്ങാനും വിളിച്ചിട്ടുണ്ടാകുമോ? എന്തായാലും എന്റെ അമ്മയല്ലേ..ഫോണ്‍ എടുത്ത് എന്താമ്മേന്ന് ചോദിച്ചു. വെറുതേ വിളിച്ചതാ..നാട്ടിലേക്ക് വരുന്നുണ്ടോയെന്നറിയാന്‍.., വര്‍ത്താനം പറയുന്നതിനിടെ ഞാന്‍ പറഞ്ഞു - തീക്കോയിയില്‍ ഇരിക്കുവാണെന്നും, ഞാന്‍ വൈകി വന്നത് മേരിച്ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒക്കെ.
അതിനെന്താ...നമ്മുടെ സൗകര്യം കൂടി നോക്കിയല്ലേ പോകാന്‍ പറ്റൂ..., ഇനിയെപ്പഴാ ബസ്സെന്നും മറ്റുമെല്ലാം ചോദിച്ച് അമ്മ ഫോണ്‍ വച്ചു. ഈ സമയത്ത് മകള്‍ യാത്ര ചെയ്യുന്നതില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, ഒരു പേടിയുമില്ലാതെ അമ്മ ഫോണ്‍ വയ്ക്കുമ്പോള്‍ ഞാനോര്‍ത്തു. ചെറിയ ചെറിയ കാര്യങ്ങളില്‍ അമ്മ കാണിച്ച വിശ്വാസവും ധൈര്യവുമാണ് എന്നെ ഞാനാകാന്‍ സഹായിച്ചത്. ടൗണിലൂടെ ഒരിക്കല്‍ തല താഴ്ത്തി നടന്നപ്പോള്‍ അമ്മ പറഞ്ഞു - തല ഉയര്‍ത്തിപ്പിടിച്ച് നടക്ക്...
Friday, April 5, 2013
ഇതിനൊരു തലക്കെട്ടില്ല
വഴിയില്‍ വീണു കിടന്ന വൃദ്ധനെ കാണാത്ത മട്ടില്‍ മറികടന്നു പോയ കാലടിപ്പാടുകള്‍ നെഞ്ചില്‍ മായാതെ നിന്നു. പൊരിവെയിലില്‍ റോഡിനു നടുവില്‍ തളര്‍ന്നു കിടന്ന മനുഷ്യനെയോ അയാള്‍ കെഞ്ചിപ്പറയുന്ന വാക്കുകളേയോ ശ്രദ്ധിക്കാന്‍ മിനക്കെടാതിരുന്നവരുടെ മുഖങ്ങളും മറക്കാതെ കിടന്നു. ചുരുട്ടിപ്പിടിച്ച കൈക്കുള്ളിലെ ഗുളികകള്‍ തുറന്നു കാട്ടി മുന്നിലൂടെ പോയ നിഴലുകളോട് ഒരിറ്റു വെള്ളത്തിനായി അപേക്ഷിച്ചു അയാളവിടെ കിടന്ന കാഴ്ചയ്ക്കു മുന്നില്‍ പതറി വീണു പോയ ആ നിമിഷത്തോടുള്ള വെറുപ്പില്‍ നിന്നാണ് ഈ കുറിപ്പ് പിറക്കുന്നത്. നന്മകളുടെ കഥകള്‍ മാത്രം കേട്ടു ശീലിച്ച ഈ ബ്ലോഗിലേക്ക് ഇതും ഞാന്‍ തിരുകുമ്പോള്‍ എന്റെ ഉദ്ദേശ്യം നന്മയാണ്. തിന്മ കണ്ട് അതില്‍ നിന്നും വിപരീതമായ നന്മ നീറ്റിയെടുക്കാന്‍ കഴിവുള്ള മനസ്സുകള്‍ക്കു വേണ്ടി.
രാവിലെ സമയം വൈകിയിറങ്ങിയതിന്റെ ബഹളം എന്റെ വണ്ടിയോടിക്കലിലും ഉണ്ടായിരുന്നു. അല്പം മുന്നിലായി പോയ്‌ക്കൊണ്ടിരുന്ന കാറ് സഡണ്‍ ബ്രേക്കിട്ട് നിര്‍ത്തി വളച്ചെടുത്ത് പോയതു കണ്ട് ഞാനും ശ്രദ്ധിച്ചു. റോഡില്‍ വീണു കിടക്കുന്ന ഒരാള്‍. മുട്ടിനു താഴെയായി തീരുന്ന മുക്കാപ്പാന്റും മുഷിയാന്‍ ബാക്കിയില്ലാത്ത ഷര്‍ട്ടും, തൊട്ടടുത്ത് കിടക്കുന്ന ഭാണ്ഡമാക്കിയ ചാക്കും ദൂരെ നിന്ന് കണ്ടു. മദ്യപിച്ച് റോഡില്‍ കിടക്കുന്ന ഇത്തരം കാഴ്ചകള്‍ പതിവായതിനാല്‍ ഞാനും സംശയിച്ചു. പക്ഷേ അയാളെ മറികടന്നു പോയപ്പോള്‍ അയാളുടെ കണ്ണില്‍ കണ്ട വേദന സംശയങ്ങളെ മാറ്റി നിര്‍ത്തി. ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ അയാളെ മറി കടന്ന് വന്ന ഒരാളോട് ചോദിച്ചു - എന്തു പറ്റിയതാ അയാള്‍ക്ക് ചേട്ടാ?. അമ്പത് വയസ്സിനേക്കാള്‍ പ്രായമുള്ള അയാളില്‍ നിന്നും വന്ന മറുപടി വിചിത്രമായിരുന്നു - തലകറങ്ങി കിടക്കുവാണെന്ന് തോന്നുന്നു...ഉത്തരം കേട്ട് ഞെട്ടിപ്പോയി. നമ്മളെന്നു മുതലാണ് മനുഷ്യത്വം തീരെയില്ലാത്തവരായിപ്പോയത്!!...
അയാളുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ ഞാന്‍ ചുറ്റും നോക്കി, പന്ത്രണ്ടും പതിമൂന്നും പ്രായമുള്ള പയ്യന്‍മാര്‍ അതിനടുത്തു നിന്നു കളിക്കുന്നു. തൊട്ടടുത്ത ഗ്രൗണ്ടില്‍ സ്‌കൂട്ടറില്‍ എട്ടു വരച്ചു പഠിക്കുന്ന സ്ത്രീകള്‍, തൊട്ടുമുന്നിലെ ഫഌറ്റിനു മുന്നിലേക്ക് ഉന്തു വണ്ടിയില്‍ കൊണ്ടു വന്ന പച്ചക്കറിയുടെ വിലപേശലില്‍ വ്യാപൃതരായിരിക്കുന്നവര്‍, കുളിച്ച് കുറി തൊട്ട്, ശിവ കടാക്ഷാഭ്യര്‍ത്ഥനയും കഴിഞ്ഞ് അമ്പലമുറ്റത്തെ ആലിന്റെ ചുവട്ടില്‍ ഭക്തി പരവശരായി ഇരിക്കുന്നവര്‍.......
ശ്വാസം മുട്ടുന്നുവെന്ന് മാത്രമേ വീണു കിടക്കുന്നയാള്‍ക്ക് പറയാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. കളിച്ചു കൊണ്ടിരുന്ന പയ്യന്‍മാരെ ഞാന്‍ വിളിച്ചു. മടിച്ചു മടിച്ചാണവര്‍ വന്നത്. വെള്ളം വാങ്ങി വരാനും പറഞ്ഞ് 20 രൂപ കൊടുത്തപ്പോള്‍ വാങ്ങിയില്ല. ദേഷ്യത്തോടെ പറഞ്ഞപ്പോള്‍ കടയിലേക്ക് ഓടി. അടുത്ത വീടിന്റെ ഗെയ്റ്റിനോട് ചേര്‍ന്ന് ചാരിയിരുത്തിയിട്ട് കുട്ടികള്‍ തിരിച്ചെത്താന്‍ കാത്തിരുന്നു. ഇതിനിടയില്‍ ഒരു കുപ്പിയില്‍ വെള്ളവുമായി ഒരു സ്ത്രീ ഓടി വരുന്നതു കണ്ടു. അപ്പോഴേ ഉറപ്പിച്ചു, മലയാളിയല്ല...എന്റെ ഊഹം ശരിവച്ച് അവര്‍ പറഞ്ഞു - അക്ക, തണ്ണി....
കൊടകില്‍ നിന്നും ജോലിയന്വേഷിച്ച് തൃശ്ശൂരെത്തിയതാണ് അയാള്‍. ജോലി കിട്ടാതെ പട്ടിണി കിടന്നു മടുത്തപ്പോള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചതാണ്. കാശില്ലാതെ, എങ്ങനെ പോകുമെന്നറിയാതെ വിഷമിക്കുകയാണ്. കൈയ്യില്‍ നിന്നും ചെറിയൊരു തുക അയാള്‍ക്ക് വച്ചു നീട്ടിയത് മറ്റുള്ളവരെ കാണിക്കാനായിരുന്നു. അതു കണ്ട്, ചുറ്റും കൂടിയ ആള്‍ക്കാര്‍ കൊടുക്കുന്ന അഞ്ചും പത്തും കൊണ്ട് അയാള്‍ വീട്ടിലെത്തിക്കോട്ടെ എന്നു വിചാരിച്ചിട്ടായിരുന്നു. ചുറ്റും നിന്നവരോട് സഹായിക്കാമോയെന്ന് അയാള്‍ ചോദിക്കുകയും ചെയ്തു. ബൈക്കിലെത്തിയ മാന്യദ്ദേഹത്തിന് അപ്പോള്‍ പുച്ഛം. അയാളെ സഹായിക്കാന്‍ മനസ്സില്ലെങ്കില്‍ നേരെ പോയാല്‍ പോരെ. ഇത്രയ്ക്ക് പുച്ഛിക്കാന്‍ അയാള്‍ക്ക് എന്തര്‍ഹതയുണ്ട്? ജീവിതത്തിന്റെ അസ്ഥിരതയേക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ലാതെ വിഡ്ഢികളാകാന്‍ ഇപ്പോള്‍ ശീലിക്കുന്നത് ഋഷിസംസ്‌കാരത്തിന്റെയും വേദങ്ങളുടെയും ഭഗവത്ഗീതയുടെയും ഒക്കെ പാരമ്പര്യം പറയുന്ന നമ്മള്‍ തന്നെയാണോ? അവിടെ നിന്ന് ഉറക്കെ ജ്ഞാനപ്പാന പാടാന്‍ തോന്നി...
ഓഫീസിലെത്തി സഹപ്രവര്‍ത്തകരോട് അക്ഷരാര്‍ത്ഥത്തില്‍ പുലമ്പുകയായിരുന്നു...ഇത് നാടല്ല, കാടാണ്..കോണ്‍ക്രീറ്റ് കാട്ടിനുള്ളില്‍ കുടുങ്ങി പോയ ചില കാടന്‍മാരുടെ കാട്..
Saturday, March 30, 2013
കരള്‍ പറിച്ചു നല്‍കുന്ന പ്രണയം
പത്രം വായിച്ചിട്ട് മാസങ്ങളായി. മലയാളം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊള്ളരുതായ്മകള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നത് ശീലമാക്കിയതോടെയാണ് വായന നിര്‍ത്താം എന്ന തീരുമാനത്തില്‍ എത്തിയത്. ദിവസവും മാസങ്ങളും കഴിഞ്ഞും എനിക്കൊരു പരിചയവുമില്ലാത്തവര്‍ക്ക് സംഭവിക്കുന്ന ക്രൂരതകള്‍ എന്റെ ഉറക്കം കളയുന്നു. എന്റെ ദിവസങ്ങള്‍ ഞാനെന്തിന് നശിപ്പിക്കണം എന്ന സ്വാര്‍ത്ഥതയാണ് എന്നെ പത്രങ്ങളില്‍ നിന്നും അകറ്റിയത്.
