Wednesday, October 31, 2012

ഡെസ്പറേറ്റ്‌ലി വാസ് ഇന്‍ നീഡ് ഓഫ് എ മിറക്കിള്‍



      ഒരു റീ യൂണിയന്‍ എന്നതിനേക്കാള്‍ മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നു എന്റെ ട്രിച്ചി യാത്രയ്ക്ക്. സാധാരണ പെണ്‍കുട്ടിയാകുകയെന്ന ബലഹീനതയ്ക്കുള്ളിലകപ്പെടുന്നതിന്റെ ഫലമായിരുന്നു അത്. മൂന്ന് ദിവസം മുമ്പുള്ള യാത്രയ്ക്കും മുമ്പ് രണ്ടു ദിവസം എന്റെ മനസ്സു നിറയെ ഒരു സിനിമയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു. മനസ്സില്‍ കിടന്ന് ചീഞ്ഞ് വമിച്ച ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ പല മാര്‍ഗങ്ങളും പയറ്റി നോക്കി. ' എ മൊമന്റ് ടു റിമമ്പര്‍ ' എന്ന സിനിമ എനിക്കു സമ്മാനിച്ചത് എന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഒരു വര്‍ഷത്തോളം എന്റെ ലാപ്‌ടോപ്പിനകത്ത് തുറക്കാതെ കിടക്കുന്ന മുറി പോലെ അത് ഭദ്രമായി ഇരുന്നു. കഴിഞ്ഞ ദിവസം ഉള്‍വിളി കേട്ട് ആ മുറി ഞാന്‍ തുറന്നു. ഇരുപത്തിയേഴാം വയസ്സില്‍ ഓര്‍മ നഷ്ടപ്പെട്ട് പെണ്‍കുട്ടിയുടെ കഥ. പ്രണയവും കുടുംബവും തലച്ചോറില്‍ നിന്നും മാഞ്ഞു പോകുമെന്നറിയുമ്പോള്‍ നില തെറ്റുന്ന പെണ്‍കുട്ടി. പിന്നീട് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയവയെ ഒക്കെ മറന്ന അവള്‍ക്കു ചുറ്റും നിസ്സഹായരാകുന്ന ഭര്‍ത്താവും, അവളുടെ കുടുംബവും. മുറി തുറന്ന എന്നിലേക്ക് പരകായപ്രവേശം ചെയ്ത പെണ്‍കുട്ടിയുടെ പ്രേതത്തെ എനിക്ക് കുടഞ്ഞെറിഞ്ഞു കളയാന്‍ കഴിഞ്ഞില്ല. അസ്വസ്ഥതയുടെ രണ്ടു ദിവസം. മെഡിക്കല്‍ കോളേജിലെ പ്രശസ്തനായ ന്യൂറോ സര്‍ജന്റെ അടുത്തേക്കോടിയ എന്റെ അസ്വസ്ഥത എനിക്കു പരിചിതമുള്ളതായിരുന്നില്ല. രണ്ടു മൂന്ന് വാചകങ്ങള്‍ക്കുടന്‍ വന്ന നിര്‍ദ്ദേശം സി.ടി. സ്‌കാന്‍ ചെയ്തു നോക്കാം എന്നായിരുന്നു. സ്‌കാനിങ് സെന്ററിലേക്കുള്ള വഴി അഞ്ചാറു തവണ തെറ്റിയപ്പോഴേക്കും പിടിച്ചാല്‍ കിട്ടാതെയായി.

 

      ഓര്‍മകളില്‍ ജീവിക്കുന്നവളാണ് ഞാന്‍. ആ ഓര്‍മകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ഞാന്‍ പഠിച്ച ഹൈസ്‌കൂളിന്റെ മുറ്റത്ത് നില്‍ക്കുന്ന വാകമരക്കൊമ്പുകളിലും. ഇടയ്ക്ക ഓര്‍മകളോട് ഒത്തിരി സ്‌നേഹം തോന്നുമ്പോള്‍ പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ മുറ്റത്തെ വാകമരം ഞാന്‍ പിടിച്ചുലയ്ക്കും. വര്‍ഷം പോലെ ഉതിര്‍ന്നു വീഴുന്ന ചുവന്ന പൂക്കള്‍ക്കു മീതെ ഞാന്‍ ചെരുപ്പിടാതെ നടക്കും. ആ ഓര്‍മ്മ മരത്തിനു ചോട്ടില്‍ വച്ചുണ്ടായ ഒരപകടം എന്റെ ഓര്‍മകളെ മരക്കൊമ്പില്‍ നിന്നും വേരുകളിലേക്ക് വലിച്ചെടുക്കുകയാണെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. എന്റെ ഓര്‍മകള്‍ക്കു വേണ്ടി ഇനി ഞാനാ മണ്ണു കുഴിച്ചു നോക്കേണ്ടി വരുമെന്നും.

 

         'ലെ..സി..യ...അഗസ്റ്റിന്‍.. ഇതെന്തു പേരാ...' എന്റെ പേരു വായിക്കാന്‍ കഷ്ടപ്പെടുന്ന സിസ്റ്ററിന്റെ ശബ്ദം കേട്ടാണ് എനിക്ക് ബോധം വന്നത്. അവരുടെ അടുത്തേക്ക്ു ചെന്ന എന്നെ അവര്‍ തുറിച്ചു നോക്കി. എന്തേ സുഖമില്ലേ? ..ആ ചോദ്യത്തില്‍ ഞാനും അത്ഭുതപ്പെട്ടു. പെട്ടന്നവരുടെ മുഖത്തു കണ്ട സഹതാപത്തിന്റെ കാരണമെന്തെന്ന് അതിശയിച്ചു. അടുത്ത മാസം 14 ാം തിയതിക്ക് സ്‌കാനിങ്ങിനു തിയതി നിശ്ചയിച്ചു കുറിപ്പെഴുതി തന്നതും പിടിച്ച് പുറത്തേക്കു നടക്കുന്നതിനിടയില്‍, കുറിപ്പിലേക്ക് വീണ തുള്ളികള്‍ അവരുടെ സഹതാപത്തിന്റെ പൊരുളറിയിച്ചു. അടുത്ത സുഹൃത്തിനോട് എന്റെ പേടിയേക്കുറിച്ചും മറ്റും പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പ്രതീക്ഷയോടെയാണ് ട്രിച്ചിയിലുള്ള സുഹൃത്ത് ബാലയുടെ അടുത്തേക്ക് പോയത്. അരിയല്ലൂരില്‍ ബാലയുടെ വീട്ടില്‍ തങ്ങി. ഇടയ്ക്ക് സംസാരത്തിനിടയ്ക്ക് ഞാന്‍ എന്റെ ഓര്‍മത്തെറ്റുകളേക്കുറിച്ച് സൂചിപ്പിച്ചു. ' അങ്ങനെ വിചാരിക്കുന്നത് നിര്‍ത്ത് ' ആദ്യത്തെ പ്രതികരണം എന്റെ വായടപ്പിച്ചു. മൂന്നാം ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്റെ വരവിന്റെ ഉദ്ദേശ്യം നടന്നില്ലല്ലോ എന്നു വേദനിച്ചു. കൗണ്ടറില്‍ ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് 261  രൂപയ്ക്കു വേണ്ടി പേഴ്‌സ് തുറന്ന ഞാന്‍ കരഞ്ഞുപോയി. പേഴ്‌സില്‍ ആകെ 150 രൂപ. അപ്രതീക്ഷിതമായ എന്റെ കരച്ചില്‍ കണ്ട് കൗണ്ടറിലുള്ളയാള്‍ പറഞ്ഞു' ഏ മാ, നീങ്കെ പോയി കാസെടുത്തിട്ട് വാങ്കെ...പറവാലേ'..എന്റെ കരച്ചിലിന് അതായിരുന്നില്ല കാരണം. പേഴ്‌സിലെ പണം തികയില്ലെന്നും ഇടയ്ക്ക് എ.ടി.എം ല്‍ നിന്നും പണമെടുക്കണമെന്നും ഞാന്‍ തീരുമാനിച്ചതാണ്. പക്ഷേ ഇടയ്ക്കതു മറന്നു. എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ബാലയോട് ശാന്തമായി നടന്നത് പറയുമ്പോഴും കണ്ണുകളെ മാത്രം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അടുത്തുള്ള ഡോക്ടറെ കാണാം എന്നു പറഞ്ഞ ബാലയുടെ അമ്മയോട് ഞാന്‍ പറഞ്ഞു ' ഏന്‍ ഊരിലും ഡോക്ടര്‍മാര്‍ ഇറുക്ക് അമ്മാ..എന്നെ കേക്കതുക്ക് ഒരു നല്ല ഫ്രണ്ട് താ ഇല്ലാമെ പോച്ച് '........

