Sunday, October 14, 2012

പിസ്സക്കാരന്‍ സമ്മാനിച്ച് മൂന്ന് പുഞ്ചിരിസര്‍ക്കസ് കൂടാരങ്ങളില്‍ കമ്പിക്കും കയറിനും മുകളിലൂടെ കൈവിട്ടും കാല്‍പൊക്കിയും മലക്കം മറിയുന്ന സൈക്കിള്‍ സവാരിക്കാരോട് പ്രിയമായിരുന്നു. 'ഒരു'സൈക്കിളിന്റെ കമ്പികള്‍ക്കിടയിലൂടെ കാലിട്ട് പെഡല്‍ കറക്കി ബാലന്‍സ് പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കാലത്ത് പ്രത്യേകിച്ചും. എന്റെ പാകത്തിനുള്ള 'മുക്കാ' സൈക്കിളിനു വേണ്ടി വാശി പിടിക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നില്ല. മൂത്ത ഏട്ടനു പോലും സൈക്കിള്‍ സ്വന്തമായത് ഹൈസ്‌കൂളിലെത്തിയതിനു ശേഷമാണ്. ഊഴമനുസരിച്ച് എനിക്കും ഹൈസ്‌കൂളിലേ സ്വന്തമായി സൈക്കിള്‍ ആഗ്രഹിക്കാന്‍ പാടുള്ളൂ. പണമോ, കാലമോ അല്ല വില്ലന്‍. അതൊരു കീഴ്‌വഴക്കമായിരുന്നു. അറയ്ക്കല്‍ക്കാരുടെ വീടിനു മുന്നിലുള്ള ഇറക്കത്തിന്റെ മുകളില്‍ വരെ സൈക്കിള്‍ ഉന്തിക്കൊണ്ടു പോകും. സൈക്കിള്‍ ഹാന്‍ഡിലില്‍ കൈയ്യും പെഡലില്‍ കാലുംവച്ച്, ശരീരം ഒരു 'സി' രൂപത്തില്‍ സൈക്കിളിനിടയില്‍ തിരുകി, ഇറക്കത്തിലൂടെ അന്തോം കുന്തോം ഇല്ലാതെ ഒരു പോക്കാണ്. വല്ല വണ്ടിയും മുന്നില്‍ വന്നാല്‍ റോഡില്‍ കാലു കുത്തി ചവുട്ടി നില്‍ക്കും. ബ്രേക്ക് പിടിക്കുന്ന കാര്യം ഓര്‍ക്കാറേ ഇല്ല. പിന്നെ മുകളിലെ കമ്പിയില്‍ കയറി ഓടിക്കാമെന്ന ധൈര്യം വന്നപ്പോഴും വലിഞ്ഞു കേറുന്നതൊരു പങ്കപ്പാടു തന്നെ. കലുങ്കില്‍ കയറി നിന്ന് സൈക്കിളിന് മുകളില്‍ കയറും. വലത്തേക്കാലിന്റെ പെഡല്‍ പൊക്കി വച്ചിട്ടുണ്ടാകും. ആഞ്ഞൊരു ചവിട്ട്, മുന്നോട്ട് പോകാന്‍ ചക്രത്തിന് തോന്നുന്നതു വരെ പോകും. ചവിട്ടാന്‍ കാലെത്തില്ല. അതോടെ മറിഞ്ഞു വീഴും. ഇങ്ങനെ നൂറിലധികം തവണ വീണ ഞാന്‍ ഒരു ദിവസം എല്ലാവരേയും ഞെട്ടിച്ചു. എല്ലാവരേയും റോഡിലേക്ക് വിളിച്ചു വരുത്തി, സൂത്രം കണ്ടോളാന്‍ പറഞ്ഞു. പതിവു പോലെ കലുങ്കില്‍ കയറി ആഞ്ഞൊന്നു ചവിട്ടി മുന്നിലേക്ക്....മറിഞ്ഞു വീഴുമെന്ന് പ്രതീക്ഷിച്ചിരുന്ന ആങ്ങളമാരെ ഞെട്ടിച്ച് ഞാന്‍ മുന്നോട്ട് പോയി. കറങ്ങി വരുന്ന പെഡലിന്റെ താളത്തില്‍ വലത്തോട്ടും ഇടത്തോട്ടും ശരീരം വലിച്ചു നീട്ടി ഓടിക്കാന്‍ ശീലിച്ച അന്നു തുടങ്ങി എന്റെ അഹങ്കാരം. ആരുമറിയാതെ പഠിച്ചെടുത്ത സൈക്കിള്‍ സവാരിയുടെ മുഴുവന്‍ ക്രഡിറ്റും എനിക്കു മാത്രം.