പക്ഷേ ഇന്ന് അങ്ങനെയല്ല,.. വഴിയില്‍ എന്റെ ബൈക്കിന്റെ മുന്നിലേക്ക് ചാടിയ പെണ്‍കുട്ടിയില്‍ നിന്നും നേരിട്ടു കാണാനിടയാക്കിയ നന്മ എന്റെ ഉറക്കം കെടുത്തുന്നു. അതവളുടെ നിസ്സഹായതയാണോ, അതോ കരളു പറിച്ചു നല്കുന്ന സ്‌നേഹമാണോ എന്നൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നിട്ടും അവളുടെ മുഖവും വേഷവും ഭാഷയും എന്നെ വിട്ടു പോകുന്നില്ല.
ഓഫീസില്‍ നിന്നും സഹപ്രവര്‍ത്തകന്റെ കൂടെ പുറത്തേക്കിറങ്ങിയതാണ്. പൂങ്കുന്നം ജംഗ്ഷനടുത്ത് ചെറിയ ട്രാഫിക് ബ്ലോക്ക് കണ്ടു. മൂന്ന് നാല് ബൈക്കുകള്‍ക്കിടയില്‍ ഒരാള്‍. നെറ്റി പൊട്ടി ചോരയൊലിപ്പിച്ച് ഒരു ചെറുപ്പക്കാരന്‍, പൊട്ടിക്കരഞ്ഞും കൈകൂപ്പിയും എന്തൊക്കെയോ വിളിച്ചു പറയുന്നു. ബൈക്കുകാരില്‍ ആരും നിന്നില്ല. റോഡിലേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്ന ഇയാളെ വട്ടംപിടിച്ച് ഒരു പെണ്‍കുട്ടി. ഇയാളെ താങ്ങാനുള്ള ശേഷിയില്ലാതെ രണ്ടു പേരും കൂടി സ്ലാബിന്റെ മുകളിലേക്ക് തല്ലിയലച്ചു വീണു. അയാളെ അവിടെ കിടത്തി, അവള്‍ റോഡിലൂടെ പോകുന്ന ഓരോരുത്തരോടും എന്തോ ആവശ്യപ്പെടുന്നുണ്ട്. ബൈക്ക് പതുക്കെ നിര്‍ത്തുന്നത് കണ്ട് അവളെന്റെ അടുത്തേക്ക് ഓടിവന്നു. കടലാസ്സു തുണ്ടില്‍ കാണിച്ച നമ്പറിലേക്ക് ഒന്നു വിളിക്കാവോ എന്നും ചോദിച്ച് കരഞ്ഞു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ അപ്പോള്‍ തന്നെ ആ നമ്പര്‍ ഡയല്‍ ചെയ്ത് ഫോണ്‍ അവര്‍ക്ക് കൊടുത്തു. അബ്ബാ, അബ്ബാ എന്നു നിലവിളിക്കുന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.
മണ്ണില്‍ കിടന്ന് വെപ്രാളപ്പെടുന്ന യുവാവിന്റെ വായില്‍ നിന്നും പതയും വെള്ളവും വരുന്നതു കണ്ട് അപസ്മാരമാണെന്ന് തോന്നി. ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട്, അബ്ബാ വന്നിട്ടു മതിയെന്ന വാശിയിലാണ് അവള്‍...
അത്രയും നേരം ആരും തിരിഞ്ഞു നോക്കാതിരുന്ന അങ്ങോട്ടേക്ക് പലരും ഓടിക്കൂടി. ഇതു ഞാന്‍ പലതവണ കണ്ടിട്ടുള്ളതാണ്. ആദ്യം ആരും സഹായിക്കില്ല, മറ്റാരെങ്കിലും തുടങ്ങി വച്ചാന്‍ പിന്നെ സ്ഥലത്തെ പ്രമാണിയായി ചമഞ്ഞ് വലിയ വര്‍ത്തമാനം പറയാനെത്തും. ഇതിനിടയ്ക്ക് അവളോട് കന്നഡയിലും തമിഴിലും ഹിന്ദിയിലുമൊക്കെ സംസാരിച്ചെങ്കിലും ആര്‍ക്കും മനസ്സിലാകാത്ത തെലുഗുവും കന്നഡയും കലര്‍ത്തിയൊരു ഭാഷയിലായിരുന്നു മറുപടികള്‍. ഒരു കാര്യം മാത്രം മലയാളത്തില്‍ പറഞ്ഞു 'ഞാന്‍ ഭാര്യ' കാണാപാഠം പഠിച്ച വാക്കുകള്‍ കേരളത്തില്‍ പലതവണ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആ ഭാവം കണ്ടാലറിയാം. കരാറുകാരന്റെ അടുത്ത് ജോലി കിട്ടാന്‍, അനുവദിച്ച ടെറസ്സില്‍ തുണി കൊണ്ട് മറച്ചു കെട്ടി ഒരു ടെന്റുണ്ടാക്കാന്‍ അങ്ങനെ പല ആവശ്യങ്ങള്‍ക്കും വേണ്ടി. ആവശ്യങ്ങളില്ലെങ്കിലും പറയേണ്ടി വരും. ഒരുപക്ഷേ റോഡിലൂടെ നടക്കുമ്പോള്‍, തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍, ബിന്ദു തിയ്യറ്ററിലെ ഹിന്ദി സിനിമക്കു പോകുമ്പോള്‍ അങ്ങനെ സ്വസ്ഥമാകാന്‍ തെരഞ്ഞെടുക്കുന്ന പലയിടത്തും ചോദ്യവുമായെത്തുന്ന പോലീസുകാരോട് ഇവള്‍ ഇതേ വാക്യം പറഞ്ഞിട്ടുണ്ടാകും. പിന്നേയും ചിലരുണ്ട് നമ്മുടെ നാട്ടിലെ സദാചാര പോലീസുകാര്‍, അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പക്ഷേ ഈ രണ്ടു വാക്ക് മതിയായിട്ടുണ്ടാവില്ല.