 

      തിരിച്ചുള്ള യാത്രയില്‍ പലയിടത്തു വച്ചും ഓര്‍മ്മത്തെറ്റുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചു - ഒരു അത്ഭുതം - എന്തെങ്കിലും, എന്റെ വട്ടുകളിലേതെങ്കിലും ആയിക്കോട്ടെ...ബട്ട് ഐ വാസ് ഡെസ്പറേറ്റ്്‌ലി ഇന്‍ നീഡ് ഓഫ് എ മിറക്കിള്‍..ട്രയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് എന്റൊപ്പം ഓടുന്ന ചന്ദ്രനെ നോക്കി ഞാന്‍ പറഞ്ഞു. അക്കങ്ങളോടും പേരുകളോടും ദിശകളോടും എന്റെ തലച്ചോറു കാണിക്കുന്ന അകല്‍ച്ചയെപ്പറ്റി, പെട്ടന്ന് നഷ്ടപ്പെടുന്ന ഓര്‍മകളേപ്പറ്റി, വണ്ടിയോടിക്കുകയാണെന്ന് മറക്കുന്നതിന്റെയും, ഇന്റര്‍വ്യൂ നടത്തുമ്പോള്‍ മുന്നിലിരിക്കുന്ന വ്യക്തിത്വം ആരെന്ന് മറക്കുന്നതിന്റെയും അപകടത്തേപ്പറ്റി, മുപ്പതിലധികം തവണ ഇന്നെന്താ ദിവസം, എന്താ തിയ്യതി എന്നു ചോദിച്ച് ശല്യപ്പെടുത്തുമ്പോള്‍ അസ്വസ്ഥമായേക്കാവുന്ന സഹപ്രവര്‍ത്തകന്‍ രതീഷേട്ടനേപ്പറ്റി, രണ്ടു വര്‍ഷമായിട്ടും പരിചിതമല്ലാത്ത വഴികളേക്കുറിച്ച്...എന്റെ ഓര്‍മക്കുറവിന്റെ പേരില്‍ എനിക്കു നഷ്ടപ്പെട്ട നല്ല ബന്ധങ്ങളേക്കുറിച്ച്..വായിച്ച പുസ്തകങ്ങളെല്ലാം മറന്നതിനേക്കുറിച്ച്..മറവിയെ മറക്കാന്‍ പത്രവായന നിര്‍ത്തിയതിനേക്കുറിച്ച്..ഇടയ്ക്ക് സ്വയം മറക്കുന്നതിനേക്കുറിച്ച്.. ഒടുവില്‍ ഞാന്‍ പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകാത്തപ്പോള്‍ ഞാനനുഭവിക്കുന്ന നിസ്സഹായതയേക്കുറിച്ച്....ജീവന്‍ പോയാലും എന്റെ ഓര്‍മ്മകള്‍ മരിക്കല്ലേയെന്ന് പറഞ്ഞ് കണ്ണടച്ചു നിന്നു...തൃശ്ശൂരില്‍ ട്രയിനിറങ്ങുമ്പോഴും ഒരത്ഭുതത്തിനായി ഞാന്‍ കാത്തു. വീട്ടില്‍ എത്തി വാതില്‍ തുറന്ന്, ലൈറ്റിടാന്‍ പോകുന്നതിനിടയില്‍ എന്റെ കാലില്‍ തട്ടി തെറിച്ച പുസ്തകം കൈയ്യിലെടുത്തു. ലൈറ്റിട്ട് പുസ്തകത്തില്‍ തൊട്ട് നെറ്റിയില്‍ തൊട്ട് ഷെല്‍ഫിലേക്ക് തിരുകുന്നതിനിടയ്ക്ക് പുസ്തകത്താളിനുളളില്‍ നിന്നും പുറത്തേക്ക് നീണ്ടു നിന്ന കടലാസ്സു കഷണം ഞാന്‍ പുറത്തേക്കെടുത്തു. ബാംഗ്ലൂരിലായിരുന്ന സമയത്ത് എന്റെ മുറിക്കുള്ളില്‍ ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരുന്ന ശകലമായിരുന്നു അത്. അവസാനത്തെ വരിയാണ് കണ്ണില്‍ പെട്ടത്...If God doesn't hear you - he thinks you can handle it.....കടലാസ്സു കഷണത്തിലെ വാക്കുകള്‍ക്കുള്ളില്‍ കിടന്നു ഞാന്‍ പിടഞ്ഞു. എന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ചു. പിന്നെ കരഞ്ഞു. ദൈവം എന്നോടു കാണിക്കുന്ന സ്‌നേഹത്തിനു പകരം നല്കാന്‍ ഒന്നുമില്ലാതെ ഞാന്‍ കരഞ്ഞു..ഇത് ദൈവം കാണിച്ച അത്ഭുതമെന്ന് വിശ്വസിക്കാനിയിരുന്നു എനിക്കും ഇഷ്ടം..എല്ലാം കഴിഞ്ഞ് ആശ്വാസത്തോടെ കിടന്നപ്പോള്‍ എന്നെ അചഞ്ചലമായ ദൈവവിശ്വാസിയാക്കാന്‍ നൂറ് ശതമാനവും കാരണമായ അപ്പനോടും അമ്മയോടും നന്ദി പറഞ്ഞു. മൊബൈലിന്റെ ഇന്‍ബോക്‌സില്‍ കിടന്ന ' സോറി ലെസ്..വി കാന്‍ മേക്ക് ഇറ്റ്' എന്ന ബാലയുടെ മെസേജ് സന്തോഷത്തോടെ ഡിലീറ്റ് ചെയ്ത് ഞാനുറങ്ങി.

