Saturday, September 29, 2012


മോഹനേട്ടന്റെ

നല്ല രുചിയുള്ള നന്മ


                ലോറി ഡ്രൈവറില്‍ നിന്നും തട്ടുകടയിലേക്ക് ചുവടുമാറ്റം നടത്തിയ മോഹനേട്ടന്റെ ലോജിക്കിനോട് വല്ലാത്തൊരടുപ്പം തോന്നി. മാന്ദാമംഗലത്തുള്ള ബന്ധുവീട്ടില്‍ നിന്നും രാത്രി വൈകി തിരിച്ചു വരുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്തെ തട്ടുകട കണ്ണില്‍പെട്ടത്. എന്തോ ഒരു ആകര്‍ഷകത്വമുണ്ടായിരുന്നു അതിന്. വലിയൊരു മരത്തിന്റെ ചോട്ടില്‍, പതിവ് തെറ്റിച്ച് റോഡിന് മുഖം നല്‍കാതെ, ഒതുങ്ങി നിന്നു അത്. നീല ടാര്‍പോളിന്‍ വലിച്ചു കെട്ടിയ മേല്‍ക്കൂരയ്ക്കു കീഴെ ഉള്ളിയരിഞ്ഞു നിറച്ച പ്ലാസ്റ്റിക് കൂടുകളോ , മസാലക്കൂട്ടാന്‍ വഴുക്കുന്ന സ്റ്റീല്‍ പാത്രങ്ങളോ കണ്ടില്ല. അത്ഭുതപ്പെടുത്തിയത്, ശീല്‍ക്കാരമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന മണ്ണെണ്ണ സ്റ്റൗവ്വും നാസാരന്ധ്ര പ്രലോഭിയായ മണമോ അവിടില്ലായിരുന്നുവെന്നതാണ്. ഏകദേശം 100 മീറ്റര്‍ മുന്നോട്ടു പോയതിനു ശേഷം ബൈക്കോടിച്ചിരുന്ന സുഹൃത്തും തട്ടുകടയുടെ ഗുരുത്വാകര്‍ഷണത്തെ തടയാന്‍ കഴിയാതെ വണ്ടി നിര്‍ത്തി. തിരിച്ച് വന്ന് കടയുടെ പിന്നിലായി ബൈക്കു നിര്‍ത്തുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചെന്ന പോലെ തട്ടുകടയുടെ വശത്തായി കണ്ട സിമന്റ് സ്ലാബില്‍ ഞാന്‍ ഇരുപ്പുറപ്പിച്ചു. വെട്ടുകല്ലില്‍ താങ്ങി ഉയര്‍ത്തി വച്ച വൈദ്യുതി പോസ്റ്റിലിരിക്കെ ഒരു എ.സി മുറിക്കും നല്കാന്‍ കഴിയാത്ത ഒരു കുളിര്‍മ അനുഭവിച്ചു.
എന്താ ചേട്ടാ ഉള്ളത് എന്ന ചോദ്യത്തിനുത്തരമായി പലതും പറഞ്ഞു. ഞാന്‍ പുറത്തു നിന്നും വാങ്ങുന്ന നല്ല ചപ്പാത്തിയും പേടിക്കാതെ കഴിക്കാവുന്ന ബീഫും എടുക്കട്ടേയെന്ന അവസാന വാക്യം മാത്രമാണ് കേട്ടത്. ബീഫ് ഉലത്തുന്നതിനിടയില്‍ ഞങ്ങളുടെ രണ്ടു പേരുടെ മനസ്സിലും വിമ്മിഷ്ടമുണ്ടാക്കിയ ചോദ്യത്തിന് ഉത്തരം ചോദിക്കാതെ വന്നു ' വീടടുത്താ, പോകാനെളുപ്പമുണ്ട്. എന്റെ ഓട്ടോയാ ആ കിടക്കുന്നത്' . മോഹനേട്ടന്റെ വീട് എന്ന ചിന്തയ്ക്ക് സാധാരണ എല്ലാ കഠിനാധ്വാനിക്കും തോന്നുന്ന പോലെ എന്നൊരു വിശേഷണത്തില്‍ മനസ്സ് ഒതുക്കുമ്പോഴാണ് അടുത്ത ഡയലോഗ്. ' എല്ലാം ചെയ്യുന്നത് വീട്ടിലേക്കല്ലേ. കുറച്ചു നേരം അവര്‍ക്കൊപ്പമിരിക്കാനും സമയം വേണ്ടേ'. ജോലി ക്ഷീണത്തിനു പുറമേ യാത്രാ ക്ഷീണം കൂടി ഒഴിവാക്കാനല്ല വീടിനടുത്തു തട്ടുകട തുടങ്ങിയത് എന്നു പറയാതെ പറഞ്ഞു മോഹനേട്ടന്‍. മൂന്ന് മിനിട്ടില്‍ മുന്നൂറിലധികം വാക്കുകള്‍ കോര്‍ക്കുന്ന മോഹനേട്ടന്‍ പിന്നെ പറഞ്ഞതില്‍ കുറച്ചധികം കാര്യമുണ്ടെന്നു തോന്നി. വലിയ സ്റ്റിയറിങ്ങുകള്‍ വളച്ച കൈകളിലാണ് ഇപ്പോള്‍ ചട്ടുകത്തിന്റെ പിടിയിരിക്കുന്നത്. നല്ല കാശുണ്ടാക്കുന്ന, ഡ്രൈവറായിരുന്നു