മുഖം മുഴുവന്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. വേണ്ട, വേണ്ടായെന്ന് കൈകൂപ്പി എല്ലാവരോടും പറഞ്ഞു കരയുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസുകാരെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു ഭയം നിറഞ്ഞു. പരുന്ത് വട്ടമിട്ടു പറക്കുമ്പോള്‍ പരിഭ്രമിച്ച് കുഞ്ഞുങ്ങളെ ചിറകിനടിയിലേക്കൊതുക്കുന്ന തള്ളക്കോഴിയേപ്പോലായിരുന്നു അപ്പോഴാ മുഖം. ഭര്‍ത്താവിനെ ചേര്‍ത്തു പിടിച്ച് അവരില്‍ നിന്നും രക്ഷപെട്ടോടാന്‍ വെമ്പുന്ന മുഖവുമായി അവള്‍ ഞങ്ങളുടെ മുഖത്തേക്കു നോക്കി. ആശുപത്രിയില്‍ കൊണ്ടു പോകണ്ട എന്നു പറഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടതാണ് അയാള്‍ക്ക്. ഏതോ ഒരു ബൈക്കിന്റെ മുന്നിലേക്ക് ചാടിയതിനു യുവരക്തത്തിന്റെ കയ്യില്‍ നിന്നും കിട്ടിയ സമ്മാനമാണ് കണ്ണിനു മുകളിലെ പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയാല്‍ കള്ള് കുടിച്ചത് മനസ്സിലാകും, പോലീസുകാരുടെ കയ്യില്‍ നിന്നും കണക്കിന് കിട്ടും, ഇതൊക്കെ പേടിച്ചിട്ടാണ് അവള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ നിന്നത്. ഞങ്ങളുടെ നേരേ അവള്‍ ആംഗ്യം കാണിച്ചു - ഭര്‍ത്താവ് കുടിച്ചിട്ടുണ്ടെന്ന്.
ഇതിനിടയില്‍ മുമ്പേ പറഞ്ഞ സ്ഥലത്തെ പ്രമാണി ചോദിച്ചു 'ഇതേതാ പെണ്ണ്?' ഞങ്ങള്‍ പറഞ്ഞു 'ഭാര്യയാണ്'. അയാളത് മറ്റൊരാളോട് പറഞ്ഞത് വേറൊരു ടോണിലാണ് 'ഭാര്യയാണെന്ന് ആ പെണ്ണ് പറയുന്നു. ഇവരുടെ കാര്യമല്ലേ. ആര്‍ക്കറിയാം'..അതൊരു വല്ലാത്ത പ്രസ്താവനയായിരുന്നു. തെരുവിലുള്ള ജീവിതങ്ങള്‍ക്ക് മൂല്യങ്ങളില്ലേ, അവര്‍ക്ക് ബന്ധങ്ങളില്ലേ, അന്യസംസ്ഥാനക്കാരോട് ഇത്രമാത്രം അവജ്ഞയോടെ നോക്കുന്ന മലയാളി ഗള്‍ഫില്‍ പോയാല്‍ ഇതേ അവസ്ഥിയിലേക്കല്ലേ ചിലപ്പോഴൊക്കെ താണു പോകുന്നത്. താലി കെട്ടി, രജിസ്ട്രര്‍ ചെയ്ത കല്യാണം ഇവര്‍ക്കിടയിലുണ്ടായിട്ടുണ്ടാകുമോയെന്ന് ഉറപ്പില്ല, എന്നാലും ഞങ്ങള്‍ക്കു മുമ്പില്‍ 30 മിനിട്ടോളം കണ്ട കാഴ്ചകളില്‍ നിന്നും അവര്‍ക്കിടയിലുള്ള ആത്മബന്ധം വ്യക്തമായിരുന്നു. കുറച്ചു പണമോ പഠിപ്പോ പ്രമുഖരോ ആണ് ഒരുമിച്ചു ജീവിക്കുന്നതെങ്കില്‍ അവരെ 'ലിവിങ് ടുഗേതര്‍ ' എന്നു പറഞ്ഞ് സ്വാതന്ത്ര്യത്തിന്റെയും വിശാല ചിന്താഗതിയുടെയും പട്ടം നല്കി സ്വീകരിക്കുന്ന മലയാളിയുടെ ഇരട്ടത്താപ്പു നയമാണിത്. കീഴെയുള്ളവരെ ചവിട്ടിയരയ്ക്കാനും മുകളിലുള്ളവന്റെ മുന്നില്‍ വളഞ്ഞു നില്ക്കാനുമുള്ള അവന്റെ ശീലത്തിന് മാറ്റമില്ല. രേഖാമൂലം ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടും വീടിന്നുള്ളില്‍ എന്നും ഭൂകമ്പങ്ങളുണ്ടാക്കുന്ന കുടുംബങ്ങള്‍ എത്രയോ എണ്ണം നമ്മുടെ മുന്നിലുണ്ട്.
വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ ഭര്‍ത്താവിനെ ഇറുകെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. ബോധമില്ലാതെ റോഡിനു നടുവിലേക്ക് പോകുന്ന അയാളെ പിടിച്ചു നിര്‍ത്താന്‍ പാടുപെട്ട്, അയാള്‍ക്കൊപ്പം വേച്ചു വീണ്....ഓരോ വീഴ്ചയിലും അവള്‍ക്കുണ്ടാകുന്ന വേദനകള്‍ അവളറിയുന്നതേയില്ല. ഇടയ്ക്ക് അവളുടെ ദാവണിത്തുമ്പില്‍ പിടിച്ചു വലിച്ച് അയാള്‍ അവളെ അര്‍ദ്ധനഗ്നയാക്കുമ്പോഴും അവള്‍ പതറിയില്ല, വലിച്ചെടുത്ത് വീണ്ടും മാറിലേക്കിടുന്ന കറുത്ത ദാവണിക്കുള്ളിലും ഞാന്‍ കണ്ടു കരള്‍ പറിച്ചു നല്കാനും തയ്യാറാകുന്ന പ്രണയം.