Monday, October 22, 2012


പിടിച്ചൊതുക്കാത്ത ചില നന്മകള്‍


          ചായഗ്ലാസ്സുമെടുത്ത് പതിവു പോലെ ഞാന്‍ നടന്നു. ഓഫീസ് കാന്റീനു പുറത്തുള്ള ഇടനാഴിയില്‍ ചില്ലു ജനാലകള്‍ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ തുറന്നു കിടന്നു. സ്‌നേഹത്തോടെയും ശാസിച്ചും എന്റെ ഈ ശീലത്തിന് തടയിടാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ശീലത്തേക്കാള്‍ അതൊരു ഇഷ്ടമായിരുന്നു. മൂന്നാം നിലയ്ക്കും മുകളില്‍ നിന്ന് നേരെ കാണുന്ന ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠയെ അവഗണിച്ച്, മനുഷ്യരുടെ പ്രത്യേകിച്ചും മലയാളിയുടെ കാണിക്കാനുള്ള ത്വരയെ പരമാവധി ചൂഷണം ചെയ്യുന്ന വസ്ത്രവ്യാപാര സൗധത്തെ മനഃപൂര്‍വ്വം മറന്ന്, കൗതുകമുണര്‍ത്തുന്ന പല രൂപങ്ങളേയും തുടരെ പരിചയപ്പെടുത്തുന്ന ചെറു ലോഡ്ജിലേക്ക് ശ്രദ്ധിക്കാതെ മുന്നിലെ റോഡിലേക്ക്, അതും ഒരു സ്ഥലത്തേക്കു മാത്രം നോക്കി ഞാന്‍ നില്‍ക്കും. റോഡിനു നടുവില്‍ വിട്ടുവിട്ടു വരച്ച വെള്ള വരയില്‍ മാത്രം നോക്കി അതിനെ മറച്ച് കടന്നു പോകുന്ന വാഹനങ്ങളുടെ പകുതി മാത്രം കണ്ണില്‍ പതിച്ച് നില്‍ക്കും. സ്റ്റീല്‍ ഗ്ലാസ്സിന്റെ തണുപ്പാദ്യവും ചായയുടെ ചൂട് പിന്നാലെയുമായി ചുണ്ടോടുരുമിക്കടന്നു പോകുമ്പോള്‍ ഇമകള്‍ കൂട്ടിയിടിക്കാന്‍ പോലും മറന്നു പോകും. 


          ഞായറാഴ്ച വൈകുന്നേരം എന്റെ പതിവില്‍ ഞാന്‍ സ്വയംമറന്നിരിക്കെ ഓര്‍ക്കാപ്പുറത്തൊരു ചാറ്റല്‍ മഴ പെയ്തു. അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കയറുന്നവര്‍. വശം ചേര്‍ത്ത് നിര്‍ത്തിയ ബൈക്കില്‍ നിന്നും ചാടിയിറങ്ങി റെയിന്‍കോട്ടണിയുന്നവര്‍, മുന്നറിയിപ്പില്ലാതെ നിര്‍ത്തിയ ബൈക്കുകള്‍ പിന്നാലെ വന്ന ഡ്രൈവര്‍മാര്‍ക്കു സമ്മാനിച്ച ഒരു നിമിഷത്തെ ആന്തല്‍...ഒരു ചാറ്റല്‍ മഴയ്ക്കു മുന്നില്‍ വെപ്രാളപ്പെട്ടോടുന്ന കുറേ പേര്‍. മഴത്തുള്ളികള്‍ വീണ ഷര്‍ട്ടു നോക്കി ശപിക്കുന്നവര്‍. എല്ലാ മുഖങ്ങളിലും ഉറഞ്ഞു കൂടിയ ദേഷ്യവും അസഹിഷ്ണുതയും കണ്ടപ്പോള്‍ വിഷമം തോന്നി. ഇതൊരു മഴ മാത്രമാണ്, രണ്ടോ മൂന്നോ തുള്ളിയോ, ഒരു കുടമോ വീണാല്‍ പോലും കുളിരുമെന്നല്ലാതെ പുകയില്ല. എപ്പോള്‍ മഴ പെയ്താലും സന്തോഷം മാത്രം തോന്നുന്നത് ബാല്യത്തില്‍ മാത്രമേ പാടുള്ളൂ എന്ന നിയമം ഉണ്ടോ..കൈ നീട്ടി താഴേയ്‌ക്കോടുന്ന മഴത്ത്ുള്ളികളെ തടഞ്ഞു നിര്‍ത്തി കുറുമ്പു കാണിച്ചു നില്‍ക്കുന്നതിനിടയില്‍ മഴയുടെ ശക്തി കൂടി. നിന്നിടത്തു നിന്നും അനങ്ങാന്‍ മറന്ന് ചൂടുള്ള ടാറിലേക്ക് വീണ് പുകയുന്ന മഴത്തുള്ളികളോട് സഹതപിച്ച് ഞാന്‍ നിന്നു. 


            എത്ര  പെട്ടന്നാണ് മനുഷ്യര്‍ എന്തിനോടും സമരസപ്പെടുന്നത്. കൂട ചൂടി നടക്കുന്നവരും, കോട്ടിട്ട ഇരുചക്ര വാഹനക്കാരും, മാത്രമേയുള്ളൂ റോഡിലിപ്പോള്‍. അപ്പോഴാണ് കുടകള്‍ക്കിടയിലൂടെ വളരെ പതുക്കെ നീങ്ങുന്ന ഒരു കടലാസ്സ് കഷണം കണ്ണില്‍ പെട്ടത്. തെല്ല് പരിഭ്രമത്തോടെ തലയ്ക്കു മുകളില്‍ പിടിച്ചിരിക്കുന്ന കടലാസ്സ് കഷണത്തിലേക്ക് ഇടയ്ക്കിടെ നോക്കി ഏന്തി വലിയുന്ന ഒരു എഴുപതുകാരന്‍. പ്രായാധിക്യം വെല്ലുവിളികളുയര്‍ത്തി പിന്നോട്ടു വലിക്കുമ്പോള്‍ മുന്നോട്ടോടാന്‍ ശ്രമിക്കുന്ന ശരീരത്തെ ബാലന്‍സ് ചെയ്യാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു. ദൂരവും വേഗതയും തമ്മിലുള്ള കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍ മുന്നില്‍ വന്ന പലരുമായും അയാള്‍ കൂട്ടിമുട്ടി. ശരീരത്തിന്റെ പകുതി അപ്പോഴും ഇത്തിരി മുന്നിലേക്കു നിന്നു. ചരിച്ചു വച്ച പലക വലിച്ചു കൊണ്ടു പോകുന്ന പോലെ മുന്നിലുള്ള എന്തിലോ തൂങ്ങി വലിച്ചെടുത്ത പോലെ അയാള്‍ പോകുകയാണ്. മനസ്സിനൊപ്പം ശരീരമെത്താത്തതിന്റെ അസ്വസ്ഥതകള്‍ മുഖത്ത് വ്യക്തമാണ്.