ഒരിക്കല്‍. ക്ഷീണമില്ലാതെ വണ്ടിയോടിക്കാന്‍ ശീലിച്ച നല്ല പ്രായത്തില്‍ ആവശ്യത്തിലധികം പണം വണ്ടിപ്പണി നേടിക്കൊടുത്തു. നല്ല കുടുംബത്തില്‍ നിന്നു കല്യാണവും കഴിച്ച് സുഖമായി ജീവിക്കുന്നതിനിടയില്‍ അനുജന്റെ കല്യാണം ഉറപ്പിച്ചു. പക്ഷേ മോഹനന്‍ എത്തിയത് കല്യാണദിവസം ഉച്ചയ്ക്ക്. അന്നു കുറ്റബോധത്തോടെയാണ് സദ്യയുണ്ടത്. പിന്നെ, അളിയന്റെ കല്യാണത്തിനും വൈകിപ്പോയതോടെ തീരുമാനിച്ചു. ഈ പണി വേണ്ട.' പിന്നല്ലാതെ, നമ്മുടെ കുടുംബത്തിലൊരു നല്ല കാര്യത്തിനെത്താന്‍ പറ്റാത്ത ജോലി വേണ്ടാന്നങ്ങു വച്ചു' പിന്നെ സ്ഥലക്കച്ചോടത്തിനിറങ്ങി. ' അതും വിട്ടു. മാന്യമില്ലാത്ത കച്ചോടത്തിന് എനിക്ക് പറ്റില്ല. പണ്ടത്തെ പോലല്ല, പുതിയ കൂട്ടരാ..സത്യോം നീതിയും വിട്ട് കളഞ്ഞാലേ നിക്കാനൊക്കൂ. അതും വേണ്ടാന്നു വച്ചു'. അതും കഴിഞ്ഞാണ് തട്ടുകടയേക്കുറിച്ച് ആലോചിച്ചത്. മനസ്സാക്ഷിക്കുത്തില്ലാതെ ശാന്തമായി ചെയ്യാവുന്ന പണി. ടൗണില്‍ പോയി കാശുണ്ടാക്കണമെന്നല്ല, കുടുംബത്തിന്റെ കാര്യങ്ങളൊക്കെ ഭംഗിയായി നടത്താനുള്ളതു മതി.
ഇന്നത്തെ ലോകം മറന്നു പോകുന്ന ചിലതാണ് മോഹനേട്ടന്റെ തട്ടുകടയില്‍ കണ്ടത്. പണത്തിനു  പുറകേ പോകുമ്പോള്‍ നഷ്ടപ്പെടുന്നവയുടെ കണക്കു പുസ്തകം മോഹനേട്ടനാവശ്യമില്ല. പോരാതെ, തനിക്കുള്ളതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്ന മനസ്സാണുള്ളത്. സമ്പാദ്യം ഡെപ്പോസിറ്റാക്കി സൂക്ഷിക്കേണ്ടതില്ലെന്നാണ് മോഹനേട്ടന്റെ പക്ഷം. നന്മയുള്ളവര്‍ക്ക് ആവശ്യസമയത്ത് സഹായമായി മറ്റൊരാളുടെ നന്മയെത്തുമെന്നുള്ള വിശ്വാസത്തിലാണ് മുന്നോട്ടുള്ള ഓരോ ചുവടും.
അരമണിക്കൂറിലേറെ പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ക്കു ചുറ്റും തീര്‍ത്ത വലയത്തില്‍ സ്വസ്ഥരായി ഞങ്ങളിരുന്നു. ബൈക്കിലെത്തിയ മറ്റു ചിലര്‍ ഞങ്ങള്‍ക്കിടയില്‍ കയറിയില്ലായിരുന്നെങ്കില്‍ ആ വലയം കൂടുതല്‍ ദൃഢമായേനേ. എങ്കിലും നഷ്ടം തോന്നിയില്ല. ഫഌറ്റിലെത്തുന്നതുവരെ ഞങ്ങള്‍ക്കിടയില്‍ മോഹനേട്ടന്‍ നായകനായ സംസാരം മാത്രമായിരുന്നു. ഡ്രൈവറായിരുന്ന കാലത്തെ അനുഭവങ്ങളും, മോഹനേട്ടന്റെ നേഴ്‌സിങ് കഴിഞ്ഞ മകളും, അവളുടെ കല്യാണത്തേക്കുറിച്ചുള്ള സ്വപ്‌നങ്ങളും, ഭാര്യയുടെ അനുജത്തിക്ക് നല്കിയ സ്വര്‍ണ വളയും,  ഒക്കെ തിരക്കഥാതന്തുവായി. തിരക്കാണെന്നു പറഞ്ഞ് വീട്ടില്‍ പോലും പോകാത്ത എന്നെ ഞാന്‍ കളിയാക്കി. കണ്ടു പഠിക്കാന്‍ സ്വയം പറഞ്ഞു. നാളെ ചെന്ന് ലീവ് ചോദിച്ചാലോ എന്നൊരാലോചനയ്ക്കു പോലും തയ്യാറായി ഞാന്‍. നന്മയുള്ള മോഹനേട്ടന്റെ നന്മയുള്ള തീരുമാനങ്ങള്‍ എന്നെയും മാറ്റി ചിന്തിപ്പിച്ചിരിക്കുന്നു!


1 comment:

  1. On work-life balance, in nadan style! Kalakki'...tto!!!

    ReplyDelete

Related Posts Plugin for WordPress, Blogger...