 

ഇരുചക്ര വാഹനങ്ങളിലെ സര്‍ക്കസ് കളി പിന്നേയും തുടര്‍ന്നു. എല്‍.എം.എല്‍ വെസ്പയിലേക്കും, യുണികോണ്‍ ബൈക്കിലേക്കും, ബുള്ളറ്റിലേക്കും കളി തുടരുന്നു. വേണമെങ്കില്‍ സ്‌റ്റെപ്പുകളിലൂടെ, ഫുട്പാത്തിലൂടെ, ഊടുവഴികളിലൂടെ അങ്ങനെ എവിടെയും കുത്തിത്തിരുകി കയറ്റുന്ന ബാലന്‍സിങ്ങില്‍ കണ്ണിനേറ്റവും പ്രാധാന്യമുള്ള ഇവയുടെ ആരാധികയാണ് ഞാന്‍. സൈക്കിളോടിക്കാന്‍ പഠിച്ച കാലത്താണ് ഇരുചക്രത്തിന്റെ ബാലന്‍സിന് കണ്ണിനുള്ള പ്രാധാന്യം മനസ്സിലായത്. മൂന്ന് മീറ്റര്‍ മുന്നിലേക്കെങ്കിലും നോക്കണം. നോട്ടം ചക്രത്തിന്റെ തൊട്ട് മുന്നിലേക്കായിപ്പോയാല്‍ ബാലന്‍സ് തെറ്റും. ചക്രമുള്ള പരന്ന പലകയ്ക്കു മുകളില്‍ മറിയാതെ പോകുന്നവരോടൊക്കെ പ്രിയമാണ്.

 

