അന്‍പേ ശിവം
തമിഴില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച വാക്കുകള്‍. ദൈവം സ്‌നേഹമാണെന്ന് എല്ലാവരും പറയും, പഠിപ്പിക്കും. പക്ഷേ സ്‌നേഹം ദൈവമാണെന്നത് അതിനും മീതെയാണ്. കമലഹാസന്‍ അഭിനയിച്ച അന്‍പേശിവം എന്ന സിനിമയില്‍ മാധവന്റെ കഥാപാത്രത്തോട് കമലഹാസന്‍ പറയുന്നുണ്ട് ' മുന്നെ പിന്നെ തെരിയാത്ത ഒരുവനക്കാകെ അളുതിട്ടിറുക്കിയേ, നീ താനേ കടവുള്‍' എന്ന്. അപരിചിതനായ ഒരാള്‍ക്കുവേണ്ടി കരയാന്‍ തോന്നിയ ഹൃദയത്തിന്റെ ഉടമയെ ദൈവമായി കാണുന്നു. സഹജീവിയുടെ കഷ്ടത്തില്‍ കരയണ്ട ഒന്നു സഹതപിക്കാന്‍ നമുക്കെവിടെ സമയം. പക്ഷേ ഇന്നു ഞാന്‍ കണ്ടു. സ്‌നേഹം ദൈവത്തിന്റെ രൂപം പ്രാപിക്കുന്നത്. പത്രത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് എന്റെ ഫഌറ്റിലെത്തിയ സ്ത്രീയില്‍..അനാഥാലയത്തില്‍ ശരീരമാസകലം പൊള്ളലേല്‍പ്പിച്ച പിഞ്ചു കുഞ്ഞിനെ ആസ്പത്രിയില്‍ കണ്ട് മടങ്ങി വരുകയാണവര്‍. ഓരോന്നും വിവരിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളും വാക്കുകള്‍ക്കിടയില്‍ സ്‌നേഹം തിക്കിത്തിങ്ങിയിരിക്കുന്നതിന്റെ ഇടര്‍ച്ചയും ചേര്‍ന്ന് അവ്യക്തമായി പറഞ്ഞ കാര്യങ്ങള്‍. യാദൃശ്ച്യമായി കാണേണ്ടി വന്ന അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ അവസ്ഥയില്‍ നൊമ്പരപ്പെട്ട ആ ഹൃദയത്തോട് ഞാന്‍ നന്ദി പറഞ്ഞു. ഇന്നും നഷ്ടപ്പെടാതെ സൂക്ഷിച്ച സഹജീവികളോടുള്ള സ്‌നേഹത്തിലും കാരുണ്യത്തിലും ഞാന്‍ അസൂയപ്പെട്ടു. അവസാനം എന്റെ കൈ പിടിച്ച് ഇതെങ്ങനെയെങ്കിലും പുറത്തറിയണം. മറ്റൊരു കുഞ്ഞിനും ഈ ഗതികേടുണ്ടാവരുത് എന്ന് പറയുമ്പോള്‍ ഞാനും ആ കൈകളില്‍ മുറുകെ പിടിച്ചു. മനസ്സു കൊണ്ടു മുത്തം കൊടുത്തു. പിന്നെ ഞാന്‍ മാത്രം കേള്‍കേ പറഞ്ഞു ' ചേച്ചി സൂക്ഷിക്കണം. ഈ നന്മ അപഹരിക്കാന്‍ ലോകം കാത്തിരിക്കുകയാണ്.'.
No comments:
Post a Comment