Wednesday, March 20, 2013
ആനവണ്ടി പ്രേമം
രാത്രി 12 കഴിഞ്ഞും തിരക്കൊഴിയാത്ത ദേശീയ പാതയിലൂടെ വിദഗ്ധമായി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ കാലിലേക്കും കൈയ്യിലേക്കും നോക്കിയിരിക്കുകയായിരുന്നു ഞാന്‍. മുന്നില്‍ കാണുന്നവയ്‌ക്കൊപ്പം കേള്‍ക്കുന്ന മുന്നറിയിപ്പുകളെ ഏകോപിപ്പിച്ച്, കൈകളും കാലുകളും ചലിപ്പിക്കുന്ന സുന്ദരമായ കാഴ്ച. പത്തു പന്ത്രണ്ട് മീറ്ററുള്ള ഒരു സാധനത്തിന്റെ ഒരറ്റത്ത് മൂക്കു കയറിട്ട് പിടിച്ച് വളയ്ക്കുന്ന രസമുള്ള കൂത്ത്. നാട്ടിലെ കയറ്റങ്ങളില്‍ ഇടയ്‌ക്കൊന്ന് നിന്ന് ശ്വാസം വലിച്ചെടുത്ത് മുക്കി മുക്കി കയറുന്ന ആന വണ്ടി നിരപ്പെത്തിയാല്‍ പിന്നെ നിലം തൊടില്ല.
പണ്ടൊരിക്കല്‍ കൂറ്റം ചെയ്ത സ്റ്റേറ്റ് ബസിനെ കൈയ്യോടെ കൊണ്ടു പോകാന്‍ പോലീസെത്തിയതോര്‍ക്കുന്നു. ഡ്രൈവര്‍ക്കു പറ്റിയ ചെറിയൊരു അബദ്ധത്തില്‍ മുഖം ചളുങ്ങിപ്പോയ ടൊയോട്ട ക്വാളിസിന്റെ കിടപ്പ് കണ്ട് ചിരിയാണ് വന്നത്. പകുതിയിലധികം പേര്‍ക്കും ആ കിടപ്പൊരു സുഖം നല്കി. ക്വാളിസിലിരുന്ന് അവന്‍ കാണിച്ച ജാഡയ്ക്ക് കൈയ്യില്‍ നിന്ന് കാശിറക്കി പണി കൊടുത്തതിന്റെ അഹങ്കാരം പോലെയൊരു ഭാവം. സര്‍ക്കാര്‍ വണ്ടിയോട് പോലീസ് പൊതുവേ കാണിക്കാറുള്ള ഉദാര മനോഭാവം തെറ്റിച്ച് ക്വാളിസുകാരന്റെ പുത്തന്‍ പണത്തിനുള്ള നന്ദി എസ്.ഐ കാണിച്ചു. ഡ്രൈവറെ ജീപ്പിനുള്ളിലേക്ക് തള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു ' മനോജേ ബസ് കസ്റ്റഡിയിലെടുത്തേക്ക്'. കണ്ടക്ടറുടെ മുഖത്തേക്ക് ദയനീയമായി നോക്കി എന്തോ പറയാനാഞ്ഞ ബസ് ഡ്രൈവറുടെ തല പിടിച്ച് അകത്തേക്കിട്ട് എസ്. ഐ പോയി.
പെട്ടു പോയത് കോണ്‍സ്റ്റബിള്‍ ആണ്. അരമണിക്കൂര്‍ കഷ്ടപ്പെട്ടിട്ടും ബസ് സ്റ്റാര്‍ട്ടായില്ല. നാട്ടുകാര്‍ ചേര്‍ന്ന് തള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയതും സാറിന്റെ ഒരു ആര്‍ത്തനാദം കേട്ടു. ബ്രേക്കില്‍ കയറി നില്‍ക്കുകയാണ്. പക്ഷേ അപ്പോഴും പതുക്കെ ഉരുണ്ടിറങ്ങുകയാണ് ബസ്. മലയോരമാണ്. ഇറക്കം തുടങ്ങിയാല്‍ കിലോമീറ്ററോളം കുത്തനെയുള്ള ഇറക്കം മാത്രമാണ്. ഇടിച്ചു നിര്‍ത്താന്‍ പോലും കഴിയാത്ത വിധം വേഗതയിലായിരിക്കും ചക്രം കറങ്ങുക. ബസിന്റെ പോക്ക് കണ്ട് തലയിലും നെഞ്ചത്തുമായി പല കൈകള്‍ ഉയര്‍ന്നു താഴ്ന്നു. അപ്പോഴേക്കും അഞ്ചാറു പേര്‍ ബസിനൊപ്പം ഓടിയെത്തിയിരുന്നു. റോഡിന്റെ വശങ്ങളില്‍ നിന്നും കിട്ടിയതൊക്കെ ബസിനു മുമ്പിലേക്കവര്‍ വലിച്ചെറിഞ്ഞു. വലിയ കല്ലുകളും തടിയും ഞെരിച്ചമര്‍ത്തി പോകുന്ന ബസ് വശത്തെ ചെറിയ കാനയിലേക്ക് ചാടിച്ചു നിര്‍ത്തിയതും മനോജ് പ്രാണരക്ഷാര്‍ത്ഥം പുറത്തേക്കു ചാടിയതും ഒരുമിച്ചായിരുന്നു.
വൈകീട്ട് വണ്ടിയെടുക്കാന്‍ വന്ന ഡ്രൈവറെ നാട്ടുകാര്‍ അത്യാദരവോടെയാണ് നോക്കിയത്. സുനിത വില്യംസിനെ കണ്ടാല്‍ പോലും ഇത്രയും ബഹുമാനം ചിലപ്പോള്‍ അവര്‍ കാണിച്ചെന്നു വരില്ല. കുഴിയില്‍ കിടന്ന ബസ്സ് പുറത്തെടുക്കാന്‍ ചേട്ടാ ഒന്നു കൈ വയ്‌ക്കേണ്ടി വരും എന്നു പറഞ്ഞ് അയാള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി, കൂളായി വണ്ടി സ്റ്റാര്‍ട്ടാക്കി, ഓടിച്ചു പോയി. പാപ്പാന്റെ വാക്കിനു മാത്രം മതിപ്പു നല്കുന്ന ചില മദമിളകിയ ആനയെപ്പോലെ തോന്നിച്ചു അപ്പോഴാ ബസ്സ്. ആനവണ്ടിയെന്നു വെറുതേയല്ല വിളിക്കുന്നതെന്നും.