 എന്നെ ദുഃഖിപ്പിച്ചത് അതൊന്നുമായിരുന്നില്ല. സാവധാനത്തിലും വേഗത്തിലും അയാളെ മറികടന്നു പോയ ആര്‍ക്കും ഈയൊരാളെക്കൂടി തന്റെ കുടയില്‍ കൂട്ടാന്‍ തോന്നിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ നിന്നൊരു വേദന തോന്നി. എതിരേ വന്ന പലരും അയാളെ നോക്കി നിസ്സാരമായി നടന്നകന്നു. റോഡിന്റെ മറുവശത്ത്  ഇയാളെ കൈ ചൂണ്ടി എന്തോ പറഞ്ഞ മകളുടെ കൈ പിടിച്ചൊതുക്കി അമ്മ മുന്നിലേക്കു വലിച്ചു. ഇവരുടെ മനസ്സിലെ നന്മയും ഒരുപക്ഷേ ആരെങ്കിലും ഇതുപോലെ പിടിച്ചൊതുക്കിയിട്ടുണ്ടാവണം. 


         അകലെ കാണുന്ന കടയുടെ വരാന്തയാണ് വൃദ്ധന്റെ ലക്ഷ്യമെന്ന് തോന്നി. മഴ കൂടാതെ മറ്റൊരു കടമ്പ കൂടിയുണ്ട്. പ്രധാന പാതയിലേക്ക് കയറുന്ന ഒരു റോഡ് മുറിച്ചു കടക്കണം. രണ്ടു മിനിട്ട് അയാള്‍ നിന്നു. പിന്നെ രണ്ടും കല്പിച്ച് രണ്ടടി മുന്നോട്ട്. അതിനേക്കാള്‍ സ്പീഡില്‍ നാലടി പിറകോട്ട്. രക്ഷയില്ല. അയാളുടെ ഉദ്ദേശ്യമെന്തെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഒരാള്‍ക്കു പോലും അതിനയാളെ അനുവദിക്കാനുള്ള സമയമില്ല. കൈയ്യിലിരുന്ന നനഞ്ഞു കുതിര്‍ന്ന കവറിലേക്ക് ദയനീയമായി അയാള്‍ നോക്കി. ഒരുപക്ഷേ ദിവസങ്ങളോളം അലഞ്ഞു ഒപ്പിട്ടു കിട്ടിയ അപേക്ഷാ ഫോമാകാം അതില്‍. അല്ലെങ്കില്‍ അതിനേക്കാള്‍ വേണ്ടപ്പെട്ട ചിലത്. പനി പിടിച്ചു കിടന്നാല്‍ ഉണ്ടായേക്കാവുന്ന ആസ്പത്രിച്ചിലവുകളും, പങ്കപ്പാടും ഓര്‍ത്താകാം അയാളത് തലയ്ക്കു മുകളില്‍ പിടിച്ചത്. മനസ്സിനെ മറികടന്ന് പല ചിന്തകളും കടന്നു പോയിട്ടും അയാള്‍ മാത്രം റോഡ് മുറിച്ചു കടന്നില്ല. നെഞ്ചിലാഴ്ന്നിറങ്ങുന്ന വേദനയ്ക്കിടെ ഞാന്‍ ഓര്‍ത്തു. ഈശ്വരാ ഒരാള്‍ക്കെങ്കിലും ഒന്നു തോന്നണേ.... അതങ്ങനെയാണ് എത്ര കാര്‍മേഘമുള്ള ആകാശവും മറികടന്ന് എന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും.. ഒരു കുട വൃദ്ധന്റെ തലയ്ക്കു മുകളിലേക്ക് നീങ്ങി വന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് എന്നു ഒറ്റ നോട്ടത്തില്‍ തോന്നുന്ന ചെറുപ്പക്കാരനാണ് കുടയുടെ ഉടമ. വൃദ്ധനോട് എന്തോ തിരക്കി. വൃദ്ധനേയും മറുവശത്തെത്തിച്ച്, കടയുടെ വരാന്തയിലേക്ക് കയറ്റി നിര്‍ത്തി യുവാവ് മുന്നോട്ട് നീങ്ങി. ബാല്യത്തില്‍ നന്മയുടെ കൈനീട്ടിയപ്പോള്‍ പിടിച്ചൊതുക്കി മുന്നോട്ട് ഉന്തിവിടാത്ത അവന്റെ നല്ല മാതാപിതാക്കള്‍ക്ക് നന്ദിപറഞ്ഞ് ഞാന്‍ രണ്ടാമത്തെ നിലയിലെ എന്റെ ഇരിപ്പിടത്തിലേക്കും.


