Sunday, September 16, 2012


ഒരിത്തിരി അഹങ്കാരം


രാത്രി 9 മണിയും കഴിഞ്ഞാണ് ഓഫീസില്‍ നിന്നിറങ്ങിയത്. ഓഫീസ് അനുവദിച്ച കാറിനായി കാത്തു നിന്നില്ല. നടന്നു. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ തൃശ്ശൂരിലെ നിരത്തുകളിലെ സ്ത്രീ സാന്നിധ്യം നന്നേ കുറവാണ്. എട്ടു മണി കഴിഞ്ഞാല്‍ ഒറ്റയ്ക്കു നടക്കുന്നത് അപകടകരവും. ഒമ്പതു മണിക്കും ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ ലൈംഗീകത്തൊഴിലാളികള്‍ മാത്രമാണെന്ന വിശ്വാസവുമാണ് മലയാളി ചേട്ടന്‍മാര്‍ക്കും നമ്മുടെ പോലീസേമാന്‍മാര്‍ക്കും. വന്നേക്കാവുന്ന അപകടങ്ങളോ, പോലീസിന്റെ അര്‍ത്ഥം വച്ചുള്ള ചോദ്യങ്ങളോ എന്റെ നടത്തത്തെ തടഞ്ഞില്ല.

            രാത്രി നടത്തങ്ങളുടെ കൂട്ടുകാരിയായിരുന്നു ഞാന്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, വീട്ടിലെല്ലാവരും ഉറങ്ങിയെന്നുറപ്പു വരുത്തി വാതില്‍ തുറന്ന് നടക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പായിയുടെ പിടുത്തം വീണിരിക്കും. ഒരിക്കലും പോകരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അപ്പായിയും കൂടെ വരുമെന്ന് വാശി പിടിക്കും. ഇരുട്ടില്‍ ടാറിട്ട റോഡിലൂടെ ചെരുപ്പിടാതെ നടക്കുമ്പോള്‍ മറ്റൊന്നുമറിയാറില്ല. റോഡിന്റെ ഇളംചൂട് കാല്‍വെള്ളയ്ക്കകത്തൂടെ ഉച്ചിയില്‍ വരെയെത്തുന്നത് ഞാനറിയും. ഇരുവശത്തും പൊന്തി നില്‍ക്കുന്ന നിഴലുകള്‍ ആലിംഗനബദ്ധരാകുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന് സ്വയം ശാസിക്കും. രാത്രിയിലെ കാറ്റിന്റെ പ്രത്യേക മണം ആവുന്നത്ര ശക്തിയില്‍ വലിച്ചെടുക്കും. എന്നെ ശല്യപ്പെടുത്താതെ നിശബ്ദം എന്റൊപ്പം നടക്കുന്ന അപ്പായിയുടെ കുഞ്ഞിവിരലിന്റെ അറ്റത്ത് പിടിച്ച് ആകാശത്തേക്ക് നോക്കി നടക്കും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ പേരിന്റെ ആദ്യാക്ഷരം വരച്ചെടുക്കും. തിരിച്ച് നടക്കുമ്പോള്‍ അപ്പായി എന്നെ കേള്‍ക്കും. വലുതാകുമ്പോ ഞാന്‍ പണിയാന്‍ പോകുന്ന ആശുപത്രിയേക്കുറിച്ചും സ്‌കൂളിനേക്കുറിച്ചുമെല്ലാം. ചില രാത്രികളില്‍ എന്റെ ഭാവി സ്വപ്‌നങ്ങളില്‍ ഞാനൊരു രാഷ്ട്രീയക്കാരിയാകും. പിന്നെ മുഖ്യമന്ത്രിയാകും. അഴിമതി തടയുന്നതിന് എല്ലാ മന്ത്രിമാരുടേയും പുറകെ ഡിറ്റക്ടീവുകളെ അയയ്ക്കും. ചില ദിവസങ്ങളില്‍ ഞാന്‍ കളക്ടറാണ്, ചിലപ്പോള്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഫോട്ടോ ജേര്‍ണലിസ്റ്റ് തുടങ്ങി രാത്രി നടക്കുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ ഞാന്‍ വഹിക്കാത്ത സ്ഥാനങ്ങള്‍ കുറവാണ്. 

          രാത്രിയില്‍ ആകാശം നോക്കി നടക്കാന്‍ ഇന്നും എനിക്ക് കൊതിയാണ്. ഒറ്റയ്ക്കു നടക്കരുതെന്ന് മുന്നറിയിപ്പു തരുന്ന ഒരു സൗഹൃദവും കൈപിടിച്ച് കൂടെ വരാന്‍ മിനക്കെടാറില്ല.


