Monday, October 22, 2012


പിടിച്ചൊതുക്കാത്ത ചില നന്മകള്‍


          ചായഗ്ലാസ്സുമെടുത്ത് പതിവു പോലെ ഞാന്‍ നടന്നു. ഓഫീസ് കാന്റീനു പുറത്തുള്ള ഇടനാഴിയില്‍ ചില്ലു ജനാലകള്‍ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ തുറന്നു കിടന്നു. സ്‌നേഹത്തോടെയും ശാസിച്ചും എന്റെ ഈ ശീലത്തിന് തടയിടാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ശീലത്തേക്കാള്‍ അതൊരു ഇഷ്ടമായിരുന്നു. മൂന്നാം നിലയ്ക്കും മുകളില്‍ നിന്ന് നേരെ കാണുന്ന ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠയെ അവഗണിച്ച്, മനുഷ്യരുടെ പ്രത്യേകിച്ചും മലയാളിയുടെ കാണിക്കാനുള്ള ത്വരയെ പരമാവധി ചൂഷണം ചെയ്യുന്ന വസ്ത്രവ്യാപാര സൗധത്തെ മനഃപൂര്‍വ്വം മറന്ന്, കൗതുകമുണര്‍ത്തുന്ന പല രൂപങ്ങളേയും തുടരെ പരിചയപ്പെടുത്തുന്ന ചെറു ലോഡ്ജിലേക്ക് ശ്രദ്ധിക്കാതെ മുന്നിലെ റോഡിലേക്ക്, അതും ഒരു സ്ഥലത്തേക്കു മാത്രം നോക്കി ഞാന്‍ നില്‍ക്കും. റോഡിനു നടുവില്‍ വിട്ടുവിട്ടു വരച്ച വെള്ള വരയില്‍ മാത്രം നോക്കി അതിനെ മറച്ച് കടന്നു പോകുന്ന വാഹനങ്ങളുടെ പകുതി മാത്രം കണ്ണില്‍ പതിച്ച് നില്‍ക്കും. സ്റ്റീല്‍ ഗ്ലാസ്സിന്റെ തണുപ്പാദ്യവും ചായയുടെ ചൂട് പിന്നാലെയുമായി ചുണ്ടോടുരുമിക്കടന്നു പോകുമ്പോള്‍ ഇമകള്‍ കൂട്ടിയിടിക്കാന്‍ പോലും മറന്നു പോകും. 


          ഞായറാഴ്ച വൈകുന്നേരം എന്റെ പതിവില്‍ ഞാന്‍ സ്വയംമറന്നിരിക്കെ ഓര്‍ക്കാപ്പുറത്തൊരു ചാറ്റല്‍ മഴ പെയ്തു. അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കയറുന്നവര്‍. വശം ചേര്‍ത്ത് നിര്‍ത്തിയ ബൈക്കില്‍ നിന്നും ചാടിയിറങ്ങി റെയിന്‍കോട്ടണിയുന്നവര്‍, മുന്നറിയിപ്പില്ലാതെ നിര്‍ത്തിയ ബൈക്കുകള്‍ പിന്നാലെ വന്ന ഡ്രൈവര്‍മാര്‍ക്കു സമ്മാനിച്ച ഒരു നിമിഷത്തെ ആന്തല്‍...ഒരു ചാറ്റല്‍ മഴയ്ക്കു മുന്നില്‍ വെപ്രാളപ്പെട്ടോടുന്ന കുറേ പേര്‍. മഴത്തുള്ളികള്‍ വീണ ഷര്‍ട്ടു നോക്കി ശപിക്കുന്നവര്‍. എല്ലാ മുഖങ്ങളിലും ഉറഞ്ഞു കൂടിയ ദേഷ്യവും അസഹിഷ്ണുതയും കണ്ടപ്പോള്‍ വിഷമം തോന്നി. ഇതൊരു മഴ മാത്രമാണ്, രണ്ടോ മൂന്നോ തുള്ളിയോ, ഒരു കുടമോ വീണാല്‍ പോലും കുളിരുമെന്നല്ലാതെ പുകയില്ല. എപ്പോള്‍ മഴ പെയ്താലും സന്തോഷം മാത്രം തോന്നുന്നത് ബാല്യത്തില്‍ മാത്രമേ പാടുള്ളൂ എന്ന നിയമം ഉണ്ടോ..കൈ നീട്ടി താഴേയ്‌ക്കോടുന്ന മഴത്ത്ുള്ളികളെ തടഞ്ഞു നിര്‍ത്തി കുറുമ്പു കാണിച്ചു നില്‍ക്കുന്നതിനിടയില്‍ മഴയുടെ ശക്തി കൂടി. നിന്നിടത്തു നിന്നും അനങ്ങാന്‍ മറന്ന് ചൂടുള്ള ടാറിലേക്ക് വീണ് പുകയുന്ന മഴത്തുള്ളികളോട് സഹതപിച്ച് ഞാന്‍ നിന്നു. 