Sunday, October 14, 2012

പിസ്സക്കാരന്‍ സമ്മാനിച്ച് മൂന്ന് പുഞ്ചിരി



സര്‍ക്കസ് കൂടാരങ്ങളില്‍ കമ്പിക്കും കയറിനും മുകളിലൂടെ കൈവിട്ടും കാല്‍പൊക്കിയും മലക്കം മറിയുന്ന സൈക്കിള്‍ സവാരിക്കാരോട് പ്രിയമായിരുന്നു. 'ഒരു'സൈക്കിളിന്റെ കമ്പികള്‍ക്കിടയിലൂടെ കാലിട്ട് പെഡല്‍ കറക്കി ബാലന്‍സ് പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കാലത്ത് പ്രത്യേകിച്ചും. എന്റെ പാകത്തിനുള്ള 'മുക്കാ' സൈക്കിളിനു വേണ്ടി വാശി പിടിക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നില്ല. മൂത്ത ഏട്ടനു പോലും സൈക്കിള്‍ സ്വന്തമായത് ഹൈസ്‌കൂളിലെത്തിയതിനു ശേഷമാണ്. ഊഴമനുസരിച്ച് എനിക്കും ഹൈസ്‌കൂളിലേ സ്വന്തമായി സൈക്കിള്‍ ആഗ്രഹിക്കാന്‍ പാടുള്ളൂ. പണമോ, കാലമോ അല്ല വില്ലന്‍. അതൊരു കീഴ്‌വഴക്കമായിരുന്നു. അറയ്ക്കല്‍ക്കാരുടെ വീടിനു മുന്നിലുള്ള ഇറക്കത്തിന്റെ മുകളില്‍ വരെ സൈക്കിള്‍ ഉന്തിക്കൊണ്ടു പോകും. സൈക്കിള്‍ ഹാന്‍ഡിലില്‍ കൈയ്യും പെഡലില്‍ കാലുംവച്ച്, ശരീരം ഒരു 'സി' രൂപത്തില്‍ സൈക്കിളിനിടയില്‍ തിരുകി, ഇറക്കത്തിലൂടെ അന്തോം കുന്തോം ഇല്ലാതെ ഒരു പോക്കാണ്. വല്ല വണ്ടിയും മുന്നില്‍ വന്നാല്‍ റോഡില്‍ കാലു കുത്തി ചവുട്ടി നില്‍ക്കും. ബ്രേക്ക് പിടിക്കുന്ന കാര്യം ഓര്‍ക്കാറേ ഇല്ല. പിന്നെ മുകളിലെ കമ്പിയില്‍ കയറി ഓടിക്കാമെന്ന ധൈര്യം വന്നപ്പോഴും വലിഞ്ഞു കേറുന്നതൊരു പങ്കപ്പാടു തന്നെ. കലുങ്കില്‍ കയറി നിന്ന് സൈക്കിളിന് മുകളില്‍ കയറും. വലത്തേക്കാലിന്റെ പെഡല്‍ പൊക്കി വച്ചിട്ടുണ്ടാകും. ആഞ്ഞൊരു ചവിട്ട്, മുന്നോട്ട് പോകാന്‍ ചക്രത്തിന് തോന്നുന്നതു വരെ പോകും. ചവിട്ടാന്‍ കാലെത്തില്ല. അതോടെ മറിഞ്ഞു വീഴും. ഇങ്ങനെ നൂറിലധികം തവണ വീണ ഞാന്‍ ഒരു ദിവസം എല്ലാവരേയും ഞെട്ടിച്ചു. എല്ലാവരേയും റോഡിലേക്ക് വിളിച്ചു വരുത്തി, സൂത്രം കണ്ടോളാന്‍ പറഞ്ഞു. പതിവു പോലെ കലുങ്കില്‍ കയറി ആഞ്ഞൊന്നു ചവിട്ടി മുന്നിലേക്ക്....മറിഞ്ഞു വീഴുമെന്ന് പ്രതീക്ഷിച്ചിരുന്ന ആങ്ങളമാരെ ഞെട്ടിച്ച് ഞാന്‍ മുന്നോട്ട് പോയി. കറങ്ങി വരുന്ന പെഡലിന്റെ താളത്തില്‍ വലത്തോട്ടും ഇടത്തോട്ടും ശരീരം വലിച്ചു നീട്ടി ഓടിക്കാന്‍ ശീലിച്ച അന്നു തുടങ്ങി എന്റെ അഹങ്കാരം. ആരുമറിയാതെ പഠിച്ചെടുത്ത സൈക്കിള്‍ സവാരിയുടെ മുഴുവന്‍ ക്രഡിറ്റും എനിക്കു മാത്രം.

 

ഇരുചക്ര വാഹനങ്ങളിലെ സര്‍ക്കസ് കളി പിന്നേയും തുടര്‍ന്നു. എല്‍.എം.എല്‍ വെസ്പയിലേക്കും, യുണികോണ്‍ ബൈക്കിലേക്കും, ബുള്ളറ്റിലേക്കും കളി തുടരുന്നു. വേണമെങ്കില്‍ സ്‌റ്റെപ്പുകളിലൂടെ, ഫുട്പാത്തിലൂടെ, ഊടുവഴികളിലൂടെ അങ്ങനെ എവിടെയും കുത്തിത്തിരുകി കയറ്റുന്ന ബാലന്‍സിങ്ങില്‍ കണ്ണിനേറ്റവും പ്രാധാന്യമുള്ള ഇവയുടെ ആരാധികയാണ് ഞാന്‍. സൈക്കിളോടിക്കാന്‍ പഠിച്ച കാലത്താണ് ഇരുചക്രത്തിന്റെ ബാലന്‍സിന് കണ്ണിനുള്ള പ്രാധാന്യം മനസ്സിലായത്. മൂന്ന് മീറ്റര്‍ മുന്നിലേക്കെങ്കിലും നോക്കണം. നോട്ടം ചക്രത്തിന്റെ തൊട്ട് മുന്നിലേക്കായിപ്പോയാല്‍ ബാലന്‍സ് തെറ്റും. ചക്രമുള്ള പരന്ന പലകയ്ക്കു മുകളില്‍ മറിയാതെ പോകുന്നവരോടൊക്കെ പ്രിയമാണ്.

 

എന്റെ ഇരുചക്ര ബഹുമാനത്തിന്റെ കാര്യമോര്‍മിപ്പിച്ചത്, എം.ജി.റോഡല്‍ എന്റെ ബൈക്കിനു മുന്നിലേക്ക് പാളിച്ചു കയറി പറന്നു പോയ പിസ ബോയിയുടെ പോക്കാണ്. ഇവരുടെ അക്രമം ശരിക്കും മനസ്സിലായത് ബാംഗ്ലൂരില്‍ വച്ചാണ്. അഞ്ചു മിനിട്ടിനുള്ളില്‍ വാതിലിനു മുന്നിലെത്തും ചൂടുള്ള പിസ എന്ന പരസ്യം വെറും പരസ്യം മാത്രമെന്ന ധാരണ പലപ്പോഴും ഇവര്‍ തെറ്റിച്ചു. മിക്കപ്പോഴും കാല്‍നടക്കാരുടെ സ്ഥലങ്ങള്‍ പോലും ഇവര്‍ കയ്യേറി. അറ്റകുറ്റ പണി നടക്കുന്ന റോഡില്‍ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ക്കു ഇവര്‍ പുല്ലു വിലയാണ് നല്‍കുക, ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ അരമണിക്കൂറില്‍ ഒരു നിയമലംഘനം പിസ്സക്കാരന്റെ വക. തൃശ്ശൂരില്‍ ഇവര്‍ അത്ര സുലഭമല്ല. വല്ലപ്പോഴുമൊക്കെയേ ഇവരെ കാണാറുള്ളൂ. ഞായറാഴ്ച കണ്ട പിസ്സക്കാരനും വെപ്രാളമായിരുന്നു. തിരക്കിനിടയിലൂടെ വെട്ടിച്ചും, ചെരിച്ചും, തിരുകിയും അതേ പോക്ക്. ഇടയ്ക്ക് കോട്ടപ്പുറത്തേക്കുള്ള ഇടവഴിയിലേക്ക് അയാള്‍ തിരിഞ്ഞപ്പോള്‍ ഞാനും സ്പീഡ് കൂട്ടി. അയാളുടെ പുറകേ തന്നെ വച്ചു പിടിച്ചു. വെറുതേ ഒരു രസം. ഏങ്ങോട്ടേയ്ക്കാണാ ചൂടുള്ള പിസ്സ ചെല്ലുന്നതെന്നു അറിയാന്‍ അനാവശ്യമായൊരു ആകാംഷ. ബ്രേക്കിന്റെ ഉപയോഗം തീരെയില്ലാത്ത അയാളുടെ പുറകേ അതേ സ്പീഡില്‍ ഞാനും.. പെട്ടന്ന് സഡണ്‍ ബ്രേക്കിട്ടൊരു നിര്‍ത്ത് !!!. ഓര്‍ക്കാപ്പുറത്ത് ചവിട്ടു കിട്ടിയപോലെ എന്റെ ബൈക്കും പുളഞ്ഞൊന്നു നിന്നു. ഗതാഗത കുരുക്കോ, ആള്‍ക്കൂട്ടമോ കണ്ടാല്‍ പോലും ചവിട്ടാന്‍ നില്‍ക്കാത്ത ഇവര്‍ക്കിതെന്തു പറ്റി എന്ന എന്റെ ആശ്ചര്യത്തിനും പെട്ടന്ന് തോന്നിയ ദേഷ്യത്തിനും ഉത്തരം കിട്ടി. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന മൂന്ന് കുട്ടികള്‍. എതിര്‍ ദിശയില്‍ വന്ന ഇന്നോവ കാറിനെ കൈകാണിച്ച് നിര്‍ത്തി ഇയാള്‍ കുട്ടികളോട് റോഡ് മുറിച്ചു കടന്നോളാന്‍ പറഞ്ഞു. തങ്ങള്‍ക്കുവേണ്ടി നിര്‍ത്തി തന്ന വാഹനങ്ങളിലെ ചേട്ടന്‍മാരുടെ മുഖത്തു നോക്കി കള്ളച്ചിരിയും ചിരിച്ച് കുണുങ്ങിയോടിയ കുഞ്ഞു മുഖങ്ങള്‍ ഇയാളിലേക്കും പുഞ്ചിരി സമ്മാനിച്ചു. തന്റെ ഓട്ടപ്പിടുത്തത്തിനിടയില്‍ ഈ കുഞ്ഞു മുഖത്തിന്റെ പുഞ്ചിരിക്കു പ്രാധാന്യമേറെ നല്‍കിയ പിസ്സക്കാരനോടുള്ള എന്റെ ബഹുമാനം പത്തിരട്ടി കൂടി... വാതില്‍ തുറന്ന് പിസ്സ വാങ്ങാനെത്തുന്ന ബര്‍മുഡയ്ക്കും സ്ലീവ്‌ലെസ് ബനിയനുമുള്ളിലെ ചിരിക്കാത്ത തടിയന്റെ മുഖത്തേക്കാള്‍ മാറ്റുള്ള മൂന്ന് പുഞ്ചിരി കണ്ട സന്തോഷത്തില്‍ ഞാനും ചിരിച്ചു.. മുന്നോട്ടുള്ള പോക്കില്‍ വഴിവക്കില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തിരുന്ന കുട്ടികളെയെല്ലാം മറുവശമെത്തിച്ചേ ഞാനടങ്ങിയുള്ളൂ....


