Friday, September 21, 2012

നാണം കെട്ട് ചാവാനാ വിധി


അമ്മ ഫോണ്‍ വിളിച്ചിട്ട് ആദ്യം തന്നെ ജാമ്യമെടുത്തു. ' കൊച്ച് ദേഷ്യപ്പെടുവൊന്നും ചെയ്യണ്ട'. എനിക്ക് ദേഷ്യം തോന്നുന്ന ഒന്നും അങ്ങനെ പറയാത്ത എന്റമ്മ മുഖവുരയ്ക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഓഫീസിന്റെ തിരക്കിനിടയ്ക്ക് കൈ വിരലുകള്‍ക്കടിയിലെ കീബോര്‍ഡിന് വിശ്രമം കൊടുക്കാതെ പറഞ്ഞു - ഒന്നു വേഗം പറേന്റമ്മേ.. അതങ്ങനെയാണ്, ജോലിയുള്ള മക്കളുള്ള അമ്മമാര്‍ ഈയിടെയായി സ്പീഡില്‍ സംസാരിക്കുന്നവരും, വലിയ വിശേഷങ്ങള്‍ ചെറിയ വാക്യങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരായി ശീലിച്ചു കഴിഞ്ഞു. എന്റമ്മയ്ക്ക് ഇത്തിരി പത്രഭാഷകൂടി കൈവന്നോയെന്നാണ് സംശയം.

'പറയാം' ഒട്ടും പ്രകോപിതയാകാതെ അമ്മ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും കൊച്ചിനോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്ന ആളാ അത്. കൊച്ചിന്റെ നല്ലതിനു വേണ്ടി ജോലി വേറെ നോക്കാന്‍ കൂടി അയാള്‍ പറഞ്ഞിട്ടില്ലേ. എത്രയൊക്കെയാണേലും ഒരിക്കല്‍ സ്‌നേഹിച്ചതല്ലേ മോളേ' അപ്പോള്‍ അതാണ് കാര്യം. ഇത്തവണ വീട്ടില്‍ ചെന്നപ്പോഴാണ്  ഞാനും മറ്റൊരാളും തമ്മിലുള്ള ശീതസമരത്തിന്റെ കാര്യം അമ്മയോട് പറയുന്നത്. എന്റെ മനസ്സില്‍ ഒരാളോട് അകല്‍ച്ച തോന്നിയാല്‍ എത്രമാത്രം ആഴമുണ്ടാകുമതിന് എന്ന് അമ്മയേക്കാള്‍  ആര്‍ക്കാ അറിയുക. എന്റെ സ്‌നേഹം പോലെ തന്നെ അങ്ങേയറ്റമാണ് അതും. ഇടയ്ക്ക് ആരെയും വെറുക്കാന്‍ കഴിയാതെ, മറ്റുള്ളവരെ ദ്രോഹിക്കാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ ഞാന്‍ മനസ്സില്‍ അമ്മയെ പ്‌രാകും. ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലത്തും കൂട്ടുകാരിയുടെ കുശുമ്പിനേക്കുറിച്ച് പരാതി പറഞ്ഞാല്‍ അമ്മ പറയും - എന്റെ മുത്തിനല്ലേ ക്ഷമിക്കാന്‍ അറിയൂ. അങ്ങു ക്ഷമിച്ചേക്കെന്നേ - എന്നോടു കാട്ടിയ കുശുമ്പിന് പകരം ചോദിക്കാന്‍ സ്‌കൂളിലേക്കെത്തുന്ന അമ്മയെ പ്രതീക്ഷിച്ച ഞാന്‍ വിഡ്ഢിയാകും. സന്ധ്യയ്ക്ക് കുരിശു വരയ്ക്കുമ്പോ അമ്മ പ്രത്യേകം പ്രാര്‍ത്ഥിക്കും ' എന്റെ മുത്തിനോട് കുശുമ്പു കാട്ടിയ രമ്യയ്ക്ക് നല്ല ബുദ്ധി കൊടുക്കണേ. ഇനി കുശുമ്പു കാണിക്കാന്‍ തോന്നിക്കല്ലേ....അങ്ങനെ എന്റെ ശത്രുവിനു വേണ്ടി ഒടുക്കത്തെ പ്രാര്‍ത്ഥന. ദേഷ്യം വന്ന് ഞരമ്പു പൊട്ടാതിരിക്കാന്‍ പാടുപെടുന്ന എന്നെ ആരും മൈന്‍ഡ് ആക്കില്ല. പിറ്റേന്ന് സ്‌കൂളില്‍ ചെന്നാല്‍ അവളുടെ മുഖത്ത് സാധ്യതയുള്ള പുച്ഛച്ചിരി, കണ്ണിറുക്കല്‍, ചുണ്ട് കോട്ടല്‍ ഇത്യാദി ഗോഷ്ടികളെ എങ്ങനെ നേരിടുമെന്നായിരിക്കും പിന്നീടെന്റെ ചിന്ത. ചോദിക്കാനും പറയാനും ആരുമില്ലാത്തവളായി സ്‌കൂളില്‍ പോകുന്നതിന്റെ മാനക്കേട് അമ്മയ്ക്കുണ്ടോ മനസ്സിലാകുന്നു. ഒരിക്കല്‍ സ്‌നേഹിച്ചവരെ അതിനുള്ള നന്ദിയായി എന്നും തിരിച്ച് സ്‌നേഹിക്കുക, ചിലരെ സ്‌നേഹിപ്പിക്കുക, സ്‌നേഹിക്കുന്നവരെ അതിനേക്കാള്‍ കൂടുതലായി സ്‌നേഹിക്കുക. ഇങ്ങനെ അമ്മ എന്റെ ഭൂതഭാവി വര്‍ത്തമാനങ്ങളില്‍ സ്‌നേഹം വല്ലാത്തൊരു ചേരുവയായി മാറ്റി.

 അമ്മ തന്ന നല്ല പാടത്തിന്റെ രുചിയറിഞ്ഞു തുടങ്ങിയത് ഹൈസ്‌കൂള്‍ കാലം മുതലാണ്. സ്വതന്ത്രയാകാനും വ്യക്തിത്വരൂപീകരണത്തിനും അമ്മയുടെ ഈ കൊച്ചുപാഠങ്ങള്‍ എത്രമാത്രം സ്വാധീനിച്ചുവെന്നതിന് കണക്കില്ല. ഇന്നും അമ്മ അങ്ങനെ തന്നെ, നന്മയുള്ള അമ്മയുടെ മകളായി ജീവിക്കുമ്പോഴും, എന്റെ സുഹൃത്തുക്കള്‍ എന്നെ വിശേഷിപ്പിക്കുന്നത് നാണം കെട്ട് ജീവിക്കുന്നു എന്നു തന്നെയാണ്. സ്‌നേഹിക്കുന്നതും, പിണക്കങ്ങള്‍ മറക്കുന്നതും വേദനകള്‍ മറയ്ക്കുന്നതും, ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നതും എല്ലാം ഈ നാണം കെട്ട ജീവിതത്തിന്റെ പ്രകടമായ ലക്ഷണങ്ങളത്രേ...അവസാനം ഒരു പ്രവചനം കൂടി അവര്‍ നടത്തും 'നാണം കെട്ട് ചാവാനാ നിന്റെ വിധി'.



1 comment:

  1. അമ്മയല്ലേ! ക്ഷമിച്ചു കള! എന്തെയ്യാനാ!!

    ReplyDelete

Related Posts Plugin for WordPress, Blogger...