എന്റെ ഇരുചക്ര ബഹുമാനത്തിന്റെ കാര്യമോര്‍മിപ്പിച്ചത്, എം.ജി.റോഡല്‍ എന്റെ ബൈക്കിനു മുന്നിലേക്ക് പാളിച്ചു കയറി പറന്നു പോയ പിസ ബോയിയുടെ പോക്കാണ്. ഇവരുടെ അക്രമം ശരിക്കും മനസ്സിലായത് ബാംഗ്ലൂരില്‍ വച്ചാണ്. അഞ്ചു മിനിട്ടിനുള്ളില്‍ വാതിലിനു മുന്നിലെത്തും ചൂടുള്ള പിസ എന്ന പരസ്യം വെറും പരസ്യം മാത്രമെന്ന ധാരണ പലപ്പോഴും ഇവര്‍ തെറ്റിച്ചു. മിക്കപ്പോഴും കാല്‍നടക്കാരുടെ സ്ഥലങ്ങള്‍ പോലും ഇവര്‍ കയ്യേറി. അറ്റകുറ്റ പണി നടക്കുന്ന റോഡില്‍ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ക്കു ഇവര്‍ പുല്ലു വിലയാണ് നല്‍കുക, ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ അരമണിക്കൂറില്‍ ഒരു നിയമലംഘനം പിസ്സക്കാരന്റെ വക. തൃശ്ശൂരില്‍ ഇവര്‍ അത്ര സുലഭമല്ല. വല്ലപ്പോഴുമൊക്കെയേ ഇവരെ കാണാറുള്ളൂ. ഞായറാഴ്ച കണ്ട പിസ്സക്കാരനും വെപ്രാളമായിരുന്നു. തിരക്കിനിടയിലൂടെ വെട്ടിച്ചും, ചെരിച്ചും, തിരുകിയും അതേ പോക്ക്. ഇടയ്ക്ക് കോട്ടപ്പുറത്തേക്കുള്ള ഇടവഴിയിലേക്ക് അയാള്‍ തിരിഞ്ഞപ്പോള്‍ ഞാനും സ്പീഡ് കൂട്ടി. അയാളുടെ പുറകേ തന്നെ വച്ചു പിടിച്ചു. വെറുതേ ഒരു രസം. ഏങ്ങോട്ടേയ്ക്കാണാ ചൂടുള്ള പിസ്സ ചെല്ലുന്നതെന്നു അറിയാന്‍ അനാവശ്യമായൊരു ആകാംഷ. ബ്രേക്കിന്റെ ഉപയോഗം തീരെയില്ലാത്ത അയാളുടെ പുറകേ അതേ സ്പീഡില്‍ ഞാനും.. പെട്ടന്ന് സഡണ്‍ ബ്രേക്കിട്ടൊരു നിര്‍ത്ത് !!!. ഓര്‍ക്കാപ്പുറത്ത് ചവിട്ടു കിട്ടിയപോലെ എന്റെ ബൈക്കും പുളഞ്ഞൊന്നു നിന്നു. ഗതാഗത കുരുക്കോ, ആള്‍ക്കൂട്ടമോ കണ്ടാല്‍ പോലും ചവിട്ടാന്‍ നില്‍ക്കാത്ത ഇവര്‍ക്കിതെന്തു പറ്റി എന്ന എന്റെ ആശ്ചര്യത്തിനും പെട്ടന്ന് തോന്നിയ ദേഷ്യത്തിനും ഉത്തരം കിട്ടി. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന മൂന്ന് കുട്ടികള്‍. എതിര്‍ ദിശയില്‍ വന്ന ഇന്നോവ കാറിനെ കൈകാണിച്ച് നിര്‍ത്തി ഇയാള്‍ കുട്ടികളോട് റോഡ് മുറിച്ചു കടന്നോളാന്‍ പറഞ്ഞു. തങ്ങള്‍ക്കുവേണ്ടി നിര്‍ത്തി തന്ന വാഹനങ്ങളിലെ ചേട്ടന്‍മാരുടെ മുഖത്തു നോക്കി കള്ളച്ചിരിയും ചിരിച്ച് കുണുങ്ങിയോടിയ കുഞ്ഞു മുഖങ്ങള്‍ ഇയാളിലേക്കും പുഞ്ചിരി സമ്മാനിച്ചു. തന്റെ ഓട്ടപ്പിടുത്തത്തിനിടയില്‍ ഈ കുഞ്ഞു മുഖത്തിന്റെ പുഞ്ചിരിക്കു പ്രാധാന്യമേറെ നല്‍കിയ പിസ്സക്കാരനോടുള്ള എന്റെ ബഹുമാനം പത്തിരട്ടി കൂടി... വാതില്‍ തുറന്ന് പിസ്സ വാങ്ങാനെത്തുന്ന ബര്‍മുഡയ്ക്കും സ്ലീവ്‌ലെസ് ബനിയനുമുള്ളിലെ ചിരിക്കാത്ത തടിയന്റെ മുഖത്തേക്കാള്‍ മാറ്റുള്ള മൂന്ന് പുഞ്ചിരി കണ്ട സന്തോഷത്തില്‍ ഞാനും ചിരിച്ചു.. മുന്നോട്ടുള്ള പോക്കില്‍ വഴിവക്കില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തിരുന്ന കുട്ടികളെയെല്ലാം മറുവശമെത്തിച്ചേ ഞാനടങ്ങിയുള്ളൂ....


4 comments:

  1. This is some personal journal writing or imagination going wild… ?? in whichever case, you got a lovely style of writing…

    ReplyDelete
  2. thanksss....there is no single word from imagination..I am gifted with such a blessed childhood....

    ReplyDelete
  3. Nice writing, but I reserve the rights to the 'Unicorn' comment.

    ReplyDelete

Related Posts Plugin for WordPress, Blogger...