Tuesday, October 9, 2012

ചിലര്‍ അങ്ങനെയാണ്- നമ്മളെ പോലും മാറ്റുന്ന നന്മയായിരിക്കും അവരിലുണ്ടാകുക.


അഞ്ചാഴ്ചയ്ക്കു ശേഷം ഊഴമനുസരിച്ചെത്താറുള്ള രാത്രിജോലിക്കു വേണ്ടി കാത്തിരിക്കുന്നയാളാണ് ഞാന്‍. പകല്‍ സമയം മുഴുവന്‍ കിട്ടുമല്ലോ എന്ന ചിന്തയില്‍ എന്നും രാത്രി വരാനും ഞാന്‍ തയ്യാറാണ്. സാധാരണ ദിവസങ്ങളില്‍ വൈകീട്ട് ആറു മണി മുതല്‍ 10 മണി വരെയുള്ള അതിസമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രം മതി പിന്നീടുള്ള സമയം നമുക്കാഘോഷിക്കാം. ചില ദിവസങ്ങളില്‍ മാത്രം സമ്മര്‍ദ്ദ സമയം കൂടാന്‍ സാധ്യതയുണ്ടെന്നതു തള്ളിക്കളഞ്ഞാല്‍ രാത്രി ഡ്യൂട്ടി ഏറെ പ്രീയപ്പെട്ടതാണ്. ഇന്നും ഞാനായിരുന്നു രാത്രി ജോലിക്ക്. പക്ഷേ ഓഫീസിലെ സാങ്കേതിക തകരാറുകളും മറ്റും ചേര്‍ന്ന് എന്റെ നിയന്ത്രണത്തിന് മേലെ കാര്യങ്ങള്‍ കത്തിപ്പിടിച്ചു തുടങ്ങി. ചിലരോടുള്ള ദേഷ്യവും കൂടി നെയ്യായി അതിലേക്ക് ഉരുകി വീണു കൊണ്ടിരുന്നത് അതാളിക്കത്തിച്ചു. എന്റെ തരക്കാരായ പ്രാദേശിക ലേഖകരില്‍ പലരും അന്നെനിക്കു ഇരകളായി. ദൈവം സഹായിച്ചതു കൊണ്ടു മാത്രമാണ് മുതിര്‍ന്നവരോട് ദേഷ്യപ്പെടാതിരിക്കാന്‍ കഴിഞ്ഞത്. നിര്‍ത്താതെ അടിക്കുന്ന ഫോണുകളും ഒഴുകി വന്നു കൊണ്ടിരുന്ന ചരമക്കുറിപ്പുകളും, സമയം തെറ്റി വരുന്ന വാര്‍ത്തകളും എല്ലാം എന്റെ ദേഷ്യത്തില്‍ ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കേ, വടക്കേക്കാട് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രശ്‌നമുണ്ട് ഒന്നെഴുതിയെടുക്കണമെന്ന് പറഞ്ഞ് പുന്നയൂര്‍ക്കുളത്തുള്ള ലേഖകന്‍ വിളിച്ചു. രാത്രി വൈകിയുണ്ടാകുന്ന സംഭവങ്ങള്‍ എഴുതിയെടുക്കുന്നതില്‍ വിരോധമില്ല. അയാള്‍ പറഞ്ഞ വാര്‍ത്ത എഴുതിയെടുത്ത് ഫോണ്‍ വയ്ക്കാന്‍ തുടങ്ങുമ്പോള്‍ വന്ന രണ്ട് ബിറ്റ് വാര്‍ത്തകള്‍ കൂടി എഴുതിയെടുക്കാനുള്ള അഭ്യര്‍ത്ഥന എന്റെ നിയന്ത്രണം തെറ്റിച്ചു. എഴുതിയെടുക്കുന്നതിനിടയില്‍ ശബ്ദമുയര്‍ത്തിയും താഴ്ത്തിയും ഞാന്‍ ദേഷ്യപ്പെട്ടു, ശരണകെട്ടു, അപ്പോഴെന്റെ അടുത്തു വന്ന അറ്റന്‍ഡറോടും ചൂടായി. എല്ലാത്തിനും ഇടയില്‍ ലേഖകന്‍ പറയാന്‍ ശ്രമിച്ചതൊന്നും ഞാന്‍ കേട്ടില്ല. 'നീ ചൂടാകല്ലേ' എന്നു കേട്ടത് ഊഷ്മാവ് 5 ഡിഗ്രിയെങ്കിലും കൂട്ടി. 'കൂള്‍ ആയിട്ട് എടുക്ക് '...പിന്നെയും കൂടിയത് 5 ഡിഗ്രി... 'നീയിങ്ങനെ സ്‌ട്രെസ്ഡ് ആകുന്നത് നിന്റെ ആരോഗ്യത്തെ ബാധിക്കും'..പോരെ ഫോണ്‍ ടപ്പേന്ന് വെയ്ക്കുമ്പോള്‍ എന്റെ ചൂട് 110 ഡിഗ്രി.