            എത്ര  പെട്ടന്നാണ് മനുഷ്യര്‍ എന്തിനോടും സമരസപ്പെടുന്നത്. കൂട ചൂടി നടക്കുന്നവരും, കോട്ടിട്ട ഇരുചക്ര വാഹനക്കാരും, മാത്രമേയുള്ളൂ റോഡിലിപ്പോള്‍. അപ്പോഴാണ് കുടകള്‍ക്കിടയിലൂടെ വളരെ പതുക്കെ നീങ്ങുന്ന ഒരു കടലാസ്സ് കഷണം കണ്ണില്‍ പെട്ടത്. തെല്ല് പരിഭ്രമത്തോടെ തലയ്ക്കു മുകളില്‍ പിടിച്ചിരിക്കുന്ന കടലാസ്സ് കഷണത്തിലേക്ക് ഇടയ്ക്കിടെ നോക്കി ഏന്തി വലിയുന്ന ഒരു എഴുപതുകാരന്‍. പ്രായാധിക്യം വെല്ലുവിളികളുയര്‍ത്തി പിന്നോട്ടു വലിക്കുമ്പോള്‍ മുന്നോട്ടോടാന്‍ ശ്രമിക്കുന്ന ശരീരത്തെ ബാലന്‍സ് ചെയ്യാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു. ദൂരവും വേഗതയും തമ്മിലുള്ള കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍ മുന്നില്‍ വന്ന പലരുമായും അയാള്‍ കൂട്ടിമുട്ടി. ശരീരത്തിന്റെ പകുതി അപ്പോഴും ഇത്തിരി മുന്നിലേക്കു നിന്നു. ചരിച്ചു വച്ച പലക വലിച്ചു കൊണ്ടു പോകുന്ന പോലെ മുന്നിലുള്ള എന്തിലോ തൂങ്ങി വലിച്ചെടുത്ത പോലെ അയാള്‍ പോകുകയാണ്. മനസ്സിനൊപ്പം ശരീരമെത്താത്തതിന്റെ അസ്വസ്ഥതകള്‍ മുഖത്ത് വ്യക്തമാണ്.

 എന്നെ ദുഃഖിപ്പിച്ചത് അതൊന്നുമായിരുന്നില്ല. സാവധാനത്തിലും വേഗത്തിലും അയാളെ മറികടന്നു പോയ ആര്‍ക്കും ഈയൊരാളെക്കൂടി തന്റെ കുടയില്‍ കൂട്ടാന്‍ തോന്നിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ നിന്നൊരു വേദന തോന്നി. എതിരേ വന്ന പലരും അയാളെ നോക്കി നിസ്സാരമായി നടന്നകന്നു. റോഡിന്റെ മറുവശത്ത്  ഇയാളെ കൈ ചൂണ്ടി എന്തോ പറഞ്ഞ മകളുടെ കൈ പിടിച്ചൊതുക്കി അമ്മ മുന്നിലേക്കു വലിച്ചു. ഇവരുടെ മനസ്സിലെ നന്മയും ഒരുപക്ഷേ ആരെങ്കിലും ഇതുപോലെ പിടിച്ചൊതുക്കിയിട്ടുണ്ടാവണം. 