ബസ്സിലെ യാത്രയെ പ്രണയിക്കുന്ന അനേകര്‍ക്കൊപ്പം ചേര്‍ന്ന് ഞാനുമുണ്ട്. കണ്ടം ചെയ്യേണ്ട കുന്ത്രാണ്ടത്തിലും ലോകത്തെവിടെയും കിട്ടാത്ത സുഖവും സ്വസ്ഥതയും ലഭിക്കുമ്പോള്‍, ഡ്രൈവര്‍ സീറ്റിലിരിക്കുന്നവരോടും ആദരവാണ്. നിരത്തിലിറക്കാന്‍ കൊള്ളാത്ത ബസ്സിനെ നിയന്ത്രിക്കുന്നതിന്റേയും പത്തു നൂറ് പേരുടെ ജീവന് സമാധാനം പറയേണ്ടതിന്റെയും മാനസിക സമ്മര്‍ദ്ദത്തിനിടയിലും ചിരിക്കാനും കൂട്ടിരിക്കാനെത്തുന്ന കണ്ടക്ടറോട് കുശലം പറയാനും അവര്‍ മറക്കുന്നില്ലല്ലോ.
Sunday, March 3, 2013
നന്മകളില്‍ നിന്നും ഒഴിഞ്ഞു മാറാത്ത ചിലര്‍...
എനിക്ക് ശബ്ദങ്ങളോട് ഇഷ്ടക്കേടുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ വയ്ക്കുന്ന ഇയര്‍ ഫോണും സിനിമ കോട്ടയുടെ വാതിലിനു മുന്നിലെത്തുമ്പോള്‍ ചെവിയിലേക്ക് കുത്തിത്തിരുകാറുള്ള പഞ്ഞിയും പള്ളിയില്‍ ആവേശക്കസര്‍ത്തില്‍ അലറി വിളിക്കുന്ന അച്ചന്റെ ഒച്ചയും ഒപ്പം എന്റെ ചെവിയിലേക്കുയരുന്ന കൈകളും എന്റെ സ്ഥിരം ചേഷ്ടകളായി മാറിയിരിക്കുന്നു. ചില ശബ്ദങ്ങള്‍ എന്റെ അസ്വസ്ഥതകളും കടന്ന് ഹൃദയമിടിപ്പ് കൂട്ടുന്ന ഡെസിമലിലേക്ക് ഉയരാറുണ്ട്. മനുഷ്യരുടെ ആക്രോശമാണ് ഒന്ന്. എന്റെ മുന്നില്‍ നിന്ന് എന്റെ നേരെ ഉച്ചയുയര്‍ത്തി സംസാരിക്കുമ്പോള്‍ വേഗം കൂട്ടിയോടുന്ന രക്താണുക്കളെ അടക്കാന്‍ ശ്രമിച്ച് ശരീരം വളച്ച് ഞാന്‍ നില്‍ക്കും. ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ ചെവി പൊത്തി കുനിഞ്ഞ് നില്‍ക്കും. അകാരണമായി തോന്നുന്ന ചില ഭയങ്ങളാണ് ഉറക്കെയുള്ള ശബ്ദത്തെ വെറുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പക്ഷേ, ഇന്നു ഞാന്‍ കേട്ട ശബ്ദത്തോളം ക്രൂരവും ഭീകരവുമായ ശബ്ദം ഇതിനു മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല.
സംസ്‌കൃതം ക്ലാസ്സിലായിരുന്നു ഞാന്‍. കൂടെയുള്ള ഒരാളുടെ മൊബൈലിലേക്കെത്തിയ ഫോണ്‍ സന്ദേശം എല്ലാവരേയും ഞെട്ടിച്ചു. 'സംഗീത നാടക അക്കാദമിക്ക് മുന്നിലുള്ള പൂമരം മുറിച്ചു മാറ്റുന്നു'. പിന്നെ ക്ലാസ്സിലിരിക്കാന്‍ തോന്നിയില്ല. അപ്പോള്‍ തന്നെ അക്കാദമിയുടെ മുന്നിലേക്ക് പ്രതിഷേധിക്കാന്‍ കൂടിയ പ്രകൃതി സ്‌നേഹികള്‍ക്കൊപ്പമെത്തി. തൃശ്ശൂര്‍ നഗരത്തിന്റെ ഏ.സി മുറിയാണ് രാമനിലയവും നാടക അക്കാദമിയും ഉള്‍പ്പെടുന്ന മ്യൂസിയം പരിസരം. യക്ഷികളെ വഴിയാധാരമാക്കി രാമനിലയത്തിനു മുന്നിലുണ്ടായിരുന്ന പ്രീയപ്പെട്ട ഏഴിലംപാല കശാപ്പു ചെയ്യപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ആരും മോചിതരായിരുന്നില്ല.
ഇടതു കൈയ്യറ്റ് മൃതപ്രാണയായി നില്‍ക്കുന്ന പൂമരത്തിന്റെ ചോട്ടില്‍ ഞങ്ങളിരുന്നു. ഇനിയുമതിനെ കഷണിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍. പൂമരത്തിന് കാലുകളുണ്ടായിരുന്നെങ്കില്‍ പാതി ജീവനും കൊണ്ടവ അവിടെ നിന്നും ഓടിപ്പോയേനെ. മരം വെറും തടി മാത്രമായി കാണുന്ന കരാറുകാരനോട് കയര്‍ത്തും കാര്യം പറഞ്ഞും ഞങ്ങള്‍. അയാളുടെ ഒരു ദിവസത്തെ കൂലിയുടെ നഷ്ടക്കണക്ക് നിരത്തി വച്ചു. കോടി രൂപ കൊടുത്താലും അതു പോലൊന്ന് മുളപ്പിക്കാനോ വളര്‍ത്താനോ പറ്റില്ല, ഒരായുസ്സിനേക്കാള്‍ പ്രായമുണ്ട് ആ തണല്‍ മരത്തിന്.