പന്ത്രണ്ടു മണിക്കു ശേഷം തിരക്കുകള്‍ കഴിഞ്ഞ് മേശപ്പുറത്തേക്ക് തലചായ്ച്ച് കിടന്നപ്പോള്‍ ഒരു യുദ്ധം കഴിഞ്ഞ പോലെ തോന്നി. ഒപ്പം അപലക്ഷണമുള്ള ഒരു ചിന്തയും. പൊരുതി എന്നല്ലാതെ ജയിച്ചില്ല, മാത്രമല്ല തോറ്റു എന്നു വേണമെങ്കില്‍ പറയാം. മനസ്സൊന്നു തണുത്തപ്പോ കഷ്ടം തോന്നി. ഞാന്‍ അത്രയും ദേഷ്യപ്പെടുമ്പോഴും തിരിച്ചൊന്നും പറയാതെ, എന്റെ ആരോഗ്യത്തേപ്പറ്റി ആശങ്കപ്പെട്ട മനസ്സിനേപ്പോലും അപമാനിച്ചല്ലോ എന്നു തോന്നി. രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് രാത്രി 2 മണിക്ക് വീട്ടിലെത്തി ലാപ്‌ടോപ്പില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഉദ്ദേശ്യം ആ നല്ല മനസ്സിനോടൊരു ക്ഷമാപണം നടത്തുക എന്നതായിരുന്നു. ഇനിയൊരിക്കലും എന്റെ സമ്മര്‍ദ്ദം മറ്റുള്ളവരിലേക്ക് പടര്‍ത്തില്ല എന്നൊരു തീരുമാനവും ഒപ്പമെടുത്തു. ചിലര്‍ അങ്ങനെയാണ്- നമ്മളെ പോലും മാറ്റുന്ന നന്മയായിരിക്കും അവരിലുണ്ടാകുക.

