എന്റെ അരികില്‍ വന്ന നന്മ
വെള്ളിയാഴ്ച വൈകിയാണ് വേങ്കുന്ന് കവലയില്‍ നിന്നും തളിപ്പറമ്പിലേക്കുള്ള ബസ് കയറിയത്. സ്റ്റേറ്റ് ബസ്സിന്റെ മൂന്ന് പേര്‍ക്കിരിക്കാവുന്ന സ്ത്രീകളുടെ സീറ്റീല്‍ സ്വസ്ഥമായി ഇരുന്നു. മണ്ടളത്തെത്തിയപ്പോഴേക്കും മറ്റെല്ലാ സീറ്റുകളും നിറഞ്ഞു. ബസ്സില്‍ മറ്റൊരു സ്ത്രീയില്ലാത്തത് കാരണം എന്റെ സീറ്റില്‍ ഒരാള്‍ മാത്രം. അതിന്റെ ആര്‍ഭാടത്തില്‍ ഞാന്‍ എന്റെ ബാക്ക് പാക്കും ക്യാമറയും എല്ലാം സീറ്റില്‍ തന്നെ വച്ചിരിക്കുകയാണ്. കുറച്ചു ദൂരം കൂടി ബസ് പോയി. സ്‌റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് ബസ് നിര്‍ത്തി. വലിയ ഒരാള്‍ ബസ്സില്‍ കയറി. അങ്ങനെ തന്നെ വേണം അയാളെ വിശേഷിപ്പിക്കാന്‍. തല കമ്പിയില്‍ മുട്ടുന്ന മട്ടിലാണ് പൊക്കം, അതിനനുസരിച്ച് തടിയും. അയാള്‍ തിക്കിത്തിരക്കി ഞാനിരിക്കുന്ന സീറ്റിനടുത്തേക്ക് വന്ന് വളരെ ഭവ്യമായി ചോദിച്ചു 'ഇരുന്നോട്ടെ' . ബാഗെടുത്ത് സീറ്റിനടിയിലേക്ക് തിരുകുന്നതിനിടയില്‍ മനസ്സിലോര്‍ത്തു -പണിയാകുമോ?. വല്ല വശപ്പിശകു തോന്നിയാല്‍ അപ്പോ തന്നെ കൈകാര്യം ചെയ്യാം എന്ന് ഞാനും വിചാരിച്ചു. ബസ്സിലിരുന്ന് അഞ്ചു മിനിട്ട് കാറ്റടിച്ചാല്‍ ഉറങ്ങിപ്പോകുന്നയാളാണ്, തൊട്ടടുത്തിരിക്കുന്ന ആജാനുബാഹുവിനേക്കുറിച്ചുള്ള സംശയത്തില്‍ ഉണര്‍ന്നിരുന്നു. ഇടയ്ക്ക് ചെറുതായൊന്ന് മയങ്ങിത്തുടങ്ങുമ്പോള്‍ പെട്ടന്ന് ഞെട്ടിയുണരും. അയാളുടെ തോള് മുട്ടിയില്ലേ?,അയാള്‍ എന്നെയാണോ നോക്കുന്നത്? അയാളുടെ കൈകള്‍! പിന്നെ കുറേ നേരത്തേക്ക് ചോദ്യോത്തര വേളയാണ് തലക്കകത്ത്. ഇടയ്ക്ക് ഉറങ്ങിപോയേക്കുമെന്ന് ഉറപ്പായപ്പോള്‍ വെള്ളമെടുത്ത് കുടിച്ചു, മൂളിപ്പാട്ട് പാടി, ആകാശത്തെ നക്ഷത്രത്തിന്റെ കണക്കെടുത്തു...ഇടയ്ക്ക് അയാളുടെ മുഖത്തേക്ക് നോക്കി, മനസ്സിലാക്കിയ പോലെ അയാള്‍ എന്നെയും നോക്കി. അയാളെന്തിനാ ചിരിച്ചത്? സംസാരിക്കാന്‍ ശ്രമിക്കുവാണോ? ഉത്തരം കണ്ടുപിടിക്കുന്നതിനു മുമ്പേ ഞാന്‍ തീരുമാനിച്ചു. ഇനി ആ ഭാഗത്തേക്ക് നോക്കണ്ട.