          മനസ്സില്‍ ഇത്തിരി പൊടി പാറുമ്പോള്‍ ഞാന്‍ ചെയ്യാറുള്ള ഒറ്റമൂലി പ്രയോഗമാണ് ഈ നടത്തം. കൗമാരം സമ്മാനിച്ച രാത്രി നടത്തങ്ങളുടെ ഓര്‍മ്മകളില്‍ മുങ്ങി, മനസ്സില്‍ ചെയ്യാന്‍ പോകുന്ന വലിയ വലിയ കാര്യങ്ങളേക്കുറിച്ചുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കി നടക്കുമ്പോള്‍ ചുറ്റും പൊങ്ങി നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് കാറ്റിലാടുന്ന മരങ്ങളുടെ രൂപം വരും. എത്ര കട്ടിയുള്ള ചെരുപ്പിനടിയില്‍ നിന്നും റോഡിന്റെ ചൂടുള്ള നിശ്വാസങ്ങള്‍ ശരീരത്തിലേക്ക് തുളച്ചുകയറും. അങ്ങനെ ഇല്ലാതായി ഞാന്‍ നടക്കും. എനിക്കവകാശപ്പെട്ട ഈ സന്തോഷത്തിന് വിലങ്ങുതടിയാകുന്ന എല്ലാത്തിനോടും എനിക്കു ദേഷ്യമാണ്. അങ്ങനെ മുന്നോട്ടു വച്ച കാല്‍ച്ചുവടുകളില്‍ കൗമാരത്തിന്റെ ലാഘവത്വവുമായി ഞാന്‍ നടന്നു. എം.ജി റോഡിലൂടെ നടക്കുന്നതിനിടയില്‍ എന്റെ മുന്നില്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. ' നിങ്ങളോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അസമയത്ത് ഇങ്ങനെ നടക്കരുതെന്ന്' ഓഫീസിലെ ആവശ്യങ്ങള്‍ക്ക് സ്ഥിരമായി വരാറുള്ള ഡ്രൈവറാണ്. എന്നെ ഫഌറ്റുവരെ എത്തിക്കാമെന്ന് നിര്‍ബന്ധിച്ചു പറഞ്ഞിട്ടും നിരസിച്ചപ്പോള്‍ മുഖത്ത് വല്ലായ്മ കണ്ടു.  എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ തന്നെ കാണണ്ടേ കുട്ടീയെന്ന് പറഞ്ഞ് എന്റെ മുഖത്തു നിന്നും പെട്ടന്നയാള്‍ കണ്ണെടുത്തു. വല്ലപ്പോഴും കാണുമ്പോഴുള്ള ചിരിയിലും, ഒന്നോ രണ്ടോ വാക്കില്‍ ഒതുങ്ങുന്ന കുശലങ്ങളിലും തീരുന്ന പരിചയമേ എനിക്കും അയാള്‍ക്കുമുള്ളൂ. എന്നിട്ടും എന്റെ സുരക്ഷിതത്വത്തില്‍ അയാള്‍ കാണിച്ച ശ്രദ്ധയില്‍ ഞാന്‍ ഇന്നെന്നെ തേടിയെത്തിയ നന്മ കണ്ടു. പരിചയത്തിലുള്ള സ്ത്രീയോട് വീട്ടിലുള്ള ഒരാളോടെന്ന പോലെ ഉത്തരവാദിത്വം തോന്നുന്ന നല്ല മനസ്സിന്റെ ആശങ്കയും കണ്ടു. എല്ലാവര്‍ക്കും അങ്ങനെയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് വെറുതേ ഒരു രസത്തിന് ആഗ്രഹിക്കുകയും ചെയ്തു.

[ ശേഷം ദുഷ്‌ലാക്കോടെ എന്നെ അനുഗമിച്ച കൗമാരക്കാരനോടും കോട്ടപ്പുറം വഴിയില്‍ എന്നെ നിരീക്ഷിച്ച് ഏഴിലധികം തവണ ബൈക്കില്‍ പോയ യുവാവിനോടും പറയാനൊന്നു മാത്രം..സമത്വം കൈവരിക്കാനോ, ധൈര്യമുണ്ടെന്ന് കാണിക്കാനോ ഉള്ള ശ്രമമായിരുന്നില്ല എന്റേത്. ജീവിതം ആസ്വദിക്കാന്‍ ശീലിച്ചു പോയതിന്റെ അഹങ്കാരം മാത്രമായിരുന്നു.]


2 comments:

  1. E L Doctorow is right! "Writing is a socially acceptable form of schizophrenia"... It is proved again from your poetic writing!!! Love it the most of all your posts!!!

    ReplyDelete

Related Posts Plugin for WordPress, Blogger...