         അകലെ കാണുന്ന കടയുടെ വരാന്തയാണ് വൃദ്ധന്റെ ലക്ഷ്യമെന്ന് തോന്നി. മഴ കൂടാതെ മറ്റൊരു കടമ്പ കൂടിയുണ്ട്. പ്രധാന പാതയിലേക്ക് കയറുന്ന ഒരു റോഡ് മുറിച്ചു കടക്കണം. രണ്ടു മിനിട്ട് അയാള്‍ നിന്നു. പിന്നെ രണ്ടും കല്പിച്ച് രണ്ടടി മുന്നോട്ട്. അതിനേക്കാള്‍ സ്പീഡില്‍ നാലടി പിറകോട്ട്. രക്ഷയില്ല. അയാളുടെ ഉദ്ദേശ്യമെന്തെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഒരാള്‍ക്കു പോലും അതിനയാളെ അനുവദിക്കാനുള്ള സമയമില്ല. കൈയ്യിലിരുന്ന നനഞ്ഞു കുതിര്‍ന്ന കവറിലേക്ക് ദയനീയമായി അയാള്‍ നോക്കി. ഒരുപക്ഷേ ദിവസങ്ങളോളം അലഞ്ഞു ഒപ്പിട്ടു കിട്ടിയ അപേക്ഷാ ഫോമാകാം അതില്‍. അല്ലെങ്കില്‍ അതിനേക്കാള്‍ വേണ്ടപ്പെട്ട ചിലത്. പനി പിടിച്ചു കിടന്നാല്‍ ഉണ്ടായേക്കാവുന്ന ആസ്പത്രിച്ചിലവുകളും, പങ്കപ്പാടും ഓര്‍ത്താകാം അയാളത് തലയ്ക്കു മുകളില്‍ പിടിച്ചത്. മനസ്സിനെ മറികടന്ന് പല ചിന്തകളും കടന്നു പോയിട്ടും അയാള്‍ മാത്രം റോഡ് മുറിച്ചു കടന്നില്ല. നെഞ്ചിലാഴ്ന്നിറങ്ങുന്ന വേദനയ്ക്കിടെ ഞാന്‍ ഓര്‍ത്തു. ഈശ്വരാ ഒരാള്‍ക്കെങ്കിലും ഒന്നു തോന്നണേ.... അതങ്ങനെയാണ് എത്ര കാര്‍മേഘമുള്ള ആകാശവും മറികടന്ന് എന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും.. ഒരു കുട വൃദ്ധന്റെ തലയ്ക്കു മുകളിലേക്ക് നീങ്ങി വന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് എന്നു ഒറ്റ നോട്ടത്തില്‍ തോന്നുന്ന ചെറുപ്പക്കാരനാണ് കുടയുടെ ഉടമ. വൃദ്ധനോട് എന്തോ തിരക്കി. വൃദ്ധനേയും മറുവശത്തെത്തിച്ച്, കടയുടെ വരാന്തയിലേക്ക് കയറ്റി നിര്‍ത്തി യുവാവ് മുന്നോട്ട് നീങ്ങി. ബാല്യത്തില്‍ നന്മയുടെ കൈനീട്ടിയപ്പോള്‍ പിടിച്ചൊതുക്കി മുന്നോട്ട് ഉന്തിവിടാത്ത അവന്റെ നല്ല മാതാപിതാക്കള്‍ക്ക് നന്ദിപറഞ്ഞ് ഞാന്‍ രണ്ടാമത്തെ നിലയിലെ എന്റെ ഇരിപ്പിടത്തിലേക്കും.


3 comments:

  1. You know what? You got an awesome writing style…I must say I envy you…pls keep writing…and I would say you need to graduate from blog to book…think about it..

    ReplyDelete
  2. aanaye vangana kaaryam allalo..

    ReplyDelete

Related Posts Plugin for WordPress, Blogger...