വേഗം തളിപ്പറമ്പെത്തണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. രാത്രി 8 കഴിഞ്ഞു. തളിപ്പറമ്പില്‍ നിന്നും കണ്ണൂര്‍ക്കിനി വേറെ ബസ് കയറണം. സ്റ്റാന്റിനുള്ളിലേക്ക് ബസ് കയറുന്നതിനിടയില്‍ രണ്ട് ടൗണ്‍ ടു ടൗണ്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നതു കണ്ടു. ബസ് നിര്‍ത്തിയതും തേനീച്ചക്കൂട്ടം പാഞ്ഞു വരുന്നതു പോലെയാണ് ആളു കൂടിയത്. ഇതേ ബസ്സ് ഉടനെ തിരിച്ച കുടിയാന്‍മലയ്ക്ക് പോകുന്നുണ്ട്. എന്റെ നാട്ടില്‍ നിന്നും ഇത്രയധികം പേര്‍ നഗരത്തിലെത്താറുണ്ടെന്നത് ഇപ്പോഴാണറിയുന്നത്. ബാഗുമെടുത്ത് എഴുന്നേറ്റ് വന്നപ്പോഴേക്കും ഇറങ്ങാനുള്ളവരില്‍ ഞാനായി ഏറ്റവും ഒടുവില്‍. തൊട്ടുമുന്നില്‍ എന്റെ സഹസീറ്റുകാരന്‍ ഉണ്ട്. വാതിലിനോടടുക്കുന്തോറും നെഞ്ചിടിപ്പു കൂടി. ഇറങ്ങുമ്പോള്‍ ഒരു സെക്കന്റ് വൈകിയാല്‍ ചീത്തവിളി കേള്‍ക്കേണ്ടി വരും. മാത്രമല്ല, ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കലും ഏറ്റവുമൊടുവില്‍ ആകരുതെന്ന് എല്ലാ മലയാളിയ്ക്കും അറിയാം. അകത്തേക്ക് പാഞ്ഞടുക്കുന്ന ആള്‍ക്കാര്‍ക്കിടയില്‍ ഒരു കാല്‍ അവസാനത്തെ സ്റ്റെപ്പിലും മറ്റൊന്ന് നിലത്തുമായി സര്‍ക്കസ് കളിക്കാത്തവര്‍ ചുരുക്കം. മൂന്ന് പേരു കൂടി ഇറങ്ങിക്കഴിഞ്ഞാല്‍ ഞാനാണ്...ഈശ്വരാ....എമര്‍ജെന്‍സി എക്‌സിറ്റ് ഉണ്ടോ ആവോ? കയ്യിലെ ബാഗെടുത്ത് മുന്നില്‍ പിടിച്ചു. ഒറ്റ കുത്തിന് എല്ലാരേം വകഞ്ഞ് മാറ്റണം. ഇല്ലേല്‍ നടക്കില്ല. ഓണ്‍ യുവര്‍ മാര്‍ക്ക്...സെറ്റ്.....പെട്ടന്ന് മുന്നില്‍ നീങ്ങി നീങ്ങി പൊയ്‌ക്കോണ്ടിരുന്ന ആജാനുബാഹു, എന്റെ മുന്നില്‍ നിന്നും മാറി മുന്നോട്ട് പൊയ്‌ക്കോളാന്‍ ആംഗ്യം കാണിച്ചു.. ബസ്സില്‍ നിന്നും ഇറങ്ങി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ബാഗ് വലിച്ചെടുക്കുന്നതിനിടെ ഞാന്‍ ആദ്യമായി ആ മുഖത്തേക്കൊന്നു നോക്കി..രണ്ടു വശത്തു നിന്നും കുതിച്ചെത്തിയ ആള്‍ക്കാര്‍ക്കിടയില്‍ നിന്നും പകുതി ശരീരം മാത്രം പുറത്തെടുത്ത് വായുവില്‍ നീന്തുന്ന അയാളെ നോക്കി...താങ്ക് യൂ...പറഞ്ഞിട്ട് ഞാന്‍ ഓടുകയായിരുന്നു. ടൗണ്‍ ടു ടൗണ്‍ ബസ്സ് കിട്ടാനുള്ള തിടുക്കമായിരുന്നില്ല. അയാളുടെ മുഖത്തേക്ക് നോക്കാനുള്ള ലജ്ജ കൊണ്ടായിരുന്നു. ഇത്രയും നേരം ഒരു നല്ല ഹൃദയത്തിന്നുടമയെ ഞാന്‍ ആഭാസനോ, അപരിഷ്‌കൃതനോ ഒക്കെയായി തെറ്റിദ്ധരിച്ചു പോയല്ലോ എന്ന Pmfyw മറയ്ക്കാന്‍ ഓടി രക്ഷപെടുകയായിരുന്നു. തൊട്ടടുത്തിരിക്കുന്ന നന്മ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഞാനും മാറിപ്പോയിരിക്കുന്നോ???
ചെറുപ്പത്തില്‍ ഒത്തിരി വര്‍ത്തമാനം പറയുന്ന ആളായിരുന്നു ഞാന്‍..വളരെ പെട്ടന്ന് ഇണങ്ങുന്ന സ്വഭാവമായിരുന്നെന്ന് അമ്മ പറയും.. ചെല്ലുന്നിടത്തെല്ലാം പ്രായഭേദമന്യേ കൂട്ടുകാരുണ്ടാകും..യാത്രകള്‍ക്കിടയില്‍ മാത്രം കൂട്ടുകൂടിയവരുടെ അഡ്രസ്സ് എഴുതി നിറഞ്ഞ ഡയറികളുണ്ടായിരുന്നു അഞ്ചു വര്‍ഷം മുമ്പു വരെ....ഇന്ന് ഇയര്‍ഫോണും തിരുകി, കൈയ്യില്‍ പുസ്തകവുമായി ഇരിക്കുമ്പോള്‍ നഷ്ടപ്പെടുന്നതിനേക്കുറിച്ച് ആശങ്കപ്പെടാന്‍ പോലും ഞാന്‍ മറന്നതെന്തേ?
Revisiting life's subtle, yet influential moments that revealed and shaped my (our) individuality through this post of yours!!!
ReplyDelete