Wednesday, September 12, 2012

മരിച്ചവരുടെ കുര്‍ബ്ബാനയില്‍ വന്ന മാലാഖ 


മുതലക്കുടം മുത്തപ്പന്റെ പള്ളിയില്‍ വച്ച് ഞാനൊരു മാലാഖയെ കണ്ടു. മഞ്ഞ ഉടുപ്പിട്ട്, തലമുടി പിന്നിയിട്ട്, ഇരുനിറത്തില്‍.  വെള്ളയുടുപ്പിട്ട്, ചിറകുവിരിച്ച്, വെളുത്തു തുടുത്ത മാലാഖമാരെ മാത്രം കേട്ടു പരിചയമുള്ള എനിക്ക് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  കാരണം ആ ശരീരത്തില്‍ തിളങ്ങുന്നത് രണ്ട് കണ്ണുകള്‍ മാത്രമായിരുന്നു. രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് ശനിയാഴ്ച അതിരാവിലെ തൃശ്ശൂരില്‍ നിന്നും ബസ്സു കയറി മൂവാറ്റുപുഴയിലിറങ്ങി, മറ്റൊരു ബസ്സില്‍ തൊടുപുഴ ചെന്ന്, പിന്നെ അവിടുന്ന് മുതലക്കുടത്തേക്ക് ഓടിക്കിതച്ച് പോകാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. വഴുതിപ്പോയ മനസ്സിനെ ഒന്നു പിടിച്ചു നിര്‍ത്താന്‍ ഒരാളുടെ സഹായം അത്യാവശ്യമായി വന്നപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഗീവര്‍ഗീസാണ്. പണ്ടേ ഞാന്‍ പുള്ളീടെ ഫാനാണ്. ഒന്നുമല്ലേലും ക്ഷത്രിയനാണല്ലോ.

ആദ്യമായിട്ട് കയറുന്ന പള്ളിയില്‍ ചെന്നാല്‍ ആദ്യം ചെയ്യേണ്ടതെന്തെന്ന് അമ്മ പറഞ്ഞു തന്നത് ശീലമായി തുടരുന്നുണ്ട്. മൂന്ന് സ്വര്‍ഗസ്ഥനായ പിതാവേ, മൂന്ന് നന്മനിറഞ്ഞ മറിയമേ, മൂന്ന് പിതാവിനും പുത്രനും, അതിനു ശേഷം മൂന്നാഗ്രഹങ്ങള്‍ ചോദിക്കാം .' നടന്നിരിക്കും'.  ചെന്ന സമയത്തുണ്ടായിരുന്ന മരിച്ചവരുടെ കുര്‍ബ്ബാനയും കൂടി കാത്തിരുന്നു.. പുണ്യാളന്റെ അപ്പോയിന്റ്‌മെന്റ് സമയമാകാന്‍ ഇനിയും പത്തു പതിനഞ്ച് മിനിട്ടു കൂടിയുണ്ട്. അല്ലേലും പള്ളിയില്‍ പോയി ചുമ്മാ ഇരിക്കാന്‍ ഞാന്‍ നില്‍ക്കാറില്ല, രണ്ട് മിനിട്ടില്‍ കൂടുതല്‍ ഉണര്‍ന്നിരിക്കാന്‍ പറ്റില്ല എന്നതു തന്നെ കാരണം. എന്നാ ന്റെ കര്‍ത്താവേ ഞാന്‍ ചെയ്യേണ്ടത് എന്നു മനസ്സില്‍ വിചാരിച്ചിങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചോദ്യം ' കുര്‍ബ്ബാനയ്ക്കാ?' അതേയെന്ന് തലയാട്ടുന്നതിനിടയില്‍ ഞാന്‍ ചിരിക്കാന്‍ മറന്നു. എന്റെ തലച്ചോറതു എന്നെ ഓര്‍മ്മിപ്പിക്കുന്നതിനു മുമ്പ് അവളുടെ മുഖത്തു നിന്നതു മനസ്സിലായി. കുഞ്ഞു മുഖത്ത് പെട്ടന്നൊരു ചമ്മല്‍. അവളുടെ മെലിഞ്ഞ മുഖത്ത് പുഞ്ചിരി അമിത വണ്ണമാണെന്ന്് അവള്‍ക്കു തന്നെ തോന്നിയ പോലെ. കുഞ്ഞു ജാള്യത കളയാന്‍ ഞാനും തിരിച്ചു ചോദിച്ചു 'കുര്‍ബ്ബാനയ്ക്കാ!'.