ഞങ്ങളുടെ മുന്നിലേക്ക് നീട്ടിക്കാണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതി പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ക്ക് അനുയോജ്യമായത് ചുവപ്പായിരുന്നു. ഏ.സി മുറിയുടെ ശീതളതയില്‍ കറങ്ങുന്ന കസേരയ്ക്കു മുകളിലിരുന്ന് മരം മുറിക്കാന്‍ ആജ്ഞയിട്ടവന്റെ ധാര്‍ഷ്ഠ്യത്തിനു നേരെ കാറിത്തുപ്പി. പതിമൂന്ന് മരങ്ങളുടെ കടക്കല്‍ കത്തി വയ്ക്കാന്‍ പറയാന്‍ പരമാധികാരം നല്‍കിയതാരെന്ന ചോദ്യം അതില്‍ പതഞ്ഞു നിന്നു. ഒരു മരത്തിന്റെ ബാക്കി ജീവനു വേണ്ടി വാദിക്കുന്ന ഞങ്ങള്‍ക്കു മുന്നിലൂടെ പലതരം വാഹനങ്ങള്‍ കടന്നു പോയി. പുത്തന്‍ പുതിയ കാറിനുള്ളിലെ ഏ.സിക്കുള്ളിലിരുന്ന് അവര്‍ പുച്ഛിച്ചു - ഇവന്‍മാര്‍ക്കൊന്നും വേറെ പണിയില്ലേ - ചില നട്ടുച്ചകളില്‍ ഈ മരങ്ങള്‍ക്കു കീഴില്‍ കാര്‍ പാര്‍ക്കു ചെയ്ത് നഗരത്തിന്റെ ചൂടില്‍ നിന്നും ഓടിയൊളിച്ച ദിവസങ്ങള്‍ അവരും മറന്നു പോയിരിക്കുന്നു. കാറിന്റെ ചില്ലൊന്ന് താഴ്ത്തി അഞ്ചു മിനിട്ട് വെറുതേയൊന്ന് ഇരുത്തിയാല്‍ മതി, ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഉദ്ദേശ്യം താനേ മനസ്സിലായിക്കോളും.
മരം മുറിക്കുന്നത് പാതിയില്‍ ഉപേക്ഷിച്ചെന്ന് 'മുകളിലുള്ളവര്‍' പറഞ്ഞിട്ടും ആരും പിരിഞ്ഞില്ല. ആരെ വിശ്വസിച്ചാലും ഭരണകൂടത്തെയും അധികാരികളേയും മാത്രം അരുത് എന്ന 'അമ്മ പറയാറുണ്ട്'. നടപ്പാതയിലിരുന്ന് പാതി ശരീരം ചോരയില്‍ മുങ്ങി നില്‍ക്കുന്ന പ്രേതത്തേപ്പോലെ വിവശയായ മരത്തിലേക്ക് നോക്കി. സംരക്ഷിക്കപ്പെട്ട ചില്ലയുടെ ഓരത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു പക്ഷിക്കൂട്. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ വാടിക്കൂമ്പിയ പൂമൊട്ടുകള്‍, കാറ്റിനു പോലും വഴങ്ങാതെ നിശ്ചലമായിപ്പോയ ഇലകള്‍. എന്നിട്ടും തന്റെ ചില്ലകള്‍ താഴ്ത്തി നന്ദി പറഞ്ഞു കൊണ്ടേയിരുന്നു.
പെട്ടന്നാണ് വികൃതമായ ശബ്ദം കാതടപ്പിച്ച് വന്നലച്ചത്.ജെറ്റ് ആക്‌സ് എന്നു പേരുള്ള ക്രൂര ആയുധത്തിന്റെ ശബ്ദമാണ്. മുറിച്ചു മാറ്റിയിട്ട വലിയ ചില്ലകള്‍ ചെറുതാക്കുകയാണ്. തടിയോട് ചേര്‍ന്നുരയുമ്പോള്‍ ചീളിത്തെറിക്കുന്ന മഞ്ഞച്ചോര റോഡില്‍ പടര്‍ന്നു. അടുത്തു നിന്ന ഞങ്ങളിലേക്ക് അവ തെറിച്ചു വീണു. മരത്തിന് തന്റെ അന്ത്യത്തോടു പൊരുത്തപ്പെടാന്‍ പോലും സമയം നല്കാതെ കീഴടക്കുന്ന ആയുധത്തിന് പ്രവചന വരമുണ്ട്. ഭയാനകമായ ഭാവിയുടെ അപകടസൂചനയുയര്‍ത്തുന്ന സൈറണ്‍ ആണത്.
തണല്‍ തന്ന മരത്തോട് നന്ദി കാട്ടിയ ഒന്നിലധികം നന്മ മനസ്സുകളേയാണ് ഇന്ന് ഞാന്‍ പരിചയപ്പെട്ടത്. ഉച്ചഭക്ഷണവും ഉപേക്ഷിച്ച് ആ മരത്തിന് കാവലിരിക്കുകയും ഇരുന്നൂറു പേരുടെ ഒപ്പു ശേഖരിച്ച് കളക്ടര്‍ക്കു പരാതി കൊടുക്കുകയും ചെയ്തിട്ടാണ് എല്ലാവരും മറ്റിടങ്ങളിലേക്ക് ചേക്കേറിയത്.
Saturday, January 26, 2013
നല്ല കൂട്ടുകാരാ..
ബാംഗ്ലൂരിലേക്ക് തിരിക്കുന്നതിന് മുമ്പ് അനീഷേട്ടന്‍ കൈയ്യില്‍ വച്ചു തന്ന 500 രൂപയുടെ നോട്ട് സൂര്യനു നേരെ പിടിച്ചു നോക്കി.. ഗാന്ധിത്തലയുടെ നിഴലിനു പകരം സുഹൃത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും രേഖാചിത്രമാണ് തെളിഞ്ഞത്. മാതൃഭൂമിയിലെ ജോലി രാജി വച്ചതോടെ ടൈറ്റായ ജീവിതത്തിലേക്ക് വെറുതേ ഒരു കൈനീട്ടം.