Thursday, October 4, 2012


പെണ്‍മനസ്സിന്റെ നന്മ 


രാവിലെ വൈകിയെഴുന്നേറ്റ് പല്ലു തേക്കാന്‍ മടിച്ച് ബാല്‍ക്കണിയില്‍ ഇന്നലെ രാത്രി പുറത്തേക്കെടുത്തിട്ട കസേരയില്‍ കുത്തിയിരുന്നു. ഉറച്ചുതുടങ്ങിയ വെയിലില്‍ നിന്നും മാറിയിരിക്കാനും തോന്നിയില്ല. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പലും ഗട്ടറില്‍ വീഴുന്ന ലോറിയുടെ ഭാഗങ്ങള്‍ ഇളകി വീഴുന്ന മാതിരിയുള്ള ശബ്ദവും ഇന്‍ഡിക്കേറ്ററുകളും ഹോണടികളും എല്ലാം കൂടിക്കുഴഞ്ഞ് എന്റടുത്തേക്ക് ശബ്ദം മാത്രമായെത്തി. നേരംപോക്കിന് ശബ്ദം കേട്ട് വണ്ടി തിരിച്ചറിയുന്ന കളിയും നടത്തി. ഓട്ടോ...ഓട്ടോ...ബൈക്ക്...ബസ്...ഓട്ടോ...സ്‌കൂള്‍ വാന്‍...ഓട്ടോ....ബൈക്ക്...ലോറി...പെട്ടി ഓട്ടോ....ഡീസല്‍ ഓട്ടോ..സ്‌കൂട്ടി...കാര്‍...നാനോ കാര്‍...
ഇത് പണ്ടേയുള്ള കളിയാണ്..അന്നും ഇന്നും ഒറ്റയ്ക്കാകുമ്പോഴാണ് കൂടുതല്‍ രസകരമായ കളികളുണ്ടാകുന്നത്. കൂട്ടുകാര്‍ക്ക് ഇങ്ങനെയുള്ള കളികളോടൊക്കെ പുച്ഛമായിരുന്നു. ഇപ്പോഴാകട്ടെ, ഓരോ വട്ടെന്നു പറഞ്ഞ് കളിയാക്കും...ഓരോ വണ്ടിക്കും ഹോണിന്റെ ശബ്ദത്തില്‍ വ്യത്യാസമുണ്ട്..ഡീസല്‍, പെട്രോള്‍ വണ്ടികള്‍ക്കു വ്യത്യാസമുണ്ട്..പഴകും തോറും വണ്ടിയുടെ ശബ്ദത്തില്‍ മാറ്റം വരും..അങ്ങനെ കുറേ കണ്ടുപിടുത്തങ്ങള്‍...വീല്‍ കവര്‍ നോക്കി വാഹനം ഏതു കമ്പനിയുടേതാണെന്ന് പറയും...പിന്നെ മുന്നിലുള്ള ചിഹ്നം..നമ്പര്‍ നോക്കി ഏവിടുന്നുള്ള വണ്ടിയാണെന്നും മറ്റും കണ്ടുപിടിക്കും... ഇപ്പോള്‍ അത്രയ്‌ക്കൊന്നും ആവില്ല...മുതിര്‍ന്നപ്പോള്‍ ഇടയ്‌ക്കെനിക്കും തോന്നിയിരിക്കണം ഇതൊക്കെ ബാലിശമാണെന്ന്.
റോഡിലെ വണ്ടികളുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കേട്ടു....നാളത്തെ നാളത്തെ നാളത്തെ കേരള....നിങ്ങളുടെ കാരുണ്യ....ഒന്നാം സമ്മാനം........വെള്ള അംബാസിഡര്‍ കാറില്‍ സ്പീക്കര്‍ പെട്ടിയും വച്ച് ലോട്ടറി....നാട്ടിന്‍പുറത്തേക്കിങ്ങനെ എത്തുന്ന ലോട്ടറിക്കാരനോട് അന്നു തോന്നിയിരുന്ന ബഹുമാനത്തിന് കണക്കില്ലായിരുന്നു.മുന്തിരിങ്ങാട്ടുകുന്നേലെ കൊച്ചേട്ടന്‍ കക്ഷത്തില്‍ തിരുകിയ കൊണ്ടുവരുന്ന കാര്‍ബോര്‍ഡ് കഷണത്തില്‍ തോരണം പോലെ തൂക്കിയ ലോട്ടറികള്‍ മാത്രം പരിചയമുള്ള ഞങ്ങള്‍ക്ക് കാറില്‍ എത്തുന്ന ലോട്ടറിക്കാരനോട് ആരാധന തോന്നാതിരിക്കില്ലല്ലോ.ജെറ്റുവിമാനം പോലെ വാക്കുകള്‍ പെറുക്കി പെറുക്കി മൂക്കിനും അണ്ണാക്കിനും ഇടയിലൂടെ പറയുന്ന 'നാളെയാണ് നാളെയാണ് നാളെയാണ്' വിളികള്‍. റോഡിനരികിലുള്ള വീടായതിനാല്‍ ഞാനാദ്യം കേള്‍ക്കും എന്ന ധാരണ തെറ്റിച്ച് ഇന്ദിരയും നൂണിയും റോഡില്‍ ഹാജരായിട്ടുണ്ടാകും...തോടും തൊടിയും കടന്ന് കുന്നിന്‍ മുകളിലുള്ള ഇവര്‍ക്കെങ്ങനെ ഇത് സാധിക്കുന്നു എന്ന് ആലോചിച്ച് തലപുണ്ണാക്കിയതിന് അറുതി വരുത്തിയത് ഫിസിക്‌സാണ്. ശബ്ദതരംഗങ്ങള്‍...പണ്ടാരങ്ങള്‍...അവരാണിതിനെല്ലാം കാരണം...വളവു തിരിഞ്ഞ് അമ്പാസഡറിന്റെ വെള്ള കാണുമ്പോള്‍ തുടങ്ങും ഇവിടെ നിന്ന് തുള്ളിച്ചാടാന്‍...നിരങ്ങി നിരങ്ങി എത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. കാറിനടുത്തേക്കോടും..കുട്ടികളെല്ലാം കൂടി ആര്‍ത്തലച്ച് ഓടുന്നതു കണ്ട് പേടിച്ച് ഡ്രൈവര്‍ വണ്ടി നിര്‍ത്തും. മുന്‍സീറ്റിലിരുന്ന് ടിക്കറ്റ് വില്‍ക്കുന്ന ഞങ്ങളുടെ ആരാധനാ പാത്രത്തിന്റെ മുഖത്ത് പാല്‍പുഞ്ചിരി...പക്ഷേ ഞങ്ങളാരും ലോട്ടറി വാങ്ങുന്നില്ല എന്നറിയുമ്പോള്‍ ആ പുഞ്ചിരി കള്ളന്‍ കൊണ്ടുപോകും..കാറില്‍ പിടിച്ച് അതിനൊപ്പം നടക്കും...ചിരട്ടയപ്പം ഉണ്ടാക്കിയ കൈകള്‍, മണ്ണപ്പം ചുട്ട കൈകള്‍, കുട്ടിയും കോലും കളിച്ച കൈകള്‍, മീന്‍ പിടിച്ച കൈകള്‍, മാമ്പഴച്ചാറ് ഒലിച്ചിറങ്ങുന്ന കൈകള്‍. അങ്ങനെ നിറങ്ങള്‍ പൂശിയ ഫാന്റസി കാറായി അത് മാറും.....ഫിംഗര്‍ പ്രിന്റുകള്‍ ഏറ്റുവാങ്ങി മറയുന്ന കാറിനായി പിന്നെ ഒരു മാസത്തോളം കാത്തിരിക്കും...
ഓര്‍മകളില്‍ നിന്നും തട്ടിത്തെറുപ്പിച്ച് താഴത്തെ വീട്ടിലെ പൗരുഷ ശബ്ദമുയര്‍ന്നു.' നിന്നോട് എത്ര തവണ പറയണം. ആള്‍ക്കാരെ കൊണ്ട് അതും ഇതും പറയിപ്പിക്കരുത്. നീയെന്താ പൊട്ടിയാണോ' ലോട്ടറി ശബ്ദം അകന്നു പോയിട്ട് ഏറെ നേരമായെന്നും ഇപ്പോള്‍ കേള്‍ക്കുന്ന നിര്‍ത്താതെയുള്ള ശബ്ദം ഭാര്യയെ ചീത്ത പറയുന്ന ഭര്‍ത്താവിന്റെയാണെന്നും തിരിച്ചറിഞ്ഞതോടെ വീടിനുള്ളിലേക്ക് വലിയാന്‍ തീരുമാനിച്ചു. പക്ഷേ തടഞ്ഞത് അയാള്‍ പറഞ്ഞ അടുത്ത വാക്കുകളാണ് ' ഇങ്ങനെ വരുന്നോരോടും പോകുന്നോരോടും ഒക്കെ വര്‍ത്തമാനം പറയാന്‍ നിന്നാല്‍ നീ പൊട്ടിയാണെന്നല്ലേ ധരിക്കുക' ...അപ്പോള്‍ അങ്ങനെയും ഉണ്ട് ചില ധാരണകള്‍..ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ എത്തിയ ദിവസം ഓര്‍ത്തു. വളരെ പ്രസന്നമായ മുഖമുള്ള, ഒത്തിരി കുശലാന്വേഷണങ്ങള്‍ നടത്തുന്ന ചേച്ചി.നല്ല സംസാരങ്ങളും സഹൃദഭാവവുമുള്ള ആ ചേച്ചിക്ക് ബോധം കുറവാണെന്ന് ഇന്നേ വരെ എനിക്കു തോന്നിയിട്ടില്ല. തുറന്നു സംസാരിക്കുന്ന ചേച്ചിയുടെ നല്ല മനസ്സ് എനിക്കിഷ്ടപ്പെടുകയും ചെയ്തു. അധ്യാപിക കൂടിയായതിനാല്‍ ചേച്ചിയോട് എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങളായി ചേച്ചിയില്‍ കണ്ട മാറ്റങ്ങള്‍ക്ക് അപ്പോള്‍ ഇതായിരുന്നിരിക്കാം കാരണം. അല്പ ഭാഷിണിയായ ഭര്‍ത്താവിന്റെ സ്വഭാവം ഭാര്യയും ശീലിക്കണമെന്ന വാശി. എനിക്കദ്ദേഹത്തോട് വിയോജിപ്പു തോന്നി. നല്ലതിനെ അനുകരിച്ചില്ലെങ്കിലും അംഗീകരിക്കാമല്ലോ.  ചേച്ചിയുടെ അവസ്ഥയില്‍ തോന്നിയ വിഷമത്തില്‍ ഇരിക്കുമ്പോള്‍ താഴെക്കൂടി തലയും താഴ്ത്തി പോകുന്ന ചേച്ചിയെ കണ്ടു. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് ആരോടും മിണ്ടാതെ പോകാന്‍ ശ്രമിക്കുന്ന ഭാര്യ. ഒരാഴ്ചയായി അവരതു ശീലിക്കുകയായിരുന്നു. ബഹുമാനം തോന്നി - താന്‍ സ്‌നേഹിക്കുന്നവരുടെ വാശിക്ക് നിന്നു കൊടുക്കാന്‍ തഴക്കം വന്ന ഭൂരിപക്ഷം വരുന്ന പെണ്‍ മനസ്സുകളോട്.


Related Posts Plugin for WordPress, Blogger...