പള്ളിയിലെ നിശബ്ദതയില്‍ പതിഞ്ഞ ശബ്ദത്തില്‍ അവളെന്നോട് എല്ലാം പറഞ്ഞു. പുണ്യാളന്റെ ശക്തിയില്‍ തുടങ്ങി. പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിക്കുന്ന പുണ്യാളന്റെ പടം. പരീക്ഷയ്ക്ക് മുമ്പ് പുണ്യാളന്റെ രൂപക്കൂടിനു മുന്നില്‍ മൂന്നു ദിവസം വച്ചെടുത്ത പേനയില്‍ പരീക്ഷ എഴുതിയപ്പോള്‍ എല്ലാ വിഷയത്തിനും എ കിട്ടിയത്, എല്ലാ ശനിയാഴ്ചകളിലും പള്ളിയില്‍ വരാന്‍ പറ്റാത്തതിന്റെ കാരണം പറഞ്ഞു പറഞ്ഞു കണ്‍മുമ്പില്‍ അമ്മ വണ്ടിയിടിച്ചു പിടഞ്ഞു മരിച്ചതു വരെ. പള്ളിക്കകത്തെ നിശബ്ദത അവളുടെ ഓരോ വാക്കുകള്‍ക്കും പരിധിയിലധികം ശബ്ദം നല്‍കിയ പോലെ തോന്നി. എന്റെ മറവി രോഗത്തേപ്പോലും മറികടന്ന് അത് ഹൃദയത്തില്‍ പതിഞ്ഞു. പിന്നെ പള്ളിമുറ്റത്തെ നടയിലിരുന്ന് പറഞ്ഞ കാര്യങ്ങള്‍, ഇടയ്ക്ക് അഭയം നില്‍ക്കുന്ന അമ്മ വീട്ടില്‍ കള്ളിയെന്ന് മുദ്രകുത്തി തല്ലിച്ചതച്ചതിന്റെ അച്ചുകുത്തുകള്‍ കാണിച്ചു തന്നു. അമ്മമ്മയ്ക്ക് വയ്യാണ്ടാകുമ്പോള്‍ അടുക്കള ഭരണം ഏറ്റെടുക്കുന്നതിലെ അഭിമാനം മുഖത്ത് മിന്നി മറഞ്ഞു, അടുത്ത വീട്ടിലെ അമ്മൂമ്മ ഒറ്റയ്ക്കാകുമ്പോ കൂട്ടിരിക്കാന്‍ പോകാറുള്ള അവളുടെ ധൈര്യത്തില്‍ അഹങ്കരിച്ചു, ഇടയ്ക്ക് അമ്മവീട്ടിലെത്തി മുറ്റത്തു നിന്ന് അച്ഛന്‍ ഉറക്കെ ചീത്ത പറയുമ്പോള്‍ ക്ഷതമേല്‍ക്കുന്ന അഭിമാനത്തില്‍ സങ്കടപ്പെട്ടു അങ്ങനെ അങ്ങനെ...


ഇടയ്ക്ക് സെമിത്തേരിയിലേക്ക് കൊണ്ടുപോയി...ഒരു കുടുംബ കല്ലറ കാണിച്ച് ചോദിച്ചു' അതു മാത്രമെന്താ കോണ്‍ക്രീറ്റ് ഇടാത്തതെന്നു അറിയോ'?. 'അവിടെ ഇനീം ഒരു അമ്മൂമ്മ കൂടി മരിക്കാനുണ്ട്. അതു കഴിഞ്ഞ് ഇടും.' ശവക്കല്ലറയിലെ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് അവള്‍ക്ക് പെട്ടന്ന് മനസ്സിലായി.

മണിക്കൂറുകള്‍ കഴിഞ്ഞ് പിരിയാന്‍ നേരത്ത് അഡ്രസ്സോ ഫോണ്‍ നമ്പറോ തരാവോ എന്നതിന് ഉടുപ്പു മാറ്റി അടിയുടെ പാടുകളുള്ള കാല്‍ കാണിച്ച് പറഞ്ഞു ഇതു പോലാകും മറ്റേതും. ഇനി ഏതെങ്കിലുമൊരു ശനിയാഴ്ചയില്‍ മരിച്ചവരുടെ കുര്‍ബ്ബാനയ്ക്കിടെ കണ്ടുമുട്ടാമെന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. പള്ളിക്കകത്തേക്ക് കയറി പോകുന്ന അവളുടെ തോളില്‍ എന്റെ വിഷമങ്ങള്‍ ഭാണ്ഡമായി തൂങ്ങി.  ബസ്സിലിരുന്നും ഓഫീസിലിരുന്നും അവള്‍ പറഞ്ഞതു തിരിച്ചു മറിച്ചും ഓര്‍ത്തു. എന്തേ എല്ലാം മറന്നു പോകുന്നു എന്ന എന്റെ പരാതി ഇന്ന് എന്തേ മറക്കാത്തത് എന്ന അതിശയോക്തിയില്‍ അഭയം തേടി.

 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...