ജീവിതത്തില്‍ എന്നും ഇങ്ങനെയൊരു സുഹൃത്തിനെ ആരും ആഗ്രഹിക്കും. തൃശ്ശൂരില്‍ വന്ന് കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് പരിചയപ്പെട്ട ഏട്ടായി, എന്റെ വട്ടുകള്‍ക്ക് കൂട്ടു നില്‍ക്കാന്‍ തുടങ്ങിയത് വളരെ പെട്ടന്നാണ്. രാത്രി 11.30 യ്ക്ക് തട്ടുകടയില്‍ പോകാനും, വഴിയില്‍ കാലൊടിഞ്ഞ് കിടന്ന പട്ടിയെ ആശുപത്രിയിലാക്കാനും, മുയലു കുട്ടന്‍മാര്‍ക്ക് പുല്ലു പറിക്കാന്‍ പോകാനും കൂട്ടു വന്ന നല്ല കൂട്ടുകാരന്‍. ചെറിയ ചെറിയ കാര്യങ്ങളില്‍ വലിയ വലിയ ലോകം കണ്ടെത്തിയിരുന്ന എന്റെ ദിവസങ്ങള്‍ ആഘോഷമാക്കിയ സൗഹൃദം. ഓഫീസിനകത്തും പുറത്തും കളിയാക്കിയും കുറ്റം പറഞ്ഞും വഴക്കുണ്ടാക്കിയും വളര്‍ന്ന സൗഹൃദക്കൂട്ടിലേക്ക് വീട്ടുകാരും കൂട്ടു ചേര്‍ന്നു. എന്റെ കുറ്റം കേള്‍ക്കാന്‍ അനീഷേട്ടനെ ദിവസവും വിളിക്കുന്ന എന്റെ അമ്മയും, എന്താവശ്യമുണ്ടെങ്കിലും അവകാശത്തോടെ എന്നെ വിളിക്കുന്ന അനീഷേട്ടന്റെ അമ്മയും ഞങ്ങളുടെ കൂട്ടില്‍ മുഖ്യാതിഥികളായി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പോലും ഒരു സഹോദരനെയോ സുഹൃത്തിനെയോ മിസ് ചെയ്യുന്നതായി തോന്നാന്‍ പോലും ഏട്ടായി സമ്മതിച്ചിട്ടില്ല. അപ്പായിയോട് മാത്രം പറയാന്‍ ശീലിച്ച രഹസ്യങ്ങളും അമ്മയോട് മാത്രം കാണിക്കാന്‍ സൂക്ഷിച്ചിരുന്ന പരിഭവങ്ങളും പങ്കു വയ്ക്കാന്‍ ഞാന്‍ തയ്യാറായതും അതു കൊണ്ടാണ്.
എല്ലാ ആണ്‍ സൗഹൃദങ്ങളിലും കാണാറുള്ള മാറ്റി നിര്‍ത്തലുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വീട്ടുകാരു തരുന്ന സ്വാതന്ത്ര്യത്തെ കൗതുകത്തോടെയും ഇത്തിരി അസൂയയോടെയും മാത്രം പരാമര്‍ശിച്ചിരുന്ന ഏട്ടായിക്ക് എന്നെ മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. സെക്കന്‍ഡ് ഷോ സിനിമയ്ക്കും പുലര്‍ച്ചെ വരെ നീണ്ട കഥകളിക്കും ഞാനൊറ്റയ്ക്കു പോകുന്നതിനെ കുറ്റപ്പെടുത്തിയില്ല. പെട്ടന്നുണ്ടാകുന്ന ബോധോദയത്തില്‍ നടത്തുന്ന യാത്രകള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവിശ്വസനീയതയോടെ നോക്കി ചിരിക്കുമെന്നല്ലാതെ അതില്‍ തെറ്റൊന്നും കണ്ടില്ല. ഇന്നും ഞാനൊരു നീണ്ട യാത്രയ്ക്കു തയ്യാറെടുക്കുമ്പോഴും ഏല്ലാ ഭാവുകങ്ങളും നേര്‍ന്ന് ആത്മവിശ്വാസം പകര്‍ന്നു കൂടെ നില്‍ക്കാന്‍ തയ്യാറായി.
എന്റെ ചുറ്റിലുണ്ടായിരുന്ന ചിലരുടെ മാനസിക വൈകല്യത്തിന്റെ ഫലമായി എന്നോട് കാണിച്ച നല്ല സൗഹൃദത്തിന് ബിലയാടാകേണ്ടി വന്നപ്പോഴും എന്റെ മുന്നിലെത്തുമ്പോള്‍ ഏട്ടന്‍ സ്വയം നിയന്ത്രിച്ചു. വാക്കുകളിലും ഭാവത്തിലും എന്നെ വേദനിപ്പിക്കുന്നതൊന്നും കയറി വരാതിരിക്കാന്‍ ശ്രദ്ധിച്ചു. എനിക്ക് കുറ്റബോധമുണ്ടാകാതിരിക്കാന്‍ സന്തോഷമാണെന്ന് അഭിനയിച്ചു. കൂടുതല്‍ സ്‌നേഹത്തോടെ എന്റൊപ്പം നിന്ന ആ നല്ല കൂട്ടുകാരനു വേണ്ടിയാണീ കുറിപ്പ്..
പിന്നെ, ചിലരോട് - 'നിങ്ങള്‍ക്കൊരു പെണ്ണിനെ നല്ല സുഹൃത്തായി കിട്ടാത്തതിന് മറ്റുള്ളവരെന്തു പിഴച്ചു. ലോകത്ത് കാമം മാത്രമേയുള്ളൂവെന്നു കരുതി ജീവിക്കുന്ന നിങ്ങളുടെ മനസ്സിന്റെ വൈകല്യത്തിന് ചികിത്സയുമില്ല'-
Subscribe to:
Posts (Atom)